“നമ്മൾ തമ്മിലുള്ള ഈ ബന്ധം വെറുമൊരു ഉടമ്പടിയാണോ ദേവൻ, അതോ നിന്റെ ഹൃദയത്തിൽ ഇപ്പോഴും എനിക്ക് ഇടമുണ്ടോ?”
ആ ചോദ്യം അഞ്ജലിയുടെ ചുണ്ടിൽ നിന്ന് വീണത് ഒരു കനൽ കഷണമായിട്ടായിരുന്നു. കോളേജ് മുറ്റത്തെ മഞ്ഞുമൂടിയ പ്രഭാതത്തിൽ വെച്ച് ദേവൻ അവളെ പ്രണയിച്ചു തുടങ്ങിയപ്പോൾ, ആ പ്രണയത്തിന് ഇത്രയും കയ്പ്പുണ്ടാകുമെന്ന് അവൾ കരുതിയിരുന്നില്ല. എതിർപ്പുകളെല്ലാം തൃണവൽക്കരിച്ച് അവർ ഒന്നായി. ഒരു വാടകവീടിന്റെ പരിമിത സൗകര്യങ്ങളിലും അവർക്ക് സന്തോഷിക്കാൻ ആയിരം കാരണങ്ങളുണ്ടായിരുന്നു. ആ സന്തോഷത്തിന് മാറ്റുകൂട്ടാനാണ് അവരുടെ മകൾ ‘നില’ ജനിച്ചത്.
പക്ഷേ, സാമ്പത്തിക പരാധീനതകൾ ദേവനെ പ്രവാസിയാക്കി. ഗൾഫിലെ ചൂടിലും മണലിലും അവൻ ഉരുകുമ്പോഴും അഞ്ജലി നാട്ടിൽ അവനുവേണ്ടി കാത്തിരുന്നു.
യാത്രയയപ്പ് ദിവസം അഞ്ജലി വിതുമ്പുകയായിരുന്നു.
“ദേവേട്ടാ, അവിടെ ചെന്നിട്ട് എന്നെ മറക്കരുത്. കൃത്യമായി വിളിക്കണം,” അവൾ അവന്റെ നെഞ്ചിൽ മുഖം ചായ്ച്ചു പറഞ്ഞു.
“പിന്നെല്ലാതെ, നീയും മോളുമല്ലേ എന്റെ ലോകം. എല്ലാം ഒന്ന് ശരിയായാൽ ഉടനെ ഞാൻ നിങ്ങളെ അങ്ങോട്ട് കൊണ്ടുപോകും,” ദേവൻ അവളെ ആശ്വസിപ്പിച്ചു.
ദുബായിലെ ജീവിതം തുടക്കത്തിൽ ദേവന് കഠിനമായിരുന്നു. എന്നാൽ പതുക്കെ അവൻ ആ തിരക്കുകളുമായി പൊരുത്തപ്പെട്ടു. ഒരു പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി അവന് സ്ഥാനക്കയറ്റം ലഭിച്ചു. അവിടെയായിരുന്നു റിയയുടെ വരവ്.
റിയ ദേവന്റെ ജൂനിയറായി ജോലിക്ക് ചേർന്നതായിരുന്നു. സ്മാർട്ടും സൗന്ദര്യവതിയുമായ റിയയ്ക്ക് ദേവനോട് ഒരു പ്രത്യേക താൽപ്പര്യം തോന്നി. നാട്ടിലെ അഞ്ജലിയുടെയും മോളുടെയും കാര്യങ്ങൾ പറഞ്ഞു തുടങ്ങുന്ന സംഭാഷണങ്ങൾ പതുക്കെ റിയയുടെ വ്യക്തിപരമായ വിശേഷങ്ങളിലേക്ക് വഴിമാറി. ഓഫീസിലെ വൈകുന്നേരങ്ങളും വീക്കെൻഡ് ഔട്ടിംഗുകളും അവരെ കൂടുതൽ അടുപ്പിച്ചു.
ഒരു വൈകുന്നേരം ഓഫീസിൽ വെച്ച് റിയ ചോദിച്ചു, “ദേവൻ, എന്തിനാണ് എപ്പോഴും ഈ പഴയ കാര്യങ്ങളും ആലോചിച്ച് ഇരിക്കുന്നത്? ലൈഫ് എൻജോയ് ചെയ്യാനുള്ളതാണ്.”
“അതൊക്കെ ശരിയാണ് റിയ , പക്ഷേ നാട്ടിൽ അഞ്ജലിയും മോളും…” ദേവൻ ഒന്ന് മടിച്ചു.
“അഞ്ജലി അവിടെ സേഫ് ആണ്. പക്ഷേ ഇവിടെ നിനക്ക് ആരുണ്ട്? നിന്റെ ഏകാന്തതയിൽ കൂട്ടിന് ഞാനില്ലേ?” അവൾ അവന്റെ കൈകളിൽ തലോടി.
ആ തലോടലിൽ ദേവൻ തന്റെ ദാമ്പത്യത്തിന്റെ പവിത്രത മറന്നുപോയി.
കമ്പനിയുടെ ഒരു വലിയ ടെൻഡർ സബ്മിറ്റ് ചെയ്യാൻ ഉണ്ടായിരുന്ന ആഴ്ചയിൽ ദേവനും റിയയും രാത്രി വൈകിയും ഓഫീസിൽ ഇരിക്കേണ്ടി വന്നു. തളർന്നിരിക്കുന്ന ദേവന് അവൾ കോഫി നൽകി.
“ദേവൻ, നീ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നത്? ഞാൻ ഉണ്ടല്ലോ കൂടെ,” അവൾ അവന്റെ കസേരയ്ക്ക് അരികിൽ വന്ന് നിന്നു.
“നാട്ടിലെ ലോണുകൾ, വീട്ടുചെലവ്… എല്ലാം ഈ പ്രൊജക്റ്റിനെ ആശ്രയിച്ചാണ് റിയ ,” ദേവൻ നെടുവീർപ്പിട്ടു.
“പണത്തിന് വേണ്ടി മാത്രം ജീവിക്കരുത് ദേവൻ. ഇടയ്ക്ക് സ്വന്തം സന്തോഷത്തിന് വേണ്ടിയും ജീവിക്കണം,” അവൾ അവന്റെ തോളിൽ കൈവെച്ച് പറഞ്ഞു. ആദ്യമായി ഒരു അന്യസ്ത്രീയുടെ സ്പർശനം ദേവന്റെ ഉള്ളിൽ ഒരു വിറയലുണ്ടാക്കി, പക്ഷേ അവൻ അത് തടഞ്ഞില്ല.
ഒരു വെള്ളിയാഴ്ച റിയയുടെ നിർബന്ധത്തിന് വഴങ്ങി ദേവൻ അവളോടൊപ്പം ഒരു ലോങ്ങ് ഡ്രൈവിന് പോയി. ജബൽ ജെയ്സിലെ തണുപ്പുള്ള മലനിരകളിൽ വെച്ച് അവൾ ചോദിച്ചു, “നിനക്ക് അഞ്ജലിയോട് ഇപ്പോഴും ആ പഴയ പ്രണയമുണ്ടോ? അതോ അതൊരു ശീലമായി മാറിയതാണോ?”
ദേവൻ മറുപടി പറയാതെ ദൂരേക്ക് നോക്കി. ആ സമയത്താണ് അഞ്ജലിയുടെ വീഡിയോ കോൾ വന്നത്. ദേവൻ അത് കട്ട് ചെയ്തു.
“റേഞ്ച് ഇല്ലെന്ന് പറയാം,” റിയ ചിരിച്ചു. ആ ചിരിയിൽ ദേവൻ തന്റെ കുടുംബത്തെ ഒരു നിമിഷം മറന്നു.
ദുബായ് മാളിൽ വെച്ച് റിയക്ക് ഒരു ഡയമണ്ട് മോതിരം തിരഞ്ഞെടുക്കാൻ ദേവൻ സഹായിച്ചു.
“ഇത് നിനക്ക് ചേരും,” അവൾ അത് ദേവന്റെ വിരലിൽ ഇട്ടു കൊടുത്തു. “നമുക്ക് ഇങ്ങനെയുള്ള ചെറിയ സന്തോഷങ്ങൾ പോരെ?”
അതേസമയം നാട്ടിൽ അഞ്ജലി മോളുടെ അഡ്മിഷന് വേണ്ടി പണം തികയാതെ വിഷമിക്കുകയായിരുന്നു. ദേവനോട് പണം ചോദിക്കാൻ വിളിച്ചപ്പോൾ അവൻ ബിസി ആണെന്ന് പറഞ്ഞ് ഫോൺ വെച്ചു. യഥാർത്ഥത്തിൽ അവൻ റിയക്ക് വിലകൂടിയ ഒരു ഡിന്നർ വാങ്ങി നൽകുകയായിരുന്നു.
ഒരിക്കൽ ദേവന് കഠിനമായ പനി വന്നപ്പോൾ റൂമിൽ അവൻ ഒറ്റയ്ക്കായിരുന്നു. വിവരമറിഞ്ഞ് റിയ അവന്റെ ഫ്ലാറ്റിലെത്തി. അവനെ ശുശ്രൂഷിക്കുകയും ഭക്ഷണം പാകം ചെയ്തു നൽകുകയും ചെയ്തു.
“അഞ്ജലി ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമായിരുന്നു,” ദേവൻ പിച്ചും പേയും പറഞ്ഞു.
“പക്ഷേ ഇപ്പോൾ അവളില്ലല്ലോ, ഞാനല്ലേ ഉള്ളൂ,” അവൾ അവന്റെ നെറ്റിയിൽ തലോടി. ആ രാത്രിക്ക് ശേഷം ദേവന്റെ മനസ്സിൽ അഞ്ജലിയുടെ മുഖം മങ്ങാൻ തുടങ്ങി. റിയ ഒരു അനിവാര്യതയായി അവന് തോന്നിത്തുടങ്ങി.
റിയയും ദേവനും ചേർന്ന് എടുത്ത ഫോട്ടോകൾ അവർ ഒരു രഹസ്യ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുമായിരുന്നു. “My constant”, “Life in desert” എന്നൊക്കെ ക്യാപ്ഷൻ നൽകി അവർ തങ്ങളുടെ ലോകം ആഘോഷിച്ചു. നാട്ടിലെ അഞ്ജലിക്ക് കാണാൻ കഴിയാത്ത വിധം ബ്ലോക്ക് ചെയ്തായിരുന്നു ഈ കളികളെല്ലാം.
ഈ സംഭവങ്ങളെല്ലാം ദേവനെ അഞ്ജലിയിൽ നിന്നും മകളിൽ നിന്നും മാനസികമായി ഒരുപാട് അകറ്റി. റിയയുടെ സ്മാർട്ട് ആയ പെരുമാറ്റവും അവൾ നൽകിയ സ്വാതന്ത്ര്യവും ദേവനെ ഒരു ലഹരി പോലെ പിടികൂടി.
നാട്ടിലെ വിളി കുറഞ്ഞു വന്നു. അഞ്ജലി വിളിക്കുമ്പോൾ “തിരക്കാണ്”, “മീറ്റിംഗിലാണ്” എന്നൊക്കെ പറഞ്ഞ് ദേവൻ ഒഴിഞ്ഞുമാറി. പതുക്കെ പതുക്കെ ദേവന്റെ ഹൃദയത്തിൽ അഞ്ജലിയുടെ സ്ഥാനം റിയ കൈക്കലാക്കാൻ തുടങ്ങി.
ഇതിന്റെയൊക്കെ ഒടുവിലാണ് അവൻ നാട്ടിലേക്ക് തിരിക്കുന്നത്—ഹൃദയത്തിൽ മറ്റൊരുവളെ പ്രതിഷ്ഠിച്ചുകൊണ്ട്.
ഒന്നര വർഷത്തിന് ശേഷം ദേവൻ നാട്ടിൽ അവധിക്ക് വന്നു. അഞ്ജലി സന്തോഷത്തിലായിരുന്നു. പക്ഷേ ദേവന്റെ പെരുമാറ്റത്തിൽ മാറ്റം വന്നത് അവൾ ശ്രദ്ധിച്ചു. അവൻ എപ്പോഴും ഫോണിലായിരുന്നു. ബാത്റൂമിൽ പോകുമ്പോൾ പോലും ഫോൺ കൂടെ കൊണ്ടുപോകും. ഫോൺ ലോക്ക് പാറ്റേൺ മാറ്റിയിരുന്നു.
അഞ്ജലി ഒരുക്കിയ ഭക്ഷണത്തിനോ അവളുടെ സാമീപ്യത്തിനോ അവന് പഴയ താൽപ്പര്യമില്ല. ഒരു രാത്രി, നിലമോൾ കരഞ്ഞപ്പോൾ ദേവൻ ദേഷ്യപ്പെട്ട് എഴുന്നേറ്റു.
“നീ ഇതിനെ ഒന്ന് അടക്കി നിർത്തുന്നുണ്ടോ? എനിക്ക് സമാധാനമായി ഉറങ്ങാൻ പോലും പറ്റുന്നില്ല!” അവൻ ആക്രോശിച്ചു.
“ദേവേട്ടാ, ഇത് നമ്മുടെ മോളല്ലേ? നിങ്ങൾ വന്നതിൽ പിന്നെ ഒന്ന് അവളെ എടുത്തിട്ട് പോലുമില്ല,” അഞ്ജലി സങ്കടത്തോടെ പറഞ്ഞു.
ദേവൻ മറുപടി പറയാതെ ഫോണും എടുത്ത് പുറത്തേക്ക് പോയി. അർദ്ധരാത്രിയിൽ അവൻ തിരികെ വന്ന് ഉറങ്ങിയപ്പോൾ, അവന്റെ ഫോണിൽ തുടർച്ചയായി വന്ന നോട്ടിഫിക്കേഷൻ ശബ്ദം കേട്ടാണ് അഞ്ജലി ഉണർന്നത്.
ആകാംക്ഷ അടക്കാനാവാതെ അവൾ ഫോൺ കയ്യിലെടുത്തു. മോളുടെ ഡേറ്റ് ഓഫ് ബർത്ത് പാസ്വേഡ് ആയി കൊടുത്തു നോക്കിയപ്പോൾ അത് തുറന്നു.
വാട്സ്ആപ്പിലെ ചാറ്റുകൾ കണ്ട അവൾ തകർന്നുപോയി. റിയയും ദേവനും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും പ്രണയ സന്ദേശങ്ങളും അവളുടെ കണ്ണുകളെ ഈറനണിയിച്ചു. “എപ്പോഴാണ് നീ തിരിച്ചു വരുന്നത്? നിനക്കില്ലാതെ എനിക്ക് പറ്റുന്നില്ല” എന്ന റിയയുടെ മെസ്സേജിന് “ഞാൻ ഉടനെ വരും പ്രിയേ” എന്ന ദേവന്റെ മറുപടി അവളുടെ ഹൃദയം തകർത്തു.
അന്ന് രാത്രി അവൾ ഒന്നുറങ്ങിയില്ല. കരഞ്ഞു തീർക്കാൻ കണ്ണുനീർ ബാക്കിയുണ്ടായിരുന്നില്ല. നേരം വെളുത്തപ്പോൾ ദേവൻ ഉണർന്നു. അഞ്ജലിയുടെ മുഖത്തെ ഭാവം കണ്ട് അവൻ പരുങ്ങി.
“അഞ്ജലി, എന്താ പറ്റിയത്?” അവൻ അറിഞ്ഞെന്നു നടിക്കാതെ ചോദിച്ചു.
അവൾ ഒന്നും മിണ്ടാതെ ഫോൺ അവന്റെ മുന്നിലേക്ക് എറിഞ്ഞു. ദേവന്റെ മുഖം വിളറി. അവൻ എന്തൊക്കെയോ ന്യായീകരിക്കാൻ ശ്രമിച്ചു.
“അത് വെറുമൊരു ഫ്രണ്ട്ഷിപ്പാണ് അഞ്ജലി … ഞാൻ… ഞാൻ ഒറ്റപ്പെട്ടപ്പോൾ…”
“ഒറ്റപ്പെട്ടപ്പോൾ വേറെ പെണ്ണിനെ തേടി പോകാനാണോ എന്നെയും മോളെയും ഇവിടെ തനിച്ചാക്കി പോയത്?” അവളുടെ ശബ്ദം ഇടറി. “എനിക്ക് ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ലെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാകും. പക്ഷേ എനിക്ക് വേണ്ടത് പണമല്ലായിരുന്നു, നിങ്ങളുടെ സ്നേഹവും വിശ്വാസവുമായിരുന്നു.”
ദേവൻ അവളുടെ കാലു പിടിച്ചു കരഞ്ഞു. പക്ഷേ അവൾ ഉറച്ച തീരുമാനമെടുത്തിരുന്നു. അവൾ വികാരങ്ങൾക്ക് അടിമപ്പെടാൻ തയ്യാറായിരുന്നില്ല.
നിലയെ ദേവന്റെ അച്ഛന്റെയും അമ്മയുടെയും കയ്യിൽ ഏൽപ്പിക്കുമ്പോൾ അവളുടെ ഉള്ളം പിടഞ്ഞു.
“മോളെ ഇവിടെ നിർത്തിയിട്ട് നീ എങ്ങോട്ടാ?” ദേവന്റെ അമ്മ ചോദിച്ചു.
“അമ്മേ, ഇവൾ ഈ വീട്ടിലെ അവകാശിയാണ്. ഞാൻ വന്നപ്പോൾ ഇവളെയും കൊണ്ടല്ലല്ലോ വന്നത്. അപ്പോൾ പോകുമ്പോഴും അങ്ങനെ തന്നെ വേണ്ടേ.ഇവളെ വളർത്താൻ എനിക്ക് പ്രാപ്തിയുണ്ട്, പക്ഷേ അച്ഛന്റെ സ്നേഹം കിട്ടേണ്ട പ്രായമാണിത്. ഇവിടെ ഇരിക്കട്ടെ. ഞാൻ എന്റെ വീട്ടിലേക്ക് പോകുന്നു.”
അഞ്ജലി ദേവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു, “നിങ്ങൾ സ്നേഹയോടൊപ്പം പൊയ്ക്കോളൂ. പക്ഷേ ഓർക്കുക, എന്നെ വഞ്ചിച്ചതുപോലെ അവളെയും, അവളെ വഞ്ചിച്ചതുപോലെ മറ്റൊരാളെയും നിങ്ങൾ തേടിപ്പോകും. കാരണം വിശ്വാസമില്ലാത്തവന് സ്നേഹിക്കാൻ അറിയില്ല.”
ദേവൻ തടയാൻ നോക്കിയെങ്കിലും അഞ്ജലി അവനെ തള്ളിമാറ്റി.
“നീ എവിടെ പോയി ജീവിക്കും?” ദേവൻ വിളിച്ചു ചോദിച്ചു.
“മരിച്ചുപോയ അഞ്ജലിയല്ല ഇത്. എനിക്ക് എന്റെ വഴി അറിയാം. നിങ്ങളുടെ ഔദാര്യമില്ലാതെയും എനിക്ക് ജീവിക്കാൻ കഴിയും.”
അഞ്ജലി ബാഗ് പാക്ക് ചെയ്തു. ദേവൻ വാതിൽക്കൽ തടഞ്ഞുനിന്നു.
“അഞ്ജലി , നീ എങ്ങോട്ടാ? എന്നോട് ക്ഷമിക്കൂ…”
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ പണ്ട് കണ്ട പ്രണയമായിരുന്നില്ല, മറിച്ച് കടുത്ത അവജ്ഞയായിരുന്നു.
“നിങ്ങൾ തന്ന ഈ മുറിവ് ഉണങ്ങാൻ എനിക്ക് സമയമെടുക്കും ദേവേട്ടാ. പക്ഷേ ആ സമയം ഞാൻ നിങ്ങളുടെ കൂടെ ചെലവഴിക്കാൻ ആഗ്രഹിക്കുന്നില്ല. പ്രണയത്തെക്കാൾ വലുതാണ് ആത്മാഭിമാനം.”
അവൾ പടിയിറങ്ങി. ഒരിക്കൽ സ്വപ്നങ്ങൾ നെയ്ത ആ വീടിന്റെ ഉമ്മറത്ത് മോളുടെ കരച്ചിൽ കേൾക്കാതിരിക്കാൻ അവൾ കാതുകൾ പൊത്തി. പക്ഷേ അവളുടെ ഉള്ളിൽ ഒരു ഉറച്ച തീരുമാനമുണ്ടായിരുന്നു—ഇനി ആർക്കും വേണ്ടി സ്വന്തം ജീവിതം ബലി കൊടുക്കില്ലെന്ന്.
✍️പ്രവീണ കൃഷ്ണ
