നിന്റെ ഭാര്യ നീ ഉണ്ടാക്കിയ വീട്ടിൽ രാത്രി കാലങ്ങളിൽ വേറൊരുത്തനെ വിളിച്ചു കേറ്റുകയാണ്. നാട്ടിൽ നിന്നും ഉറ്റ സുഹൃത്തായ….

ഉണ്ണീ… നീ ഇങ്ങനെ ഗൾഫിൽ കിടന്ന് പട്ടിയെ പോലെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുമ്പോ നിന്റെ ഭാര്യ നീ ഉണ്ടാക്കിയ വീട്ടിൽ രാത്രി കാലങ്ങളിൽ വേറൊരുത്തനെ വിളിച്ചു കേറ്റുകയാണ്.

നാട്ടിൽ നിന്നും ഉറ്റ സുഹൃത്തായ രമേശ്‌ വിളിച്ചു പറഞ്ഞത് കേട്ടതും ഉണ്ണിയുടെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി.

രമേശേ… എന്റെ ഭാര്യ രേഷ്മേ കുറിച്ച് തന്നെയാണോ നീയിത് പറയുന്നത്?

ഉണ്ണി ഞെട്ടൽ മാറാതെ ചോദിച്ചു.

ഞാൻ എന്തിനാ ഉണ്ണി നിന്നോട് കള്ളം പറയുന്നത്. നിന്റെ കുടുംബം തകർത്തിട്ട് എനിക്കെന്ത് കിട്ടാനാ. നീ വിഡ്ഢിയായി പോവരുതെന്ന് കരുതിയ ഞാനിത് പറഞ്ഞത്. നിനക്ക് എന്നെ വിശ്വാസമുണ്ടെങ്കിൽ വിശ്വസിച്ച മതി.

ഒരാഴ്ച മുൻപ് രാത്രി രണ്ട് മണിക്കൊക്കെ ഓട്ടം കഴിഞ്ഞു തിരിച്ചു വരുന്ന സമയത്ത് ഏതോ ഒരുത്തൻ നിന്റെ വീട്ടിലേക്ക് മതില് ചാടി പോകുന്നത് ഞാൻ കണ്ടാർന്നു. അതിന് അടുത്ത ദിവസവും അത് സംഭവിച്ചു.

രമേശ്‌ പറഞ്ഞു.

“നീ കണ്ടത് വല്ല കള്ളനെയും ആവും. രേഷ്മ അത്തരക്കാരി ഒന്നുമല്ല രമേശേ. എനിക്ക് അറിഞ്ഞൂടെ അവളെ.

ഉണ്ണി പറഞ്ഞു.

“രാത്രി രണ്ട് മണിക്ക് മതിൽ ചാടുന്നവൻ തിരിച്ചു പോകുന്നത് വെളുപ്പിന് 4 മണിക്കാ. നിന്റെ ഭാര്യയ്ക്കൊരു രഹസ്യ കാമുകൻ ഉണ്ടെന്ന് ഉറപ്പിച്ചിട്ടാ ഞാൻ നിന്നോട് ഇക്കാര്യം പറയുന്നത്. തെളിവിനു ഒരു വീഡിയോ കൂടെ ഞാൻ അയക്കാം.

അത് പറഞ്ഞ് രമേശൻ ഒരു വീഡിയോ അവന് അയച്ചു കൊടുത്തു.

 

നിന്റെ വീടിന്റെ ഓപ്പോസിറ്റ് വീടിന്റെ ഗേറ്റിൽ ക്യാമറ വച്ച് ഞാൻ പകർത്തിയത. വീടിനുള്ളിലെ കാര്യങ്ങൾ കാണാൻ ഞാൻ നിന്റെ വീടിന്റെ മതില് ചാടണ്ടെ. അങ്ങനെ എങ്ങാനും ചെയ്യുമ്പോ കഷ്ടകാലത്തിനു ആരെങ്കിലും കണ്ടോണ്ട് വന്നാൽ ഞാൻ ആണ് ഈ ഏരിയയിലെ കള്ളനെന്ന് കരുതി പിടിച്ചാൽ കുടുങ്ങി പോവില്ലേ. അതുകൊണ്ട് നിന്റെ ഭാര്യേടെ കാമുകൻ മതില് ചാടി വരുന്നതും പോകുന്നതും മാത്രേ ക്യാമറയിൽ ഉള്ളു.

എന്തായാലും ഈ രാത്രി സമയത്ത് സ്ഥിരമായി നിന്റെ വീടിന്റെ മതില് ചാടുന്നത് കള്ളനൊന്നും ആവില്ലല്ലോ. പെണ്ണിന്റെ സൗന്ദര്യം കണ്ട് മയങ്ങി കെട്ടുമ്പോൾ അവൾക്ക് മുൻപേ തന്നെ വേറെ കാമുകൻ ഉണ്ടായിരുന്നോ എന്നൊക്കെ അന്വേഷിക്കണ്ടേ ഉണ്ണി. അത് ചെയ്യാതെ എടുത്തു ചാടി കെട്ടിയത് കൊണ്ടാ ഇപ്പോ മൂഞ്ചേണ്ടി വന്നത്.

രമേശ്‌ പറഞ്ഞതൊക്കെ ഉണ്ണി മൂളിക്കേട്ടു.

“ഞാൻ ഇത്രേം പറഞ്ഞിട്ടും നീ ന്താ ഉണ്ണി ഒന്നും പറയാത്തത്. എന്താ നിനക്കൊന്നും പറയാനില്ലേ? നിനക്ക് വിശ്വാസം ആയില്ലെങ്കിൽ ഞാൻ കുറച്ചു ദിവസം കൂടി നിരീക്ഷിച്ചിട്ട് നിന്റെ ഭാര്യേടെ കാമുകനെ കൈയ്യോടെ പിടിക്കാനോ അല്ലെങ്കിൽ അവൻ വീടിനുള്ളിലേക്ക് കയറുന്നതോ വല്ലതും വീഡിയോ എടുക്കാൻ പറ്റുമോന്ന് നോക്കാം.
രമേശ് ചോദിച്ചു

“ഞാൻ നിന്നെ പിന്നെ വിളിക്കാം രമേശ. നമുക്ക് ഇതേ പറ്റി ഇപ്പോൾ സംസാരിക്കേണ്ട.”

പറഞ്ഞിട്ട് ഉണ്ണി കാൾ വച്ചു മുഖം കൈയ്യിൽ താങ്ങി ഇരുന്നു.

ഉണ്ണിയുടെയും രേഷ്മയുടെയും വിവാഹം രണ്ട് മാസം മുൻപാണ് കഴിഞ്ഞത്. കല്യാണ ശേഷം ഒരു മാസം കഴിഞ്ഞു തിരിച്ചു ഗൾഫിൽ വന്നതാണ് ഉണ്ണി. അവന്റെ ഭാര്യ രേഷ്മ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആണ് കാണാൻ നല്ല വെളുത്തു സുന്ദരിയുമാണ്. ഉണ്ണി കറുത്തിട്ടാണ്.

ബ്രോക്കർ വഴി വന്നതാണ് രേഷ്മയ്ക്ക് ഉണ്ണിയുടെ ആലോചന.. അവളെ പെണ്ണ് കാണാൻ വന്നപ്പോ ഉണ്ണിക്ക് അവളെ നന്നേ ഇഷ്ടപ്പെട്ടു. എന്നാൽ കറുത്ത നിറമുള്ള തന്നെ വെളുത്ത പെണ്ണിന് ഇഷ്ടപ്പെടില്ലെന്ന് ഉണ്ണിയും വീട്ടുകാരും കരുതി.

എന്നാൽ എല്ലാരേം ഞെട്ടിച്ച് കൊണ്ട് രേഷ്മയ്ക്കും അവളുടെ വീട്ടുകാർക്കും ഉണ്ണിയെ ഇഷ്ടായി.

കറുത്തിരിക്കുന്ന തന്നെ എങ്ങനെ ഇഷ്ടപ്പെട്ടു എന്ന് ഉണ്ണി അവളോട് ചോദിച്ചപ്പോൾ രേഷ്മയുടെ മറുപടി അവന്റെ ഹൃദയത്തിലാണ് കൊണ്ടത്.

“എന്റെ അച്ഛനും കറുത്തിട്ടായിരുന്നു. ഉണ്ണിയേട്ടനെ പോലെ പ്രവാസിയും ആയിരുന്നു. ആ അച്ഛന്റെ നല്ല മനസ്സും കഠിനാധ്വാനവും കൊണ്ടാണ് ഞങ്ങൾ ഉണ്ടുറങ്ങി സുഖമായി ജീവിച്ചത്. പിന്നെ ഈ നിറത്തിൽ ഒന്നും വല്യ കാര്യമില്ല. അമ്മേടെ അമ്മ വെളുത്ത നിറമായത് കൊണ്ട് എനിക്ക് അത് കിട്ടി എന്നെ ഉള്ളു. എന്റെ അച്ഛനൊരു പ്രവാസി ആയത് കൊണ്ട് എനിക്ക് അച്ഛനെ പോലെ പ്രവാസിയെ കെട്ടാൻ ആണ് ആഗ്രഹം. ഉണ്ണിയേട്ടനെ കണ്ടിട്ട് എന്റെ അച്ഛനെ പോലെ ഒരു പാവാണെന്ന് തോന്നി. അതുകൊണ്ട ഞാനും വീട്ടുകാരും ഈ ബന്ധത്തിന് ഓക്കേ പറഞ്ഞത്.

രേഷ്മയെ പെണ്ണ് കണ്ടതും അവൾ ഈ പറഞ്ഞതും ആദ്യ രാത്രിയും ഒക്കെ ഉണ്ണിയുടെ മനസ്സിലൂടെ കടന്ന് പോയി. രേഷ്മ ഒരിക്കലും തന്നെ ഈ വിധം ചതിക്കില്ലെന്ന് ഉണ്ണിക്ക് ഉറപ്പായിരുന്നു. പക്ഷേ ഉറ്റ സുഹൃത്തു അവളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ അവനെ തളർത്തിയിരുന്നു. ഒരു മാസമേ ഭാര്യയുടെ കൂടെ കഴിഞ്ഞുള്ളു എങ്കിലും അവളുടെ മനസ്സും പരിശുദ്ധിയും ഒക്കെ ഉണ്ണിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് രമേശിന് എന്തോ തെറ്റിദ്ധാരണ സംഭവിച്ചതാകാം എന്ന് ഉണ്ണി ഉറപ്പിച്ചു. ഒപ്പം മറ്റൊരു സംശയം കൂടെ അവന്റെ മനസ്സിൽ വന്നു.

ആ സംശയം ഉറപ്പിക്കാൻ വേണ്ടി ഉണ്ണി വീണ്ടും വീണ്ടും രമേശ്‌ അയച്ചു കൊടുത്ത വീഡിയോ കണ്ട് നോക്കി. അത് റിപ്പീറ്റ് അടിച്ചു കണ്ടപ്പോ കാര്യങ്ങളുടെ കിടപ്പ് ഏകദേശം ഉണ്ണിക്ക് പിടികിട്ടി. അതോടെ അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

ഉടനെ തന്നെ എമർജൻസി ലീവ് എടുത്തു ആരോടും പറയാതെ ഒരു ദിവസം രാത്രി എട്ട് മണിയോടെ ഉണ്ണി വീട്ടിൽ എത്തി.

അപ്രതീക്ഷിതമായി പറയാതെയുള്ള അവന്റെ വരവ് രേഷ്മയെയും ഉണ്ണിയുടെ വീട്ടുകാരെയും ഞെട്ടിച്ചു. താൻ പെട്ടെന്ന് വന്നതിന്റെ ഉദ്ദേശം ആരോടും അവൻ പറഞ്ഞില്ല.

അന്നേ ദിവസം രാത്രി ആകാൻ ഉണ്ണി കാത്തിരുന്നു.

കൃത്യം 2 മണി കഴിഞ്ഞു കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും ആരോ മതിൽ ചാടുന്ന ശബ്ദം ഉണ്ണി കേട്ടു.

അൽപ്പ സമയം കഴിഞ്ഞപ്പോ രേഷ്മയും ഉണ്ണിയും കിടക്കുന്ന റൂമിന്റെ ജനാലയ്ക്ക് രണ്ട് മുട്ട് കേട്ടു.

ശബ്ദം കേട്ട് ഉണ്ണി രേഷ്മയെ നോക്കിയപ്പോ അവൾ നല്ല ഉറക്കമാണ്. ഡേയും നൈറ്റ്‌ ഉം ഷിഫ്റ്റ്‌ കഴിഞ്ഞു തളർന്ന് ഉറങ്ങുകയാണ് അവളെന്ന് അവന് മനസ്സിലായി. ഉണ്ണി സ്നേഹത്തോടെ അവളെ തലോടി കൊണ്ട് എഴുന്നേറ്റു പുറത്തക്ക് ഇറങ്ങാൻ തുടങ്ങി.

കൃത്യം ആ സമയത്ത് തന്നെ പുറത്ത് വലിയ ഒച്ചയും ബഹളവും കേൾക്കാൻ തുടങ്ങി. ആരൊക്കെയോ ഓടി കൂടുകയും ഉണ്ണിയുടെ വീട്ടിൽ കോളിങ് ബെൽ അടിക്കുകയും ചെയ്തു.

ആ ബഹളത്തിൽ വീട് ഉണർന്നു. എല്ലാരും ഇറങ്ങി നോക്കുമ്പോ കുറച്ചു ചെറുപ്പക്കാരും അയല്പക്കത്തെ ആളുകളുമൊക്കെ ചേർന്ന് രമേശനെ പിടിച്ചു വച്ചിരിക്കുകയാണ്.

“ചേട്ടാ… ഈ ഏരിയയിലെ വീടുകളിൽ കയറി ഓരോന്ന് മോഷ്ട്ടിക്കുന്ന കള്ളൻ ഇവനായിരുന്നു ചേട്ടാ. ഇത്ര കാലവും നല്ല പിള്ള ചമഞ്ഞു ഇവൻ നമ്മളെ പറ്റിക്കയായിരുന്നു.

ഞങ്ങൾ വാഴ 2 സെക്കന്റ്‌ ഷോ കണ്ട് കഴിഞ്ഞു വരുന്ന വഴിയായിരുന്നു. അപ്പോഴാ ഇവൻ ചേട്ടന്റെ വീടിന്റെ മതിൽ ചാടുന്നത് കണ്ടത്.

ഉണ്ണിക്ക് പരിചയമുള്ള കണ്ണനെന്ന പയ്യൻ മുന്നോട്ടു വന്നു പറഞ്ഞു.

“അയ്യോ രമേശേ ഇവർക്ക് ആള് മാറിയത. ഞാൻ കള്ളനൊന്നുമല്ല.

“പ്ഫാ ചെറ്റേ… പിടിക്കപ്പെട്ടപ്പോൾ കള്ളം പറഞ്ഞു രക്ഷപ്പെടാൻ നോക്കുന്നോ. കണ്ണാ… പോലീസിനെ വിളിക്ക്. ഇവനെ ഒക്കെ പിടിച്ചു പോലീസിൽ ഏൽപ്പിക്കാ വേണ്ടേ.

ഉണ്ണി പറഞ്ഞ കേട്ട് രമേശ്‌ ഞെട്ടി. ഉണ്ണി ആ പറയുന്ന കൂട്ടത്തിൽ അവനിട്ട് ഒന്ന് പൊട്ടിക്ക കൂടി ചെയ്തു.

എല്ലാരും കൂടി ചേർന്ന് പോലീസിനെ വിളിച്ചു രമേശിനെ അവർക്ക് കൈമാറി.

“രമേശേ… ഞാൻ ഇവളെ കെട്ടിയപ്പോ മുതൽ നിന്നെക്കാൾ സൗന്ദര്യം കുറഞ്ഞ എനിക്ക് പെണ്ണ് കിട്ടിയതിന്റെ അസൂയ നിനക്കുണ്ടായിരുന്നു അല്ലെ. അതുകൊണ്ട് അല്ലെ ഇല്ലാത്ത കാമുകന്റെ കഥ പറഞ്ഞ് നീ എന്നേം രേഷ്മേയേം തെറ്റിക്കാമെന്ന് കരുതി തറ നാടകം കളിച്ചത്.

ഇത് എനിക്ക് എങ്ങനെ മനസ്സിലായി എന്നാവും നീ ഓർക്കണേ. നീ എനിക്ക് അയച്ച വീഡിയോയിൽ എന്റെ വീടിന്റെ മതില് ചാടുന്ന ആൾ നീ ആണെന്ന് നീ ഇട്ടിരുന്ന ഷർട്ട് കണ്ടപ്പോ തന്നെ എനിക്ക് പിടികിട്ടി. റിപ്പീറ്റ് അടിച്ചു കണ്ടപ്പോ ആണ് എനിക്കത് മനസ്സിലായെ. ആ ഷർട്ട് എന്റെ കല്യാണത്തിന് നിനക്കിടാൻ ഞാൻ വാങ്ങി തന്നത് ആണ്.

ഒരു വീഡിയോ എടുക്കുമ്പോ ഇതൊക്കെ ശ്രദ്ധിക്കണ്ടേ രമേശ. നീ ഇന്ന് രാത്രിയോ നാളെയോ മതിൽ ചാടി വന്ന് അടുത്ത വീഡിയോ എടുക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ആ സമയത്ത് നിന്നെ പിടിക്കാൻ വേണ്ടിയിട്ടാണ് ഞാൻ എമർജൻസി ലീവ് കൊടുത്ത് വന്നത്. എന്തായാലും എനിക്കൊന്നും ചെയ്യേണ്ടി വന്നില്ല. നിന്റെ അസൂയക്കും കുശുമ്പിനും ഉള്ള എട്ടിന്റെ പണി നീ തന്നെ വരുത്തിവച്ചു. ഇനിയിപ്പോ മോൻ കുറച്ചു നാൾ പോയി ജയിലിൽ കിടക്ക്.

പോലിസ് രമേശിനെ കൊണ്ടുപോകാൻ തുടങ്ങുമ്പോൾ അവന്റെ അടുത്തേക്ക് വന്ന് ഉണ്ണി രമേശന്റെ സ്വകാര്യമായി പറഞ്ഞു. ശേഷം അവൻ രേഷ്മയുടെ അടുത്തേക്ക് ചെന്ന് അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് പോയി.

ഉള്ളിൽ നുരഞ്ഞു പൊന്തുന്ന അസൂയയോടെ ആ കാഴ്ച കണ്ടുകൊണ്ട് രമേശ് പോലീസിനൊപ്പം ജീപ്പിലേക്ക് കയറി.

പോലീസ് ജീപ്പ് അവനെയും കൊണ്ട് സ്റ്റേഷനിലേക്ക് പാഞ്ഞു.

ഈ സമയം നടന്നതൊന്നും അറിയാതെ ഉണ്ണീടെ നെഞ്ചിൽ തലവച്ച് രേഷ്മ സുഖമായി ഉറങ്ങി.

✍️ഹേര

Leave a Reply

Your email address will not be published. Required fields are marked *