നിന്റെ ശരീരം കൊതിക്കുന്നത് എന്താണെന്ന് എനിക്കറിയാം. നിന്റെ ഭർത്താവിന്റെ കുറവിനെ ഓർത്ത് നീ നിന്റെ നല്ല പ്രായം കളയരുത്. നിന്റെ ഏത് ആഗ്രഹം സാധിക്കാനും….

“നിനക്ക് വന്ധ്യതയാണെന്ന് ആരു പറഞ്ഞു മീനാക്ഷീ? വിത്ത് ഗുണമില്ലാത്തതുകൊണ്ടാവാം നിന്റെ നിലം ഇപ്പോഴും ഉണങ്ങിക്കിടക്കുന്നത്. നല്ലൊരു വിത്തുണ്ടെങ്കിൽ ഈ മണ്ണിലും പൂക്കൾ വിരിയും…”

അടുക്കളയുടെ ഇരുണ്ട കോണിൽ നിൽക്കുമ്പോൾ മാധവന്റെ വാക്കുകൾ മീനാക്ഷിയുടെ കാതുകളിൽ ഈയം ഉരുക്കി ഒഴിച്ചതുപോലെ തറച്ചു. കയ്യിലിരുന്ന ചായപ്പാത്രം വിറച്ചു. തിളച്ച ചായ വിരലുകളിൽ വീണിട്ടും അവൾ അത് അറിഞ്ഞില്ല. തന്റെ ഭർത്താവിന്റെ സഹോദരി സുമിത്രയുടെ ഭർത്താവാണ് മുന്നിൽ നിൽക്കുന്നത് എന്ന നടുക്കം അവളെ തളർത്തിക്കളഞ്ഞു. മാധവന്റെ കണ്ണുകളിൽ അശ്ലീലത്തിന്റെ നനവുള്ള ഒരു ഭാവമായിരുന്നു.

“മാധവേട്ടാ… നിങ്ങൾ എന്താണീ പറയുന്നത്?” അവൾക്ക് വാക്കുകൾ മുറിഞ്ഞുപോയി.

“സത്യം! ഹരിയെ കെട്ടിപ്പിടിച്ച് ഇരുന്നാൽ നിന്റെ ഈ യൗവനം വെറുതെ പാഴാകുകയേ ഉള്ളൂ. അവന് ഇതിനൊന്നും കഴിയില്ലെന്ന് ഈ നാട്ടുകാർക്ക് മൊത്തം അറിയാം. പക്ഷേ നിന്റെ ഈ ചേല് കാണുമ്പോൾ എനിക്ക് സഹതാപം തോന്നുന്നു.” അവൻ ഒരടി കൂടി അടുത്തേക്ക് നീങ്ങി. ആ ശ്വാസത്തിന് സിഗരറ്റിന്റെയും വിനാശത്തിന്റെയും ഗന്ധമായിരുന്നു.

എട്ടു വർഷത്തെ ദാമ്പത്യം. സ്നേഹമുള്ള ഭർത്താവാണ് ഹരി. പക്ഷേ ആ സ്നേഹം പലപ്പോഴും മൗനത്തിന്റെ മതിലുകൾക്കുള്ളിലായിരുന്നു. “എപ്പോഴാണ് ഒരു ഉണ്ണിക്കൈ ഈ വീട്ടിൽ വളപ്പൊട്ടുകൾ കിലുക്കുക?” എന്ന അമ്മായിയമ്മയുടെ സ്ഥിരം ചോദ്യം മീനാക്ഷിയെ ശ്വാസം മുട്ടിച്ചു. നാട്ടിലെ പരിഹാസങ്ങൾ അവൾക്ക് ശീലമായിക്കഴിഞ്ഞു. എന്നാൽ സത്യം മറ്റൊന്നായിരുന്നു.

രണ്ടു വർഷം മുമ്പ് ഹരി അറിയാതെ മീനാക്ഷി അയാളുടെ മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ചിരുന്നു. പ്രശ്നം ഹരിക്കായിരുന്നു. ആ സത്യം അറിഞ്ഞപ്പോൾ തകർന്നുപോയെങ്കിലും, അവൾ അത് പുറത്തുപറഞ്ഞില്ല. ഒരു പുരുഷന്റെ അഹംഭാവത്തിന് തന്റെ സത്യം വലിയ മുറിവേല്പിക്കുമെന്ന് അവൾ ഭയന്നു. ആ വലിയ രഹസ്യം ഉള്ളിലൊതുക്കി അവൾ ‘മച്ചി ‘ എന്ന വിളിപ്പേര് സന്തോഷത്തോടെ സ്വീകരിച്ചു.

സുമിത്രയുടെ പ്രസവത്തിനാണ് മാധവൻ ഈ വീട്ടിലെത്തിയത്. ഗൾഫിലെ ജോലി കഴിഞ്ഞ് നാട്ടിലെത്തിയ മാധവൻ, ഗർഭിണിയായ ഭാര്യയെക്കാൾ കൂടുതൽ ശ്രദ്ധിച്ചത് മീനാക്ഷിയെയായിരുന്നു.

മീനാക്ഷിയുടെ സൗന്ദര്യം അയാളെ മത്ത് പിടിപ്പിച്ചു.

ഹരി നൈറ്റ് ഷിഫ്റ്റിന് പോകുന്ന രാത്രികളിൽ മീനാക്ഷിക്ക് ഉറക്കം നഷ്ടപ്പെട്ടു. മാധവന്റെ നോട്ടം അവളുടെ ശരീരത്തിൽ തറഞ്ഞുനിൽക്കുന്നത് അവൾ ഭീതിയോടെ അറിഞ്ഞു.

ഒരു രാത്രി, നല്ല മഴയുള്ള നേരം. ഹരി ജോലിക്ക് പോയിക്കഴിഞ്ഞു. സുമിത്രയും അമ്മയും മുകളിലെ മുറിയിൽ ഉറക്കമായിരുന്നു. വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് വന്ന മീനാക്ഷിയെ മാധവൻ തടഞ്ഞുനിർത്തി.

“മീനാക്ഷീ… നീ എന്തിനാ പേടിക്കുന്നത്? ഞാൻ നിന്നെ സഹായിക്കാം എന്ന് പറഞ്ഞില്ലേ? ആരും അറിയില്ല. നിനക്കൊരു കുഞ്ഞുണ്ടായാൽ ഹരിയും സന്തോഷിക്കില്ലേ? അവന് അതൊന്നും മനസ്സിലാകാൻ പോകുന്നില്ല. അവനാണ് പ്രശ്നം എന്ന് എനിക്ക് മനസിലായി. അവന്റെ മെഡിക്കൽ റിപ്പോർട്സ് ഞാൻ കണ്ടിരുന്നു. ഒരു കുഞ്ഞ് വേണം എന്ന നിന്റെ ആഗ്രഹം ഞാൻ സാധിച്ചു തരാം.” അവന്റെ കൈകൾ മീനാക്ഷിയുടെ തോളിൽ അമർന്നു.

മീനാക്ഷി ആ കൈകൾ തട്ടിമാറ്റി. “മാധവേട്ടാ, സുമിത്രേച്ചിയെ ഓർത്തെങ്കിലും നിങ്ങൾക്ക് നാണമില്ലേ? എന്റെ സഹോദരന്റെ സ്ഥാനത്താണ് നിങ്ങളെ ഞാൻ കണ്ടത്. ഇനിയും ഇത് തുടർന്നാൽ ഞാൻ എല്ലാവരോടും പറയും.”

മാധവൻ ക്രൂരമായി ചിരിച്ചു. “നീ ആരോട് പറയും? ഈ നാട്ടുകാരോടോ? എന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന സുമിത്രയോടോ? നീ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. കാരണം ഹരിയുടെ പ്രശ്നം കൊണ്ടാണ് കുഞ്ഞുണ്ടാവാത്തത് എന്ന് നീ മറച്ചു വച്ച കാര്യം ഞാൻ എല്ലാവരോടും പറയും. എന്നെ നീ വാശികരിച്ചതാണെന്നും ഞാൻ പറയും. നിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയുന്നവർ എല്ലാം അത് വിശ്വസിക്കും. നിന്റെ കയ്യിലിരിപ്പ് മോശമായതുകൊണ്ടാണ് കുട്ടികളുണ്ടാകാത്തതെന്ന് ഞാൻ എല്ലാവരെയും വിശ്വസിപ്പിക്കും.”

അവൾ തന്റെ മുറിയിലേക്ക് ഓടി വാതിലടച്ചു. വിങ്ങിക്കരയുമ്പോഴും അവളുടെ ഉള്ളിൽ ഒരു കനൽ എരിയുന്നുണ്ടായിരുന്നു.

ദിവസങ്ങൾ കഴിഞ്ഞു. മാധവന്റെ ശല്യം കൂടിവന്നു. അവൻ ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയക്കാൻ തുടങ്ങി.

“ഇന്ന് നിന്നെ ആ ഇളം നീല നൈറ്റിയിൽ കണ്ടപ്പോൾ എന്റെ മീനാക്ഷി.. എന്റെ കണ്ട്രോൾ പോയി. നീ ഒന്ന് സമ്മതം മൂളിയാൽ ഇന്ന് രാത്രി നമുക്ക് മനോഹരമാക്കാം ”

“ഇന്ന് മഴ നനഞ്ഞു നിന്നപ്പോഴാ നിന്നെ ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. ഹരി നിന്നെ അധികം തൊട്ടിട്ടില്ലെന്നു തോന്നുന്നല്ലോ. ഇത്തിരി പോലും ഉടയാത്ത ശരീരം ആണല്ലോ നിന്റേത്. ”

ഇങ്ങനെയുള്ള മെസ്സേജുകൾ നിരന്തരം അവളുടെ ഫോണിലേക്ക് വരാൻ തുടങ്ങി.

മീനാക്ഷിയെ കാണുമ്പോഴൊക്കെ അയാൾ ഹരിയുടെ കുറവിനെ പരിഹസിച്ചുകൊണ്ട് തന്റെ ആഗ്രഹം ആവർത്തിച്ചു.

“നിന്റെ ശരീരം കൊതിക്കുന്നത് എന്താണെന്ന് എനിക്കറിയാം. നിന്റെ ഭർത്താവിന്റെ കുറവിനെ ഓർത്ത് നീ നിന്റെ നല്ല പ്രായം കളയരുത്. നിന്റെ ഏത് ആഗ്രഹം സാധിക്കാനും ഞാനുണ്ട് ”

ഒടുവിൽ മീനാക്ഷി ആ തീരുമാനമെടുത്തു. നിശബ്ദത ഇനി പരിഹാരമല്ല.

അടുത്ത ഞായറാഴ്ച ഹരിയും അമ്മയും സുമിത്രയും ഉമ്മറത്തിരിക്കുമ്പോൾ മീനാക്ഷി എല്ലാവരെയും അടുക്കളയിലേക്ക് വിളിച്ചു. മാധവനും അവിടെയുണ്ടായിരുന്നു.

“എന്താ മീനാക്ഷീ, എന്തെങ്കിലും വിശേഷമുണ്ടോ?” ഹരി ആകാംക്ഷയോടെ ചോദിച്ചു.

മീനാക്ഷി മാധവനെ നോക്കി. അയാളുടെ മുഖത്ത് ഒരു പരിഹാസച്ചിരി ഉണ്ടായിരുന്നു. അവൾ തന്റെ മൊബൈൽ ഫോൺ എടുത്തു. മാധവൻ അയച്ച സന്ദേശങ്ങളും, കഴിഞ്ഞ ദിവസം അവൻ അവളോട് സംസാരിക്കുമ്പോൾ രഹസ്യമായി റെക്കോർഡ് ചെയ്ത ശബ്ദരേഖയും അവൾ ഉച്ചത്തിൽ പ്ലേ ചെയ്തു.

മുറിയിൽ നിശബ്ദത പടർന്നു. സുമിത്രയുടെ കണ്ണുകൾ നിറഞ്ഞു. ഹരി വിശ്വസിക്കാനാവാതെ മാധവനെ നോക്കി.

“നീ… നീ ഇത് എന്തിനാ ചെയ്തത്?” മാധവൻ വിറച്ചുതുടങ്ങി.

“ഇത്രയും കൊണ്ട് തീർന്നില്ല മാധവേട്ടാ,” മീനാക്ഷി ശാന്തതയോടെ പറഞ്ഞു. അവൾ അലമാരയിൽ നിന്ന് ഒരു കവർ എടുത്തു പുറത്തിട്ടു. “ഇത് ഹരിയേട്ടന്റെ മെഡിക്കൽ റിപ്പോർട്ടാണ്. ഞങ്ങൾക്ക് കുട്ടികളുണ്ടാകാത്തത് ഹരിയേട്ടന്റെ പ്രശ്നം കൊണ്ടാണ്. പക്ഷേ ഒരു ഭാര്യ എന്ന നിലയിൽ ഞാൻ അത് രഹസ്യമായി വെച്ചു. എന്റെ ഭർത്താവിന്റെ അന്തസ്സ് കാക്കാൻ ഞാൻ ‘മച്ചി’ എന്ന പേരും ചുമന്നു നടന്നു. ആ ബലഹീനത മുതലെടുത്ത് എന്നെ വേശ്യയാക്കാൻ ശ്രമിച്ച നിങ്ങളെ ഈ വീട്ടിൽ ഇനി വെച്ചേക്കില്ല.”

ഹരി തലകുനിച്ചു നിന്നു. തന്റെ ഭാര്യ ഇത്രയും വലിയൊരു ഭാരം തനിക്കു വേണ്ടി ചുമക്കുകയായിരുന്നു എന്ന് അയാൾ അറിഞ്ഞില്ല. അയാൾ മാധവന്റെ ഷർട്ടിന് കുത്തിപ്പിടിച്ചു.

“ഇറങ്ങിപ്പോടാ എന്റെ വീട്ടിൽ നിന്ന്! നിന്നെപ്പോലൊരു മൃഗത്തെ എന്റെ പെങ്ങൾക്കും വേണ്ട.” ഹരിയുടെ ഗർജ്ജനം കേട്ട് മാധവൻ വിറച്ചു.

സുമിത്ര കരഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് ഓടി. മാധവന് അവിടെ നിൽക്കാൻ കഴിഞ്ഞില്ല. അയാൾ തന്റെ ബാഗുമായി ആ രാത്രിയിൽ തന്നെ പടിയിറങ്ങി.

സത്യങ്ങൾ അറിഞ്ഞതിനു ശേഷം ഹരി തകർന്നുപോയിരിക്കുകയാണ്. മീനാക്ഷി അവന്റെ അരികിൽ ചെന്ന് ഇരിന്നു.

“എന്നെ എന്തിനാ മീനാക്ഷീ നീ ഇങ്ങനെ സ്നേഹിച്ചത്? എല്ലാമറിഞ്ഞിട്ടും, ഈ നാട്ടുകാരുടെ പരിഹാസം മുഴുവൻ നിന്റെ തലയിൽ ഏറ്റുവാങ്ങുമ്പോൾ നിനക്ക് എന്നോട് ദേഷ്യം തോന്നിയില്ലേ?”

“ദേഷ്യമല്ല ഹരിയേട്ടാ, ഭയമായിരുന്നു. സത്യമറിഞ്ഞാൽ നിങ്ങൾ തകർന്നുപോകുമെന്ന് എനിക്കറിയാമായിരുന്നു. ഒരു കുഞ്ഞില്ലാത്തതിനേക്കാൾ വലിയ വേദന ഹരിയേട്ടന്റെ ആത്മവിശ്വാസം തകരുന്നത് കാണുന്നതായിരുന്നു എനിക്ക്.”

“പക്ഷേ, ആ മാധവൻ… അവൻ നിന്നെ ഇത്രയും ക്രൂരമായി അപമാനിച്ചിട്ടും നീ എന്തിനാ സഹിച്ചത്? എന്നോട് നേരത്തെ പറയാമായിരുന്നില്ലേ?”

“ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. സുമിത്രേച്ചിയുടെ ജീവിതം കൂടി ഓർത്തപ്പോൾ ഞാൻ മടിച്ചു. പക്ഷേ, സഹനത്തിന് ഒരു പരിധിയുണ്ടെന്ന് എനിക്ക് മനസ്സിലായി. നമ്മുടെ സ്നേഹം മറ്റൊരാൾക്ക് കളിയാക്കാനുള്ളതല്ലല്ലോ.”

മാസങ്ങൾ കടന്നുപോയി. ഹരി ചികിത്സകൾക്ക് തയ്യാറായി. മീനാക്ഷിയുടെ സ്നേഹവും കരുത്തും ഹരിയെ ഒരു പുതിയ മനുഷ്യനാക്കി മാറ്റി. അവർക്കിടയിലുണ്ടായിരുന്ന മൗനത്തിന്റെ മതിൽ തകർന്നു വീണു.

“നമുക്ക് നാളെ ആ ഡോക്ടറെ പോയി കാണണം മീനാക്ഷീ. നീ ഇത്രയും കാലം എനിക്ക് തന്ന കാവലിന് പകരം നൽകാൻ എന്റെ കയ്യിൽ ഒന്നുമില്ല. എങ്കിലും, നിന്റെ സ്വപ്നങ്ങൾ എനിക്ക് പൂർത്തിയാക്കണം.”

“നമുക്ക് ശ്രമിക്കാം ഹരിയേട്ടാ. ഫലം എന്തുതന്നെയായാലും നമ്മൾ ഒന്നിച്ചുണ്ടല്ലോ, അത് മതി എനിക്ക്. സങ്കടപ്പെടാനല്ല, സന്തോഷിക്കാനാണ് ഇനി നമ്മുടെ സമയം.”

“നീ കൂടെയുള്ളപ്പോൾ എനിക്ക് എന്തിനാ പേടി? ആ മാധവന്റെ മുന്നിൽ നീ കാണിച്ച ആ ധൈര്യമുണ്ടല്ലോ… അതായിരുന്നു എന്റെ യഥാർത്ഥ കരുത്ത്.”

ആധുനിക ചികിത്സയിലൂടെ മീനാക്ഷി ഗർഭിണിയായി.

ആ വാർത്ത അറിഞ്ഞപ്പോൾ അവൾ കരഞ്ഞില്ല, മറിച്ച് ചിരിക്കുകയായിരുന്നു. താൻ സംരക്ഷിച്ച തന്റെ അഭിമാനം ഇപ്പോൾ ഒരു ജീവനായി തന്നിൽ വളരുന്നു എന്ന തിരിച്ചറിവ് അവൾക്ക് നൽകിയ സംതൃപ്തി ചെറുതല്ലായിരുന്നു.

നാട്ടുകാർ ഇന്നും സംസാരിക്കുന്നുണ്ടാവാം. പക്ഷേ മീനാക്ഷി അതൊന്നും കേട്ടില്ല. അവൾ തന്റെ കുഞ്ഞിന്റെ ആദ്യത്തെ അനക്കം കാതോർത്ത്, ജനാലയ്ക്കൽ പൂത്തുനിൽക്കുന്ന മന്ദാരത്തെ നോക്കി പുഞ്ചിരിച്ചു. വേരറ്റ സ്വപ്നങ്ങളിൽ നിന്ന് അവൾ സ്വന്തമായി ഒരു വസന്തം തീർത്തിരിക്കുന്നു.

✍️പ്രവീണ കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *