താലികെട്ടുന്ന പുരുഷന്റെ ആഗ്രഹങ്ങൾ പോലും സാധിച്ചു കൊടുക്കാൻ കഴിയില്ലെന്ന് ബോധമുള്ളതുകൊണ്ട് വിവാഹം….

ഗായത്രി… എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്…

ഗായത്രി മുഖമുയർത്തി നോക്കി…

മുന്നിൽ നിന്ന രവിയേട്ടന്റെ കുഴിഞ്ഞ കണ്ണുകളിൽ തളം കെട്ടിനിൽക്കുന്ന ദുഃഖം ഗായത്രിയിലേക്കും പടർന്നു…

തന്നോട് എന്തുപറയാനാകും എന്നൊരു ഉൽക്കണ്ഠയോടെയാണ് എഴുന്നേറ്റത് പിന്നിലേക്ക് തള്ളി വഴി ഉണ്ടാക്കി മുന്നോട്ടു നടക്കാൻ തുടങ്ങുന്നത് മേശയുടെ കാലിന് അരികിൽ വച്ച് ബാഗിന്റെ വള്ളിയിലുടക്കിയ കൽ കൊരുത്തതും  അറിയാതെ ഒന്നു വേച്ച് പോയി..

നിലത്തേക്ക് വീഴും മുമ്പേ രവിയേട്ടൻ ശാസനയോടെ പിടിച്ചുയർത്തി..

” എന്താ ഗായത്രി ഇത്? നോക്കണ്ടേ…”

പരിഭ്രമത്തിൽ കുതിർന്ന ഒരു ചെറിയ പുഞ്ചിരി നൽകുന്നതിനിടയ്ക്ക് തറയിലിരുന്ന ബാഗ് എടുത്ത് ചെറിയിലേക്ക് വച്ചു…

എന്തായിരിക്കും രവിയേട്ടന് പറയാനുള്ളത് എന്ന ചിന്തയിൽ നിന്നും ഗായത്രി ചേച്ചി എന്ന് വിളിച്ച് ഓടിവരുന്ന കവിതയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞു…

മറവിയുടെ ഏഴിൽ മുങ്ങി പോകാൻ മാത്രം കാലമൊന്നുമായിട്ടുണ്ടായിരുന്നില്ലല്ലോ ആ ഓർമ്മകൾക്ക്…

കവിത തീർത്ത ശൂന്യതയിൽ നിന്ന് രവിയേട്ടൻ ഇനിയും തിരികെ നടന്നു തുടങ്ങിയിട്ടില്ല…

മൂന്നു മാസങ്ങൾക്ക് മുമ്പ് ക്ഷേത്രദർശനത്തിനിടയിൽ കുഴഞ്ഞുവീണ് മരിച്ച കവിതയെ ഓർക്കേ അസൂയ തോന്നിപ്പോയി ഇപ്പോഴും മരണം വിതച്ച തണുപ്പിൽ ചുരുണ്ടുകൂടി കിടക്കാൻ അവർക്ക് ഒരു കുടുംബം ഉള്ളതിൽ… മരിച്ചിട്ടും പ്രാണനായി സ്നേഹിക്കാൻ ഒരു ഹൃദയം ഉള്ളതിൽ….

വീണ്ടും ഗായത്രി എന്നുള്ള വിളിയിലാണ് ഓർമ്മകളിൽ നിന്ന് പടിയിറങ്ങിയത്…

” എന്താ രവിയേട്ടാ…” കാര്യം എന്താണെന്ന് തിരക്കിയപ്പോൾ മൗനമായി എന്നെ ഒന്ന് നോക്കുകയല്ലാതെ കുറച്ചുനേരത്തേക്ക് രവിയേട്ടൻ ഒന്നും മിണ്ടിയില്ല…

