കുളി കഴിഞ്ഞു ഈറനോടെ ബാത്റൂമിൽ നിന്നും ഇറങ്ങിയ നിത്യ മുറിയുടെ വാതിൽ അടച്ചു ഉടുത്തിരുന്ന ടൗവൽ ഉരിഞ്ഞു ബെഡിലേക്കിട്ടു. പൂർണ്ണ നഗ്നയായിരുന്നെങ്കിലും ബെഡ് റൂമിന്റെ വാതിൽ അടച്ചിരുന്നതിനാൽ അവൾ അത് കാര്യമാക്കിയില്ല എന്നാൽ അടഞ്ഞ വാതിൽ പതിയെ തുറന്നതും അതിനിടയിൽ കൂടി ക്യാമറക്കണ്ണുകൾ ഉള്ളിലേക്ക് കയറിയതും ശ്രദ്ധിച്ചില്ല നിത്യ. അലമാരിയിൽ നിന്നും ചേഞ്ച് ചെയ്യുവാനുള്ള ഡ്രസ്സ് എടുക്കുന്നതിനിടയിൽ ഡോറിന് സൈഡിലെ ഞരക്കം കേട്ടിട്ടാണവൾ തിരിഞ്ഞു നോക്കിയത്. ഒരു നിമിഷം ഒന്ന് നടുങ്ങി.
“ങേ..! നന്ദു…. ”
അലറി വിളിച്ചു പോയി നിത്യ.. ആ നിമിഷം എന്ത് ചെയ്യണമെന്നറിയാതെ സ്ഥബ്ധയായി നിന്നു പോയ അവൾ പെട്ടെന്ന് സ്വബോധം വീണ്ടെടുത്തു ബെഡിൽ കിടന്നിരുന്ന ടവ്വൽ എടുത്തു തന്റെ നഗ്നത മറച്ചു. തന്നെ കണ്ടു എന്ന് മനസിലാക്കിയ നന്ദു പെട്ടെന്ന് ഫോൺ പോക്കറ്റിലേക്കിട്ട് ഡോർ തുറന്ന് ഉള്ളിലേക്ക് കയറി.
” നന്ദു.. എന്ത് തോന്ന്യവാസമാണ് നീ ഈ കാണിച്ചത് ”
അടങ്ങാത്ത കലിയിൽ അവന്റെ ചെക്കിടത്ത് ആഞ്ഞടിച്ചു നിത്യ. അപ്രതീക്ഷിതമായ അടിയായിരുന്നതിനാൽ ഒഴിഞ്ഞു മാറുവാൻ കഴിഞ്ഞില്ല നന്ദുവിന് പിന്നിലേക്ക് വേച്ച് ഡോറിൽ ചെന്നിടിച്ചു നിൽക്കവേ. കലി തുള്ളി അടുത്തു അവൾ.
” ചേട്ടത്തി… വേണ്ട… ”
ബലമായി അവളെ തടുത്തു നിർത്തി നന്ദു.
” എടാ… അനിയനെ പോലെ കണ്ടിട്ട്… എന്ത് വൃത്തികേട് ആണ് നീ കാണിച്ചത്.. ”
അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു കൊണ്ട് പോക്കെറ്റിൽ നിന്നും ഫോൺ കൈക്കലാക്കുവാൻ ശ്രമിച്ചു നിത്യ. എന്നാൽ വേഗത്തിൽ കുതറി മാറി നന്ദു.
” നന്ദു.. വൃത്തികേട് കാണിക്കരുത് നീ. എടുത്ത ഫോട്ടോസ് ഡിലീറ്റ് ആക്ക് അല്ലേൽ എല്ലാരേം ഇപ്പോ വിളിച്ചറിയിക്കും ഞാൻ.”
ആ വാക്കുകൾക്ക് ഭീക്ഷണിയുടെ സ്വരമല്ലായിരുന്നു മറിച്ചു അതൊരു അപേക്ഷയായിരുന്നു. എന്നാൽ പെട്ടെന്നു ഒന്ന് ചിരിച്ചു നന്ദു.
” ചേട്ടത്തി.. മറന്നോ… ഇന്നിവിടെ ആരും ഇല്ലല്ലോ അച്ഛനും അമ്മയും മേരേജിന് പോയേക്കുവല്ലേ വൈകിട്ട് അല്ലെ അവർ തിരിച്ചു വരുള്ളൂ.. പിന്നേ ഗൾഫിൽ നിൽക്കുന്ന ചേട്ടനെ വിളിച്ചറിയിക്കും ന്ന് ആണേ ചേട്ടത്തി കുളിക്കാൻ കേറിയ സമയം നോക്കി നിങ്ങടെ ഫോൺ ഞാനെടുത്തു മാറ്റി. ”
അവൻ രണ്ടും കല്പിച്ചാണെന്ന് അപ്പോഴാണ് നിത്യ മനസിലാക്കിയത് അതോടെ അവളുടെ ഉള്ളിൽ ഒരു ചെറിയ ഭയം കടന്നു കൂടിയിരുന്നു. കാരണം നന്ദുവിന്റെ ഭാവം ആകെ മാറിയിരുന്നു. അവൻ വ്യക്തമായ കണക്ക് കൂട്ടലുകളോടെ ഒരു സന്ദർഭം സൃഷ്ടിച്ചെടുക്കുകയായിരുന്നു.
” നന്ദു.. പ്ലീസ്.. ഇതൊന്നും ശെരിയല്ല.. നിന്റെ ചേട്ടന്റെ ഭാര്യയാണ് ഞാൻ.. നീ പുറത്തേക്ക് പോ .. ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്യട്ടെ… ”
കെഞ്ചുകയായിരുന്നു നിത്യ എന്നാൽ ഒരു വഷളൻ ചിരി ആ നിമിഷം നന്ദുവിന്റെ മുഖത്ത് വിരിഞ്ഞു.
” ചേട്ടത്തി.. എത്ര നാളായുള്ള കൊതിയാണെന്നു അറിയോ.. ഇങ്ങനൊരു നിമിഷം.. ആരും അറിയില്ല.. ഇവിടിപ്പോ നമ്മൾ മാത്രല്ലേ ഉള്ളു.. ആ ടവ്വൽ ഒന്ന് മാറ്റ് ഞാനൊന്ന് കാണട്ടെ… നമുക്ക് സുഖിക്കാം.. ചേട്ടൻ കൂടെ ഇല്ലാത്തല്ലേ.. ചേട്ടത്തിയുടെ എല്ലാ വിഷമങ്ങളും ഞാൻ തീർത്തു തരാം..”
ആ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചു പോയി നിത്യ.
” ടാ.. വൃത്തികേട് പറയരുത്.. ഇറങ്ങി പോ ഇവിടുന്ന് ”
അടങ്ങാത്ത കലിയിൽ അവനെ പിന്നിലേക്ക് പിടിച്ചു തള്ളി അവൾ എന്നാൽ പിന്നിലേക്ക് ആഞ്ഞ നന്ദു അവൾ ഉടുത്തിരുന്ന ടവ്വലിൽ പിടുത്തമിട്ടിരുന്നു. ഒരു നിമിഷം… ഒറ്റ നിമിഷം ആകെ പതറി പോയി അവൾ. ടവ്വൽ തന്റെ കയ്യിൽ ഇരിക്കവേ കണ്മുന്നിലെ കാഴ്ച കണ്ട് നന്ദുവിന്റെ മിഴികൾ വിടരുമ്പോൾ ഇരു കൈകളും കൊണ്ട് നിത്യ നഗ്നത മറയ്ക്കുവാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല… ഉടുതുണിയില്ലാതെ അവൾ കണ്മുന്നിൽ നിൽക്കുമ്പോൾ വല്ലാത്ത ആവേശത്തിലായി നന്ദു..
“ചേട്ടത്തി… സൂപ്പർ… ”
ആക്രാന്തത്തോടെ അവൻ തനിക്ക് നേരെ പാഞ്ഞടുക്കുമ്പോൾ മാനം മറയ്ക്കുവാൻ ഒരു തുണ്ടുകഷ്ണം തുണിയ്ക്കായി പരതി നിത്യ.. ബെഡ് ഷീറ്റ് എടുത്തവൾ പുറത്തേക്ക് ചുറ്റുമ്പോഴേക്കും നന്ദു അടുത്തെത്തിയിരുന്നു. അരുതാത്തത് സംഭവിക്കുവാൻ പോകുന്ന നിമിഷം….
വൈകുന്നേരം ഇരുൾ വീഴുമ്പോഴാണ് സുധാകരനും രമയും വിവാഹാഘോഷങ്ങൾ ഒക്കെ കഴിഞ്ഞു തിരികെയെത്തിയത്. കാർ പാർക്ക് ചെയ്ത് അവർ ഇറങ്ങുമ്പോൾ വീടിനു മുന്നിൽ സിറ്റ് ഔട്ടിൽ തന്നെ ഇരുന്നിരുന്നു നിത്യ.
” മോളെ…. ഫങ്ക്ഷൻ ഒക്കെ കഴിഞ്ഞു ഇറങ്ങിയപ്പോ വല്ലാണ്ട് ലേറ്റ് ആയി പോയി… ”
ഉള്ളിലേക്ക് കയറി അവൾക്കരികിലായി ഇരുന്നു രമ.
” ഇതെന്താ മോളെ നീ സന്ധ്യയ്ക്ക് വിളക്കൊന്നും കൊളുത്തിയില്ലേ… എന്ത് പറ്റി വയ്യേ നിനക്ക് ആകെ ഒരു ക്ഷീണം പോലെ.. ”
ഒറ്റ നിമിഷത്തിൽ നിത്യയുടെ ഭാവമാറ്റം ശ്രദ്ധിച്ചു അവർ. അപ്പോഴേക്കും സുധാകരനും അവർക്കരികിലായി ഇരുന്നു..
” എന്ത് പറ്റി മോളെ സുഖമില്ലേ … നന്ദു എവിടേ.. അവനെ വിളിച്ചു ഹോസ്പിറ്റലിൽ പൊയ്ക്കൂടായിരുന്നോ ”
സുധാകരനും നിത്യയുടെ മാറ്റം ശ്രദ്ധിച്ചു. അതോടെ അവർക്ക് മുഖാമുഖം തിരിഞ്ഞു അവൾ.
” അച്ഛാ.. അമ്മേ… എനിക്ക് ശാരീരികമായി വയ്യായ്ക ഒന്നുമില്ല പക്ഷെ.. മനസ്സിന്…. നിങ്ങളറിയണം എന്താണ് ഇന്നിവിടെ സംഭവിച്ചത് എന്ന്… ”
ആ വാക്കുകൾ കേൾക്കെ സംശയത്തിൽ മുഖാമുഖം നോക്കി സുധാകരനും രമയും.
” എന്താ…എന്ത്.. സംഭവിച്ചെന്നാ നീ പറയുന്നേ.. നന്ദു എവിടേ.. ”
സംശയം മാറാതെ തന്നെ നോക്കി രമ.
” അവൻ അകത്ത് ഉണ്ട് അമ്മേ.. ഒന്ന് ചെന്ന് നോക്കു… എന്നിട്ട് ബാക്കി പറയാം ഞാൻ ”
നിത്യയുടെ മുഖഭാവവും അവൾ പറഞ്ഞതും കേൾക്കെ ആകെ ഒരു അസ്വസ്ഥത തോന്നി രമയ്ക്ക്. എഴുന്നേറ്റു അകത്തേക്ക് കയറിയ അവർ ഒരു നിമിഷം സ്ഥബ്ധയായി നിന്നു പോയി.
” ദേ… ഒന്നിങ്ങു വന്നേ.. നമ്മുടെ മോൻ.. ”
ഉച്ചത്തിൽ അവർ വിളിച്ചു പറയുമ്പോൾ സുധാകരനും സംശയത്തിൽ എഴുന്നേറ്റ് അകത്തേക്ക് ഓടി. അവർ അവിടെ കണ്ട കാഴ്ച ഏറെ ഞെട്ടിക്കുന്നതായിരുന്നു. ഇരു കൈകളും കാലുകളും പരസ്പരം കൂട്ടിക്കെട്ടി വായിൽ തുണി തിരുകി ചുരുണ്ടു കൂടിയ അവസ്ഥയിൽ ഒന്ന് അനങ്ങാൻ പോലും കഴിയാതെ കിടക്കുകയായിരുന്നു നന്ദു. അച്ഛനെയും അമ്മയെയും കണ്ട അവൻ രക്ഷപ്പെടുവാനുള്ള വെപ്രാളത്തിൽ തറയിൽ കിടന്നു കുതറി.
” മോനെ.. എന്താ നിനക്ക് പറ്റിയെ… മോളെ നിത്യേ.. എന്താ ഇത്… എന്റെ മോന് എന്താ പറ്റിയെ…”
വെപ്രാളത്തിൽ ഓടിയടുത്ത് നന്ദുവിനെ മോചിപ്പിച്ചു സുധാകരൻ. വായിൽ തിരുകിയ തുണി എടുക്കവേ നേരെ ശ്വാസം വിടുവാനുള്ള വെപ്രാളത്തിൽ ആകെ കിതച്ചു അവൻ.
” എന്താ മോനെ.. നിന്നെ ആരാ ഇങ്ങനെ.. എന്താ പറ്റിയെ… നിത്യേ…. ”
ഉച്ചത്തിൽ രമ വിളിച്ചു കൂവുമ്പോൾ പതിയെ അകത്തേക്ക് കയറി നിത്യ.
” നിങ്ങൾ ബഹളം വയ്ക്കേണ്ട… അവനെ കെട്ടിയിട്ടത് ഞാൻ തന്നെയാ… ”
അവൾ പറഞ്ഞത് കേൾക്കെ നടുക്കത്തിൽ നോക്കിപ്പോയി സുധാകരനും രമയും. ആ സമയം അപമാന ഭാരത്താലും ക്ഷീണത്താലും തല കുമ്പിട്ടു നന്ദു. പകൽ നടന്ന സംഭവങ്ങൾ അവർക്ക് മുന്നിൽ വിവരിച്ചു നിത്യ. ഒക്കെയും കേട്ട് നടുങ്ങി തരിച്ചു പോയി രണ്ടാളും.
“മോളെ…ഇതെന്താ നീ ഈ പറയുന്നത്.. ഇവൻ. ഇവൻ അങ്ങിനൊക്കെ ചെയ്യോ…”
വിശ്വസിക്കാൻ പറ്റിയില്ല രമയ്ക്ക്.
” അവനോട് തന്നെ ചോദിക്ക് അമ്മേ… ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല… വിഷമം അത് എനിക്കും ഉണ്ട്… ഉള്ള് പിടയുവാ.. ഭാഗ്യം… എന്റെ അച്ഛൻ… പണ്ട് എന്നെ കരാട്ടെ ക്ലാസിനു വിട്ടിട്ടുണ്ട്.. അത് നിങ്ങൾക്കാർക്കും പ്രത്യേകിച്ച് നന്ദുവിനു അറിയില്ലായിരുന്നു… പഠിച്ചതൊന്നും ഞാൻ മറന്നിട്ടില്ല.. അതുകൊണ്ട് തന്നെ അരുതാത്തത് ഒന്നും സംഭവിച്ചില്ല… ഇനി നിങ്ങൾ തീരുമാനിക്ക് മോനെ എന്ത് ചെയ്യണം എന്ന്… ഇവനെ പോലുള്ള വിഷങ്ങളെ ഒക്കെ വീട്ടിൽ കയറ്റരുത് അമ്മേ… അടിച്ചിറക്കി വിടണം അല്ലെങ്കിൽ നാളെ അമ്മയെ പോലും ഇവൻ… ”
ബാക്കി മുഴുവപ്പിച്ചില്ല അവൾ… വാക്കുകൾ തൊണ്ടയിൽ ഉടക്കുമ്പോൾ മിഴികളിലേക്ക് നനവ് പടർന്നു. നിത്യ അകത്തെ മുറിയിലേക്ക് പോകുമ്പോൾ നടുങ്ങി തരിച്ചു ഇരുന്നു സുധാകരനും രമയും. അപമാന ഭാരത്തിൽ അപ്പോഴും തല താഴ്ത്തി ഇരുന്നു നന്ദു.
പിന്നേ പുറത്ത് ഉണ്ടായ ബഹളങ്ങൾ ഒന്നും നിത്യ ശ്രദ്ധിച്ചില്ല.. രാവിലെ നടന്ന സംഭവങ്ങൾ അപ്പോഴും അവൾക്ക് അവിശ്വസനീയമായിരുന്നു.. ഉള്ളിലെവിടെയോ വല്ലാത്തൊരു നീറ്റൽ.. ആ നടുക്കം അപ്പോഴും അവളിൽ നിന്നും അകന്നിരുന്നില്ല.
” എന്തിനാ ചേട്ടാ.. ഈ പെങ്കൊച്ചുങ്ങളെ ഒക്കെ ഇതുപോലത്തെ കോപ്രായങ്ങൾക്ക് വിടുന്നേ.. ഈ കരാട്ടയും ഗുസ്തിയും ഒന്നും ഇവർക്ക് പറ്റിയതല്ല… ”
“ഇവർക്ക് പറ്റിയതാണോ അല്ലയോ… ആവശ്യം ഉണ്ടോ ഇല്ലയോ എന്നതൊന്നുമല്ലടോ.. ഓരോരോ വാർത്തകളൊക്കെ നീയും കാണാറില്ലേ… ഇന്നത്തെ ഈ കാലത്ത് ഇതും ഒരച്ഛന്റെ ഉത്തരവാദിത്വത്തിൽ പെടുന്നത് തന്നെയാണ്. നാളെ ഈ പഠിച്ചതൊക്കെ അവൾക്ക് ഉപയോഗപ്പെട്ടാൽ അതൊരു വല്യ കാര്യം അല്ലേ.. ”
പണ്ട് കരാട്ടെ ക്ലാസ്സ് കഴിഞ്ഞു അച്ഛനൊപ്പം വരുമ്പോൾ അയൽവാസി ഒരാൾ ചോദിച്ച ആ ചോദ്യവും അച്ഛന്റെ മറുപടിയുമായിരുന്നു അപ്പോൾ നിത്യയുടെ മനസ്സിൽ…..
‘അച്ഛന്റെ ആ കരുതൽ.. ഇന്നെനിക്ക് ഉപയോഗപ്പെട്ടു അച്ഛാ…’
ഒരു നിമിഷം അച്ഛനോട് മനസ്സ് കൊണ്ട് നന്ദി പറഞ്ഞു പോയി അവൾ
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു
