നിന്റെ ഭാര്യ ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി എന്ന് കരുതി ലോകത്തുള്ള പെണ്ണുങ്ങൾ മുഴുവൻ അങ്ങനെയാണെന്ന്….

“” നിന്റെ ഭാര്യ ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി എന്ന് കരുതി ലോകത്തുള്ള പെണ്ണുങ്ങൾ മുഴുവൻ അങ്ങനെയാണെന്ന് കരുതരുത്!! “”

 

​എത്ര പറഞ്ഞിട്ടും വിവാഹം ചെയ്യാൻ സമ്മതിക്കാതെ സ്വന്തം ജീവിതം നശിപ്പിക്കുന്ന അഭിരാമിനെ നോക്കി ചന്ദ്രമതി പറഞ്ഞു.

 

അത് കേട്ടപ്പോൾ അവന്റെ മുഖം വല്ലാതെ മങ്ങി. ഉള്ളിൽ ഉണങ്ങാത്ത ഒരു മുറിവുണ്ടായിരുന്നു അവന്.

ചന്ദ്രമതിക്ക് അത് അറിയാഞ്ഞിട്ടല്ല, എങ്കിലും അവന്റെ വാശി കാണുമ്പോൾ അവർക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

ആ പറഞ്ഞത് അവന് വല്ലാതെ കൊണ്ടു എന്ന് ചന്ദ്രമതിക്കു മനസ്സിലായി
​അതോടെ പറയേണ്ടിയിരുന്നില്ല എന്ന് ചന്ദ്രമതിക്ക് തോന്നി.

അവന്റെ ആ ഇരിപ്പ് കണ്ടപ്പോൾ അവർക്ക് അവനോട് വല്ലാത്ത സഹതാപമായി. അവർ അവന്റെ അരികിൽ ചെന്ന് ഇരുന്നു.

 

​” മോനെ അഭി… നിനക്ക് വളർന്നുവരുന്നത് ഒരു പെൺകുഞ്ഞ് ആണ്!! ഇപ്പോ അവൾക്ക് രണ്ടു വയസേ ആയുള്ളൂ. ഈ സമയത്ത് അവളുടെ എല്ലാ കാര്യങ്ങളും നിനക്ക് ചെയ്തു കൊടുക്കാം എന്ന് വച്ച് എല്ലാകാലത്തും അത് നടക്കും എന്ന് കരുതിയാൽ അത് ശരിയല്ല… അവൾ വളർന്ന് ഒരു ഒത്ത പെണ്ണാകുമ്പോൾ, ഒരു അച്ഛൻ എന്ന നിലയിൽ നിനക്ക് ചെയ്തു കൊടുക്കാൻ കഴിയാത്ത പല കാര്യങ്ങളും ഉണ്ടാകും!! ”

 

​അപ്പച്ചി അഭിരാമിനെ സ്നേഹത്തോടെയും കാര്യമായും ഉപദേശിച്ചു.

 

എന്നാൽ അതൊന്നും കേൾക്കാൻ യാതൊരു താൽപര്യവും അഭിരാമിന് ഉണ്ടായിരുന്നില്ല.

അവൻ മകളെയുമെടുത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു.

 

​” എനിക്കിനി ഒരു വിവാഹം വേണ്ട അപ്പച്ചി!! ഇപ്പോ മോൾക്ക് രണ്ടു വയസ്സ് അല്ലേ ആയിട്ടുള്ളൂ. വളരാൻ ഇനിയും കാലങ്ങൾ കിടക്കുകയല്ലേ?? അന്ന് എന്തെങ്കിലും ചെയ്യാം !! ”

​അതും പറഞ്ഞ് അഭിരാം അവിടെ നിന്നും ഒഴിഞ്ഞുമാറി.

അവന്റെ ആ മറുപടി കേട്ടപ്പോൾ അപ്പച്ചിക്ക് വല്ലാത്ത ദേഷ്യം തോന്നി.

താൻ പറയുന്നത് അവന്റെ നന്മയ്ക്കായിട്ടാണെന്ന് അവൻ എന്ന് മനസ്സിലാക്കാനാണ്?

​” നീ നിന്റെ ഇഷ്ടം പോലെ എന്തെങ്കിലും ചെയ്തോ… ”

എന്ന് പറഞ്ഞ് ചന്ദ്രമതി ദേഷ്യത്തോടെ അവിടെനിന്ന് പടിയിറങ്ങി. അവർ പോയത് നോക്കി നിൽക്കുമ്പോൾ അഭിരാമിന് തന്റെ കഴിഞ്ഞ കാലം ഓർമ്മ വന്നു.

​അഭിരാം പ്രണയിച്ചാണ് വിവാഹം കഴിച്ചത്. കോളേജിൽ കൂടെ പഠിച്ച മൈഥിലി ആയിരുന്നു അവന്റെ ഭാര്യ.

സുന്ദരിയായ, ആരോടും അധികം സംസാരിക്കാത്ത മൈഥിലിയെ അവന് ജീവനായിരുന്നു.

എന്നാൽ അഭിരാമിന്റെ കുടുംബത്തിൽ ഈയൊരു ബന്ധത്തിന് ആർക്കും ഇഷ്ടം ഉണ്ടായിരുന്നില്ല.

വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വലിയ വിപ്ലവം തന്നെ നടത്തിയാണ് മൈഥിലിയെ അവൻ തന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടിയത്.

​തുടക്കത്തിൽ എല്ലാം മനോഹരമായിരുന്നു. പക്ഷെ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ മൈഥിലിയുടെ സ്വഭാവം ആകെ മാറി.

അവൾ എപ്പോഴും ഫോണിലായിരുന്നു. വീട്ടു കാര്യങ്ങളിൽ ശ്രദ്ധിക്കാതെയായി.
ഒടുവിൽ അവൾ ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ എല്ലാവർക്കും ഒരുപാട് സന്തോഷമായി. ഒരു കുഞ്ഞ് വരുന്നതോടെ അവൾ മാറുമെന്ന് അഭിരാം കരുതി.

 

​എന്നാൽ മൈഥിലിക്ക് ആ കുഞ്ഞിനെ പോലും വേണ്ടിയിരുന്നില്ല.

“എനിക്ക് ഇപ്പോൾ ഒരു കുഞ്ഞ് വേണ്ട അഭി… എനിക്ക് എന്റെ കരിയർ നോക്കണം. ഈ കുഞ്ഞ് അതിന് ഒരു തടസ്സമാകും,” എന്ന് പറഞ്ഞ് അവൾ ബഹളം വെച്ചു.

 

​വാശി പിടിച്ചാണ് ആ കുഞ്ഞിനെ തനിക്ക് വേണമെന്ന് പറഞ്ഞ് അതിനെ ഇല്ലാതാക്കാൻ അഭി സമ്മതിക്കാത്തത്.

ഒടുവിൽ അവൾ പ്രസവിച്ചു. ഒരു സുന്ദരി പെൺകുഞ്ഞ്. പക്ഷെ പ്രസവം കഴിഞ്ഞിട്ടും കുഞ്ഞിനോട് യാതൊരു സ്നേഹവും മൈഥിലി കാണിച്ചില്ല.

കുഞ്ഞ് കരഞ്ഞാൽ പോലും അവൾ തിരിഞ്ഞു നോക്കില്ലായിരുന്നു.

 

​ഈ സമയത്താണ് കാര്യങ്ങൾ എല്ലാവരും അറിയുന്നത്. ജോലി ചെയ്യുന്ന സ്ഥലത്തെ ഒരു ചെറുപ്പക്കാരനുമായി മൈഥിലിക്ക് അരുതാത്ത ബന്ധമുണ്ട്.

രാജീവ് എന്നായിരുന്നു അവന്റെ പേര്. അവന്റെ കൂടെ പോകാൻ വേണ്ടി ആണ് കുഞ്ഞ് വേണ്ട എന്ന് അവൾ പറഞ്ഞത്.

 

കുഞ്ഞ് ഒരു തടസ്സം ആകുമത്രേ.
​കുഞ്ഞിന് വെറും രണ്ട് മാസം മാത്രം പ്രായമുള്ളപ്പോൾ ഒരു രാത്രിയിൽ അവൾ അയാളുടെ കൂടെ ഇറങ്ങിപ്പോയി.

അഭിരാമിന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതോടെ അഭിരാമിന്റെ ജീവിതം ആകെ താളം തെറ്റി.

ബാങ്ക് ഉദ്യോഗസ്ഥനായ അവന് കുഞ്ഞിന്റെ കാര്യങ്ങൾ നോക്കി വീട്ടിലിരിക്കേണ്ടി വന്നു. ലീവുകൾ തീർന്നു.

എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ.
​അവന്റെ അമ്മ കൂടെ ഉണ്ടായിരുന്നതുകൊണ്ട് ആശ്വാസമായി.

“നീ വിഷമിക്കേണ്ട മോനെ… കുഞ്ഞിനെ ഞാൻ നോക്കിക്കോളാം. നീ ജോലിക്ക് പൊയ്ക്കോ,”

എന്ന് അമ്മ പറഞ്ഞു.

അമ്മയെ കുഞ്ഞിനെ ഏൽപ്പിച്ച അവൻ പതിയെ ജോലിയിൽ പ്രവേശിച്ചു.

ജീവിതം അങ്ങനെ ഒരു വിധത്തിൽ മുന്നോട്ടു പോവുകയായിരുന്നു.

 

​കുഞ്ഞിന് രണ്ടു വയസ്സ് കഴിഞ്ഞ സമയം. വിധി വീണ്ടും അവനെ ചതിച്ചു. പെട്ടെന്നുള്ള ഒരു അറ്റാക്കിൽ അമ്മയും അവനെ വിട്ട് വിട പറഞ്ഞു.

ലോകത്ത് അവൻ വീണ്ടും ഒറ്റയ്ക്കായി.
​അമ്മയുടെ മരണശേഷം കുഞ്ഞിനെ നോക്കാൻ ആരുമില്ലാതെയായി.

ജോലിക്ക് പോകാതിരിക്കാൻ പറ്റില്ല. ഓരോ ദിവസവും അയൽപക്കത്തെ ആളുകളെ ഏൽപ്പിച്ചാണ് പോയിരുന്നത്. അത് ഒന്നിനും പരിഹാരമല്ലെന്ന് അവന് തോന്നി.

ആ സമയത്താണ് ജോലിക്ക് എന്ന് പറഞ്ഞ് അവിടേക്ക് ഒരു പെൺകുട്ടി വരുന്നത്. പേര് വൃന്ദ. പതിനെട്ടു വയസ്സ് കഷ്ടി പ്രായം.

 

​ഇത്രയും ചെറിയ പെൺകുട്ടിക്ക് കുഞ്ഞിനെയും വീടും ഒക്കെ നോക്കാൻ കഴിയുമോ എന്ന് അവന് സംശയം ആയി.

“നിനക്ക് ഈ വീട്ടുപണിയും കുഞ്ഞിനെ നോക്കലുമൊക്കെ അറിയാമോ?” അഭിരാം സംശയത്തോടെ ചോദിച്ചു.

 

​”എനിക്കറിയാം സാർ… ഞാൻ നോക്കിക്കോളാം. എനിക്ക് ഒരു ജോലി അത്യാവശ്യമാണ്,” അവൾ വിനീതയായി പറഞ്ഞു.

​അവളെ ഇഷ്ടത്തോടെ ഒന്നുമായിരുന്നില്ല അഭിരാം അവിടെ ജോലിക്ക് നിർത്തിയത്. വേറെ വഴിയില്ലാഞ്ഞിട്ടായിരുന്നു.

 

എന്നാൽ എല്ലാവരെയും അതിശയിപ്പിക്കുന്നതായിരുന്നു അവളുടെ പെരുമാറ്റം.

 

വൃന്ദ പ്രായത്തിൽ കവിഞ്ഞ പക്വത കാണിച്ചു. കുഞ്ഞിന്റെ കാര്യങ്ങൾ അവൾ കൃത്യമായി ചെയ്തു. വീട് വൃത്തിയായി നോക്കി. അതോടെ അഭിരാമിന് മനസമാധാനത്തോടെ ജോലിക്ക് പോകാം എന്ന അവസ്ഥയായി.

​കുഞ്ഞിനെ തിരിഞ്ഞു നോക്കാത്ത മൈഥിലിയെ കണ്ട ശീലിച്ച അഭിരാമിന് വൃന്ദ ഒരു അത്ഭുതമായി.

കുഞ്ഞിന് ഒരു ചെറിയ പോറൽ വന്നാൽ പോലും വൃന്ദയുടെ കണ്ണ് നിറയുമായിരുന്നു. സ്വന്തം ചോരയിലുള്ള മോളെപ്പോലെ അവൾ മാളൂട്ടിയെ സ്നേഹിച്ചു.

​പതിയെ അഭിരാമിന്റെ മനസ്സും വൃന്ദയെ ഇഷ്ടപ്പെടാൻ തുടങ്ങി. അവളുടെ കുഞ്ഞിനോടുള്ള സ്നേഹവും കരുണയും അവനെ ആകർഷിച്ചു.

അവളോട് സംസാരിക്കുമ്പോൾ തന്റെ സങ്കടങ്ങൾ കുറയുന്നതായി അവന് തോന്നി.

ഒടുവിൽ ഒരു ദിവസം അവൻ വൃന്ദയോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞു.

“വൃന്ദ… എനിക്ക് നിന്നെ ഇഷ്ടമാണ്. പ്രായത്തിൽ നമുക്ക് നല്ല അന്തരം ഉണ്ട്. എങ്കിലും നിനക്ക് ഇഷ്ടമാണെങ്കിൽ നിന്നെ ഞാൻ വിവാഹം കഴിക്കാം. മാളൂട്ടിക്ക് ഒരു അമ്മയെ കിട്ടുകയും ചെയ്യും.”

 

​അഭിരാമിന്റെ വാക്കുകൾ കേട്ട് വൃന്ദ ഒന്ന് ഞെട്ടി. അവളുടെ കണ്ണുകൾ നിറഞ്ഞു. എന്നാൽ അവൾ ആ നിർദ്ദേശം എതിർത്തു.

 

“വേണ്ട സാർ… അത് നടക്കില്ല. എന്നെ വിവാഹം കഴിക്കാൻ സാർ ആഗ്രഹിക്കരുത്.”

​അഭിരാം അത്ഭുതപ്പെട്ടു. “അതെന്താ വൃന്ദ? നിനക്ക് വേറെ ആരോടെങ്കിലും ഇഷ്ടമുണ്ടോ?”

​അവൾ തലയാട്ടി ഇല്ല എന്ന് പറഞ്ഞു. ഒടുവിൽ അഭിരാം നിർബന്ധിച്ചപ്പോൾ അവൾ തന്റെ ഭൂതകാലം തുറന്നു പറഞ്ഞു.

“എനിക്ക് സ്വന്തമായി ആരുമില്ല സാർ. ഒരു രണ്ടാനമ്മയുടെ കൂടെയാണ് ഞാൻ വളർന്നത്. അവർക്ക് എന്നോട് വല്ലാത്ത വെറുപ്പായിരുന്നു. അവരുടെ ആങ്ങള ആരുമില്ലാത്ത സമയത്ത് എന്നെ… എന്നെ നശിപ്പിച്ചു. എന്റെ ജീവിതം അവിടെ തീർന്നു. ആരും എന്നെ സഹായിക്കാൻ ഉണ്ടായിരുന്നില്ല.”

 

​വൃന്ദ വിങ്ങിപ്പൊട്ടി. “ജീവിതം തകർന്നവളാണ് ഞാൻ. അവിടെ നിന്ന് ഇറങ്ങി കുറച്ചുകാലം ഒരു അനാഥാലയത്തിൽ ആയിരുന്നു. അവിടെ നിന്നാണ് ഇവിടെ ജോലിക്ക് ആവശ്യമുണ്ട് എന്ന് അറിഞ്ഞു വരുന്നത്. എന്റെ ജീവിതം നശിച്ചു. എന്നെപ്പോലെ ഒരാൾ സാറിന്റെ ഭാര്യയാവാൻ അർഹയല്ല. ലോകം എന്നെ മോശക്കാരിയായെ കാണൂ.”

 

​അവൾ കരയുന്നത് കണ്ടപ്പോൾ അഭിരാമിന് സഹതാപമല്ല, മറിച്ച് വലിയ ബഹുമാനമാണ് തോന്നിയത്. അവൻ അവളുടെ അരികിൽ ചെന്ന് തോളിൽ കൈ വെച്ചു.

 

​”വൃന്ദ… നീ പറഞ്ഞത് ശരിയല്ല ഉണ്ടായത് ഒന്നും നിന്റെ തെറ്റല്ല. ഏതോ ഒരു മൃഗത്തിന്റെ ആക്രമണത്തിൽ പെട്ടു… അത്രമാത്രം കരുതിയാൽ മതി. ഒരു മുറിവുണ്ടായാൽ അത് ഉണങ്ങും. ആ മുറിവുണങ്ങിയാൽ അതിന്റെ എല്ലാ പ്രശ്നങ്ങളും തീരും. നിന്റെ മനസ്സ് ശുദ്ധമാണ്. എനിക്ക് അത് മതി.”

 

​അഭിരാമിന്റെ വാക്കുകൾ വൃന്ദയ്ക്ക് പുതിയൊരു ജീവൻ നൽകി. അവൻ അവളെ തന്റെ ജീവിതത്തിലേക്ക് ചേർത്തു. അധികം വൈകാതെ അവർ വിവാഹിതരായി.

 

​പിന്നീട് ആ വീട് ഒരു സ്വർഗ്ഗം ആയിരുന്നു. സ്വന്തം അമ്മ കുഞ്ഞിനെ നോക്കുന്നതിനേക്കാൾ വലിയ സ്നേഹത്തോടെ വൃന്ദ മാളൂട്ടിയെ നോക്കി.

മാളൂട്ടിക്ക് വൃന്ദയില്ലാതെ ഒന്നിനും കഴിയില്ലെന്നായി. അഭിരാമിന് നഷ്ടപ്പെട്ട സന്തോഷം തിരികെ കിട്ടി.
​ഒരു ദിവസം വൃന്ദയും മാളൂട്ടിയും അഭിരാമും കൂടി വൈകുന്നേരം പാർക്കിൽ പോയതായിരുന്നു.

എല്ലാവരും സന്തോഷത്തിലായിരുന്നു. പെട്ടെന്ന് വൃന്ദയുടെ മുഖം വിളറി. അവൾ ഭയത്തോടെ അഭിരാമിന്റെ അരികിലേക്ക് ഓടി വന്നു. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
​”എന്താ വൃന്ദ? എന്തുപറ്റി?” അഭിരാം ആകുലതയോടെ ചോദിച്ചു.

 

​”അവിടെ… അയാൾ… എന്റെ ജീവിതം തകർക്കാൻ കാരണമായ ആ അയാൾ അവിടെയുണ്ട്!” അവൾ ഒരു വശത്തേക്ക് വിരൽ ചൂണ്ടി.
​അഭിരാം ദേഷ്യത്തോടെ അങ്ങോട്ട് ചെന്നു.

അവിടെ കണ്ട കാഴ്ച അവനെ അത്ഭുതപ്പെടുത്തി. തന്റെ മുൻ ഭാര്യയായ മൈഥിലി ഒരാളുമായി റോഡിലിട്ടു വഴക്കിടുന്നു.

അത് രാജീവ് ആയിരുന്നു. പബ്ലിക് പ്ലേസ് ആണ് എന്നുപോലും നോക്കാതെ അവൻ മൈഥിലിയെ ചീത്ത വിളിക്കുകയും തള്ളുകയും ചെയ്യുന്നുണ്ടായിരുന്നു.

 

​അത്രയും നികൃഷ്ടനായ ഒരാളുടെ കൂടെയാണ് തന്റെ ഭാര്യ ഇറങ്ങിപ്പോയത് എന്ന് അപ്പോഴാണ് അഭിരാം ശരിക്കും അറിഞ്ഞത്.

രാജീവ് ഒരു ലഹരിക്ക് അടിമയാണെന്നും അവൻ സ്ത്രീകളെ ഉപദ്രവിക്കുന്നവനാണെന്നും അവന് മനസ്സിലായി.

മൈഥിലിക്ക് വേണ്ടിയിരുന്നതും അത്തരമൊരു ജീവിതമായിരുന്നിരിക്കണം.
​അവൾക്കുള്ള കുഴി അവൾ തന്നെ തോണ്ടി…

അത്രയേ അവനു തോന്നിയുള്ളൂ. സ്വർഗ്ഗം പോലെ ഒരു ജീവിതം ഉപേക്ഷിച്ച് അവൾ പോയത് ഒരു ചളി കുണ്ടിലേക്ക് ആയിരുന്നു.

 

​അഭിരാം തിരികെ വന്ന് വൃന്ദയെ ചേർത്തുപിടിച്ചു. “പേടിക്കേണ്ട വൃന്ദ… അയാൾ ഇനി നിന്നെ ഒന്നും ചെയ്യില്ല. അയാൾ ചെയ്ത തെറ്റിനുള്ള ശിക്ഷ അയാൾക്ക് കിട്ടും. നീ പേടിക്കരുത്.” അവൾക്ക് അവൻ ധൈര്യം നൽകി.

 

​വിധിയുടെ വൈചിത്ര്യം എന്നോണം അടുത്ത ദിവസം ഒരു വാർത്ത വന്നു. ഏതോ ഒരു അജ്ഞാത വണ്ടി രാജീവിനെ ഇടിച്ചിട്ടു എന്ന്. അവൻ ആശുപത്രിയിലായി. പരിശോധനയിൽ അവന്റെ നട്ടെല്ലിന് കാര്യമായ ക്ഷതം ഏറ്റതായി ഡോക്ടർമാർ പറഞ്ഞു.

 

​ഇനി ഒരിക്കലും എഴുന്നേറ്റു നടക്കാൻ പോലും അവന് കഴിയില്ല. മരണം വരെ കിടക്കയിൽ തന്നെയായിരിക്കും അവന്റെ ജീവിതം. ഇത് അറിഞ്ഞതോടെ മൈഥിലി അയാളെ ഉപേക്ഷിച്ചു.

അവൾക്ക് ഒരാളെ നോക്കാനോ സ്നേഹിക്കാനോ അറിയില്ലായിരുന്നു. അവൾ മറ്റൊരാളുടെ കൂടെ പോയി. ഭാര്യയും കുഞ്ഞും ഒക്കെയുള്ള ഒരു പ്രായമായവന്റെ കൂടെയായിരുന്നു ഇത്തവണ അവളുടെ യാത്ര.

 

​കാരണം മൈഥിലിക്ക് വേറെ വഴിയില്ലായിരുന്നു. അന്തസ്സായി ജീവിക്കാനുള്ള സാഹചര്യം അവൾ തന്നെ നശിപ്പിച്ചു. നല്ലൊരു ജീവിതം ഉപേക്ഷിച്ചു പോകുന്നതിന് അവൾ ഓരോ നിമിഷവും അനുഭവിക്കുന്നുണ്ടായിരുന്നു.

 

​എന്നാൽ അഭിരാമും വൃന്ദയും കുഞ്ഞും പൂർണ്ണ സന്തോഷത്തിലാണ് ജീവിക്കുന്നത്. ആ വീടിന്റെ ഐശ്വര്യം വൃന്ദയായിരുന്നു. മാളൂട്ടിക്ക് അവൾ അമ്മയായി.

 

​അവരുടെ സന്തോഷത്തിന് മാറ്റുകൂട്ടാൻ ഇപ്പോൾ ഒരു കുഞ്ഞ് അതിഥി കൂടി വരുന്നുണ്ട്. വൃന്ദ ഗർഭിണിയാണെന്ന വാർത്ത കേട്ടപ്പോൾ അഭിരാമിന് സന്തോഷം അടക്കാനായില്ല.

 

ആ കുഞ്ഞ് വന്നാലും മാളൂട്ടി തന്നെയായിരിക്കും വൃന്ദയുടെ ആദ്യത്തെ കുഞ്ഞ് എന്ന് അഭിരാമിന് ഉറപ്പുണ്ടായിരുന്നു. കാരണം വൃന്ദയുടെ സ്നേഹം അത്രമേൽ ആഴമുള്ളതായിരുന്നു.

✍️സ്റ്റോറി by കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *