ശ്രീകാന്ത് എത്താൻ താമസിക്കുന്തോറും ഒരു ടെൻഷൻ..ഇന്നത്തെ പോലെ ഒരിക്കലും താമസിച്ചിട്ടില്ല.
ഒന്ന് വിളിച്ചാലോ..
മൊബൈൽ ഫോൺ എടുത്തു നമ്പർ സെലക്ട് ചെയ്യുമ്പോഴാണ് പുറത്ത് കാറിന്റെ ശബ്ദം കേട്ടത്.
എത്തീന്ന് തോന്നുന്നു.
അവൾ ഉത്സാഹത്തോടെ ഓടിച്ചെന്നു വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ച അത്ര സുഖമുള്ളതായിരുന്നില്ല.
ശ്രീയെ വിടാൻ കൂട്ടാക്കാതെ വട്ടം പിടിച്ചു നിൽക്കുന്നു കിച്ചു.!
ഓടിയിറങ്ങി ചെന്നു.
“എന്താ മോനേ ഇത്. പപ്പയ്ക്ക് പോകേണ്ടതല്ലേ. നീ ഇങ്ങോട്ട് മാറിയേ..”
അവൻ പക്ഷെ അവളുടെ കൈകൾ തട്ടിമാറ്റിക്കൊണ്ട് ഉറക്കെ കരയാൻ ആരംഭിച്ചു.
“പോകല്ലേ പപ്പാ.. എന്നെ ഇട്ടേച്ചു പോകല്ലേ. എനിക്ക് അമ്മയുടെ കൂടെ നിൽക്കണ്ട. ഞാൻ പപ്പയുടെ കൂടെ വരാം. എന്നെകൂടി കൊണ്ട് പോ പപ്പാ.. ഈ അമ്മയെ എനിക്ക് ഇഷ്ടമല്ല..എനിക്ക് ഇവിടെ നിൽക്കണ്ടായേ..”
നിന്നിടത്ത് നിന്ന് ഉരുകി പോയി.
ശ്രീകാന്ത് തന്നെ പാളി നോക്കുന്നുണ്ട്.
അവന്റെ മുറുകി നിന്ന കൈകൾ പിടിച്ചു മാറ്റിക്കൊണ്ട് അയാൾ കനത്ത ശബ്ദത്തിൽ പറഞ്ഞു.
“കിച്ചൂ ശാഠ്യം പിടിക്കാതെ അമ്മയുടെ അടുത്തേയ്ക്ക് ചെല്ല്.. നല്ല കുട്ടിയല്ലേ. പപ്പാ നാളെ നേരത്തെ വരാം എന്നിട്ട് നമുക്ക് പാർക്കിലും ബീച്ചിലുമൊക്കെ പോകാം.”
“വേണ്ടാ, എനിക്കെങ്ങും പോണ്ടാ. എനിക്ക് പപ്പയുള്ളടത്ത് നിന്നാൽ മതി. എനിക്കിവിടെ ഒട്ടും ഇഷ്ടല്ല..”
നെഞ്ചു പറിഞ്ഞു പോകുന്നത് പോലെ..
ഇത്രയും നാൾ പൊന്നേ തേനേ എന്നൊക്കെ വിളിച്ചു വളർത്തിയ ഒരേയൊരു മകനാണ് നിമിഷനേരം കൊണ്ട് തന്നെ തള്ളിപ്പറയുന്നത്. അതും തന്റെ മുൻ ഭർത്താവിനോട്.
ഏതൊരമ്മയാണ് ഈ അപമാനം സഹിക്കുന്നത്.
പെട്ടന്ന് അകത്ത് കയറി വാതിൽ വലിച്ചടയ്ക്കാനാണ് തോന്നിയത്.
ആരുമില്ലെങ്കിലും ഇവനൊരാൾ ഉണ്ടല്ലോ കൂട്ടിനെന്ന് സമാധാനിച്ചിരുന്നത് വെറുതെയായത് പോലൊരു തോന്നൽ.
വല്ലാതെ നിറഞ്ഞു പോയ കണ്ണുകൾ ശ്രീ കാണാതെയിരിക്കാൻ മുഖത്തൊരു ചിരി ഫിറ്റ് ചെയ്ത് വെച്ചു.
അവൾക്ക് അവിടെ നിൽക്കാൻ പോലും തോന്നിയില്ല. ഒരപരിചിതയെ പോലെ ആ അവസരത്തിനു ചേരാത്ത ഒരുവളാണ് താനിപ്പോൾ..
ചാരുവിന്റെ മുഖത്തെ ഭാവമാറ്റം ശ്രീ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അവൾക്ക് തന്റെ മുന്നിൽ വെച്ച് മകനങ്ങനെ പറയുന്നതിൽ അപമാനം ഉണ്ടാവുമെന്ന് അറിയാം. പക്ഷെ, എന്ത് ചെയ്യാനാണ് പറിച്ചെറിഞ്ഞാലും വിട്ട് പോകാത്തത് പോലെ നിന്നു നിലവിളിക്കുന്ന മകനെയോർത്തു അയാൾക്ക് ദുഃഖം തോന്നി.
തങ്ങളുടെ സെപ്പറേഷൻ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് കിച്ചുവിനെയാണ്. അവന്റെയീ പ്രായത്തിൽ അച്ഛനോടും അമ്മയോടും ഒപ്പം ജീവിക്കുന്നതാണ് അവന്റെ സന്തോഷവും സമാധാനവും. ചാരുവിനെക്കാൾ ഒരല്പം കൂടുതൽ സ്നേഹം പണ്ടേ അവന് തന്നോടാണ്.
പുറത്ത് കൊണ്ട് പോകുന്നതും ഇഷ്ടപ്പെട്ട സ്വീറ്റസ് വാങ്ങിച്ചു കൊടുക്കുന്നതുമെല്ലാം താനാണല്ലോ..
സിറ്റൗട്ടിൽ നിന്നിരുന്ന ചാരു അവിടെ ഉണ്ടായിരുന്നില്ല. കയറിപ്പോയെന്നു തോന്നുന്നു.
എന്താണ് വേണ്ടത്.. അവനെ അവിടെ ഉപേക്ഷിച്ചു പോകണോ..
ഒടുവിൽ മനസ്സില്ലാ മനസ്സോടെ അയാൾ അവനെ പൊക്കിയെടുത്തു സിറ്റൗട്ടിലേയ്ക്ക് കയറി ബെല്ലടിച്ചു.
വാതിലിനപ്പുറം അവൾ നിൽപ്പുണ്ടാവുമെന്ന് അവനറിയാം..
പെട്ടന്ന് വാതിൽ തുറന്നു ചാരു മുഖം കാണിച്ചു.
അവൾ കരയുകയായിരുന്നോ.. കണ്ണീർ നനഞ്ഞുണങ്ങിയ പാടുകൾ കവിളിൽ ചിത്രം വരച്ചിരിക്കുന്നു..!
കിച്ചുവിനെ എടുത്തു കൊണ്ട് നിൽക്കുന്ന ശ്രീകാന്തിനെ കണ്ട് അവൾ കയ്യ് നീട്ടി. അവൻ മുഖം തിരിച്ചു കൊണ്ട് അയാളുടെ കഴുത്തിൽ രണ്ട് കയ്കൾ കൊണ്ടും ബലമായി പിടിച്ചു.
അവൾ അവന്റെ എതിർപ്പ് വകവെക്കാതെ മകനെ അയാളിൽ നിന്ന് അടർത്തിയെടുത്തു.
അവന്റെ കരച്ചിൽ ഉച്ചസ്ഥായിലായി.
അയാൾ അത് കാണാനുള്ള കെൽപ്പില്ലാത്തത് പോലെ പെട്ടന്ന് അവിടെനിന്നും ഇറങ്ങിപ്പോയി.
“എടാ മോനെ നിനക്ക് അമ്മയെ വേണ്ടാതായോ. ഞാൻ അല്ലേ നിന്നെ ഇത്രയും നാൾ നോക്കിയത്. നിന്റെ കാര്യങ്ങൾ എല്ലാം ചെയ്തു തന്നത്.
പിന്നെ പെട്ടന്ന് എന്താ അമ്മയോട് ഇഷ്ടമില്ലാതായത്.”
അവൻ അവളിൽ നിന്ന് കുതറി.
“അമ്മ ചീത്തയാ..എനിക്ക് പപ്പാ മതി..”
അവളുടെ നിയന്ത്രണം വിട്ടു പോയി.
തലങ്ങും വിലങ്ങും അവനെ തല്ലി.
“ഞാൻ എന്ത് ചീത്തയാണെടാ ചെയ്തത്. നിന്നെ കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ പൊന്ന് പോലെ വളർത്തിയതോ.. അതാണോടാ ഞാൻ ചെയ്ത തെറ്റ്.. പറയെടാ ”
അവളുടെ ദേഷ്യം തീരുംവരെ അവനെ തല്ലി.. അതൊരു വെറും ആറു വയസ്സ് മാത്രമുള്ള കുട്ടിയാണെന്ന് അവൾ ഓർത്തില്ല.. മനസ്സിന്റെ നീറ്റലും, പൊള്ളലും, അപമാനവും എല്ലാം അടങ്ങുന്നത് വരെ അവൾ അവന്റെ മുഖത്തേക്ക് പോലും നോക്കിയില്ല.
അന്ന് ആ വീട്ടിൽ ആരും ഒന്നും കഴിച്ചില്ല. നേരം എത്രയായി എന്ന് പോലും അറിയില്ല.. മൊബൈൽ എടുത്തു നോക്കിയപ്പോൾ ഒൻപതര!
മുറിയിൽ എങ്ങും കിച്ചുവിനെ കണ്ടില്ല.
കണ്ണീര് പറ്റിപ്പിടിച്ച മുടിയിഴകൾ മുഖത്ത് നിന്ന് അവൾ ഒതുക്കി വെച്ചു.ഹാളിലെ സോഫയിൽ കമഴ്ന്ന് കിടന്നുറങ്ങുന്ന കിച്ചുവിനെ കണ്ടപ്പോൾ കുറ്റബോധം തോന്നി..
എത്ര തല്ലാണ് അവന് കൊടുത്തത്.. താനിത്ര ദുഷ്ടയായിപ്പോയല്ലോ.. ഒരു കൊച്ചു കുഞ്ഞാണെന്ന് പോലും ഓർക്കാതെ തന്റെ ദേഷ്യം മുഴുവനും അവനിൽ തീർത്തു.
നാളെയവൻ ശ്രീയോട് പറഞ്ഞു കൊടുക്കും. അമ്മ അവനെ ഉപദ്രവിച്ചത്.
നോക്കാൻ വയ്യെങ്കിൽ വല്ല ഓർഫനെജിലും കൊണ്ട് കൊടുക്കാൻ പറയും.. എന്നാലും ഞാൻ കൊണ്ട് പൊയ്ക്കോളാം എന്നയാൾ പറയില്ലല്ലോ..!
എങ്ങനെ പറയാനാണ്.. രണ്ടാം ഭാര്യയിൽ ഉണ്ടായ കുട്ടിയോടൊപ്പം വളർത്താൻ അയാൾ തയ്യാറാവുമോ. അതിന് അവൾ സമ്മതിക്കുമോ..
പിന്നെ എന്തിനു വേണ്ടിയാണ് ഇവനെ ഇങ്ങനെ കാണാൻ വരുന്നത്. തന്റെ സ്വസ്ഥത നശിപ്പിക്കാനോ..
അവൾ അവനെ വാരിയെടുത്തു..
“സോറി മോനേ.. അമ്മയോട് ക്ഷമിക്ക്. ഇനിയൊരിക്കലും എന്റെ പൊന്ന് മോനേ അമ്മ തല്ലില്ല. മോന് വിശക്കുന്നില്ലേ.
അമ്മ ചോറ് വാരിത്തരട്ടെ..”
അവൻ വാടിയ ചേമ്പിൻ തണ്ട് പോലെ അവളുടെ തോളിൽ ചാഞ്ഞു കിടന്നു.
അവൾക്ക് കണ്ണുനീര് അടക്കാൻ കഴിഞ്ഞില്ല. ഏതു ഗംഗയിൽ പോയി കുളിച്ചാലാണ് തന്റെയീ പാപം മാറുന്നത്..
അവൾ ചോറ് വാരികൊടുത്തപ്പോൾ എതിർപ്പ് ഒന്നും പറയാതെ കഴിച്ചു.
“എന്റെ പൊന്ന് മോനല്ലാതെ അമ്മയ്ക്ക് വേറെ ആരാ ഉള്ളത്. അമ്മയെ ഉപേക്ഷിച്ചു പപ്പയുടെ കൂടെ പോയാല് അമ്മ പിന്നെ ജീവിച്ചിരിക്കില്ല..”
അവൻ ഒന്നും മിണ്ടിയില്ല. ഊണും കഴിഞ്ഞു വായും കഴുകിച്ച് അവനെ മുറിയിൽ കൊണ്ട് കിടത്തി.
അവന്റെയൊപ്പം ചേർന്ന് കിടന്നു കൊണ്ട് ആ കുഞ്ഞ് ദേഹം മെല്ലെ തലോടി.
“ഇനി പപ്പാ വരുമ്പോൾ മോൻ ആ കൂടെ പൊയ്ക്കോ കേട്ടോ. പക്ഷെ അമ്മയെ ഉപേക്ഷിച്ചിട്ടല്ല, അമ്മയാണോ അവിടെയുള്ളവരാണോ മോന് നല്ലതായി തോന്നുന്നതെന്ന് മനസ്സിലാക്കാൻ മാത്രം. എന്താ സമ്മതമാണോ..”
അവൻ ഒന്ന് മൂളിയെന്ന് തോന്നി.
അവിടെ പോയി നിൽക്കട്ടെ.. അപ്പോൾ ഏതാണ് ശരിയെന്നും തെറ്റെന്നും അവൻ സ്വയം തിരിച്ചറിഞ്ഞു കൊള്ളും…
എല്ലാം ഇനി അവൻതനിയെ മനസ്സിലാക്കുന്നതാണ് നല്ലത്. ഒന്നും അടിച്ചേൽപ്പിക്കരുത്. അത് തന്നെ കൂടുതൽ വെറുക്കാനാണ് കാരണമാകുന്നത്.
മോൻ ഉറങ്ങിയെന്നു തോന്നുന്നു.
എഴുന്നേറ്റു പതിയെ ഒരു ഷീറ്റെടുത്തു പുതപ്പിച്ചിട്ടവൾ മുറി വിട്ടു.
കിച്ചണിൽ പാത്രങ്ങൾ കഴുകാൻ ഉണ്ട്.
ഉണങ്ങിയ തുണികൾ മടക്കി വെയ്യ്ക്കാനും കിടക്കുന്നു.
രാവിലെ എട്ടു മണിക്ക് കിച്ചുവിനെ സ്കൂൾ ബസിൽ കയറ്റി വിട്ടിട്ട് ഓഫീസിൽ പോകാനുള്ള തിരക്കിൽ പലതും വൈകിട്ടത്തേയ്ക്ക് മാറ്റിവെയ്ക്കുകയാണ് പതിവ്..
ശ്രീകാന്തിനോടൊപ്പം കഴിഞ്ഞിരുന്ന നാളുകളിൽ ഒന്നിച്ചാണ് രണ്ടു പേരും ജോലിക്ക് പോയിരുന്നത്.
ശ്രീയ്ക്ക് ബാങ്കിലാണ് ജോലി. താൻ പക്ഷെ പ്രൈവറ്റ് കോളേജിലെ ഓഫീസ് അസിസ്റ്റന്റ് ജോലിയ്ക്ക് പോകുന്നതിനോട് ശ്രീയ്ക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷെ, വെറുതെ വീട്ടിൽ പകലന്തിയോളം കുത്തിയിരുന്ന് നേരം കളയാൻ അവൾക്ക് സമ്മതമായിരുന്നില്ല.
ആദ്യനാളുകൾ സ്വർഗ്ഗതുല്യമായിരുന്നു.ശ്രീയുടെ ജോലി സ്ഥലത്തു തന്നെ അധികം ദൂരത്തല്ലാതെ ഒരു വാടക വീടെടുത്തു താമസം തുടങ്ങി..പരസ്പരം മത്സരിച്ച് സ്നേഹിച്ചു. രണ്ട് വർഷം കഴിഞ്ഞാണ് ചാരു ഗർഭിണിയാകുന്നത്.. പിന്നീട് ഏഴുമാസം കഴിഞ്ഞപ്പോൾ പ്രസവത്തിനു സ്വന്തം വീട്ടിലേക്ക് പോകേണ്ടി വന്നതോടെ ജോലിയിൽ നിന്ന് അവൾ ദീർഘകാലത്തേയ്ക്ക് അവധിയെടുത്തു.
പ്രൈവറ്റ് ആണെങ്കിലും എപ്പോൾ തിരിച്ചു വന്നാലും തനിക്ക് ഈ ജോലിയിൽ കയറാൻ പറ്റണമെന്ന് മാത്രമാണ് അവൾ എഴുതിക്കൊടുത്തത്.
അവൾ പോയതോടെ ശ്രീകാന്ത് ഒറ്റയ്ക്ക് ആയിരുന്നു അവരുടെ വാടക വീട്ടിൽ.
ഭക്ഷണം ചിലപ്പോൾ സ്വയം ഉണ്ടാക്കി കഴിക്കും. മടിയുള്ള ചില നേരത്ത് പുറത്ത് നിന്ന് കഴിക്കും.
ബാങ്കിൽ ആ ഇടയ്ക്ക് പുതുതായി ചാർജ്ജ് എടുത്ത ശ്രീമയി പാലക്കാട് കാരിയായിരുന്നു.അവിവാഹിതയും സുന്ദരിയുമായ ശ്രീമയിയോട് ബാങ്കിലുള്ള സകല പുരുഷൻമാർക്കും വല്ലാത്തൊരു ആരാധനയായിരുന്നു.. അവൾ നടന്നു വരുന്നത് കാണാൻ തന്നെ ഒരഴകാണ്. പിന്നിയിട്ട ചുരുണ്ട നീണ്ട മുടി അവളുടെ നിതംബത്തിൽ ഒരു പ്രത്യേക താളത്തോടെ ഉലയുന്നത് കാണുമ്പോൾ ശ്രീകാന്തിന്റെ മനസ്സിൽ അവളോടുള്ള ആരാധന മൂത്ത് എപ്പോഴോ പ്രേമമായി.
മനഃപൂർവം അവളോട് അടുക്കാനുള്ള അവസരങ്ങൾ അയാളുണ്ടാക്കി. വൈഫ് ഡെലിവറിക്ക് പോയിരിക്കുകയാണെന്നും തനിച്ചാണ് താമസമെന്നും പറഞ്ഞപ്പോൾ അയാളെ കുറിച്ച് കൂടുതൽ ഡീറ്റെയിൽസ് അവൾ തിരക്കി. ഒറ്റയ്ക്കാണ് താമസമെന്ന് അറിഞ്ഞപ്പോൾ എങ്കിൽ ഞാനും കൂടി കൂടട്ടെ, rent പകുതി ഷെയർ ചെയ്യാം..ഹോസ്റ്റലിൽ ഒരു വൃത്തിയുമില്ല, ഫുഡ് കൊള്ളില്ല എന്നൊക്കെ ആവലാതി പറഞ്ഞു.
കൊള്ളാം അതിനെന്താ പോന്നോളൂ,
ചാരു തിരിച്ചു വരുന്നത് വരെ താമസിക്കാം എന്ന് അയാൾ ഉറപ്പും കൊടുത്തു.
പിറ്റേ ആഴ്ച്ചയിൽ തന്നെ ഹോസ്റ്റൽ വാസം മതിയാക്കി അവൾ പെട്ടിയും കിടക്കയുമായി ശ്രീയുടെ വീട്ടിൽ കുടിപ്പാർക്കാൻ ആരംഭിച്ചു.
ബാങ്കിൽ ഉള്ള പലർക്കും ആ അതി സാമർഥ്യം അത്ര പിടിച്ചില്ല. അവൾ അവിവാഹിതയായ ഒരു പെണ്ണാണ്. അവന്റെയൊപ്പം ഒറ്റയ്ക്ക് എന്ത് ധൈര്യത്തിലാണ് കഴിയുന്നത്. ആളുകൾ വല്ലതുമൊക്കെ പറയില്ലേ.
പക്ഷെ രണ്ട് പേരും ആരുടെയും വാക്കുകൾക്ക് ചെവി കൊടുത്തില്ല.
അവൾ വന്നു കയറിയ അന്ന് മുതൽക്കേ അടുക്കളയിൽ കയറി പാചകവും തുടങ്ങി. അയാൾക്ക് അതൊരു വല്യ അനുഗ്രഹമായിരുന്നു. ഹോട്ടൽ ഫുഡ് കഴിച്ചു മടുത്തു. ശ്രീമയി നന്നായി പാചകം ചെയ്യുന്നുണ്ട്. ജോലി കഴിഞ്ഞു ബാങ്കിൽ നിന്ന് അവർ ഭാര്യാ ഭർത്താക്കന്മാരെപ്പോലെയാണ് മടങ്ങിയിരുന്നത്. അയാൾ വീട്ടിലേക്ക് വേണ്ടുന്ന പച്ചക്കറികളും പലചരക്കുകളുമൊക്കെ വാങ്ങിക്കും.
ഇടയ്ക്ക് സിനിമയ്ക്ക് പോകും.
വല്ലപ്പോഴും ഒരു സണ്ടെയിൽ ചരുവിനെ കാണാൻ പോകും.
പഴയ സ്നേഹമോ കരുതലോ ഒന്നും അവൾ ശ്രീകാന്തിൽ കണ്ടില്ല. ഒറ്റയ്ക്ക് കഴിയേണ്ടി വരുന്നതിന്റെ മുഷിച്ചിലാവും എന്നോർത്തു സമാധാനം കൊണ്ടു.
തന്റെയൊപ്പം പുതിയൊരു ആൾ കൂടി താമസം തുടങ്ങിയ കാര്യം പക്ഷെ ശ്രീ അവളോട് മനഃപൂർവം മറച്ചു വെച്ചു.
അറിഞ്ഞാൽ അവൾ എന്തായാലും ഉണ്ടാക്കുണ്ടാക്കും. അവളെ ഇറക്കി വിടാൻ പറയും. തല്ക്കാലം അവൾ വരുന്നതിനു മുൻപ് ശ്രീമയിയ്ക്ക് വേറെ സൗകര്യം ഉണ്ടാക്കി കൊടുക്കാം.
രണ്ടു പേർക്കിടയിലുള്ള അന്തരം കുറഞ്ഞു കുറഞ്ഞു വന്നത് വളരെ പെട്ടെന്നാണ്.
ഒരിക്കൽ അലമാരയിൽ നിന്ന് ചാരുവിന്റെ ഒരു പട്ടു സാരി എടുത്തു ശ്രീ അവൾക്ക് കൊടുത്തു.. തനിക്കിത് നന്നായി ചേരും. ഇത് ഉടുത്തു കൊണ്ട് താൻ ഇന്ന് ഓഫീസിൽ പോകണം എന്ന് പറഞ്ഞപ്പോൾ അവൾക്ക് നാണം വന്നു.
സാരിയുടുത്തു ഇറങ്ങി വന്ന ശ്രീമയിയെ കണ്ട് അയാൾ കണ്ണെടുക്കാതെ നോക്കി.
“താനിത് ഉടുത്തിട്ട് എന്റെ നിയന്ത്രണം വിടുന്നുണ്ട് കേട്ടോ. എന്തൊരു ഫിഗറാണ് തനിക്ക്. തന്നെ കെട്ടുന്നവന്റെ ഒരു ഭാഗ്യം. ”
“എങ്കിൽ ആ ഭാഗ്യം സാറിന് എടുത്തൂടെ.. ”
അവൾ ഒട്ടും ആലോചിക്കാതെയാണ് മറുപടി കൊടുത്തത്.
ശ്രീമയിയുടെ മറുപടി കേട്ട് ഞെട്ടിപ്പോയി ശ്രീകാന്ത്.. ഇവൾ തമാശ പറഞ്ഞതായിരിക്കുമോ..
പക്ഷെ മുഖം കണ്ടിട്ട് സീരിയസ് ആണെന്ന് തോന്നി.
“താനെന്താ എന്നെ കളിയാക്കുവാണോ.. ഞാൻ മാരീഡ് ആണെന്ന് തനിക്കറിയില്ലേ..?”
“ഇന്നത്തെ കാലത്ത് അതൊക്കെ ഒരു വിഷയമാണോ സർ. സ്നേഹിക്കുന്ന രണ്ട് പേർക്കിടയിൽ മറ്റെന്തു തടസ്സമുണ്ടായാലും അതൊക്കെ കണ്ടില്ലെന്ന് നടിക്കണം. ഞാൻ ഒരു സത്യം തുറന്നു പറയട്ടെ.. ഓഫീസിൽ വന്ന ആദ്യത്തെ ദിവസം തന്നെ ഞാൻ സാറിനെ ശ്രദ്ധിച്ചു തുടങ്ങിയതാണ്. അവിടെയുള്ള മിക്ക പുരുഷന്മ്മാരും എന്റെ സൗന്ദര്യം കണ്ട് ഭ്രമിച്ച് വായും നോക്കി നടക്കുമ്പോഴും സർ മാത്രം അവരിൽ നിന്നൊക്കെ വ്യത്യസ്ഥനായിരുന്നു.
അതാണ് ഞാൻ ശ്രദ്ധിച്ചതും.. കൂടെ താമസിക്കാൻ വരട്ടെ എന്ന് ചോദിച്ചത് പോലും സാറിന്റെ സ്വഭാവം നന്നായി മനസ്സിലാക്കിയത് കൊണ്ടാണ്. എനിക്ക് നിങ്ങളെക്കാൾ നല്ല ഒരാളെ കിട്ടിയേക്കും. പക്ഷെ നിങ്ങളെപ്പോലെ ആയിരിക്കണമെന്നില്ലല്ലോ. സൊ, ഐ ലവ് യു വെരി മച്ച്.. ഐ നീഡ് യു..എന്നെ വിവാഹം കഴിക്കാമോ സർ. സാറല്ലാതെ എന്റെ ജീവിതത്തിൽ ഇനി മറ്റൊരു പുരുഷൻ ഉണ്ടാവില്ല..”
ശ്രീകാന്ത് കേട്ടതൊക്കെയും സത്യമാണോയെന്ന സംശയത്തിലായിരുന്നു.. അവളുടെ ചുവന്നു തുടുത്ത അധരങ്ങൾ എന്തിനോ വിറ കൊള്ളുന്നത് പോലെ.. കണ്ണുകൾ കൂമ്പിയ താമര പോലെ.. സാരിക്കിടയിലൂടെ തെളിഞ്ഞു കാണുന്ന ആലില വയറിന്റെ നിറം..അവന്റെ സമനില തെറ്റി. അവൻ അവളുടെ ചുമലിൽ കൈ വെച്ചതും ചായാൻ ആഞ്ഞു നിന്നൊരു ചില്ല പോലെ അവൾ അയാളുടെ നെഞ്ചിലേയ്ക്ക് അമർന്നു. അയാൾ അവളെ കോരിയെടുത്തു കട്ടിലിലേയ്ക്ക് ഇട്ടു.. അതുവരെ ചാരുവിന്റെ മാത്രം ഇടത്തിലേയ്ക്ക്, ആ ഗന്ധത്തിലേയ്ക്ക് മറ്റൊരു പെൺ പൂവായി അവൾ പൂത്തു വിടർന്നു.
അന്ന് രണ്ടു പേരും ഓഫീസിൽ പോയില്ല. ചാരുവിന്റെ പട്ടു സാരി തറയിൽ ചുരുണ്ടു കൂടി കിടന്നു..
അവർക്കിടയിൽ അപ്പോൾ തെറ്റുകളൊന്നും ഉണ്ടായിരുന്നില്ല. എല്ലാം ശരികൾ മാത്രമായിരുന്നു..
സ്നേഹം ദാഹിക്കുന്ന ഒരു പെണ്ണിന്റെ മനസ്സിനെയും ശരീരത്തിനെയും അടക്കുന്ന ഒരു ചുമതല മാത്രമായിരുന്നു അയാൾക്കപ്പോൾ..
വിവാഹം കഴിക്കാതെ പരസ്പരം സമ്മതത്തോടെ അവർലിവിങ് ടുഗെതർ ലൈഫ് ആസ്വദിക്കുമ്പോഴും ചാരു ഒന്നും അറിയാതെയിരിക്കാൻ ശ്രീകാന്ത് ശ്രദ്ധിച്ചു.
ഡെലിവറിക്കും തുടർന്നുള്ള എല്ലാം കാര്യങ്ങൾക്കും അവൻ സ്നേഹവും ഉത്തരവാദിത്തവും ഉള്ള ഒരു ഭർത്താവിന്റെ കടമകൾ നടത്തി.
കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് ഓഫീസിൽ നിന്നുള്ള ആരെയും മനഃപൂർവം ആണ് അയാൾ ക്ഷണിക്കാതിരുന്നത്. ആരെങ്കിലും ശ്രീമയിയെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തി കൊടുക്കുമോ എന്നയാൾ ഭയന്നിരുന്നു.
പ്രസവം കഴിഞ്ഞു ആറു മാസത്തോളം ശ്രീമയി കുഞ്ഞുമായി സ്വന്തം വീട്ടിൽ കഴിഞ്ഞു. കുഞ്ഞിനേയും കൊണ്ട് അവന്റെ ജോലി സ്ഥലത്തേക്ക് ചെന്നാൽ പകലൊറ്റയ്ക്ക് അവൾ കഷ്ടപ്പെടും, ആറു മാസം കഴിയട്ടെ എന്ന് ശ്രീ തന്നെ ആണ് പറഞ്ഞത്. അതിലാർക്കുമൊരു സംശയവും തോന്നിയില്ല.
പക്ഷെ മാസം ആറും കഴിഞ്ഞിട്ടും ശ്രീ അവളെ തിരികെ കൂട്ടിക്കൊണ്ട് പോകുന്ന ലക്ഷണം ഒന്നും കാണാഞ്ഞതോടെ ചാരു ശ്രീയോടൊപ്പം കഴിയണമെന്ന് നിർബന്ധം പിടിക്കാൻ തുടങ്ങി.
എത്ര നാളാണ് കുഞ്ഞിനേയും കൊണ്ട് സ്വന്തം വീട്ടിൽ കഴിയുക. പോരെങ്കിൽ അയാൾ ഒറ്റയ്ക്കു എത്ര നാളായിട്ട് കഴിയുന്നു. എല്ലാം ഓർത്തിട്ട് ചാരുവിന് അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല.
ഒരു സർപ്രൈസ് ആയിട്ട് കുഞ്ഞിനേയും കൊണ്ട് കയറി ചെല്ലാം എന്ന് തീരുമാനം എടുത്തു,അച്ഛന്റെയും അമ്മയുടെയും ഒപ്പം അവൾ കുഞ്ഞുമായി ഒരു ഞായറാഴ്ച്ച അവളുടെ വാടക വീട്ടിലേക്ക് യാത്രയായി.
ഞായറാഴ്ച്ചയായത് കൊണ്ട് ശ്രീ എങ്ങും പോകാൻ ചാൻസ് ഇല്ല. ഉച്ചയോടെയാണ് അവിടെ എത്തിച്ചേർന്നത്. കോളിങ് ബെൽ അടിക്കുമ്പോൾ ചാരു ചുറ്റുപാടുമാണ് ശ്രദ്ധിച്ചത്. വളരെ നീറ്റായി മുറ്റവും പരിസരവും ഇട്ടിരിക്കുന്നു. ശ്രീ ഇതൊക്കെ ജോലി തിരക്കിനിടയിലും ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി.
അല്പം കഴിഞ്ഞാണ് വാതിൽ തുറന്നത്. വിളറി വെളുത്ത മുഖത്തോടെ വാതിൽ അടഞ്ഞത് പോലെ നിന്ന ശ്രീയെ കണ്ട്
സ്വാതന്ത്ര്യത്തോടെ അവൾ പയ്യെ തള്ളി.
“ഇതെന്താ ഇങ്ങനെ അന്തം വിട്ടത് പോലെ നോക്കിനിൽക്കുന്നത്. അങ്ങോട്ട് മാറിയേ. ഞങ്ങൾക്ക് കേറണ്ടായോ..”
അവൻ മനസ്സില്ലാമനസ്സോടെ മാറി നിന്നു.
“നീയെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ പോന്നത്. ഞാൻ വരുമായിരുന്നല്ലോ നിങ്ങളെ കൊണ്ട് വരാൻ. എനിക്ക് കുറച്ചു തിരക്കായിപ്പോയി..”
“അതെനിക്ക് അറിയാവുന്നത് കൊണ്ടല്ലേ ഞാൻ ശ്രീയെ ബുദ്ധിമുട്ടിക്കാതെ അച്ഛന്റെയും അമ്മയുടെയും കൂടെ പോന്നത്.. എന്തായാലും ഒറ്റയ്ക്ക് ആയിട്ടും ശ്രീ ഈ വീട് എത്ര ഭംഗിയായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. പറയാതിരിക്കാൻ വയ്യ. ഞാൻ പോയതിലും അടിപൊളി ആയിട്ടുണ്ട്. ”
അയാൾ എന്തോ മറുപടി പറയാൻ ഒരുങ്ങിയതും ആരാ ശ്രീ വന്നിരിക്കുന്നത് എന്ന് ചോദിച്ചു കൊണ്ട് കുളി കഴിഞ്ഞു മുടിയിൽ ടൗവൽ ചുറ്റി കട്ടി കുറഞ്ഞ ഒരു നൈറ്റിയുമിട്ട് ഒരു യുവതി ഇറങ്ങി വന്നു.
ചാരു അന്തിച്ചു പോയി. ഇതേതാ ഈ പെണ്ണ്. ശ്രീയുടെ റിലേഷനിൽ ഉള്ള ആരുമല്ല എന്ന് ഉറപ്പാണ്. അവൾ ഒരു കുറ്റവാളിയെ നോക്കുമ്പോലെ അവനെ നോക്കി. അയാൾ മുഖം കുനിച്ചു നിന്നതേയുള്ളൂ.
ശ്രീമയിയും ഷോക്കിലാണ്. ഇത്ര പെട്ടന്ന് ഒരു സൂചന പോലും തരാതെ ശ്രീയുടെ വൈഫ് ഇവിടെ കയറി വരുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
അവൾ വരുന്നതിനു മുമ്പ് മറ്റെവിടെയെങ്കിലും വീട് ശരിയാക്കി കൊടുക്കാമെന്ന് വാക്ക് പറഞ്ഞതാണ് അയാൾ..
“ഇതാരാ ശ്രീ.. ഇവളെന്താ ഇവിടെ ”
“ഇത് എന്റെ ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന ശ്രീമയി ആണ്. ഇവൾക്ക് പകുതി റെന്റിനു വീട് കൊടുത്തതാണ്. ഹോസ്റ്റൽ കിട്ടാഞ്ഞത് കൊണ്ട്. നീ വരുമ്പോഴേക്കും വേറെ എങ്ങോട്ടെങ്കിലും മാറാൻ ഇരുന്നതാണ്.”
“ഓഹോ, ഇതൊക്കെ എപ്പോൾ സംഭവിച്ചു. എല്ലാം രഹസ്യമാക്കി വെച്ചതാണല്ലേ. വാടകയ്ക്ക് കൊടുത്തവൾ നമ്മുടെ ബാത്റൂമിൽ ആണോ കുളിക്കുന്നത്.”
ശ്രീകാന്ത് ഒന്നും മിണ്ടിയില്ല. ചാരു അവളെത്തന്നെ തുറിച്ചു നോക്കി.
സുന്ദരിയാണ്. ആരു കണ്ടാലും മോഹിച്ചു പോകുന്ന സൗന്ദര്യമാണ്. അകത്തെ അളവുകൾ പോലും പുറത്ത് കാണുന്ന വേഷം ധരിച്ചു തന്റെ ഭർത്താവിന്റെ ഒപ്പം നിൽക്കുന്ന ഇവൾ വെറുമൊരു സഹ പ്രവർത്തകയോ വാടകക്കാരിയോ അല്ല. താൻ ഇത്രയും നാൾ ചതിക്കപ്പെടുകയായിരുന്നു.. ഇത് കൊണ്ടാണ് തന്നെയും കുഞ്ഞിനേയും ഇത്രയും നാളുകളായിട്ടും ഇവിടെയ്ക്കു കൊണ്ട് വരാൻ ശ്രീ തയ്യാറാകാഞ്ഞത്..
അവൾ കരഞ്ഞില്ല. അച്ഛനെയും അമ്മയെയും തിരിഞ്ഞൊന്ന് നോക്കി. അവരും ആകെ ഞെട്ടി നിൽക്കുന്നു.
“നിങ്ങൾ ഇവിടെ നിൽക്ക്, ഞാൻ വരുന്നു.”
പിന്നെ ശര വേഗത്തിൽ സ്വന്തം ബെഡ്റൂമിലേയ്ക്ക് പോയി. അവൾ തന്റെ കട്ടിലിലേയ്ക്ക് വിങ്ങലോടെ ഒന്ന് നോക്കി.
ചുളിവുകൾ വീണ മെത്തയിൽ ഒരു ഹെയർ ക്ലിപ്പ് കിടക്കുന്നു. കബോർഡ് തുറന്നു തന്റെ മാത്രം ഡ്രെസ്സുകൾ എടുത്തു ബാഗിനുള്ളിൽ കുത്തി നിറച്ചു. പിന്നെ ഒരു യാത്ര പോലും പറയാതെ, അവനെയൊന്ന് നോക്കുകപോലും ചെയ്യാതെ മാതാപിതാക്കൾക്കൊപ്പം വന്നതിലും വേഗത്തിൽ അവൾ ഇറങ്ങിപ്പോയി..
ആ പോക്ക് കണ്ട് ശ്രീമയിയ്ക്ക് ആശ്വാസമാണ് തോന്നിയത്. ഈയൊരു കൂടിക്കാഴ്ച്ച എന്നെങ്കിലും ഒരിക്കൽ പ്രതീക്ഷിച്ചത് തന്നെയാണ്. അത് ഇങ്ങനെ കഴിഞ്ഞു കിട്ടിയല്ലോ. ഇനി ആരെയും പേടിക്കാതെ തന്റെ ശ്രീയ്ക്കൊപ്പം ജീവിതകാലം മുഴുവനും കഴിയാമല്ലോ..
അവൾ അയാളുടെ പിന്നിലൂടെ ചെന്ന് രണ്ട് കൈകൾ കൊണ്ടും മുറുകെ പുണർന്നു.
“പോട്ടെ ശ്രീ.. ഇതെന്നെങ്കിലും നടക്കേണ്ടത് തന്നെയല്ലേ.. നിനക്ക് ഞാൻ ഉണ്ട്. എന്റെ സ്നേഹമുണ്ട്. ഐ ലവ് യു..”
ഒരാഴ്ചക്കുള്ളിൽ ചാരുവിന്റെ ഡിവോഴ്സ് പേപ്പർ ശ്രീകാന്തിന്റെ ഓഫീസിൽ എത്തി. അയാളത് ഒപ്പിട്ടു കയ്പ്പറ്റുമ്പോൾ ചെറുതായി കൈകൾ വിറച്ചു.മനസ്സിൽ മുള്ളുകൾ കുത്തിക്കൊണ്ടത് പോലെ നീറ്റലെടുത്തു. തന്റെ കുഞ്ഞിനെ ഇതുവരെ ഒന്ന് എടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. അവനെ മതി വരെ ലാളിച്ചിട്ടില്ല. തന്നോട് തന്നെ അയാൾക്ക് പുച്ഛം തോന്നി.
കോടതിയിൽ അധികം സംസാരങ്ങൾ ഒന്നുമുണ്ടായില്ല. അയാൾ ഒന്ന് മാത്രം ആവശ്യപ്പെട്ടു.മകന്റെ പേരിലുള്ള തന്റെ അവകാശം നിഷേധിക്കരുത്. അവനെ എല്ലാ മാസവും കാണാൻ അനുവദിക്കണം. മകനും ചാരുവിനുമുള്ള നഷ്ടപരിഹാരമായി ഒരു തുക എല്ലാം മാസവും കൊടുക്കാൻ കോടതി വിധിച്ചു..
അവൾ വീണ്ടും പഴയ ജോലി സ്ഥലത്തു തന്നെ തിരികെ കയറി. മകനെ പകൽ ഡേ കെയറിൽ ആക്കി. ഒറ്റയ്ക്ക് ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിന്ന് കൊണ്ട് മകനെ പഠിപ്പിച്ചു. ശ്രീകാന്ത്ഇട്ടു കൊടുക്കുന്ന തുക അവൾ മകന്റെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചു. അതിൽ നിന്ന് ഒരു ചില്ലിക്കാശ് പോലും സ്വന്തം കാര്യങ്ങൾക്ക് എടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു.
ഇടയ്ക്ക് ആരോ പറഞ്ഞറിഞ്ഞു ശ്രീകാന്തിന് ഒരു പെൺകുഞ്ഞു ജനിച്ചെന്ന്.
എല്ലാ മാസവും മുടങ്ങാതെ മകനുള്ള സമ്മാനങ്ങളുമായി അയാൾ എത്തുമ്പോൾ ചാരു മകനെ ഒരുക്കി നിർത്തും. അയാളുടെ കാറിന്റെ ഹോണടി കേൾക്കുമ്പോൾ അവൻ തനിയെ ഗേറ്റ് തുറന്നു കാറിൽ കയറും.അവർ പോയെന്ന് ഉറപ്പായിട്ടേ ചാരു പുറത്തേയ്ക്ക് ഇറങ്ങി ഗേറ്റ് പൂട്ടാറുള്ളൂ.
പക്ഷെ, ഇന്ന് മാത്രമാണ് അവൻ പതിവില്ലാതെ വാശി പിടിച്ചത് കൊണ്ട് ഇറങ്ങി ചെല്ലേണ്ടി വന്നത്.
അടുക്കളയിലെ ലൈറ്റ് അണച്ചിട്ട് അവൾ വാതിൽ ചാരി.
ഉറക്കം വരാഞ്ഞത് കൊണ്ട് ടിവി ഓണാക്കി വെച്ചിട്ട് വെറുതെ നോക്കിയിരുന്നു.
കിച്ചു പറഞ്ഞ വാക്കുകൾ നെഞ്ചിൽ എവിടെയോ തറച്ചിരിക്കുന്നുണ്ട് ഇപ്പോഴും!!
അമ്മ ചീത്തയാണത്രെ..!
പപ്പാ വളരെ നല്ലതും..
താനിന്ന് ആർക്ക് വേണ്ടിയാണ് ജീവിക്കുന്നത്.. കൊച്ചു കുട്ടിയാണെങ്കിലും അമ്മയെ ചതിച്ച പപ്പായോടാണ് അവന് ഇഷ്ടം.. പപ്പാ വല്ലപ്പോഴും കൊണ്ട് കൊടുക്കുന്ന കളിപ്പാട്ടങ്ങളാണ് അവന് പ്രിയങ്കരം. താൻ അവനെ നോക്കി വളർത്തുന്ന വെറുമൊരു കെയർ ടേക്കർ മാത്രം..!
ഓരോന്ന് ഓർത്തു പ്രയാസപ്പെട്ട് അവിടെ തന്നെ കിടന്നുറങ്ങിപ്പോയി.
രാവിലെ മൊബൈലിൽ നിന്നുള്ള അലാറം കേട്ട് ഞെട്ടിയുണർന്നു.
പെട്ടന്ന് എഴുന്നേറ്റു കുളിച്ചു. കഴിക്കാൻ ഉള്ളതൊക്കെ റെഡിയാക്കി.
കിച്ചുവിന്റെ സ്കൂൾ ബാഗിൽ ടിഫിൻ എടുത്തു വെച്ചു.
അവനെ വിളിച്ചുണർത്തി കുളിപ്പിച്ച് റെഡിയാക്കുമ്പോൾ അവനെന്തൊക്കെയോ ചോദിച്ചത് ശ്രദ്ധിക്കാൻ പോയില്ല.
ബാഗിന്റെ കൂടെ തന്നെ മറ്റൊരു ബാഗ് കണ്ടപ്പോൾ അവന് സംശയം.
ഇതെന്തിനാണമ്മേ.. ”
“ഇതിൽ നിറയെ നിന്റെ ഡ്രെസ്സുകളാണ്
വൈകിട്ട് സ്കൂളിൽ മോനേ വിളിച്ചു കൊണ്ട് പോകാൻ പാപ്പായാണ് വരുന്നത്. ഇനി മുതൽ മോൻ പപ്പയുടെ കൂടെ നിന്നാൽ മതി.”
“അപ്പോൾ അമ്മയോ. അമ്മ ഒറ്റയ്ക്കാവില്ലേ..”
ഹ്ഹോ, അപ്പോഴവന് തന്നെ കുറിച്ചോർത്തു വേവലാതി ഉണ്ട്..!
“അമ്മയെക്കുറിച്ചോർത്ത് മോൻ ടെൻഷൻ പിടിക്കണ്ട. ഇനി എല്ലാം ചെയ്തു തരാൻ പപ്പാ ഉണ്ടായിരിക്കും. നല്ല കുട്ടിയായിട്ട് അവിടെ നിൽക്കണം. അമ്മയെ മോൻ വെറുക്കരുത്. മോനേ മറന്നിട്ട് അമ്മ ഇന്നേവരെ ജീവിച്ചിട്ടില്ല. നീയുള്ളത് കൊണ്ട് മാത്രമാണ് ഇത്രയും നാൾ അമ്മ പിടിച്ചു നിന്നത്.”
“അമ്മ കരയുന്നത് എന്തിനാ. ഞാൻ പോയിട്ട് ഇങ്ങ് വരില്ലേ. പിന്നെന്താ.”
“മോനിനി വന്നില്ലെങ്കിലും അമ്മ പിണങ്ങില്ല കേട്ടോ. അവിടെ ആരോടും വാശിയും പിണക്കവും കാണിക്കരുത്. അമ്മ വളർത്തിയത് കൊണ്ടാണ് മോൻ ചീത്തക്കുട്ടിയായതെന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുത് കേട്ടോ..”
അവൾ കണ്ണീരോടെ തന്നെ അവനെ ഉമ്മ വെച്ചു.ബസിന്റെ ഹോണടി കേട്ടതും അവൾ അവനെയും കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി. ബസ് കണ്ണിൽ നിന്നും മായും വരെയും അവളവിടെ കയ്യ് വീശിക്കൊണ്ട് നിന്നു.
പിന്നെ ഗേറ്റ് പൂട്ടി.
മൊബൈൽ ഫോണെടുത്തു ശ്രീകാന്ത് എന്ന പേര് സേവ് ചെയ്ത നമ്പറിലേയ്ക്ക് ഒരു വാട്സ്ആപ്പ് മെസ്സേജ് ഇട്ടു.
വൈകുന്നേരം കിച്ചുവിനെ സ്കൂളിൽ ചെന്ന് വിളിച്ചു കൊണ്ട് പോകണം. ഞാൻ കുറച്ചു ദിവസം ഇവിടെ കാണില്ല.
വാതിൽ അടച്ചു ലോക്ക് ചെയ്തു.
സ്റ്റോറിൽ സൂക്ഷിച്ചു വെച്ചിരുന്ന കീട നാശിനിയുടെ കുപ്പി എടുത്തു തുറന്നു രാവിലത്തെ ബ്രെക്ഫാസ്റ്റിന്റെ മുകളിലേക്ക് തൂവി. പിന്നെ ടിവി ഓണാക്കി വെച്ചിട്ട് ഒരു കോമഡി സിനിമ കാണുന്ന രസത്തോടെ അവൾ വളരെ സാവകാശം അത് ആസ്വദിച്ചു കഴിക്കാൻ തുടങ്ങി..
✍️എസ് എം
