സാറൊന്ന് തൊട്ടമ്പോഴേയ്ക്കും നീയെന്തിനാ കൊച്ചേ അയാളുടെ കൈ തട്ടി മാറ്റി വലിയ വായിൽ കരഞ്ഞു നിലവിളിച്ചത്…. ? വല്യ വല്യ ലോണൊക്കെ….

“പെണ്ണുങ്ങളായാൽ സ്വന്തം കാര്യത്തിനെങ്കിലും കുറച്ചൊക്കെ സാമർത്ഥ്യം വേണം ഗാഥേ…
ഇന്ന് ശരിയ്ക്കും നീയെന്താ ഗാഥേ അവിടെ അയാളുടെ മുന്നിൽ വെച്ച് കാണിച്ചത്…?
ആണുങ്ങളെ കണ്ടിട്ടേ ഇല്ലാത്ത പോലെയായിരുന്നു അയാളെ കണ്ടപ്പോഴുള്ള നിന്റെ ഭാവവും പെരുമാറ്റവും…
സത്യം പറഞ്ഞാൽ അയാളെ ആകെ വെറുപ്പിച്ചിച്ചു ഗാഥേ നീയ്യ്…..

ബാങ്കിലെ ലഞ്ച് ബ്രേക്ക് സമയത്ത് പുറത്തേക്കിറങ്ങാൻ ശ്യാം ഒരുങ്ങും നേരമാണ് ഓഫീസു മുറിയ്ക്ക് പുറത്തെ വെയ്റ്റിംഗ് റൂമിൽ നിന്നൊരു പെണ്ണിന്റെ നേർത്ത തേങ്ങിക്കരച്ചിലും ഒപ്പമൊരുവന്റെ വഴക്കും ഉയർന്നു കേട്ടത്…

“എനി…യ്ക്ക് പറ്റാഞ്ഞിട്ടാണ് വേണുവേട്ടാ… തമാശയ്ക്ക് ആണെ…ങ്കിൽ പോലുംഎന്നെ കൊണ്ടിങ്ങനെയൊന്നും പറ്റില്ല വേണുവേട്ടാ…. സത്യമായിട്ടും പറ്റില്ല… ”

ദയനീയമായ് തന്റെ സങ്കടം പറയുന്നവളെ കേട്ടതും ആ ശബ്ദത്തിനുടമയുടെ മുഖം നേരിട്ടു കാണാനൊരു കൗതുകം ഉടലെടുത്തു ശ്യാമിന്റെ ഉളളിൽ….

വെയ്റ്റിംഗ് റൂമിന്റെ ഡോർ കർട്ടൻ മെല്ലെ അവരറിയാത്ത വിധമൊന്ന് വകഞ്ഞ് മാറ്റി അകത്തേയ്ക്ക് പാളിനോക്കിയ ശ്യാമിന്റെ മിഴികൾ അടക്കാനാവാത്ത ആകാംക്ഷയാൽ വിടർന്നു തിളങ്ങി….

കഴിഞ്ഞ നാലഞ്ച് ദിവസങ്ങളായ് ആ കൂടെയുള്ളവനൊപ്പം ഈ ബാങ്കിൽ എന്തോ ലോൺ ശരിയാക്കാനായ് വന്നിരുന്ന നീണ്ടു മെലിഞ്ഞ ആ പെൺകുട്ടിയാണവിടെ അവനോട് കരഞ്ഞു കെഞ്ചിനിൽക്കുന്നത്…

കാഴ്ചയിൽ രണ്ടാളും തമ്മിൽ നല്ല പ്രായ വ്യത്യാസം തോന്നിയ്ക്കുമെങ്കിലും ഒരു കുഞ്ഞിനെ എന്ന പോലെയാണ് അവളെ അയാൾ ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബാങ്കിനുള്ളിലൂടെ കൊണ്ടു നടന്നിരുന്നത്… അതു കൊണ്ടു മാത്രമാണവരെ ശ്യാം ശ്രദ്ധിച്ചതും.

എന്നാൽ ഇപ്പോൾ കൺമുന്നിൽ കാണുന്നത് സത്യം തന്നെയാണോ എന്നുറപ്പിയ്ക്കും വിധം തന്റെ കണ്ണൊന്നടച്ചു തുറന്നു ശ്യാം…

‘നിനക്ക് ഞാനെത്ര പ്രാവശ്യം പറഞ്ഞു തന്നതാണ് ഗാഥേ ഇവിടെ വന്നയാളോട് പെരുമാറേണ്ടതെങ്ങനെയാണെന്ന്… ?
നീ എന്നിട്ടെന്താ ഇവിടെ വന്ന് കാണിച്ചത്…?

മുന്നിൽ നിന്ന് കരയുന്നവളെയോ അവളുടെ സങ്കടങ്ങളെയോ ഒട്ടും വില കൽപ്പിക്കാതെ അവളുടെ കൂടെയുള്ളവൻ പിന്നെയും അവളെ വഴക്കു പറഞ്ഞു തുടങ്ങിയതും ദേഷ്യമിച്ചെത്തിച്ചുവന്നത് പക്ഷെ ശ്യാമിന്റെ മുഖമാണ്…

കൺമുന്നിൽ കാണുന്നവളുടെ കണ്ണീരും സങ്കടവും അവന്റെ ഉള്ളിൽ പറഞ്ഞറിയിക്കാനാവാത്തൊരു നോവ് തീർക്കുന്നുണ്ട്…. ആദ്യം അവരെ കണ്ട നാൾ മുതൽ അവനിലതുണ്ട്

“ചീത്ത പറയല്ലേ വേണുവേട്ടാ….അയാളുടെ നോട്ടം പോലും സഹിക്കാൻ പറ്റുന്നില്ലെനിയ്ക്ക് പിന്നെങ്ങനെയാണ് അറിഞ്ഞും അറിയാതെയുമുള്ള അയാളുടെ തൊട്ടുതലോടൽ ഞാൻ സഹിയ്ക്കുന്നത്…. എനിയ്ക്ക് പറ്റില്ല വേണുവേട്ടാ… ഒട്ടും പറ്റില്ല…. ”

വേണുവിന്റെ കയ്യിൽ പിടിച്ച് കെഞ്ചി കണ്ണീരോടെ ഗാഥ പറഞ്ഞതും അവളുടെ കൈ തന്റെ കയ്യിൽ നിന്ന് കുടഞ്ഞെറിഞ്ഞു വേണു കത്തുന്ന മിഴികളോടെ ഗാഥയെ നോക്കിയതും ആകെ ഭയന്നു പോയവൾ….

” ആ ബാങ്ക് മാനേജരൊന്നു തൊട്ടെന്നും പിടിച്ചെന്നും വെച്ച് നിനക്ക് എന്തു സംഭവിക്കാനാണെടീ… അങ്ങനെ ഒന്ന് തൊടുമ്പോഴേയ്ക്കും ഉരുകി ഇല്ലാതാവാൻ നിന്നെയെന്താ മഞ്ഞു കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത്…. എങ്ങനെയെങ്കിലും ആ ലോണൊന്ന് അയാളുടെ കയ്യിൽ നിന്ന് മേടിച്ചെടുത്തിട്ട് വേണം നഷ്ടത്തിലോടുന്ന കടയൊന്ന് നേരെയാക്കാൻ… അതിനു വീണു കിട്ടിയ നല്ലൊരു അവസരം കരഞ്ഞു കൂവികളഞ്ഞിട്ട് അവളു കിടന്ന് മോങ്ങുന്നു… ശവം…..”

അങ്ങേയറ്റം വെറുപ്പോടെ വേണു പറഞ്ഞു തീർക്കുമ്പോൾ നിസ്സഹായതയോടെ അവനെ നോക്കി കണ്ണുനീർ വാർത്തു ഗാഥ….

“കട ശരിയാക്കാൻ നമുക്ക് വേറെന്തെങ്കിലും വഴി നോക്കിയാലോ വേണുവേട്ടാ… വേറെ എവിടുന്നെങ്കിലും ലോണോ മറ്റോ….?

പേടിയോടെ ഗാഥ പറഞ്ഞതും വേണുവിന്റെ കൈ ഗാഥയുടെ കഴുത്തിൽ അവൾക്ക് വേദനിയ്ക്കും വിധം മുറുകിയിരുന്നു…

“വേറെന്ത് വഴിയാണെടീ പൈസ കിട്ടാനുള്ളത്…? ചത്തുപോയ നിന്റെ തന്തേം തള്ളേം വന്ന് തരുമോ കടം തീർത്ത് കട നേരെയാക്കാനുള്ള പൈസ…. അതോ കള്ളും കുടിച്ച് ബോധമില്ലാതെ കണ്ട പാടത്തും പറമ്പിലുമെല്ലാം കിടക്കുന്ന നിന്റെയാ ചേട്ടൻ തരുമോ എനിയ്ക്കാവശ്യമുള്ള പൈസ….?

ഗാഥയുടെ കഴുത്തിലെ പിടുത്തം മുറുക്കി വേണു ഓരോന്നും ചോദിയ്ക്കും നേരം അവന്റെ കൈയ്ക്കുള്ളിൽ കിടന്ന് ശ്വാസത്തിനായ് പിടഞ്ഞു ഗാഥ…

അതു കണ്ടതും മറഞ്ഞു നിന്നിടത്തു നിന്ന് ശ്യാം ആ വെയ്റ്റിംഗ് റൂമിനുള്ളിലേക്ക് വേഗത്തിൽ കയറാനൊരുങ്ങിയതും മറുവശത്തെ വാതിലിനുള്ളിലൂടെ അവർക്കടുത്തേയ്ക്ക് പാഞ്ഞെത്തിയിരുന്നു ബാങ്കിലെ പ്യൂൺ ദിവാകരൻ….

വന്ന വരവിൽ തന്നെ ഗാഥയിൽ മുറുകി നിന്നിരുന്ന വേണുവിന്റെ കൈകളെ തട്ടിയെറിഞ്ഞു ദിവാകരൻ…

“നിനക്കെന്താടാ വേണു ഭ്രാന്തു പിടിച്ചോ… ഞാൻ വരാനിത്തിരി വൈകിയിരുന്നെങ്കിൽ നീയ്യീ പെണ്ണിനെ ഇവിടെയിട്ട് കൊന്നേനെയല്ലോ…?

“ആ കൊല്ലും… ഇവളെ പോലെയുള്ളതൊക്കെ ചാവുന്നത് തന്നെയാ നല്ലത്…. രക്ഷപ്പെടാനൊരു വഴി മുന്നിൽ തെളിഞ്ഞു വരുമ്പോ എങ്ങനേലും രക്ഷപ്പെടാൻ നോക്കാതെ അവള് വല്യ പതിവ്രത ചമയാൻ നിൽക്കുന്നു… അയാളൊന്ന് തൊട്ടപ്പോഴേയ്ക്കും അവള് കരഞ്ഞ് വിളിച്ച് മനുഷ്യനെ നാണം കെടുത്തി…നാശം…”

ദിവാകരൻ പറഞ്ഞു പൂർത്തിയാക്കും മുമ്പ് തിരിച്ചയാളോട് ശബ്ദമുയർത്തി അവളോടുള്ള തന്റെ ദേഷ്യം മുഴുവൻ കുടഞ്ഞിട്ടു വേണുവും..

“കാര്യങ്ങളൊക്കെ ഞാനറിഞ്ഞെടാ വേണൂ… മുകുന്ദൻസാർ പറഞ്ഞെന്നോടെല്ലാം… സാറൊന്ന് തൊട്ടമ്പോഴേയ്ക്കും നീയെന്തിനാ കൊച്ചേ അയാളുടെ കൈ തട്ടി മാറ്റി വലിയ വായിൽ കരഞ്ഞു നിലവിളിച്ചത്…. ?
വല്യ വല്യ ലോണൊക്കെ ഇതുപോലുള്ള മുതലാളിമാരുടെ ബാങ്കിൽ നിന്ന് പാസായ് കിട്ടാൻ ഇങ്ങനെ ചില തൊടലും പിടിക്കലുമൊക്കെ കണ്ടില്ലെന്ന്
വെക്കേണ്ടിവരും ബുദ്ധിയുള്ള പെൺകുട്ടികൾ… ആവശ്യക്കാർ നമ്മളാണെങ്കിൽ അടങ്ങിയൊതുങ്ങി നിൽക്കേണ്ടതും നമ്മളാണ്.. അവർക്ക് കൊച്ചല്ലെങ്കിൽ വേറെ ഒരുവൾ അത്രയേ ഉള്ളു… നിങ്ങൾക്ക് അങ്ങനെയല്ല മുന്നോട്ടു രക്ഷപ്പെട്ടു പോണോങ്കിൽ ഈ ലോൺ കിട്ടിയേ തീരു… മറക്കണ്ട..

ആദ്യം വേണുവിനോടും പിന്നീട് ഗാഥയോടുമായ് ദിവാകരൻ പറഞ്ഞു നിർത്തിയതും അവിടെ നടക്കുന്നതെന്താണെന്നൊരു ഊഹം കിട്ടി ശ്യാമിന്…

മുകുന്ദൻ മുതലാളിയുടെ പ്രൈവറ്റ് ബാങ്കാണിത്… മറ്റൊരു നിവൃത്തിയും ഇല്ലെങ്കിൽ മാത്രമേ ആളുകൾ ഈ കഴുത്തറുപ്പൻ പലിശയുള്ള ബാങ്കിൽ ലോണിന് വരുകയുള്ളു..മാത്രമല്ല മുകുന്ദൻ മുതലാളിയും ആളല്പം പിശകാണ്, പ്രത്യേകിച്ച് സ്ത്രീ വിഷയത്തിൽ…

ബാങ്കിൽ പണത്തിന് ആവശ്യവുമായ് വരുന്ന എന്തിനും തയ്യാറാവുന്ന സ്ത്രീകളെ തഞ്ചത്തിൽ ദിവാകരനാണ് മുതലാളിയുടെ പ്രൈവറ്റ് റൂമിലേക്ക് ആക്കുന്നത്… ഇവിടെ ശ്യാം ജോലിയ്ക്ക് കയറിയിട്ടിപ്പോ ഒരു വർഷം കഴിഞ്ഞു… ഇതിനിടയിൽ ദിവാകരന്റെ എത്രയോ മാമാ പണികൾക്ക് അറിഞ്ഞു കൊണ്ടല്ലെങ്കിലും അവനും നിരവധി തവണ സാക്ഷിയായിട്ടുണ്ട്…

ഇവിടെ പക്ഷെ പെൺക്കുട്ടിയെ അവർ അറിയാതെയാണ് അതുമല്ലെങ്കിൽ അവളെ പറഞ്ഞു പറ്റിച്ചാണ് ഇവിടം വരെ ഇവർ എത്തിച്ചിരിയ്ക്കുന്നതെന്ന് എളുപ്പത്തിൽ തിരിച്ചറിഞ്ഞു ശ്യാം…

അവന്റെ കണ്ണുകൾ ഗാഥയിൽ തന്നെ തങ്ങി നിന്നു….
ഏറിപോയാലൊരു ഇരുപത്തിമൂന്ന് വയസ്സുണ്ടാവും അവൾക്കെന്നൂഹിച്ചവൻ… അയാൾക്ക് നാൽപ്പതിനടുത്തും… എങ്ങനെ ഈ പെണ്ണ് ഇവനെ പോലൊരുവന്റെ കയ്യിൽ വന്നു പെട്ടുവെന്ന് ചിന്തിച്ചു പോയ് ശ്യാം…

“കൊച്ചെ… കൊച്ചിവിടെ ഇരിയ്ക്ക്… ഞാനൊന്ന് ഇവനേം കൂട്ടി പോയ് മുതലാളിയെ കണ്ട് കാര്യങ്ങളൊക്കെയൊന്ന് പറഞ്ഞു ശരിയാക്കട്ടേ… എന്നിട്ടു വന്നാൽ മതി കൊച്ച് ഞങ്ങളുടെ കൂടെ മുതലാളിയെ കാണാൻ…

ദിവാകരനൊരു തഞ്ചത്തിൽ ഗാഥയോടു വീണ്ടും പറഞ്ഞതും അവളുടെ കണ്ണിൽ ഞെട്ടൽ തെളിയുന്നതും അവൾ ശിരസ്സ് വിലങ്ങനെ ആട്ടി തന്റെ പ്രതിഷേധം അറിയിക്കുന്നതുമെല്ലാം ശ്യാം മിഴി ചിമ്മാതെ നോക്കി നിന്നു…

“എനി…യ്ക്ക് പറ്റില്ല വേണുവേട്ടാ… എനിയ്ക്കിപ്പോ വീട്ടിൽ പോണം… ഞാൻ വരില്ല അയാളുടെ അടുത്തേയ്ക്ക്….. ”

ഭയന്നും വിറച്ചും ഗാഥ പറഞ്ഞൊപ്പിച്ചതും വേണുവിന്റെ കരുത്തുള്ള കൈ അവളുടെ വലം കവിളിൽ ശക്തിയായ് വീണു കഴിഞ്ഞിരുന്നു…

“നീ വരുകേം ചെയ്യും ഞാൻ പറയുന്നവനൊപ്പം കിടക്കേം ചെയ്യും…. ഒന്നും കാണാതെയല്ല നിന്റെ തന്തേം തള്ളേം ചത്തു മേല്പ്പോട്ട് പോയപ്പോൾ നിന്റെ ആങ്ങളയ്ക്ക് പൈസ അങ്ങോട്ട് കൊടുത്ത് ഞാൻ നിന്നെ കൂടിയത്… ഇതൊക്കെ മനസ്സിൽ കണ്ടിട്ട് തന്നെയാണെടി…

“ഈ വേണു നല്ലസ്സലൊരു ബിസിനസ്സ് കാരനാണെടി… എനിയ്ക്ക് നേട്ടം കാണാതെ ഒരഞ്ചു പൈസ ഞാനെവിടേം ഇറക്കാറില്ല… മര്യാദയ്ക്ക് എന്നെ അനുസരിച്ച് എനിയ്ക്കൊപ്പം കഴിഞ്ഞാൽ ഇത്രനാളും കഴിഞ്ഞു പോയതുപോലെ തന്നെ നിനക്ക് ഇനിയും മുന്നോട്ടു പോവാം… അതല്ലാതെ എതിർത്താൽ പിന്നെ നീ തെരുവിലാണ്… മാനം വിറ്റ് തെരുവിൽ കിടന്നുറങ്ങേണ്ടി വരും നീ… വരുത്തിയ്ക്കും ഞാൻ നിനക്ക് അങ്ങനെയൊരു ഗതി… ആരും വരില്ല എന്നോട് ചോദിയ്ക്കാൻ…. ഞാൻ നിന്നെ കെട്ടിയിട്ടൊന്നുമില്ലാന്ന് നിനക്കറിയാലോ…?

പൈശാചികമായ ഭാവത്തോടെ പറയുന്ന വേണുവിനു മുമ്പിൽ കിലുകിലെ വിറച്ചു നിന്നു ഗാഥ… ഒരു മാത്ര വേണുവിന്റെ ആ ഭാവം ശ്യാമിനെയും ഭയത്തിലാഴ്ത്തി…

“കണ്ണും മുഖവും തുടച്ച് അവിടെ ചെന്നിരിയ്ക്ക്… ഞങ്ങളിപ്പോ വരാം.. ചെല്ല്…. കൂടുതലൊന്നും ചിന്തിച്ച് കൂട്ടണ്ട നീ… ഞാനായാലും അയാളാലും എല്ലാം ആണുങ്ങൾ തന്നെയാണ്… ത്തത്രമാത്രം ചിന്തിച്ചാൽ മതി നീ ഇപ്പോ… മനസ്സിലായോ….?

ഒരു നോട്ടം അവളെ ദഹിപ്പിയ്ക്കും വിധം നോക്കി ചോദിച്ച് ദിവാകരനൊപ്പം വേണു ബാങ്കിനുള്ളിലേയ്ക്ക് പോയതും കെണിയിൽ വീണ ഇരയെ പോലെ രക്ഷാ തേടി നാലു ചുറ്റും പിടഞ്ഞോടി ഗാഥയുടെ കണ്ണുകൾ…

തൻ്റെ ദയനീയ മനസ്സിലാക്കി സ്നേഹത്തിൽ പൊതിഞ്ഞ് തന്നെ കൊണ്ടു നടന്നിരുന്നത് ഇതുപോലെ വിലയിട്ട് വിൽക്കാനായിരുന്നോ എന്തൊരു ചോദ്യം അവളുടെ ഉള്ളിൽ പിടത്തടിച്ചുയർന്നു കൊണ്ടേയിരുന്നു…അതിനൊപ്പം തോരാതെ ഒഴുകി മിഴികളും..

“നിന്നെ കൂട്ടി കൊടുത്ത് പണം വാങ്ങാൻ നിൽക്കുന്ന അവന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ദൂരെയെങ്ങോട്ടെക്കെങ്കിലും ഓടി പോ കൊച്ചേ… ”

അവൾക്കരികിലേക്ക് കയറി ചെന്ന് മുഖവുര ഏതുമില്ലാതെ ശ്യാം പറഞ്ഞതും ഞെട്ടി പിന്നോക്കം നീങ്ങിഗാഥ…

“നിങ്ങളുടെ സംസാരമെല്ലാം കേട്ടിട്ട് തന്നെയാണ് കൊച്ചേ ഞാനീ പറയുന്നത്…
അവനൊരു ചതിയനാണ് … നിനക്കത് അവൻ്റെ വാക്കിൽ നിന്നുതന്നെ അറിയില്ലേ….
ഇന്നവൻ നിന്നെ ഇവിടെ വിറ്റാൽ നാളെ പണത്തിന് മറ്റൊരാവശ്യം വന്നാൽ അവിടെയും വിൽക്കും… പിന്നതൊരു പതിവായ് മാറും …. അങ്ങനൊരു ജീവിതം നിനക്ക് വേണ്ടെങ്കിൽ രക്ഷപ്പൊടാൻ നിനക്കിതൊരവസരമാണ്… അയാളുടെ കണ്ണെത്താത്ത എവിടേലും പോയ് ജീവിയ്ക്ക് നീ ….”

തന്നെകേൾക്കുമ്പോഴും അവളിൽ നിറഞ്ഞു നിൽക്കുന്ന നിസ്സാഹയത…

രക്ഷപ്പെടണമെന്ന തീവ്ര ആഗ്രഹത്തിനൊപ്പം കയ്യിൽ ഒരു രൂപ പോലും എടുക്കാനില്ലാത്ത ആരോടു ചോദിക്കണമെന്നറിയാത്ത ദയനീയ അവസ്ഥയിലാണ് ഗാഥ….

അതു തിരിച്ചറിഞ്ഞതു പോലെ ശ്യാം വേഗം തന്റെ പേഴ്സെടുത്ത് അതിനുള്ളിലുണ്ടായിരുന്ന അത്രയും പണമെടുത്ത് അവൾക്കു നേരെ നീട്ടി…

“ആ റോഡ് മുറിച്ചു കടന്നാൽ ബസ് സ്റ്റാൻഡ് ആണ്.. വേഗം പോ… പോയ് രക്ഷപ്പെട്….ഇനിയും അയാളുടെ കയ്യിൽ അകപ്പെടാതെ…”

അവൻ പറഞ്ഞതും അവനു നേരെ കൈയ്യൊന്നു കൂപ്പി ആ പൈസയും വാങ്ങി തിരിഞ്ഞു നോക്കാതെ ഗാഥയോടി പുറത്തേയ്ക്ക് പോയതും അത്ര നേരം ക്രമം തെറ്റി മിടിച്ചു കൊണ്ടിരുന്ന ശ്യാമിന്റെ നെഞ്ചൊന്ന് ശാന്തമായ്…. ഇന്നവളെ താൻ സഹായിച്ചില്ലെങ്കിൽ നാളെ താൻ കേൾക്കുക അവളുടെ മരണവാർത്തയാവുമെന്ന് അത്രയും ഉറപ്പുണ്ടവന്….

ചുറ്റുമൊന്ന് നോക്കി ഗാഥ രക്ഷപ്പെട്ടെന്നുറപ്പിച്ച് അവനും മെല്ലെ പുറത്തേയ്ക്കിറങ്ങി ബസ് സ്റ്റാൻഡ് ലക്ഷ്യം വെച്ച് നീങ്ങി….

എടീ…..

തനിയ്ക്ക് അരികിലൂടെ അലറി വിളിച്ചോടിയ വേണുവിനെ കണ്ട് ഞെട്ടി ശ്യാം….

വേണുവിൻ്റെ നോട്ടം റോഡിനപ്പുറത്തേയ്ക്ക് ആണെന്ന് കണ്ട് അങ്ങോട്ടു നോക്കിയ ശ്യാം കണ്ടു പുറപ്പെട്ട് മെല്ലെ നീങ്ങുന്നൊരു ബസ്സിൽ ഭയന്നു വിറച്ചിങ്ങോട്ട് നോക്കുന്ന ഗാഥയെ…

അവളെ വേണുവും കണ്ടിട്ടുണ്ട്…അതിൻ്റെയാണീ അലർച്ച….

“എന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടോടുന്നോടി പിഴച്ചവളെ നീ… കൊല്ലും നിന്നെ ഞാനിന്ന്…”

നീങ്ങി തുടങ്ങിയ ബസ്സിനുള്ളിൽ ഗാഥയെ കണ്ട് അവൾക്കു നേരെ ഉറക്കെ അലറി വേണു…. തന്നെ അയാൾ കണ്ടെത്തി എന്ന തിരിച്ചറിവിൽ ഭയത്തോടെ കണ്ണുകൾ ഇറുക്കി അടച്ചു ഗാഥ… ഇനിയൊരിക്കൽക്കൂടി അയാളെ കണ്ണു തുറന്ന് നോക്കാനുള്ള ധൈര്യം അവശേഷിച്ചിരുന്നില്ല അവളിൽ …

അതേ സമയം തന്നെയാണ് ആ ബസ്സിനുള്ളിലെ ഗാഥയെ മാത്രം നോക്കി റോഡിനപ്പുറത്തേയ്ക്ക് ഓടിയ വേണുവിനെ ഒരു ടിപ്പർ തട്ടി തെറിപ്പിച്ചതും….

ഒരാർത്ത നാദം വേണുവിൽ നിന്നുയരുമ്പോഴേയ്ക്കും ഗാഥയെ വഹിച്ചുകൊണ്ടാ ബസ് വേഗതയേറ്റി ശ്യാമിനു മുന്നിലൂടെ അകലേക്ക് പോയ് മറഞ്ഞു….

തന്നെ പിടിയ്ക്കാൻ ഓടിയെത്തിയവൻ അപകടത്തിൽപെട്ടത്
മിഴികൾ ഇറുക്കെ ചിമ്മിയടച്ചിരുന്ന ഗാഥയും കണ്ടില്ല….

രക്തമൊലിപ്പിച്ച് നടുറോഡിൽ ആൾക്കൂട്ടത്തിന്റെ നടുക്ക് കിടക്കുന്ന വേണുവിനെയും അങ്ങ് ദൂരെയൊരു പൊട്ടായ് പോലും അവശേഷിക്കാതെ മറഞ്ഞുപോയ ബസ്സിനെയും ഒന്നലസം നോക്കി ഒരു മൂളിപ്പാട്ടോടെ ഭക്ഷണം കഴിക്കാൻ നടന്നു നീങ്ങി ശ്യാമും…..

ശ്യാമിനെ പോലെ ചിലർ മറ്റു ചിലർക്കെല്ലാം രക്ഷപ്പെടാനുള്ള ഒരു ഉപാധി മാത്രമാണ്…. ആ തിരിച്ചറിവുണ്ടവനും

✍️രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *