” ഞങ്ങള് രണ്ടാളുമേ പോകുന്നുള്ളൂ…..
അനീഷേട്ടന്റെ ഫ്ലാറ്റിലാ സ്റ്റേ.. പൂരം കഴിഞ്ഞു അന്ന് രാത്രി തന്നെ ഞങ്ങൾ തിരികെ മടങ്ങും .. ”
രശ്മി പറഞ്ഞത് കേൾക്കെ നീരസത്തോടെ നോക്കി അമ്മ ദേവകി.
“മോളെ.. നീ ഇതെന്ത് ഭാവിച്ചാ.. കെട്ട്യോനോട് ഉടക്കി പിരിഞ്ഞു നിൽക്കുവാ നീ… അത് മറക്കേണ്ട..ഇപ്പോ തന്നെ നാട്ടുകാർക്കിടയിൽ അടക്കം പറച്ചിൽ ഉണ്ട് നിന്നെയും അനീഷിനെയും ചേർത്തിട്ട്.. ഇനീപ്പോ പൂരത്തിനു പോക്ക് കൂടി ആകുമ്പോ തികയും.. അതും ഒരു വീട്ടിൽ താമസവും ”
അമ്മ ആ പറഞ്ഞത് രശ്മിയ്ക്ക് ഒട്ടും ഇഷ്ടമായില്ല..
” ഇതെന്താ അമ്മേ നാട്ടുകാര് പറയണ പോലെ ജീവിക്കണോ ഞാൻ… പിന്നെ അനീഷേട്ടൻ.. ആ മനുഷ്യൻ ഇന്നേവരെ എന്നോട് മോശമായി ഒരു വാക്ക് പറഞ്ഞിട്ടില്ല ഒരു കൂടെപ്പിറപ്പിനെ പോലെ എന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ചേട്ടനാണ്.. അത് അമ്മയ്ക്കും അറിയില്ലേ… വേറെ ആരേലും ചെയ്യോ ഇങ്ങനൊക്കെ.. സാലറി കിട്ടീട്ട് മൂന്ന് മാസം ആയി… എന്നിട്ടും ഈ വീട്ടിലെ കാര്യങ്ങൾ ഞാൻ നോക്കുന്നത് ആ മനുഷ്യൻ തരുന്ന കാശ് വച്ചാ.. ഒരു ബന്ധവും ഇല്ലാതെ ആത്മാർത്ഥമായി സഹായിക്കുന്ന ആളാ..പിന്നെന്തിനാ ഇങ്ങനെ ഓരോന്ന് പറയുന്നേ..”
” എനിക്ക് അറിയാം.. അവൻ നമ്മുടെ കുടുംബത്തിന് ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്…പക്ഷെ മോളെ നീ ഇതെന്ത് ഭാവിച്ചാണ്.. അരുണും നീയും തമ്മിൽ പിണങ്ങി നിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ആകുന്നു.. എന്താ ഇതിന്റെ അവസാനം.. കുഞ്ഞിന്റെ കാര്യം എങ്കിലും ഓർത്തിട്ട് പരസ്പരം അഡ്ജസ്റ്റ് ചെയ്ത് പൊയ്ക്കൂടേ നിങ്ങൾക്ക്… അതിനു താത്പര്യം കാണിക്കാതെ ഇങ്ങനെ അനീഷുമൊത്ത് കറങ്ങിയാൽ ആൾക്കാർ എന്ത് പറയും..”
ദേവകിയുടെ വേവലാതികൾ കുറഞ്ഞിരുന്നില്ല…
” അമ്മേ എന്ത് അഡ്ജസ്റ്റ് മെന്റസ്.. അയാളെ ഞാൻ എത്ര മാത്രം സഹിച്ചു.. ഇനി വയ്യ… അവസാനമായി എന്നെ ഫോൺ ചെയ്തപ്പോൾ അയാൾ പറഞ്ഞത് എന്താണെന്ന് അമ്മയും കേട്ടതല്ലേ… അയാള് കാശ് കൊടുത്തു കൂടെ കിടത്തിയവള് മാരുടെന്ന് കിട്ടുന്ന സുഖം പോലും എന്നിൽ നിന്നും കിട്ടുന്നില്ല എന്ന്.. ഇതിനപ്പുറം ഒരു പെണ്ണ് സഹിക്കും ന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ… ഇനി അയാളുമായി ഒന്നിക്കാൻ ഞാൻ ഇല്ല.. പിന്നേ അനീഷേട്ടൻ. അതൊരു പാവമാ. എന്റെ കഷ്ടതകൾ കണ്ടിട്ട് എത്ര മാത്രം സഹായിച്ചു ന്ന് അറിയോ.. ”
രശ്മിയുടെ മറുപടികൾ ഒന്നും അമ്മയ്ക്ക് തൃപ്തികരമായിരുന്നില്ല.
” മോളെ എന്തൊക്കെ പറഞ്ഞാലും എത്ര കൂട്ട് എന്ന് പറഞ്ഞാലും എല്ലാത്തിനും ഒരു പരിധി ഉണ്ട്. ശെരിയാണ് നീയും ഭർത്താവും പിണങ്ങിയതിന് ശേഷം ഒരു സുഹൃത്ത് എന്ന നിലയിൽ നിന്റെ എല്ലാ കാര്യങ്ങളും നോക്കാനും സഹായിക്കാനും അനീഷ് മനസ്സ് കാട്ടി. പക്ഷെ അതൊക്കെ ഏതൊക്കെ വിധത്തിൽ വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്ന് മോൾക്ക് അറിയോ.. നീ കെട്ട്യോനെ ഒഴിവാക്കിയിട്ട് അനീഷിനെ കൂടെ കൊണ്ട് നടന്നു മുതലെടുക്കുന്നു എന്നാണ് നാട്ടിൽ സംസാരം ആ ചെക്കനാണെ പത്ത് മുപ്പത്തിയഞ്ചു വയസ്സ് കഴിഞ്ഞിട്ടും കല്യാണം കഴിച്ചിട്ടില്ല അതും ഇപ്പോ നിന്റെ പേരിൽ ആണ്.. അവനെ നീ വശികരിച്ചു വച്ചേക്കുവാണെന്നാണ് സംസാരം.ഇതൊക്കെ കേൾക്കുമ്പോ ഞങ്ങടെ മാനസികാവസ്ഥ നീ ഒന്നോർത്ത് നോക്ക് മോളെ.. ”
ദേവകി ആ പറഞ്ഞത് രശ്മിയ്ക്കും വലിയൊരു ഷോക്ക് ആയിരുന്നു.
” അമ്മേ എന്തൊക്കെയാ ഈ നാട്ടുകാര് പറഞ്ഞുണ്ടാക്കുന്നെ… ആ പാവം എന്റെ അവസ്ഥ കണ്ടിട്ട് ഒപ്പം നിൽക്കുന്നതാണ്.. പിന്നേ പണ്ടെങ്ങോ ഉള്ളൊരു പ്രേമനൈരാശ്യം കാരണമാണ് വിവാഹം വേണ്ടെന്ന് വച്ച് നടക്കുന്നതും… ഇതിപ്പോ എന്നെ സഹായിച്ചതിന്റെ പേരിൽ ആ പാവത്തിനും ചീത്തപ്പേര് ആകുമോ… ”
വിഷമത്തോടെ അവൾ ചോദിക്കുമ്പോൾ പതിയെ ചുമലിൽ കൈ വച്ചു ദേവകി.
” മോളെ അതാ അമ്മ പറയുന്നേ.. നീ കാരണം അവന് ഒരു ദോഷം ഉണ്ടാകരുത്.. അവൻ കാരണം നിനക്കും… അതുകൊണ്ട് ഒരല്പം അകലം പാലിക്കണം അതാ രണ്ടാൾക്കും നല്ലത്.. നീ കോളേജു കുമാരി അല്ല കെട്ടി ഒരു കുഞ്ഞും ആയ ശേഷം ഭർത്താവുമായി പിണങ്ങി നിൽക്കുന്നവൾ ആണ് ”
മറുപടി ഒന്നും പറഞ്ഞില്ല രശ്മി. പറയാൻ തോന്നിയില്ല എന്നതാണ് വാസ്തവം. പതിയെ തിരിഞ്ഞു നടന്നു അവൾ.. എന്നാൽ നടന്നു മുൻവശത്തേക്ക് എത്തുമ്പോൾ ഒരു ചെറിയ ഞെട്ടൽ ആ മുഖത്ത് തെളിഞ്ഞു.. അവളുടെ മാത്രം അല്ല പിന്നിൽ നിന്നിരുന്ന ദേവകിയുടെയും. കാരണം അവർ സംസാരിച്ചത് ഒക്കെയും കേട്ട് കൊണ്ട് അനീഷ് വീടിനു മുൻ വശത്തു നിന്നിരുന്നു.
“ചേ.. ചേട്ടാ… എ. എപ്പോ വന്നു.. വാ ഇരിക്ക് ”
രശ്മിയുടെ പതർച്ച കണ്ട് ചിരിച്ചു പോയി അനീഷ്.
” നീ ഇങ്ങനെ അഭിനയിക്കല്ലേ രശ്മി.. ഞാൻ കേട്ടു നിങ്ങൾ തമ്മിൽ ഉള്ള സംഭാഷണം ”
” മോനെ.. അത്.. നാട്ടിലൊക്കെ ഒരു സംസാരം ഉണ്ട് അതാ ഞാൻ പറഞ്ഞെ.. മോൻ അതിൽ വിഷമം വിചാരിക്കരുത്… ”
അവർക്കിടയിലേക്ക് ദേവകിയും വന്ന് കയറി
” അറിയാം അമ്മേ.. ഞാനും കേട്ടു അങ്ങിനെ പലതും.. ഇപ്പോ ഈ രാത്രിയിൽ പോലും ഞാൻ ഇവിടേക്ക് വരാൻ കാരണവും അത്തരം ചില സംഭാഷണങ്ങൾ ആണ്. ”
മറുപടി പറഞ്ഞ് കൊണ്ട് വീടിനുള്ളിലേക്ക് കയറി പതിയെ ചെയറിലേക്ക് ഇരുന്നു അനീഷ്.
” എന്താ ചേട്ടാ.. നാട്ടുകാർ അങ്ങിനെ പലതും പറയും ചേട്ടൻ അതിൽ ടെൻഷൻ അടിക്കേണ്ട.. പിന്നെ അമ്മ പറഞ്ഞതിൽ കുറച്ചു കാര്യം ഉണ്ട്.. നമ്മളൊന്ന് ശ്രദ്ധിക്കണം എന്ന് തോന്നുന്നു…. അല്ലെങ്കിൽ ഞാൻ കാരണം ചേട്ടന് ഒരു ചീത്തപ്പേര് ആകും ”
രശ്മിയും അനീഷിനരുകിലായി ഇരുന്നു. ആ സമയം ദേവകിയെ ഒന്ന് നോക്കി അനീഷ്.
” അമ്മയും ഒന്ന് വായോ.. ഇവിടൊന്ന് ഇരിക്ക്.. എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്… ”
അത് കേൾക്കെ സംശയത്തോടെ പരസ്പരം നോക്കി ദേവകിയും രശ്മിയും ശേഷം അവർക്കരികിലായി ചെയറിൽ ഇരുന്നു ദേവകിയും.
” എന്താ മോനെ.. എന്താ നിനക്ക് പറയാൻ ഉള്ളത്. ”
സംശയത്തിൽ അവർ നോക്കുമ്പോൾ രശ്മിയും ആകാംഷയോടെ ഇരുന്നു.
” വേറൊന്നുമല്ല… അറിയാലോ നാട്ടിലെ സംസാരം.. പച്ചയ്ക്ക് പറഞ്ഞാൽ ഞാൻ ദേ ഇവളെ വച്ചോണ്ടിരിക്കുവാ എന്നാണ് ഇപ്പോ സംസാരം…. ”
അത് കേൾക്കെ നടുക്കത്തിൽ പരസ്പരം നോക്കിപ്പോയി രശ്മിയും ദേവകിയും…
” നിങ്ങൾ ടെൻഷൻ ആകേണ്ട ഇതൊക്കെ നിങ്ങളും കേൾക്കുന്നുണ്ടല്ലോ.. സോ ഇതിനൊരു അവസാനം വരുത്തണം ന്ന് തോന്നി എനിക്ക് അതാ ഇപ്പോ തന്നെ വന്നേ.. ”
” എന്ത് അവസാനം ചേട്ടാ.. എങ്ങിനെ… നാട്ടുകാരുടെ വായ മൂടി കെട്ടുവാൻ പറ്റോ നമുക്ക് ”
രശ്മി സംശയത്തിൽ നോക്കി.
” എടോ.. നിനക്ക് അറിയാലോ… പണ്ട് ജീവനെ പോലെ സ്നേഹിച്ചതാ ഞാൻ കാവ്യയെ… പക്ഷെ എന്നേക്കാൾ നല്ലൊരു ബന്ധം കിട്ടിയപ്പോ അതിന്റെ പിന്നാലെ പോയി അവൾ. ആ ഒരു ഷോക്കിൽ ആണ് ഇത്രയും നാളും വിവാഹം പോലും വേണ്ട ന്ന് വച്ചു… പക്ഷെ ഇന്നിപ്പോ നാട്ടുകാരുടെ ഈ പരദൂഷണം പറച്ചിൽ കേട്ടപ്പോൾ വാശി തോന്നുന്നു എനിക്ക്… ”
ഒന്ന് നിർത്തുമ്പോൾ സംശയത്തിൽ തന്നെ നോക്കി ഇരിക്കുന്ന രശ്മിയെയും ദേവകിയെയും ഒന്ന് നോക്കി വീണ്ടും തുടർന്ന് അവൻ
” രശ്മി… നീയോ നിന്റെ കുഞ്ഞോ എനിക്കൊരു ബാധ്യതയല്ല.. ഇത്രയും നാളും നിങ്ങടെ പല ചിലവുകളും എല്ലാം ഞാനാണ് നോക്കിയത്.. അതിനെ അവിഹിതം എന്നൊരു പേരിൽ വിളിച്ചു നാട്ടുകാർ.. എന്നാൽ ഇനി നമുക്ക് അത് നിയമപരമാക്കാം..നിന്നെ എനിക്ക് ഇഷ്ടമാണ്. ഞാൻ കെട്ടട്ടെ നിന്നെ.. ”
ആ ചോദ്യം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു രശ്മിയേ.. ദേവകിയും അതിശയത്തോടെ നോക്കി.
” മോനെ.. നീ.. ഇവൾ.. ഇവൾ ഒറ്റയ്ക്ക് അല്ലല്ലോ കുഞ്ഞും ഇല്ലേ.. മാത്രല്ല നീ.. നിനക്ക് വേറൊരു നല്ല ബന്ധം കിട്ടില്ലേ… ”
അവിശ്വസനീയമായി തന്നെ ചോദിച്ചു ദേവകി.
” വേറെ ഏത് നല്ല ബന്ധം അമ്മാ.. വയസ്സ് മുപ്പത്തിയഞ്ചു കഴിഞ്ഞു… കിളവനായി തുടങ്ങി. ഇനീപ്പോ എനിക്ക് ഇവള് മതി.. ഇവളെയും കെട്ടി കുറ്റം പറഞ്ഞ നാട്ടുകാർക്ക് മുന്നിലൂടെ നടക്കണം.. അതാണ് ഇപ്പോ എന്റെ ആഗ്രഹം ”
ഒക്കെയും കേട്ട് മൗനമായി തന്നെ ഇരുന്നു രശ്മി. അവളുടെ മിഴികൾ അപ്പോൾ തുളുമ്പുന്നുണ്ടായിരുന്നു.
” എന്താടോ.. തനിക്ക് ഒന്നും പറയാൻ ഇല്ലേ എന്തേലും ഇഷ്ടക്കേട് ഉണ്ടോ എന്നോട്.. ഉണ്ടേൽ പറയ് കേട്ടോ.. ”
തന്നോടായി അനീഷ് ചോദിക്കുമ്പോൾ പൊട്ടിക്കരഞ്ഞു പോയി അവൾ.
” ഏയ്. കരയല്ലേ.. രശ്മി… ”
അത് കണ്ട് അനീഷും വല്ലാണ്ടായി.
” ചേട്ടാ.. വേണ്ട.. വാശിയല്ല ജീവിതം.. ചേട്ടന് എന്നെ പോലൊരു രണ്ടാം കെട്ട്കാരി വേണ്ട…. നല്ല പെൺകുട്ടികളെ കിട്ടും നിങ്ങൾക്ക്.. ഞാൻ ഭാഗ്യം കെട്ടവൾ ആണ്.. എന്നെ കൂടെ കൂട്ടിയാൽ ആ ഭാഗ്യക്കേട് ചേട്ടനെയും ബാധിക്കും.. ”
പറഞ്ഞ് നിർത്തുമ്പോൾ അവളുടെ ചുമലിലേക്ക് കൈ വച്ചു അനീഷ്.
” ഈ ഭാഗ്യക്കേടിനെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ചുമക്കുകയല്ലേ ഞാൻ.. ഇതുവരെയും പ്രശ്നങ്ങൾ ഒന്നും ഇല്ലാലോ.. അപ്പോ ഇനി അങ്ങടും ഉണ്ടാകില്ല.. ഈ തീരുമാനം നാട്ടുകാരുടെ വാ അടപ്പിക്കാൻ മാത്രമല്ല…കുറച്ചു നാളുകളായി ഇഷ്ടമാണ് എനിക്ക് തന്നെ.. ”
ഒക്കെയും കേട്ടിരുന്ന ദേവകിയുടെ മിഴികളും നിറഞ്ഞു തുളുമ്പി. അതോടെ പതിയെ എഴുന്നേറ്റു അനീഷ്..
” നിങ്ങൾക്ക് രണ്ടാൾക്കും എതിർപ്പുകൾ ഒന്നുമില്ല എന്ന് വിശ്വസിക്കുന്നു ഞാൻ. അങ്ങിനെ ആണേൽ അരുണുമായുള്ള ബന്ധം വേർപെടുത്തുവാൻ കേസ് ഫയൽ ചെയ്യ് ആദ്യം.. ഡിവോഴ്സ് കിട്ടിയാൽ അടുത്ത ദിവസം ക്ഷേത്രത്തിൽ വച്ച് തന്നെ താലി ചാർത്താം ഞാൻ.. ”
ഇത്തവണ പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല രശ്മിയ്ക്ക്.ഓടി ചെന്ന് അനീഷിന്റെ നെഞ്ചോട് ചേർന്നു അവൾ..
ഉള്ളിലെ സങ്കടങ്ങൾ എല്ലാം തീരുമാറ് പൊട്ടിക്കരഞ്ഞു .
ഒക്കെയും കണ്ട് സംതൃപ്തിയിൽ നോക്കി നിന്നു ദേവകിയും…
രശ്മിയേ തന്നിൽ നിന്നും അടർത്തി പതിയെ അവളുടെ കവിളിൽ ഒന്ന് തട്ടി അനീഷ്..
” ഇനി വിഷമിക്കേണ്ടടോ.. ഫുൾ ടൈം ഞാൻ ഒപ്പം ഉണ്ടാകും… എന്തും നമുക്ക് നേരിടാം ”
ആ വാക്കുകളിൽ വല്ലാത്തൊരു സുരക്ഷിതത്വം ഫീൽ ചെയ്തു രശ്മിയ്ക്ക്. ദേവകിയാകട്ടെ ജീവിതത്തിൽ നല്ല നിമിഷങ്ങൾ വരാൻ പോകുന്നതോർത്തു തൊഴുകയ്യോടെ ദൈവത്തിനു നന്ദി പറഞ്ഞു.
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു
