കിടപ്പറയിൽ പോലും അവൾ ഒഴിഞ്ഞു മാറിയത് ഇതിനായിരുന്നോ. നേരാം വണ്ണം പോലും അവളോട് അടുക്കാൻ പറ്റിയിട്ടില്ല. ഒന്ന് കെട്ടിപ്പിടിക്കാൻ….

“ഇനിയെന്തിനാണ് ഇവിടെ ഇരിക്കുന്നത്. നമുക്ക് പോകരുതോ..?”

ഇന്ദിര മകന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖം പതിവിലും ഇരുണ്ടു പോയിരുന്നു. അവർക്കറിയാം മകന്റെ മനസ്സ്. പക്ഷെ, ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം കൈ വിട്ടു പോയിരിക്കുന്നു.

“എങ്കിൽ ഞങ്ങളിറട്ടെ..”

അവർ എഴുന്നേറ്റ് യാത്ര പറഞ്ഞു കൊണ്ട് അഖിലിനെ ഒരിക്കൽ കൂടി നോക്കി.
മതിയായില്ലേ.. ഇനിയെന്തിനാണ് ഇവിടെ ഇരിക്കുന്നത് എന്നൊരു അർത്ഥം കൂടിയുണ്ട് അതിലെന്ന് അഖിലിന് മനസ്സിലായി.

അവൻ ആരോടും ഒരക്ഷരം പോലും മിണ്ടാതെ ഇറങ്ങി.

അമ്മയും മകനും പടി കടന്ന് പോകുന്നതും നോക്കി നിന്ന ശേഷമാണ് ഗീത മകൾക്ക് നേരെ തിരിഞ്ഞത്.

“പെൺകുട്ടികൾക്ക് ഇത്രയും അഹമ്മതി പാടില്ല.. അവര് നന്നായി വിഷമിച്ചിട്ടാണ് പോയത്..”

ദേവ നന്ദന എന്ന ദേവു അമ്മയ്ക്ക് നേരെ തിരിഞ്ഞു.

“ഇതെന്റെ ജീവിതമാണ്. എനിക്കറിയാം എന്താ വേണ്ടതെന്ന്. ഒരിക്കൽ എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടു തനെയാണ് ഒരു ജീവിതം തുടങ്ങിയത്. എന്നിട്ടിപ്പോ എന്തായി. അതും ഇനി എന്റെ കുറ്റം കൊണ്ടാണെന്നു തന്നെ അമ്മ പറയും ”

മകളുടെ സംസാരം കേട്ട് ഗീത ഒരക്ഷരം മിണ്ടാതെ എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് പോയി.
സ്വന്തം മക്കളായാലും ഒരു പരിധിയിൽ കൂടുതൽ ആരുടെയും ജീവിതത്തിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്

ദേവുവിന് ഓരോന്നും ഓർക്കുംതോറും വല്ലാത്ത അമർഷം തോന്നി.
ഇവർക്ക് നാണമെന്ന് പറയുന്ന ഒരു സാധനം ഇല്ലല്ലോ..
ഒരിക്കൽ സ്നേഹിച്ചിരുന്നു, ഒന്നാകാൻ കൊതിച്ചതും എല്ലാം സത്യമാണ്. പക്ഷെ അതിനും അപ്പുറം ജീവിതം എവിടെയൊക്കെ എത്തിച്ചേർന്നിരിക്കുന്നു. ഇനിയും തിരിച്ചു അവിടെയ്ക്ക് തന്നെ പോകുന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്.

അതേസമയം തിരികെ പോകുന്ന വഴി നീളെ ഇന്ദിരയെ മകൻ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.

“ഇപ്പോൾ എന്തായി. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഈ വേണ്ടാത്ത പണിക്ക് പോകണ്ടാന്ന്. അപ്പോൾ നിനക്ക് ഒന്ന് ശ്രമിച്ചു നോക്കുന്നതിൽ എന്താ കുഴപ്പം എന്ന് അല്ലേ.. കുഴപ്പം ഇപ്പോൾ മനസ്സിലായി കാണുമല്ലോ. അവൾക്ക് ഇനിയും എന്നെ വേണ്ടാത്രെ. അവൾ ഇപ്പോൾ പുതിയ ഒരാളായി.. എന്റെ പൊന്നമ്മ ഇനിയും നാണം കെടാതെ വേറെ ആരെയെങ്കിലും നോക്ക്..”

വണ്ടി ഓടിക്കുന്നതിനിടയ്ക്ക് ആയത് കൊണ്ട് മാത്രം അഖിൽ കൂടുതൽ ഒന്നും പറഞ്ഞില്ല.
വീട്ടിൽ ആയിരുന്നെങ്കിൽ കയ്യിൽ കിട്ടിയത് എടുത്തു എറിഞ്ഞുടച്ചേനെ..!

ആദ്യത്തെ പ്രേമം… അന്ന് ഒരുപാട് പെൺകുട്ടികൾ വീടിനു മുന്നിലൂടെ സ്കൂളിലേയ്ക്ക് പോകുമ്പോഴും കണ്ണുകൾ ഉടക്കിയത് ഒരേയൊരെണ്ണത്തിൽ മാത്രമായിരുന്നു.
പാലച്ചോട്ടിലെ ദിനേശൻ അങ്കിളിന്റെയും ഗീതയാന്റിയുടെയും രണ്ട് പെണ്മക്കളിൽ ഇളയവൾ ദേവു തന്റെ ഉറക്കം കെടുത്തിയത് ചില്ലറയൊന്നുമല്ല.
സ്കൂളിൽ, അമ്പലത്തിൽ, കടയിൽ അങ്ങനെ സകലതിനും തന്റെ വീടിന്റെ മുന്നിലുള്ള ചെമ്മൺ പാതയിലൂടെയാണ് അവൾ പോകാറുള്ളത്. നീളൻ മുടി രണ്ടായി മെടഞ്ഞത് നെഞ്ചിനെ മറച്ചു കൊണ്ട് ഇടാറുള്ളൂ. പട്ടു പാവാടയും ബ്ലൗസും ആയിരുന്നു സ്ഥിരം വേഷം. പിന്നീട് അതിൽ നിന്ന് ഹാഫ് സാരിയിലേയ്ക്ക് മാറി. അപ്പോഴും അവൾ കടക്കണ്ണ് കൊണ്ട് തന്റെ വീട്ടിലേക്ക് നോട്ടമെയ്യാറുള്ളത് ആരുമറിഞ്ഞില്ല.

ഒരിക്കൽ
ഒറ്റയ്ക്ക് അമ്പല മുറ്റത്തു വെച്ചു അവളെ കണ്ടപ്പോൾ കയ്യോടെ ഉള്ളിലിരുപ്പ് തുറന്നു പറഞ്ഞു.. അത് കേട്ടപ്പോൾ ഒരു ഞെട്ടലോ, നാണമോ ഒന്നും അവളിൽ കണ്ടില്ല.
അമ്പരപ്പോടെ കാര്യം തിരക്കിയപ്പോൾ കിട്ടിയ മറുപടി തന്നെയാണ് ഞെട്ടിച്ചത്.
തന്നെ അവൾക്ക് ചെറുപ്പം മുതൽക്കേ ഇഷ്ടമായിരുന്നു. താൻ പോലും അറിയാതെ അവൾ തന്നെ ശ്രദ്ധിച്ചിരുന്നു.
എന്നിട്ട് ഇത്രയും നാളായിട്ടും തുറന്നു പറയാഞ്ഞത് എന്താണെന്ന ചോദ്യത്തിന് ചിലതൊക്കെ തുറന്നു പറയാതെ ഇരിക്കുന്നതിലും ഒരു ത്രില്ലൊക്കെ ഉണ്ടത്രേ.
അങ്ങനെ ആണ് തങ്ങളുടെ പ്രേമം പൊട്ടിമുളയ്ക്കുന്നത്. അവൾ സ്കൂളിൽ പോകുന്ന സമയം നോക്കി താൻ വീടിന്റെ മുന്നിൽ ഒന്നുമറിയാത്തത് പോലെ നിൽക്കും. കുനിഞ്ഞ മുഖത്തോടെ വരുന്ന അവൾ മുന്നിൽ എത്തുമ്പോൾ ഒരു കള്ള നോട്ടം സമ്മാനിക്കും. അന്നത്തെ ദിവസം ധന്യമാകാൻ തനിക്ക് അത് മാത്രം മതി.

പതിയെ പതിയെ തന്റെ പ്രേമം വീട്ടിൽ എങ്ങനെയോ അറിഞ്ഞു. പക്ഷെ തന്റെ വീട്ടുകാരേക്കാൾ പ്രശ്നം അവളുടെ വീട്ടിലുള്ളവർക്കായിരുന്നു.
അവർ തന്റെ വീടിന്റെ മുന്നിലൂടെയുള്ള അവളുടെ സ്കൂളിൽ പോക്ക് നിർത്തിച്ചു. അവളുടെ അച്ഛൻ ദിവസവും സ്കൂളിൽ കൊണ്ട് വിടാൻ തുടങ്ങി.

എവിടെ എങ്കിലുമൊക്കെ ചുറ്റിപ്പറ്റി നിന്ന് അവളെ കാണാൻ ശ്രമിച്ചാൽ അത് ആരെങ്കിലും ഒക്കെ അവളുടെ വീട്ടിൽ കൊളുത്തിക്കൊടുക്കാനും ആളുകളുണ്ടായി.
പതിയെ പതിയെ എപ്പോഴെങ്കിലും ഒന്ന് കണ്ടാൽ അവൾക്ക് തന്നോട് പഴയ പോലെയുള്ള അടുപ്പമോ സ്നേഹമോ ഒന്നും ഇല്ലാതെയായി.

പഠിത്തം കഴിഞ്ഞു കോളേജിൽ പോയി തുടങ്ങിയപ്പോൾ കണ്ട് മുട്ടാമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അവളുടെ അമ്മ വീട്ടിൽ കൊണ്ട് വിട്ടു കളഞ്ഞു വീട്ടുകാർ.. അവൾ അവിടെ നിന്നാണ് കോളേജിൽ പോയിരുന്നത്. അവധിക്ക് മാത്രം വീട്ടിൽ എത്തിയാലും പുറത്ത് എങ്ങോട്ടും കാണാറുമില്ല.
ഒടുവിൽ തനിക്ക് പോലും ആ ബന്ധത്തോട് മടുപ്പ് തോന്നിത്തുടങ്ങി.
ഇങ്ങനെ കഷ്ടപ്പെട്ട് കണ്ടു മുട്ടാനും മാത്രം എന്ത് പ്രത്യേകതയാണ് ഉള്ളത്. എന്താ ഇതിലും സുന്ദരികൾ നാട്ടിലെങ്ങും ഇല്ലെന്നുണ്ടോ ഇത്രയും ജാട കാണിക്കാൻ.

കൃഷ്ണന്റെ അമ്പലത്തിലെ ചിറപ്പിനു കൂട്ടുകാർക്കൊപ്പം ഗാനമേള കാണാൻ അമ്പലപ്പറമ്പിൽ നിൽക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ദേവൂനെ കണ്ടു.
പക്ഷെ, പഴയ പോലെ അവളെ വായിനോക്കാൻ തീരെ താല്പര്യം തോന്നിയില്ല.. അവൾ തന്നെ കണ്ടെന്നു മനസ്സിലായിട്ടും ഗൗനിക്കാതെ നിന്നു.
അത് അവൾ തീരെ പ്രതീക്ഷിച്ചില്ല.

കടന്നൽ കുത്തിയത് പോലെ മുഖം വീർത്തു. അത് കണ്ട് ഉള്ളിൽ ചെറിയൊരു ആനന്ദം തോന്നിയത് സത്യമായിരുന്നു.

പോയ്‌ പണി നോക്കെടീ… മനസ്സിൽ പറഞ്ഞത് ആരും കേട്ടില്ല എങ്കിലും സ്വയം ഒരു സംതൃപ്തി തോന്നി.

ആ അവഗണന അവൾക്ക് ഒരു ഷോക്ക് ആയിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.

ഓണത്തിന് നാട്ടിലെ ക്ലബ്ബ് കാരുടെ വക ഓണപ്പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പെൺകുട്ടികളുടെ തിരുവാതിര സംഘത്തിൽ ദേവൂവും ഉണ്ടായിരുന്നു.
തീർത്തും പരിചയം കാണിക്കാതെ എല്ലാത്തിനും ഓടി നടക്കുന്ന തന്നെ അവൾ ശ്രദ്ധിക്കുന്നത് അറിഞ്ഞതുമില്ല.
തിരുവാതിര കളിക്കുന്നവരുടെ കൂട്ടത്തിൽ സുന്ദരികളായ ഒരുപാട് പെൺകുട്ടികൾ വേറെയും ഉണ്ടായിരുന്നു..
പരിപാടികൾ എല്ലാം കഴിഞ്ഞു ആളുകൾ തിരിച്ചു പോകുന്നത് നോക്കി നിന്ന തന്റെയും കൂട്ടുകാരുടെയും അരികിലേയ്ക്ക് വന്ന ദേവു തന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു പതർച്ചയോടെ നിന്നു.

ആളൊഴിഞ്ഞ കോണിൽ പരസ്പരം നോക്കി നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു. പക്ഷെ ഒന്നും തനിക്ക് ഒന്നും ചോദിക്കാൻ ഇല്ലായിരുന്നു.

“അഖിലേട്ടൻ ഒത്തിരി മാറിപ്പോയി. എന്നെയൊന്നു മൈൻഡ് ചെയ്യാറുപോലുമില്ല. ഞാൻ എന്ത് തെറ്റാണ് ചെയ്തത്..”
വരണ്ട ചിരിയോടെ മറ്റെവിടെയ്‌ക്കോ നോട്ടം തിരിച്ചു.

“നമ്മൾ തമ്മിൽ മിണ്ടുന്നതു കണ്ടാൽ ഒരുപക്ഷെ ഈ ഇന്ത്യ മഹാരാജ്യത്തു നിന്ന് തന്നെ നിന്നെ നാട് കടത്തിയാലോ.. അത് കൊണ്ട് പൊന്ന് മോള് എളുപ്പം സ്ഥലം വിടാൻ നോക്ക്..”

അവൾ വേദനയോടെ അവനെ നോക്കി.

“അത് എന്റെ കുറ്റമാണോ.എന്റെ ഇഷ്ടം ആരെങ്കിലും അറിയുന്നുണ്ടോ. ഞാൻ ഇവിടെ ഒരവധി കിട്ടുമ്പോൾ ഓടി വരുന്നത് എന്തിനാണെന്ന് അറിയാമോ. അഖിലേട്ടനെ കാണാൻ വേണ്ടി മാത്രമാണ്. അറിയുമോ..”

“കണ്ടിട്ടെന്തിനാ. നിന്നെ ഞാൻ കാണുന്നതും മിണ്ടുന്നതും ഒഴിവാക്കാൻ അല്ലെ പഠിത്തം പോലും ഇവിടെ നിന്ന് മാറ്റിയത്. ”

പെട്ടന്ന് അവളുടെ കൂട്ടുകാരി പ്രീത ഓടി വരുന്നത് കണ്ടത്.

“എടീ ദേവൂ നിന്നെ കാണാഞ്ഞിട്ട് നിന്റെ വീട്ടുകാർ അവിടെ തിരക്കുന്നുണ്ട്. വേഗം വായോ. ഇല്ലെങ്കിൽ ഇന്നിവിടെ നിന്റെ അടിയന്തിരം നടക്കും..”

കേട്ടില്ലേ എന്നൊരു നോട്ടം നോക്കിയിട്ട് അവൻ അവിടെ നിന്ന് അരിശത്തോടെ മാറിക്കളഞ്ഞു.

അവൾക്ക് ദേഷ്യവും സങ്കടവും തോന്നി. എങ്ങോട്ടും തിരിയാൻ പോലും ഒരു സ്വാതന്ത്ര്യം ഇല്ല. മടുത്തു.. നോക്കിക്കോ ഇനി തന്നെ കാണാൻ ഇവരൊക്കെ കൊതിക്കുന്നത്.

അവൾ ചവുട്ടിത്തുള്ളി കൂട്ടുകാരിക്കൊപ്പം വീട്ടിലേക്ക് നടന്നു.

അഖിൽ അവളെ ഒഴിവാക്കാൻ മനഃപൂർവം ആഗ്രഹിച്ചില്ല. പക്ഷെ ഈ ബന്ധം ഒരിക്കലും ശരിയാകില്ലെന്ന് അവന് മനസ്സിലായി.
വർഷങ്ങൾ ചിലതൊക്കെ കൊഴിഞ്ഞു പോയി..
അഖിലിപ്പോൾ വിദേശത്ത് നല്ല ജോലിയിൽ ആണ്.
ഇന്ദിര മകനെ വിദേശത്ത് അയയ്ക്കാൻ തീരുമാനിച്ചപ്പോൾ അവന് അതിനോട് തീരെ താല്പര്യം ഇല്ലായിരുന്നു. പക്ഷെ ജോലിയും കൂലിയും ഒന്നുമില്ലാത്ത ചെറുക്കന് നല്ലൊരു പെണ്ണിനെ പോലും കിട്ടില്ലെന്ന്‌ പറഞ്ഞ് അവർ അവനെ ഇളക്കി.പോരെങ്കിൽ ദേവുവിന്റെ പഠിത്തം പൂർത്തിയാക്കുന്നതിനു മുൻപ് നല്ലൊരു ആലോചന വന്നപ്പോൾ അവളുടെ വീട്ടുകാർ കയ്യോടെ ആ കല്യാണമങ്ങു നടത്തി.ആ നേരത്ത് വേലയും കൂലിയുമില്ലാതെ അഖിൽ കൂട്ടുകാർക്കൊപ്പം വായനശാലയിലെ വരാന്തയിൽ വഴിയേ പോകുന്നവരെ നോക്കി കമന്റടിയും അത്യാവശ്യം വായി നോട്ടവുമൊക്കെയായി കഴിയുകയാണ്.
ഇങ്ങനെ ഒരുത്തന്റെ ഒപ്പം ഒരു കല്യാണം നടത്താൻ എങ്ങനെയാണ് വീട്ടുകാരോട് പറയുന്നത്. ദേവു നിരാശയോടെ വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങിക്കൊടുത്തു.
കല്യാണചെക്കന് ഗൾഫിൽ വലിയ ബിസിനസ്‌ ആണ്. കാണാനും മിടുക്കൻ.
അവളുടെ കല്യാണം നാടൊട്ടുക്കു വിളിച്ചു. അഖിലിന്റെ വീട്ടിലും ക്ഷണമെത്തി.
വിളിക്കാൻ വന്ന നേരത്ത് അവൻ ഭാഗ്യത്തിന് വീട്ടിൽ ഇല്ലായിരുന്നു.നേരം വൈകി വന്നു കയറിയ മകനെ ഇന്ദിര കല്യാണക്കുറി കാണിച്ചിട്ട് വായിൽ വന്നതൊക്കെ പറഞ്ഞു.

“നോക്കെടാ നല്ലോണം നോക്ക്. നിന്നെ ജീവനെപ്പോലെ സ്നേഹിച്ച ഒരുത്തിയുടെ കല്യാണക്കുറിയാണ്. നീ ചൊവ്വുള്ളത് ആയിരുന്നെങ്കിൽ ഈ പെങ്കൊച്ച് ഇപ്പോൾ ഈ വീട്ടിൽ നിന്നേനെ..വേലയും കൂലിയും ഇല്ലാത്ത നിനക്കൊക്കെ എവിടുന്നു പെണ്ണ് കിട്ടാനാണ്..”

അന്ന് ശരിക്കും വാശി കേറി അവൻ അമ്മയോട് തട്ടിക്കയറി.

“ഗൾഫിൽ പോകാൻ പറഞ്ഞാൽ മതിയോ, ഞാൻ ചുമ്മാതെ ഇവിടെ നിന്ന് അങ്ങോട്ട് പറന്നു പോകണോ..”

“ശരി,എങ്കിൽ ഞാൻ നിന്നെ വിടാനുള്ള പണം ഉണ്ടാക്കി തരാം. പോകാൻ റെഡിയായിക്കോ..”

താല്പര്യം ഇല്ലായിരുന്നിട്ടും അവൻ അങ്ങനെ പോകാമെന്ന് ഉറപ്പിച്ചു.

മൂന്ന് വർഷം കഴിഞ്ഞാണ് അഖിൽ നാട്ടിലേയ്ക്ക് വന്നത്.
പഴയ രൂപമൊക്കെ മാറി തണ്ടും തടിയും വെച്ചിരുന്നു.
ഇന്ദിര രണ്ട് മൂന്ന് പെൺകുട്ടികളെ കണ്ട് വെച്ചിരുന്നു മകന് വേണ്ടി.
അവരെയൊക്കെ കാണാൻ പോയെങ്കിലും ഒന്നിനെയും അവന് പിടിച്ചില്ല.
വന്നിട്ട് മാസം ഒന്നാകാറായി. മൂന്നു മാസത്തെ അവധിക്ക് വന്ന മകന്റെ കല്യാണം പോകുന്നതിനു മുൻപ് നടത്തിയില്ലെങ്കിൽ ശരിയാകില്ല. ഇന്ദിര ഒരു ബ്രോക്കറെ കണ്ട് കാര്യം പറഞ്ഞു. അങ്ങനെ അയാൾ കാണിച്ച ലിസ്റ്റിൽ ഒരു നഴ്സിനെ അവന് ഇഷ്ടപ്പെട്ടു. ആരതി എന്നായിരുന്നു പെൺകുട്ടിയുടെ പേര്.ആ ആഴ്ച്ചയിൽ തന്നെ പെണ്ണ് കാണലും നടന്നു. ഒത്തിരി ചടങ്ങുകൾക്കൊന്നും നിൽക്കാതെ ഇന്ദിര മകന്റെ കല്യാണം പെട്ടന്ന് നടത്തി.

നഴ്സ് ആയത് കൊണ്ട് ഗൾഫിൽ കൊണ്ട് പോകാമെന്ന് കല്യാണം ആലോചിച്ചപ്പോഴേ പറഞ്ഞിരുന്നു. അഖിൽ അവധി കഴിഞ്ഞു പോകാറായി.

വിരുന്ന് പോക്കൊക്കെ കഴിഞ്ഞു ആരതി ജോലിക്ക് പോയി തുടങ്ങിയിരുന്നു ഇതിനോടകം. അഖിൽ പോകുന്നത് സംബന്ധിച്ച് അവൾക്ക് വലിയ വിഷമം ഉള്ളതായി തോന്നിയില്ല.
ജോലി കഴിഞ്ഞു വന്നാലും എപ്പോഴും മൊബൈൽ ഫോണിൽ ആരോടെങ്കിലും ചാറ്റ് ചെയ്യുകയോ വിളിക്കുകയോ ഒക്കെയായിരിക്കും.
വീട്ടിലെ പണികളിലൊന്നും അവൾക്ക് വലിയ താല്പര്യം ഉള്ളതായി തോന്നിയില്ല.
ആരോടും അവൾക്ക് പ്രത്യേകിച്ച് വലിയ അടുപ്പവും ഇല്ലായിരുന്നു. ഇന്ദിര എന്തെങ്കിലും ചോദിച്ചാൽ മാത്രം മറുപടി കൊടുക്കും. പിന്നെ ജോലിക്ക് പോകാനുള്ളത് അവൾ ഉണ്ടാക്കി കൊണ്ട് പോകും. അഖിലിന് അവന്റെ അമ്മ ഉണ്ടാക്കി കൊടുക്കട്ടെ എന്ന മട്ടാണ്..

ഇന്ദിരയ്ക്ക് മകന്റെ കാര്യത്തിൽ വലിയ നിരാശ തോന്നി. ഇങ്ങനെ ഒന്നുമായിരുന്നില്ല പ്രതീക്ഷിച്ചത്.
മകനും കൂടി പോയതോടെ അവൾ അവരെ തീരെ ഒഴിവാക്കി തുടങ്ങി. അങ്ങനെ ഒരാൾ അവിടെയുണ്ടെന്ന് ഒരു വിചാരം പോലുമില്ല.
എന്തെങ്കിലും അവർ പറഞ്ഞാൽ അതിന്റെ ഇരട്ടി അവൾക്ക് പറഞ്ഞില്ലെങ്കിൽ സമാധാനം വരാത്ത അവസ്ഥയാണ്. ചുരുക്കി പറഞ്ഞാൽ സ്വന്തം വീട്ടിൽ വെറുമൊരു വേലക്കാരിയെപോലെയായിരുന്നു ഇന്ദിരയുടെ ജീവിതം.

ഒരിക്കൽ അവൾ ജോലിക്ക് പോയിട്ട് തിരികെ വരുന്ന സമയം കഴിഞ്ഞിട്ടും കാണാതെയായപ്പോൾ അവർ അവളുടെ ഫോണിലേക്ക് വിളിച്ചു. പക്ഷെ സ്വിച്ചഡ് ഓഫ്‌ എന്നായിരുന്നു മറുതലയ്ക്കൽ കേട്ടത്. പിറ്റേന്ന് രാവിലെ അവർ മകന്റെ ഫോണിലേക്ക് വിളിച്ചു കാര്യം പറഞ്ഞു. അവനും വിളിച്ചു നോക്കിയിട്ട് സ്വിച്ച് ഓഫ്‌ ആണ്.

ഇനി ഇവളെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല.
രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഉളളൂ ബാക്കി കാര്യം. അവർ രണ്ടും കല്പ്പിച്ചു ആരതിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.
അവിടെ അവളെത്തിയിട്ടുണ്ടാവും എന്നാണ് അവർ കരുതിയത്. പക്ഷെ അവർക്കും ഒരു അറിവുമില്ല.

“ഇതൊക്കെ നല്ല സ്വഭാവം ആണോ. ഒരു വീട്ടിൽ നിൽക്കുമ്പോൾ അതിന്റെതായ ഒരു മര്യാദയും പെരുമാറ്റവുമൊക്കെ വേണ്ടേ. ഞങ്ങൾ അവളുടെ ആരാണ്. വരാൻ താമസിക്കുമ്പോൾ ഒന്ന് വിളിച്ചു പറയുകയെങ്കിലും ചെയ്യാമല്ലോ. ഇത് അതുമില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിട്ട് ഇരുന്നാൽ ആരോടും ഒന്നും പറയണ്ടല്ലോ അല്ലേ. എന്തായാലും ഇങ്ങനെ മുന്നോട്ട് പോകാൻ ഞങ്ങൾക്ക് തീരെ താല്പര്യം ഇല്ല. സ്നേഹിച്ചു ജീവിക്കാൻ വേണ്ടിയാണ് ഞാൻ എന്റെ മോനെക്കൊണ്ട് പെണ്ണു കെട്ടിച്ചത്. എന്നിട്ട് അവനോടൊ അവന്റെ വീട്ടുകാരോടോ യാതൊരു അടുപ്പവും ഇല്ലാത്ത രീതിയാണ് അവൾക്ക്. അവൾക്ക് ഈ വിവാഹത്തിന് സമ്മതമായിരുന്നില്ലേ.. ഇഷ്ടമില്ലാതെ നിങ്ങളുടെ നിർബന്ധത്താൽ പിടിച്ചു കെട്ടിച്ചതാണോ മകളെ.. എനിക്ക് അവളുടെ ഓരോ പെരുമാറ്റ രീതികൾ കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്..”

ആരതിയുടെ വീട്ടുകാർ പരസ്പരം ഒന്നും മിണ്ടാതെ നോക്കുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി.
അവർ എന്തോ മറയ്ക്കുന്നുണ്ട്, അവർക്ക് ഉറപ്പായി.

“എന്താണെങ്കിലും തുറന്നു പറയാം. ഇത്രയും നാളുകൾ അല്ലെ ആയിട്ടുള്ളൂ. ഇനിയും ഇത് തിരുത്താൻ ധാരാളം സമയമുണ്ട്..”
ഏറെ നേരത്തെ മൗനത്തിനു ശേഷം ആരതിയുടെ അമ്മ മുരടനക്കി.

“അഖിലിന്റെ അമ്മ ഞങ്ങളോട് ക്ഷമിക്കണം. ഞങ്ങൾ നിങ്ങളോട് ഒരു കാര്യം മറച്ചു വെച്ചത് ശരിയാണ്. അവൾക്ക് ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഉള്ള ഒരാളുമായി ഒരടുപ്പമുണ്ടായിരുന്നു. പക്ഷെ ഈ വിവാഹത്തോടെ അത് ഇല്ലാതായി കാണുമെന്നു വിശ്വസിച്ചു പോയി. അവൾക്ക് പക്ഷെ അത് മറക്കാൻ കഴിയില്ലെന്നും അയാളെ ചതിക്കാൻ വയ്യെന്നുമാണ് ഇപ്പോൾ പറയുന്നത്. അച്ഛൻ അവളെ ഒരുപാട് ശാസിക്കുകയും, ഉപദേശിക്കുകയുമൊക്കെ ചെയ്തു.
ഒരാഴ്ച്ച മുൻപ് അവൾ ഇവിടെ വന്നപ്പോൾ അയാൾക്കൊപ്പം പോകുകയാണ് എന്ന് പറഞ്ഞത് കേട്ട് നെഞ്ചിൽ തീയുമായിട്ടാണ് ഞാനും അവളുടെ അച്ഛനും കഴിഞ്ഞത്. അവൾ ഞങ്ങളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാണെന്നാണ് കരുതിയത്. പക്ഷെ അവൾ അത് ചെയ്യുമെന്ന് കരുതിയില്ല. ഞങ്ങളോട് ക്ഷമിക്കൂ. ഞങ്ങൾ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം.”

ആരതിയുടെ അമ്മ കൈകൾ കൂപ്പി പൊട്ടിക്കരഞ്ഞു.

ഇന്ദിര ചത്ത ശവം പോലെയായി.
എന്തെല്ലാം പ്രതീക്ഷകളോടെയാണ് മകന്റെ കല്യാണം നടത്തിയത്. പോയാലുടനെ ആരതിയെ കൊണ്ട് പോകുന്നത് ശരിയാക്കണം എന്ന് പറഞ്ഞവനോട് നിന്റെ ഭാര്യ വല്ലവന്റെയും കൂടെ പൊറുക്കാൻ പോയെന്ന് ഇനി എങ്ങനെ പറയും…

തകർന്ന ഹൃദയത്തോടെ അവർ എങ്ങനെയൊക്കെയോ വീട്ടിൽ എത്തി. അന്ന് വൈകിട്ട് അഖിൽ വിളിച്ചു. എന്ത് പറയും അവനോട്.. കള്ളം എന്തെങ്കിലും പറഞ്ഞാലും എത്ര നാളത്തേയ്ക്ക് പറഞ്ഞു പിടിച്ചു നിൽക്കും. അവൻ അവളുടെ ഫോണിലേക്ക് വിളിച്ചു ചോദിക്കില്ലേ.. എടുക്കാതെ വരുമ്പോൾ വീണ്ടും തന്നെ വിളിച്ചു ചോദിക്കില്ലേ..

ഒടുവിൽ അവർ എല്ലാം അവനോട് തുറന്നു പറഞ്ഞു.. അവന് അതൊരു വലിയ ഷോക്ക് ആയിരുന്നു.
കല്യാണ ശേഷമുള്ള ഓരോ രംഗങ്ങളും അവന്റെ മനസ്സിലൂടെ തെളിഞ്ഞു.
കിടപ്പറയിൽ പോലും അവൾ ഒഴിഞ്ഞു മാറിയത് ഇതിനായിരുന്നോ. നേരാം വണ്ണം പോലും അവളോട് അടുക്കാൻ പറ്റിയിട്ടില്ല. ഒന്ന് കെട്ടിപ്പിടിക്കാൻ തുടങ്ങുമ്പോഴേക്കും എന്തെങ്കിലും ഒക്കെ വയ്യായ്കൾ പറഞ്ഞു ഒഴിഞ്ഞു മാറും. ജോലിക്ക് പോകുന്നതിന്റെ ക്ഷീണം കൊണ്ടാകുമെന്ന് കരുതി വിട്ടു കളഞ്ഞു… ഇപ്പോൾ എല്ലാം മനസ്സിലാകുന്നുണ്ട്.

“നീ വിഷമിക്കണ്ട.. നിന്നെ വേണ്ടാതെ ഇട്ടിട്ട് പോയവളെ നിനക്ക് ഒട്ടും വേണ്ടാ. നമുക്ക് ഒരു തെറ്റ് പറ്റി. ഇനി അത് സ്വയം തിരുത്തുകയാണ് പോംവഴി. ”

നാട്ടിൽ വന്നാലുടനെ ഡിവോഴ്സ് നോട്ടീസ് കൊടുക്കണം. പക്ഷെ അവൾ എവിടെ ആണെന്ന് ഒരറിവുമില്ലല്ലോ. എന്തായാലും അവളുടെ വീട്ട് അഡ്രെസ്സിലേക്ക് കൊടുക്കാം..
ആളുകൾ ചോദിച്ചാൽ സത്യം തുറന്നു പറയാം. അല്ലാതെ എന്ത് ചെയ്യാനാണ്.

പോയിട്ട് ഒരു വർഷം കഴിഞ്ഞപ്പോൾ അഖിൽ നാട്ടിൽ വന്നു. ആരതിയുടെ ഒരു വിവരവും ഇല്ല.അത്രയും നാളുകളായി അവൾ ആരോടും ഒരു കോൺടാക്ടുമില്ലെന്ന് ആണ് അറിഞ്ഞത്. ഇനി അത് വേണ്ടാ. പുകഞ്ഞ കൊള്ളി പുറത്ത്..

പക്ഷെ മകന്റെ മ്ലാനമായ മുഖം അവരെ കുത്തി നോവിച്ചു കൊണ്ടിരുന്നു..
ഉറക്കം ഇല്ലാത്ത രാത്രിയിൽ എങ്ങനെ അവനെ രക്ഷിക്കുമെന്ന് ആലോചിച്ചു ഒരെത്തും പിടിയും കിട്ടാതെ അവർ വലഞ്ഞു.
ഒരു രാത്രിയിൽ അവർക്ക് ബോധോദയം വന്നത് പോലെ ചാടി എഴുന്നേറ്റു മകന്റെ റൂമിലേയ്ക്ക് ഓടി.

ഉറങ്ങിക്കിടന്ന മകനെ കുലുക്കി വിളിച്ചു.

“നാളെ രാവിലെ തന്നെ നമ്മുക്ക് ഒരിടം വരെ പോകണം. ”

“അത് നാളെ പറഞ്ഞാൽ പോരായോ.. അമ്മയ്ക്ക് എന്താ പ്രാന്ത് പിടിച്ചോ ഈ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചിട്ട് വിളിച്ചു പറയാൻ..”

“അതല്ലടാ ഇന്ന് രാവിലെ ഞാൻ അമ്പലത്തിൽ വെച്ച് ഒരാളെ കണ്ടിരുന്നു. നിനക്ക് ഊഹിക്കാമോ ആരാണെന്ന്..”

അവൻ അരിശത്തോടെ തല മാന്തി.

“നീ പണ്ട് സ്നേഹിച്ചിരുന്ന ഒരു പെണ്ണില്ലെടാ ഒരു ദേവു. അതിനെ ഞാൻ ഇന്ന് കണ്ടു.നിന്നെക്കാൾ നല്ലൊരുത്തനെ കല്യാണം കഴിച്ചതല്ലേ അവൾ. എന്നിട്ടെന്താ, ഇപ്പോൾ അവൾ ഡിവോഴ്സ് ആയിട്ട് സ്വന്തം വീട്ടിൽ വന്നു നിൽക്കുവാണ്. ഒരു കുട്ടിയുമുണ്ട്.. ”

അവന്റെ ഉറക്കം പമ്പ കടന്നു.

“ഇത്‌ ആരാണ് അമ്മയോട് പറഞ്ഞത്. അവളാണോ..”

“ഏയ്‌.. അവളല്ല. അവൾ പോയികഴിഞ്ഞു മാല കെട്ടുന്ന അംബിക ആണ് പറഞ്ഞത് ഈ കാര്യം.. നാട്ടിൽ വന്നിട്ട് അഞ്ചാറ് മാസമായി. പക്ഷെ ഇപ്പോൾ എന്റെ മനസ്സിൽ ആരോ ഇരുന്നു പറയുന്നത് പോലെ.. അവളെ എന്തുകൊണ്ട് നിനക്ക് ആലോചിച്ചു കൂടെന്ന്.. നീയും അവളും ഇപ്പോൾ തുല്യ ദുഃഖിതർ അല്ലെ. പിന്നെ അവൾക്കൊരു കുട്ടിയുണ്ട് എന്നത് ഒരു വലിയ കാര്യമൊന്നുമല്ല. നിനക്ക് ഉണ്ടാകാതെ പോയത് നിന്റെ നേര് എന്ന് പറഞ്ഞാൽ മതിയല്ലോ..”

അഖിൽ അമ്മയെ തുറിച്ചു നോക്കി. ഈ അമ്മയ്ക്ക് ബോധം പോയോ.. എന്തൊക്കെ വിവരക്കേട് ആണ് പാതിരാത്രിയിൽ ഇരുന്നു വിളിച്ചു കൂവുന്നത്. ഞാൻ ഇനി അവളെക്കൂടി കെട്ടാനോ..
അതും ഒരു കൊച്ചുള്ള തള്ളയെ..

“അമ്മ പോയി കിടന്നു ഉറങ്ങാമോ. എനിക്ക് ഉറക്കം വരുന്നുണ്ട്. നാളെ സംസാരിക്കാം. ”

അവർ ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയി.
നാളെ ആകട്ടെ എന്താ വേണ്ടത് എന്ന് തനിക്കറിയാം.

രാവിലെ എഴുന്നേൽക്കാൻ കുറച്ചു വൈകിപ്പോയി. ഉണർന്നതും പതിവില്ലാത്ത ഉന്മേഷത്തോടെ എല്ലാ പണിയും ചെയ്യാൻ തുടങ്ങി. ഇടയ്ക്ക് കാപ്പിയും കൊണ്ട് മകന്റെ മുറിയിലേക്ക് ചെന്നു. അവൻ ഉണർന്നു മൊബൈലും നോക്കി കിടക്കുന്നു.

“ഞാൻ ഇന്നലെ പറഞ്ഞതെല്ലാം മറന്നോ നീയ്. ഇങ്ങനെ കിടക്കാതെ എഴുന്നേറ്റു കുളിച്ച് റെഡിയായിക്കേ. ഒരു നല്ല കാര്യത്തിന് പോകുമ്പോൾ രാവിലെ തന്നെ ചെല്ലുന്നതാണ് നല്ലത്.”

“അമ്മ അപ്പോൾ രണ്ടും കല്പിച്ചാണോ. വല്ലവനും ഉണ്ടായ കൊച്ചിനെക്കൂടി ഞാൻ ചുമക്കണമെന്നാണോ പറയുന്നത്. അല്ലെങ്കിൽ തന്നെ ആ വീട്ടുകാർ ഇതിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ. എന്നെ നാണം കെടുത്തി മതിയായില്ലേ..”

“ഞാൻ ആണോടാ നിന്നെ നാണം കെടുത്തിയത്. ഇങ്ങനെ ഒക്കെ വരുമെന്ന് കരുതിയാണോ ഞാൻ നിന്റെ കല്യാണം നടത്തിയത്. ഇനിയിപ്പോ ഇതേയുള്ളൂ ഞാൻ നോക്കിയിട്ട് ഒരു മാർഗ്ഗം. അവൾ ഇപ്പോഴും ചെറുപ്പമാണ്, സുന്ദരിയും. ഒരു കൊച്ചുണ്ടെന്ന് കണ്ടാൽ പറയില്ല. നിനക്ക് നന്നായി ചേരും..ആ കുഞ്ഞാണ് നിനക്ക് ബുദ്ധിമുട്ടെങ്കിൽ അവരുടെ വീട്ടിൽ നിന്നോളും അത്. എന്തായാലും ഒരവസരം ഇനി കിട്ടിയെന്ന് വരില്ല.

അവനൊന്നും മിണ്ടിയില്ല. ഇനിയെല്ലാം അമ്മ പറയുമ്പോലെ ആകട്ടെ.
അങ്ങനെ അമ്മയും മകനും കൂടി ദേവുവിന്റെ വീട്ടിൽ എത്തിയതാണ് രാവിലെ തന്നെ. വീട്ടിൽ ആ നേരത്ത് എല്ലാവരും ഉണ്ടായിരുന്നു.

ബൈക്ക് നിർത്തിയിട്ട് ഇറങ്ങി വരുന്ന രണ്ട് പേരെ കണ്ട് ഗീത ഒന്ന് ഞെട്ടി. ഇവരെന്താ ഇങ്ങോട്ട് പതിവില്ലാതെ.
അവർ അകത്തേയ്ക്ക് ഓടി.
ഭർത്താവിനെ വിളിച്ചു കൊണ്ട് വന്നു. വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ട് ദേവു മുറിക്കുള്ളിൽ നിന്ന് എത്തി നോക്കി. അഖിലിനെ കണ്ട് അവൾ അമ്പരന്നു.ഇയാൾക്കെന്താ ഇവിടെ കാര്യം..

“വരൂ എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്. കേറി വരൂ..”
ദിനേശൻ ആതിഥ്യ മര്യാദ കാട്ടി.

ചെറിയൊരു ചമ്മലുണ്ടായിരുന്നു അഖിലിന്റെ മുഖത്ത്. പണ്ട് താനും ദേവൂമായുള്ള ഇഷ്ടം അറിഞ്ഞപ്പോൾ തന്നെ ഒരു ശത്രുവായി കണ്ട ആളാണ്.

പരസ്പരമുള്ള വിശേഷം തിരക്കലുകൾ കഴിഞ്ഞപ്പോൾ ദിനേശൻ തന്നെ ചോദിച്ചു..

“അല്ലാ എന്താ രണ്ട് പേരും കൂടി ഇറങ്ങിയത്. എന്തെങ്കിലും വിശേഷം ഉണ്ടോ..”

“വിശേഷം എല്ലാം കഴിഞ്ഞില്ലേ.. ഇനി പുതിയത് വല്ലതും ഉണ്ടാകണം. നമ്മൾ ആഗ്രഹിക്കുന്നത് പോലല്ലല്ലോ ഒന്നും നടക്കുന്നത്..”

ദിനേശൻ അടുത്ത് നിന്ന ഭാര്യയെ ഒന്ന് നോക്കി. തങ്ങളെ ഉദ്ദേശിച്ചാണോ ആ പറഞ്ഞതെന്ന് ഒരു സംശയം.

“അല്ലാ, അഖിലിന്റെ ഭാര്യ ഇപ്പോൾ ഏത് ഹോസ്പിറ്റലിൽ ആണ്..”

അഖിൽ വിമ്മിഷ്ടത്തോടെ അമ്മയെ നോക്കി. അവർ അത് കണ്ടില്ലെന്ന് നടിച്ചു.

“അതാണ് ഞാൻ പറഞ്ഞു വന്നത്.. ഒന്നും നമ്മൾ ഉദ്ദേശിക്കുന്നത് പോലെ നടക്കണമെന്നില്ലല്ലോ. നന്നായി വരുമെന്നുള്ള വിശ്വാസം കൊണ്ട് പലതും ചെയ്യുന്നു. പക്ഷെ.. ഇനി ഞാൻ ഒന്നും മറച്ചു വെയ്ക്കുന്നില്ല. ഇവന്റെ കല്യാണം കഴിഞ്ഞെന്നുള്ളത് ശരിയാണ്. പക്ഷെ, അതിനപ്പുറം ഒരു ബന്ധം ഇവർക്കിടയിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഞങ്ങൾ പറ്റിക്കപ്പെടുകയായിരുന്നു. അവൾക്ക് വേറൊരു പ്രേമം ഉണ്ടായിരുന്നു. മോൻ ഗൾഫിൽ പോയി നാലു മാസം കഴിഞ്ഞാണ് ഞങ്ങൾ അത് അറിയുന്നത്. ഇഷ്ടമില്ലാതെയാണ് അവൾ ഈ കല്യാണത്തിന് ഒരുങ്ങിയത്. അവൾ ഇഷ്ടപ്പെട്ട മറ്റൊരു ചെറുക്കന്റെ കൂടെ ഇറങ്ങി പോയിട്ട് ഇപ്പോൾ വർഷം രണ്ടാകാറായി. ഡിവോഴ്സ് ഉടനെ ശരിയാകും. അവൾ കോടതിയിൽ എത്തിച്ചേരാഞ്ഞത് കൊണ്ടാണ് ഇത്രയും വൈകിയത്. ഇനി വരുന്ന ആഴ്ച്ചയിൽ കോടതിയിൽ വാദമുണ്ട്. അന്ന് ഈ ബന്ധം അവസാനിക്കും. അവള് പോയെന്ന് വെച്ച് എനിക്കെന്റെ മകന്റെ ജീവിതം പോട്ടെന്നു വെയ്ക്കാൻ കഴിയില്ലല്ലോ…”

ഇന്ദിര ഒന്ന് നിർത്തി. പിന്നെ മുന്നിലെ ടീപ്പൊയിൽ ഇരുന്ന വെള്ളം എടുത്തു കുടിച്ചു. തൊണ്ട വരളുന്നുണ്ട്. എല്ലാം കേട്ട് കഴിയുമ്പോൾ അവർ അനുകൂലമായ മറുപടി തന്നാൽ മതിയായിരുന്നു.
അവർ തുടർന്നു.

“ഞാൻ ഈയിടെ അമ്പലത്തിൽ വെച്ചാണ് ദേവൂനെ കാണുന്നത് . മോള് ഭർത്താവിന്റെ ഒപ്പം വിദേശത്ത് ആണെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ ആ ബന്ധം അവസാനിച്ചെന്ന് അറിഞ്ഞപ്പോൾ ഒരു ആഗ്രഹം.. പിള്ളേര് രണ്ടു പേരും ചെറുപ്പമാണ്. ഇവരെ തമ്മിൽ ചേർപ്പിച്ചാലോ എന്നൊരു ചിന്ത. അത് ഇവിടെ പറഞ്ഞു നിങ്ങളുടെ അഭിപ്രായം കൂടിയൊന്ന് അറിയാൻ വേണ്ടിയാണ് കയ്യോടെ ഇറങ്ങിപ്പുറപെട്ടത്. മോന് ഉടനെ തിരിച്ചു പോകേണ്ടതുമാണ്. അതിന് മുൻപ് ഒരു തീരുമാനം അറിഞ്ഞാൽ നന്നായിരുന്നു..”

ദിനേശനും ഗീതയും കേട്ടത് വിശ്വസിക്കാൻ കഴിയാതെ തമ്മിൽ തമ്മിലൊന്നു നോക്കി.
കേട്ടത് ഒരു നല്ല വാർത്തയാണ്. കാര്യമൊക്കെ പറഞ്ഞാലും തങ്ങൾ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനിൽ നിന്ന് മകളെ അകറ്റാൻ ഒരുപാട് ശ്രമിച്ചിട്ടുള്ളതാണ്. പക്ഷെ ഇപ്പോഴത്തെ ചുറ്റുപാടിൽ ഇങ്ങനെ ഒരു കാര്യം കേട്ടതും, ചിരിക്കണോ കരയണോ എന്ന കൺഫ്യൂഷനിലായി.
ഒരു കുട്ടിയുള്ള മകൾക്ക് ഇനിയൊരു വിവാഹം എങ്ങനെ നടത്തുമെന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് വീട്ടിനുള്ളിലേയ്ക്ക് ശുഭ വാർത്തയുമായി ഇവർ കയറി വന്നിരിക്കുന്നത്.

“ഞങ്ങൾക്ക് യാതൊരു സമ്മതക്കുറവുമില്ല. പക്ഷെ മകളോടും കൂടിയൊന്ന് ഈ കാര്യം സംസാരിക്കണമല്ലോ. അവൾക്ക് സമ്മതമില്ലാതെ ഇനി ഒന്നിലും എടുത്തു ചാടാൻ പറ്റില്ല. അത്രയ്ക്ക് അവൾ ഈ ചെറിയ നാളുകൾ കൊണ്ട് അനുഭവിച്ചിരിക്കുന്നു.ഇനി ഒരു ബന്ധം വന്നാലും അതിന്റെ ഗുണ ദോഷങ്ങൾ നന്നായി ആലോചിച്ചു മാത്രമേ തീരുമാനം എടുക്കാൻ പറ്റൂ.. എന്തായാലും മോളേ ഇങ്ങോട്ട് വിളിപ്പിക്കാം.. ”

അയാൾ ഗീതയെ കണ്ണ് കാണിച്ചു. അവർ തലയാട്ടിക്കൊണ്ട് പെട്ടന്ന് അകത്തേയ്ക്ക് വലിഞ്ഞു.
അഖിൽ പരിഭ്രമത്തോടെ കൈകൾ കൂട്ടി തിരുമ്മി. അവളൊരിക്കലും തന്നെ വേണ്ടെന്ന് പറയില്ല. തന്നോട് അവൾക്ക് ആരാധനയായിരുന്നല്ലോ.

അല്പം കഴിഞ്ഞതും ആള് മുന്നിൽ എത്തി. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണു ദേവൂനെ കാണുന്നത് എന്നയാൾ ഓർത്തു. കുറച്ചു വണ്ണം വെച്ചിട്ടുണ്ട് എന്നല്ലാതെ ഒരു മാറ്റവും ഇല്ല. മുഖത്ത് ആവശ്യത്തിൽ കൂടുതൽ പക്വത വന്നത് പോലൊരു സംശയം.

മകളെ കണ്ടതും അയാൾ ചിരിച്ചു.
എന്നിട്ട് കാര്യം പറഞ്ഞു. എല്ലാം കേട്ടതും അവൾ അയാളെ ഒന്ന് നോക്കി. അഖിൽ വീർപ്പടക്കി.

“സോറി അച്ഛാ, എനിക്കിനി ഒരു വിവാഹവും വേണ്ട. ഞാൻ അല്പം മനഃസമാധാനത്തോടെ കുറച്ചു നാളുകൾ കൂടിയൊന്നു കഴിഞ്ഞോട്ടെ. ഒരു കൂട്ട് വേണമെന്ന് തോന്നുകയാണെങ്കിൽ ഞാൻ അപ്പോൾ പറഞ്ഞോളാം. ഇപ്പോൾ എനിക്ക് എന്റെ കുഞ്ഞു മാത്രം മതി..”

കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെയായി അഖിൽ.തൃപ്തിയായില്ലേ എന്നൊരു നോട്ടം കൊണ്ട് അമ്മയെദഹിപ്പിച്ചു.
ഇന്ദിര ഇരുന്നു വിയർത്തു. തീരെ താല്പര്യം ഇല്ലാതിരുന്ന മകനെ നിർബന്ധം പിടിച്ചു കൊണ്ട് വന്നത് താനാണ്. ഇനി അവന്റെ ചോദ്യത്തിന് എന്ത് മറുപടി പറയും. അവന്റെ ദഹിപ്പിക്കുന്ന നോട്ടത്തിന് മുന്നിൽ അവർ ചൂളിപ്പിടിച്ചിരുന്നു.

ദേവൂന്റെ വീട്ടിൽ നിന്ന് വന്ന ശേഷം അഖിൽ മുറിക്ക് പുറത്തേയ്ക്ക് ഇറങ്ങിയതേയില്ല..
അവളുടെ കടുപ്പിച്ച സ്വരം അപ്പോഴും കാതിൽ മുഴങ്ങുന്നു.
ഒരിക്കലും അവളെ വെറുത്തിട്ടില്ല. അവളുടെ മുന്നിൽ താനെപ്പോഴും വില കെട്ടവനായിട്ടാണ് കഴിഞ്ഞത്. അല്ലെങ്കിൽ തനിക്ക് അത്തരമൊരു ഇമേജ് ആയിരുന്നു ആ വീട്ടുകാർ ചാർത്തിത്തന്നത്. അതോടെ സ്വയം പിൻവാങ്ങുകയായിരുന്നു. ഇപ്പോൾ ഒരു കുട്ടിയുണ്ടെന്ന് അറിഞ്ഞപ്പോൾ ചെറിയൊരു അനിഷ്ടം തോന്നിയത് പോലും അവളോടുള്ള സെൽഫിഷ് കൊണ്ടാണ്. അവളെ വിവാഹം കഴിച്ചാലും തനിക്ക് രണ്ടാം സ്ഥാനമായിരിക്കും കിട്ടുക എന്ന് ഊഹിച്ചു അതിപ്പോൾ ശരിയായി. അവളുടെ ലിസ്റ്റിൽ ആ കുട്ടി മാത്രമേയുള്ളൂ.. ഇനി അത് വിട്ടു കളയുന്നതാണ് നല്ലത്. ആ കാര്യം പോലും ഓർക്കാതിരിക്കാൻ ശ്രമിക്കാം. എല്ലാം അമ്മയുടെ പണിയാണ്.

പ്രത്യേകത ഒന്നുമില്ലാതെ കുറെ നരച്ച ദിവസങ്ങൾ..!
ആരതിയുടെ ഒരു സാധനങ്ങളും വീട്ടിൽ അമ്മ അവശേഷിപ്പിച്ചില്ല. കല്യാണ ആൽബം പോലും അമ്മ എടുത്തു മാറ്റി മുറിയിൽ നിന്ന്. ഇപ്പോൾ അവളെക്കുറിച്ചും ഓർക്കാറില്ല.. എല്ലാം ഒരു ദുഃസ്വപ്നമായിരുന്നു.

ഒരാഴ്ച്ച കഴിഞ്ഞതും കോടതിയിൽ ചെല്ലേണ്ട ദിവസം വക്കീൽ വിളിച്ചറിയിച്ചു.
അമ്മയെയും കൂട്ടിയാണ് പോയത്. ആരതി എത്തിയിരുന്നു. ഷാള് കൊണ്ട് തലയിലൂടെ ഇട്ടു മുഖം മറച്ചിരുന്നു.

ഒരുപാട് വാദ പ്രതിവാദങ്ങൾക്കൊന്നും സമയം കൊടുക്കാതെ പരസ്പരം സമ്മതത്തോടെ ഡിവോഴ്സ് അനുവദിച്ചു.

അതിന്റെ ആഘോഷം നടത്താൻ കൂട്ടുകാർക്കൊപ്പം രണ്ട് ദിവസത്തേയ്ക്ക് മൂന്നാറിൽ പോയി അടിച്ചു പൊളിച്ചാണ് സമാധാനിച്ചതും സന്തോഷിച്ചതും.
തിരിച്ചു വന്നപ്പോൾ അമ്മ ഒരു വാർത്തയും കൊണ്ട് കാത്തിരിക്കുന്നു.

“മോനേ ദേവു ഇന്നലെ നിന്നെ കാണാൻ ഇവിടെ വന്നിരുന്നു.”

“ഇവിടെയോ..എന്തിന്..?”
“അവൾക്ക് നിന്നോട് എന്തോ സംസാരിക്കാനുണ്ടെന്ന്.. നീയിവിടെ കാണുമെന്നു കരുതിയാണ് വന്നത്. ഇല്ലെന്ന് അറിഞ്ഞതും പെട്ടന്ന് പോയി.”

യാത്രാ ക്ഷീണം കാരണം അന്ന് പകലും രാത്രിയും ഒരേ ഉറക്കത്തിലായിരുന്നു. അല്ലെങ്കിലും ഇനി തിരിച്ചു പോകുന്നത് വരെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ.

പിറ്റേന്ന് വെളുപ്പിനെ തന്നെ ഉറക്കം മതിയാക്കി എഴുന്നേറ്റു.
ഒന്ന് നന്നായിട്ട് കുളിക്കണം. പറ്റിയാൽ അമ്പലത്തിൽ വരെയൊന്ന് പോകണം. ദൈവത്തിന് ഒരു നന്ദി പറയാനുണ്ട്.
തന്റെ ജീവിതത്തിൽ പറ്റിപ്പിടിച്ചിരുന്ന വിവാഹമെന്ന ഒരു വലിയ ചേറു കഴുകിക്കളയാൻ കഴിഞ്ഞല്ലോ..

മൊബൈൽ കുത്തി വെച്ചിട്ട് കുളിക്കാനായി പോകുമ്പോഴാണ് ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്.
ആരാണ് ഇത്ര രാവിലെ..?
പരിചയമില്ലാത്ത ഒരു നമ്പർ ആണല്ലോ..
ഹെലോ വെച്ചതും ഒരു പെൺ ശബ്ദം കേട്ട് ഞെട്ടി. ഇനി ഏതു മാരണമാണ് ആവോ!
അവൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ പെൺ ശബ്ദം മൊഴിഞ്ഞു.

“എനിക്കൊന്ന് കാണണമായിരുന്നു. ഞാൻ വീട്ടിൽ വന്നിരുന്നു. കുറച്ചു സംസാരിക്കാനുണ്ട്..”

ആളെ പിടികിട്ടി.

“എന്താ കാര്യം..”

ഒട്ടും താല്പര്യം ഇല്ലായിരുന്നു അവന്റെ സ്വരത്തിൽ. അവൾക്ക് മനസ്സിലായെങ്കിലും അത് വക വെയ്ക്കാതെ പറഞ്ഞു.

“ഇന്ന് രാവിലെ അമ്പലത്തിൽ വരെയൊന്ന് വരാമോ. ഒന്ന് കാണണം..”

ഇനിയും പിറകെ നടന്നു ശല്യം ചെയ്യരുത് എന്ന് പറയാനാണോ എന്ന് ചോദിക്കാൻ തുടങ്ങിയതാണ്. പക്ഷെ അവൾ പെട്ടന്ന് കട്ട് ചെയ്തു കളഞ്ഞു.

തല്ക്കാലം അമ്മ അറിയണ്ട.
പെട്ടന്ന് കുളിച്ചൊരുങ്ങി. കയ്യിൽ കിട്ടിയ കരയുള്ള ഒരു മുണ്ടും ഷർട്ടും എടുത്തിട്ടു.
വണ്ടിയുമെടുത്തു കുളിച്ചൊരുങ്ങി പോകുന്നത് കണ്ടപ്പോൾ ഇന്ദിര ഊഹിച്ചു. അമ്പലത്തിലേയ്ക്ക് ആവുമെന്ന്.
അവന് തോന്നണം. ആരും നിർബന്ധിക്കുന്നത് തീരെ ഇഷ്ടവുമല്ല..പോയിട്ട് വരട്ടെ.

ബൈക്ക് വെച്ചിട്ട് ഇറങ്ങി ചുറ്റിനും ഒന്ന് നോക്കി ആളെ കാണുന്നില്ല. ചിലപ്പോൾ അകത്തുണ്ടാവും.

ഷർട്ട്‌ ഊരി അകത്തു കയറി പ്രാർത്ഥിച്ചു കൊണ്ട് നിൽക്കുമ്പോൾ പരിചയമുള്ള പലരേയും കണ്ടു. പക്ഷെ അവളെ മാത്രം കണ്ടില്ല.. ഒരല്പം ഈർഷ്യ തോന്നാതിരുന്നില്ല. ഈ പെണ്ണിന് ഇതെന്തിന്റെ കേടാണ്.വിളിച്ചു വരുത്തിയിട്ട് എവിടെ പോയി കിടക്കുവാണ്.

വലത്തു വെച്ച് തീർത്ഥവും ചന്ദനവും വാങ്ങി പുറത്ത് ഇറങ്ങി.
ആലിന്റെ ചുവട്ടിൽ കുറച്ചു നേരം ഇരിക്കാം, എന്തായാലും വരാമെന്ന് പറഞ്ഞതല്ലേ..

മൊബൈൽ എടുത്തു വെറുതെ വാട്സ്ആപ്പ് സ്റ്റാറ്റസ് നോക്കിയിരുന്നു..

“ഒത്തിരി നേരമായോ വന്നിട്ട്.. ”

ഓഹ് വന്നല്ലോ വനമാല..
അവൻ മുഖത്തെ ഗൗരവം ഒട്ടും കുറയ്ക്കാൻ പോയില്ല.

അവളുടെ നെറ്റിയിൽ നനവ് മാറാത്ത ചന്ദനം..
ഒരു കോട്ടൺ ചുരിദാർ ആണ് ഉടുത്തിരിക്കുന്നത്..
മെയ്ക്കപ്പ് ഒട്ടുമില്ല. ആകെയുള്ളത് ആ ചന്ദനം മാത്രമാണ്. കണ്ടിട്ട് ഒരു ദുഃഖപുത്രിയെ പോലെ..

“എന്താ കാണണം എന്ന് പറഞ്ഞത്.”

അവൾ കയ്യിൽ ഇരുന്ന ഇലച്ചീന്തിലേയ്ക്ക് നോക്കി എന്തോ ആലോചിച്ചു.. പരിചയമുള്ള പലരും അവരെ ശ്രദ്ധിക്കുന്നുണ്ട്.

“നമുക്ക് ഇവിടെ നിന്ന് കുറച്ചു മാറി നിന്നാലോ.. പലരും നോക്കുന്നുണ്ട്.”

“എങ്കിൽ വാ..”

അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. അവൾ അവന്റെ ബൈക്കിന്റെ പിന്നാലെ തന്റെ സ്കൂട്ടർ വിട്ടു.

ആളൊഴിഞ്ഞ ഇടം നോക്കി അവൻ വണ്ടി നിർത്തിയത് ഒരു കോഫീ ഷോപ്പിലാണ്. ടൗണിൽ നിന്ന് കുറച്ചു മാറിയാണ്. ഇവിടെ ആകുമ്പോൾ പരിചയക്കാർ ആരുമില്ല.
ഒഴിഞ്ഞ ഒരു മേശയ്ക്ക് ഇരുവശത്തുമായി അവർ പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നു.

“എന്താ വേണ്ടത്..”

അവർക്കിടയിലെ മൗനത്തിലേയ്ക്ക് ഹോട്ടൽ ബോയിയുടെ പരുക്കൻ ശബ്ദം ചെറിയൊരു ഓളമുണ്ടാക്കി.

അവൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി.

“ഒരു ചായ മാത്രം മതി.”

അയാൾ പോയത് നോക്കി അവരിരുന്നു.

ആളുകൾ അധികം ഇല്ലാത്തതിനാൽ ചായ പെട്ടന്ന് മുന്നിൽ എത്തി..
ചൂട് ചായ കുടിക്കുന്ന അഖിലിനെ അവളൊന്ന് നോക്കിയിട്ട് പതിയെ പറഞ്ഞു.

“എനിക്ക് സമ്മതമാണ് കേട്ടോ..”

“എന്ത്..”

ചായ കുടി നിർത്തി അവൻ ഒന്നുമറിയാത്തത് പോലെ ചോദിച്ചു.

കെട്ടാൻ.. ”

“അതിന് ആരെങ്കിലും ഇവിടെ പശൂനെയോ ആടിനെയോ വല്ലോം വാങ്ങിയോ..”

“ഓഹ്, വല്യ തമാശ… ഞാൻ പറഞ്ഞത് എനിക്ക് കല്യാണത്തിന് സമ്മതമാണെന്നാണ് മനുഷ്യ..”

“ഓഹ് അങ്ങിനെയോ…ഇപ്പോഴാണോ ബോധോദയം ഉണ്ടായത്.”

“അത് പിന്നെ.. വീട്ടിൽ എല്ലാവരും എന്നെ കുറെ വഴക്ക് പറഞ്ഞു.. അന്ന് നിങ്ങളെ ഞാൻ അപമാനിച്ചു വിട്ടെന്നൊക്കെ പറഞ്ഞു. പക്ഷെ എന്റെ മനസ്സ് ഇപ്പോഴും ശരിയായിട്ടില്ല. മുൻ ഭർത്താവിനെ മറക്കാൻ കഴിയാഞ്ഞിട്ടല്ല. അയാൾ എന്നിൽ ഏൽപ്പിച്ച മാനസീകമായ പരിക്കുകൾ അത്രയ്ക്ക് ഭീകരമായിരുന്നു.
ഇനിയൊരു പുരുഷനെയും ഇഷ്ടപ്പെടാതിരിക്കാൻ മാത്രം കയ്പ്പുള്ള അനുഭവങ്ങൾ മറന്നു തുടങ്ങുന്നതേയുള്ളു.. പോരെങ്കിൽ ഒന്നുമറിയാത്ത എന്റെ കുഞ്ഞ്. അതിനെ മറ്റൊരാൾക്ക്‌ അംഗീകരിക്കാൻ കഴിയുമോയെന്ന ആശങ്ക.. ഇതൊന്നും നിങ്ങൾ ആണുങ്ങൾക്ക് മനസ്സിലാവില്ല..”

“ശരി, എങ്കിൽ ഞങ്ങൾ ആണുങ്ങൾക്ക് മനസ്സിലാകുന്ന ഒരു കാര്യം പറയട്ടെ. എത്രയും പെട്ടന്ന് വിവാഹം നടത്തുക.. അതല്ലാതെ മറ്റൊന്നും എനിക്കിപ്പോൾ മനസ്സിലാവില്ല. പിന്നേയ്‌,ഒരു കാര്യം കൂടി ഓർത്തോ. എനിക്ക് അധികം ലീവില്ല. ഞാൻ എന്റെ പാട്ടിനു പോകുന്നതിനു മുൻപ് എന്താന്ന് വെച്ചാൽ ചെയ്താൽ നിനക്ക് കൊള്ളാം..”

“ഓഹ് എങ്കിൽ അങ്ങനെയായിക്കോട്ടെ..”

അവൾ കയ്യ് കൂപ്പി.
ഹ്ഹോ, എന്താ ഒരു ജാഡ..!!
അവൾക്ക് ചിരി വന്നു.

“എങ്കിൽ പോയാലോ..”

അവൻ എഴുന്നേറ്റു. കൂടെ അവളും..

മടക്കയാത്ര അവരൊന്നിച്ചായിരുന്നു. ബൈക്കിൽ അവന്റെ പിന്നിൽ ചേർന്നിരുന്ന് ഇടത്തേക്കൈ അവന്റെ വയറ്റിലൂടെ ചുറ്റിപ്പിടിച്ച്..
ആ യാത്രയ്ക്ക് സാക്ഷിയായി അവളുടെ സ്കൂട്ടറും പിന്നെ, മണ്ണിൽ കൊഴിഞ്ഞു വീണ കുറെ ഗുൽമോഹർ പൂക്കളും ബാക്കിയായി..

✍️ശാലിനി

Leave a Reply

Your email address will not be published. Required fields are marked *