നിനക്ക് പറ്റില്ലെങ്കിൽ ഇവിടെ നിന്നിറങ്ങിപ്പോടാ. ഇവിടെയുള്ളത് മുഴുവൻ ഞങ്ങൾ സാമ്പാദിച്ചതാ. നീയൊന്നും ഉണ്ടാക്കിയിട്ടില്ലല്ലോ. ഇവിടെ ഞങ്ങൾക്കിഷ്ടമുള്ളത്….

” നിനക്ക് പറ്റില്ലെങ്കിൽ ഇവിടെ നിന്നിറങ്ങിപ്പോടാ. ഇവിടെയുള്ളത് മുഴുവൻ ഞങ്ങൾ സാമ്പാദിച്ചതാ. നീയൊന്നും ഉണ്ടാക്കിയിട്ടില്ലല്ലോ. ഇവിടെ ഞങ്ങൾക്കിഷ്ടമുള്ളത് ചെയ്യും. ഇഷ്ടമുള്ളവർക്ക് കൊടുക്കും. നീയാരാ ചോദിക്കാൻ…? ”

അമ്മ ഉറഞ്ഞുതുള്ളുന്നത് കേട്ടാണ് ഞാൻ ഉമ്മറത്തേക്ക് ചെന്നത്. ചേട്ടായി തലകുനിച്ചിരുപ്പുണ്ട്. അപ്പൻ അമ്മയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു. പതിനഞ്ചുകാരനായ എന്റെ മോൻ ആബേൽ നിർവികാരനായി ടീവിയിൽ നോക്കിയിരിക്കുന്നുണ്ട്. ഇതിവിടുത്തെ സ്ഥിരം കാഴ്ചയായതിനാൽ ഈയിടെ അവൻ ഇതൊന്നും ശ്രദ്ധിക്കാറില്ല. ഈ നാൽപത്തിയാറാം വയസ്സിലും അമ്മയുടെ വാക്കിനെതിരെ ഒരു വാക്ക് മിണ്ടാൻ കഴിയാത്ത അയാളുടെ ഗതികേടിനെ പുച്ഛത്തോടെ ഓർത്തുകൊണ്ട് ഞാൻ തിരിച്ചു അടുക്കളയിലേക്ക് നടന്നു.

ഞാൻ ആഷ. എന്റെ കഥയും ഈ നാട്ടിലെ പല വീടുകളിലെയും നിന്ന് വ്യത്യസ്തമല്ല. പറഞ്ഞു പറഞ്ഞു പഴകിയ അറുബോറൻ കഥ. കഥ മാറുന്നില്ല. മാറുന്നത് കഥാപാത്രങ്ങൾ മാത്രം. കാലം മാറിയാലും കോലം മാറാൻ കഴിയാത്തത് നമ്മുടെ നാട്ടിൽ മാത്രമാണോ എന്നു തോന്നാറുണ്ട്.

അത്യാവശ്യം സാമ്പത്തികമുള്ള കുടുംബമായിരുന്നു എന്റേത്. ബിഎസ് സി നഴ്സിംഗ് കഴിഞ്ഞു നിന്നപ്പോഴാണ് ഈ കല്യാണാലോചന വരുന്നത്. അവരും അത്യാവശ്യം കൊള്ളാവുന്ന കുടുംബം.. ചെറുക്കൻ എഞ്ചിനീയർ. രണ്ടു സഹോദരിമാരിൽ ഒരാൾ അമേരിക്കയിൽ. ഒരാൾ വീടിനടുത്തു തന്നെ ഹൈസ്കൂൾ ടീച്ചർ. ചേച്ചി അനിയനെ ഉടൻ തന്നെ അമേരിക്കയിൽ കൊണ്ടുപോകും എന്നൊക്കെ പറഞ്ഞപ്പോൾ എന്റെ വീട്ടുകാർ അതിൽ വീണുപോകുകയായിരുന്നു.

