ഷർട്ട് ഊരി അയയിലേക്ക് എറിഞ്ഞിട്ട് തിരിയുമ്പോഴാണ് അമ്മ മുറിയുടെ വാതിൽക്കൽ വന്നു നിൽക്കുന്നത് കണ്ടത്..
പെണ്ണ് കണ്ടിട്ട് തിരിച്ചു വരുമ്പോൾ ചോദിക്കാറുള്ള പതിവ് ചോദ്യവുമായിട്ടാണ് ഈ വരവെന്ന് കിഷോറിനു മനസ്സിലായി.
അയാൾ അമ്മയെ കണ്ടില്ലെന്നു നടിച്ച് മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യാൻ വെച്ചു..
ആകാംക്ഷ അടക്കാൻ വയ്യാതെ നളിനി മകന്റെ മുന്നിൽ തന്നെ നിന്നു.
“എന്താ അമ്മേ.. എന്തെങ്കിലും ചോദിക്കാനുണ്ടോ എന്നോട്..?”
“ഹത് കൊള്ളാം..നിനക്ക് അറിയാമല്ലോ ഞാൻ എന്ത് വാർത്ത കേൾക്കാനാണ് നിൽക്കുന്നതെന്ന്. എന്നിട്ടും ഒന്നും അറിയാത്തത് പോലെ നീയിങ്ങനെ അഭിനയിക്കല്ലേ കിച്ചൂ..”
“അമ്മയ്ക്കിപ്പോൾ എന്താ അറിയേണ്ടത്. എനിക്ക് പെണ്ണിനെ പിടിച്ചോ എന്നല്ലേ.. എങ്കിൽ കേട്ടോ എനിക്കാ പെണ്ണിനെ തീരെ പിടിച്ചില്ല…”
നളിനിയ്ക്ക് നിയന്ത്രിക്കാൻ പറ്റിയില്ല.
നല്ല തങ്കം പോലൊരു കൊച്ചിനെ കണ്ടിട്ടും ഇവന് പിടിച്ചില്ലെന്നോ. ഇതെങ്കിലും അവന് ഇഷ്ടപ്പെടുമെന്ന് ഓർത്ത് സന്തോഷിച്ചിരിക്കുവായിരുന്നു..!
അവർ പൊട്ടിക്കരഞ്ഞു കൊണ്ട് നെഞ്ചത്ത് ആഞ്ഞൊരടി അടിച്ചു.
കിഷോർ ഞെട്ടിപ്പോയി. ഈ അമ്മയ്ക്ക് ഇതെന്തിന്റെ കുഴപ്പമാണ്.
“അമ്മയ്ക്കെന്താ വട്ട് പിടിച്ചോ. ഞാൻ ആ പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്നേ പറഞ്ഞുള്ളൂ. എനിക്കിഷ്ടമായത് ആ പെണ്ണിന്റെ ചേച്ചിയെയാണ്. ”
നളനിയ്ക്ക് ശ്വാസം നിലച്ചത് പോലെ തോന്നി. ഈശ്വരാ.. ഈ കേട്ടത് സത്യം തന്നെയാണോ.
“കിച്ചൂ, നീയെന്ത് ഭ്രാന്താണ് ഈ പറയുന്നത്.”
“ഭ്രാന്തൊന്നും അല്ലമ്മേ.. ഞാൻ എന്റെ ഇഷ്ടം അറിയിച്ചു. അത്രന്നെ.”
“എടാ പെണ്ണിനെ കാണാൻ പോയിട്ട് അതിന്റെ ചേച്ചിയെയാണ് ഇഷ്ടപ്പെട്ടത് എന്നൊക്കെ പറഞ്ഞാൽ അവരെന്തു കരുതും.”
“അമ്മ അതിനെ ഒരിക്കലെങ്കിലും ഒന്നു കണ്ടാൽ പിന്നെ എന്റെ അഭിപ്രായം തെറ്റല്ലന്നേ പറയൂ..ചേച്ചി എന്ന് കേട്ട് പേടിക്കുകയൊന്നും വേണ്ട, അവരുടെ കല്യാണം പോലും ഇതുവരെയും കഴിഞ്ഞിട്ടില്ല.”
നളിനി ഒരിക്കൽ കൂടി ഞെട്ടി. ഇവൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു.
“നീയിത്ര അധഃപ്പതിച്ചു പോയല്ലോടാ.. പെൺകുട്ടിയെ കാണാൻ പോയിട്ട് ആ കുട്ടിയുടെ ചേച്ചിയുടെ ഡീറ്റെയിൽസ് മൊത്തോം അറിഞ്ഞോണ്ട് വന്നേക്കുന്നു. എനിക്കിപ്പോ നിന്നെ കുറിച്ചോർത്തു ലജ്ജയാണ് തോന്നുന്നത്..”
“അമ്മ എന്ത് വേണേൽ ഓർത്തോ. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു. ഇനി വേറെ ആലോചനയും കൊണ്ട് വന്നാൽ പോകാൻ എന്നെകിട്ടില്ല പറഞ്ഞേക്കാം..”
നളിനി മകന്റെ ഉറച്ച വാക്കുകൾ കേട്ട് അനക്കമില്ലാതെ നിന്നു.
കിഷോർ അമ്മയെ ഗൗനിക്കാതെ പുറത്തേയ്ക്ക് പോയി.
അവനറിയാം, അമ്മയ്ക്ക് മാത്രമല്ല കേൾക്കുന്ന പലരും തന്നെ കുറ്റപ്പെടുത്തും, പരിഹസിക്കും..
പക്ഷെ ഇതുവരെ പത്തു പന്ത്രണ്ട് പെണ്ണു കാണൽ ചടങ്ങെങ്കിലും നടന്നിട്ടുണ്ട്. ഒന്നും ശരിയായില്ല. പലതും ഇഷ്ടപ്പെട്ടെങ്കിലും നാള് ചേരില്ല, ദോഷജാതകം എന്നൊക്കെ പറഞ്ഞു തെറ്റിപ്പോയി.
ഒടുവിൽ അമ്മയും ആ ശ്രമം ഉപേക്ഷിച്ച മട്ടായി.
“ഇനി അടുത്ത വരവിനു നോക്കാം. ഞാൻ വരുമ്പോഴേക്കും അമ്മ ഏതെങ്കിലും ഒരു നല്ല പെൺകുട്ടിയെ കണ്ട് വെച്ചാൽ മതി. എന്താ…”
അവധി തീർന്ന് ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ വീർത്തു പിടിച്ച മുഖവുമായി നിന്ന അമ്മയെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു.
അമ്മ അത് കാര്യമായിട്ട് എടുക്കുമെന്ന് കരുതിയിട്ടല്ല. വെറുതെ ഒരു സന്തോഷത്തിന്..
അമ്മമാർക്ക് മക്കൾ ഒരു കരയ്ക്കെത്തി എന്ന തോന്നലുണ്ടാവുമ്പോൾ തുടങ്ങും അവരെ പിടിച്ചു പെണ്ണ് കെട്ടിക്കണം എന്ന ചിന്ത. അവർക്ക് ഒരു ജീവിതം ആയിക്കഴിഞ്ഞാൽ പിന്നെ തനിക്ക് എവിടെയേലും സ്വസ്ഥമായിട്ട് ഇരിക്കാമല്ലോ. അവരായി, അവരുടെ പാടായി..
നളിനിയ്ക്ക് രണ്ട് ആണ്മക്കൾ ആണ്. മക്കൾക്ക് പറക്കമുറ്റാരാകും മുൻപേ ഭർത്താവ് മരിച്ചു പോയി. അന്ന് മുതൽ സ്വന്തം പ്രയത്നത്താൽ രണ്ട് പേരെയും പഠിപ്പിച്ചു സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കി.
അധികം പഠിപ്പൊന്നും ഇല്ലെങ്കിലും നളിനിക്ക് തയ്യൽ നല്ല വശമായിരുന്നു.
സ്വന്തം വീടിനോട് ചേർന്ന് ലോൺ എടുത്താണ് അവർ ഒരു തയ്യൽ യൂണിറ്റ് ആരംഭിച്ചു. രണ്ട് മൂന്ന് തയ്യൽ അറിയാവുന്ന സ്ത്രീകളെയും കൂടെ കൂട്ടി.
പിന്നീട് തയ്യൽ കൂടുന്നത് അനുസരിച്ചു ജോലിക്കാരുടെ എണ്ണവും വർധിച്ചു.
നളിനിയുടെ നാട്ടിലെ അറിയപ്പെടുന്ന തയ്യൽ കടയായിട്ട് മാറിയത് വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു..
കിഷോറിനു വിദേശത്ത് ഒരു ഓയിൽ കമ്പനിയിൽ അക്കൗണ്ടന്റ് ആയിട്ട് ജോലി കിട്ടി. ഇളയ ആൾ കിരൺ ബാങ്ക് ടെസ്റ്റ് എഴുതി കേറിയിട്ട് രണ്ട് വർഷമാകുന്നതേയുള്ളൂ.
ഒരുപാട് ആലോചനകൾ കിഷോറിനു വേണ്ടി അവർ കണ്ട് പിടിച്ചെങ്കിലും ഒന്നും ശരിയായില്ല..
നാട്ടിൽ അവധിക്ക് വരുമ്പോൾ ലീവ് തീരുന്നത് വരെ പെണ്ണുകാണാൻ പോയി അവൻ മുഷിഞ്ഞു തുടങ്ങി.
ഇത്തവണയും പതിവ് പോലെ തന്നെ അവധിക്ക് വന്നതാണ്.
അമ്മ അവൻ വരുന്നതിന് മുമ്പ് തന്നെ ഏതോ ബ്രോക്കർ വഴി ഒരു പെൺകുട്ടിയുടെ ആലോചന സെറ്റാക്കി വെച്ചിരുന്നു..
പെണ്ണ് ബി എ ക്കാരിയാണ് . തനിക്കൊപ്പം നിന്ന് അതിന്റെ ഭാവി എന്തിന് കളയണം. മകൻ കല്യാണം കഴിക്കുന്നത് അവന്റെ കാര്യങ്ങൾ നോക്കാൻ വേണ്ടീട്ടാണ്. കൂടെ കൊണ്ട് പോകാൻ അവനു യാതൊരു ബുദ്ധിമുട്ടും ഇല്ല. ബ്രോക്കർ പറഞ്ഞത് കേട്ട് പെൺവീട്ടുകാർക്കും ഏറെ താല്പര്യമായി.
ഒരു ഞായറാഴ്ച്ച മകനും കൂട്ടുകാരനും കൂടി കാറിൽ ആണ് പോയത് പെണ്ണിന്റെ വീട്ടിലേക്ക്.ഇടയ്ക്ക് വെച്ച് ബ്രോക്കർ സുഗതനും അവർക്കൊപ്പം കൂടി.
കുട്ടനാടൻ പാടങ്ങൾക്ക് അരികിലൂടെയുള്ള ആ യാത്ര കിഷോറിനു നന്നായി പിടിച്ചു. എന്തൊരു കാറ്റാണ്. കണ്ണിനു കുളിർമ്മ പകരുന്ന നല്ല പച്ചപ്പ് ആണ് എവിടെ നോക്കിയാലും.
“മോനെ ഇത്തവണ പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്നൊന്നും പറയല്ലേ.. ആ കുട്ടിയെ കണ്ടാൽ സിനിമ നടിയെ പോലെയാണ് ഇരിക്കുന്നത്. എന്തൊരു നിറമാണെന്നോ. മുടിയാണെങ്കിൽ മുട്ട് നിറഞ്ഞു കിടക്കുന്നു. നിങ്ങൾ രണ്ട് പേരും നല്ല ചേർച്ചയാണ്. ഇത് ഉറപ്പിച്ചോ. ”
കിഷോർ തല ചെരിച്ചു അടുത്തിരിക്കുന്ന സുഹൃത്ത് രാജീവിനെ ഒന്ന് നോക്കി. അവൻ ചിരിയടക്കാൻ പാട് പെടുന്നു.
“പെണ്ണിനെ കണ്ടില്ലല്ലോ ചേട്ടാ.. അതിന് മുൻപ് എങ്ങനെയാ ഉറപ്പിക്കുന്നത്. ”
“അല്ലാ.. മോനിതു പിടിക്കും എന്നാ ഉദ്ദേശിച്ചത്..”
അയാൾ ജാള്യതയോടെ തല ചൊറിഞ്ഞു.
“മ്മം..”
കിഷോർ വെറുതെ ഒന്ന് മൂളി.
ദേ ആ കാണുന്ന കലുങ്കിന്റെ അവിടെ നിന്ന് ഇടത്തോട്ട് കിടക്കുന്ന വഴിയിലൂടെ നേരെ പോട്ടെ.. അവിടെ നിന്ന് രണ്ട് വീട് കഴിഞ്ഞു കാണുന്ന ഇരുനില വീടാണ് പെണ്ണിന്റെത്. അവരിപ്പോൾ നമ്മളെ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാവും. ”
“ഏയ്.. അതിന് നമ്മൾ ലേറ്റായിട്ടൊന്നുമില്ലല്ലോ..”
കിഷോർ വാച്ചിൽ നോക്കി.
ഗേറ്റ് തുറന്നു കിടന്നിരുന്നു. കാർ അകത്തേയ്ക്ക് ഒതുക്കിയിടുമ്പോൾ അകത്തു നിന്ന് പ്രായമായ ഒരാൾ ഇറങ്ങി വന്നു..
തങ്ങളെ സ്വീകരിക്കാൻ നിൽക്കുന്നത് കണ്ടപ്പോൾ അത് പെണ്ണിന്റെ അച്ഛനാണെന്ന് മനസ്സിലായി.
എല്ലാവരെയും വളരെ നിറഞ്ഞ ചിരിയോടെ അയാൾ അകത്തേയ്ക്ക് ക്ഷണിച്ചു.
സംസാരങ്ങൾക്കും വിശേഷങ്ങൾക്കും ഒടുവിൽ പെൺകുട്ടിയെ സ്വീകരണമുറിയിലേക്ക് വിളിക്കപ്പെട്ടു. ചായയുമായി ഇറങ്ങി വരുന്ന പെണ്ണിനെ കണ്ടപ്പോൾ ബ്രോക്കർ പറഞ്ഞ വിശേഷണങ്ങൾ ഓർത്ത് കിഷോറിന് ചിരി വന്നു.
ഇവരൊക്കെ എന്ത് കണ്ടിട്ടാണ് ഇങ്ങനെ പൊലിപ്പിച്ചു പറയുന്നത്. വലിയ കുറ്റം പറയാനില്ലാത്ത ഒരു ആവറേജ് പെണ്ണ്..
അവൻ രാജീവിനെ ഒന്ന് നോക്കി. അവൻ എങ്ങനെ ഉണ്ട് എന്നർത്ഥത്തിൽ തലയിളക്കി..
ഇതും ഇനി ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ അമ്മ വീട്ടിൽ കയറ്റില്ല. പക്ഷെ മനസ്സിന് അത്രയ്ക്ക് അങ്ങോട്ട് പിടിക്കാത്തത് പോലെ.. എവിടെയോ ഒരു ഉന്മേഷക്കുറവ്.
“എന്താടെ ഇത് എങ്ങനെ ഉണ്ട്?”
അയാൾ രാജീവിനോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
“വലിയ കുഴപ്പമില്ല. നിനക്ക് ഇഷ്ടപ്പെട്ടില്ലേ..”
അവൻ മറുപടി പറയാൻ തുടങ്ങുന്നതിനു മുമ്പ് ബ്രോക്കർ ഇടയിൽ കയറി.
“അല്ലാ അവര് തമ്മിലൊന്ന് സംസാരിച്ചു നോക്കട്ടെന്നെ..”
പെണ്ണിന്റെ മുഖം നാണത്താൽ കുനിഞ്ഞു.
“വരൂ അവിടെ ബാൽക്കണിയിൽ ഇരിക്കാം.”
അച്ഛൻ അവരെ രണ്ട് പേരെയും ക്ഷണിച്ചു.
അവന് തീരെ താല്പര്യമില്ലായിരുന്നുവെങ്കിലും മെല്ലെ എഴുന്നേറ്റു.
പെട്ടെന്നാണ് പുറത്ത് നിന്ന് ഒരു യുവതി അകത്തേയ്ക്ക് ഓടി കയറി വന്നത്.
പെട്ടന്ന് അവൾ എല്ലാവരെയും കണ്ട് ഒന്ന് ഞെട്ടി. പിന്നെ ചമ്മലോടെ അകത്തേയ്ക്ക് ധൃതി പിടിച്ചു പോകാനൊരുങ്ങുമ്പോൾ പെൺകുട്ടിയുടെ അച്ഛൻ വിളിച്ചു.
“കൃഷ്ണേ.. അവിടെ നിന്നേ.. ഇവിടെ ഇരിക്കുന്നവരെയൊക്കെ ഒന്ന് പരിചയപ്പെട്ടിട്ടു പോകാം..”
അപ്പോൾ അകത്തേയ്ക്ക് പോയ പെണ്ണിന്റെ അമ്മയും കാര്യമറിയാൻ പുറത്തേയ്ക്ക് ഇറങ്ങി വന്നു.
“ദേ ഇതാണ് നമ്മുടെ കാർത്തികയെ കാണാൻ വന്ന പയ്യൻ..”
അവൾ അവനെ ഒന്ന് നോക്കി പെട്ടന്ന് കൈ കൂപ്പി.
അയാളാകട്ടെ അവൾ കയറി വന്ന നിമിഷം മുതൽ കണ്ണെടുക്കാതെ ആ രൂപത്തെ തന്നെ നോക്കി നിൽക്കുകയായിരുന്നു അതുവരെയും..
ഇത്രയും നാൾ താൻ തേടിയ മുഖം ഇതായിരുന്നില്ലേ..
എന്തൊരു ഐശ്വര്യമാണ് ആ മുഖത്തിന്.
ചുരുണ്ട മുടി പിന്നിൽ അഴിച്ചിട്ടിട്ട് പുരാണത്തിലെ ഏതോ ദേവിയുടെ ഭാവമാണ് അവർക്കുള്ളത് എന്ന് തോന്നി. കസവിന്റെ മുണ്ടും നേര്യതും ആണ് അവർ ഉടുത്തിരുന്നത്. അമ്പലത്തിൽ എവിടെയോ പോയിട്ട് വരുന്നത് പോലെ..
“പിന്നെ.. കിഷോർ, ഇത് എന്റെ മൂത്ത മകളാണ്.. പേര് കൃഷ്ണജ.യൂണിവേഴ്സിറ്റിയിലെ ലൈബ്രെറിയനാണ്..”
ഇത്തവണ അവൻ അറിയാതെ കൈകൾ കൂപ്പി. അത് കണ്ട് അവർ വല്ലായ്മയോടെ
പെട്ടന്ന് അകത്തേയ്ക്ക് കയറി പോയി.
“ശരി എങ്കിൽ നിങ്ങൾ രണ്ടാളും ഒന്ന് സംസാരിച്ചിട്ട് വരൂ…”
കിഷോറിനു ഇനി ഒന്നും തന്നെ സംസാരിക്കാൻ ഇല്ലായിരുന്നു ആരോടും.
കാണണ്ടേ ആളെ കണ്ടു കഴിഞ്ഞതുപോലെ ഒരു തോന്നലായിരുന്നു അവന്.
അനങ്ങാതെ നിൽക്കുന്ന കിഷോറിനെ രാജീവ് ഒന്ന് തള്ളി.
എന്താടോ താൻ അനങ്ങാതെ നിൽക്കുന്നത്.പോയി സംസാരിച്ചിട്ട് വാ.
അവർ രണ്ടുപേരും മാത്രമായി ബാൽക്കണിയിൽ നിൽക്കുമ്പോൾ കിഷോറിന്റെ മനസ്സിൽ എന്തോ അസ്വസ്ഥത മാത്രം ബാക്കി നിന്നു.
അവനൊന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ പെൺകുട്ടി സംസാരിച്ചു തുടങ്ങി.
” എന്താണ് എന്നെക്കുറിച്ച് ഒന്നും അറിയാനില്ലേ.. ”
അവൾക്ക് ഒന്നും തോന്നണ്ട എന്ന് കരുതി അവൻ എന്തൊക്കെയോ സംസാരിച്ചു.
പഠിച്ച കോളേജിനെക്കുറിച്ചും സബ്ജക്ടിനെ കുറിച്ചും ഒക്കെ വെറുതെ ഒരാവശ്യവും ഇല്ലാത്ത സംസാരമായിരുന്നു അത്.
“എന്നെ ഇഷ്ടമായോ”
ആ ഒരു ചോദ്യം അവന്റെ ചങ്കിൽ തറച്ചു.
ഇഷ്ടമായില്ല എന്ന് അവളുടെ മുഖത്ത് നോക്കി തുറന്നു പറയാൻ അവനു വിഷമം തോന്നി. പക്ഷെ പിടിക്കാത്ത ഒരാളിനോട് ഒപ്പം എങ്ങനെ കഴിയാനാണ്. അവൾക്ക് പറയത്തക്ക കുറ്റങ്ങളൊന്നും ഇല്ല. പക്ഷെ..അല്പം മുമ്പ് കണ്ട ആ ചുരുണ്ട മുടിയിൽ അവന്റെ മനസ്സ് കുരുങ്ങിപ്പോയിരുന്നു..
“എനിക്കിഷ്ടപ്പെട്ടു കേട്ടോ..”
ലജ്ജയോടെ മുഖം കുനിച്ചവൾ അയാൾക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു.
പക്ഷെ അത് കേട്ട് സന്തോഷം തോന്നുന്നതിന് പകരം വിളറി വെളുത്തവൻ നിന്നു.
“എങ്കിൽ നമുക്ക് അങ്ങോട്ട് പോയാലോ..”
അവൻ പെട്ടന്ന് ചാടിക്കയറി പറഞ്ഞു. കൂടുതൽ എന്തെങ്കിലും അവൾ ചോദിക്കുമോ എന്ന ഭയമായിരുന്നു അപ്പോഴവന്.
രണ്ട് പേരും വരുന്നത് കണ്ട് പെട്ടന്ന് സ്വീകരണ മുറി നിശബ്ദമായി.
രാജീവ് കിഷോറിന്റെ വിളറിയ മുഖം കണ്ട് അവനെ തറപ്പിച്ചു നോക്കി. അവൻ നോട്ടം മറ്റെങ്ങോട്ടോ മാറ്റിക്കളഞ്ഞു.
“അപ്പോൾ രണ്ടാൾക്കും ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലേ. എങ്കിൽ നമുക്ക് കൂടുതൽ നീട്ടി വെയ്ക്കേണ്ട കാര്യമില്ലല്ലോ. പോരെങ്കിൽ കിഷോറിന്റെ ലീവും പരിഗണിക്കണമല്ലോ.”
കിഷോർ അപ്പോഴും കർട്ടന് പിന്നിൽ എവിടെയെങ്കിലും ആ മുഖം ഉണ്ടോയെന്ന് വെറുതെ പരതുകയായിരുന്നു.
തന്റെ ഇഷ്ടം മറ്റൊന്നാണെന്ന് ഇപ്പോൾ ഇവിടെ വെച്ച് പറയണോ.. അതോ വീട്ടിൽ ചെന്നിട്ട് ഒന്ന് കൂടി ആലോചിച്ചു പറഞ്ഞാൽ മതിയോ..
ഇനിയൊരു പുനർ ആലോചനയിലായാൽ പോലും തന്റെ തീരുമാനം മാറ്റാൻ ഉദ്ദേശിക്കുന്നില്ല. ഇത് ഒരുപക്ഷെ നടന്നില്ലെങ്കിൽ പോലും!
തിരികെയുള്ള യാത്രയിൽ കിഷോർ പതിവില്ലാതെ നിശബ്ദനായിരുന്നു. ബ്രോക്കർ അവർക്കൊപ്പം ഉണ്ടായിരുന്നു. ഇത് പറ്റിയ അവസരമാണെന്ന് അയാൾക്ക് തോന്നി. ആ യുവതിയെ കുറിച്ച് കൂടുതൽ എന്തെങ്കിലും ഇയാൾക്ക് അറിയാമായിരിക്കുമെങ്കിലോ..
“ഞാൻ അപ്പോഴേ പറഞ്ഞില്ലേ മോനെ ഈ കൊച്ചിനെ നിങ്ങൾക്ക് പിടിക്കുമെന്ന്. നിങ്ങൾ രണ്ട് പേരും നല്ല ചേർച്ചയാണ് കേട്ടോ. അല്ലെങ്കിൽ ഈ കൂട്ടുകാരനോട് ചോദിച്ചു നോക്കിക്കേ..”
സുഗതൻ രാജീവിനെ നോക്കിയാണത് പറഞ്ഞത്.
രാജീവ് അത് കേട്ട് കിഷോറിന്റെ നേർക്ക് ഒന്ന് നോക്കി. ഇവന്റെ മനസ്സിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ. പെണ്ണിനെ കണ്ട ശേഷം ഇതുവരെയും ഒന്നും തന്നോട് തുറന്നു പറഞ്ഞിട്ടുമില്ല. ഇഷ്ടപ്പെട്ടു എന്ന് തന്നെയാണ് തനിക്കും തോന്നിയത്.
കിഷോർ ഒന്നും അറിയാത്തത് പോലെയാണ് സംസാരിച്ചത്.
“അല്ലാ ആ നേരത്ത് അവിടെ കേറി വന്ന ആ യുവതി അവരുടെ ആരാണെന്നാണ് പറഞ്ഞത്..”
“ഓഹ് ആ കൃഷ്ണമോളോ.. പാവം, അത് ആ സാറിന്റെ മൂത്ത മകളല്ലേ.. അവർക്ക് ആകെ രണ്ട് പെണ്മക്കൾ ആണുള്ളത്.
നല്ല പഠിത്തക്കാരിയും ജോലിക്കാരിയുമൊക്കെയാണ് ആ കൊച്ച്. പക്ഷെ പറഞ്ഞിട്ടെന്താ, അതിന്റെ ജാതകം അത്ര ശരിയല്ല. കല്യാണം കഴിക്കാൻ ഇരുന്ന പയ്യൻ കല്യാണത്തലെന്നാണ് ഒരാക്സിഡന്റിൽ പെട്ട് മരിച്ചു പോയത്. അതിന് ശേഷം ഇതുവരെയും ആ കൊച്ച് കല്യാണം കഴിച്ചിട്ടില്ല. ആലോചന ഒക്കെ ഒരുപാട് വരുന്നുണ്ട്. പക്ഷെ ഈ സംഭവം കേട്ടാൽ പിന്നെ ആരും ആ ഭാഗത്തേയ്ക്ക് പോലും വരില്ല. കെട്ടുന്നവന്റെ ആയുസ്സിന് ദോഷമാണെന്നാണ് നാട്ടുകാർ പറഞ്ഞു പരത്തിയിരിക്കുന്നത്. സാറ് ഒരുപാട് വിഷമിക്കുന്നുണ്ട് അതിന്റെ കാര്യത്തിൽ. പക്ഷെ എന്തെങ്കിലും ഒന്ന് ഒത്തു വരണ്ടേ..ഇളയ മോൾക്ക് വിവാഹ പ്രായമായപ്പോൾ മൂത്ത മോൾക്കും പറ്റിയത് വല്ലോം ഉണ്ടോയെന്നാണ് എന്നോട് ചോദിച്ചത്. ഞാൻ പെട്ടന്ന് എവിടുന്ന് കൊണ്ട് വരാനാണ്..”
കിഷോറിന്റെ മനസ്സിൽ ഒരു തണുപ്പ് വീണത് ആരും അറിഞ്ഞില്ല.
ദോഷ ജാതകം കൊണ്ട് നിന്ന് പോകുന്ന പെണ്ണായിരിക്കില്ല അവളിനി. അവൾക്ക് വേണ്ടി മാത്രം ജനിച്ച ഒരാളുണ്ട്..
അവൾ കിഷോറിനു വേണ്ടി മാത്രം ജനിച്ച പെണ്ണാണ്… ആ പേരുകൾക്ക് പോലും എന്തൊരു സമാനതയാണെന്ന് അയാൾ ആശ്ചര്യത്തോടെ ഓർത്തു. കൃഷ്ണ കിഷോർ… അതെ, തന്റെ പെണ്ണ് ഇവളാണ്.
സുഗതൻ ബ്രോക്കർ ഇറങ്ങി കഴിഞ്ഞ ശേഷമാണു കിഷോർ തന്റെ മനസ്സിലിരിപ്പ് രാജീവിന്റെ മുന്നിൽ തുറന്നു കാട്ടിയത്.
എല്ലാം കേട്ടതും രാജീവ് മിഴിച്ചിരുന്നു പോയി.
“എടാ തനിതെന്ത് ഭ്രാന്ത് ആണ് ഈ പറയുന്നത്.. പെണ്ണിനെ കാണാൻ പോയിട്ട് അവടെ ചേച്ചിയെ കണ്ട് ഇഷ്ടപ്പെട്ടെന്നോ.. ഇത് അവരറിഞ്ഞാൽ എന്താ സ്ഥിതിയെന്ന് നിനക്ക് നിശ്ചയമുണ്ടോ. നിന്റെ അമ്മ അറിഞ്ഞാൽ ഇതിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ…”
“എടാ നീ നിന്റെ അഭിപ്രായം ഉള്ളത് ഉള്ളപോലെ പറയണം. നിനക്ക് ആ കുട്ടിയെ കണ്ടിട്ട് എന്താ തോന്നിയത്.”
“എനിക്കെന്ത് തോന്നാൻ. ഞാൻ അപ്പോൾ ആ പെണ്ണിനെ അത്ര ശ്രദ്ധിച്ചു പോലുമില്ല. പെട്ടന്ന് എങ്ങാണ്ട് നിന്ന് ഓടി വന്നിട്ട് അതേപോലെ അകത്തോട്ടും ഓടിപ്പോയി. നിന്റെ മനസ്സിൽ അങ്ങനെയൊരു സ്പാർക്ക് വീണത് ഞാൻ എങ്ങനെ അറിയാനാണ്. അറിഞ്ഞിരുന്നെങ്കിൽ ശരിക്കൊന്ന് നോക്കിയേനെ..”
“അത് സാരമില്ല. അതിന് ഇനിയും സമയം ഉണ്ട്. വിശദമായിത്തന്നെ കാണാം.”
“നീയപ്പോൾ രണ്ടും കൽപ്പിച്ചു തന്നെ ആണോ..?”
“അതെ, ഞാനത് ഉറപ്പിച്ചു..”
“എടാ അതിന് ആ പെണ്ണോ അതിന്റെ വീട്ടുകാരോ സമ്മതിച്ചില്ലെങ്കിലോ.. നിന്നെക്കാൾ പ്രായം കൂടുതൽ ഉണ്ടാവില്ലേ ആ പെണ്ണിന്..”
“എന്തായാലും നോക്കാം. അതുവരെ ശുഭ പ്രതീക്ഷയോടെ ഇരിക്കാം. എന്താ..?”
രാജീവ് പിന്നെ ഒന്നും പറഞ്ഞില്ല. പക്ഷെ ഇപ്പോൾ അമ്മയും അത് കേട്ടതോടെ കലി തുള്ളാൻ തുടങ്ങിയിരിക്കുന്നു.
കിഷോർ എന്തായാലും അടങ്ങിയിരിക്കാൻ തീരുമാനിച്ചില്ല. പെണ്ണിന്റെ അച്ഛനെ തന്നെ വിളിച്ചു കൃഷ്ണയുടെ കൂടുതൽ ഡീറ്റെയിൽസ് തിരക്കി. അയാൾക്ക് യാതൊരു സംശയവും തോന്നാത്ത വിധത്തിലായിരുന്നു അവന്റെ സംസാരം.
എല്ലാവരുടെയും കാര്യങ്ങൾ തിരക്കുന്ന കൂട്ടത്തിൽ അവരെപ്പറ്റിയും ഒരന്വേഷണം..
“മോനെ അത് വലിയൊരു വേദനയാണ്. കല്യാണത്തലേന്ന് കെട്ടാനിരുന്ന പയ്യൻ മരിക്കുകയെന്ന് വെച്ചാൽ അതിൽപരം ഒരു വേദനയുണ്ടോ. പെണ്ണിന്റെ ജാതക ദോഷം കൊണ്ടാണെന്നു വരെ പലരും പറഞ്ഞു. എല്ലാം കേട്ട് കണ്ണീരൊഴുക്കാൻ മാത്രമേ എന്റെ മോൾക്ക് കഴിയുമായിരുന്നുള്ളൂ.. പക്ഷെ ഇന്നവൾ വളരെ സ്ട്രോങ്ങ് ആണ് കേട്ടോ..ഞാൻ പോലും ആ ഷോക്കിൽ നിന്ന് വിടുതൽ നേടാൻ കുറച്ചു പാടുപെട്ടു..
“എന്നിട്ട് വീണ്ടുമൊരു വിവാഹത്തിന് കൃഷ്ണയെ നിർബന്ധിച്ചില്ലേ. ”
“എത്രയോ വട്ടം.. എത്ര പേര് കാണാൻ വന്നിരിക്കുന്നു. ആരുടെയും മുന്നിൽ ഇറങ്ങാൻ അവൾ കൂട്ടാക്കിയില്ല. പിന്നെപ്പിന്നെ ഞങ്ങളും മടുത്തു.. ഇപ്പോഴും ഞാൻ തയ്യാറാണ് കേട്ടോ മോനെ, അവൾക്കൊരു നല്ല ആലോചന വന്നാൽ അത് ഞങ്ങൾ ഗംഭീരമായി തന്നെ നടത്തും..”
“ഒരു പയ്യന് അവളെ ഇഷ്ടമാണ്. പക്ഷെ ആളിന്റെ പ്രായം അറിയില്ല അതുകൊണ്ട് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല..”
“അവൾക്ക് ഇരുപത്തിനാലു വയസ്സുള്ളപ്പോഴാണ് കല്യാണം തീരുമാനിക്കുന്നത്. അത് കഴിഞ്ഞിട്ട് ഇപ്പോൾ നാലു വർഷം കഴിഞ്ഞു. ഇന്ന് കൃഷ്ണയ്ക്ക് ഇരുപത്തി എട്ടു വയസ്സുണ്ട്..”
പെട്ടന്ന് അത് കേട്ടതും അവന്റെ മനസ്സിൽ പൂത്തിരി കത്തി. തനിക്ക് ഇപ്പോൾ മുപ്പതു വയസ്സുണ്ട്. ഇനി പ്രായം പറഞ്ഞു ഈ ആലോചന തെറ്റിക്കാൻ തന്റെ അമ്മയ്ക്ക് പോലും കഴിയില്ല.. ”
“പയ്യൻ എവിടെ ഉള്ളതാണ് മോനെ. ജോലി ഉണ്ടോ. അവൾക്ക് ജോലി ഉള്ളതാണ്. അതുകൊണ്ട് ഭേദപ്പെട്ട ഒരു ജോലി എങ്കിലും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് കേട്ടോ..”
“പയ്യന് വിദേശത്തു നല്ല ജോലിയുണ്ട്. നല്ല സാലറിയും കല്യാണം കഴിക്കുന്ന കുട്ടിയെ കൂടെ കൊണ്ട് പോകാനുള്ള സാഹചര്യവും ഒക്കെയുണ്ട്. ”
“എങ്കിൽ നമുക്ക് അത് കൂടി ഒന്ന് നോക്കിയേക്കാം. പറ്റിയാൽ രണ്ടും ഒന്നിച്ചു തന്നെ നടത്താനും ഞാൻ തയ്യാറാണ്..”
പെട്ടന്ന് കിഷോറിനു വാക്കുകൾ കിട്ടിയില്ല. എങ്ങനെ സത്യം പറയും. ഇതുവരെ മര്യാദയിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ആള് ഒരുപക്ഷെ തന്നോട് പരുഷമായി എന്തെങ്കിലും പറഞ്ഞേക്കാം..പക്ഷെ ഉള്ള. കാര്യം തുറന്നു പറയാതെ എങ്ങനെയാണു കാര്യങ്ങൾ നടക്കുന്നത്..താനാണ് ആവശ്യക്കാരൻ. പോരെങ്കിൽ കല്യാണത്തിന് എട്ടിലും എഴിലും അടുക്കാത്ത ഒരു പെണ്ണിനെ വരുതിയിലാക്കാനും കുറെ പെടാ പാട് പെടേണ്ടി വരും..
“ഹലോ.കിഷോർ…”
മറുപുറത്ത് അനക്കമൊന്നും കേൾക്കാത്തത് കൊണ്ട് അയാൾക്ക് തോന്നി ഫോൺ കട്ടായിക്കാണുമെന്ന്.
ഫോൺ ഡിസ്‌ക്കണക്ട് ചേട്ടൻ തുടങ്ങുമ്പോഴാണ് അവൻ ചാടിക്കയറി ഹലോ വെച്ചത്.
“പിന്നെ.. കാർത്തികയുടെ അച്ഛനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്..”
അയാൾ ഒന്ന് ഞെട്ടി.. ഇനി തന്റെ മകളെ വേണ്ടെന്നോ മറ്റോ പറയാനാവുമോ..
“എനിക്ക് കാർത്തികയുടെ ചേച്ചിയെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും സമ്മതമാണെങ്കിൽ…”
കരുണാകരൻ നായർ അത് കേട്ട് വല്ലാതായി. ഇളയ മകളെ കണ്ട് ഇഷ്ടപ്പെട്ടിട്ട് പോയ ചെക്കനാണ്.. ഇനി മൂത്ത മകളുടെ കഥകേട്ട് സഹതാപം തോന്നിയിട്ടാണോ..
കാർത്തികയോട് എന്ത് പറയും. അവൾക്കും അവനെ ഇഷ്ടമായെന്ന് അറിയിച്ചതാണ്.
അയാളുടെ നിശബ്ദത കിഷോറിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി.
ആളൊന്നും മിണ്ടുന്നില്ല..
“കാർത്തികയുടെ അച്ഛൻ ഒന്നും പറഞ്ഞില്ലല്ലോ. ഞാൻ ചോദിച്ചത് ഇഷ്ടമായില്ലെന്നുണ്ടോ..?”
“മോനെ… രണ്ടും എന്റെ മക്കൾ തന്നെയല്ലേ. മൂത്തവൾക്ക് കല്യാണം നടക്കാതെ ഇളയവളെ പിടിച്ചു കെട്ടിക്കുന്നു എന്നൊരു മനഃപ്രയാസത്തിലായിരുന്നു ഞാനും ഭാര്യയും. പക്ഷെ ഈ വാർത്ത കേട്ടിട്ട് സന്തോഷിക്കണോ, അതോ ദുഃഖിക്കണോ എന്നുള്ള കൺഫ്യൂഷനിലാണ് ഞാൻ. കാർത്തികയോട് എന്ത് പറയും ഞങ്ങൾ.. പോരെങ്കിൽ കൃഷ്ണ ഇത് സമ്മതിക്കുമെന്നും കരുതണ്ട. അനിയത്തിയെ കാണാൻ വന്ന ആൾക്ക് അവളെയാണ് ഇഷ്ടമായതെന്ന് അറിഞ്ഞാൽ അവൾ എങ്ങോട്ടെങ്കിലും പൊയ്ക്കളയും.”
“അച്ഛൻ ഒന്നും ഓർത്തു വിഷമിക്കണ്ട. ഞാൻ അവിടെ വന്നു സംസാരിക്കാം. എനിക്ക് കൃഷ്ണയോട് മാത്രമായിട്ട് സംസാരിക്കാൻ ഒരവസരം തന്നാൽ മതി. പിന്നെ, കാർത്തികയ്ക്ക് എന്നേക്കാൾ നല്ല പയ്യന്മാരെ കിട്ടും. അവൾക്ക് ഒരുപാട് പ്രായമൊന്നും ആയിട്ടില്ലല്ലോ. നിങ്ങൾ അവളെയൊന്ന് പറഞ്ഞു മനസ്സിലാക്കണം. എനിക്ക് ലീവ് തീരുന്നതിനു മുൻപ് കല്യാണം നടത്തണം. ഇല്ലെങ്കിൽ അമ്മ പ്രശ്നമുണ്ടാക്കും..”
“ഞാൻ കിഷോറിനെ വിളിക്കാം. ആദ്യം ഈ വിഷയം വീട്ടിൽ ഒന്ന് അവതരിപ്പിക്കട്ടെ..”
അത് കേട്ടതോടെ അവന് ആശ്വാസമായി.
രണ്ട് ദിവസം കഴിഞ്ഞിട്ടും കൃഷ്ണയുടെ വീട്ടിൽ നിന്ന് വിളിയൊന്നും കണ്ടില്ല. ഒരു ഉച്ച കഴിഞ്ഞ നേരത്ത് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരു കോൾ വന്നു.
എടുത്തപ്പോൾ കേട്ടത് ഒരു പെൺ ശബ്ദം..!
“ഞാൻ കാർത്തികയാണ്… അച്ഛൻ എന്നോട് എല്ലാം പറഞ്ഞു. എന്റെ ചേച്ചിക്ക് ഒരു ജീവിതം കിട്ടുമെങ്കിൽ അതിൽപരം മറ്റൊരു സന്തോഷവും എനിക്കില്ല. നമ്മൾ തമ്മിൽ ഒരു പെണ്ണുകാണലിന്റെ പരിചയം മാത്രമല്ലേയുള്ളൂ. ഞാൻ ചേച്ചിയെ പറഞ്ഞു സമ്മതിപ്പിച്ചോളാം.”
കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവൻ തരിച്ചിരുന്നു. ഇത്ര പെട്ടന്ന് കാർത്തിക ഇതിനോട് പൊരുത്തപ്പെടുമെന്ന് കരുതിയതല്ല.. കൃഷ്ണയെ അവളുടെ വീട്ടുകാർ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അവന് ബോധ്യമായി.
പക്ഷെ ഇനിയുള്ള കടമ്പ കടക്കാനാണ് പാട്.. തനിക്ക് അവളോട് സംസാരിക്കാതെ ഇതിൽ ഒരു തീരുമാനം ഉണ്ടാകില്ലെന്ന് മനസ്സ് പറയുന്നു. പക്ഷെ അവർ ഒരു അവസരം തരുന്നതുമില്ല.
ഒരു ഞായറാഴ്ച്ച കാർത്തിക രാവിലെ കിഷോറിനെ വിളിച്ചറിയിച്ച പ്രകാരം അയാൾ പുറപ്പെടാൻ ഒരുങ്ങുന്നത് കണ്ട് നളിനി സംശയത്തോടെ അവനെ ചുഴിഞ്ഞു നോക്കി.
“ഇന്ന് ഇതെങ്ങോട്ടാടാ മോനെ ഒരുങ്ങി പോകുന്നത്. ഇനി ഞാൻ അറിയാതെ വേറെ പെണ്ണ് കാണാനോ മറ്റോ പോകുന്നുണ്ടോ. ”
“അമ്മയൊരാൾ കാരണം എനിക്ക് അവധിക്ക് വന്നാൽ വീട്ടിൽ അടങ്ങിയിരിക്കാൻ കഴിയില്ലല്ലോ. ഞാൻ എങ്ങോട്ടെങ്കിലും പോകുവാണ് കുറച്ചു മനഃസമാധാനത്തിന് വേണ്ടി. ”
അവന്റെ പോക്ക് കണ്ട് നളിനി വിഷണ്ണയായി.
പഴയത് പോലെ രാജീവിനെ വിളിക്കാതെയാണ് പോയത്. കാർത്തിക പറഞ്ഞ പ്രശസ്തമായ അമ്പലം കുറച്ചു ദൂരെയാണ്.. രാവിലെ അവിടെയ്ക്ക് വരാൻ മാത്രമേ അവൾ അറിയിച്ചുള്ളൂ. കാറിൽ അവിടെ എത്തുമ്പോൾ അമ്പലത്തിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. കാർത്തികയെ അവിടെയെങ്ങും കണ്ടതുമില്ല.
എന്തായാലും അകത്തു കയറി തൊഴാം. ഷർട്ട് ഊരി തോളിൽ ഇട്ടു കൊണ്ട് അയാൾ അകത്തേയ്ക്ക് കയറി.. തൊഴുതു നിൽക്കുമ്പോൾ മനസ്സ് മുഴുവനും കൃഷ്ണയെക്കുറിച്ചുള്ള ഓർമ്മകൾ മാത്രമായിരുന്നു. ദേവീ ഈ വിവാഹം മംഗളമായി നീ നടത്തി തരണേ എന്ന് ഉള്ളുരുകി തന്നെ പ്രാർത്ഥിച്ചു.
കണ്ണ് തുറക്കുമ്പോൾ നാലു കണ്ണുകൾ തന്നെ മാത്രം ഉറ്റു നോക്കി നിൽക്കുന്നത് കണ്ട് അയാൾ വിസ്മയപ്പെട്ടു.
കൃഷ്ണ.. കൂടെ കാർത്തികയും..
മുഖം വല്ലാതെ ചുവന്നു പോയി. നേർത്ത ഒരു ചിരിയോടെ അയാൾ അവരോടൊപ്പം തിരക്കിൽ നിന്ന് അല്പം മാറി നിന്നു.
കൃഷ്ണയെ അയാൾ കണ്ണ് നിറയെ കണ്ടു. ഓരോ വട്ടം കാണും തോറും അഴക് കൂടിയതായി തോന്നുന്നത് തനിക്ക് അവളോട് തോന്നിയ ഇഷ്ടം കൊണ്ടാണോ.. ചന്ദന നിറത്തിലെ സെറ്റ് സാരിയിൽ അവൾ ഒരു പൂനിലാവ് പോലെ ശോഭിച്ചു.. കൂടെ നിൽക്കുന്ന കാർത്തികയും ഒട്ടും മോശമല്ല. പക്ഷെ തന്റെ നെഞ്ചിൽ കുടിയേറിയത് കൃഷ്ണയാണല്ലോ.
അവർ പൂത്തു നിൽക്കുന്ന ചെമ്പകമരത്തിന്റെ ചുവട്ടിലേയ്ക്ക് മാറി നിന്നു.
ആരും ഒന്നും മിണ്ടുന്നില്ല..ഒടുവിൽ
കിഷോർ തന്നെ തുടങ്ങി വെച്ചു.
“ഇത് വല്ലാത്ത സർപ്രൈസ്ഡ് ആയിപ്പോയല്ലോ. നിങ്ങൾ രണ്ടാളും കൂടിയാണ് വരുന്നതെന്ന് ഞാൻ അറിഞ്ഞില്ല. ”
കാർത്തിക ചേച്ചിയെ ഒന്ന് നോക്കി.
“എനിക്ക് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാൻ ചേച്ചി കൂടി ഒപ്പം വേണമെന്ന് തോന്നി. ചേച്ചിക്കേ എന്നേ സഹായിക്കാൻ കഴിയൂ. ചേച്ചിക്ക് മാത്രമല്ല കിഷോറിനും..”
കൃഷ്ണ മാത്രമല്ല കിഷോറും അവളെ സംശയത്തോടെ നോക്കി. ഇവളെന്താണ് പറഞ്ഞു വരുന്നത്..
“ഞാൻ ഒരാളുമായി അടുപ്പത്തിലാണ്. പക്ഷെ എനിക്ക് അത് അച്ഛനോട് തുറന്നു പറയാൻ കഴിയില്ല. അച്ഛന് കിഷോറിനെയാണ് ഇഷ്ടപ്പെട്ടത്. പക്ഷെ എന്നെ ഇഷ്ടമായില്ല, പകരം ചേച്ചിയെയാണ് ഇഷ്ടപ്പെട്ടത് എന്ന് അച്ഛനോട് പറയണം കിഷോർ. ചേച്ചിയും ഈ വിവാഹത്തിന് സമ്മതിക്കണം. എങ്കിലേ എനിക്കീ ഊരാകുടുക്കിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. നിങ്ങൾ രണ്ട് പേരും തമ്മിൽ വിവാഹം കഴിച്ചാൽ ഞാൻ സ്നേഹിക്കുന്ന ആളിനെ കുറിച്ച് എനിക്ക് ധൈര്യത്തോടെ വീട്ടിൽ പറയാം. എന്താ..??”
കിഷോറിന് ഒന്നും മനസ്സിലായില്ല. ഇത് സത്യം തന്നെയാണോ.. അവൾക്ക് അങ്ങനെ ഒരാളുമായി അടുപ്പമുണ്ടോ. പിന്നെ എന്തിനാണ് തന്നെ ഇഷ്ടപ്പെട്ടു എന്നറിയിച്ചത്. അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
കാർത്തിക ചേച്ചി കാണാതെ കണ്ണുകൾ ചിമ്മിക്കാണിച്ചു.
കിഷോറിന്റെ ശ്വാസം നേരെ വീണത് അപ്പോഴാണ്. ഇവൾ ആള് കൊള്ളാമല്ലോ. തന്നെയും ചേച്ചിയെയും ഒന്നിപ്പിക്കാൻ അവൾ കണ്ടു പിടിച്ച മാർഗ്ഗം കൊള്ളാം. ഇലയ്ക്കും മുള്ളിനും കേടില്ലാതെ..
അയാൾ കൃഷ്ണയുടെ മുഖത്തേക്ക് പതർച്ചയോടെ ഒന്ന് നോക്കി.
അവൾ അവർക്ക് പിന്തിരിഞ്ഞു നിൽക്കുകയായിരുന്നു. എന്തായിരിക്കും ആ മനസ്സിൽ. ഇപ്പോൾ വലിയൊരു വടം വലി നടക്കുകയായിരിക്കും എന്നുറപ്പ്..
കാർത്തികയും കിഷോറും പരസ്പരം നോക്കി.
“ചേച്ചീ എന്നെ സഹായിക്കില്ലേ..??
“നിനക്ക് അച്ഛനോട് തുറന്നു പറയാമായിരുന്നു ഈ വിവാഹത്തിനോട് നിനക്ക് താല്പര്യം ഇല്ലെന്ന്.. പകരം എന്നെ ഇടയിൽ പിടിച്ചിടാൻ ഞാൻ നിന്നോട് എന്ത് തെറ്റാണു മോളേ ചെയ്തത്. നിനക്ക് എന്നെ ഇത്രയും നാള് കൊണ്ട് മനസ്സിലായില്ലല്ലോ.. ഞാൻ എനിക്ക് ഇഷ്ടമുള്ള ജീവിതം ഇങ്ങനെ ഒക്കെയങ്ങു ജീവിച്ചു തീർത്തോട്ടെ.അതിന്പകരം ഒരു ചെറുപ്പക്കാരന്റെ ജീവിതം കൂടി ഇല്ലാതാക്കാൻ നിനക്ക് എങ്ങനെ തോന്നി.. ”
“ചേച്ചിയുടെ അന്ധവിശ്വാസമാണ് ഇതൊക്കെ.. ചേച്ചിക്ക് യാതൊരു ജാതക ദോഷവും ഇല്ല. ആ രാഹുലേട്ടൻ മരിച്ചു പോയത് ഏട്ടന്റെ ആയുസ്സ് തീർന്നിട്ടാണ്. അല്ലാതെ ചേച്ചിയുടെ ദോഷം കൊണ്ടൊന്നുമല്ല. ചേച്ചിയ്ക്ക് മുപ്പതു വയസ്സ് പോലുമായിട്ടില്ല. ഈ കല്യാണത്തിന് ചേച്ചി സമ്മതിച്ചില്ലെങ്കിൽ എനിക്ക് എന്റെ ഇഷ്ടം നടപ്പാക്കാൻ മറ്റെന്തെങ്കിലും വഴി നോക്കേണ്ടി വരും.”
കൃഷ്ണ നിസ്സഹായയായി..
തന്നെ ഇവൾ വല്ലാത്തൊരു കുരുക്കിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.
മുന്നിൽ അപ്പോഴും തന്റെ മുഖത്തേക്ക് മാത്രം നോക്കിയിരിക്കുന്ന കിഷോറിനെ നേരിടാനാവാതെ അവൾ മുഖം കുനിച്ചു..
ഇയാൾ തന്നെയല്ലല്ലോ ഇഷ്ടപ്പെട്ടത്..
ഇയാളെ എന്തിനാണ് കാർത്തിക വെറുതെ ബലിയാടാക്കുന്നത്.
“മോളെ ഞാൻ പറയുന്നത് നീയൊന്ന് മനസ്സിലാക്ക്.. കിഷോർ നിന്നെയാണ് പെണ്ണ് കണ്ടതും ഇഷ്ടപ്പെട്ടതും.. നീ പക്ഷെ നിന്റെ ഇഷ്ടം നേടിയെടുക്കാൻ എന്തിനാണ് വെറുതെ ഇദ്ദേഹത്തെ കരുവാക്കുന്നത്.. ഞാൻ.. ”
ബാക്കി പൂർത്തിയാക്കാൻ അനുവദിക്കാതെ കിഷോർ ഇടയ്ക്ക് ചാടി കയറി.
“യ്യോ കൃഷ്ണ എനിക്കു ശരിക്കും ഇയാളെ ഇഷ്ടമായിട്ടാണ് കേട്ടോ..ഞാൻപൂർണ്ണ മനസ്സോടെയാണ് ഇതിന് സമ്മതിക്കുന്നത്..”
എന്ത് മറുപടി പറയണമെന്നറിയാതെ കൃഷ്ണ നിന്നുരുകി.
“അപ്പോൾ എല്ലാം നമ്മൾ തീരുമാനിച്ചത് പോലെ.. എന്താ ഓക്കേയല്ലേ..”
കിഷോർ തള്ളവിരൽ ഉയർത്തി കാണിച്ചു.
ഇത്ര പെട്ടന്ന് കാര്യങ്ങൾ തന്റെ വഴിക്ക് വരുമെന്ന് ഓർത്തതെയില്ല. എല്ലാം കാർത്തികയുടെ ഒരൊറ്റ മിടുക്കാണ്. പിരിയാൻ നേരം കൃഷ്ണ കാണാതെ കാർത്തികയ്ക്ക് അയാൾ ഒരു താങ്ക്സ് പറഞ്ഞു..
ഇല്ലാത്ത പ്രേമം പറഞ്ഞു ചേച്ചിയെ തെറ്റിദ്ധരിപ്പിക്കേണ്ടി വന്നതിന്റെ വിഷമം മറച്ചു വെച്ച് അവൾ ചിരിച്ചു.
തന്റെ ഇഷ്ടവും നഷ്ടവും തനിക്ക് മാത്രമാണ്.
തിരികെ വീട്ടിൽ എത്തുമ്പോൾ വിവരങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു കരുണാകരൻ നായർ.
ചേച്ചി മുറിയിലേയ്ക്ക് പോയതും നടന്നത് വള്ളിപുള്ളി വിടാതെ കാർത്തിക എല്ലാം അച്ഛനോട് പറഞ്ഞു കൊടുത്തു.
“മോളേ നിനക്ക് ഇതിലും നല്ല ആലോചന വരും. അച്ഛൻ എത്രയും പെട്ടന്ന് നടത്തുന്നുണ്ട്. മോൾക്ക് വിഷമം തോന്നരുത് കേട്ടോ..”
“എന്താ അച്ഛാ ഈ പറയുന്നത്. എന്റെ ചേച്ചിയെ നിർത്തിയിട്ട് കല്യാണം കഴിച്ചു പോകേണ്ടി വരുന്ന വിഷമത്തിലായിരുന്നു ഞാൻ. ഇനി ആ വിഷമം വേണ്ടല്ലോ.”
പക്ഷെ, കിഷോറിന്റെ വീട്ടിൽ നേരെ തിരിച്ചായിരുന്നു അവസ്ത.
നളിനി ഈ വിവാഹം നടത്തില്ലെന്ന് കട്ടായം പറഞ്ഞു.
“ജാതകദോഷമുള്ള പെണ്ണിനെ മാത്രമേ നിനക്ക് കിട്ടിയൊള്ളോ. എന്ത് നല്ല കുട്ടിയായിരുന്നു അതിന്റെ ഇളയത്. അതിനെയല്ലേടാ ഞാൻ നിനക്ക് വേണ്ടി കണ്ടു വെച്ചത്. എനിക്ക് ആകെക്കൂടി നീയൊരാൾ മാത്രമേയുള്ളൂ. നിന്നെ കൊലയ്ക്ക് കൊടുക്കാൻ എനിക്ക് പറ്റില്ല..”
“അമ്മ എന്തൊക്കെ വിഡ്ഢിത്തമാണ് ഈ പറയുന്നത്.അതൊക്കെ വെറും തെറ്റായ ചിന്തകൾ മാത്രമാണ്. ഞാൻ എന്തായാലും മരിക്കുന്നെങ്കിൽ അത് ഇഷ്ടപ്പെട്ട പെണ്ണിനെ തന്നെ കല്യാണം കഴിച്ചിട്ടാകുന്നതല്ലേ അമ്മേ നല്ലത്…”
നളിനി ചവുട്ടിത്തുള്ളി അകത്തേയ്ക്ക് പോയി. തന്റെ വാക്കിന് ഒരു വിലയുമില്ല. ഇനി അവനായി അവന്റെ പാടായി.. വരുന്നത് എന്താന്ന് വെച്ചാൽ സ്വയം അനുഭവിക്കട്ടെ..
നിശ്ചയം പേരിനു മാത്രമായി വീട്ടുകാർ മാത്രം പങ്കെടുത്ത ചടങ്ങാക്കി. ഒരാഴ്ചയ്ക്കുള്ളിൽ കല്യാണവും അർഭാടമായി തന്നെ നടന്നു.
അതിനിടയിൽ പല വട്ടം കിഷോറിനു കൃഷ്ണയെ വിളിച്ചു ധൈര്യം കൊടുക്കേണ്ടി വന്നു.
അമ്മയുടെ തെളിച്ചം വരാത്ത മുഖം തൽക്കാലത്തേയ്ക്ക് കണ്ടില്ലെന്ന് നടക്കേണ്ടി വന്നു. എല്ലാം ശരിയാകും. കുറച്ചു നാളുകൾ കഴിയട്ടെ.
ആദ്യരാത്രിയിൽ പാലുമായി പതിഞ്ഞ ചുവടുകളോടെ കടന്ന് വന്ന കൃഷ്ണയെ അയാൾ ആദ്യമായി കാണുന്നത് പോലെ ഉറ്റു നോക്കി. എന്തൊരു അഴകാണ് തന്റെ പെണ്ണിന്.. മുടിയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. പിന്നെ സെറ്റും മുണ്ടും തന്നെ വേഷം. ആദ്യം കണ്ടപ്പോഴും അവളിതേ വേഷമായിരുന്നു..
മുഖത്ത് വല്ലാത്തൊരു പരിഭ്രമം ഉണ്ടെന്ന് തോന്നുന്നു.
കയ്യിൽ ഇരുന്ന പാൽ ഗ്ലാസ്സ് മെല്ലെ അയാൾക്ക് നേരെ നീട്ടി.
പാല്…
അയാൾ അത് വാങ്ങിയിട്ട് മേശപ്പുറത്തു വെച്ചു. പിന്നെ വാതിൽ ചേർത്ത് അടച്ചു. സെറ്റുമുണ്ടിന്റെ കോന്തല കൊണ്ട് വിരൽ ചുറ്റി വലിച്ചു കൊണ്ട് നിൽക്കുന്ന അവളുടെ ചുമലിൽ പിടിച്ചു കട്ടിലിൽ ഇരുത്തി. മേശമേൽ ഇരുന്ന പാലിന്റെ ഗ്ലാസ്സ് എടുത്ത് ലേശം കുടിച്ചു. ബാക്കി അവൾക്ക് നേരെ നീട്ടി.
അവൾ അത് വാങ്ങി ചുണ്ടോട് ചേർത്തു.
അവളുടെ മുടിയിലെ മുല്ലപ്പൂവ് മെല്ലെ വിരലുകളാൽ വാരിയെടുത്ത് അയാൾ വാസനിച്ചു.
“കിഷോർ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ..”
അവൾ മെല്ലെ മുരടനക്കി.
അവൻ മുഖം ഉയർത്തി നോക്കി.
“കാർത്തിക പറഞ്ഞതെല്ലാം വെറും പച്ചക്കള്ളമായിരുന്നുവെന്ന്. അവൾക്ക് അങ്ങനെ ആരോടും ഒരു അഫയറുണ്ടായിരുന്നില്ലെന്ന്.. ഞാൻ പറ്റിക്കപ്പെട്ടു ല്ലേ.. എന്റെ ഉറച്ച തീരുമാനങ്ങൾ എല്ലാം അവൾ കാറ്റിൽ പറത്തിക്കളഞ്ഞു.. ഞാൻ ഒരു വിഡ്ഢിയായി ല്ലേ..?”
അവൻ അവളുടെ വിരലുകളിൽ കോർത്തു പിടിച്ചു.
“എന്നെ കെട്ടേണ്ടി വന്നത് കൊണ്ടാണോ വിഡ്ഢിയായതെന്ന് തോന്നുന്നത്.. ഞാൻ അത്രയ്ക്കും മോശമാണോ..?”
“ഏയ് അതല്ല, എന്നാലും ഞാൻ കാരണം..”
ആ വാക്കുകളെ പൂർത്തിയാക്കാൻ അവൻ അനുവദിച്ചില്ല.
“നീ കാരണം എനിക്ക് ഒരു സുന്ദരിപ്പെണ്ണിനെ കിട്ടിയില്ലേ.. ഇല്ലായിരുന്നെങ്കിൽ ഇത്തവണയും ഞാൻ കെട്ടാ ചെറുക്കനായി കടല് കടന്ന് പോകേണ്ടി വന്നേനെ..”
“പിന്നീട് എന്നെ തള്ളിപ്പറയാൻ ഇടവരരുത്. അതെനിക്ക് സഹിക്കാൻ കഴിയില്ല. ”
നിറഞ്ഞ കണ്ണുകളിലെ നനവ് തന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുക്കുമ്പോൾ വാടിയ ഒരു പുഷ്പം പോലെ അവൾ അവന്റെ മാറിലേയ്ക്ക് ഞെട്ടറ്റ് വീണു.
