ഇന്ന് രാത്രി നമുക്ക് ഒരു സ്പെഷ്യൽ വീഡിയോ എടുത്താലോ? ആ പഴയ റെഡ് സാരീ ഉടുത്ത്, കുറച്ച് ‘ബോൾഡ്’ ആയിട്ട്.….

“ഇന്ന് രാത്രി നമുക്ക് ഒരു സ്പെഷ്യൽ വീഡിയോ എടുത്താലോ? ആ പഴയ റെഡ് സാരീ ഉടുത്ത്, കുറച്ച് ‘ബോൾഡ്’ ആയിട്ട്…”

തോളിൽ ചുറ്റിപ്പിടിച്ചുകൊണ്ട് പ്രകാശ് അവളുടെ കാതിലേക്ക് പതുക്കെ മന്ത്രിച്ചു. ഒരു നിമിഷം പാർവ്വതിയുടെ ഉള്ളിൽ ആ പഴയ പ്രണയം ഉണർന്നെങ്കിലും അടുത്ത നിമിഷം അവളുടെ ശ്രദ്ധ പോയത് കയ്യിലിരുന്ന ഐഫോണിന്റെ നോട്ടിഫിക്കേഷൻ ബാറീലേക്കാണ്.

“ഓ പ്രകാശ്, ഒന്ന് മാറിക്കേ! എനിക്കിവിടെ ഒരു കണ്ടന്റ് പ്ലാൻ ചെയ്യാനുണ്ട്. ഇന്നലെയിട്ട റീൽസിന് ആകെ കിട്ടിയത് പതിനായിരം ലൈക്‌സ് മാത്രമാണ്. ഫോളോവേഴ്സ് കുറയുന്നു. എനിക്ക് ഇപ്പോൾ ഇതിനൊന്നും സമയമില്ല.”

പ്രകാശിന്റെ കയ്യിലെ മുറുക്കം അയഞ്ഞു. ആ മുഖത്തെ പ്രണയം നിരാശയ്ക്ക് വഴിമാറി. ഇതൊരു നിത്യസംഭവമായി മാറിയിരിക്കുന്നു.

പാർവ്വതി ഒരു സാധാരണ വീട്ടമ്മയായിരുന്നു. പക്ഷേ, രണ്ട് വർഷം മുൻപ് തുടങ്ങിയ ഇൻസ്റ്റാഗ്രാം പേജ് അവളുടെ ജീവിതം മാറ്റിമറിച്ചു. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ്. എല്ലാവരും അവളെ ‘ഡിജിറ്റൽ ക്വീൻ’ എന്ന് വിളിച്ചു. ഓരോ ലൈക്കും ഓരോ കമന്റും അവൾക്ക് ലഹരിയായിരുന്നു.

രാവിലെ എഴുന്നേറ്റാൽ പ്രകാശന് ചായ ഇട്ടു കൊടുക്കുന്നതിന് പകരം, സൂര്യോദയം പശ്ചാത്തലമാക്കി ഒരു ‘ഗുഡ് മോർണിംഗ്’ വീഡിയോ എടുക്കുന്ന തിരക്കിലായിരിക്കും അവൾ. അടുക്കളയിൽ പാൽ തിളച്ചു തൂകിയാലും അവൾ ശ്രദ്ധിക്കില്ല.

“പാർവ്വതീ, ആ പാലൊന്ന് നോക്കിക്കൂടെ? നീയിവിടെ എന്ത് ചെയ്യുകയാണ്?” പ്രകാശ് അടുക്കളയിൽ നിന്ന് വിളിച്ചു ചോദിക്കും.

“നോക്കുന്നുണ്ടല്ലോ പ്രകാശ്, ഒന്ന് മിണ്ടാതിരിക്കൂ. എന്റെ വീഡിയോയുടെ കണ്ടിന്യൂയിറ്റി പോകും. എല്ലാം കൂടെ കൂടി എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലേ!” ഇതായിരുന്നു സ്ഥിരം മറുപടി.

“പാർവതി, മോന് ഗുളിക കൊടുക്കാൻ സമയമായി. മോൻ വിശക്കുന്നു എന്ന് പറഞ്ഞു കരയുന്നു,” പ്രകാശിന്റെ അമ്മ സാവിത്രിയമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.

“അമ്മേ, ഒന്ന് മിണ്ടാതിരിക്കുമോ? ഞാൻ ഇവിടെ വോയ്‌സ് ഓവർ റെക്കോർഡ് ചെയ്യുകയാണ്. ആ കുട്ടിയെ ഒന്ന് നോക്കാൻ അവിടെ ആരുമില്ലേ?” അവൾ ദേഷ്യത്തോടെ തിരിച്ചു ചോദിച്ചു.

അഞ്ചു വയസ്സുകാരൻ ആദി അച്ഛന്റെ പിന്നിൽ ഒളിച്ചു നിന്നു. അവന് അമ്മയോട് സംസാരിക്കാൻ പോലും പേടിയായിരുന്നു. അമ്മയുടെ ഫോൺ തട്ടിപ്പോയാലോ വീഡിയോ എടുക്കുമ്പോൾ ഇടയിൽ കയറിയാലോ കിട്ടുന്ന അടി അവന് ഓർമ്മയുണ്ട്. ഒരിക്കൽ അവൻ അമ്മേ എന്ന് വിളിച്ചു ചെന്നപ്പോൾ വീഡിയോ റെക്കോർഡ് ആകുന്നുണ്ടായിരുന്നു. അന്ന് പാർവ്വതി അവനെ അടിച്ചു മുറിക്ക് പുറത്താക്കിയത് പ്രകാശ് ഇന്നും മറന്നിട്ടില്ല.

ഒരു ദിവസം രാത്രി എല്ലാവരും ആഹാരം കഴിക്കാൻ ഇരുന്നു. സാവിത്രിയമ്മ സ്നേഹത്തോടെ വിളമ്പിയ ചോറ് കഴിക്കുന്നതിന് പകരം പാർവ്വതി ഓരോ കറിയും ഫോണിൽ പകർത്തിക്കൊണ്ടിരുന്നു.

“മോളെ, ആഹാരം തണുത്തു പോകുന്നു. ആ ഫോൺ ഒന്ന് താഴെ വെച്ചൂടെ?” സാവിത്രിയമ്മ മെല്ലെ പറഞ്ഞു.

“അമ്മയ്ക്ക് അറിയില്ലല്ലോ ഇതിന്റെ പ്രാധാന്യം. ഞാൻ ഇപ്പോൾ ഇതൊരു സ്റ്റോറി ഇട്ടില്ലെങ്കിൽ എന്റെ എൻഗേജ്‌മെന്റ് റേറ്റ് കുറയും. ആളുകൾ എന്നെ മറക്കും. ഈ കാണുന്ന ബിരിയാണി ചുമ്മാ കഴിക്കാനുള്ളതല്ല, അതൊരു വിഷ്വൽ എക്സ്പീരിയൻസ് ആണ്!”

പ്രകാശ് ദേഷ്യത്തോടെ പ്ലേറ്റ് തള്ളി എഴുന്നേറ്റു. “നമുക്ക് ജീവിക്കാൻ വേണ്ടത് ചോറാണ് പാർവ്വതീ, അല്ലാതെ നിന്റെ സ്റ്റോറിയിലെ ലൈക്കുകളല്ല. നീ ഈ വീടിനെ ഒരു സിനിമ സെറ്റ് ആക്കി മാറ്റിയിരിക്കുകയാണ്.”

അവൾ അത് കേട്ട ഭാവം നടിച്ചില്ല. കമന്റുകളിൽ വന്ന ‘Yummy’, ‘Delicious’ എന്ന വാക്കുകൾ വായിച്ചു അവൾ നിർവൃതിയടഞ്ഞു.

ആ ദിവസം പാർവ്വതിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഒരു വലിയ കോസ്മെറ്റിക് ബ്രാൻഡിന്റെ കൊളാബറേഷൻ ഷൂട്ട് അവളുടെ വീട്ടിൽ വെച്ച് നടക്കുകയാണ്. മുറിയാകെ ലൈറ്റുകളും ക്യാമറകളും പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റുകളും നിറഞ്ഞു.

“അമ്മേ… തല വേദനിക്കുന്നു… എന്തോപോലെ വരുന്നു…” ആദി മെല്ലെ പാർവ്വതിയുടെ വിലകൂടിയ പട്ടുസാരിയിൽ പിടിച്ചു വലിച്ചു.

“ആദി, കൈ വിട്! ഈ സാരി എത്ര വിലയുള്ളതാണെന്ന് നിനക്കറിയാമോ? അമ്മയുടെ ലുക്ക് നശിക്കും. അങ്ങോട്ട് പോയി കളിക്കൂ,” അവൾ അവനെ തള്ളിമാറ്റി.

കുട്ടിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവന്റെ ശരീരം നന്നായി ചൂടുപിടിക്കുന്നുണ്ടായിരുന്നു. അവൻ തളർന്നു സോഫയുടെ ഒരു മൂലയിൽ ചുരുണ്ടുകൂടി. പ്രകാശ് മീറ്റിംഗിനായി സിറ്റിയിൽ പോയ സമയം. സാവിത്രിയമ്മ അമ്പലത്തിൽ പോയതുകൊണ്ട് വീട്ടിൽ ആദിയെ നോക്കാൻ മറ്റാരുമില്ലായിരുന്നു.

“റെഡി… ക്യാമറ… ആക്ഷൻ!” ഡയറക്ടർ വിളിച്ചു പറഞ്ഞു.

പാർവ്വതി ക്യാമറയ്ക്ക് മുന്നിൽ അതീവ സുന്ദരിയായി ചിരിച്ചു. “ഹലോ ഫ്രണ്ട്സ്, ഇന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്…” അവൾ വാചാലയായി.

ഓരോ ടേക്കിന് ശേഷവും അവൾ ഫോണിൽ കമന്റുകൾ നോക്കി ചിരിച്ചു. ‘You look like a goddess’, ‘Perfect family’ എന്നൊക്കെയുള്ള കമന്റുകൾ വായിക്കുമ്പോൾ അവൾ ആദിയെ മറന്നു.

ഇതിനിടയിൽ ആദി സോഫയിൽ നിന്ന് താഴെ വീണു. അവൻ വിറയ്ക്കുന്നുണ്ടായിരുന്നു. പനി തലയിലേക്ക് കയറി കുട്ടി അപസ്മാര ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. പക്ഷേ പാർവ്വതി തന്റെ പെർഫെക്റ്റ് ഷൂട്ടിന്റെ തിരക്കിലായിരുന്നു. അവൾ മൈക്ക് വെച്ച് തന്റെ ശബ്ദം മോഡുലേറ്റ് ചെയ്യുന്നതിൽ ശ്രദ്ധിച്ചു.

ഷൂട്ട് കഴിഞ്ഞ് ക്രൂ അംഗങ്ങൾ പോയപ്പോൾ സമയം രാത്രി എട്ടു മണി കഴിഞ്ഞിരുന്നു. പാർവ്വതി കണ്ണാടിയിൽ നോക്കി തന്റെ മേക്കപ്പ് ആസ്വദിച്ചു നിൽക്കുമ്പോഴാണ് പ്രകാശ് കയറി വന്നത്.

“ആദി എവിടെ?” അവൻ ചോദിച്ചു.

“അവൻ അവിടെ എവിടെയെങ്കിലും കാണും…” പാർവ്വതി അലസമായി പറഞ്ഞു.

പ്രകാശ് ഹാളിന്റെ മൂലയിൽ ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. വായിൽ നിന്ന് പത വന്ന്, വിറച്ച് ബോധരഹിതനായി കിടക്കുന്ന ആദി.

“പാർവ്വതീ!!!!” പ്രകാശിന്റെ നിലവിളി വീടാകെ മുഴങ്ങി.

ആശുപത്രിയിലെ ഐസിയുവിന് മുന്നിൽ പ്രകാശ് തകർന്നിരുന്നു. ഡോക്ടർ പുറത്തിറങ്ങി ഗൗരവത്തോടെ പറഞ്ഞു: “ഇത്രയും നേരം കുട്ടിക്ക് ചികിത്സ കിട്ടാതിരുന്നത് കഷ്ടമായിപ്പോയി. പനി തലച്ചോറിനെ ബാധിച്ചിട്ടുണ്ട്. ഇനിയും അല്പം വൈകിയിരുന്നെങ്കിൽ…”

പ്രകാശ് പാർവ്വതിയുടെ നേർക്ക് തിരിഞ്ഞു. അവന്റെ കണ്ണുകൾ ചുവന്നിരുന്നു.

“നീ ഒരു അമ്മയാണോ പാർവ്വതീ? അതോ വെറും ക്യാമറയ്ക്ക് മുന്നിൽ ആടുന്ന ഒരു പാവയോ? എന്റെ മകൻ ചാവാനായി കിടന്നപ്പോൾ നീ വീഡിയോ എടുക്കുകയായിരുന്നു അല്ലെ?”

“പ്രകാശ്… ഞാൻ അറിഞ്ഞില്ല… ഞാൻ കരുതി അവൻ ഉറങ്ങുകയാണെന്ന്…” അവൾ വിറയലോടെ പറഞ്ഞു.

“കരുതിയില്ല! നിനക്ക് നിന്റെ ഫോളോവേഴ്സിനെ അല്ലാതെ വേറെ ആരെയും കാണാൻ കഴിയില്ല. നിനക്ക് വേണ്ടത് വെർച്വൽ ലോകത്തെ കയ്യടികളാണ്. ഈ കുഞ്ഞും ഞാനും ഈ അമ്മയും നിനക്ക് വെറും ബാധ്യതയാണ്. ഇറങ്ങിപ്പോകണം നീ… ഇപ്പോൾ തന്നെ!”

പാർവ്വതി കരഞ്ഞു കാലുപിടിച്ചു. പക്ഷേ പ്രകാശ് വഴങ്ങിയില്ല. ആദി രക്ഷപ്പെട്ടു, പക്ഷേ അവന്റെ ആരോഗ്യം പഴയതുപോലെയാകാൻ മാസങ്ങളെടുത്തു. ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ദിവസം പ്രകാശ് ഒരു തീരുമാനമെടുത്തു.

“പാർവതി , നമുക്ക് ഒന്നിച്ച് പോകാൻ കഴിയില്ല. നിനക്ക് നിന്റെ സോഷ്യൽ മീഡിയ മതി. എനിക്ക് എന്റെ മകനും അമ്മയും വേണം. നീ നിന്റെ വഴിക്ക് പൊയ്ക്കോ.” പ്രകാശ് അവളെ വീട്ടിൽ നിന്ന് പുറത്താക്കി.

വിവാഹമോചനത്തിനുള്ള നോട്ടീസ് അയച്ചു.

മാസങ്ങൾ കടന്നുപോയി. വാടക വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന പാർവ്വതി വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകാൻ ശ്രമിച്ചു. തന്റെ ഏകാന്തതയും സങ്കടങ്ങളും പറഞ്ഞ് വീഡിയോകൾ ഇട്ടു. ആദ്യമൊക്കെ കുറച്ച് സഹതാപം കിട്ടി. പക്ഷേ പതിയെ ആളുകൾക്ക് മടുത്തു.

“ഇവൾക്ക് ഇതെന്ത് പറ്റി? എപ്പോഴും സങ്കടം മാത്രം. പഴയ ആ ഒരു ഗ്ലോ ഇപ്പോളില്ല,” ” ഇവളെ ഒക്കെ എടുത്ത് തലയിൽ വച്ചവരെ വേണ്ടേ പറയാൻ, ഒരു ഡിജിറ്റൽ ക്വീൻ വന്നേക്കുന്നു ”
ഫോളോവേഴ്സ് ഗ്രൂപ്പുകളിൽ ചർച്ചയായി.

അവളുടെ വീഡിയോകളുടെ ക്വാളിറ്റി കുറഞ്ഞു. മേക്കപ്പും വെളിച്ചവും ഇല്ലാത്ത വീഡിയോകൾ ആർക്കും വേണ്ടായിരുന്നു. ലക്ഷക്കണക്കിന് ഉണ്ടായിരുന്ന ഫോളോവേഴ്സ് പതിനായിരങ്ങളിലേക്ക് ചുരുങ്ങി. അവൾ മെസ്സേജ് അയച്ചിരുന്ന ഫാൻസ് ആരും ഇപ്പോൾ മറുപടി നൽകുന്നില്ല.

ഒരു ദിവസം അവൾ ലൈവ് വന്നപ്പോൾ ഒരാൾ കമന്റ് ചെയ്തു: “നിങ്ങളുടെ കുഞ്ഞിനെ നോക്കാത്തവളല്ലേ നിങ്ങൾ? മകനെക്കാൾ വലുതാണോ നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം?” ” ഫോള്ളോവെർസിനെ കൂട്ടാൻ ആണോ ചേച്ചി നാടകം. ഞങ്ങൾ ആരും മണ്ടന്മാർ അല്ല “.

ആ ചോദ്യം അവളുടെ ഹൃദയത്തിൽ തറച്ചു. അവൾ കമന്റ് ബോക്സ് ഓഫ് ചെയ്തു. ദിവസങ്ങൾ കഴിയുംതോറും ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞു വന്നു. ബ്രാൻഡുകൾ അവളെ ഒഴിവാക്കി. പുതിയ സുന്ദരിമാരായ ഇൻഫ്ലുവൻസർമാർ ആ സ്ഥാനം കയ്യടക്കി.

ഒരു വൈകുന്നേരം അവൾ പഴയ ഫോണിലെ ഗാലറി പരിശോധിച്ചു. അതിൽ ആയിരക്കണക്കിന് ഫോട്ടോകൾ ഉണ്ടായിരുന്നു. പക്ഷേ ഒന്നുപോലും പ്രകാശുമായോ ആദിയുമായോ സന്തോഷത്തോടെ ഇരിക്കുന്നതായിരുന്നില്ല. ഒന്നുകിൽ പോസ് ചെയ്തവ, അല്ലെങ്കിൽ അവർ അറിയാതെ എടുത്തവ.

അവൾ ഇൻസ്റ്റാഗ്രാം തുറന്നു. പ്രകാശിന്റെ പ്രൊഫൈലിൽ ഒരു പുതിയ വീഡിയോ. ആദി സൈക്കിൾ ചവിട്ടാൻ പഠിക്കുന്നു. പ്രകാശ് പുറകിൽ പിടിച്ചിട്ടുണ്ട്. ആദി പൊട്ടിച്ചിരിക്കുന്നു. അത്രയും ശുദ്ധമായ ചിരി പാർവ്വതിക്ക് മുന്നിൽ അവൻ ഒരിക്കലും ചിരിച്ചിട്ടില്ല.

“അച്ഛാ…” എന്ന് വിളിച്ചു അവൻ പ്രകാശനെ കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോൾ പാർവ്വതിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“ഞാൻ തോറ്റുപോയി…” അവൾ ഉറക്കെ കരഞ്ഞു. താൻ സമ്പാദിച്ച ലക്ഷക്കണക്കിന് ലൈക്കുകൾക്ക് തന്റെ മകന്റെ ഒരു ചിരിയുടെ അത്ര പോലും മൂല്യമില്ലെന്ന് അവൾ തിരിച്ചറിഞ്ഞു.

“ഈ ലൈക്കുകൾക്കും കമന്റുകൾക്കും വേണ്ടിയാണോ ഞാൻ എന്റെ ജീവിതം കളഞ്ഞത്?” അവൾ സ്വയം ചോദിച്ചു.

പാർവ്വതി ഇപ്പോൾ പഴയ ഡിജിറ്റൽ ക്വീൻ അല്ല. അവൾ ഒരു ചെറിയ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കയ്യിലുള്ള സ്മാർട്ട് ഫോൺ അവൾ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുന്നു. സോഷ്യൽ മീഡിയ എന്നത് ഒരു മായക്കാഴ്ചയാണെന്നും, അവിടെ കിട്ടുന്ന സ്നേഹം വെറും കുമിളകൾ പോലെയാണെന്നും അവൾ മനസ്സിലാക്കി.

ഒരു ദിവസം രാവിലെ അവൾ പ്രകാശിനെ വിളിച്ചു.

“പ്രകാശ്, എനിക്ക് ഫോളോവേഴ്സിനെ വേണ്ട. എനിക്ക് എന്റെ മകനെ കാണണം. എനിക്ക് നിങ്ങളുടെ പാർവതിയായി മാത്രം ജീവിച്ചാൽ മതി. മാപ്പ് നൽകാൻ കഴിയില്ലെന്നറിയാം, എങ്കിലും ഒരു അവസരം കൂടി തരുമോ?”

ഫോണിന്റെ അപ്പുറത്ത് ഒരു നിശബ്ദതയായിരുന്നു. പക്ഷേ അവൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. കാരണം, അവൾ ഇപ്പോൾ ജീവിക്കുന്നത് യഥാർത്ഥ ലോകത്താണ്, ഫിൽട്ടറുകൾ ഇല്ലാത്ത ലോകത്ത്.

✍️ആമി

Leave a Reply

Your email address will not be published. Required fields are marked *