“ഞാൻ പറയാൻ പോകുന്നത് തെറ്റാണോ ശരിയാണോ എന്നൊന്നും എനിക്കറിയില്ല.. എങ്കിലും… ഞാൻ…. ഞാൻ ,തന്നെ എൻറെ ജീവിതത്തിലേക്ക് കൂട്ടട്ടെ…” സ്വപ്നത്തിൽ പോലും രവിയേട്ടനിൽ നിന്ന് ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിക്കാത്ത ഞാൻ സ്തംഭിച്ചു പോയി…

എന്തുകൊണ്ടാണ് രവിയേട്ടൻ ഇങ്ങനെ ഒരു തീരുമാനമെടുത്ത് എനിക്കറിയില്ല അപ്പോഴും ഉള്ളില്‍ ഓടിവന്നത് ഇരുപത്തിമൂന്നും പതിനാറും വയസ്സുള്ള രണ്ട് കുട്ടികൾ ഉണ്ടായിട്ടും ഇന്നും മധുവിധുവിന്റെ താളത്തിൽ മുന്നോട്ടു ജീവിച്ച ദമ്പതികളുടെ മുഖമായിരുന്നു… അതിൽ ഒരാളുടെ വേർപാട് മറ്റൊരാളെ എത്രത്തോളം തകർത്തു എന്നത് തൊട്ടടുത്തുനിന്ന് കണ്ടറിഞ്ഞതാണ്…

” ഗായത്രി ഒരുപാട് ഒന്നും ചിന്തിച്ചു കൂട്ടണ്ട… തൻറെ അംഗവൈകല്യവും ഒരു കുഞ്ഞിനെ ഉദരത്തിൽ പേറാൻ പോയിട്ട് ,താലികെട്ടുന്ന പുരുഷന്റെ ആഗ്രഹങ്ങൾ പോലും സാധിച്ചു കൊടുക്കാൻ കഴിയില്ലെന്ന് ബോധമുള്ളതുകൊണ്ട് വിവാഹം വേണ്ടെന്ന് പറഞ്ഞ് ഒതുങ്ങി കൂടിയതാണെന്ന് എനിക്കറിയാം. ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാൻ ഇപ്പോൾ തന്റെ മുന്നിൽ നിൽക്കുന്നത്…”

” എനിക്കൊരു വീടുണ്ട് രണ്ട് മക്കളുണ്ട് പ്രായമായ എൻറെ അമ്മയ്ക്കോ മറ്റ് സഹോദരങ്ങൾക്കോ എനിക്ക് വേണ്ടി ചെയ്യാവുന്ന എല്ലാ കാര്യങ്ങൾക്കും പരിമിതികൾ ഉണ്ട്…” രവിയേട്ടൻ സ്വന്തം ഭാഗത്തെ ന്യായങ്ങൾ നിർത്തുകയാണ്…

” കവിതയെ പോലെ ആരും ആവില്ല അവളുടെ സ്ഥാനത്തേക്ക് അല്ല ഞാൻ നിന്നെ വിളിക്കുന്നത്…. എൻറെ വീട്ടിൽ ഒരു പെണ്ണ് വേണം എൻറെ മക്കളുടെ കാര്യങ്ങൾ നോക്കി സ്നേഹത്തോടെ ശാസനയോടെ നിൽക്കാൻ… തനിക്ക് അതിനു കഴിയുമെന്ന് എൻറെ മനസ്സ് പറയുന്നു. സ്വാർത്ഥതയില്ലാതെ അത്യാഗ്രഹം ഇല്ലാതെ സ്നേഹിക്കാൻ കഴിയുമെങ്കിൽ ,  ഏറ്റവുമടുത്ത മുഹൂർത്തത്തിൽ അതിനുള്ള അവകാശം ഞാനൊരു താലിയായി തരാം…  തീരുമാനം ആലോചിച്ചു പറഞ്ഞാൽ മതി വാഗ്ദാനങ്ങൾ ഒന്നും നൽകാൻ എനിക്കില്ല,  പക്ഷേ നിൻറെ വീട്ടിലെ പോലെ കുത്തുവാക്കുകളോ അവഗണനയോ ഇവിടെ ഉണ്ടാവില്ല. മറ്റുള്ളവരെ പോലെ എല്ലാ അവകാശങ്ങളും നിനക്ക് ഉണ്ടാകും…” എല്ലാം പറഞ്ഞു തീർത്തു എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നു നീങ്ങുന്ന രവിയേട്ടനെ ഞാൻ നോക്കി പകപ്പോടെ നിന്നു..

” സമ്മതിക്കു മോളെ…” എല്ലാം കേട്ടുകൊണ്ട് ഞങ്ങളുടെ അടുത്ത് നിന്ന് മാത്തച്ചായൻ കൂടി പറഞ്ഞപ്പോൾ ഞാൻ മുഖം കുനിച്ചു…

” സ്വന്തം വീട്ടിൽ വേലക്കാരിയെ പോലെ കഴിയുന്നതിലും നല്ലതല്ലേ ഇങ്ങനെ ഒന്ന് ഈ ജോലി കൂടി ഇല്ലാണ്ടായാൽ നാളെ നീ ഒന്ന് കിടന്നു പോയാൽ നിന്നെ ആരാ നോക്കാൻ ഉണ്ടാവുക… രവിചന്ദ്രൻ നല്ല ആളാണ്,  കവിതയുടെ എല്ലാ നന്മകളും പകർന്നു കിട്ടിയ രണ്ടു മക്കളും.. കവിതയ്ക്ക് പകരമല്ല ആർക്കും ആരും ഒരിക്കലും പകരമാവുകയുമില്ല.. പക്ഷേ,  തളർന്നുപോകുമ്പോൾ ഒന്ന് താങ്ങി നിർത്താൻ നമ്മളെക്കൊണ്ട് കഴിയുന്ന ഒരു പുണ്യമല്ല മോളെ…”

” രവിചന്ദ്രന് ഭാര്യയുടെ സ്ഥാനത്ത് കവിതയല്ലാതെ മറ്റാരും ഉണ്ടാകില്ല… അയാളുടെ നരകിച്ച ജീവിതം കണ്ട് മക്കൾ ഉൾപ്പെടെ എല്ലാവരും കൂടി ചേർന്ന് എടുത്ത തീരുമാനമാണ് വിവാഹം… അവനു വേണ്ടത് കൂട്ടിന് ഒരാളാണ് നിനക്കും വേണ്ടേ അങ്ങനെ ഒരാൾ അവൻറെ വീടിനൊരു പുതു വെളിച്ചമാകാൻ നിനക്ക് കഴിയും…”

ആലോചനകൾക്കൊടുവിൽ ഉള്ളിലെ മാതൃഹൃദയം പുറത്തേക്ക് ചാടി..

” സ്നേഹം കൊടുത്താൽ കിട്ടുമെന്ന് ഉറച്ചു വിശ്വാസമുണ്ട്… പക്ഷേ കവിതയുടെ പ്രണയവും ദാമ്പത്യവും സന്തോഷവും താൻ ആഗ്രഹിക്കുന്നില്ല,  എന്നാലും തന്നെയാ മക്കൾ അമ്മ വിളിക്കുമോ വെറുപ്പ് ഉണ്ടാകുമോ വലിയ ആൺകുട്ടികൾ അല്ലേ…” ചിന്തകൾ പലവിധമായിരുന്നു കാലുകൾക്ക് ഇടർച്ച കൂടിക്കൊണ്ടിരുന്നു…

പതിവുപോലെ ലൈബ്രറി പൂട്ടി പുറത്തേക്കിറങ്ങുമ്പോൾ കണ്ടു ബൈക്കിൽ ചാരിയിക്കുന്ന 23 കാരനെ കവിതയുടെ മൂത്തമകൻ സിദ്ധാർത്ഥ്…

ഉള്ളിൽ തോന്നിയത് എന്ത് വികാരമാണെന്ന് മനസ്സിലാക്കാതെ മുടന്തി മുന്നോട്ടു നടന്നു…

” അമ്മേ…” ആദ്യത്തെ വിളി അമ്മയെന്ന് ഗായത്രിയിലെ മാതൃഹൃദയം കുതിച്ചു പോയി…

” എനിക്ക് എതിർപ്പില്ലാട്ടോ എൻറെ പെണ്ണ് വന്ന് കേറുമ്പോൾ അവൾക്ക് നിലവിളക്ക് എടുത്തു കൊടുത്തു അകത്തേക്ക് കയറ്റാൻ അമ്മയ്ക്ക് സമ്മതമാണെങ്കിൽ…’ ഗായത്രി അമ്പരപ്പൂടെ അവനെ തിരിഞ്ഞുനോക്കി…

ആറുമാസങ്ങൾക്കു മുമ്പാണ് സിദ്ധാർത്ഥന്റെ വിവാഹം കൂടെ പഠിച്ച ഒരു പെൺകുട്ടിയുമായി ഉറപ്പിച്ചത്.. അമ്മയുടെ മരണം അറിഞ്ഞ് നാട്ടിൽ വന്ന് സിദ്ധാർത്ഥ് പിന്നീട് തിരിച്ചു ഗൾഫിലേക്ക് പോയിരുന്നില്ല…

” എൻറെ അനിയൻ ഒരു ചെറിയ കുട്ടിയാണ് …തിരികെ  പോയ ഞാനും തിരക്കിലാകും,  അച്ഛൻറെ കാര്യം അറിയാല്ലോ ? നാട്ടിലെ കാര്യങ്ങളിൽ അലഞ്ഞു തിരിയുന്നതിനിടയ്ക്ക് വീട്ടിലെ കാര്യം മറക്കും,  പക്ഷേ ഒരു അമ്മയുടെ അവന് കരുതൽ കൂടിയേ തീരൂ അതിനേക്കാൾ അച്ഛനൊരു കൂട്ടും വേണം ഞങ്ങളൊക്കെ വിവാഹം ചെയ്തു സ്വന്തം കാര്യം നോക്കി പോയി കഴിയുമ്പോൾ അച്ഛൻ ഒറ്റയ്ക്കാവില്ലേ…”

മറുപടിയൊന്നും ഉണ്ടായിരുന്നില്ല ഈ പ്രായത്തിൽ ഒരു വിവാഹം അങ്ങനെയൊന്ന് ചിന്തിച്ചിട്ട് കൂടിയില്ല അതിനേക്കാൾ പ്രണയം കൊണ്ട് സമ്പുഷ്ടമായ ഒരു ജീവിതം നയിച്ചത് മാത്രമാണ് മുന്നിൽ തെളിഞ്ഞു നിന്നത്…

ചോദ്യത്തിന് ഉത്തരം പ്രതീക്ഷിച്ചു ഉയർന്നുനിന്ന് ക്ഷീണിച്ച കണ്ണുകളിലേക്ക് നോക്കി ഗായത്രി കണ്ണ് ചിമ്മി അമ്മയുടെ നെറ്റിയിലേക്ക് വീണ നരവീണ മുടികൾ ഒതുക്കി അവൻ ചുണ്ട് ചേർത്തു…

” സമ്മതം …”
പ്രായം എത്ര കൂടിയാലും ഒരു അമ്മയ്ക്ക് മക്കൾ എന്നും ചെറിയ കുട്ടികളാണെന്ന് ആ മുഖത്തെ സന്തോഷം വിളിച്ചോതി…

ആരെയും നോക്കാതെ മുറിയിൽ കയറിയിരുന്നു ഉള്ളം ഭീതിയിൽ ഉയറി,  ആരാണ് പേടിക്കുന്നത്…. എന്തിനാണ് പേടിക്കുന്നത്… അറിയില്ല പേടിയുടെ കാരണം പോലും അറിയില്ല,  ഇങ്ങനെയൊന്ന് ചിന്തിക്കാതെ പോയതിന്റെ പരിഭ്രമം ആവാം,  ആഗ്രഹിച്ച മോഹിച്ച സ്വപ്നം കണ്ട ഒരു കാലം ഉണ്ടായിരുന്നു എന്നും സ്വപ്നങ്ങളായി മാത്രം അവശേഷിക്കുകയുള്ളൂ എന്ന് തിരിച്ചറിവുണ്ടായപ്പോൾ അതിനെയൊക്കെ മറവിയിലേക്ക് വിട്ടു… ഇന്നിപ്പോൾ പച്ചപ്പ് നിറഞ്ഞ ഒരു പാഠം മുന്നിലുണ്ട് പരിപാലിച്ചാൽ സമൃദ്ധിയോടെ ഉണ്ണാൻ ഉള്ളത് നൽകാമെന്ന് വാഗ്ദാനത്തോടെ…

മുറിയിൽ ഇരിക്കുമ്പോൾ അനന്തന്റെ ഉയർന്ന ശബ്ദം ആദ്യമായി ഗായത്രിയുടെ കണ്ണുകളെ ഈറനണിയിചു.

” ഈ വയസ്സാംകാലത്ത് കല്യാണം കഴിക്കണമെന്ന് പറയാൻ അച്ഛമ്മക്ക് നാണമില്ലേ അതിന് താളം തുള്ളാൻ മറ്റുള്ളവരും…”

“കല്യാണം വേണ്ടെന്നു പറഞ്ഞു സ്വയം ഒതുങ്ങി കൂടിയതല്ലേ അല്ലാണ്ട് ആരും പിടിച്ചു നിർത്തിയതല്ലല്ലോ…”

അത് കേൾക്കേ ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു… അതിനിടയിലൂടെ പുഞ്ചിരിച്ചുകൊണ്ട് അവർ തന്റെ അലമാരയുടെ അടിത്തട്ടിൽ ഒളിപ്പിച്ചുവെച്ച ഒരു കവർ വലിച്ചെടുത്തു…

അതിൽനിന്നും പൊന്മാൻ നീലകളർ കരയുള്ള ഒരു സെറ്റുമുണ്ട് എടുത്തു മൂക്കോട് ചേർത്തുവച്ചു…

ഹൃദയം മന്ത്രിച്ചു.

” അന്ന് ഇത് കൈ നീട്ടി വാങ്ങുമ്പോൾ അറിഞ്ഞിരുന്നില്ല ജീവിതത്തിൽ ഒരിക്കലും ഇത് എന്റെ മന്ത്രകോടിയായി മാറും എന്ന്…” നിറഞ്ഞ കണ്ണുകളിൽ ആ നിമിഷം തെളിഞ്ഞുവന്നു.

തനിക്ക് നേരെ നീട്ടിയ കൈകളുടെ ഉടമ കവിത രവിയേട്ടന്റെ കവി… വാർഡ് മെമ്പർ എന്നതിൽ കവിഞ്ഞൊരാത്മബന്ധം ഉണ്ടായിരുന്നു തനിക്കും അവൾക്കും ഇടയിൽ,  വായനശാലയുടെ വാർഷികത്തിൽ നരച്ച വസ്ത്രം ധരിച്ച് എത്തിയ ഗായത്രിയെ കണ്ടു തൊട്ടടുത്ത ജംഗ്ഷനിൽ ഉള്ള ടെക്സ്റ്റൈൽസിൽ നിന്ന് തനിക്കായി വാങ്ങിയ പുതുവസ്ത്രം നീട്ടുമ്പോൾ ആ കണ്ണിൽ തിരഞ്ഞത് സഹതാപമായിരുന്നു…

” എൻറെ പൊന്നു ഗായത്രി ചേച്ചി നിങ്ങൾ എനിക്ക് സ്വന്തം ചേച്ചിയെ പോലെ തന്നെയാ…  എനിക്കറിയാം ഇതും കൊണ്ട് ചെല്ലുമ്പോൾ പിടിച്ചെടുക്കുമെന്ന് അതുകൊണ്ട് ഇത് ആരും കാണാതെ ഒളിപ്പിച്ചു വെച്ചിട്ട് സപ്താഹത്തിനു വരുമ്പോൾ ഉടുത്താൽ മതി…”

” എനിക്ക് എന്തിനാ ഇതൊക്കെ മുടന്തിയായ എനിക്ക് ഒരുങ്ങി നടക്കാൻ ഒന്നും ആഗ്രഹമില്ല…”

” എന്താ ആലോചിച്ചു കൊണ്ടിരിക്കുക.. ഈ സാരി ഉടുത്തോ  അവരുടെ വീട്ടിൽ നിന്ന് കൊണ്ട് തന്നതാ…” ഒരു മെറൂൺ കളർ പട്ടത്താരി നീട്ടിക്കൊണ്ട് നാത്തൂൻ പറഞ്ഞു സാരി കണ്ട് ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു വിവാഹം ഏതായാലും പട്ടുപുടവാ വേണമല്ലോ എന്നോ മങ്ങിയ ഹൃദയം ഒരിക്കലും ഈ നിറത്തിൽ തെളിയില്ലെന്ന് ഉറപ്പിച്ചുകൊണ്ട് ആ സാരിയിൽ ഗായത്രി വിരൽ ഓടിച്ചു മുന്നിലാ സാരിയുടുത്ത് കവിത വന്നു നിൽക്കുന്നതുപോലെ തോന്നി,  അവൾ കൈ പൊള്ളിയത് പോലെ പിൻവലിച്ചു…

ഒഴിഞ്ഞ കഴുത്തോടെ ആ സെറ്റും മുണ്ടും മാത്രം ധരിച്ച് ഗായത്രി പുറത്തേക്ക് ഇറങ്ങി… സാരി എന്താ ഉടുക്കാതിരുന്നത് എന്ന് സഹോദരൻറെ ചോദ്യത്തിന് ” മധുരപതിനേഴ് കാരിയുടെ കല്യാണം ഒന്നുമല്ലല്ലോ അയാൾക്ക് വീട്ടുജോലിക്ക് ഒരാൾ അത്രയല്ലേ ഉള്ളൂ…” മൂത്ത നാത്തൂൻ പുച്ഛത്തോടെ പാറയുമ്പോൾ അകമ്പടിയായി മറ്റു നാത്തൂൻ മാരുടെ ചിരിയും ഉണ്ടായിരുന്നു…

ദേവി വിഗ്രഹത്തിന് മുമ്പിൽ കൈകൂപ്പി പ്രാർത്ഥിക്കുമ്പോൾ കവിതയുടെ മുഖം മാത്രമായിരുന്നു മനസ്സിൽ നീണ്ട താരമാലയിൽ പൊരുത്ത ഒരു ആലില താലി ഒഴിഞ്ഞ കഴുത്തിൽ വീഴുമ്പോൾ തണുപ്പേറ്റ് ഗായത്രി ഒന്നു ഞെട്ടിയിരുന്നു,

എന്നോ ഒരിക്കൽ ആഗ്രഹിച്ച ഒരു കാര്യം ഈ പ്രായത്തിൽ തന്നെ തേടിയെത്തിയതിന്റെ ആനന്ദമാവാം കണ്ണീരായി ഒഴുകി ഇറങ്ങിയത്…
നേർത്ത ഒരു പുഞ്ചിരി നൽകി രവിയേട്ടൻ പിൻവാങ്ങുമ്പോൾ ഒപ്പം എത്താനുള്ള വേഗത കാലുകൾക്ക് ഉണ്ടാവണമെന്ന പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ…

തൻറെ ചെറിയ വീട്ടിൽ നിന്നും കൊട്ടാരം സദൃശ്യമായ ഇരുനില വീടിനുമുമ്പിൽ നിൽക്കുമ്പോൾ ഉള്ള പതറിയിരുന്നു, ആ വീട്ടിൽ കവിതയുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നത് പോലെ തോന്നി അതൊരു ആശ്വാസമായിരുന്നു…

ശരീരം പങ്കുവയ്ക്കാതെ ഭാര്യയും സുഹൃത്തും ആകുവാനും പ്രസവിക്കാതെ അമ്മയാകാനും ഗായത്രിക്ക്  കഴിഞ്ഞു സ്വാർത്ഥതയില്ലാത്ത സ്നേഹം കൊണ്ട് ചുറ്റും നിന്നവരെ മൂടിയപ്പോൾ ജീവിതത്തിൽ ഇതുവരെ കിട്ടാതെ ഇരുന്ന പരിഗണനകൾ അവരെ തേടിയെത്തി…

അമ്മ എന്ന വിളിയിലെ മാധുര്യം കാലു തൊട്ട് വന്ദിക്കുന്ന മകൻറെ നെറുകയിൽ അനുഗ്രഹം എന്നപോലെ വലംകൈയും,  സ്നേഹം എന്നപോലെ ചുണ്ടും ചേർക്കാനുള്ള ഭാഗ്യവും,  അവർക്കുണ്ടായി..
ചെറിയൊരു പനി വന്നാൽ മരുന്നു കഴിക്കാൻ നിർബന്ധിക്കുന്ന,  ശാസിക്കുന്ന പുരുഷന്റെ സാമീപ്യം… ഓരോ കാര്യങ്ങളിലും അമ്മയുടെ സ്ഥാനം നൽകി ആദരിക്കുന്ന മരുമകളും കുടുംബവും …

എന്തിന് ഈ പ്രായത്തിൽ ഒരു വിവാഹം എന്ന ചോദ്യം ഉയർത്തിയവർക്കുള്ള മറുപടി തെളിഞ്ഞ ഉള്ളതോടെ ഗായത്രി കവിതയുടെ ചിത്രത്തിനു മുമ്പിൽ തിരി തെളിയിച്ചു…

ഒരിക്കലും സ്വന്തമായ ഒരു കുടുംബം ഉണ്ടാകുമെന്ന് ചിന്തിക്കാത്തവർക്ക് വൈകി കിട്ടിയ വിലയേറിയ ബന്ധങ്ങൾ നന്ദി ചൊല്ലുവാൻ ഉള്ളത് ആത്മാവിനോട് മാത്രമാണ്… രവിയേട്ടന്റെ ഹൃദയത്തിൽ തനിക്ക് സ്ഥാനം നേടി തന്നതിൽ…. അത് കവിതയോളം ഇല്ല,  ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ നിൽക്കുന്ന സ്ഥിരമായ ഒരിടം  മാത്രം…. പരാതികൾ ഇല്ല… പരിഭവങ്ങൾ ഇല്ല…. സ്വാർത്ഥതയില്ലാത്ത സ്നേഹത്തോടെ ഇനിയും മുളക്കാത്ത പ്രണയത്തിലേക്ക് ഒരുപക്ഷേ മരണത്തോളം ദൂരം ഉണ്ടാകും….  എങ്കിലും ഇനിയുള്ള ജന്മം ആ പ്രണയം മാത്രം നൽകി അനുഗ്രഹിച്ചാൽ മതിയാകും…..

 

💞 തൂലിക 💞

Leave a Reply

Your email address will not be published. Required fields are marked *