“നിനക്കെന്താ ടീ വികാരങ്ങളൊന്നുമില്ലേ… കിടക്കയിൽ വെറും മരപ്പാവ കണക്കെ മലർന്ന് കിടന്നാൽ എന്ത് സുഖം കിട്ടാൻ…. ഞാൻ കൂടെ കിടന്നിട്ടുള്ളവള് മാരിൽ ഒരുത്തിയുടെ ക്വാളിറ്റി പോകും നിനക്ക് ഇല്ലാണ്ട് പോയല്ലോ കഷ്ടം… ”
പുച്ഛത്തോടെ ബെഡിൽ നിന്നും എഴുന്നേറ്റു നിലത്ത് കിടന്ന ലുങ്കി എടുത്തു ഉടുത്തുകൊണ്ട് ഒരു സിഗരറ്റ് എടുത്ത് ചുണ്ടോട് ചേർത്തു അജീഷ്. പിന്നാലെ ബെഡിൽ കിടന്നിരുന്ന ഭാര്യ ഗൗരി അറപ്പോടെ എഴുന്നേറ്റു വസ്ത്രങ്ങൾ അണിഞ്ഞു.
“വികാരമുണ്ടാകണേൽ ഭർത്താവായി പെരുമാറണം.. വേട്ട മൃഗമായല്ല ഭാര്യയെ കാണേണ്ടത്… പിന്നേ..ഒന്നിലധികം സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട് എന്ന് ഭാര്യയുടെ മുന്നിൽ പറയുന്നത് ഒരു വല്യ ക്രെഡിറ്റ് ആയി തോന്നുന്നുണ്ടോ നിങ്ങൾക്ക്.. ഉണ്ടെകിൽ അതങ്ങിനെ അല്ല കേട്ടോ … വെറും അല്പത്തരം മാത്രമാണ് ഇതൊക്കെ ഇങ്ങനെ വീമ്പു പറഞ്ഞ് നടക്കുക എന്നത്.. ”
പുച്ഛത്തോടെ അവൾ അത് പറയുമ്പോൾ ഒന്ന് ചൂളിപ്പോയി അജീഷ്.
” നീ എന്താ എന്നെ ഭരിക്കാൻ വരുവാണോ.. അടങ്ങി ഒതുങ്ങി നിന്നോണം.. ഒച്ച വെളിയിൽ കേൾക്കരുത് .. വല്ലവന്റെയും കൂടെ പോയി വയറ്റിൽ ഉണ്ടാക്കി വന്ന നിന്നെ കെട്ടിയത് തന്നെ ഞാൻ ചെയ്ത പുണ്യം ആണ്… എന്റെ ഔദാര്യമാണ് നിന്റെ ഈ ജീവിതം അപ്പോ ഇങ്ങട് ഭരിക്കാൻ വരേണ്ട… ”
രോഷത്താൽ നിതിൻ തിരിച്ചടിക്കുമ്പോൾ മറുപടിയില്ലാതെ നിന്നു പോയി ഗൗരി.
” എന്താടി.. നിന്റെ നാവിറങ്ങി പോയോ… ”
അവളെ വെറുതേ വിടാൻ തയ്യാറായില്ല അവൻ.
” നാവുണ്ട്.. പക്ഷെ കൂടുതൽ തർക്കിക്കാൻ വയ്യ.. എന്നാലും പറയാം.. ശെരിയാണ് ഞാൻ പിഴച്ചവൾ ആണ്. തെറ്റ് പറ്റിപ്പോയി.. പ്രണയിച്ചവൻ ചതിച്ചപ്പോൾ അവന്റെ കൊച്ചിനെയും പേറി വന്ന എന്നെ നിങ്ങൾ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി… പക്ഷെ അതിനു തക്കതായത് എന്റെ അച്ഛന്റെന്ന് കണക്ക് പറഞ്ഞ് വാങ്ങീലെ നിങ്ങൾ… ഇന്നിപ്പോ ഈ കാണുന്ന സൗഭാഗ്യങ്ങൾ എല്ലാം ആ കാശ് കൊണ്ട് അല്ലെ ഉണ്ടായത് അത് മറക്കേണ്ട.. ”
സഹികെട്ടപ്പോൾ ഗൗരിയും പ്രതികരിച്ചു തുടങ്ങിയിരുന്നു.
” ഫാ! .. നായെ.. തർക്കുത്തരം പറയുന്നോ നീ.. എത്ര വാരിക്കോരി തന്നാലും ഞാനീ ചുമക്കുന്ന വിഴിപ്പിനോളം മൂല്യം വരില്ലെടി പെഴച്ചവളെ… പിന്നേ നിന്നെ ഇപ്പോഴും ഇങ്ങനെ ചുമക്കുന്നതിൽ ഞാനൊരു നേട്ടം കണ്ട് വച്ചിട്ടുണ്ട്.. അല്ലാരുന്നേൽ എന്നെ അടിച്ച് കളഞ്ഞേനെ ഞാൻ.”
അലറിക്കൊണ്ട് അവളുടെ ചെകിടിൽ ആഞ്ഞടിച്ചു അജീഷ്.
അടിയേറ്റ് പിന്നിലേക്ക് വേച്ചു പോയ ഗൗരി ചുവരിൽ ചെന്ന് തലയിടിച്ചാണ് നിന്നത്. വല്ലാത്ത വേദനയിൽ അവളുടെ മിഴികൾ തുളുമ്പിപ്പോയി..
” എന്ത് ദ്രോഹമാണ് ഞാനും എന്റെ കുഞ്ഞും നിങ്ങളോട് ചെയ്തത്… എല്ലാം അറിഞ്ഞു വച്ച് വന്ന് കെട്ടിയിട്ട് ഇങ്ങനെ ദ്രോഹിക്കണോ… ഞങ്ങളും മനുഷ്യർ ആണ്…. കല്യാണം കഴിഞ്ഞ അന്ന് മുതൽ തുടങ്ങിയതല്ലേ ഈ ഉപദ്രവം.. പിഴച്ചവൾ ആയത് കൊണ്ട് എന്നെ എന്ത് ചെയ്താലും എന്റെ വീട്ടുകാർ മൗനമാകുന്നത് നിങ്ങൾ മുതലെടുക്കുകയാണ് ”
പൊട്ടിക്കരഞ്ഞു പോയി അവൾ. എന്നാൽ കലി തുള്ളിയ അജീഷ് വീണ്ടും ആഞ്ഞു ചവിട്ടി അവളെ.. ഇത്തവണ അടി തെറ്റി നിലത്തേക്ക് വീണുപോയ ഗൗരി. അമിതമായ വേദനയിൽ ചൂളിപ്പോയി.
” എന്റെ കാൽക്കീഴിൽ.. എന്റെ കാൽക്കീഴിൽ ഒരു പട്ടിയെ പോലെ ചുരുണ്ടു കൂടി കിടന്നോണം.. നീ വായ തുറക്കേണ്ടത് എന്തിനാണെന്ന് ഞാൻ പറയും അപ്പോൾ തുറക്കണം….അത് കഴിഞ്ഞാൽ വീണ്ടും വായ പൊത്തി ചുരുണ്ടു കൂടിക്കോണം.. നായെ.. ”
അത് പറയുമ്പോൾ അനീഷിന്റെ മുഖത്ത് ഒരു കൊലയാളിയുടെ രൗദ്രഭാവമാണ് ഗൗരി കണ്ടത്. അമിതമായ വേദനയിൽ നിലത്തു നിന്നും എഴുന്നേൽക്കുവാൻ തന്നെ പാട് പെട്ടു അവൾ.
” അമ്മേ… ”
പെട്ടെന്നാണ് വാതിൽ തള്ളിത്തുറന്ന് ഉറക്കെ വിളിച്ചു കൊണ്ട് മകൾ ലക്ഷ്മി അവളുടെ അരികിലേക്ക് ഓടി എത്തിയത്..
” മോ.. മോളെ… ”
നിലത്തൂന്ന് പിടഞ്ഞെഴുന്നേറ്റു കുഞ്ഞിനെ വാരി പുണർന്നു പൊട്ടിക്കരഞ്ഞു പോയി ഗൗരി.
” വന്നല്ലോ കാന്താരി.. ഞാൻ കാത്തിരിക്കുന്നത് ഇവളൊന്ന് വലുതാകാൻ വേണ്ടിയാണ് ഇപ്പോ പത്ത് വയസ്സ്.. ഇനി അധിക നാളുകൾ ഇല്ല മൂക്കാൻ.. ഇപ്പോഴേ കൊച്ചിന് നല്ല കൊഴുപ്പ് ഉണ്ട്. ”
വഷളൻ ചിരിയോടെ അജീഷ് അത് പറഞ്ഞ നിമിഷം വല്ലാത്ത അറപ്പ് തോന്നിപ്പോയി ഗൗരിക്ക് ഒപ്പം ഭയവും.
‘മോളെ പോലെ കാണേണ്ട സ്ഥാനത്ത്… ‘
ലക്ഷ്മിയെ അവന്റെ കൺവെട്ടത്തിൽ നിന്നും മാറ്റി തന്നോട് ചേർത്ത് പിടിച്ചു അവൾ.
” നീ എത്ര ചിരകിനുള്ളിൽ ഒളിപ്പിച്ചാലും ഇവളെ ഞാൻ കൊത്തും ഗൗരി…. നിന്നെ ചുമക്കുന്നതിൽ ഞാൻ കണ്ട് വച്ചേക്കുന്ന ലാഭം അതിവളാ… ”
വഷളൻ ചിരിയിൽ ലക്ഷ്മിയെ ഒന്ന് കൂടി നോക്കി അജീഷ് മുറി വിട്ട് പുറത്തേക്ക് നടക്കുമ്പോൾ പൊട്ടിക്കരഞ്ഞു പോയി ഗൗരി.
“അച്ഛൻ ചീത്തയാ അമ്മേ… ഒറ്റയ്ക്ക് കണ്ടാൽ എന്നെ ബാഡ് ടച്ച് ചെയ്യും…”
ലക്ഷ്മി ആ പറഞ്ഞത് കൂടി കേൾക്കെ ആകെ തകർന്നു പോയി ഗൗരി. ആ നിമിഷം മുതൽ വല്ലാത്ത ദേഷ്യമായി തുടങ്ങി അവൾക്ക്. ഒരു തരം പക… ഈ തോന്ന്യവാസം ഇനി അനുവദിച്ചു കൂടാ എന്ന് മനസ്സിൽ തീരുമാനിച്ചു അവൾ
രാത്രിയിൽ പതിവ് പോലെ തന്നെ മദ്യപിച്ചു ലക്ക് കെട്ടാണ് അജീഷ് തിരികെയെത്തിയത്.
“ആഹാ.. കുളിച്ചു സുന്ദരിയായല്ലോ നീ… ”
കണ്ട പാടെ ഗൗരിയുടെ അരികിലേക്ക് മുഖം അടുപ്പിച്ചു അവൻ…
“അത്തറും പൂശി പുത്തനുടുപ്പും ഇട്ട് നിൽക്ക്.. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.. നല്ല ഹോട് മൂഡ്… നമുക്കൊന്ന് കൂടണം ഇന്ന്.”
വഷളൻ ചിരിയിൽ അവൻ ബാത്രൂം ലക്ഷ്യമാക്കി പോകുമ്പോൾ അറപ്പോടെ മുഖം തിരിച്ചു ഗൗരി.
കുളി കഴിഞ്ഞിറങ്ങിയ അജീഷ് നേരെ ബെഡിൽ അവളുടെ അരികിൽ ചെന്നിരുന്നു ..
“ഡ്രെസ് ഒന്നും ചേഞ്ച് ചെയ്തില്ലേ.. സാരമില്ല.. നീ ഒരു ജിന്നാണ് പെണ്ണെ.. എത്ര അനുഭവിച്ചാലും മതി വരില്ല… ഓരോ വട്ടം കഴിയുംതോറും നിന്റെ മൊഞ്ചു കൂടി വരുവാ.. ”
ബലമായി അവളെ പിടിച്ചു തന്നിലേക്കടുപ്പിച്ചു അജീഷ് . കുതറി മാറിയ ഗൗരി വെറുപ്പോടെ മുഖം തിരിച്ചു.അത് കണ്ടതും ക്ഷണനേരം കൊണ്ട് കലി മൂത്തു അവന് .
” പന്ന… മോളെ.. വെളച്ചിൽ ഇറക്കല്ലേ.. ഇവിടെ വാടി.. ”
കയ്യെത്തിച്ചു അവളെ പിടിച്ചു തന്നോടടുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗൗരി ഓടി മാറിയതോടെ ആ ശ്രമം പാളി. അതോടെ അജീഷിലെ മൃഗം ഉണർന്നു. അലറി വിളിച്ചു കൊണ്ട് അവൻ തനിക്ക് നേരെ പാഞ്ഞടുക്കുന്നത് കണ്ട് പെട്ടെന്ന് ഒരു രക്ഷയ്ക്കായി ഗൗരി ഓടി ബാത്റൂമിനുള്ളിലേക്ക് കയറി ഡോർ അടയ്ക്കാൻ തുനിഞ്ഞതും പിന്നാലെയെത്തിയ അവൻ വാതിൽ തള്ളി തുറന്നു. പിന്നിലേക്ക് വേച്ചു പോയ ഗൗരി സോപ്പും സാധങ്ങളും വച്ചിരുന്ന സ്റ്റാന്റിലാണ് ചെന്നിടിച്ചു നിന്നത്. സാധനങ്ങൾ നിലത്തേക്ക് ചിതറവേ. ഭയന്ന് വിറച്ചു നിന്നു പോയി അവൾ. എന്നാൽ അടങ്ങാത്ത കലിയിൽ ഓടി അകത്തേക്ക് കയറിയ അജീഷ് നിലത്തു കിടന്ന സോപ്പിൽ ചവിട്ടി മുന്നിലേക്ക് തെന്നിപ്പോയി. നിലത്തേക്ക് അവൻ മറിഞ്ഞു വീഴുമ്പോൾ ഭയന്ന് വിറങ്ങലിച്ചു നിന്നു പോയി ഗൗരി.. നിലത്തെ ടൈലിൽ പടർന്ന ചോര കണ്ട് തല കറങ്ങുന്ന പോലെ തോന്നി പോയി അവൾക്ക്.
***********************
” എപ്പോഴാ എടുക്കുന്നെ.. എങ്ങിനാ ഇത് പറ്റിയെ ”
” ആള് നല്ല അടിയാണ്… ഇന്നലെ രാത്രി അടിച്ച് പൂസായി ബാത്റൂമിൽ ചെന്ന് കേറിയതാ… കാല് തെന്നി നിലത്തേക്ക് വീണു. കൃത്യം തലയുടെ മർമ്മത്താ അടി കിട്ടിയത്. പെണ്ണുംപിള്ള അയൽവാസികളെയൊക്കെ വിളിച്ചു കൂട്ടിയപ്പോഴേക്കും ആള് മരിച്ചു.”
” നല്ലൊരു പയ്യനായിരുന്നു.. ഇനീപ്പോ ബിസിനസ് ഒക്കെ എന്താകോ എന്തോ നല്ലോണം ചെക്കൻ ഒന്ന് പച്ച പിടിച്ചു കേറി വന്നതായിരുന്നു… ”
“ഹാ അതൊക്കെ നോക്കാൻ അവന്റെ ഭാര്യ ഉണ്ടല്ലോ… അവൾക്ക് നല്ല വിദ്യാഭ്യാസമൊക്കെ ഉണ്ട് അവൾ നോക്കിക്കോളും അല്ലാണ്ട് എന്ത് ചെയ്യാൻ.”
ചർച്ചകൾ പലവിധമായിരുന്നു. അതേ അജീഷ് മരണപ്പെട്ടു.
അവന്റെ മൃദദേഹത്തിന് അരികിൽ ഒരു ചലനവുമില്ലാതെ ഇരുന്നു ഗൗരി..
‘എന്റെ കാൽക്കീഴിൽ അടങ്ങി ഒതുങ്ങി കഴിഞ്ഞോണം’
അജീഷിന്റെ ആ ഭീഷണി അപ്പോഴും അവളുടെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു…
‘ എന്റെ കാൽക്കീഴിൽ.. അല്ലെ നിങ്ങടെ ജീവൻ പൊലിഞ്ഞത്… വിധിയെ തടുക്കാൻ ആർക്കും പറ്റില്ലാലോ…’
ആത്മഗതത്തിൽ ലക്ഷ്മിയേ ചേർത്ത പിടിക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ തോന്നി അവൾക്ക്
‘മരണം ഒരിക്കലും ആഘോഷവും ആശ്വാസവും ആകരുത്…. പക്ഷെ ചില മരണങ്ങൾ അങ്ങിനെയായി പോകും.. അതിലൊന്നാണ് അജീഷിന്റെ.. അവന്റെ മരണത്തോടെ വല്ലാത്ത ആശ്വാസം തോന്നി ഗൗരിക്ക്..
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു
