“ഇങ്ങനത്തെ വേഷം ഒക്കെ ഇട്ടിട്ടു വന്നാൽ ആർക്കാണെങ്കിലും ഒന്ന് തൊടാനൊക്കെ തോന്നും ”
“നിന്റെയൊക്കെ പ്രായമുള്ള ഒരു കൊച്ചുമകൾ എനിക്കും വീട്ടിലുണ്ട്, പക്ഷെ ഇത്രയും തന്റേടം അവൾക്കില്ലല്ലോ!”
ആ വാക്കുകൾ ഒരു തലോടലായല്ല, മറിച്ച് അറപ്പുളവാക്കുന്ന ഒരു ചിരിയോടെയാണ് ആ വൃദ്ധൻ പറഞ്ഞു നിർത്തിയത്. കെ.എസ്.ആർ.ടി.സി ബസിന്റെ പിൻസീറ്റിലെ ജനലരികിൽ ഒതുങ്ങിക്കൂടിയിരുന്ന മാളവികയുടെ തോളിൽ അയാളുടെ വിരലുകൾ അമർന്നു. ഒരു നിമിഷം അവൾ മരവിച്ചുപോയി. പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു. ബസിനുള്ളിലെ തിരക്കിലും ഉഷ്ണത്തിലും അയാളുടെ ആ സാമീപ്യം അവളിൽ ഓക്കാനം വരുത്തി.
ഇരുപത് വയസ്സിന്റെ ചുറുചുറുക്കോടെ കോളേജിലേക്ക് പോകുന്ന മാളവികയ്ക്ക് ഇത് ആദ്യത്തെ അനുഭവമല്ല. പക്ഷെ, വെള്ള വസ്ത്രവും നരച്ച മുടിയും ഭക്തിയുടെ ലക്ഷണമായി നെറ്റിയിൽ ചന്ദനക്കുറിയും ചാർത്തിയ ഈ എഴുപതുകാരനിൽ നിന്ന് ഇങ്ങനെയൊന്ന് അവൾ പ്രതീക്ഷിച്ചില്ല.
അയാൾ കൈ പിൻവലിച്ചില്ല. മാളവിക പതിയെ എഴുന്നേറ്റ് അയാളുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി. “കൈ എടുക്കടോ!” അവളുടെ ശബ്ദം ബസിനുള്ളിലെ ഇരച്ചിലിനെ ഭേദിച്ച് ഉയർന്നു.
ബസിലെ സംഭാഷണങ്ങൾ പെട്ടെന്ന് നിന്നു. സീറ്റുകളിൽ ഇരുന്നവരും കമ്പിയിൽ തൂങ്ങിനിന്നവരും ഒരേപോലെ തല തിരിച്ചു. മുൻപിലെ സീറ്റിലിരുന്ന ഒരു മധ്യവയസ്കൻ പത്രം മടക്കി അവളെ ഒന്ന് നോക്കി, എന്നിട്ട് തിരികെ വായനയിലേക്ക് പോയി. സീറ്റിലിരുന്ന രണ്ട് സ്ത്രീകൾ പരസ്പരം നോക്കി പിറുപിറുത്തു.
“എന്താ മോളെ, അയാൾ അറിയാതെ തട്ടിയതാവും. പ്രായമായ ഒരാളല്ലേ…” അപ്പുറത്തെ സീറ്റിലിരുന്ന ഒരാൾ ഉപദേശിച്ചു.
“അറിയാതെ തട്ടിയതല്ല. ഇയാൾ കുറച്ചു നേരമായി എന്നെ ശല്യം ചെയ്യുന്നു. തോളിലും കയ്യിലും ഫ്രണ്ടിലും പിടിക്കുന്നു. പ്രായമായത് കൊണ്ട് ഞാൻ ക്ഷമിച്ചു, പക്ഷെ ഇത് അതിരു കടക്കുന്നു.” മാളവികയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു, എങ്കിലും അവൾ തളർന്നില്ല.
“ഓ, ഇപ്പോഴത്തെ കുട്ടികൾക്ക് ചെറിയൊരു സ്പർശനം പോലും പീഡനമാണ്. നമ്മളൊക്കെ എത്ര കണ്ടിരിക്കുന്നു.” വായന നിർത്തിയ മധ്യവയസ്കൻ പരിഹാസത്തോടെ പറഞ്ഞു.
വൃദ്ധൻ ഇപ്പോൾ ഒരു ഇരയെപ്പോലെ മുഖം മാറ്റി. “ഞാൻ എന്റെ കൊച്ചുമകളുടെ പ്രായം കണ്ട് സ്നേഹത്തോടെ ഒന്ന് തൊട്ടതാ. ഇതിപ്പോ വലിയ പുകിലായല്ലോ ദൈവമേ. കാലം പോയ പോക്കേ!” അയാൾ ചുറ്റുമുള്ളവരോടായി ആവലാതിപ്പെട്ടു.
ബസിലെ ഭൂരിഭാഗം പേരും മാളവികയ്ക്ക് എതിരെ തിരിഞ്ഞു. “നമുക്ക് കോളേജിലും ഓഫീസിലും എത്തേണ്ടതാണ്. ഈ കൊച്ചിന്റെ ഓരോ വാശി കാരണം വണ്ടി ഇവിടെ നിർത്താൻ പറ്റില്ല.”
“മാളവിക, നീ ഒന്ന് അടങ്ങ്. അയാൾക്ക് അറിയാതെ പറ്റിയതാകും.” അവളെ പരിചയമുള്ള മറ്റൊരു യാത്രക്കാരൻ ഉപദേശിച്ചു.
മാളവികയുടെ കണ്ണുകൾ നിറഞ്ഞു. ചുറ്റുമുള്ളവരുടെ നിസ്സംഗത അവളെ തളർത്താൻ നോക്കി. പക്ഷെ, ആ വൃദ്ധന്റെ മുഖത്തെ ആ വിജയച്ചിരി കണ്ടപ്പോൾ അവളുടെ രക്തം തിളച്ചു. അവൾ നേരെ നടന്ന് ഡ്രൈവറുടെ അടുത്തേക്ക് ചെന്നു.
“ചേട്ടാ, വണ്ടി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിടണം. എനിക്ക് പരാതിയുണ്ട്.”
ബഹളം കൂടി. “എന്ത്? പോലീസ് സ്റ്റേഷനോ? ഞങ്ങൾക്ക് പണിയുള്ളതാണ്. ഒരു കിഴവൻ തൊട്ടു എന്ന് പറഞ്ഞു വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പറ്റില്ല.” ആൾക്കൂട്ടം ബഹളം വെച്ചു.
“ഇങ്ങനത്തെ വേഷം ഒക്കെ ഇട്ടിട്ടു വന്നാൽ ആർക്കാണെങ്കിലും ഒന്ന് തൊടാനൊക്കെ തോന്നും ”
ഡ്രൈവർ സന്ദിഗ്ധാവസ്ഥയിലായി. അയാൾ മിററിലൂടെ മാളവികയെ നോക്കി.
അപ്പോഴാണ് ബസിന്റെ പിന്നിൽ നിന്ന് ടിക്കറ്റ് മെഷീന്റെ ശബ്ദം കേട്ടത്. കണ്ടക്ടർ രാഘവൻ മുന്നിലേക്ക് വന്നു. ഏകദേശം അൻപത് വയസ്സ് പ്രായമുള്ള, വെയിലു കൊണ്ട് കരിവാളിച്ച മുഖമുള്ള ഒരാൾ. അയാൾ മാളവികയുടെ അരികിൽ വന്നു നിന്നു.
“എന്താ മോളെ ഉണ്ടായേ?” അയാൾ ശാന്തനായി ചോദിച്ചു.
മാളവിക നടന്ന കാര്യങ്ങൾ വിവരിച്ചു.
