“എന്റെ രമ്യേ..ഒന്ന് കിടന്ന് കൊടുത്തു വച്ച് നിനക്ക് ഒന്നും സംഭവിക്കാൻ പോണില്ല.. ആരും ഒന്നും അറിയേം ഇല്ല.. നല്ല കാശും കയ്യിൽ കിട്ടും.”
ആശ പറഞ്ഞത് കേൾക്കെ നടുക്കത്തോടെ തന്നെയിരുന്നു രമ്യ. അതുവരെയുള്ള ജീവിത സാഹചര്യങ്ങൾ ഇന്നവളെ കൊണ്ടെത്തിച്ചിരിക്കുന്നത് വലിയൊരു കടക്കെണിയിലാണ്. ഭർത്താവുമായി ബന്ധം വേർപെട്ട ശേഷം മോളുമായി അവൾ സ്വന്തം വീട്ടിലാണ്. അസുഖ ബാധിതനായ അച്ഛൻ.. അമ്മ ഒപ്പം അനിയൻ അതാണ് രമ്യയുടെ ചെറിയ കുടുംബം. അനിയൻ വിഷ്ണു ഇരുപതു വയസിനു മുകളിൽ പ്രായമുണ്ടായിട്ടും വീട്ടുകാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ മദ്യപാനവും മറ്റ് അലമ്പുകളുമായി കൂട്ടുകാരുമൊത്തു കറങ്ങി നടക്കലാണ്. അതുകൊണ്ട് തന്നെ അച്ഛന്റെ ചികിത്സ വീട്ടുചിലവുകൾ എല്ലാ ബാധ്യതകളും രമ്യയുടെ ചുമലിലാണ്. ജോലി ചെയ്തു വരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ടാർഗറ്റിന്റെ പേരിൽ മൂന്ന് മാസമായി ശമ്പളം കൂടി പിടിച്ചു വച്ചതോടെ ആകെ ബുദ്ധിമുട്ടിലായി കാര്യങ്ങൾ. അച്ഛന്റെ ചികിത്സയ്ക്കായി പലയിടങ്ങളിൽ നിന്നും വാങ്ങിയ തുകയുടെ അടവുകൾ പെന്റിങ് ആയതോടെ പലിശക്കാർ വീട്ടിൽ കയറിയിറങ്ങി ശല്യം തുടങ്ങി. ഒടുവിൽ ഒരു ഗതിയുമില്ലാതെ നട്ടംതിരിഞ്ഞിരുന്ന അവളുടെ മുന്നിലേക്ക് ഒപ്പം ജോലി ചെയ്തിരുന്ന ആശയാണ് ആ പോംവഴിയുമായി എത്തിയത്.
” രമ്യേ ഒന്നും പേടിക്കാനില്ല.. നല്ല ചുള്ളൻ കോളേജ് ചെക്കന്മാരാണ് കൂടുതലും വരുന്നത്… പരിചയമുള്ള ലോഡ്ജ് ആണ് ഒന്നും ആരും അറിയില്ല. നല്ല കാശും കിട്ടും നീ നല്ലോണം ഒന്ന് ആലോചിക്ക്.. നിന്നെ പോലെ കാണാൻ സുന്ദരികളായ പെൺകുട്ടികൾക്ക് നല്ല ഡിമാൻഡ് ആണ്.. ”
പ്രലോഭനങ്ങൾ പലതുമായി കുറച്ചധികം നാളുകളായി ആശ രമ്യയുടെ പിന്നാലെയാണ് പക്ഷെ പരമാവധി ഒഴിഞ്ഞു മാറി അവൾ. എന്നാൽ അച്ഛന്റെ അസുഖം കൂടി വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതോടെ സകല കാര്യങ്ങളും തകിടം മറിഞ്ഞു.
” മോളെ… ഈ ആശുപത്രി ചിലവുകൾ നമ്മൾ എങ്ങിനെയാ നോക്കുക.. പലിശക്കാരൻ ഇന്നും വീട്ടിൽ ചെന്നിരുന്നെന്ന് അപ്പുറത്തെ ശാന്ത പറഞ്ഞു.. ഇനി നമ്മൾ. എന്ത് ചെയ്യും.. ”
അമ്മ വേവലാതിയിൽ ചോദിക്കുമ്പോൾ ഒരു മറുപടിയില്ലായിരുന്നു രമ്യയുടെ പക്കൽ..
” കുറച്ചു മെഡിസിൽ പുറത്തൂന്ന് വാങ്ങാൻ ഉണ്ട് കേട്ടോ.. പ്രിസ്ക്രിപ്ഷൻ തരാം… പെട്ടെന്ന് വാങ്ങണം… ”
നേഴ്സ് പറയുന്നത് കൂടി കേൾക്കെ മാനസികമായി ആകെ തകർന്നു അവൾ. ജീവിതം വഴിമുട്ടിയ അവസ്ഥ. ഒടുവിൽ ഈ സാഹചര്യത്തിൽ ആശ പറഞ്ഞതല്ലാതെ മറ്റൊരു പോംവഴി ഇല്ല എന്ന് മനസിലാക്കി രമ്യ. ഒടുവിൽ മനസില്ലാ മനസ്സോടെ തന്റെ ശരീരം വിൽക്കുവാൻ തീരുമാനിച്ചു അവൾ.
” ചേച്ചി… രാവിലെ ആ അശോകേട്ടൻ എന്നെ കണ്ടിട്ട് വല്യ പ്രശ്നമുണ്ടാക്കി.. പലിശയെങ്കിലും ഉടനെ കൊടുത്തില്ലെങ്കിൽ ഇവിടെ വന്ന് പ്രശ്നമുണ്ടാക്കുമെന്ന് പറയുവാ… ”
വിഷ്ണു രാവിലെ ഹോസ്പിറ്റലിൽ എത്തി പറഞ്ഞത് കേട്ട് തന്റെ പേഴ്സ് കയ്യിലെക്കെടുത്തു രമ്യ.
” ആകെ മൂവായിരം രൂപയുണ്ട് എന്റെ കയ്യിൽ.. ആകെ ഉള്ള മൂക്കൂത്തി പണയം വച്ചതിന്റെ ബാക്കിയാണ്. ഇത് നീ അയാൾക്ക് കൊടുക്ക് എന്നിട്ട് കാല് പിടിച്ചേലും കുറച്ച് സാവകാശം കൂടി ചോദിക്ക്.. ”
അത് പറയുമ്പോൾ വല്ലാതെ തളർന്നു തുടങ്ങിയിരുന്നു അവൾ. കാശ് വാങ്ങി വിഷ്ണു പോകുമ്പോൾ വേദനയോടെ അച്ഛനരുകിൽ ഇരുന്നു .
” മോളെ…. ആകെ ബുദ്ധിമുട്ട് ആയി അല്ലെ..”
ദയനീയമായ അച്ഛന്റെ വാക്കുകൾ രമ്യയെ കൂടുതൽ വേദനിപ്പിച്ചു.
” വിഷമിക്കേണ്ട അച്ഛാ എല്ലാം ശെരിയാകും..”
മറുപടി പറഞ്ഞു കൊണ്ട് അച്ഛന്റെ മുടിയിഴകളിൽ തലോടിയിരുന്നു അവൾ.
അല്പം കഴിയവേ ആശയുടെ കോൾ എത്തി.
” രമ്യേ… നിന്റെ സമയം കൊള്ളാം ഒരു കോളുണ്ട്.. ഒരു മണിക്കൂറത്തെ കേസാണ്… ഒരു പയ്യൻ.. രണ്ടായിരം രൂപ കയ്യിൽ കിട്ടും… ആദ്യത്തെ കേസ് ആയത് കൊണ്ട് ഞാൻ കമ്മീഷൻ എടുക്കില്ല ഫുൾ എമൗണ്ട് നിനക്കാ… നീ ഓക്കേ ആണോ… ”
ആ അവസ്ഥയിൽ മറുത്തൊന്ന് ചിന്തിച്ചില്ല രമ്യ
” ഓക്കേ ആണ് ചേച്ചി.. എനിക്ക് വേറെ വഴിയില്ല…ഞാൻ വരാം.. ”
കോൾ കട്ട് ചെയ്യവേ ഉള്ളു പൊട്ടുന്ന വേദനയിൽ അറിയാതെ കരഞ്ഞു പോയി അവൾ.
” എന്നെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചല്ലോ എന്റെ ഭാഗവാനേ… ”
വേദനയോടെ ആരോടും ഒന്നും പറയാതെ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി രമ്യ. ആശ പറഞ്ഞ ലോഡ്ജ് ലക്ഷ്യമാക്കി.
” നീ പേടിക്കേണ്ട രമ്യേ… ആദ്യമായതുകൊണ്ടാണ് ഈ ടെൻഷൻ.. ഇതൊക്കെ ഒന്ന് എൻജോയ് ചെയ്യാൻ ശ്രമിക്ക് അപ്പോ ഈ പേടിയൊക്കെ അങ്ങ് മാറും… ചെക്കൻ ഇപ്പോ എത്തും നീ ഇവിടിരിക്ക് ഞാൻ പുറത്ത് ഉണ്ടാകും എന്തുണ്ടേലും വിളിച്ചാൽ മതി… അവൻ വന്നാൽ ആദ്യമേ കാശ് കയ്യിൽ വാങ്ങിച്ചേക്ക് കേട്ടോ..”
മുറിയിൽ കൊണ്ടിരുത്തി നിർദേശങ്ങൾ നൽകി ആശ പുറത്തേക്ക് പോകുമ്പോൾ അടി മുടി വിറച്ചു രമ്യ. ഇറങ്ങി ഓടിയാലോ എന്ന് പോലും ഒരു നിമിഷം ചിന്തിച്ചു അവൾ. എന്നാൽ അച്ഛന്റെ മുഖം ഹോസ്പിറ്റൽ ചിലവുകൾ.. പലിശക്കാർ ഒക്കെയും ഓർത്തതോടെ ആ ചിന്ത കെട്ടടങ്ങി. വിധിയെ പഴിച്ചു സ്വയം ഉരുകി ഇരുന്നു അവൾ
സമയം പിന്നെയും നീങ്ങി. പെട്ടെന്നു മുറിയുടെ വാതിൽ ആരോ തുറക്കുന്ന ശബ്ദം കേട്ടു രമ്യ. ഉള്ളൊന്ന് നടുങ്ങി. അടി മുടി വിറച്ചു. തൊണ്ട ആകെ വരളുന്ന അവസ്ഥ. തുറന്ന വാതിൽ അടയുന്നതും അകത്തു നിന്ന് ലോക്കിടുന്ന ശബ്ദവും അവളുടെ കാതുകളിൽ മുഴക്കമായി. ഒരു നിമിഷം നിശബ്ദത പടർന്നു.
” ചേ.. ചേച്ചി….. ”
നിശബ്ദതയേ കീറി മുറിച്ചു കൊണ്ട് പെട്ടെന്ന് ആ വിളി കേട്ട് നടുങ്ങി തരിച്ചു പോയി രമ്യ. ഞെട്ടി തിരിയവേ പിന്നിൽ നിന്നിരുന്നത് വിഷ്ണുവാണ് എന്ന് മനസിലാക്കി അവൾ.. അവനും ആകെ ഞെട്ടലിൽ ആയിരുന്നു.
” ചേച്ചി.. അപ്പോ ചേച്ചിയാണോ ഇവിടെ… ”
വാക്കുകൾ പാതി മുറിഞ്ഞു.
” വി.. വിഷ്ണു… നീ.. നീ ഇവിടെ.. ”
അവിശ്വസനീയമായി എഴുന്നേറ്റു അവന് മുന്നിലേക്ക് ചെന്നു രമ്യ.
രാവിലെ ഹോസ്പിറ്റലിൽ വച്ച് അവൻ പറഞ്ഞ കാര്യങ്ങളും കാശ് വാങ്ങിയതുമാണ് അപ്പോൾ അവളുടെ മനസിലേക്ക് എത്തിയത്. കാര്യങ്ങൾ ഏകദേശം മനസിലാക്കി അവൾ.
” അപ്പോൾ.. നീ എന്റേന്ന് കാശ് വാങ്ങിയത്… ഇതിനായിരുന്നോടാ ദ്രോഹി ”
അടങ്ങാത്ത ദേഷ്യത്തിലും സങ്കടത്തിലും അവന്റെ ചെക്കിടത്ത് ആഞ്ഞടിച്ചു രമ്യ. അടി കൊണ്ട് പിന്നിലേക്ക് ആഞ്ഞു പോയ വിഷ്ണുവും ആകെ ഭയന്നു പോയി. പൊട്ടിക്കരഞ്ഞു കൊണ്ട് അവൾക്ക് മുന്നിൽ കൈകൂപ്പി അവൻ.
” ചേച്ചി.. സോറി.. ഒരു തെറ്റ് പറ്റിപ്പോയതാ… എന്നോട് ക്ഷമിക്ക് എപ്പോഴോ മനസ്സ് കൈ വിട്ടു പോയി.. ”
അവളുടെ മിഴികളും തുളുമ്പി
” നിനക്കറിയോടാ.. എന്റെ കയ്യിലെ അവസാന കഷ്ടം പൊന്നും പണയം വച്ചതിന്റെ ബാക്കിയായിരുന്നു ആ കാശ്… ഒരിക്കലും തീരാത്ത കടങ്ങളും ബാധ്യതകളും ഹോസ്പിറ്റൽ ചിലവുകളും എല്ലാം കൂടിയാണ് എന്നെ ഇവിടെ ഈ ലോഡ്ജ് മുറി വരെ കൊണ്ടെത്തിച്ചത്. എന്നിട്ട് നീയോ… വീട്ടിലെ ബാധ്യതകളും ബുദ്ധിമുട്ടുകളും ഒന്നും മനസിലാക്കാതെ കൂട്ടുകൂടി കള്ള് കുടിച്ചും ആഘോഷിച്ചു നടന്ന് ഇപ്പോ ഇവിടെ വരെ എത്തി അല്ലെ… ”
ആ ചോദ്യത്തിന് മുന്നിൽ മറുപടിയില്ലായിരുന്നു വിഷ്ണുവിന്.
” കൊള്ളാം മോനെ….നീ എന്തായാലും സുഖിക്കാൻ വന്നതല്ലേ.. ശെരി.. ചേച്ചിയാണെന്ന് നോക്കേണ്ട… എന്താന്ന് വച്ചാൽ ചെയ്തോ എന്നെ… എന്നിട്ട്.. എന്നിട്ട് ആ കാശ് താ.. നമ്മുടെ അച്ഛന് മരുന്ന് വാങ്ങാൻ അത് എനിക്ക് അ… അത്യാവശ്യമാണ്… ”
വിതുമ്പലോടെ തിരികെ ബെഡിലേക്കിരുന്നു രമ്യ. ആ വാക്കുകൾ കൂടി കേൾക്കവേ ആകെ പൊട്ടി തകർന്നു പോയി വിഷ്ണു. പൊട്ടിക്കരഞ്ഞു കൊണ്ട് അവളുടെ കാൽക്കീഴിൽ വീണു അവൻ.
” എന്റെ ചേച്ചി.. എന്നോട് ക്ഷമിക്ക്… വലിയ തെറ്റാണ് ഞാൻ ചെയ്തത്… ചേച്ചിയെ ഇവിടെ ഈ അവസ്ഥയിൽ കണ്ട നിമിഷം
അത് മനസിലാക്കുന്നു ഞാൻ… ചേച്ചിയുടെ ഈ അവസ്ഥക്ക് ഞാനും കാരണക്കാരനാണ്.. ക്ഷമിക്ക് പ്ലീസ് …ഇനി ഞാൻ ജീവിതത്തിൽ ഒരിക്കലും തെറ്റുകൾ ആവർത്തിക്കില്ല… കുടുംബം നോക്കാൻ ചേച്ചിക്ക് ഒപ്പം ഉണ്ടാകും.. ഒരു അലമ്പിനും പോകില്ല… ഏത് ജോലിയും ചെയ്യാൻ റെഡിയാണ്… എന്റെ ചേച്ചി എന്നെ വെറുക്കരുത്… ”
ഉള്ളിലെ വേദനയും കുറ്റബോധവും അണ പൊട്ടവേ നിർത്താതെ ഏങ്ങലടിച്ചു കരഞ്ഞു അവൻ. ഒരു പരിധി കഴിയവേ രമ്യയുടെ മനസും അലിഞ്ഞു. അവന്റെ പിടിച്ചു തനിക്കൊപ്പം ബെഡിലേക്ക് ഇരുത്തി അവൾ
” മോനെ… ചേച്ചിയെ കൊണ്ട് ഒറ്റയ്ക്ക് കൂട്ടിയാൽ കൂടില്ലെടാ ഒന്നും… ഏറ്റവും ഗതികെട്ട അവസ്ഥയിൽ ആണ് ശരീരം വിൽക്കാൻ പോലും ഞാൻ തയ്യാറായത്.. ഇനിയേലും മോൻ നന്നാകണം.. ഇന്നത്തെ കാലത്ത് കൂട്ടുകെട്ടും കള്ള് കുടിയും ഒന്നും മോശമാണ് എന്ന് ഞാൻ പറയില്ല. പക്ഷെ സ്വന്തം കുടുംബം കൂടി നോക്കികൊണ്ട് വേണം എല്ലാം.. നീ കൂടി ഒരു വരുമാനം കൊണ്ട് വന്നാൽ നമ്മുടെ പ്രശ്നങ്ങൾക്കെല്ലാം എതിരെ ഒന്നിച്ചു നിന്ന് പൊരുതാം നമുക്ക്…”
“ഞാൻ ഒപ്പമുണ്ട് ചേച്ചി… ഇനി മുതൽ നമുക്ക് ഒന്നിച്ചു നിന്ന് പ്രശ്നങ്ങളെ നേരിടാം…”
അത് പറയുമ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി വിഷ്ണുവിന്.
പിന്നെയുമവർ സംസാരിച്ചു ഉള്ളിലുള്ളതെല്ലാം പരസ്പരം പങ്കുവച്ചു. ഒടുവിൽ ആ ലോഡ്ജ് മുറിയിൽ നിന്നും ഒന്നിച്ചു തന്നെയാണവർ പുറത്തേക്കിറങ്ങിയത്. പുറത്ത് കാത്തു നിന്നിരുന്ന ആശയെ അവർ രണ്ടാളും മൈൻഡ് ചെയ്തില്ല. പുറത്ത് അറിയിക്കുവാൻ പറ്റാത്ത കാര്യമായതിനാൽ തന്നെ പിന്നാലെ ചെന്ന് എന്ത് പറ്റിയെന്നു അന്വേഷിച്ചുമില്ല അവർ. എന്നാൽ ഒരു വാട്സാപ്പ് മെസേജിലൂടെ കാര്യങ്ങൾ മുഴുവൻ ആശയെ അറിയിച്ചു രമ്യ. ഒപ്പം ഇനി തന്നെ ഈ പണിക്ക് വിളിക്കരുത് എന്ന് കൂടി ഓർമിപ്പിച്ചു.
” രമ്യേ… രക്ഷപ്പെട്ടു ടീ… നമ്മുടെ മൂന്ന് മാസത്തെ പെന്റിങ് സാലറി ക്രെഡിറ്റ് ആയിട്ടുണ്ട്.. ”
തിരികെ ഹോസ്പിറ്റലിൽ എത്തുമ്പോൾ രമ്യയെ തേടിയെത്തിയത് ആ സന്തോഷ വാർത്തയായിരുന്നു. ആ നിമിഷം എല്ലാം ഒരു ദൈവഹിതമായി തോന്നി അവൾക്ക്.. കുറ്റം പറഞ്ഞ ദൈവങ്ങളെ തന്നെ നന്ദി അറിയിച്ചു രമ്യ
അന്ന് മുതൽ വിഷ്ണുവുമൊന്നിച്ചു ചേർന്നവൾ വിധിയോട് പൊരുതി തുടങ്ങി….
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു
