ചേട്ടാ.. എനിക്ക് പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോൾ ഒരാൾ എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്… ” ആ വാക്കുകൾ കേൾക്കെ ആനന്ദിന്റെ മുഖത്ത് ഒരു നടുക്കം ഉടലെടുത്തു.…

” ചെക്കനും പെണ്ണിനും മാറിനിന്നു എന്തേലും സംസാരിക്കാനുണ്ടേൽ ആകാം കേട്ടോ.. ഇതൊക്കെ ഇപ്പോഴത്തെ ഓരോ കീഴ്വഴക്കങ്ങൾ ആണല്ലോ.. ”

ഒരു ചെറു പുഞ്ചിരിയോടെ ബ്രോക്കർ ഗോവിന്ദൻ പറഞ്ഞത് കേട്ട് സഭയിലെ എല്ലാവരും ചിരിച്ചു.

” ആനന്ദേ.. മോൻ ഗൗരിയെ വിളിച്ചു പുറത്തേക്ക് ഒന്ന് നടന്നിട്ട് വാ.. ”

അമ്മ ഗീതയുടെ വാക്കുകൾ കേൾക്കെ പതിയെ എഴുന്നേറ്റു ആനന്ദ്.

” അതേ.. ഒരു നിമിഷം.. ആനന്ദേട്ടനുമായി എനിക്ക് സംസാരിക്കുവാനുണ്ട്. പക്ഷെ അതിനു മുന്നെയായി കുറച്ചു കാര്യങ്ങൾ എല്ലാവരോടുമായി പറയണം… അതു കഴിഞ്ഞു പോരെ ഒറ്റയ്ക്കുള്ള സംസാരം ”

ഗൗരി മുന്നിലേക്കെത്തി പറയവേ ഒരു നിമിഷം എല്ലാവരുടെയും നെറ്റി ചുളിഞ്ഞു. ആനന്ദും സംശയത്തോടെ നോക്കി. എന്നാൽ ആ നിമിഷം ആകെ വിയർത്തു പോയത് ഗൗരിയുടെ അച്ഛൻ മാധവനും അമ്മ ശ്രീദേവിയുമാണ്. ഒപ്പം ഒന്ന് പരുങ്ങി ഗോവിന്ദനും.

” ആ.. അതൊക്കെ… മോളെ എന്താ വിവാഹം കഴിഞ്ഞും പഠിക്കണമെന്ന കാര്യമല്ലേ.. അതൊക്കെ നമുക്ക് സംസാരിച്ചു ക്ലിയർ ആക്കാമെന്നെ.. ”

ഗോവിന്ദൻ ഇടയിലേക്ക് ഇടിച്ചു കയറി. ഒപ്പം മാധവനു നേരെ കണ്ണു കാണിക്കാൻ മറന്നുമില്ല അയാൾ. എന്നാൽ ഒക്കെയും ശ്രദ്ധിച്ച ആനന്ദ് സംശയത്തോടെ ഗൗരിയുടെ നേരെ തിരിഞ്ഞു.

” പറയു ഗൗരി.. എന്താ തനിക്ക് സംസാരിക്കുവാൻ ഉള്ളത്…. ”

മറുപടി പറയുന്നതിന് മുന്നേ അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി അവൾ . ‘അരുത് ‘ എന്നൊരു താക്കീത് ആ മുഖത്ത് കണ്ടെങ്കിലും അവഗണിച്ചു .

” ചേട്ടാ.. എന്റെ ലൈഫിലെ ഒരു പ്രധാന കാര്യം മറച്ചു വച്ചാണ് ഈ വിവാഹലോചനയും ഇന്നിപ്പോൾ പെണ്ണ് കാണലുമൊക്കെ നടക്കുന്നത് . മുന്നേ വന്ന പത്തോളം ആലോചനകൾ മുടങ്ങി പോയത് കൊണ്ടാണ് അച്ഛൻ അത് ചെയ്തത് പക്ഷെ എന്നെ കൊണ്ട് അതിനു കഴിയുന്നില്ല… ”

ഗൗരി ഒന്ന് നിർത്തുമ്പോൾ പറയാൻ പോകുന്നത് എന്തോ പ്രധാന കാര്യമാണ് എന്ന് ഊഹിച്ചു ആനന്ദ്.

” മുഖവുര വേണ്ട.. കാര്യം പറയു ഗൗരി… ”

അല്പം ആകാംഷയേറി അവന്.

” ചേട്ടാ.. എനിക്ക് പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോൾ ഒരാൾ എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്… ”

ആ വാക്കുകൾ കേൾക്കെ ആനന്ദിന്റെ മുഖത്ത് ഒരു നടുക്കം ഉടലെടുത്തു. അവന്റെ മാത്രമല്ല ഒപ്പമുണ്ടായിരുന്ന അമ്മ ഗീതയുടെയും ബന്ധുക്കളുടെയും മുഖത്ത് അതേ നടുക്കം തന്നെ തെളിഞ്ഞു.

” ഇതും മുടങ്ങി…. ”

ആത്മഗതത്തോടെ ഗോവിന്ദൻ ദയനീയമായി മാധവനെ ഒന്ന് നോക്കി. അയാളും ശ്രീദേവിയും നിരാശയിൽ ഇരുന്നു.

” മോളെ… എന്താ.. എന്താ നീ പറഞ്ഞു വരുന്നേ.. ”

ഗീതയാണ് ചോദിച്ചത്.

” അത്…. ഞങ്ങളുടെ ഒരു ബന്ധുവാണ് അയാൾ.. അന്നൊരു നാൾ സ്കൂൾ വിട്ടുവന്ന എന്നെ…… ആ പ്രായത്തിൽ ഒന്നും അറിയില്ലായിരുന്നു എനിക്ക്.. അടുത്ത് പരിചയമുള്ള ബന്ധുവായതിനാൽ വിളിച്ചപ്പോ കൂടെ പോയി. എന്തൊക്കെയോ ചെയ്തു അയാൾ… ഒന്നും ഓർമയില്ല എനിക്ക്.. അടങ്ങാത്ത വേദനയിൽ പൊട്ടിക്കരഞ്ഞു ഞാൻ.. ചോരക്കളമായപ്പോൾ ഭയന്ന് ഉപേക്ഷിച്ചു പോയി അയാൾ.. പിന്നെപ്പോഴോ അച്ഛനൊക്കെയെത്തി.. ”

പറഞ്ഞു മുഴുവപ്പിക്കുവാൻ കഴിഞ്ഞില്ല ഗൗരിയ്ക്ക്. അന്നത്തെ ആ നടുക്കുന്ന ഓർമകളുടെ ഭീതി അവളുടെ മിഴികളിൽ തെളിഞ്ഞു. ഒരു നിമിഷം ഒന്ന് പരുങ്ങി അവൾ.

” മോളെ.. ”

വേദനയോടെ എഴുന്നേറ്റു മകളെ ചേർത്ത് പിടിച്ചു മാധവൻ.

” നിങ്ങൾ ക്ഷമിക്കണം. എന്റെ മോള് അറിഞ്ഞോണ്ട് ഒരു തെറ്റും ചെയ്തതല്ല.. അവളെ ഉപദ്രവിച്ചതാ അവൻ… ഇവളുടെ ഭാവി ഓർത്തപ്പോൾ കേസും പൊല്ലാപ്പും തുടർന്ന് കൊണ്ട് പോകുവാനും തോന്നിയില്ല.. അന്ന് ഉള്ളതെല്ലാം വിറ്റ് പെറുക്കി ഇവിടേക്ക് വന്നതാ ഞങ്ങൾ… വന്ന ആലോചനകൾ എല്ലാം ഈ കാര്യം അറിഞ്ഞപ്പോ മുടങ്ങി.. അതാ നിങ്ങളോട് ഞാൻ ഒന്നും പറയാതിരുന്നത്. ”

മാധവൻ ക്ഷമാപണം പോലെ പറയുമ്പോൾ ഗീതയും ആനന്ദും ഒരു നിമിഷം മുഖാമുഖം നോക്കി. കേട്ടത് ഒരു നടുക്കമായി അവരുടെ മുഖത്ത് അവശേഷിച്ചു.

” മറയ്ക്കരുതായിരുന്നു ഈ കാര്യം.. തുറന്നു പറയണമായിരുന്നു മുന്നേ തന്നെ…. ”

ഗീതയാണ് അത് പറഞ്ഞത്.

“അച്ഛനെ കുറ്റപ്പെടുത്തരുത് പ്ലീസ്… പാവം എന്റെ അവസ്ഥ ഓർത്തിട്ടാണ് ഒന്നും പറയാത്തത്… ഈ പറഞ്ഞത് മാത്രമല്ല മറ്റൊരു പ്രശ്നം കൂടിയുണ്ട് എനിക്ക്…”

ഗൗരി ഒന്ന് നിർത്തുമ്പോൾ സംശയത്തിൽ നോക്കി ആനന്ദ്.

“ഇനിയും ഉണ്ടോ സസ്പെൻസ്.”

അവന്റെ ആ ചോദ്യത്തിന് വേദന നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചു അവൾ

” സസ്‌പെൻസുകൾ ഒരുപാട് ഉണ്ട് ചേട്ടാ ജീവിതത്തിൽ. അന്നത്തെ ആ സംഭവത്തിന്‌ ശേഷം മാനസികമായി വല്ലാത്തൊരു ഭീതി എന്നെ പിടികൂടി. ആണൊരുത്തൻ കൂടുതൽ അടുത്തേക്ക് വന്നാൽ പോലും ഞാനറിയാതെ ഭയന്ന് പോകും.. ഞെട്ടിപ്പോകും ആ സംഭവം എന്റെയുള്ളിൽ ഒരു ട്രോമയായി മാറി.. കൗൺസിലിംഗുകൾ പലതും കഴിഞ്ഞെങ്കിലും പൂർണ്ണമായിരു മാറ്റം ഇപ്പോഴും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ വിവാഹ ശേഷം പെട്ടെന്ന് സെക്ഷ്വൽ ലൈഫ് എനിക്ക് ഉറപ്പ് പറയുവാൻ കഴിയില്ല. ഈ കാരണം കൊണ്ടാണ് വന്ന ആലോചനകൾ മുഴുവനും മുടങ്ങിയത്.. ഇപ്പോ ഇതും… ”

ഒന്ന് നിർത്തി ഗീതയ്ക്ക് നേരെ തിരിഞ്ഞു അവൾ.

” ഒരിക്കലും ചതിച്ച് അല്ലേൽ പറ്റിച്ചു ഒരു ജീവിതത്തിലേക്ക് കടക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല… അതുകൊണ്ടാണ് വീട്ടുകാർ മറച്ചിട്ടും സത്യം ഞാൻ തന്നെ തുറന്ന് പറഞ്ഞത്. എനിക്കറിയാം അമ്മേ.. ഇങ്ങനൊരു ഭാര്യയെ.. ഒരു മരുമോളെ ആരും ആഗ്രഹിക്കില്ല…. അമ്മ ക്ഷമിക്കണം… ”

തൊഴു കയ്യോടെ ഗൗരി നിൽക്കുമ്പോൾ ഒരിക്കൽ കൂടി ആനന്ദിന്റെ മുഖത്തേക്ക് നോക്കി ഗീത… അവന്റെ ഉള്ളം നിമിഷ നേരം കൊണ്ട് വായിച്ചെടുത്തു അവർ. ശേഷം പതിയെ എഴുന്നേറ്റു. ഗൗരിയുടെ അരികിലേക്ക് ചെന്ന് അവളുടെ നെറുകയിൽ ഒന്ന് തലോടി.

” നോക്ക് മോളെ… കേട്ടത് ഞെട്ടിക്കുന്ന കാര്യമാണ്. പക്ഷെ ഞാൻ ഒരു സ്കൂൾ ടീച്ചർ ആയിരുന്നു….. നിന്നെ പോലെ ഒരുപാട് മക്കളെ ചേർത്ത് നിർത്തിയിട്ടുണ്ട് ഞാൻ.. അവരുടെ പ്രശ്നങ്ങൾ അറിഞ്ഞു പരിഹാരം ഉണ്ടാക്കിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ നീ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും എനിക്കൊരു പ്രശ്നം അല്ല. ഇതിൽ നിന്റെ ഭാഗത്തു തെറ്റൊന്നുമില്ല മോളെ.. മാത്രമല്ല ഒന്നും മറച്ചു വയ്ക്കുവാൻ നീ മനസ്സ് കാട്ടിയില്ലല്ലോ… അമ്മയ്ക്ക് അത് ഇഷ്ടമായി.. പക്ഷെ ഈ വിവാഹ കാര്യത്തിൽ തീരുമാനം പറയേണ്ടത് ആനന്ദ് ആണ്.. അവൻ പറയട്ടെ എന്താണെന്ന്… ”

ഗൗരി ഒട്ടും പ്രതീക്ഷിക്കാത്ത വാക്കുകളായിരുന്നു അത്. പലരും ഈ കാര്യങ്ങൾ അറിഞ്ഞപ്പോ കുറ്റപ്പെടുത്തി പോയിട്ടേ ഉള്ളു. അതുകൊണ്ട് തന്നെ സന്തോഷത്താൽ അവളുടെ മിഴികൾ തുളുമ്പി മാധവയും ശ്രീദേവിയും ഗോവിന്ദനുമെല്ലാം മനസ്സ് കൊണ്ട് ഗീതയോട് നന്ദി പറഞ്ഞു. ആനന്ദ് അപ്പോഴും ശാന്തനായിരുന്നു.
അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ആ ഭാവം ഗൗരിയെയും അസ്വസ്ഥയാക്കി.

” ശെരിയാണ് ഇത് ഗൗരിയുടെ തെറ്റല്ല.. അവളുടെ വിധിയാണ്… എല്ലാം മനസിലാക്കാൻ പറ്റുമെനിക്ക് പക്ഷെ വിവാഹ ശേഷവും ഫിസിക്കലി ഒരു അകൽച്ച… അത് ഉൾക്കൊള്ളാൻ അല്പം ബുദ്ധിമുട്ടുള്ള കാര്യമല്ലേ..”

ആനന്ദിന്റെ ആ വാക്കുകളിൽ നിന്ന് തന്നെ അവന്റെ ഉള്ളിൽ ഇഷ്ടക്കേടാണ് എന്ന് മനസിലാക്കി എല്ലാവരും
ഗീതയും ഒട്ടും പ്രതീക്ഷിച്ചില്ല അങ്ങനൊരു മറുപടി.

” അമ്മേ എത്രയൊക്കെ പ്രാക്ടിക്കൽ ആകാൻ ശ്രമിച്ചാലും ചില കാര്യങ്ങൾ.. അത് ഉൾക്കൊള്ളുവാൻ അല്പം ബുദ്ധിമുട്ട് തന്നെയാണ്. ”

പറഞ്ഞു നിർത്തുമ്പോൾ ഗൗരിയുടെ മുഖത്തേക്ക് ഒന്ന് നോക്കി ആനന്ദ്. അവളിൽ പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നും ഉണ്ടായില്ല. ഒരുപാട് വട്ടം പലരിൽ നിന്നും കേട്ടിട്ടുള്ള മറുപടിയായതിനാൽ ചെറു പുഞ്ചിരിയോടെ തന്നെ അവൻ പറയുന്നത് കേട്ട് നിന്നു അവൾ. അല്പസമയം നിശബ്ദത പരന്നു. ശേഷം പതിയെ മാധവനു മുന്നിലേക്ക് ചെന്നു ആനന്ദ്.

” നിങ്ങൾ ഈ കാര്യങ്ങൾ എന്നിൽ നിന്നും മറച്ചത് ഒരിക്കലും ഉൾക്കൊള്ളുവാൻ കഴിയുന്നില്ല… പക്ഷെ… മകളെ സ്നേഹിക്കുന്ന ഒരച്ഛന്റെ ആ സ്വാർത്ഥത എനിക്ക് മനസിലാകും. മറ്റൊരു തലത്തിൽ ചിന്തിക്കുമ്പോൾ ചിലപ്പോഴൊക്കെ തെറ്റുകളും ശെരികളായി മാറാറുണ്ട്. ”

” മോനെ.. എന്റെ മോളുടെ ജീവിതം ഒന്ന് പച്ചപ്പിടിച്ചു കാണുവാൻ അല്പം സ്വാർത്ഥനായി പോയി ഞാൻ.. നീ എന്നോട് ക്ഷമിക്ക് ”

ഉള്ളിലെ കുറ്റബോധം മറച്ചു വച്ചില്ല മാധവൻ.
അതോടെ അയാളുടെ കരങ്ങൾ കവർന്നു ആനന്ദ്..

” അച്ഛാ… ഇനി അങ്ങിനെ തന്നെ വിളിക്കുവാ ഞാൻ കാരണം എന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയ ശേഷം ആദ്യമായാണ് ഒരാളോട് ആ സ്നേഹം തോന്നുന്നത്. എനിക്ക് ഇഷ്ടമാണ് അച്ഛന്റെ മകളെ… അവൾ എന്തായിരുന്നു എന്ന് ഞാൻ ചിന്തിക്കുന്നില്ല.. ഇപ്പോൾ അവൾ എന്താണ് എന്ന് മാത്രമേ ഞാൻ നോക്കുന്നുള്ളു. ഈ കേട്ടതൊന്നും എനിക്ക് പ്രശ്നമല്ല… ഗൗരിയെ എനിക്ക് തരണം ”

ഒരു നിമിഷം കേട്ടത് സത്യമാണോ എന്ന് പോലും വിശ്വസിക്കുവാൻ കഴിയാതെ പകച്ചു നിന്നു പോയി മാധവനും ശ്രീദേവിയും. ഉള്ളിലെ സന്തോഷം എങ്ങിനെ പ്രകടമാക്കണമെന്ന് അറിയാതെ കുഴഞ്ഞു അവർ ഗീതയും മറ്റു ബന്ധുക്കളും ആ വാക്കുകൾ കേട്ട് ഏറെ സന്തോഷിച്ചു. ഗോവിന്ദൻ ദൈവത്തോട് നന്ദി പറഞ്ഞു. അപ്പോഴും സ്ഥബ്ധയായി തന്നെ നിൽക്കുകയായിരുന്നു ഗൗരി. ആനന്ദ് പറഞ്ഞ വാക്കുകൾ അവളുടെ കാതുകളിൽ മുഴക്കമായി.. മിഴികൾ അറിയാതെ തുളുമ്പിയൊഴുകുമ്പോഴും അനങ്ങിയില്ല അവൾ. ആ നിൽപ്പ് കണ്ട് പതിയെ അരികിലേക്ക് ചെന്നു ആനന്ദ്.

” എടോ.. തന്റെ പ്രശ്നങ്ങൾ എനിക്ക് മനസിലാകും കാരണം ഞാനൊരു പോലീസുകാരനാണ്. ഇതുപോലെ നിരവധി പ്രശ്ങ്ങളുള്ളവരെ കണ്ടിട്ടുണ്ട് ഞാൻ. ഞാൻ ഇഷ്ടപ്പെട്ടത് നിന്റെ ശരീരത്തെ മാത്രമല്ല…മനസ്സിനെകൂടിയാണ്. അതുകൊണ്ട് തന്നെ താൻ ഓക്കേ ആകുന്നത് വരെ കാത്തിരിക്കുവാൻ ഞാൻ തയ്യാറാണ്. ”

ഇത്തവണ പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല ഗൗരിക്ക് അവൾ പൊട്ടിക്കരയുമ്പോൾ ചേർത്ത് പിടിച്ചു ഗീത.

” കള്ളൻ.. ഒരു നിമിഷം എന്നെ കൂടി ടെൻഷൻ ആക്കി നീ…”

ആനന്ദിന്റെ ചെവിയിൽ ഒന്ന് നുള്ളി ഗീത.. ആ സമയം സന്തോഷത്താൽ അവരുടെയും മിഴികൾ നീരണിഞ്ഞിരുന്നു. എല്ലാം അങ്ങിനെ ശുഭമായി.

തന്റെ ബ്രോക്കൽ ലൈഫിൽ ഇനി ഒരിക്കലും മറക്കുവാൻ പറ്റാത്ത ഒരു പെണ്ണുകാണൽ ചടങ്ങ് ആകും ഇതെന്ന് മനസ്സിൽ ഉറപ്പിച്ചു ഗോവിന്ദൻ.

പരസ്പരം മനസിലാക്കുവാൻ കഴിഞ്ഞാൽ അത് തന്നെയാണ് ഒരു കുടുംബ ജീവിതത്തിലെ പത്തിൽ പത്ത് പൊരുത്തമെന്ന് തെളിയിച്ചു ആനന്ദും ഗൗരിയും.

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *