ചേച്ചി എനിക്ക് ആ ഗോൾഡ് കിട്ടിയേ പറ്റൂ!!” ​മനോജ് ചേച്ചിയോട് പറഞ്ഞപ്പോൾ അവരുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.…

“ചേച്ചി എനിക്ക് ആ ഗോൾഡ് കിട്ടിയേ പറ്റൂ!!”

 

​മനോജ് ചേച്ചിയോട് പറഞ്ഞപ്പോൾ അവരുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

 

​”അതെങ്ങനെയാ മനോജേ ശരിയാക്കുന്നത്?? നീ അമ്മയ്ക്ക് വാങ്ങി കൊടുത്തതല്ലേ ആ ചെയിൻ എന്നിട്ട് ഇപ്പോൾ തിരിച്ചു ചോദിക്കുകയാണോ?”

 

ദേഷ്യത്തോടെ തന്നെയാണ് ചോദിച്ചത്.

​”ചേച്ചി എന്റെ അവസ്ഥ ചേച്ചി ഒന്ന് മനസ്സിലാക്ക്!! അമ്മുവിന് ഈ സെമിന്റെ ഫീസ് ഞാൻ അടച്ചിട്ടില്ല ഇനി വിൽക്കാൻ ആയിട്ട് ഒന്നും ബാക്കിയില്ല ചേച്ചിക്ക് അറിയാലോ ബിസിനസ് ആകെ പൊട്ടി.

. ഇനി ആത്മഹത്യയേ വഴിയുള്ളൂ. പിടിച്ചുനിൽക്കുന്നത് മക്കൾക്ക് വേണ്ടിയിട്ടാണ്. അമ്മു നന്നായി പഠിക്കും.. അവളെങ്കിലും എനിക്ക് തുടർന്ന് പഠിപ്പിക്കണം അതിന് എനിക്ക് ചെയിൻ കിട്ടിയേ പറ്റൂ!!”

 

​മനോജ് വാശി പിടിച്ചു..

 

​”എന്നുവെച്ചാൽ എടുത്തു തരാൻ ആയിട്ട് ആ ചെയിൻ ഇവിടെയില്ല. കാര്യം നീ വാങ്ങിക്കൊടുത്തത് ഒക്കെ തന്നെയാണ്, 10 പവൻ ഉണ്ട് താനും. എന്നുവെച്ച് അമ്മയ്ക്ക് അസുഖം വന്നപ്പോൾ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.

അന്നേരം ആ ചെയിൻ വിറ്റിട്ടാണ് ഞങ്ങൾ അമ്മയെ ചികിത്സിച്ചത്!”
​അത് കേട്ടതും മനോജിന് കൂടുതൽ ദേഷ്യം വന്നു.

 

​”ചേച്ചി അനാവശ്യം പറയരുത്. എന്ന് തൊട്ടാണ് അമ്മയുടെ ചികിത്സയ്ക്ക് നിങ്ങളുടെ കയ്യിൽ നിന്ന് പണം ചെലവായ കാര്യം പറയുന്നത്?? ഓരോ തവണ അമ്മയ്ക്ക് അസുഖം വരുമ്പോൾ ഞാനും കൂടെ വരാറുണ്ട്. ഒരു ബില്ല് പോലും ചേച്ചിയെ കൊണ്ട് അടപ്പിച്ചിട്ടില്ല!! പിന്നെ എവിടെയാണ് നിങ്ങൾക്ക് പണത്തിന് ചെലവ് വന്നത്??”.

 

​ഇത്തവണ മനോജിന് തന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല..

​”ഓഹോ നീ കണക്ക് പറയുകയാണല്ലേ?? ഇതെല്ലാം നിന്റെ ഭാര്യയുടെ പണിയാകും എനിക്കറിയാം..! ഇവിടെനിന്ന് കിട്ടാനുള്ളത് മുഴുവൻ ഊറ്റി വരാനായി നിന്നെ ഇങ്ങോട്ട് പറഞ്ഞയച്ചു അവൾ അവിടെ ഇരിക്കുകയാവും!”

​ഗീത പറഞ്ഞു അതുകൂടി കേട്ടപ്പോൾ മനോജ് ദേഷ്യം കൊണ്ട് വിറച്ചു.

​”രണ്ടുദിവസം കഴിഞ്ഞാൽ ഞാൻ വരും അപ്പോഴേക്കും ഞാൻ അമ്മയ്ക്ക് കൊടുത്ത ചെയിൻ എനിക്ക് കിട്ടണം.

അതുമാത്രം ഒന്നും അല്ലല്ലോ, ഒരു നെക്ക് ലൈസും മൂന്നാല് വളയും ഞാൻ അമ്മയ്ക്ക് വാങ്ങി കൊടുത്തിട്ടുണ്ട്..

അതൊന്നും എനിക്ക് വേണ്ട ഈ ഒരു മാല മാത്രം മതി. ഇല്ല എന്നുണ്ടെങ്കിൽ പിന്നെ എന്തുവേണമെന്ന് എനിക്കറിയാം”

 

​മനോജ് പറഞ്ഞിട്ട് പോയതും ചെറിയ പേടി തോന്നി ഗീതയ്ക്ക്…

​മനോജും ഗീതയും ലക്ഷ്മി അമ്മയുടെ രണ്ട് മക്കളാണ്. മനോജ് ചെറുപ്പം മുതൽക്കേ കഠിനാധ്വാനം ചെയ്ത് ജീവിച്ച ആളാണ്.

പഠിത്തം കഴിഞ്ഞയുടനെ സ്വന്തമായി ഒരു ഹാർഡ്‌വെയർ ബിസിനസ്സ് അവൻ തുടങ്ങി. കഠിനമായ അധ്വാനവും നല്ല പെരുമാറ്റവും കൊണ്ട് ബിസിനസ്സ് വളരെ പെട്ടെന്ന് തന്നെ പച്ചപിടിച്ചു.

നല്ല രീതിയിൽ പണം സമ്പാദിക്കാൻ തുടങ്ങിയപ്പോൾ മനോജ് സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിച്ചില്ല. കൂടെപ്പിറപ്പായ ചേച്ചിയെ സഹായിക്കാനാണ് അവൻ ആദ്യം മുൻകൈ എടുത്തത്.

ഗീതയുടെ കല്യാണത്തിനും അതിനുശേഷവും ഒരു കുറവും വരാതെ അവൻ നോക്കി.

അച്ഛൻ മരിച്ചതിനു ശേഷം കുടുംബത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം മനോജ് ഏറ്റെടുക്കുകയായിരുന്നു.

 

​അമ്മയുടെ പേരിൽ ഉണ്ടായിരുന്ന വലിയ വീടും പറമ്പും എല്ലാം കണ്ണായ സ്ഥലത്തായിരുന്നു.

കോടികൾ വിലമതിക്കുന്ന ആ സ്വത്തുക്കളിൽ തനിക്ക് ഒരു അവകാശവും വേണ്ടെന്ന് മനോജ് തന്നെ ഒപ്പിട്ടു നൽകി.

തനിക്ക് ബിസിനസ്സിൽ നിന്ന് നല്ല വരുമാനം ഉണ്ടെന്നും, അതുകൊണ്ട് കുടുംബ സ്വത്ത് മുഴുവൻ ചേച്ചിക്ക് തന്നെ ഇരിക്കട്ടെ എന്നും അവൻ സ്നേഹത്തോടെ തീരുമാനിച്ചു.

മനോജിന്റെ ഈ വലിയ മനസ്സിനെ അന്ന് എല്ലാവരും പുകഴ്ത്തി. സ്നേഹക്കൂടുതൽ കൊണ്ടാണ് അവൻ അങ്ങനെയൊരു തീരുമാനം എടുത്തത്.

എന്നാൽ ഗീതയുടെ മനസ്സിൽ അപ്പോഴേ കള്ളത്തരം ഉണ്ടായിരുന്നു.
​ബിസിനസ്സ് നന്നായി നടന്നുകൊണ്ടിരുന്ന കാലത്ത് മനോജ് തന്റെ അമ്മയ്ക്ക് ഒരുപാട് സ്വർണ്ണാഭരണങ്ങൾ വാങ്ങി നൽകിയിരുന്നു.

പത്ത് പവന്റെ വലിയൊരു മാല, മനോഹരമായ ഒരു നെക്ലേസ്, പിന്നെ മൂന്നാല് സ്വർണ്ണ വളകൾ. അമ്മയോടുള്ള സ്നേഹം കൊണ്ടാണ് ഇതെല്ലാം വാങ്ങിക്കൊടുത്തത്.

ലക്ഷ്മി അമ്മ മനോജിന്റെ വീട്ടിലും ഗീതയുടെ വീട്ടിലുമായിട്ടാണ് താമസിച്ചിരുന്നത്.

എന്നാൽ അമ്മയുടെ കയ്യിലുണ്ടായിരുന്ന സ്വർണ്ണമെല്ലാം ഓരോ ആവശ്യങ്ങൾ പറഞ്ഞ് ഗീത കൈക്കലാക്കി വെച്ചിരിക്കുകയായിരുന്നു.

അമ്മയ്ക്ക് വയ്യാതാകുമ്പോൾ നോക്കുന്നത് താനാണെന്ന് വരുത്തിത്തീർത്ത് ആഭരണങ്ങൾ മുഴുവൻ ഗീത സ്വന്തം ലോക്കറിലേക്ക് മാറ്റി.

 

​കാര്യങ്ങളൊക്കെ അങ്ങനെ സന്തോഷത്തോടെ പോകുമ്പോഴാണ് മനോജിന്റെ ജീവിതത്തിൽ ആ വലിയ ദുരന്തം സംഭവിച്ചത്. അവൻ ഏറെ വിശ്വസിച്ചിരുന്ന, ബിസിനസ്സിലെ പ്രധാന പങ്കാളിയായ ഒരു ജോലിക്കാരൻ അവനെ ചതിച്ചു.

വലിയൊരു തുകയുടെ സാമ്പത്തിക ഇടപാടിൽ കൃത്രിമം കാണിച്ച് അയാൾ മുങ്ങി.

അതോടെ മനോജിന്റെ ഹാർഡ്‌വെയർ ബിസിനസ്സ് പൂർണ്ണമായും തകർന്നു അടിഞ്ഞു.

കടക്കാർ വീട്ടിൽ വന്ന് ബഹളം വെക്കാൻ തുടങ്ങി. ഒരു ദിവസം കൊണ്ട് വലിയ പണക്കാരനായിരുന്ന മനോജ് റോഡിലായിപ്പോയി.

​മനോജിന് രണ്ട് മക്കളാണ്, അമ്മുവും അപ്പുവും. രണ്ടുപേരും പഠനത്തിൽ വളരെ മിടുക്കരായിരുന്നു.

മകൾ അമ്മുവിനെ ഒരു ഡോക്ടർ ആക്കണം എന്നത് മനോജിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു.

അവൾ അതിനായി കഠിനമായി പഠിക്കുകയും നീറ്റ് പരീക്ഷ എഴുതി മികച്ച റാങ്ക് കരസ്ഥമാക്കുകയും ചെയ്തു. മെറിറ്റിൽ തന്നെ അവൾക്ക് എം.ബി.ബി.എസ് സീറ്റ് ലഭിച്ചു.

ഗവൺമെന്റ് ഫീസ് ആണെങ്കിലും പഠനച്ചെലവുകൾക്കും ഹോസ്റ്റൽ ഫീസിനും ഒക്കെയായി വലിയൊരു തുക ആവശ്യമായിരുന്നു.

ബിസിനസ്സ് തകർന്നതിനാൽ മനോജിന്റെ കയ്യിൽ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. മകളുടെ ഭാവി ഓർത്ത് അവൻ സങ്കടപ്പെട്ടു.

​മകളെ പഠിപ്പിക്കാൻ വേണ്ടി ഉള്ളതെല്ലാം വിൽക്കാൻ അവൻ തീരുമാനിച്ചു. വീട്ടിലെ സാധനങ്ങളും വണ്ടിയും എല്ലാം വിറ്റു.

ഒടുവിൽ മനോജിന്റെ ഭാര്യ രമ്യ തന്റെ കഴുത്തിലുണ്ടായിരുന്ന കെട്ടുതാലി വരെ ഊരി നൽകി. മകളുടെ പഠിത്തം മുടങ്ങരുത് എന്ന ഒറ്റ ചിന്ത മാത്രമേ ആ അമ്മയ്ക്കും ഉണ്ടായിരുന്നുള്ളൂ.

എന്നിട്ടും ഈ സെമസ്റ്ററിലെ ഫീസ് അടയ്ക്കാനുള്ള പണം തികയാതെ വന്നു. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി അടുത്തു വരികയായിരുന്നു. ഇനി ആരുടെ മുന്നിൽ കൈ നീട്ടും എന്ന് മനോജിന് ഒരു പിടിയും ഉണ്ടായിരുന്നില്ല.

 

​അപ്പോഴാണ് മുൻപ് താൻ അമ്മയ്ക്ക് വാങ്ങി നൽകിയ സ്വർണ്ണത്തെക്കുറിച്ച് മനോജ് ഓർത്തത്.

ഇന്നത്തെ സ്വർണ്ണവില വെച്ച് നോക്കുമ്പോൾ, ആ പത്ത് പവന്റെ മാല മാത്രം തിരിച്ചു കിട്ടിയാൽ മകളുടെ ഫീസ് സുഖമായി അടയ്ക്കാൻ കഴിയും.

അമ്മയ്ക്ക് കൊടുത്ത സാധനം തിരിച്ചു ചോദിക്കാൻ മടിയുണ്ടായിരുന്നെങ്കിലും മകളുടെ ജീവിതാഭിലാഷം ഓർത്ത് മനോജ് ചേച്ചിയുടെ വീട്ടിലേക്ക് ചെന്നതായിരുന്നു.

എന്നാൽ അവിടെ ഗീതയുടെ പെരുമാറ്റം അവനെ മാനസികമായി തളർത്തിക്കളഞ്ഞു. തന്നെ ഒരുപാട് സഹായിച്ച അനിയന് ഒരു കഷ്ടകാലം വന്നപ്പോൾ ഗീത മുഖം തിരിച്ചു.

അമ്മയുടെ ചികിത്സയുടെ പേരിൽ നുണ പറഞ്ഞ് സ്വർണ്ണം തരില്ല എന്ന് അവർ തീർത്തു പറഞ്ഞു. മനോജിന്റെ ഭാര്യ രമ്യയെപ്പോലും അവർ മോശമായി സംസാരിച്ചു.

 

​ചേച്ചിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയ മനോജ് വളരെയധികം ചിന്തിച്ചു. താൻ കാണിച്ച സ്നേഹത്തിനും ദയയ്ക്കും യാതൊരു വിലയും ഇല്ലെന്ന് അവന് മനസ്സിലായി.

അടുത്ത ദിവസം തന്നെ മനോജ് ഒരു അഭിഭാഷകനെ പോയി കണ്ടു. തനിക്ക് അവകാശപ്പെട്ട കുടുംബ സ്വത്തിന്റെ പകുതി ഭാഗം വേണമെന്ന് കാണിച്ച് ഗീതയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു.

താൻ മുൻപ് ഒപ്പിട്ടു നൽകിയ കാര്യങ്ങൾ നിയമപരമായി നേരിടാൻ അവൻ തീരുമാനിച്ചു. കണ്ണായ സ്ഥലത്തുള്ള ആ വീടും പറമ്പും വിറ്റാൽ കോടികൾ കിട്ടുമെന്നും, അതിൽ പകുതി തനിക്ക് നിയമപരമായി കിട്ടണമെന്നും അവൻ കേസ് ഫയൽ ചെയ്തു.

 

​വക്കീൽ നോട്ടീസ് കിട്ടിയതും ഗീതയുടെ ബോധം പോയി. കേസായാൽ കോടതി കയറേണ്ടി വരുമെന്നും, കോടികൾ വിലയുള്ള സ്വത്തിന്റെ പകുതി മനോജിന് കൊടുക്കേണ്ടി വരുമെന്നും അവർക്ക് മനസ്സിലായി.

ആകെ പേടിച്ചുപോയ ഗീത, അനിയൻ കേസ് പിൻവലിക്കാൻ വേണ്ടി അടുത്ത ദിവസം തന്നെ ലക്ഷ്മി അമ്മയുടെ സ്വർണ്ണവുമായി മനോജിന്റെ വീട്ടിലേക്ക് ഓടിയെത്തി. ആ മാലയും വളകളും കാണിച്ച് മനോജിനെ സ്വാധീനിക്കാൻ അവർ ശ്രമിച്ചു.

 

​എന്നാൽ ഇത്തവണ മനോജിന്റെ ഭാവം മാറിയിരുന്നു. അവൻ ആ സ്വർണ്ണം വാങ്ങാൻ കൂട്ടാക്കിയില്ല.

ഗീതയോട് അവൻ വളരെ ശാന്തമായി എന്നാൽ ദൃഢമായി പറഞ്ഞു: “മനസ്സോടെ ഞാനായിട്ട് ചേച്ചിക്ക് തന്നതാണ് ആ വീടും പറമ്പും എല്ലാം. ഒന്നും വേണ്ട എന്ന് കരുതിയതും നിന്നോടുള്ള ഇഷ്ടം കൊണ്ടായിരുന്നു. പക്ഷേ ഇപ്പോൾ കുറച്ചു ദിവസം കൊണ്ട് എനിക്കൊരു കാര്യം മനസ്സിലായി. എനിക്ക് അങ്ങോട്ട് മാത്രമേ സ്നേഹമുള്ളൂ എന്ന്.. ഇനിയും ഒരു വിഡ്ഢിയാകാൻ എനിക്ക് താല്പര്യമില്ല അതുകൊണ്ട് കാര്യങ്ങളൊക്കെ അതിന്റെ രീതിക്ക് നടക്കട്ടെ. എനിക്ക് സ്വത്തിൽ പകുതി കിട്ടിയാൽ മതി…. ഇപ്പോൾ നിങ്ങൾ കൊണ്ടുവന്ന സ്വർണ്ണത്തിന്റെ പത്തൻപത് ഇരട്ടി എനിക്ക് അതിൽ നിന്ന് കിട്ടും.. വേണ്ട വേണ്ട എന്നുവെച്ച് എന്നെക്കൊണ്ട് നിങ്ങൾ ചെയ്യിപ്പിച്ചതാണ് ഇത്. സ്നേഹമായാലും കരുണയായാലും അത് തിരിച്ചു കിട്ടുമ്പോഴേ കൊടുക്കാനും താല്പര്യം ഉണ്ടാകൂ.”

 

​അത്രയും പറഞ്ഞ് മനോജ് ഗീതയെ അവിടെനിന്ന് ഇറക്കിവിട്ടു. അതിനിടയിൽ അവൻ തന്റെ സുഹൃത്തുക്കളിൽ നിന്നും മറ്റ് പരിചയക്കാരിൽ നിന്നും കുറച്ചു പണം കടം വാങ്ങി മകളുടെ കോളേജ് ഫീസ് കൃത്യസമയത്ത് തന്നെ അടച്ചു തീർത്തു.

അമ്മുവിന്റെ പഠിത്തം മുടങ്ങിയില്ല.
​കോടതിയിൽ കേസ് ശക്തമായതോടെ ഗീതയ്ക്ക് സ്വത്തിന്റെ പകുതി ഭാഗം മനോജിന് വിട്ടുകൊടുക്കേണ്ടി വന്നു.

അങ്ങനെ നിയമപരമായി വലിയൊരു തുക മനോജിന്റെ കൈകളിൽ വന്നുചേർന്നു.

ആ പണം ഉപയോഗിച്ച് അവൻ കടങ്ങളെല്ലാം വീട്ടി. തകർന്നടിഞ്ഞ ബിസിനസ്സ് രംഗത്തേക്ക് അവൻ വീണ്ടും തിരിച്ചുവന്നു.

ഇത്തവണ വലിയ രീതിയിൽ അല്ലെങ്കിലും വിശ്വസ്തതയോടെ ചെറിയൊരു ബിസിനസ്സ് അവൻ ആരംഭിച്ചു.

 

​ഈ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മനോജിന് പൂർണ്ണ പിന്തുണയുമായി ഭാര്യ രമ്യയും മക്കളും കൂടെയുണ്ടായിരുന്നു.

തനിക്കുണ്ടായ തകർച്ചയിൽ നിന്നും, സ്വന്തം ചേച്ചിയിൽ നിന്ന് നേരിട്ട ചതിയിൽ നിന്നും ജീവിതത്തിൽ ആരെയും അന്ധമായി വിശ്വസിക്കരുത് എന്ന വലിയൊരു പാഠം മനോജ് പഠിച്ചു.

സ്നേഹം എന്നത് ഇരുവശത്തുനിന്നും ഉണ്ടാകേണ്ടതാണെന്നും അവൻ തിരിച്ചറിഞ്ഞു. പുതിയ ബിസിനസ്സും കുടുംബവുമായി മനോജ് തന്റെ ജീവിതം വീണ്ടും സമാധാനത്തോടെ കെട്ടിപ്പടുത്തു.

✍️സ്റ്റോറി by കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *