“നിന്റെ ജീവിതോം നീയും നേരെയാവണമെങ്കിൽ നീയൊരു കല്യാണം കഴിച്ചേ തീരൂ ദേവാ… ഞാനുറപ്പിച്ചു അത്…’
അയേൺ ചെയ്തു വെച്ച ഷർട്ടെടുത്തിട്ട് കയ്യിൽ വാച്ചും കെട്ടി നിൽക്കുന്നതിനിടയിൽ ചെറിയമ്മയുടെ പതിവു പരാതിയും തീരുമാനവുമെല്ലാം ഒരു ചിരിയോടെ കേട്ടു നിന്നു ദേവൻ….
“ഞാൻ പറഞ്ഞതൊക്കെ ഇപ്പോ നടന്നതു തന്നെ എന്നല്ലേ ദേവാ നിന്റെയീ ചിരിയുടെ അർത്ഥം പോലും…. അല്ലെങ്കിലും എനിയ്ക്കറിയാം ഞാൻ പറയുന്നതൊന്നും നീ കേൾക്കില്ലെന്ന്… ഞാൻ നിന്നെ പ്രസവിച്ച നിന്റെ അമ്മയല്ലല്ലോ… ആ അമ്മയുടെ അനിയത്തി മാത്രമാണല്ലോ അല്ലേ….?
ദേവന്റെ ചിരിയുടെ അർത്ഥം ചികഞ്ഞെടുത്ത് മനസ്സിൽ തോന്നിയ കാര്യം രുഗ്മിണി അമ്മ ചോദിച്ചതു കേട്ടതും അത്ര നേരം ദേവനിൽ ഉണ്ടായിരുന്ന ആ ചിരിയങ്ങ് മാഞ്ഞു…. അവന്റെ നോട്ടം രുഗ്മിണി അമ്മയിൽ മാത്രമായ്….
ചെറിയമ്മയ്ക്ക് എപ്പോഴേലും തോന്നിയിട്ടുണ്ടോ ഞാൻ ചെറിയമ്മയെ എന്റെ അമ്മയായ് കാണുന്നില്ലാന്ന്…?
ആ സ്നേഹവും പരിഗണനയും തരുന്നില്ലാന്ന്….?
മാറിയ മുഖത്തോടെ രുഗ്മിണിയോട് ദേവൻ ചോദിച്ചതും ഇല്ലെന്നതു പോലെ വേഗം തലയാട്ടിയവർ….
“പ്രസവിച്ചില്ലെങ്കിലും എന്റെ അമ്മ തന്നെയാണ്… അങ്ങനെയെ ഇതുവരേയും കണ്ടിട്ടുള്ളു… ”
അവരെ തന്റെ ചുമലോരം ചേർത്തു പിടിച്ച് ദേവൻ പറഞ്ഞതും ഒന്നു തിളങ്ങി രുഗ്മിണിയമ്മയുടെ മിഴികൾ…
നീയെന്നാ ഞാൻ പറഞ്ഞത് അനുസരിക്കുമോ….?
ദേവന് തന്നോടുള്ള സ്നേഹം മുതലെടുക്കും പോലെയവർ ചോദിച്ചതും ദേവന്റെ നെറ്റിയിലൊരു പോറൽ വീണു… കണ്ണുകൾ കുറുക്കിയ അവന്റെ നോട്ടം രുഗ്മിണി അമ്മയിൽ തന്നെ തടഞ്ഞു നിന്നു
“ഞാനൊരു വിവാഹം കഴിക്കണം അതല്ലേ ഇപ്പോ ചെറിയമ്മയുടെ ആഗ്രഹവും ആവശ്യവും….?
അവരുടെ മനസ്സറിഞ്ഞ ദേവന്റെയാ ചോദ്യം…
“അതുതന്നെയാണ് ദേവാ എന്റെ ആവശ്യം… നീയൊരു കല്യാണം കഴിച്ചേ പറ്റുകയുള്ളു… നീ എന്റെ ചേച്ചിയുടെ മകനാണ്… ഞാൻ പ്രസവിച്ചിട്ടില്ല നിന്നെ… പക്ഷെ എന്റെ രണ്ട് മക്കളെക്കാളും എനിയ്ക്കേറെ പ്രിയപ്പെട്ടവൻ നീയാണ്… നിന്നെ എന്റെ കയ്യിൽ നോക്കാൻ ഏല്പിച്ച് ഒരു ചടങ്ങിന് പോയതാണ് നിന്റെ അമ്മയും അച്ഛനും….
അവരു മടങ്ങി വന്നത് പക്ഷെ ജീവനില്ലാത്ത രണ്ടു ശവശരീരങ്ങളായിട്ടാണ്…. അന്ന് ആ നിമിഷം മുതൽ നീയെനിക്ക് മകനാണ്… നിന്റെ ഭാവി സുരക്ഷിതമാക്കേണ്ടത് എന്റെ കടമയാണ്… നമ്മളെ നന്നായറിയുന്നൊരു പെൺകുട്ടി നിനക്ക് ഭാര്യയായും എനിയ്ക്ക് മകളായും ഈ വീട്ടിൽ വേണം ദേവാ…. ”
തീരുമാനിച്ചുറപ്പിച്ചെന്നതു പോലെ പറയുന്ന ചെറിയമ്മയെ ചെറുചിരിയോടെ നോക്കി ദേവൻ
“എല്ലാം ചെറിയമ്മയുടെ ഇഷ്ടത്തിന് എന്താണെന്നു വെച്ചാൽ ചെയ്തോ… ഞാൻ വന്നു നിന്നു തരാം എല്ലാറ്റിനും…. പോരെ.. ..?
ദേവന്റെ ആ സമ്മതത്തിൽ ഒരു പോലെ വിരിഞ്ഞും തെളിഞ്ഞും പോയത് ഒന്നല്ല മൂന്നു മുഖങ്ങളാണ്…
രുഗ്മിണി അമ്മയും ദേവനും സംസാരിയ്ക്കുന്നതു കേട്ട് ആ മുറിയ്ക്ക് പുറത്തു നിന്ന അവരുടെ രണ്ടാൺ മക്കളുടെയും മുഖത്തപ്പോൾ തെളിഞ്ഞ സന്തോഷം തന്നെയാണ്…… ആഗ്രഹിച്ചത് നേടിയെടുത്ത തെളിഞ്ഞ സന്തോഷം….
അമ്മേ… ഇപ്പോ ഞങ്ങളു പറഞ്ഞതുപോലെ ഏട്ടൻ എല്ലാം സമ്മതിച്ചില്ലേ… ഏട്ടനെ നമ്മുടെ വഴിയിൽ കൊണ്ടുവരാൻ ഇത്തിരി സെന്റിയുടെ ആവശ്യമേ ഉള്ളൂവെന്ന് അപ്പോഴേ ഞങ്ങളമ്മയോട് പറഞ്ഞതല്ലേ… അമ്മയ്ക്കല്ലേ ഏട്ടനതിൽ വീഴുമോന്ന് സംശയം… ഇപ്പോ എങ്ങനെ..?
ദേവൻ ഓഫീസിലേക്ക് പോയതും രുഗ്മിണി അമ്മയ്ക്കൊപ്പമിരുന്ന് ഉള്ളിലെ സന്തോഷം പങ്കുവെച്ചു വിഷ്ണുവും വിഘ്നേഷും…
കെ എസ് ഇ ബി യിൽ സിവിൽ എൻജീനിയറാണ് ദേവൻ… ചെറുപ്പത്തിലെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട അവന്റെ ബാക്കി ജീവിതരെല്ലാം രുഗ്മിണിയ്ക്കും അവരുടെ രണ്ടാൺ മക്കൾക്കും ഒപ്പമാണ്…
വിഷ്ണുവും വിഘ്നേഷും തങ്ങളുടെ പഠനമെല്ലാം കഴിഞ്ഞ് ജോലി അന്വേഷിച്ചു നടപ്പാണ്….
നടപ്പാണെന്നു പറയാൻ കാരണം രണ്ടാൾക്കും ജോലിയൊന്നും എടുക്കുന്നതിനോടത്ര താൽപ്പര്യമില്ല…. അതു കൊണ്ടു തന്നെ ജോലി കണ്ടെത്താനും ഇഷ്ടമില്ല സത്യത്തിൽ…
ദേവന്റെ ശബളത്തിലും അവന്റെ അച്ഛന്റെ സമ്പാദ്യത്തിലും സുഖിച്ചു ജീവിയ്ക്കുകയാണ് അവരമ്മയും മക്കളും അവിടെ….
ദേവനെ ഊറ്റിയാണവർ ജീവിയ്കുന്നതെന്ന സംസാരം കുടുംബത്തിനകത്തും പുറത്തും നിന്ന് ഒരു പോലെ ഉയർന്നു വന്നതുകൊണ്ടു മാത്രമാണ് അവന്റെ വിവാഹകാര്യത്തിന് രുഗ്മിണി മുൻകൈ എടുത്തത്… പക്ഷെ ഇത്രനാളും ദേവൻ രുഗ്മിണിയുടെ ആ ആവശ്യത്തെ ചിരിയോടെ തിരസ്കരിച്ചു കൊണ്ടിരുന്നു….
അവനിപ്പോഴൊരു വിവാഹത്തിന് മനസ്സുകൊണ്ടാഗ്രഹിയ്ക്കുന്നില്ലെന്ന് തുറന്നു തന്നെ പറഞ്ഞാണ് ഇത്രനാളും വിവാഹ കാര്യം പറഞ്ഞു വന്ന രുഗ്മിണിയെ അവൻതഴഞ്ഞത്…. പക്ഷെ ദേവനെ വീഴ്ത്താൻ നമ്മുടെ വരിയ്ക്ക് കൊണ്ടുവരാൻ ഏറ്റവും നല്ലത് സെൻറി പറച്ചിലാണെന്നു പറഞ്ഞ് മക്കൾ ധൈര്യം കൊടുത്തപ്പോൾ അതിനെ അനുസരിച്ചു രുഗ്മിണി… അതിലവർ വിജയിക്കുകയും ചെയ്തു…
“നമ്മളെ എതിർക്കാത്ത ,നമ്മൾ
പറഞ്ഞാലെന്തുമനുസരിയ്ക്കുന്ന നമ്മുടെ നിയന്ത്രണത്തിലുള്ള ഒരു പെൺക്കുട്ടി… അങ്ങനൊരുവൾ മതിയമ്മേ ദേവന്… അറിയാലോ അമ്മയ്ക്ക്…”
ദേവന്റെ സമ്മതം കിട്ടിയതും കാര്യമായവനു വേണ്ടി പെണ്ണ് നോക്കി തുടങ്ങി രുഗ്മിണിയും… എന്നാൽ കാണുന്നവരിലെല്ലാം അവർ തിരഞ്ഞത് തന്റെ മക്കൾ തനിയ്ക്ക് നിർദ്ദേശം തന്നതു പോലെയൊരു പെൺക്കുട്ടിയെ
ആണ്…. ഒരിക്കലും യാതൊരു കാരണവശാലും ദേവൻ തങ്ങളിൽ നിന്നകലരുതെന്നവർക്കത്രയും നിർബന്ധമാണ്….
ദേവാ…. നിനക്കും നമ്മുടെ കുടുംബത്തിനും ചേരുന്നൊരു പെൺക്കുട്ടിയെ ചെറിയമ്മ നിനക്കായ് കണ്ടെത്തിയിട്ടുണ്ട്…. സുന്ദരി പെൺകുട്ടിയാണ്… അതിന്റെ ചെറുപ്പത്തിലെ അച്ഛനും അമ്മയുമൊക്കെ ബന്ധം വേർപ്പെടുത്തി വേറെ കുടുംബവും കുട്ടികളുമൊക്കെയായ് താമസിക്കുകയാണ്… ഈ കുട്ടി ഹോസ്റ്റലിൽ ഒക്കെയാണ്… ഇപ്പം പഠിത്തമൊക്കെ കഴിഞ്ഞു അമ്മാവന്റെ വീട്ടിലാണ്… നല്ല കുട്ടിയാണ് മോനെ…. നമുക്ക് ചെന്ന് കണ്ടാലോ…?
തങ്ങളാഗ്രഹിച്ചതു പോലൊരു പെൺകുട്ടിയെ ദേവനായ് കണ്ടെത്തിയ സന്തോഷത്തിലാണ് ചെറിയമ്മ….
ചെറിയമ്മയുടെ ഇഷ്ടം പോലെ എന്നു പറയുന്ന ദേവനെ വിഷ്ണുവും വിനായകും നോക്കി നിന്നു പോയ്….
എല്ലാവരുടെ ഇഷ്ടത്തിനു താൽപര്യത്തിനും അനുസരിച്ച് ദേവൻ മായയെ ചെന്നു കണ്ടിഷ്ടപ്പെട്ടതും നല്ലൊരു മുഹൂർത്തം
നോക്കിയവളെ താലിക്കെട്ടി തന്റെ ഭാര്യയാക്കി…
ഈ ഒരു കല്യാണത്തിന്റെ ചിലവിന്റെ പേരിൽ ദേവനിൽ നിന്ന് തങ്ങൾ അടിച്ചു മാറ്റിയ പൈസയുടെ കണക്ക് എടുക്കുകയായിരുന്നു ചെറിയമ്മയും മക്കളും ഈ സമയം….
അവരെന്നും ഇങ്ങനെ തന്നെയാണ്… പഠനത്തിന്റെ പേരിലും, വീട്ടു ചിലവിന്റെ പേരിലുമെല്ലാം ദേവനിൽ നിന്ന് പൈസ കണക്കില്ലാതെ വാങ്ങും…. ധാരാളിത്തം കാട്ടിയത് നശിപ്പിയ്ക്കുകയും ചെയ്യും…
“എന്തായാലും നാളെ മുതൽ എനിയ്ക്ക് റെസ്റ്റാണല്ലോ…. അടുക്കള കാര്യവും വീട്ടുകാര്യവുമെല്ലാം നാളെ മുതൽ മായ നോക്കും… അവൾക്ക് നിർദ്ദേശങ്ങൾ നൽകി പണിയെടുപ്പിക്കേണ്ട പണിയെ എനിയ്ക്കുള്ളു അല്ലേടാ മക്കളെ….. ”
സോഫയിൽ വിശാലമായിരുന്നൊരു കുടിലമായ ചിരിയോടെ പറയുന്ന തങ്ങളുടെ അമ്മയെ നോക്കി അതു ശരിവെയ്ക്കും പോലെ ചിരിച്ചു വിനായകനും വിഷ്ണുവും…
“എല്ലാം പഴയതുപോലെ അമ്മയുടെ കൺട്രോളിൽ തന്നെ വേണം… അമ്മയുടെ വാക്കിനപ്പുറം പോവരുത് അവനും അവളുമൊന്നും ഒരു കാലത്തും…. ”
കുടിലതയോടെ തന്നോട് പറയുന്ന മക്കളെ അതിലും അധികം കുടിലതയോടെ നോക്കി രുഗ്മിണിയും….
പിറ്റേ ദിവസം പതിവിലും ഒരു പാട് വൈകി എഴുന്നേറ്റ് മുറിയ്ക്ക് വെളിയിൽ വന്ന വിഷ്ണുവും വിനായകും അമ്പരന്നു അടുക്കളയിൽ ജോലി എടുക്കുന്ന അമ്മയെ കണ്ട്..
“അമ്മേ അവളെന്തിയേ…?
ചോദ്യത്തോടെ അകത്തു കയറിയ വിഷ്ണു പെട്ടന്ന് നിന്നു പോയ്..
അവിടെ കിച്ചൻടോപ്പിൽ കയറിയിരുന്ന് കാപ്പി കുടിയ്ക്കുന്നുണ്ട് മായ….
“അവളല്ല വിഷ്ണു… ഏടത്തി അമ്മ…അങ്ങനെ വേണം നിങ്ങളെന്നെ വിളിയ്ക്കാൻ…. അല്ലേ ചെറിയമ്മേ….?
ചുണ്ടിലെ ചിരി മായാതെ വിഷ്ണുവിനോടു പറഞ്ഞവൾ രുഗ്മിണിയെ കൂടി തിരിഞ്ഞു നോക്കിയതും യാന്ത്രികമായ് തലയാട്ടി പോയവരും….
വിഷ്ണുവിന് രാവിലെ തിരക്ക് എന്തെങ്കിലും ഉണ്ടോ….?
കാപ്പി കുടിച്ച കപ്പ് കഴുകി വെച്ച് വിഷ്ണുവിന് നേരെ തിരിഞ്ഞ് മായ ചോദിച്ചതും യാന്ത്രികമായ് ഇല്ലെന്ന് ശിരസ്സിളകി അവൻ…
ചെറിയമ്മേ ദേ വിഷ്ണുവിന് തിരക്കൊന്നുമല്ല ഇന്ന്… ചെറിയമ്മയക്ക് എല്ലാ ജോലിയും കൂടി ചെയ്യാൻ വയ്യെങ്കിൽ വിഷ്ണുവിനെയും കൂടെ കൂട്ടിക്കോളൂ… വിനായകനും കൂടി ചേരുവാണെങ്കിലൊരു പത്ത് മിനിറ്റ് തികച്ചുവേണ്ട ഇവിടുത്തെ മുഴുവൻ ജോലിയും തീരും… അല്ലേ ചെറിയമ്മേ….?
മായയുടെ സംസാരത്തിൽ ആകെ തുറിച്ചു പുറത്തേക്കുന്തിയ കണ്ണുമായ് നിന്ന വിഷ്ണു അവരിരുവരെയും അങ്ങനെയേ നോക്കി നിന്നു പോയ്….
മായ ദേവന്റെ മുറിയിലേക്ക് കയറിയതു കണ്ടതും അവൻ വേഗത്തിലമ്മയ്ക്കരികിലെത്തി
“ഇതെന്താമ്മേ ഇങ്ങനെ…?
അവളെ കൊണ്ട് പണിയെടുപ്പിക്കാൻ വന്നിട്ട് അമ്മ പണിയെടുക്കുന്നോ… ഞാനും അവനുമെല്ലാം എടുക്കേണ്ടി വരുമോ…?
വിഷ്ണുവിന്റെ ചോദ്യത്തിന് ദയനീയമായ് അവനെയൊന്ന് നോക്കി രുഗ്മിണി…
“എടാ…. മായ നമ്മളു വിജാരിച്ച പോലൊരു പാവം പൊട്ടത്തിപെണ്ണൊന്നുമല്ല…. കല്യാണം ഉറപ്പിച്ചതു മുതൽ അവളും ദേവനും നല്ല
കൂട്ടായിരുന്നു… നമ്മളറിഞ്ഞില്ലെന്നു മാത്രം… ദേവനിലൂടെ ഇവിടുത്തെ കാര്യങ്ങൾ മുഴുവനറിയാം അവൾക്ക്…. എന്തിന് ഈ കല്യാണത്തിന്റെ പേരിൽ ദേവനിൽ നിന്ന് നമ്മൾ അടിച്ചു മാറ്റിയ പൈസയുടെ കൃത്യം കണക്കു വരെയുണ്ട് അവളുടെ കയ്യിൽ….”
രുഗ്മിണിയുടെ സംസാരത്തിൽ ആകെ ഞെട്ടിയവൻ
ഇതെന്തൊക്കെ ആണമ്മേ അമ്മയീ പറയുന്നത്…?
“അതു പ്രത്യേകിച്ചൊന്നുമില്ല വിഷ്ണു… ഇത്രയും കാലം ദേവേട്ടനെ പറ്റിച്ചതു പോലെ ഇനി പറ്റിക്കണ്ട എന്നാ പറഞ്ഞത്… അതിന് സമ്മതിക്കില്ല ഞാൻ…”
തനിയ്ക്ക് പുറകിൽ നിന്നു കേട്ട മായയുടെ ശബ്ദത്തിൽ ആകെ വിളറി വെളുത്തു വിഷ്ണു….
“ഞാൻ പറഞ്ഞതു കേട്ട് താനിങ്ങനെ വിളറി വെളുക്കണ്ട… ഇതെല്ലാം ദേവേട്ടനറിയാം… ഒന്നും പറയാത്തത് നിങ്ങളാ മനുഷ്യന് അത്രയും പ്രിയപ്പെട്ടവരായതുകൊണ്ടാണ്… ഇഷ്ടം കൊണ്ടാണ്…. ആ ഇഷ്ടവും സ്നേഹവും ഇനിയും മുതലെടുക്കാൻ നിങ്ങളെ ആരെയും ഞാൻ സമ്മതിക്കില്ല…. ”
മായയുടെ ഉറപ്പുള്ള വാക്കുകൾ കേട്ട് തലക്കുനിഞ്ഞു പോയവരുടെ ….
തങ്ങളുടെ കള്ളത്തരങ്ങളെല്ലാം ദേവൻ ആദ്യം മുതലേ അറിഞ്ഞിരുന്നുവെന്നത് അവരെ അത്രയും ലജ്ജിപ്പിയ്ക്കുന്നുണ്ട്… ഇനിയൊരിക്കൽ കൂടി ദേവനെ മുഖമുയർത്തി നോക്കാൻ പറ്റാത്ത വിധം….
തണളോടുള്ള സ്നേഹത്തിൽ പലതും ദേവൻ കണ്ടില്ലെന്നു നടിച്ചപ്പോൾ അവന്റെ ആ സ്നേഹത്തെ മുതലെടുത്ത് ജീവിച്ച തങ്ങളോടു തന്നെയൊരു ദേഷ്യം അവരിൽ നിറഞ്ഞു….
പറ്റി പോയെന്നൊരു വാക്ക് കൈകൾ കൂപ്പിയവർ പറയുമ്പോൾ അവരെ നോക്കി മൃദുവായ് ഒന്നു ചിരിച്ചു അവിടേയ്ക്ക് വന്ന ദേവനും…. ഇനിയൊരു കള്ളത്തരം അവനോടു ചെയ്യാൻ അവർക്കു തോന്നാത്ത വിധം മനോഹരമായ ചിരി….
✍️രജിത ജയൻ
