‘പത്തു പതിനെട്ട് വയസ്സുള്ളൊരു ചെക്കന്റെ തള്ളയാണെന്ന യാതൊരു ബോധവുമില്ലാതെയാണല്ലോ അവളാ ആണൊരുത്തന്റെ കൈക്കുള്ളിൽ ചേർന്നു നിന്നിങ്ങനെ വരുന്നത്… അതും രണ്ടാം ഭർത്താവിന്റെ നെഞ്ചിലൊട്ടി പിടിച്ച് മകന്റെ മുന്നിലേക്ക് തന്നെ… ആണൊരുത്തനെ കെട്ടിയപ്പോ വകതിരിവും ഇല്ലാതെ ആയോ ഇവൾക്ക്…
എന്തൊക്കെയൊന്ന് കാണണം കൃഷ്ണാ എന്റെ ഈ ജന്മത്തിൽ ഞാൻ….”
പടിപ്പുര കടന്ന് മഴയിലൂടെ തന്റെ നേർക്ക് നടന്നു വരുന്ന അമ്മയേയും ഹരി അച്ഛനെയും നിധിൻ കണ്ണെടുക്കാതെ നോക്കിയിരിയ്ക്കും നേരത്താണ് പുറകിൽ നിന്ന് അമ്മായിയുടെ സംസാരമവന്റെ കാതിൽ വീണത്….
അമ്മയോടുള്ള അസൂയയും തനിയ്ക്കിട്ടുള്ള കൊട്ടുമാണതെന്നറിയാം അവന്…
“നിന്റെ അമ്മയോട് ഇടയ്ക്കൊന്ന് നിന്നെ കുറിച്ചോർക്കാനും കൂടി പറഞ്ഞേക്ക് നിധിനേ നീ…. അവരുടെ നടപ്പു കണ്ടാൽ നീയെന്നൊരു മകനെ മറന്നതു പോലെയാണ്… എന്താണൊരു പറ്റി പിടുത്തവും ചിരിയും… ചെറുപ്പക്കാരെ പോലെ..
അമ്മായിയുടെ ആ സംത്സാരം കേട്ടതും നിധിന്റെ കണ്ണൊന്ന് തന്റെ അമ്മയിൽ തടഞ്ഞു…
“അമ്മായി പറഞ്ഞത് ശരി തന്നെയാണ്…
ഒരു കുടയ്ക്ക് കീഴിൽ മഴ നനയാതെ അയാളുടെ കൈക്കുള്ളിൽ അയാളുടെ നെഞ്ചോരം ചേർന്നു നടന്നു വരുന്ന തന്റെ അമ്മയെ കണ്ടതും നേർത്തൊരു ചിരിയോടെ അതിലേറെ സന്തോഷത്തോടെ ചിന്തിച്ചു നിധിൻ….
‘നിധീ… മഴക്കൊള്ളാതെടാ മോനെ… പനി വരും…. അകത്തേയ്ക്ക് കയറിയിരിയ്ക്ക് നീ..
തങ്ങളുടെ വരവും നോക്കി ചിരിയോടിരിയ്ക്കുന്ന നിധിനടുത്തെത്തിയതും അവനരികിലേക്ക് ചെന്ന് സാരിയുടെ മുന്താണിയെടുത്ത് തല തുടച്ച് സ്നേഹത്തോടെ നിമ്മിയവനെ ശാസിച്ചതും അമ്മയെ മുറുകെ പുണർന്ന് അമ്മ മണം ഉള്ളിലേക്ക് വലിച്ചെടുത്തു നിധിൻ…..
കുറച്ചു ദിവസങ്ങളായ് തനിയ്ക്ക് അന്യമായ മണം… തന്റെ പ്രിയപ്പെട്ട ഗന്ധം…
നോവു തിങ്ങിയവന്റെ ഉള്ളിൽ
“എന്താടാ മോനൂ… എന്തിനാ സങ്കടം…?
തന്നിൽ മുറുകുന്ന നിധിന്റെ കൈയും അവന്റെ ക്രമം തെറ്റിയ ശ്വാസമെടുപ്പും ശ്രദ്ധിച്ച് നിമ്മി വെപ്രാളത്തോടെ ചോദിച്ചതും ഒന്നുമില്ലെന്ന പറഞ്ഞു വീണ്ടും അമ്മ ചൂടിലേക്കു തന്നെ ഒതുങ്ങി നിധിൻ….
“എന്റെ നിമ്മീ…. നിനക്കിനിയെങ്കിലും ഇത്തിരി വകതിരിവൊക്കെ ആവാം… ഒന്നൂല്ലെങ്കിലും നീ പെറ്റു വളർത്തി ഇത്രയാക്കിയൊരു ചെക്കനില്ലേ ഇവിടെ നിനക്ക്… അവന്റെ മുന്നിലെങ്കിലും നീയിത്തിരിയൊന്ന് മര്യാദയ്ക്ക് നടക്ക്…”
ഉച്ചഭക്ഷണം കഴിഞ്ഞ് കൈകഴുകി അടുക്കള വഴി അകത്തേയ്ക്ക് കയറിയ നിധിൻ അകത്തെ സംസാരം കേട്ടതും ഉള്ളിലേക്ക് പോവാതെ ആ ചുമരും ചാരി അവരുടെ സംസാരത്തിന് കാതോർത്തൂ….
‘ചേച്ചി എന്താ പറഞ്ഞത്…..?
എനിയ്ക്ക് മനസ്സിലായില്ല…. ഞാനെന്തു ചെയ്തൂന്നാ…..?
ആധി നിറഞ്ഞ അമ്മയുടെ ചോദ്യം തൊട്ടരികെ എന്ന പോലെ കേട്ടവൻ….
“ഇതാ ഞാൻ പറഞ്ഞത് നിനക്ക് വകതിരിവില്ലെന്ന്…. കാര്യം നീ നിന്റെ ഭർത്താവിനോടൊട്ടി അയാളെ ചേർന്ന് സാധാരണ പോലെയാവും ഇങ്ങോട്ടു നേരത്തെ വന്നത്…. പക്ഷെ നീയൊന്നു മറന്നു നിനക്കയാൾ നിന്റെ ഭർത്താവാണെങ്കിലും നിധിനയാൾ തികച്ചും അന്യനാണ്… അമ്മയുടെ രണ്ടാം ഭർത്താവ്…. വേണോങ്കിൽ അവന്റെ രണ്ടാനച്ഛൻ എന്നും പറയാം…. അവനാ സ്ഥാനമൊന്നും കൊടുത്തിട്ടില്ലെങ്കിലും….
അമ്മായിയുടെ സംസാരത്തിൽ അമ്പരന്നവരെ നോക്കുന്ന അമ്മയെ അവരെ കാണാതെ തന്നെ അറിഞ്ഞു നിധിൻ….
“എന്റെ ചേച്ചീ നിങ്ങളൊക്കെ കണ്ടെത്തി തന്ന ഒരു വിവാഹ ജീവിതം കൊണ്ട് ജീവിതം മടുത്തിട്ടാണ് ഞാനെന്റെ മോനേയും കൂട്ടി എല്ലാം ഉപേക്ഷിച്ചിങ്ങോട്ടു വന്നത്…. വന്നു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ബന്ധം ഒഴിഞ്ഞു നിൽക്കുന്ന അനിയത്തി നിങ്ങൾക്കൊരു ബാധ്യത ആവുമെന്ന് പറയാതെ പറഞ്ഞാണ് നിങ്ങളെന്റെയീ രണ്ടാം വിവാഹം നിർബന്ധിച്ച് നടത്തിയത്…. എന്റെ മോന്റെ കാര്യങ്ങൾ നോക്കി ഞാനിവിടെ ജീവിച്ചോളാമെന്ന് നിങ്ങടെയെല്ലാം കാലുപിടിച്ച് പറഞ്ഞതല്ലേ ഞാൻ…. അന്നതൊന്നും കേൾക്കാതെ എന്നെ നിർബന്ധിച്ച് കെട്ടിച്ചിട്ട് ഇപ്പോ ഞാനാ മനുഷ്യനോടൊപ്പം സന്തോഷത്തോടെ ജീവിയ്ക്കുന്നതാണോ നിങ്ങളുടെ എല്ലാം പ്രശ്നം…..?
കരച്ചിൽ കലർന്നിട്ടുണ്ട് അമ്മയുടെ സംസാരത്തിലും ചോദ്യത്തിലും….
“നീ അയാൾക്കൊപ്പം എങ്ങനെ വേണേലും ജീവിച്ചോ… പക്ഷെ അവൻ കാൺകെ ഇങ്ങനെ ഒട്ടി നടക്കണ്ട എന്നാ ഞാനീ പറഞ്ഞത്… എത്ര ദുഷ്ടനായിരുന്നാലും അവന്റെ അച്ഛന്റെ സ്ഥാനത്ത് നി വേറൊരുത്തനെ ഇങ്ങനെ തൊട്ടും പിടിച്ചും കൊണ്ടു നടക്കുന്നത് കാണുന്നത് അവന് വിഷമമാവും പെണ്ണേ… അതാണ് ഞാനീ പറയുന്നത്…’
നിമ്മി തന്നെ എതിർത്ത് സംസാരിച്ചത് ഇഷ്ടപ്പെടാതെ വീണ്ടും അമ്മായി താൻ പറഞ്ഞതു തന്നെയാണ് ശരിയെന്നതു പോലെ കാരണങ്ങൾ ഓരോന്നും കണ്ടെത്തി പറഞ്ഞതും നിധിന്റെ ചുണ്ടിൽ തന്റെ സ്വന്തം അച്ഛനെയോർത്തൊരു പരിഹാസചിരി തെളിഞ്ഞു….
ഓർമ്മ ഉറച്ചക്കാലം മുതൽ കാണുന്നത് അയാളുടെ അടിയും ചവിട്ടുമേറ്റ് നിലത്ത് കിടന്ന് കരഞ്ഞു പുളയുന്ന അമ്മയെ ആയിരുന്നു….
സംശയരോഗമായിരുന്നു അയാൾക്ക്… തന്നെക്കാൾ സൗന്ദര്യവും വിദ്യാഭ്യാസവും ഉള്ള ഭാര്യയുടെ സ്വഭാവശുദ്ധിയിൽ തുടങ്ങിയ സംശയം അവസാനിച്ചത് തന്റെ പിതൃത്വത്തെ ചൊല്ലിയുള്ള അടിയിലും വലിയ വഴക്കിലുമാണ്….
അച്ഛന്റെയോ അച്ഛൻവീട്ടുക്കാരുടെയോ യാതൊരു മുഖസാമ്യവുമില്ലാത്ത തന്നെ സ്വന്തം മകനായ് അംഗീകരിക്കാൻ… സ്നേഹിക്കാൻ തന്റെ കുഞ്ഞുനാൾ മുതലെ ബുദ്ധിമുട്ടായിരുന്നു അയാൾക്ക്….
അച്ഛന്റെ ഒരു ഉമ്മയോ ആ നെഞ്ചിന്റെ ചൂടോ ശരീരത്തിന്റെ ഗന്ധമോ ഒന്നും തനിയ്ക്കറിയില്ല… താനെന്നും ആ വീട്ടിൽ അയാൾക്കന്യൻ തന്നെയായിരുന്നു….
അമ്മയുടെ ദുർനടപ്പിന്റെ സമ്മാനമാണ് താനെന്ന് അയാൾ നാലാള് കൂടുന്നിടത്തെല്ലാം വിളിച്ചു പറഞ്ഞതോടെയാണ് ആ വീടിനെയും അയാളെയും ഉപേക്ഷിച്ച് അമ്മ തന്റെ കയ്യും പിടിച്ചിറങ്ങിയത്….
തിരിച്ചറിവു തുടങ്ങിയ നാളിലെന്നും ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും അമ്മയ്ക്കൊരു നല്ല ജീവിതം കിട്ടാനായിരുന്നു അതിലൂടെയൊരു അച്ഛന്റെ സ്നേഹവും വാത്സല്യവും അറിയാനായിരുന്നു…. അനുഭവിക്കാനായിരുന്നു… പക്ഷെ ആഗ്രഹിച്ചതിൽ പകുതിയേ നടന്നുള്ളു, അമ്മയ്ക്കൊരു നല്ല ജീവിതം കിട്ടി… എന്റെ അമ്മയെ സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്നൊരാൾ തന്നെയാണ് ഹരി അച്ഛൻ… ഭാര്യ മരിച്ചു പോയ ഒരു സാധു…
അവരുടെ വിവാഹത്തോടെ അവർക്കൊപ്പം അവരുടെ സ്നേഹമറിഞ്ഞ് ജീവിയ്ക്കാനായിരുന്നു തനിയ്ക്ക് ആഗ്രഹം….പക്ഷെ നടന്നില്ല …ഇന്നും കൂട്ടുകുടുംബത്തിൽ ജീവിയ്ക്കുന്ന അച്ഛന്റെ ബന്ധുക്കൾക്ക് തന്റെ അമ്മയെ അവരിലൊരാളായ് സ്വീകരിച്ചതു പോലെ തന്നെ സ്വീകരിക്കാൻ പറ്റിയില്ല… ചെറുതും വലുതുമായ് ധാരാളം പെൺക്കുട്ടികൾ ഉള്ള ആ വീട്ടിലേക്ക് എന്തു ധൈര്യത്തിലാന്ന് തന്നെ പോലെ ഒരുവനെ കൊണ്ടു പോവുക എന്നവർ ചിന്തിച്ചതിലും ചോദിച്ചതിലും തനിയ്ക്കൊരു പരാതിയുമില്ലായിരുന്നു
അമ്മയ്ക്കൊപ്പം പോയില്ല താൻ…. ഇവിടെ അമ്മയുടെ ഈ വീട്ടിൽ നിന്നു വല്ലപ്പോഴും വിരുന്നുക്കാരിയായ് വരുന്ന അമ്മയേയും സ്വപ്നം കണ്ട്….. ആ സ്വപ്നവും അമ്മായിയുടെ ഈ ഏഷണി പറച്ചിലിൽ അവസാനിക്കുമോ….
ഓർത്തതും ഭയമേറി നിധിനിൽ…. അമ്മയ്ക്ക് തന്നോട് ദേഷ്യം തോന്നിയിട്ടുണ്ടാവുമോ എന്നൊരു ചോദ്യം ഉള്ളിലുയർന്നതും വേഗത്തിൽ അടുക്കളയിലേക്ക് കയറി
നിധിനെങ്കിലും അവൻ ചെല്ലും മുമ്പേ നിമ്മി ആ അടുക്കള വിട്ടിറങ്ങി അകത്തേയ്ക്ക് മറഞ്ഞിരുന്നു
” എന്റെ അമ്മയോട് അങ്ങനെ എല്ലാം പറയാൻ അമ്മായിയോട് ആരാ പറഞ്ഞത്…..?
എന്റെ അമ്മയുടെ ചിരിയ്ക്കുന്ന, സന്തോഷിയ്ക്കുന്ന മുഖം എനിയ്ക്ക് തരുന്ന സന്തോഷമെത്രയാണെന്ന് അമ്മായിക്കൊന്നും അറിയില്ല…. ഹരി അച്ഛൻ എന്റെ അമ്മയെ പൊന്നുപോലെ നോക്കുന്നതിന്റെ അസൂയ ആണ് അമ്മായിക്ക്… എന്റെ അമ്മയുടെ സന്തോഷം ഇഷ്ടപ്പെടാത്തതിന്റെ കുശുമ്പ്….”
അമ്മയെ കാണാൻ പറ്റാത്ത സങ്കടവും അമ്മായി പറഞ്ഞ കാര്യവും എല്ലാം കൂടി നില തെറ്റിച്ച നിധിൻ അമ്മായിക്ക് നേരെ ശബ്ദമുയർത്തി ആദ്യമായ്…
“ഡാ…. ചെക്കാ എനിയ്ക്ക് നിന്റെ അമ്മയോടൊരു അസൂയയും ഇല്ല… നിന്റെ അമ്മ നിന്നെ മറന്ന് ജീവിയ്ക്കുന്നു എന്നു തോന്നിയിട്ടാ ഞാനങ്ങനെയൊക്കെ പറഞ്ഞത്… നിനക്ക് വേണ്ടി…. ഇപ്പോ തന്നെ മൂന്നു മാസമായ് അവളുടെ കല്യാണം കഴിഞ്ഞിട്ട്… എത്ര തവണ വന്നവൾ നിന്നെ കാണാൻ… ചെല്ലും ചിലവും തന്ന് നിന്നെ ഞങ്ങൾ നോക്കുന്നത് അവൾക്കിപ്പോ ലാഭായ മട്ടാണ്… പെറ്റ ചെക്കനെ മറന്നിട്ടവൾ രണ്ടാം കെട്ടിലെ കെട്ടിയവനൊപ്പം തുള്ളി നടപ്പാണ്… നിന്റെയൊരു കാര്യവും അറിയണ്ടല്ലോ…
അമ്മായി പുച്ഛത്തോടെ ഉള്ളിലെ വിഷമത്രയും ചീറ്റിയതും അവരെ ഒന്നു നോക്കി നിധിൻ…
“എവിടെയാണെങ്കിലും എനിയ്ക്കൊപ്പമില്ലെങ്കിലും എന്റെ അമ്മ സന്തോഷത്തോടെ ഇരുന്നാൽ മാത്രം മതിയെനിയ്ക്ക്…. ഇതു പോലെ ഇടയ്ക്കൊക്കെ എങ്കിലും കണ്ടാൽ മതിയെന്റെ അമ്മയെ എനിയ്ക്ക്….
അമ്മായി ആയിട്ടത് ഇല്ലാതാക്കരുത്… പിന്നെ എന്നെ നോക്കുന്ന കാര്യം ഇവിടുന്ന് കഴിക്കുന്നതിന്റെയും ഇവിടെ കിടക്കുന്നതിന്റെയും പൈസ കണക്കാകിയുള്ള ജോലികൾ തന്നാൽ മതിയെനിയ്ക്ക്… ഞാൻ ചെയ്തോളാം… എന്റെ അമ്മ അറിയാതിരുന്നാൽ മാത്രം മതി…
കൂടുതലൊന്നും പറയാതെ ഉള്ളിലെ വിങ്ങലെല്ലാം നെഞ്ചിലൊതുക്കി അടുക്കള വഴി തന്നെ നിധിനിറങ്ങി പോയതും അവിടെ അവന്റെ സംസാരമത്രയും അവരറിയാതെ കേട്ടു നിന്ന ഹരിയുടെ മിഴികളിൽ നിന്ന് മിഴനീരീറ്റി ഷർട്ടിൽ വീണു….
നിധീ…. നമ്മുക്കെന്നാൽ ഇറങ്ങിയാലോ….?
വൈകുന്നേരമായതും അമ്മയ്ക്കൊപ്പം അകത്ത് നിന്നിറങ്ങി വന്ന ഹരി അച്ഛൻ ചോദിച്ചതു കേട്ടമ്പരന്ന് അവരിരുവരെയും മിഴിച്ച് നോക്കി നിധിൻ…
“ഇങ്ങനെ കണ്ണു മിഴിച്ച് നോക്കാതെ ടോ… ഇന്നിവിടുന്ന് മടങ്ങുന്നത് നമ്മൾ മൂന്നാളും കൂടിയാണ്…”
നിധിന്റെ ചുമലിൽ കയ്യിട്ട് അവനെ തന്നിലേക്ക് ചേർത്ത് ഹരി പറഞ്ഞതും ഒരു വെപ്രാളം നിറഞ്ഞവനിൽ….
“അതെങ്ങനെ ശരിയാവും… നിങ്ങളുടെ വീട്ടിലുള്ളവർക്ക് ഇവനെ ഇഷ്ടമില്ലല്ലോ…?
ഇവനെ ഇഷ്ടമില്ലാത്തവരുടെ അടുത്തേയ്ക്കിവനെ കൊണ്ടു ചെന്നിനി അവരുടെ ദേഷ്യവും കൂടി ഇവനു വാങ്ങി കൊടുക്കുകയാണോ നിങ്ങള്….?
അമ്മായി ചോദിച്ചതും അതേ ചോദ്യത്തോടെ എന്നാൽ ഉള്ളിലെ മോഹമടക്കി അമ്മയെ നോക്കി നിധിനും
“ഞങ്ങൾ പോവുന്നത് എന്റെ തറവാട്ടിലേക്ക് അല്ല, ഞങ്ങളുടെ വീട്ടിലേക്കാണ്… ഞങ്ങളച്ഛനും അമ്മയ്ക്കും മോനും താമസിക്കാൻ ഞാൻ വാങ്ങിയ വീട്ടിലേക്ക്… കുറച്ചു കൂടി പണിയുണ്ട് ആ വീടിന്, അതു കഴിഞ്ഞിട്ട് നിന്നോടൊരു സർപ്രൈസ് പോലെ പറയാന്നാ നിധീ കരുതിയത്… പക്ഷെ ഇന്നു മനസ്സിലായ് കുറച്ചു ദിവസം പോയിട്ട് കുറച്ചു നേരം പോലും നിന്നെയിനി ഇവിടെ നിറുത്താൻ പാടില്ല എന്ന്… ഏതൊരു ബന്ധത്തിലാണെങ്കിലും സ്നേഹത്തിൽ സ്വാർത്ഥത കലർന്നാൽ പിന്നവിടെ സ്നേഹമില്ലാതെയാവും ചേച്ചീ… ഇവിടെ നിങ്ങൾക്കു സംഭവിച്ചതു പോലെ… ”
ഹരി തന്റെ മനസ്സിലുള്ളത് അതുപോലെ തുറന്നു പറഞ്ഞതും ഒരു പോരിനൊരുങ്ങി അയാളെ നോക്കി അമ്മായി…
”ഞാൻ പറഞ്ഞത് ചേച്ചിക്കിഷ്ടപ്പെടില്ല എന്നെനിക്കറിയാം… നിമ്മിയുടെ രണ്ടാം വിവാഹം നിങ്ങളുടെ നിർബന്ധമായിരുന്നു.. പക്ഷെ ആ ജീവിതത്തിലെ അവളുടെ സന്തോഷം നിങ്ങളിഷ്‌പ്പെടുന്നില്ല എന്തൊക്കയോ കാരണങ്ങളാൽ… നാളെ നിമ്മിയുടെ സങ്കടം കാണാൻ വേണ്ടി മനപൂർവ്വം നിങ്ങൾ നിധിന്റെ മനസ്സിൽ വിഷം നിറയ്ക്കും… അതിനൊരവസരം ഞാനായിട്ട് തരുന്നില്ല നിങ്ങൾക്ക്.. അത്രയേ ഉള്ളു
എടുക്കാനുള്ളത് എടുത്തിട്ട് വാ നിധീ… നമുക്കിറങ്ങാം…
അമ്മായിയോട് പറഞ്ഞ് തിരിഞ്ഞ് നിധിന്റെ ചുമലിലൊന്ന് കുലുക്കി ഹരി അച്ഛൻ പറഞ്ഞതും അയാളെ പകച്ചു നോക്കിയവൻ…
“നിന്റെ അമ്മയെ ഞാനെന്റെ ഭാര്യയാക്കിയത് നീയെന്ന മകനെ കൂടി എന്റേതായി കിട്ടാൻ വേണ്ടിയാണ് നിധീ… നീയെന്നെ നിധിയെ ഞാനെങ്ങനെയാണെടാ കണ്ടില്ലെന്നു വെയ്ക്കുന്നത്….?
എന്റെ മോനല്ലേടാ നീ… എനിയ്ക്കും ഇവൾക്കും ജീവിയ്ക്കാനുള്ള പ്രതീക്ഷ…. ”
നിറയുന്ന മിഴികളോടെ പറയുന്നതിനൊപ്പം
നിധിനെ വരിഞ്ഞുമുറുക്കി തന്റെ ഉടലിനോടു ചേർത്തു ഹരി… എത്ര ചേർത്തു പിടിച്ചിട്ടും തന്റെ ഉള്ളിലെ അവനോടുളള സ്നേഹത്തിന്റെ തട്ട് താണ് തന്നെയിരിയ്ക്കുന്നുവെന്ന് തോന്നിയതും അവന്റെ ശിരസ്സിലായ് തന്റെ ചുണ്ടുകൾ അമർത്തിവെച്ചു ഹരി….
മനസ്സിലാഗ്രഹിച്ച മോഹിച്ച ആ അച്ഛൻ തണലിലേക്ക് സ്നേഹത്തോടെ ഒരുങ്ങി കൂടുമ്പോൾ അച്ഛനെന്ന സ്നേഹത്തിന്റെ ചൂടും ചൂരും തന്നിലേക്ക് നുകർന്നെടുത്ത് ഹൃദയത്തിലായത് നിറച്ചുവെച്ചു നിധിൻ… എന്നേയ്ക്കും അവനുള്ള നിധിയായ്…. നമ്മുടെചില ഇഷ്ടങ്ങളും ആഗ്രഹങ്ങളും ദൈവം നടത്തി തരിക അല്പം പരീക്ഷിച്ചിട്ടാവുമെന്ന തിരിച്ചറിവോടെ തന്നെ
✍️രജിത ജയൻ
