ഒന്നരക്കൊല്ലം കൂടുമ്പോൾ പ്രസവിക്കണമെന്ന് എന്തോ നേർച്ചയുള്ളത് പോലെയാണ് എന്റെ നാത്തൂന് ഇത്തവണയും ഏഴാം മാസത്തിൽ….

ഒന്നരക്കൊല്ലം കൂടുമ്പോൾ പ്രസവിക്കണമെന്ന് എന്തോ നേർച്ചയുള്ളത് പോലെയാണ് എന്റെ നാത്തൂന്

ഇത്തവണയും ഏഴാം മാസത്തിൽ കെട്ടിയോന്റെ വീട്ടിൽ നിന്നും എത്തിയിട്ടുണ്ട്. കൂട്ടത്തിൽ അടയ്ക്കാനുറുക്ക് പോലെ നാല് കുഞ്ഞുങ്ങളും.
ഏറ്റം ഇളയതിന് രണ്ട് വയസ്സാണ് പ്രായം.

ചേച്ചി വന്ന് കയറിയതെ, നീയിതെന്ത് ഭാവിച്ചാ പെണ്ണേയെന്ന് അമ്മ ചോദിച്ചു.

അതെന്താ അമ്മേ ദൈവം തരുന്നതല്ലേ ഞങ്ങൾ കൈനീട്ടി വാങ്ങുന്നു…

ഉവ്വാ ദൈവം തരുന്നു. അങ്ങേർക്കവിടെ ഇരുന്ന് തന്നാൽ മതിയല്ലോ കഷ്ടപ്പെടുന്നത് ഞങ്ങളും .അമ്മ അൽപ്പം കാര്യമായും അല്പം തമാശയായും പറഞ്ഞു.

ചേച്ചി അത് കേട്ട് ചിരിച്ചു കൊണ്ട് കുഞ്ഞുങ്ങളെയും കൊണ്ടകത്തേക്ക് കയറിപ്പോയി.

സത്യം പറഞ്ഞാൽ ഇനി കഷ്ടപ്പാട് മുഴുവനും എനിക്കാണ്. എന്റെയീ ഒന്നരവയസ്സുകാരെനെയും നോക്കണം നാത്തൂന്റെ കുട്ടികളെയും നോക്കണം. മാത്രമോ ഒക്കെത്തിനും തിന്നാനുള്ളതും കൂടെ ഉണ്ടാക്കുമ്പോഴേക്കും എന്റെ ജീവൻ തീരും.
അമ്മക്ക് വയ്യതിരിക്കുവാണ് . അല്ലെങ്കിൽ അമ്മ തനിക്കൊപ്പം എല്ലാത്തിനും കൂടുമായിരുന്നു.

എന്നെ സ്വന്തം മകളെപ്പോലെ തന്നെ കാണുന്നവരാണ് ഇവിടുത്തെ അച്ഛനും അമ്മയും.

ഇവിടെ അച്ഛന് ഹാർട്ടിന്റെ ഓപ്പറേഷൻ കഴിഞ്ഞതാണ്. അതുകൊണ്ട് അച്ഛന് പഴയതുപോലെ ഒന്നിനും വയ്യ, അമ്മക്കാണെങ്കിൽ വെരിക്കോസ് വെയിന്റെ പ്രശ്നം ഉണ്ടായിരുന്നു കഴിഞ്ഞയിടക്ക് കാലിന്റെ ഞരമ്പ് പൊട്ടി ആകെ വിഷയമായി, അമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് ഒരാഴ്ച ആയതേ ഉള്ളൂ…

സത്യം പറഞ്ഞാൽ പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തന്റെ കെട്ടിയോന് മാസാവസാനം നീക്കി വയ്ക്കാൻ ഒരു രൂപ പോലും കിട്ടുന്നില്ല.
ഞാനാണെങ്കിൽ കുഞ്ഞ് ജനിച്ചതിന് ശേഷം ജോലിക്കും പോണില്ല. അവന് മൂന്ന് വയസാവാതെ പോകേണ്ടെന്ന് ഞാൻ തീരുമാനിച്ചതായിരുന്നു.

പക്ഷെ ഹൗസിങ് ലോൺ, കാർ വാങ്ങിയതിന്റെ കാശ്, അതൊക്കെ ഓർത്തപ്പോൾ ഞാനും ജോലിക്ക് പോകാം. തല്ക്കാലം കുഞ്ഞിനെ ഡേകെയറിൽ ആക്കാം എന്ന് വിചാരിച്ചിരിക്കുവാരുന്നു. അപ്പോഴാണ് അച്ഛന് വയ്യാതായത്.

എന്റെ കെട്ടിയോൻ ചക്രശ്വാസം വലിച്ച് എങ്ങനെയെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കുമ്പോൾ,.
ചേച്ചി ഇതുപോലെ ഇങ്ങ് വരും.

ഇനി പ്രസവം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞേ പോകൂ….
പോകുമ്പോൾ കണക്ക് പറഞ്ഞ് കുഞ്ഞിനുള്ള സ്വർണ്ണമാലയും മേടിപ്പിക്കും.

സ്വന്തം സഹോദരിയായി പോയില്ലേ എന്താ ചെയ്യുക എന്നാ എന്റെ ഭർത്താവ് ചോദിക്കുക.
അതും ശരിയാ…

ഒന്നിനെപറ്റിയും ഒരു ചിന്തയുമില്ലാതെ എക്കാലവും മറ്റുള്ളവർ ചെയ്യേണ്ടുന്ന കടമയെ ഓർമിപ്പിച്ചു മടി പിടിച്ചു ജീവിക്കുന്ന ചേച്ചിയെപ്പോലെ ഉള്ളവർക്കൊന്നും മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കാണാനുള്ള കണ്ണില്ല

അച്ഛനും അമ്മയ്ക്കും വയ്യാണ്ടിരിക്കുവാ, അനിയന് ഒരു കുടുംബമുണ്ട് ,ഒരു ചെറിയ കുഞ്ഞുണ്ട് എന്നൊന്നും ചിന്തിക്കാനുള്ള ബോധം ചേച്ചിക്കില്ല.ഞാൻ വരുമ്പോൾ ചേച്ചിക്ക് ഒന്നര വയസ്സുകാരി മോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ…

ഞാൻ വന്ന് കഴിഞാണ് ചേച്ചിയുടെ മൂന്ന് പ്രസവം കഴിഞ്ഞത്, ഇതിപ്പോ അഞ്ചാമത്തേതാണ് വയറ്റിലുള്ളത്.

ചേച്ചി ഇവിടെ വന്നാലും ഒരു ജോലിയും ചെയ്യാൻ കൂടില്ല, സമയാസമയം ഭക്ഷണം കഴിക്കും വിശ്രമിക്കും.
നാല് കുട്ടികളേയും ശ്രദ്ദിക്കില്ല, സ്വന്തം വീട്ടിൽ വന്നാൽ അതൊക്കെ മറ്റുള്ളവരുടെ കടമയാണെന്നാണ് അവരുടെ വിചാരം.

ഭർത്താവിന്റെ ചേച്ചി ആയിപ്പോയില്ലേ എന്താ ചെയ്യുക…???

ആരെങ്കിലും ഇന്നത്തെ കാലത്ത് ഇങ്ങനെ കുഞ്ഞുങ്ങളെ ജനിപ്പിക്കുമോ, അതുങ്ങളെ വളർത്തി ഒരു കരക്ക് എത്തിക്കണ്ടേ…എന്നൊന്നും ഇവർ ചിന്തിക്കുന്നില്ലേ??

ഇനിയിപ്പോ പ്രസവചിലവ്,
പ്രസവ ശുശ്രൂഷ, തിരിച്ച്‌ പോകുമ്പോൾ കുഞ്ഞിനുള്ള സ്വർണ്ണം ഒക്കെ ആയെ ചേച്ചി പോകൂ…

ഓർക്കുമ്പോൾ തന്നെ എന്തോ പോലെ, എല്ലാ ഭാരവും ചുമക്കുന്നത് പാവം എന്റെ ഭർത്താവും.

പണത്തിനേക്കാൾ വലുതാണ് സ്നേഹം എന്നൊക്ക വെറുതെ പറയുന്നതാണ്. പണമില്ലാത്തവരുടെ സ്നേഹമൊന്നും ആർക്കും വേണ്ടാ..

ഉള്ള മനസമാധാനവുംകൂടെ പോയി.

എന്റെ ഭർത്താവ് വൈകുന്നേരം വന്നപ്പോഴാണ് ചേച്ചിയെയും കുട്ടികളെയും കണ്ടത്. കുട്ടികളെ കണ്ടപ്പോൾ ഭർത്താവിന്റെ മുഖത്ത് സന്തോഷം വിരിഞ്ഞെങ്കിലും ചേച്ചിയേയും, ആ വീർത്ത വയറും കണ്ടപ്പോൾ ഭർത്താവിന്റെ മുഖത്ത് പടരുന്ന നിസ്സഹായത കണ്ടെന്റെ കണ്ണു നിറഞ്ഞു.

ആണായി പിറന്നതുകൊണ്ട് മാത്രം എല്ലാ ഭാരവും തലയിലേറ്റി മടുത്തു പോയ ഒരു പാവം മനുഷ്യനെയാണ് ഞാൻ എന്റെ ഭർത്താവിൽ കണ്ടത്.

ഈ അവസ്ഥയിൽ എനിക്ക് എങ്ങനെയാണ്അദ്ദേഹത്തെ സഹായിക്കാനാവുക.
ഇനി കയ്യിൽ അവശേഷിക്കുന്നത് ഒരു പവന്റെ ഒരു വള മാത്രമാണ്.

ഒന്നാമത് ചേച്ചി പ്രൈവറ്റ് ഹോസ്പിറ്റലിലല്ലാതെ പോകാൻ തയ്യാറാവില്ല. ആശുപത്രി ബില്ലടയ്ക്കാനും പ്രസവ ശുശ്രൂഷ നടത്താനുമുള്ള പണം ഇതുകൊണ്ട് സംഘടിപ്പിക്കാൻ ആകുമെന്ന് തോന്നുന്നു.
എന്നാലും തികയില്ലല്ലോ പെറ്റെഴുന്നേറ്റ് പോകുമ്പോൾ കുഞ്ഞിന് സ്വർണമായിട്ട് എന്തെങ്കിലും വേണം ഇല്ലെങ്കിൽ എനിക്ക് ഭർത്താവിന്റെ വീട്ടിൽ ചെന്ന് കയറാൻ നാണക്കേടാണെന്ന് ചേച്ചി പറയും.

ഇവർ എന്താണ് ഇങ്ങനെ തുടങ്ങുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ചേച്ചിയേയും കുഞ്ഞുങ്ങളെയുമൊക്കെ നോക്കേണ്ടത് ചേച്ചിയുടെ ഭർത്താവിന്റെ ഉത്തരവാദിത്തമല്ലേ??
കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ മാത്രമേ ആ മനുഷ്യനെ കൊണ്ട് സാധിക്കുവെന്ന് തോന്നുന്നു ബാക്കി എല്ലാ കാര്യങ്ങളും ഇപ്പോഴും ഭാര്യവീട്ടുകാർ നടത്തി കൊടുക്കണം എന്ന് പറയുന്നത് എന്തൊരു മോശമായ കാര്യമാണ്.

അല്ലെങ്കിലും അളിയൻ ഒരു വല്ലാത്ത പിശുക്കനാണ്. കിട്ടുന്നതെല്ലാം ഇങ്ങു പോരട്ടെ എന്ന് ഭാവം. .

അന്ന് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ നിശബ്ദനായി എന്തോ ആലോചനയിൽ മുഴുകിയിരിക്കുന്ന എന്റെ ഭർത്താവിനെ കണ്ടെന്റെ നെഞ്ചിൽ സങ്കടം വന്ന് തിക്കുമുട്ടി.

എന്തെങ്കിലും ഒരു വഴി കണ്ടെത്താം, ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…

പിറ്റേന്ന് ഞായറാഴ്ച ഏകദേശം പതിനൊന്നു മണിയോടുകൂടി പതിവില്ലാതെ ചേച്ചിയുടെ ഭർത്താവ് അങ്ങോട്ട് എത്തി.

ചേട്ടന് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കണമല്ലോ എന്ന് കരുതി ഞാൻ അടുക്കളയിലേക്ക് പോയി
പാവം അമ്മയ്ക്ക് കാല് പാടില്ലെങ്കിലും അമ്മയും അടുക്കളയിൽ വന്ന് എന്നെ സഹായിച്ചു.

ഫ്രിഡ്ജിൽ മീൻ ഇരിപ്പുണ്ടായിരുന്നു.
പെട്ടെന്ന് അത് എടുത്ത് കറിയാക്കി.
പറമ്പിലേക്ക് ഇറങ്ങി കുറച്ച് കോവയ്ക്ക പറിച്ചെടുത്ത് അതും പെട്ടെന്ന് മെഴുക്കുപുരട്ടി, ഇന്നലത്തെ മോര് കറി ഇരുന്നതും.
ഉച്ചക്കത്തേക്ക് രാവിലെ ഉണ്ടാക്കി വച്ച ക്യാബേജ് തോരനും പപ്പടം പൊള്ളിച്ചതുമെടുത്ത്. ഒരു മണി ആയപ്പോഴേക്കും ഊണ് വിളമ്പി.

ഊണ് കഴിഞ്ഞ് എല്ലാവരും സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ്,
അച്ഛൻ ചേച്ചിയെ വിളിച്ചരികിലിരുത്തിയത്.

അതെ മോളെ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്.
ഞാനൊരു ഹാർട്ട് പേഷ്യന്റ് ആണെന്ന് നിനക്ക് അറിവുള്ളതാണല്ലോ,
കൂടാതെ നിന്റെ അമ്മക്ക് പ്രഷറും, വെരിക്കോസ് വെയിന്റെ പ്രശ്നവും കാലിന്റെ ഞരമ്പ് പൊട്ടിയ കാര്യവുമൊക്കെ നിനക്ക് അറിവുള്ളതാണല്ലോ.
ഞങ്ങളുടെ ചികിത്സയും വീട്ട് കാര്യങ്ങളും ഒക്കെ നോക്കുന്നത് നിന്റെ അനിയനാ. അവന് ഭാര്യയും ഒരു കൊച്ചു കുഞ്ഞുമുള്ള കാര്യം നിനക്കറിയാമല്ലോ.
അതിനിടയിൽ ഇനി നിന്നെ കൂടി നോക്കാൻ അവനെ കൊണ്ടാവില്ല.

അതെന്താ ഞാൻ അവന്റെ ചേച്ചിയല്ലേ..?? എന്നെ നിങ്ങൾ ഉപേക്ഷിച്ചതാണോ?? ചേച്ചി എടുത്തടിച്ചത് പോലെ ചോദിച്ചു.

നിനക്ക് തരാനുള്ളതൊക്കെ തന്ന്, നിന്നെ മാന്യമായി കെട്ടിച്ചയച്ചതാണ്. ആദ്യപ്രസവം നോക്കേണ്ട കാര്യമേ ഞങ്ങൾക്കുള്ളൂ…
നീ ഇങ്ങനെ ഒന്നരക്കൊല്ലം
ഒന്നര കൊല്ലം കൂടുമ്പോൾ,
ഓരോ കുഞ്ഞുങ്ങൾക്കും ജന്മം നൽകാൻ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണെങ്കിൽ നോക്കാൻ ഞങ്ങളെ കൊണ്ട് പറ്റില്ല.

നിന്റെ കെട്ടിയോൻ, നീ ഗർഭിണി ആയി ഏഴാം മാസം ആവുമ്പോഴേക്കും നിന്നെയും പിള്ളേരെയും ഇങ്ങോട്ട് കൊണ്ട് വിടും. നിങ്ങളുടെ എല്ലാം ചെലവും പ്രസവ ചെലവും കുഞ്ഞിനുള്ള ആഭരണവും എല്ലാം ചോദിച്ചു മേടിച്ചിട്ടെ നീ ഇവിടെ നിന്നും പോകാറുള്ളൂ…

നിന്റെ കാര്യങ്ങൾ നീയോ അല്ലെങ്കിൽ നിന്റെ ഭർത്താവോ നോക്കണം.

നിന്റെ അനിയൻ കെട്ടിക്കൊണ്ട് വന്ന ഈ പെൺകൊച്ച് ഈ വീട്ടിലെ സകല ജോലിയും ചെയ്ത്,അവരുടെ കുഞ്ഞിനെയും നോക്കണം,
നിന്റെ കുഞ്ഞുങ്ങളെയും നോക്കണം,,
നീ സദാസമയവും വെറുതെയിരുന്ന് ഭക്ഷണം കഴിക്കൽ തന്നെ..

ഇക്കാര്യങ്ങളൊക്കെ നിന്റെ ഭർത്താവ് അറിയാൻ വേണ്ടിയാണ് ഞാൻ രാവിലെ ഇങ്ങോട്ട് വിളിച്ചത്.

നിന്റെ ഭർത്താവ് പോകുമ്പോൾ നീയും കുഞ്ഞുങ്ങളും കൂടി പൊയ്ക്കോണം.
നിങ്ങൾക്ക് മാത്രം പോരല്ലോ ജീവിതം, ഇവനും ഈ പെൺകുട്ടിയും അവരുടെ ചെറിയ കുഞ്ഞും എങ്ങനെയെങ്കിലും ഒന്ന് ജീവിച്ചോട്ടെ. അച്ഛൻ പറഞ്ഞു.

അച്ഛൻ പറയുന്നത് കേട്ട് എന്റെ ഭർത്താവ് വിശ്വാസം വരാതെ അച്ഛനെ നോക്കുന്നുണ്ടായിരുന്നു.

മോനേ… അച്ഛൻ ചേച്ചിയുടെ ഹസ്ബന്റിന് നേരെ തിരിഞ്ഞു,
എത്ര കുട്ടികൾക്ക് ജന്മം നൽകണം എന്നുള്ളത് നിങ്ങളുടെ ചോയ്‌സാണ്, അതുപോലെ ജനിപ്പിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം നോക്കേണ്ട ഉത്തരവാദിത്തം നിനക്കും നിന്റെ ഭാര്യക്കും മാത്രമാണ്

നിന്റെ ഭാര്യക്ക് തരാനുള്ളതെല്ലാം സ്വർണമായിട്ടും പണമായിട്ടും ഞാൻ തന്നതാണ്. അതുകൂടാതെ സ്ഥലത്തിന്റെ ഓഹരി കൂടി അവൾ ചോദിച്ചു മേടിച്ചെടുത്തു.
ഇനിയും നിങ്ങളെ നോക്കാൻ എനിക്കോ എന്റെ ഭാര്യക്കോ, എന്റെ മകനോ അവന്റെ ഭാര്യക്കോ കഴിയില്ല.
അച്ഛൻ പറഞ്ഞു നിർത്തി.

ചേച്ചിയുടെ ഭർത്താവ് വാടീ പോകാം എന്ന് പറഞ്ഞതും,
ചേച്ചി പിള്ളേരെയും കൊണ്ട് മോന്തയും വീർപ്പിച്ചു വണ്ടിയിലേക്ക് കയറി

അവളുടെ മോന്ത വീർപ്പനയൊന്നും ആരും ശ്രദ്ദിക്കണ്ട. നിങ്ങൾ എന്നും ഇങ്ങനെ മറ്റുള്ളവരുടെ ഭാരവും കൂടെ വലിച്ച് തലയിൽ വയ്ക്കാതെ ശാന്തമായി ഇനിയെങ്കിലും ഒന്ന് ജീവിക്ക്. അമ്മ പറഞ്ഞു.

എല്ലാം എനിക്ക് എനിക്ക് എന്ന സ്വാർത്ഥതയുള്ള മനുഷ്യരെ അകറ്റി നിർത്തിയെ മതിയാകൂ….

ഇവിടേ അച്ഛനും അമ്മയ്ക്കും ഞങ്ങളെ മനസ്സിലായി, ഞങ്ങളുടെ കഷ്ടപ്പാടുകൾ മനസ്സിലായി..

കുടുംബത്തിലുള്ളവർ പരസ്പ്പരം മനസ്സിലാക്കുന്നവരാണെങ്കിൽ അത് തന്നെയാണെന്നേ സ്വർഗ്ഗവും…

✍️ Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *