ഏട്ടന്റെ ഭാര്യയാണെന്നു കരുതി അനിയന്റെ കൂടെ കിടക്കാൻ പാടില്ലെന്നൊന്നും എവിടെയും ആരും പറഞ്ഞിട്ടില്ല ജെസീ….

“ഏട്ടന്റെ ഭാര്യയാണെന്നു കരുതി അനിയന്റെ കൂടെ കിടക്കാൻ പാടില്ലെന്നൊന്നും എവിടെയും ആരും പറഞ്ഞിട്ടില്ല ജെസീ…
സത്യം പറയാലോ നിന്നെ പോലെ ഞാനാഗ്രഹിയ്ക്കുകയും കൊതിക്കുകയും ചെയ്ത വേറൊരു പെണ്ണില്ല എന്റെ ജീവിതത്തിൽ…

“നിന്നെ എന്റെ കയ്യിൽ കിട്ടാൻ വേണ്ടി ഞാൻ ചില്ലറകളിയൊന്നുമല്ല കളിച്ചതെന്ന് നിനക്ക് തന്നെ അറിയാലോ… പക്ഷെ ഓരോ തവണയും എന്റെ കയ്യിൽ പെടാതെ രക്ഷപ്പെട്ടു നീ…

“ഒടുവിൽ നിന്നെ നേടാൻ വേണ്ടി രണ്ടും കല്പിച്ചാണ് ഞാൻ നിന്റെ അനിയനെ മയക്കുമരുന്ന് കേസിൽ കുടുക്കിയത്… നിനക്കാക്കെയുള്ള അനിയനെ രക്ഷിക്കാൻ നീയെന്റെ മുമ്പിൽ വരുമെന്നും ഞാൻ പറയുന്നതെന്തും അനുസരിയ്ക്കുമെന്നും എനിയ്ക്ക് അത്ര ഉറപ്പായിരുന്നന്ന്… ”

“ഞാൻ കരുതിയ പോലെ നീ എന്നെ തേടി വന്നതുമാണ്..പക്ഷെ അന്നേരമാണ് എന്റെയാ മുടിഞ്ഞ ആക്സിഡന്റ്…. ഒന്നനങ്ങാൻ സാധിയ്ക്കാതെ കിടന്നു പോയ് ഞാൻ കുറച്ചു മാസങ്ങൾ… ആ സമയം കൊണ്ട് നീ വലിയ മിടുക്കിയായ് അനിയനെയും രക്ഷിച്ചു കൊമ്പത്തുള്ളൊരു കുടുംബത്തിന്ന് നല്ലൊരു കൊച്ചെനെയും കണ്ടെത്തി കെട്ടുകയും ചെയ്തു….. അല്ലേ ടീ ജസി മോളെ….?

പക നിറഞ്ഞ കനത്ത ശബ്ദത്തിൽ പീറ്റർ ചോദിച്ചതും ഉത്തരമില്ലാതെ അവനു മുന്നിൽ തരിച്ചുനിന്നു ജസീക്ക…

“ദൈവം എന്റെ കൂടെയാ ടീ…. അതു കൊണ്ടല്ലേ എന്റെ അടുത്ത്ന്ന് രക്ഷപ്പെടാൻ പോയ നീ എന്റെ ഏട്ടനെ തന്നെ കല്യാണം കഴിച്ചത്… കാലമെത്രെ കഴിഞ്ഞാലും ഞാനാഗ്രഹിച്ച പെണ്ണിനെ എനിയ്ക്ക് കിട്ടണം… അതിനി ഏട്ടന്റെ ഭാര്യയായാലും വേണ്ടില്ല, അനിയന്റെ ഭാര്യയായാലും വേണ്ടില്ല… എന്റെ ഇഷ്ട്ടവും ആഗ്രഹവും നടക്കണം… ”

അതു കൊണ്ട് ഏട്ടന്റെ ഭാര്യയാണ്, ചേടത്തിയാണ് തുടങ്ങിയ മുട്ടാ പോക്ക് വാദങ്ങൾ പറഞ്ഞ് എന്റെ കയ്യിൽ നിന്ന് ഒഴിഞ്ഞുമാറി രക്ഷപ്പെടാമെന്നും നീ കരുതണ്ട… നടക്കില്ല… നടത്തില്ല ഞാൻ….

നിനക്കറിയാലോ എന്നെ ശരിയ്ക്കും… ?
നടക്കില്ലെന്ന് ഞാനൊരു കാര്യത്തെ പറ്റി പറഞ്ഞാൽ അതിനർത്ഥം അത് നടക്കില്ലെന്നും, നടത്തുമെന്ന് പറഞ്ഞാൽ അത് എന്ത് വില കൊടുത്തും നടത്തിയും ആണ് ജസീ എനിയ്ക്ക് ശീലം… അതോർമ്മയിൽ വെച്ചോ മറക്കാതെ നീ…. ”

“എന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും ഒന്നും ഞാൻ കിടപ്പിലായ ആറു മാസങ്ങൾ
കൊണ്ട് യാതൊരു മാറ്റമൊന്നും വന്നിട്ടില്ല…. വരികയുമില്ല…. അപ്പോ ഞാൻ പറഞ്ഞത് മറക്കണ്ട… എന്നെ സ്വീകരിക്കാൻ റെഡിയായിക്കോ നീ…
എപ്പോഴാ എവിടെ വെച്ചാ എന്നതൊക്കെ ഞാൻ നിന്റെ ഇഷ്ടത്തിന് വിട്ടു തന്നിരിക്കുന്നു… ഇനിയിപ്പോ ഇവിടെ ഈ വീട്ടിൽ വെച്ചു തന്നെയായാലും എനിയ്ക്ക് ഓക്കെയാണ്… വിളിച്ചാൽ മതി നീ എന്നെ എല്ലാം ഫിക്സ് ചെയ്തിട്ട്…. ഞാൻ വന്നോളാം നീ വിളിയ്ക്കുന്നിടത്തേയ്ക്ക് ….. ശരിയെന്നാൽ…

വഷളത്തരം നിറഞ്ഞൊരു നോട്ടത്തിലൂടെ ,
തന്റെ മുന്നിൽ പിടയുന്ന മിഴികളോടെ താൻ പറയുന്നതത്രയും കേട്ടനുസരണയോടെ മുഖം കുനിച്ച് നിൽക്കുന്ന ജെസിയുടെ മുഖത്ത് ചൂണ്ടുവിരലാലൊന്ന് തഴുകി പീറ്റർ പറഞ്ഞതും തീ പൊള്ളലേറ്റ പോലെ അവനടുത്തു നിന്ന് പിന്നോട്ടു ഞെട്ടിപിടഞ്ഞു മാറി നിന്നു ജെസി….

അതറിഞ്ഞതും ദേഷ്യം മിന്നി പീറ്ററിലെങ്കിലും മുഖത്തെ ഭാവം മാറ്റാതെയവൻ അവളെ ഒന്നാകെയൊന്ന് നോക്കി…. അവന്റെ അളന്നു മുറിച്ചുള്ള ആ നോട്ടത്തിൽ, അതിലവൻ വ്യക്തമാക്കുന്ന ഭാവത്തിൽ അവനുമുമ്പിൽ നിന്ന് ഓടിയകലാൻ തുടിച്ചു പോയ് ജസിയുടെ മനസെങ്കിലും ഒന്നിനും കഴിയാത്തൊരു നിസ്സഹായ അവസ്ഥയിൽ ചൂളി ചുരുങ്ങി അവന്റെ മുന്നിൽ നിന്നവൾ… മിഴികളൊരിത്തിരി പോലും നിറയാതെ….

“നീയെപ്പോ വന്നെടാ മേനേ ബാംഗ്ലൂരീന്ന്…?
വരുന്ന കാര്യമൊന്നും നീ ഇന്നലെ വിളിച്ചപ്പോൾ പോലും എന്നോട് പറഞ്ഞില്ലല്ലോടാ ചെക്കാ….

നിന്റെ കാലൊക്കെ ശരിയ്ക്കും ശരിയായില്ലേ …. നടക്കാനൊന്നും ഇപ്പോ യാതൊരു ബുദ്ധിമുട്ടും ഇല്ലല്ലോ….?

ആശ്ചര്യം നിറഞ്ഞൊരു ചോദ്യത്തോടെ അവർക്കിടയിലേക്ക് അന്നാമ്മച്ചി കടന്നു വന്നതും ദീർഘമായൊന്നു ശ്വാസമെടുത്ത ജസി നന്ദി തുളുമ്പുന്നൊരു നോട്ടത്തോടെ അന്നാമ്മച്ചിയെ നോക്കി ചിരിച്ചു…

“കൊച്ചേ നീയെന്നാടി ഇവനെ കണ്ടിങ്ങനെ ആകെ അന്തം വിട്ട് മിഴിച്ചു നിൽക്കുന്നത് ….?
നിന്റെ കെട്ടിയവന്റെ അനിയൻ തന്നെയാണ്… അതായത് നിന്റെ കെട്ടിയവൻ ,എന്റെ മകൻ അലക്സിന്റെ കൊച്ചാപ്പന്റെ മോൻ… ഇവനങ്ങ് ബാംഗ്ലൂരിലാണ്…

പീറ്ററിനെ പരിചയമില്ലാഞ്ഞിട്ടാണ് ജസി പരിഭ്രമിച്ചും പതറിയും നിൽക്കുന്നതെന്ന് കരുതി അന്നാമ്മച്ചി കാര്യമായ് തന്നെ ജസിക്ക് പീറ്ററിനെ പരിചയപ്പെടുത്തുമ്പോൾ കൊതിപൂണ്ട ചെന്നായയുടെ ക്രൗര്യത്തോടെയും കൗശലത്തോടെയും ജസീക്കയെ വഷളത്തരത്തോടെ ആകെ ഉഴിഞ്ഞു നോക്കുകയാണ് പീറ്റർ…

“എന്റെ പേരമ്മേ… പേരമ്മ ഇത്ര നീട്ടി പറഞ്ഞൊന്നും പരിചയപ്പെടുത്തണ്ട ഞങ്ങളെ… ഞങ്ങൾ പരിചയപ്പെട്ടോളാം… ഞാനിനി കുറച്ചു മാസങ്ങൾ ഇവിടെ തന്നെയാണ്…”

അന്നാമ്മച്ചിയോടുള്ള പീറ്ററിന്റെ വെളിപ്പെടുത്തലിൽ തലയ്ക്കടിയേറ്റ പോലെ ഞെട്ടിവിറച്ചവർക്ക് മുമ്പിൽ നിന്നു ജസീക്ക….

“മോളെ… നീ ഇവന് കുടിയ്ക്കാനെന്തെങ്കിലും വേഗം എടുത്തിട്ട് വാ…. സംസാരം അതു കഴിഞ്ഞും ആവാലോ…. ”

ജസീക്ക അവരെ നോക്കി മെല്ലെയൊന്ന് ശിരസിളക്കി കിച്ചണിലേക്ക് നടന്നു

“കൊച്ചേ …ഷെൽഫിലെ ആ ഓറഞ്ചുപൊടിയുടെ ടാങ്ക് കലക്കിയാൽ മതി ഇവന്… ഇവനതാണ് ഏറ്റവും ഇഷ്ടം…

അടുക്കളയിലേക്ക് നടന്ന ജസീക്കയെ പിൻവിളി വിളിച്ച് അന്നാമ്മച്ചി ഓർമ്മിപ്പിച്ചതും അതും ശരി വെച്ച് ശിരസ്സിളകി നടന്നവൾ വീണ്ടും…

” കണ്ടിട്ടൊരു പാവം കൊച്ചാണല്ലോ പേരമ്മേ…?
എങ്ങനെ എന്റിച്ഛായന്റെ ഒപ്പം കട്ടയ്ക്ക് പിടിച്ചു നിന്നോളുമോ ചേച്ചി…?

ജസീക മുന്നിൽ നിന്ന് മറഞ്ഞതും തഞ്ചത്തിൽ അന്നാമ്മച്ചിയോട് ഓരോന്നും ചോദിച്ചറിയാൻ തുടങ്ങി പീറ്റർ…

“പാവംന്ന് വെച്ചാൽ പച്ച പാവം കൊച്ചാണെടാ… പിന്നെ നിന്റെ അച്ഛായൻ നമ്മുടെ അടുത്തൊന്നും കാണിയ്ക്കുന്ന മുഷ്ക് അവളുടെ അടുത്ത് ഇതുവരെ എടുത്ത് ഞാൻ കണ്ടിട്ടില്ല… അവളുടെ മുന്നിൽ അവളെക്കാളും പാവമാണ് എന്റെ ചെക്കൻ…
ഈ കഴിഞ്ഞ മാസങ്ങളിലൊരിക്കൽ പോലും അവളോടൊന്ന് മുഖം കറുപ്പിച്ചിട്ടില്ല എന്റെ മോൻ… അവനത്രയ്ക്കും ഇഷ്ടാണ് അവളെ.. ഉള്ളം കയ്യിൽ അവളെ പൊതിഞ്ഞു പിടിച്ചോണ്ട് നടക്കും പോലാ അവന്റെ നടത്തം പോലും… അതൊന്ന് കാണണം നീ…

അവളെ കാണാതെ നിൽക്കാൻ വയ്യെന്നു പറഞ്ഞല്ലേ അവൻ അവളുടെ പഠിത്തം പോലും ഇവിടുത്തെ കോളേജിലാക്കിയത്… അവളോടുള്ള
അവൻ്റെയോരോ കാട്ടി കൂട്ടലുകൾ കാണേണ്ടത് തന്നെയാണ് മോനെ….

എന്തായാലും നീ കുറച്ചു നാൾ ഇവിടുണ്ട് എന്നല്ലേ പറഞ്ഞത്… നേരിട്ട് കാണാം നിനക്ക്…. ”

നാണത്തിൽ പൊതിഞ്ഞൊരു ചിരിയോടെ പീറ്ററിനോട് അലക്സിനെ പറ്റി അന്നാമ്മച്ചി പറയുമ്പോൾ വേർതിരിക്കാൻ കഴിയാത്തൊരു വികാരത്തോടെ അവരുടെ വാക്കുകൾ കേട്ടിരുന്നു പീറ്റർ…

“പാകത്തിന് മധുരമിട്ടില്ലേ മോളെ ജ്യൂസിൽ… ഇവന് നല്ല മധുരം വേണം എന്തിനും…”

ട്രേയിൽ പീറ്ററിനുള്ള ജ്യൂസുമായ് അവിടേയ്ക്ക് വന്ന ജസീക്കയോട് ചോദിയ്ക്കുന്നതിനൊപ്പം ആ ജ്യൂസെടുത്ത് പീറ്ററിനു നേരെ നീട്ടി അന്നാമച്ചി….

പീറ്ററിന്റെ നോട്ടം ആ സമയം വല്ലാത്തൊരു ഭാവത്തോടെ ജസീക്കയിലായിരുന്നു…

ആരെയും കൂസാത്ത ഒരു മനുഷ്യനെയും വകവെയ്ക്കാത്ത തന്റെ അച്ഛായൻ അലക്സിനെ മോഹിപ്പിക്കാൻ തക്ക സൗന്ദര്യമുള്ള ജസീക്കയുടെ ഉടലഴകിൽ തങ്ങി നിന്നവന്റെ ആർത്തിപൂണ്ട കണ്ണുകൾ…

വിവാഹം കഴിഞ്ഞ് മാസങ്ങളായിട്ടും യാതൊരു ഉടവും തട്ടാത്ത അവളുടെ ശരീരം പഴയതിലും അധികം ആ സമയം അവനെ മോഹിപ്പിയ്ക്കുന്നുണ്ട്…

നീ വരുന്നത് അലക്സ് അറിഞ്ഞായിരുന്നോ മോനെ…?

ആസ്വദിച്ച് ജ്യൂസ് കുടിയ്ക്കുന്ന പീറ്ററിനോട് തിരക്കി അന്നാമ്മച്ചി…

“അച്ഛായനറിയാം ഞാൻ വന്നത്… ഇവിടെ വന്ന് നിങ്ങളെയെല്ലാം ഒന്ന് മുഖം കാണിച്ച് എന്നോട് വേഗം തന്നെ തോട്ടത്തിലേക്ക് ചെല്ലാനാ പറഞ്ഞത്… ഉച്ചയ്ക്ക് തോട്ടത്തീന്നാ കഴിപ്പ്… നല്ല കാട്ടുപന്നിയൊരെണ്ണം രാവിലെ തന്നെ കുടുങ്ങീട്ടുണ്ട് അവിടെ… അതു കൊണ്ട് ഞാൻ തോട്ടത്തിലേക്ക് പോവാണ്… രാത്രി അച്ഛായന്റൊപ്പം വരാം ഞാൻ… പിന്നെ ചേടത്തി ജ്യൂസ് അടിപൊളിയായിരുന്നു ട്ടോ….

മുഴുവനായ് കുടിച്ച ജ്യൂസിന്റെ ഗ്ലാസ് ജസീക്കയ്ക്ക് നേരെ നീട്ടി ഇരുന്നിടത്തു നിന്നെഴുന്നേറ്റു പീറ്റർ

പേരമ്മേ രാത്രി കാണാം… ബൈ…

അന്നാമ്മച്ചിയോട് യാത്ര പറഞ്ഞ് പീറ്റർ മുറ്റത്തു നിർത്തിയിട്ടവന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് പോവും വഴിയൊരു നോട്ടം ജസീക്കയുടെ നേരെ ചെന്നതും കണ്ടു കൺചിമ്മാതെ തെളിച്ചമുള്ളൊരു ചിരിയോടെ തന്നെ നോക്കി നിൽക്കുന്നവളെ…

കാണുന്ന കാഴ്ചയിൽ അമ്പരന്നവൻ തിരിഞ്ഞൊന്നു നോക്കിയപ്പോഴും അവനിൽ നിന്ന് നോട്ടം മാറ്റാതെ നിന്നവൾ….

“അലക്സേ… പീറ്ററിവിടുന്ന് അങ്ങോട്ടു പോന്നിട്ടുണ്ട്… നീയവിടെ തന്നെ ഇല്ലേ…?

അലക്സിനോടു വിളിച്ചു ചോദിയ്ക്കുന്ന അന്നാമ്മച്ചിയെ നോക്കി നിന്നു ജസീക്കയെങ്കിലും അവളുടെ മുഖത്തുള്ള നേരിയ ടെൻഷൻ തിരിച്ചറിഞ്ഞതും ചിരിച്ചു കൊണ്ടവളുടെ തോളിൽ തട്ടി അന്നാമ്മച്ചി…

“പഠിക്കാനായ് വീട്ടിൽ നിന്ന് പോവുന്ന പെൺക്കുട്ടികളെ എന്തു ചെറ്റത്തരം ചെയ്തും സ്വന്തം കാൽചുവട്ടിലും കിടപ്പറയിലും വരുത്തിയ്ക്കുന്ന ഇവനെയൊക്കെ ഭൂമിയ്ക്ക് മോളിൽ ഭാരമായ് വെച്ചേക്കാൻ പാടില്ല മോളെ….

അന്നാമ്മച്ചി പറഞ്ഞതും പൊട്ടി കരഞ്ഞവരുടെ കാൽകീഴിലേക്കിരുന്നു പോയ് ജസീക്ക…

പഠിച്ചൊരു ജോലി നേടാനായ് ബാംഗ്ലൂരിലെത്തിയ തനിയ്ക്ക് അവിടുത്തെ അധ്യാപകനായ പീറ്ററിൽ നിന്ന് നേരിടേണ്ടിവന്ന ഓരോന്നും അന്നേരമവളുടെ മനസ്സിൽ തെളിഞ്ഞു…

ഇന്റേർണൽ മാർക്ക് കുറച്ചും ആളെ വിളിച്ച് ഭീഷണിപ്പെടുത്തിയുമെല്ലാം തന്നെ അവൻ അവന്റെ കിടപ്പറയിൽ എത്തിയ്ക്കാൻ ശ്രമിച്ചെങ്കിലും അതിൽ നിന്നെല്ലാം കർത്താവിന്റെ തുണക്കൊണ്ട് മാത്രം രക്ഷ നേടി താൻ…

ഒരു വിധത്തിലും തന്നെ കീഴ്പ്പെടുത്താൻ പറ്റില്ലെന്നായപ്പോഴാണവൻ തന്റെ എട്ടാമായ അനിയനെ മയക്കുമരുന്ന് കേസിൽ പെടുത്തിയത്…

ഇനിയൊരു രക്ഷ പീറ്ററിൽ നിന്നില്ല എന്ന തോന്നലിലാണ് അയാൾ തന്നോടു ചെയ്തതെല്ലാം അയാളുടെ ഏട്ടനായ അലക്സിനെ താൻ വിളിച്ചറിയിച്ചത്… പിന്നീട് നടന്നതൊന്നും ചിന്തിക്കാൻ കൂടി വയ്യ… ഒന്നറിയാം മൂന്നു മാസങ്ങൾക്ക് മുമ്പ് പീറ്ററിനുണ്ടായ അപകടത്തിന് പുറകിൽ അലക്സിച്ചായനാണ്….
ഇന്ന് പീറ്ററിനുണ്ടാവാൻ പോവുന്ന അപകടത്തിനു പുറകിലും അച്ചായനാണ്..

ഇങ്ങനെ കരഞ്ഞിരിക്കാതെ ഒന്നുഷാറാവ് മോളെ… സ്വന്തം വിദ്യാർത്ഥിനികളെ കാമ ക്കണ്ണോടെ കാണുകയും പ്രാപിക്കുകയും ചെയ്യുന്ന അവനൊന്നും ഭൂമിയ്ക്ക് മുകളിൽ വേണ്ട കൊച്ചേ…. അതുറപ്പിച്ചിട്ടു തന്നെയാണ് ഞാനവനെ ഇവിടുന്ന് പറഞ്ഞു വിട്ടത്…

പകയോടെ അന്നാമ്മച്ചി പറയുമ്പോൾ ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം അലക്സ് തനിയ്ക്കായ് ഒരുക്കിയ മരണ കുരുക്കിലേക്കുള്ള അവസാന യാത്രയിലായിരുന്നു പീറ്റർ….

✍️ രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *