” ഞാൻ കിടന്ന് തരാം നിനക്ക്.. നീ മതി ന്ന് പറയുവോളം… ”
നിത്യ അത് പറയുമ്പോൾ ഒരു നിമിഷം അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കി ആനന്ദ്.
” എന്താ നീ പറഞ്ഞെ… മനസിലായില്ല… ”
“അത്… നിന്റേന്ന് കടം വാങ്ങിയ കാശ് പറഞ്ഞ ഡേറ്റിൽ തിരിച്ചു തരാൻ എന്റെ കയ്യിൽ ഇല്ലടാ.. ഇനി എപ്പോഴത്തേക്ക് തരാൻ പറ്റുമെന്നും അറിയില്ല.. ഞാൻ ആകെ പ്രശ്നത്തിലാണ്. തന്ന കാശിനു പകരം ആയി ഒരു പെണ്ണെന്ന നിലയ്ക്ക് എനിക്കിനി ഇതേ ചെയ്യാൻ പറ്റുള്ളൂ.. നിനക്ക് ഓക്കേ ആണേൽ ഞാൻ തയ്യാറാണ്.. ”
മറുപടി പറയാതെ വീണ്ടും അല്പസമയം അവളെ തന്നെ നോക്കി നിന്നു ആനന്ദ്.
” ഓക്കേ.. പലപ്പോഴായി എന്റേന്ന് വാങ്ങിയത് വച്ച് നീ എനിക്ക് തരാൻ ഉള്ളത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ്. നീ പറഞ്ഞത് പോലെയാണേൽ ഇത്രയും കാശ് മുതലാകുവാൻ എത്ര വട്ടം നീ എനിക്ക് കിടന്ന് തരണം നിത്യേ”
ആ ചോദ്യത്തിന് മുന്നിൽ അവൾക്കും മറുപടി ഇല്ലായിരുന്നു.
” പറയ്… എത്ര വട്ടം….. നിന്റെ ഈ ശരീരത്തിന് ഒരു വട്ടം നീ ഇടുന്ന വിലയെന്താണ്.. അത് വച്ചിട്ട് നമുക്ക് കണക്ക് കൂട്ടാം.. ”
ആനന്ദ് വീണ്ടും ചോദ്യം ആവർത്തിച്ചു. എന്ത് പറയണമെന്ന് നിത്യയ്ക്കും അറിയില്ലായിരുന്നു.
” ആനന്ദ് പ്ലീസ്.. ഞാൻ എന്താ ചെയ്ക…. ഇപ്പോഴത്തെ അവസ്ഥയിൽ എനിക്കിതെ പറ്റുള്ളൂ… വീട്ടിലെ കാര്യങ്ങൾ മോന്റെ കാര്യങ്ങൾ എല്ലാം കൂടി പറ്റുന്നില്ല എനിക്ക്. അറിയാം നിനക്ക് ഇപ്പോ കാശിനു അത്യാവശ്യം ഉള്ള സമയം ആണ്…. പക്ഷെ ഞാൻ നിസഹായ
ആണ്.. ”
” അതോണ്ട്… അതോണ്ട് എനിക്ക് കിടന്നു തരാം ന്ന്….അല്ലെ…. ഐഡിയ നല്ലതാണ്. വേണേൽ നിനക്ക് ഇതൊരു വരുമാന മാർഗവും ആക്കാം.. വേറൊരു വഴി ഉണ്ട് ടീ… എന്തായാലും എനിക്ക് ഒറ്റയ്ക്ക് ഇത്രയും തുക നിന്നിൽ നിന്നും മുതലാക്കുവാൻ പറ്റില്ല സോ… ഞാൻ കുറച്ചു ആൾക്കാരെ പറയാം… അവർക്ക് ഒപ്പം കിടക്കാൻ പറ്റോ നിനക്ക്.. ക്യാഷ് ഞാൻ അവരുടേന്ന് വാങ്ങി മുതലാക്കാം… എനിക്ക് ഉള്ളത് കിട്ടിക്കഴിഞ്ഞാൽ പിന്നെയും നീ ഓക്കേ ആണേൽ കുറെ സമ്പാദിക്കാം.. ”
ഇത്തവണ ഒന്ന് ഞെട്ടി നിത്യ. അവനിൽ നിന്നും അത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ല..
” ആനന്ദ്.. ടാ.. അത്…. ”
മറുപടി പറയുവാൻ വാക്കുകളില്ലാതെ കുഴഞ്ഞു അവൾ.
” നിത്യാ… എങ്ങിനെ നോക്കിയാലും ഞാൻ ഒറ്റയ്ക്ക് മുതലാകില്ല അത് ഉറപ്പ് ആണ്…. കുറെ ആകുമ്പോ മടുപ്പ് ആകും. നീ തീരുമാനിക്ക്.. ഓക്കേ ആണേൽ ഞാൻ ആൾക്കാരെ സെറ്റ് ചെയ്യാം …..”
എന്ത് പറയണമെന്ന് അറിയില്ലായിരുന്നു നിത്യയ്ക്ക്. തന്റെ ഗതികേട് കൊണ്ടാണ് അവനോട് അങ്ങിനൊരു കാര്യം തന്നെ പറയാൻ അവൾ തയ്യാറായത് പക്ഷെ ഇതിപ്പോൾ…
ആകെ വിയർത്തു അവൾ..
” എന്ത് തീരുമാനിച്ചു നീ.. ഓക്കേ ആണേൽ ഒന്ന് രണ്ട് നല്ല ഫോട്ടോസ് വേണം.. ആൾക്കാരെ കാണിക്കാൻ ഒറ്റ കാഴ്ചയിൽ ഇമ്പ്രെസ്സ് ആകുന്ന ടൈപ്പ്.. ”
ആനന്ദ് ധൃതി കൂട്ടി. അവൾക്ക് തികച്ചും അവിശ്വസനീയമായിരുന്നു അവന്റെ ആ പെരുമാറ്റം. ഒരിക്കലും ‘യെസ്’ എന്നൊരു വാക്ക് അവൻ പറയില്ല എന്ന് ഉറപ്പിച്ചാണ് നിത്യ അത് ചോദിച്ചത്. കാരണം ഒരു ഫ്രണ്ട് എന്നതിനപ്പുറം ഒരു കൂടെപ്പിറപ്പിനെ പോലെ അവൾക്കൊപ്പം നിന്നിരുന്നതാണ് അവൻ.. എന്നാൽ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഇപ്പോൾ ഈ സംസാരങ്ങൾ എല്ലാം ഉണ്ടായത്.
“നിത്യാ…ബാക്കി ഉള്ളവരുടെ കാര്യം വിട്ടേക്ക്. എന്നോട് പറഞ്ഞ കാര്യം എപ്പോഴാ… ഇന്ന് പറ്റുമോ.. ഇന്നാണേൽ വീട്ടിൽ ആളില്ല… നമ്മൾ മാത്രേ ഉണ്ടാകു… പോയാലോ…”
വഷളൻ ചിരിയോടെ ആനന്ദ് വീണ്ടും ചോദിക്കവേ ശെരിക്കും ഞെട്ടിപ്പോയി നിത്യ. ഒരു നിമിഷം ശരീരമാകമാനം വിറയ്ക്കുന്നത് പോലെ തോന്നി അവൾക്ക്.
” ആ.. ആനന്ദ്.. അത്. ഞാൻ… ഞാൻ എന്റെ ഗതികേട് കൊണ്ട് ആണെടാ.. അങ്ങിനൊക്കെ പറഞ്ഞത്.. നീ ഒന്ന് മനസിലാക്ക് എന്നെ…”
ഒരു വിധം വിറച്ചു വിറച്ചു പറഞ്ഞൊപ്പിക്കുമ്പോൾ ഒരു നിമിഷം നോക്കി നിന്ന ശേഷം ചെക്കിടടച്ച് ഒരു അടിയായിരുന്നു ആനന്ദിന്റെ മറുപടി. ആ നിമിഷം കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുന്നത് പോലെ തോന്നിപ്പോയി നിത്യയ്ക്ക്. ഒന്നും മനസിലാകുന്നില്ല ഒപ്പം കണ്ണിൽ ഇരുട്ട് കയറുന്നു പിന്നിലേക്ക് വേച്ചു പോയ അവൾ ചുവരിൽ പിടിച്ചു വീഴാതെ നിന്നു. രണ്ട് മിഴികളും നിറഞ്ഞു തുളുമ്പി. ആകെ മൊത്തത്തിൽ ഒരു പെരുപ്പ്. മിഴിനീർ തുടച്ചു നോക്കുമ്പോൾ കണ്ടത് കലി തുള്ളി മുന്നിൽ നിൽക്കുന്ന ആനന്ദിനെ ആണ്.
” ആ.. നന്ദ്.. ”
അടഞ്ഞ സ്വരത്തിൽ അവളുടെ ചുണ്ടുകൾ മൊഴിയുമ്പോൾ ഒരെണ്ണം കൂടി കൊടുക്കാൻ കൈ ഓങ്ങി അവൻ. അത് കണ്ട് പേടിച്ചു ഓരത്തേക്ക് ചേർന്നു നിത്യ..
” സ്വന്തം ശരീരം വിറ്റിട്ടാണോ ടീ കടം തീർക്കാൻ നോക്കുന്നെ.. അങ്ങിനെ ചെയ്യാനാണേൽ ഈ നാട്ടിൽ സ്ത്രീകൾക്ക് ആർക്കും കടം ഉണ്ടാകില്ലലോ.. ”
ആനന്ദിന്റെ ഒച്ച കടുത്തു.
അതോടെ പൊട്ടിക്കരഞ്ഞു പോയി നിത്യ.
” മോങ്ങേണ്ട.. അങ്ങിനെ എപ്പോഴേലും നിന്റെ ശരീരം ആഗ്രഹിച്ചിട്ടുണ്ടേൽ അത് നേരിട്ട് നിന്നോട് പറയാൻ എനിക്ക് ഒരു മടിയും ഇല്ല… എന്നെ നീ ഇങ്ങനെയാണോ കണ്ടേക്കുന്നെ… നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് നിത്യേ . നിന്നെ അങ്ങിനെ മറ്റൊരു കണ്ണിൽ കാണാൻ പറ്റില്ല എനിക്ക്….. നിന്റെ കെട്ട്യോൻ കളഞ്ഞിട്ട് പോയപ്പോ കുഞ്ഞുമായി ജീവിക്കാൻ നീ കഷ്ടപ്പെടുന്നത് കണ്ടിട്ടാണ് ഞാൻ സഹായിച്ചിട്ടുള്ളത് അതൊന്നും പൂർണമായും തിരിച്ചു കിട്ടും ന്ന് പ്രതീക്ഷിച്ച് അല്ല.. ശെരിയാണ് കാശിനു എനിക്ക് ഇപ്പോ ആവശ്യം ഉണ്ട്. പക്ഷെ അത് പറഞ്ഞു നിന്നെ ബുദ്ധിമുട്ടിക്കില്ല ഞാൻ.. കാരണം അങ്ങിനെ ചെയ്താൽ പിന്നേ നമ്മുടെ ഫ്രണ്ട്ഷിപ്പിന് എന്താടി വില.”
അവന്റെ വാക്കുകൾക്ക് മുന്നിൽ വല്ലാത്ത കുറ്റബോധം തോന്നിപോയി നിത്യയ്ക്ക്.
” ടാ ഞാൻ അങ്ങിനെ ഉദ്ദേശിച്ചു പറഞ്ഞതല്ല.. പറഞ്ഞില്ലേ എന്റെ ഗതികേട്… വയ്യാതെ കിടക്കുന്ന അച്ഛൻ കുടുംബത്തിലെ ചിലവുകൾ മോന്റെ കാര്യം.. ഒന്നും എനിക്ക് ഇപ്പോ മാനേജ് ചെയ്യാൻ പറ്റുന്നില്ല.. നാല് ചുറ്റും കടങ്ങൾ ആണ്. പലരും കുത്ത് വാക്കുകൾ പറഞ്ഞു തുടങ്ങി. ഈ ഇരുപത്തിയേഴാം വയസിൽ ഇതിൽ കൂടുതൽ എന്താണ് ഞാൻ അനുഭവിക്കാൻ ഉള്ളത്. എനിക്ക് മടുത്തു ഈ ജീവിതം. ചത്ത് കളയുവാൻ തോന്നുവാ. ”
സങ്കടം അടക്കുവാൻ കഴിഞ്ഞില്ല അവൾക്ക്.
” ഏയ്. കരയണ്ട.. എനിക്ക് കേട്ടപ്പോ സഹിച്ചില്ല. അതാ ഞാൻ.. നീ വിഷമിക്കേണ്ട.. അടിച്ചു പോയതാ ഞാൻ സോറി.. ഇനി നിന്റെ ബാധ്യതകൾ തീർന്ന് നീ ഒന്ന് നിവർന്നു നിൽക്കുവാൻ ഒരേ ഒരു വഴിയേ ഉള്ളു… ”
ഒന്ന് നിർത്തുമ്പോൾ ആനന്ദിന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി നിത്യ..
” പ്രവാസം….. ”
അവൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ മിഴികൾ തുടച്ചു അവൾ.
“ടാ.. ഞാനും ആലോചിച്ചു.. പക്ഷെ.. എന്റെ മോൻ.. പിന്നെ ഒരു ജോലി… ഇതൊക്കെ എങ്ങിനെ.. ഒന്നും ശെരിയാകാതെ അവിടെ ചെന്ന് പെട്ട് പോയാൽ..”
” മോൻ അത്കാലം അമ്മയ്ക്കും അച്ഛനും ഒപ്പം നിൽക്കട്ടേ… ജോലി ഒരെണ്ണം ശെരിയാക്കുവാൻ എനിക്ക് പറ്റും. ദുബായിൽ ഫ്രണ്ടിന്റെ ഓഫീസിൽ ഒരു റിസപിഷനിസ്റ്റ് വേക്കൻസി ഉണ്ട്. വല്യ എക്സ്പീരിയൻസ് ഒന്നും വേണ്ട ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യണം അത് നിനക്ക് പറ്റുമല്ലോ.. ജോലി ഞാൻ പറഞ്ഞു റെഡിയാക്കാം.. വിസ അവര് അയച്ചു തരും ടിക്കറ്റ് ചാർജ് നമ്മൾ നോക്കണം… രണ്ട് വർഷം പിടിച്ചു നിന്നാൽ തന്നെ നിന്റെ ഈ ബുദ്ധിമുട്ടുകൾ മാറും പിന്നേ ഇഷ്ടമുണ്ടെൽ നിൽക്കാം അല്ലേൽ തിരിച്ചു വരാം..”
ആനന്ദ് പറഞ്ഞു നിർത്തുമ്പോൾ ഏറെ അതിശയത്തിൽ ഒപ്പം സംശയത്തോടെയും അവനെ നോക്കി നിത്യ….
” ടാ.. ഇത്… ”
” പേടിക്കണ്ട… പറ്റിപ്പ് അല്ല. വിശ്വസിക്കാം നിന്നോട് ഞാൻ അങ്ങിനെ ചെയ്യും ന്ന് തോന്നുന്നുണ്ടോ..നിത്യ..”
ആ ചോദ്യം കേൾക്കെ നിത്യയുടെ മിഴികൾ. തുളുമ്പി
” എടാ അങ്ങിനല്ല… നീ എന്നെ പറ്റിക്കും ന്ന് സ്വപ്നത്തിൽ പോലും കരുതീട്ടില്ല ഞാൻ.. എന്നും എനിക്കൊപ്പം നിന്നിട്ടല്ലേ ഉള്ളു നീ… ഇതിപ്പോ എനിക്ക്…. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… എത്ര പെട്ടെന്നാ നീ എല്ലാം ശെരിയാക്കിയത്… എങ്ങിനെയാ നിന്നോട് ഞാൻ നന്ദി പറയേണ്ടത്.. എനിക്ക് അറിയില്ല.. ”
അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി. അത് കേൾക്കെ ഒരു കുസൃതി ചിരി വിടർന്നു ആനന്ദിന്റെ മുഖത്ത്
” നന്ദി…. അത്…നേരത്തെ പറഞ്ഞത് പോലെ കിടന്ന് തന്നാൽ മതി… ”
“ഭാ…! പട്ടി…. ഓടിക്കോ…”
അവന് നേരെ ചിരിച്ചു കൊണ്ട് കയ്യോങ്ങി നിത്യ. ഒരു നിമിഷം കൊണ്ട് അവളുടെ വിഷാദം കെട്ടടങ്ങിയിരുന്നു.
കടങ്ങളും കട ബാധ്യതകളും ഇല്ലാത്തൊരു ജീവിതം അവൾ സ്വപ്നം കണ്ട് തുടങ്ങി..
ദിവസങ്ങൾ നീങ്ങി.. ആനന്ദ് പറഞ്ഞ ജോലിക്കായുള്ള വിസയെത്തി.. ഏറെ സന്തോഷത്തിലായിരുന്നു നിത്യ. പക്ഷെ വീണ്ടും ഒരു വിഷമം വേഗത്തിൽ എത്തി
” എടാ ടിക്കറ്റ് നോക്കുമ്പോ അമ്പതിനായിരം ഒക്കെയാ കാണിക്കുന്നേ.. എന്റേൽ ഇനി വിൽക്കാൻ ഉള്ളത് ദേ ഈ മൂക്കിൽ കിടക്കുന്ന ഒരു പിടി പൊന്നാ.. അത് വിറ്റാലും അത്രേം ക്യാഷ് ആകില്ല… എന്ത് ചെയ്യും ന്ന് ഒരു ഐഡിയ ഇല്ല… ”
പെട്ടെന്ന് മറുപടി പറഞ്ഞില്ല ആനന്ദ്.ഒന്ന് പുഞ്ചിരിച്ചു അവൻ.
“എടോ ഇത്രേം നാളും നിന്നെ വഹിച്ചു നടന്നത് ഞാനല്ലേ.. അപ്പോ ഈ ചിലവും കൂടി ഞാൻ നോക്കാം… ”
ആ മറുപടി കേൾക്കെ ഒരു നിമിഷം എന്ത് പറയണം ന്ന് അറിയാതെ അവനെ തന്നെ നോക്കി ഇരുന്നു പോയി നിത്യ.. അവളുടെ മുഖത്തേക്ക് ഒരു കരച്ചിൽ ഇരച്ചു കയറുന്നത് ശ്രദ്ധിച്ചു ആനന്ദ്.
” അതേ മാഡം… കൂടുതൽ സെന്റി. ഒന്നും വേണ്ട.. എല്ലാം എഴുതി വച്ചിട്ടുണ്ട്.. ഗൾഫുകാരി ആകുമ്പോ കണക്ക് പറഞ്ഞു തിരികെ വാങ്ങിച്ചോളാം ഞാൻ ”
ഉള്ളിലെ വിഷാദം മറന്ന് പൊട്ടിച്ചിരിക്കുവാൻ ആ ഒരു കമന്റ് മാത്രം മതിയായിരുന്നു നിത്യയ്ക്ക്.
ചതിക്കുഴികൾക്കും അപ്പുറം ഇത്തരമൊരു ആത്മാർത്ഥ സൗഹൃദം ഒപ്പമുണ്ടേൽ അത് മതി ഏത് പ്രതിസന്ധികളും മറികടക്കാൻ..
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു.