ചേട്ടായിക്ക് എഞ്ചിനീയറിങ് ഡിഗ്രി ഇല്ല, ഡിപ്ലോമ ആണെന്നും അങ്ങനെ പെട്ടെന്ന് അമേരിക്കയ്ക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നും മനസ്സിലായത് കല്യാണത്തിന് ശേഷമാണ്. സാരമില്ല.. ഞാൻ പഠിച്ചു എക്സാം എഴുതി നമുക്ക് എങ്ങോട്ടെങ്കിലും പോകാം എന്നു പറഞ്ഞാലും ചേട്ടായിക്ക് നാടും വീടും വിട്ടുപോകാൻ താല്പര്യമില്ല. അമ്മയ്ക്കാണെങ്കിൽ നെല്ല്, ആട്, പശു,കോഴി തുടങ്ങിയ പാരാധീനങ്ങളും. അവരുടെ വീടിനടുത്ത് ഞാൻ ജോലി ചെയ്തു തുടങ്ങിയെങ്കിലും ജോലികഴിഞ്ഞു വന്നു പുല്ല് അരിയലും നെല്ലുണക്കലും എല്ലാം കൊണ്ട് ഞാൻ മടുത്തു തുടങ്ങി. അതിനിടയിൽ എനിക്ക് മോനുമുണ്ടായി.

അമ്മയ്ക്ക് പെൺമക്കൾ കഴിഞ്ഞേ ഉള്ളൂ ആരും. അവർക്ക് കൊടുത്തിട്ട് ബാക്കിയുള്ളതേ ഉള്ളൂ മറ്റുള്ളവർക്ക്. എല്ലാവരും കൂടെയുള്ള ദിവസങ്ങളിൽ നല്ല ഭക്ഷണം പോലും തികയാറില്ല. മാത്രമല്ല എല്ലാകാര്യത്തിലും അമ്മയ്ക്കിത്തിരി പിശുക്കുമുണ്ട്.. അറിഞ്ഞു അരിപോലും ഇടാത്ത ആളാണ് അമ്മ. ചില റീലുകളൊക്കെ കാണാറില്ലേ, മകൾക്കും മരുമകനും എല്ലാം വിളമ്പിക്കൊടുത്തിട്ട്, ബാക്കിയുള്ളത് പാക്ക് ചെയ്തു കൊടുത്തും വിടുന്നത്. കാണുമ്പോൾ ഇവരിത്തിരി ഓവർ ആക്കുന്നതല്ലേ എന്നു നമുക്ക് തോന്നാറില്ലേ. എങ്കിൽ അങ്ങനെയുള്ള ആളുകളും ഉണ്ടെന്നത് എന്റെ അനുഭവമാണ്. മകനും കൊച്ചുമോനുമൊക്കെ ആ വീട്ടിൽ പുല്ലുവിലയാണ്. അപ്പനാണെൽ ഉള്ളിൽ സ്നേഹമുണ്ടെങ്കിലും പുറമെയ്ക്ക് പ്രകടിപ്പിക്കാനറിയില്ല.. ഒരു വഴക്ക് ഒഴിവാക്കാൻ അദ്ദേഹം ഒന്നിലും ഇടപെടാറുമില്ല. ചേട്ടായി സാലറി മൊത്തം അമ്മയെ ഏല്പിക്കും.

അമ്മയാണ് കാര്യങ്ങൾ നോക്കുന്നത്. എന്റെ മോനൊരു കളിപ്പാട്ടം വാങ്ങണമെങ്കിലും അമ്മ കനിയണം. അങ്ങനെ മടുത്താണ് ഞാൻ ഒരു സൗദി ഇന്റർവ്യൂ വന്നപ്പോൾ അറ്റൻഡ് ചെയ്തതും എല്ലാവരെയും എതിർത്ത് ആണെങ്കിലും കേറിപ്പോയതും. കുറച്ചു പണമുണ്ടാക്കണം.. പറ്റിയാൽ ചേട്ടായിയെയും മോനെയും കൊണ്ടുവന്നു ഒന്നിച്ചു ജീവിക്കണം. പക്ഷെ, ചേട്ടായി വരാൻ തയ്യാറായില്ല. മാത്രവുമല്ല, വീട്ടുകാർ ഓരോന്ന് പറഞ്ഞു കൊടുത്തു ചേട്ടായിടെ മനസ്സിൽ വിഷം കുത്തിവെച്ച് എന്നെ ഇവിടെ നിന്ന് തിരിച്ചു കൊണ്ടുപോകാനായി പിന്നെ ശ്രമം.

അഞ്ചുവർഷം ഞാൻ പൊരുതി നിന്നു. പിന്നെ എന്റെ വീട്ടുകാർ കൂടെ നിർബന്ധിച്ചു തുടങ്ങി..കുടുംബം അല്ലെ വലുത്. ആ കുടുംബം തകർന്നിട്ട് പണം കൊണ്ടെന്ത് ലാഭമെന്ന്. അങ്ങനെ ചങ്കരൻ വീണ്ടും തെങ്ങിൽ…

ഞാനിനി ജോലിയ്ക്ക് പോകണ്ട എന്നായി അവരുടെ തീരുമാനം. അമ്മയ്ക്ക് വീട്ടിലെ കാര്യങ്ങൾ എല്ലാം കൂടെ ചെയ്യാൻ വയ്യെന്ന്. ആഗ്രഹങ്ങൾ എല്ലാം അടക്കിജീവിയ്ക്കാൻ ഞാൻ തീരുമാനിച്ചു. എന്തായാലും എന്റെ വീട്ടുകാരെ ഇനിയും ബുദ്ധിമുട്ടിക്കില്ല എന്നു ഞാൻ ഉറപ്പിച്ചിരുന്നു. അതിനിടെ എന്റെ പ്രാർത്ഥനയുടെ ഫലമായി എനിക്ക് ചെറിയ ഒരു ഹോസ്പിറ്റലിൽ ഡെപ്യൂട്ടി നഴ്സിംഗ് സൂപ്പരിൻഡന്റ് ആയി ജോലികിട്ടി.

കുറച്ചു ദൂരെയാണ്. ആ പോസ്റ്റൊന്നും അങ്ങനെ ഡയറക്റ്റ് ആയി ആർക്കും കിട്ടാറില്ലാത്തത് കൊണ്ട് ഇതെനിക്കൊരു പിടിവള്ളിയായി. കുഴപ്പമില്ലാത്ത ശമ്പളവും. കേട്ടവരൊക്കെ നല്ലത് പറഞ്ഞപ്പോൾ ഇവർക്കും എതിർക്കാൻ ബുദ്ധിമുട്ട് ആയി. ആഴ്ച്ചയിൽ ഒരിക്കലേ വീട്ടിൽ വരാൻ പറ്റൂ. അതും എനിക്കൊരു അനുഗ്രഹമായിത്തോന്നി. മോനെ മിസ്സ്‌ ചെയ്യുന്നതാണ് ആകെയുള്ള വേദന. അവനുകൂടെ വേണ്ടിയാണല്ലോ ഈ കഷ്ടപ്പാട് എന്നാലോചിക്കുമ്പോ എല്ലാം സഹിക്കും..

ഇപ്പോൾ വീട്ടിലെ പല വിശേഷങ്ങൾക്കും ഞാൻ പോകാറില്ല. ലീവില്ലെന്ന് പറഞ്ഞു ഒഴിയും. അവരുടെ സന്തോഷത്തിനും ബഹളത്തിനുമിടയിൽ ഞാൻ അന്യയായിരുന്നു എന്നും. ചേട്ടായിയോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ആദ്യമൊക്കെ ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അപ്പോൾ മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും അകറ്റാൻ ശ്രമിക്കുന്ന സ്വാർത്ഥയായ ഭാര്യയാണ് ഞാനെന്നാണ് അദ്ദേഹം പറയുന്നത്.

എങ്ങോട്ടെങ്കിലും പോകാമെന്നു പറഞ്ഞാൽ വയസ്സായ അപ്പനെയും അമ്മയെയും വിട്ട് മാറിത്താമസിച്ചാൽ നാട്ടുകാരെന്തു പറയുമെന്നാണ് പുള്ളിയുടെ അടുത്ത ചോദ്യം. കണ്ടറിയുന്നില്ലെങ്കിൽ കൊണ്ടറിയട്ടെ എന്നാണ് ഞാനിപ്പോൾ കരുതുന്നത്.

ഇപ്പോൾ ചേച്ചിയുടെ മോനു സ്റ്റുഡന്റ് വിസയിൽ കാനഡയ്ക്ക് പോകാൻ അപ്പന്റെയും അമ്മയുടെയും അക്കൗണ്ടിൽ കിടന്നിരുന്ന പത്തുലക്ഷം രൂപ കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. ചേച്ചിയുടെ വീട്ടുകാർ സാമ്പത്തികമായി മോശമൊന്നുമല്ല. രണ്ടുപേരും ജോലിക്കാരായതിനാൽ അവർക്കൊരു ലോൺ വേണമെങ്കിൽ തന്നെ കിട്ടാനും ബുദ്ധിമുട്ടില്ല.

അതിന്റെ ആവശ്യമുണ്ടോ? നമ്മുടെ കുഞ്ഞും രണ്ടുവർഷത്തിനിടയിൽ എന്തെങ്കിലും പഠിയ്ക്കാൻ പോകുമ്പോൾ നമ്മുടെ കയ്യിൽ വേറെ ഒന്നുമില്ലല്ലോ എന്നു ചോദിച്ചതിന്റെയാണ് ഇന്നത്തെ അങ്കം. ഞാൻ വിദേശത്ത് പോയി ഉണ്ടാക്കിയതൊക്കെ വീട് പുതുക്കിപ്പണിയാനും മറ്റുമായി ചിലവാക്കി. ഇതുവരെ ചേട്ടായി ജോലി ചെയ്തതൊക്കെ വീട്ടുചിലവിനും. എന്നിട്ടും നീയെന്തുണ്ടാക്കി എന്നു ചോദിച്ചപ്പോൾ ഉത്തരം പറയാതെ എന്റെ മുഖത്തേക്ക് ദയനീയമായി നോക്കുന്നത് കണ്ടപ്പോൾ എനിക്ക് സത്യത്തിൽ ചിരിയാണ് വന്നത്.

ഇപ്പോഴിതൊന്നും എന്നെ ബാധിക്കാറില്ല..എല്ലാവരുടെയും മുമ്പിൽ ഉത്തമയായ ഭാര്യയുടെ വേഷം ഞാൻ ആടിത്തിമിർക്കുന്നുണ്ട്. എന്റെ മോനു എന്നെ മനസ്സിലാവുന്നുണ്ട്. അവനു നല്ല വിദ്യാഭ്യാസം. അതാണിപ്പോഴത്തെ എന്റെ ലക്ഷ്യം.

ഞാനിപ്പോൾ ഇവിടുത്തെ നഴ്സിംഗ് സൂപ്രണ്ട് ആണ്. പദവിക്ക് പറയാനൊരു പവറൊക്കെ ഉണ്ടെങ്കിലും രാവും പകലുമില്ലാതെ ടെൻഷൻ അടിച്ചു മരിച്ചാണ് ജോലിചെയ്യുന്നത്. ഈ തോണിയിപ്പോൾ ഞാൻ ഒറ്റയ്ക്കാണ് തുഴയുന്നത്. എനിക്കൊരു ലക്ഷ്യസ്ഥാനമുണ്ട്. എന്റെ നെഞ്ചിൽ ജീവന്റെ ഒരു കാണികയെങ്കിലും അവശേഷിക്കുന്നത് വരെ ഞാനീ തോണി തുഴഞ്ഞുകൊണ്ടേയിരിക്കും.
ജെയ്നി റ്റിജു

( പ്രിയ സുഹൃത്തിന്റെ ജീവിതം അവളുടെ സമ്മതത്തോടെ പകർത്തിയത് )

 

Leave a Reply

Your email address will not be published. Required fields are marked *