“ചേട്ടാ ബസിൽ കേറിയപ്പോൾ മുതൽ തുടങ്ങിയതാ ഇയാളുടെ ചൊറിച്ചിൽ. ആദ്യം കൈയിൽ പിടിച്ചു പ്രായമുള്ള ആളല്ലേ എന്ന് കരുതി ഞാനത് കാര്യമാക്കിയില്ല. പിന്നെ പതുക്കെ തോളിലും ഫ്രണ്ടിലും ഒക്കെ കൈ പോയപ്പോഴാണ് ഞാൻ ബഹളം വച്ചത്.”
ചുറ്റുമുള്ളവർ അവളെയോ രാഘവനെയോ സംസാരിക്കാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല. “ഇവൾക്ക് വെറുതെ ഓരോന്ന് തോന്നുവാ രാഘവാ, നീ വണ്ടി വിടാൻ പറ.” വൃദ്ധന്റെ പ്രവർത്തി മുഴുവനും കണ്ടുകൊണ്ടിരുന്ന ഒരാൾ ആക്രോശിച്ചു.
രാഘവൻ ആ വൃദ്ധനെ ഒന്ന് നോക്കി. അയാൾ ഇപ്പോഴും നിസ്സഹായത അഭിനയിക്കുകയാണ്. രാഘവൻ മാളവികയുടെ കണ്ണുകളിലേക്ക് നോക്കി. അവിടെ കണ്ടത് വെറും സങ്കടമല്ല, നീതിക്ക് വേണ്ടിയുള്ള ദാഹമായിരുന്നു.
രാഘവൻ ഡ്രൈവറുടെ അടുത്തേക്ക് തിരിഞ്ഞു. “സുകുമാരാ, വണ്ടി നേരെ ടൗൺ സ്റ്റേഷനിലേക്ക് വിട്ടോ. ആരും ഇറങ്ങണ്ട. ആർക്കെങ്കിലും ഇറങ്ങണമെങ്കിൽ സ്റ്റേഷനിൽ ചെന്നിട്ട് ഇറങ്ങാം.”
ബസിനുള്ളിൽ പ്രതിഷേധം ഇരമ്പി. “താൻ ആരാടാ ഇത് തീരുമാനിക്കാൻ? ഞങ്ങൾക്ക് ജോലിക്ക് പോകണ്ടേ?”
രാഘവൻ ശബ്ദമുയർത്തി. “ജോലിക്ക് പോകണം. പക്ഷെ ഒരു പെൺകുട്ടിക്ക് ഇവിടെ സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റുന്നില്ലെങ്കിൽ നമ്മൾ എന്ത് പണിക്കാണ് പോകുന്നത്? പ്രായമായ ആളാണ് എന്ന് കരുതി എന്തും ചെയ്യാമെന്നാണോ? ഈ കുട്ടി പരാതി പറയണമെന്നുണ്ടെങ്കിൽ അത് കേൾക്കാൻ നിയമമുണ്ട്. അതിന് ഈ ബസ് സ്റ്റേഷനിൽ പോയിരിക്കും. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ എന്റെ പേരും നമ്പറും ഇതാ, പരാതി കൊടുത്തോ.”
രാഘവന്റെ ഉറച്ച നിലപാട് കേട്ടതോടെ പ്രതിഷേധക്കാർ ഒന്നടങ്ങി. ചിലർ പിറുപിറുത്തു കൊണ്ട് സീറ്റുകളിലേക്ക് ഇരുന്നു. വൃദ്ധന്റെ മുഖത്തെ ഭാവം മാറാൻ തുടങ്ങി. അയാൾ പതിയെ സീറ്റിൽ നിന്ന് എഴുന്നേറ്റ് വാതിലിനടുത്തേക്ക് നീങ്ങി.
“നിന്നേ… എങ്ങോട്ടാ?” രാഘവൻ അയാളുടെ ഷർട്ടിൽ പിടിച്ചു. “സ്റ്റേഷൻ വരുന്നത് വരെ ഇവിടെ ഇരുന്നോണം. വലിയ ഭക്തനല്ലേ, ദൈവത്തെ ഓർത്തോണ്ട് ഇരുന്നോ.”
ബസ് ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ നിന്നു. യാത്രക്കാർ പലരും ദേഷ്യത്തോടെ ബസിൽ നിന്ന് ഇറങ്ങി അടുത്ത വണ്ടിക്ക് പോയി. ചിലർ മാത്രം എന്ത് സംഭവിക്കും എന്നറിയാൻ കാത്തുനിന്നു. മാളവികയും രാഘവനും ആ വൃദ്ധനെ പോലീസിന് മുന്നിലെത്തിച്ചു.
സ്റ്റേഷൻ ഓഫീസർ (S.I) സത്യപാലൻ ആദ്യം കാര്യം ചോദിച്ചറിഞ്ഞു. വൃദ്ധൻ ആദ്യം നിഷേധിക്കാൻ നോക്കി. “സർ, ഞാൻ അറിയാതെ…”
“അറിയാതെ ഒന്നല്ലല്ലോ സുകുമാരൻ നായരേ,” രാഘവൻ ഇടപ്പെട്ടു. “ഞാൻ പുറകിലെ കണ്ണാടിയിലൂടെ നോക്കുന്നുണ്ടായിരുന്നു. ആദ്യമൊക്കെ മോളു മിണ്ടാതിരുന്നു. പക്ഷെ ഇയാൾ കൈ വിടാതെ ഇരുന്നപ്പോഴാണ് അവൾ പ്രതികരിച്ചത്.”
“വേറെ ആരെങ്കിലും ഈ സംഭവം കണ്ടോ?” S. I ചോദിച്ചു
“ഇല്ല സാറേ ഈ പെണ്ണിന് വേറെ ജോലി ഇല്ല മനുഷ്യന്റെ സമയം കളയാനായിട്ട്. ഓരോന്ന് കൈയ്യും കാലും വയറും ഒക്കെ കാണുന്ന വേഷവും ഇട്ട് വന്നിട്ട് വെറുതെ ഓരോ പൊല്ലാപ്പുകൾ ഉണ്ടാക്കുകയാണ് ”
ആളുകൾ അവരുടെ ദേഷ്യം കാണിക്കാൻ തുടങ്ങി.
“എടോ ബസിൽ ക്യാമറ ഉണ്ടല്ലോ അതിൽ എന്തായാലും പതിഞ്ഞിട്ടുണ്ടാവും താൻ ആ വിശ്വൽസ് കാണിച്ചേ ” s. I രാഘവനോട് പറഞ്ഞു.
വിശ്വൽസ് കണ്ടപ്പോൾ പോലീസ്‌കാർക്കും ബോധ്യമായി വൃദ്ധന്റെ കൈയിലിരുപ്പ് അത്ര നല്ലതല്ല എന്ന്. വൃദ്ധൻ തൊടുമ്പോൾ മാളവിക അയാളിൽ നിന്നും നീങ്ങി നിൽക്കുന്നതും ദേഷ്യത്തോടെ നോക്കുന്നതും ഒക്കെ അതിൽ അവർ കണ്ടു.
S.I സത്യപാലൻ ആ വൃദ്ധനെ ഒന്ന് അടിമുടി നോക്കി. അയാളുടെ ഫോൺ വാങ്ങി പരിശോധിച്ചപ്പോൾ പോലീസുകാർ പോലും ഞെട്ടിപ്പോയി. മാന്യനായി നടക്കുന്ന ഈ മനുഷ്യന്റെ ഫോൺ നിറയെ അശ്ലീല വീഡിയോകളും, യാത്രയ്ക്കിടയിൽ അയാൾ രഹസ്യമായി പകർത്തിയ പെൺകുട്ടികളുടെ പല സൈഡിൽ നിന്നുള്ള ചിത്രങ്ങളുമായിരുന്നു. അതിൽ മാളവികയെ കുറ്റപ്പെടുത്തിയ പലരുടെയും ചിത്രങ്ങളും ഉണ്ടായിരുന്നു.
“പ്രായം ബഹുമാനിക്കാനുള്ളതാണെന്ന് ഞങ്ങൾക്കറിയാം. പക്ഷെ ആ പ്രായം ദുരുപയോഗം ചെയ്യുന്ന നിങ്ങളെപ്പോലെയുള്ളവർക്ക് നിയമം മാപ്പില്ല,” S.I ഗർജ്ജിച്ചു.
അവിടെയുണ്ടായിരുന്ന യാത്രക്കാരിൽ പലരും തല താഴ്ത്തി. മാളവികയെ കുറ്റപ്പെടുത്തിയവർ ഇപ്പോൾ അവളോട് ക്ഷമ ചോദിക്കാൻ പോലും ധൈര്യമില്ലാതെ നിന്നു.
വൃദ്ധനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സെക്ഷൻ 354 പ്രകാരം കേസെടുത്തു. അയാളെ ലോക്കപ്പിലേക്ക് കൊണ്ടുപോകുമ്പോൾ ആ കണ്ണുകളിൽ ഉണ്ടായിരുന്ന അഹങ്കാരം പൂർണ്ണമായും അസ്തമിച്ചിരുന്നു. നാണക്കേട് കൊണ്ട് അയാൾ മുഖം പൊത്തി.
സ്റ്റേഷന് പുറത്തിറങ്ങിയ മാളവിക രാഘവന്റെ അടുത്തെത്തി. “ചേട്ടാ… ഒത്തിരി നന്ദി. ചേട്ടൻ കൂടെ നിന്നില്ലായിരുന്നെങ്കിൽ എനിക്ക് നീതി കിട്ടില്ലായിരുന്നു. എല്ലാവരും എനിക്കെതിരെയായിരുന്നു.”
രാഘവൻ പുഞ്ചിരിച്ചു. “മോളെ, സമൂഹത്തിന് എപ്പോഴും ഒരു സ്വഭാവമുണ്ട്. പ്രശ്നങ്ങളിൽ തലയിടാൻ അവർക്ക് പേടിയാണ്. ആരെങ്കിലും ഒരാൾ ശബ്ദമുയർത്തിയാൽ മാത്രം കൂടെ കൂടുന്നവരാണ് കൂടുതൽ. നീ ആ ശബ്ദമുയർത്താൻ കാണിച്ച ധൈര്യമുണ്ടല്ലോ, അതാണ് പ്രധാനം. ഇങ്ങനെയുള്ളവരെ വെറുതെ വിട്ടാൽ ഇവർക്ക് അത് പ്രോത്സാഹനമാകും.”
” ഒരു വ്യക്തിയെ നമ്മൾ വിലയിരുത്തേണ്ടത് അവരുടെ വസ്ത്രധാരണത്തിലോ ഭംഗിയിലോ അല്ല. അവരുടെ പെരുമാറ്റത്തിൽ നിന്നാണ്. നാളെ നിങ്ങളുടെ മകൾക്കോ ഭാര്യക്കോ അനിയത്തിക്കോ അമ്മയ്ക്കോ ഈ അനുഭവം ഉണ്ടാകാം അപ്പോഴും ഇങ്ങനെ തന്നെ ആകുമോ നിങ്ങളുടെ ഒക്കെ പെരുമാറ്റം ”
രാഘവൻ ബാക്കിയുള്ള യാത്രക്കാരോടായി പറഞ്ഞു.
ആരും ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു.
രാഘവൻ തന്റെ ബസിലേക്ക് കയറി. മാളവിക കോളേജിലേക്ക് നടന്നു. മഴ തോർന്നിരുന്നു. വെയിൽ തെളിയുന്നുണ്ടായിരുന്നു. അവൾക്ക് ഇപ്പോൾ ഭയമില്ല. താൻ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവും, തെറ്റിനെ ചോദ്യം ചെയ്യാനുള്ള കരുത്തും അവളിൽ നിറഞ്ഞു നിന്നു.
✍️പ്രവീണ കൃഷ്ണ
