എനിക്ക് പ്രായമായതുകൊണ്ടാകും ഇവളെ പോലെ ഒരു കിളുന്ത് പെണ്ണിനെ കണ്ടുപിടിച്ച് താൻ അവളുടെ കൂടെ അഴിഞ്ഞാടുന്നത്..! ഇനി എനിക്കും എന്റെ കുഞ്ഞിനും….

​”ഇനി താൻ ഒന്നും പറയണ്ട!! തന്റെ കൂടെയുള്ള പൊറുതി എനിക്ക് മതിയായി!!

എനിക്ക് പ്രായമായതുകൊണ്ടാകും ഇവളെ പോലെ ഒരു കിളുന്ത് പെണ്ണിനെ കണ്ടുപിടിച്ച് താൻ അവളുടെ കൂടെ അഴിഞ്ഞാടുന്നത്..! ഇനി എനിക്കും എന്റെ കുഞ്ഞിനും താൻ വേണ്ട!!”

 

 

​അതും പറഞ്ഞ് ജയശ്രീ 13 വർഷം സ്വർഗ്ഗം പോലെ ജീവിച്ച ആ വീട്ടിൽ നിന്ന് പടി ഇറങ്ങുമ്പോൾ നന്ദന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

തന്റെ തെറ്റുകളെല്ലാം ന്യായീകരിക്കാൻ ഒരുങ്ങുകയായിരുന്നു അയാൾ.

സ്വന്തം ഭാര്യയും ഏഴു വയസ്സുകാരി മകളും ആ വീടുവിട്ടിറങ്ങിപ്പോകുമ്പോൾ അയാളുടെ മനസ്സിൽ അശ്വതി എന്ന ഇരുപതുകാരി മാത്രമായിരുന്നു.

 

​മകളെ പിരിയാൻ അല്പം വിഷമം തോന്നി എങ്കിലും.. ഇതുതന്നെയാണ് നല്ലത് എന്ന് അയാൾ കരുതി.

ജയശ്രീ ആ പടിയിറങ്ങി കാറിൽ കയറിപ്പോയതും അയാൾ ഉടൻ തന്നെ ഫോൺ എടുത്ത് അശ്വതിയെ വിളിച്ചു.

 

​”അശ്വതീ, അവൾ പോയി. ഇനി നമുക്ക് ആരുടെയും പേടിയില്ലാതെ ജീവിക്കാം. നീ ഉടനെ ഇങ്ങോട്ട് പോര്,”

നന്ദൻ സന്തോഷത്തോടെ പറഞ്ഞു.

​എന്നാൽ ഫോണിന്റെ മറുതലയ്ക്കൽ അശ്വതിയുടെ ഭാഗത്തുനിന്ന് ഒരു തണുത്ത പ്രതികരണമാണ് ഉണ്ടായത്.

“മാഷേ, ഞാൻ ഇപ്പോൾ തിരക്കിലാണ്. പിന്നെ വിളിക്കാം,” എന്ന് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.

നന്ദന് അതത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും അവളുടെ കോളേജ് തിരക്കുകളാകും എന്ന് കരുതി അയാൾ സ്വയം ആശ്വസിച്ചു.

 

​ നഗരത്തിലെ പ്രമുഖ ഗവൺമെന്റ് കോളേജിലെ സുവോളജി പ്രൊഫസറായിരുന്നു നന്ദകുമാർ.

പ്രായം നാൽപ്പത്തിരണ്ട് കഴിഞ്ഞെങ്കിലും കാണാൻ നല്ല ലുക്കായിരുന്നു. കോളേജിൽ കണിശക്കാരനായ, എന്നാൽ മാന്യനായ ഒരു അധ്യാപകൻ.

തന്റെ കുടുംബത്തെപ്പറ്റി മാത്രം ചിന്തിച്ച്, ക്ലാസ് കഴിഞ്ഞാൽ നേരെ വീട്ടിലേക്ക് പോകുന്ന ഒരു നല്ല മനുഷ്യൻ.

​എന്നാൽ ഈ സ്വഭാവമാണ് അശ്വതി എന്ന ഫൈനൽ ഇയർ ഡിഗ്രി വിദ്യാർത്ഥിനിയെ ചൊടിപ്പിച്ചത്.

അവൾ വലിയൊരു പണക്കാരന്റെ മകളായിരുന്നു. സൗന്ദര്യവും ധിക്കാരവും ഒത്തുചേർന്ന ഒരു പെൺകുട്ടി.

ഒരു ദിവസം കോളേജ് കാന്റീനിൽ ഇരിക്കുമ്പോൾ അശ്വതിയും അവളുടെ കൂട്ടുകാരികളും തമ്മിൽ ഒരു തർക്കമുണ്ടായി.

 

​”നമ്മുടെ നന്ദൻ മാഷിനെ വളക്കാൻ ഈ കോളേജിൽ ആർക്കും കഴിയില്ല. അയാൾ ഒരു മാതൃകാ പുരുഷനാണ്,”

 

കൂട്ടുകാരിയായ രമ്യ പറഞ്ഞു.
​അത് കേട്ടപ്പോൾ അശ്വതിക്ക് വാശിയായി.

“മാതൃകയോ? പുരുഷന്മാരൊക്കെ ഒരേപോലെയാണ്. ഞാൻ വിചാരിച്ചാൽ ഒരു മാസത്തിനുള്ളിൽ നന്ദകുമാർ എന്റെ പുറകെ വരും. എന്താ സംശയം ഉണ്ടോ ,”

അശ്വതി വെല്ലുവിളിച്ചു.
​തന്റെ കുടുംബത്തെപ്പറ്റി മാത്രം കരുതി ജീവിക്കുന്ന നന്ദകുമാർ എന്ന തങ്ങളുടെ പ്രൊഫസറെ അവളുടെ വലയിൽ വീഴ്ത്തും എന്ന് കൂട്ടുകാരികളോട് അശ്വതി ബെറ്റ് വെച്ചു.

കൂട്ടുകാരികൾ നിന്നെക്കൊണ്ട് ആവില്ല എന്ന് പറഞ്ഞ് കളിയാക്കിയപ്പോൾ അവൾ വാശിയോടെ നന്ദന്റെ പുറകെ നടക്കാൻ തുടങ്ങി.

 


​അതി സുന്ദരിയായിരുന്നു അശ്വതി അതുകൊണ്ടുതന്നെ പതിയെ അയാൾ അവളുടെ വലയിൽ വീണു.

തുടക്കത്തിൽ അശ്വതി സംശയങ്ങൾ ചോദിക്കാനെന്ന വ്യാജേന സ്റ്റാഫ് റൂമിൽ വരാൻ തുടങ്ങി.

പിന്നീട് സോഷ്യൽ മീഡിയയിലൂടെ മെസ്സേജുകൾ അയച്ചു. നന്ദൻ ആദ്യം അവളെ ഒരു വിദ്യാർത്ഥിനിയായി മാത്രം കണ്ട് അകലം പാലിച്ചു.

 

എന്നാൽ അശ്വതി വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
​അവൾ അയാളെ പുകഴ്ത്തി സംസാരിക്കാനും, തന്റെ വ്യക്തിപരമായ സങ്കടങ്ങൾ പറഞ്ഞ് അയാളുടെ സഹതാപം പിടിച്ചുപറ്റാനും തുടങ്ങി.

 

പ്രായത്തിന്റെ വ്യത്യാസം മറന്ന് ഒരു പെൺകുട്ടി തന്നെ ഇത്രയധികം സ്നേഹിക്കുന്നു എന്ന് കണ്ടപ്പോൾ നന്ദന്റെ മനസ്സിൽ ഒരു തരം അഹങ്കാരവും താല്പര്യവും തോന്നിത്തുടങ്ങി.

പതിയെ പതിയെ നന്ദന്റെ ചിന്തകൾ അശ്വതിയിലേക്ക് മാത്രമായി ചുരുങ്ങി.

 

​അശ്വതിക്ക് തന്നോടുള്ള സ്നേഹം ആത്മാർത്ഥമാണെന്ന് അയാൾ തെറ്റിദ്ധരിച്ചു.

അയാൾ അവളെ മൈൻഡ് ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്നൊക്കെയായിരുന്നു അവളുടെ ഭീഷണി.

“മാഷെനിക്ക് ജീവനാണ്, മാഷില്ലെങ്കിൽ ഞാൻ ചത്തു കളയും,” എന്ന് കരഞ്ഞുപറയുന്ന അശ്വതിയെ കണ്ടപ്പോൾ അതൊക്കെ വെറും അഭിനയമാണെന്ന് തിരിച്ചറിയാനുള്ള വിവേകം ആ പ്രൊഫസർക്ക് ഇല്ലാതെ പോയി.

 


​എന്നാൽ പതിയെ ഈ വിവരം അയാളുടെ ഭാര്യ ജയശ്രീ അറിഞ്ഞു. ഒരു ഗവൺമെന്റ് സ്കൂൾ ടീച്ചറായിരുന്നു ജയശ്രീ.

ശാന്തസ്വഭാവക്കാരിയും ബുദ്ധിമതിയുമായ ഒരു സ്ത്രീ. നന്ദകുമാറിനും അയാളുടെ മകൾ ശ്രീനന്ദയ്ക്കും വേണ്ടി മാത്രം ജീവിക്കുന്നവൾ.

 

​നന്ദകുമാർ അശ്വതിയുടെ വലയിൽ വീഴുന്നത് വരെ കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നു.

ഭാര്യയെയും കുഞ്ഞിനെയും ജീവനുതുല്യം സ്നേഹിച്ചിരുന്നു.

വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കും അയാൾ മുന്നിലുണ്ടായിരുന്നു.

 

എന്നാൽ അയാൾ പതിയെ മാറാൻ തുടങ്ങിയപ്പോഴാണ് ജയശ്രീക്ക് സംശയം തോന്നിയത്.

നന്ദൻ എപ്പോഴും ഫോണിൽ തന്നെയായിരുന്നു. വീട്ടുകാര്യങ്ങളിൽ ശ്രദ്ധ ഇല്ലാതായി. ചോദിച്ചാൽ ദേഷ്യപ്പെടാനും തുടങ്ങി.

 

​അതിന്റെ പിന്നിലെ കാരണം തിരക്കി ഇറങ്ങിയപ്പോഴാണ് ജയശ്രീ സത്യം മനസ്സിലാക്കിയത്.

നന്ദന്റെ ഫോൺ പരിശോധിച്ച ജയശ്രീക്ക് അശ്വതിയുമായുള്ള ചാറ്റുകളും ഫോട്ടോകളും കാണാൻ കഴിഞ്ഞു.

തന്റെ ഭർത്താവ് ഒരു കോളേജ് പെൺകുട്ടിയുടെ കൂടെ അഴിഞ്ഞാടി നടക്കുകയാണെന്ന് അറിഞ്ഞപ്പോൾ അവൾ തകർന്നുപോയി.

 

നന്ദനോട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ അയാൾ അവളെ ചീത്ത വിളിക്കുകയാണ് ചെയ്തത്.

എല്ലാം അറിഞ്ഞതോടുകൂടി, ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി കുഞ്ഞിനെയും കൊണ്ട് അവൾ പടി ഇറങ്ങി.


​ജയശ്രീ പോയതോടെ നന്ദൻ പൂർണ്ണ സ്വതന്ത്രനായി. അയാൾ അശ്വതിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചു.

ജയശ്രീ പോയതിന്റെ അടുത്ത ദിവസം അയാൾ അശ്വതിയെ നേരിട്ട് കാണാൻ ഒരു റസ്റ്റോറന്റിലേക്ക് വിളിച്ചു വരുത്തി.

 

​”അശ്വതീ, ജയശ്രീ എന്നെ ഇട്ടുപോയി. ഇനി നമുക്ക് ഒരുമിച്ച് ജീവിക്കാം. നീ എന്റെ വീട്ടിലേക്ക് വരണം,” നന്ദൻ പ്രണയത്തോടെ പറഞ്ഞു.

 

​എന്നാൽ അത് കേട്ടതും അശ്വതി അല്പം മടിയോടെ കാര്യങ്ങൾ പറഞ്ഞു തുടങ്ങി.

 

“മാഷേ, സത്യത്തിൽ മാഷ് വിചാരിക്കുന്നതുപോലെ എനിക്ക് മാഷിനോട് യാതൊരു താല്പര്യമില്ല… ഞാനും എന്റെ ഫ്രണ്ട്സും കൂടി വെച്ച ഒരു ബെറ്റ് ആയിരുന്നു ഇത്. നിങ്ങളെപ്പോലെ ഒരു കുടുംബസ്ഥനെ എന്റെ വലയിലാക്കാൻ പറ്റുമോ എന്ന് നോക്കിയതാ. അതിൽ ഞാൻ ജയിച്ചു. അത്രയേ ഉള്ളൂ. എനിക്ക് വേറെ ബോയ്ഫ്രണ്ട് ഉണ്ട്. ഞങ്ങൾ അടുത്ത മാസം യുകെയിലേക്ക് പോകാൻ പ്ലാൻ ചെയ്യുകയാണ്…. ഇതെല്ലാം ഒരു പ്രാങ്ക് ആയിരുന്നു എന്ന് ഞാൻ വേണമെങ്കിൽ മാഷിന്റെ ഭാര്യയോട് പറയാം!””

അവൾ വലിയ ഉദാരമനസ്കയായി..

​തന്റെ ജീവിതം തകർത്തത് വെറുമൊരു നേരമ്പോക്കിന് വേണ്ടിയായിരുന്നു എന്ന് അറിഞ്ഞതോടെ നന്ദന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.

 

ദേഷ്യവും അപമാനവും കാരണം അയാൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അതോടെ നന്ദൻ അവളെ ദേഷ്യം തീരുന്നത് വരെ അടിച്ചു. റസ്റ്റോറന്റിൽ വെച്ച് പരസ്യമായിട്ടായിരുന്നു ആ തല്ല്.

​അശ്വതിയെ തല്ലിയത് ഒടുവിൽ അത് പോലീസ് കേസ് ആയി. അശ്വതിയുടെ പണക്കാരനായ അച്ഛൻ സ്വാധീനം ഉപയോഗിച്ച് നന്ദനെതിരെ കേസ് കൊടുത്തു.

സ്ത്രീത്വത്തെ അപമാനിച്ചതിനും അക്രമം നടത്തിയതിനും നന്ദൻ അറസ്റ്റിലായി. കോളേജിൽ നിന്ന് അയാളെ സസ്പെൻഡ് ചെയ്തു.

 

മാധ്യമങ്ങളിൽ വാർത്ത വന്നു. അയാൾ ആകെ തകർന്നു. തന്റെ സ്വർഗ്ഗതുല്യമായ ജീവിതം ആണ് വെറുതെ കളഞ്ഞത് എന്ന് അയാൾക്ക് ബോധ്യമായി.

 

​കുറച്ചു ദിവസങ്ങൾക്ക് ശേഷം ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ അയാൾക്ക് പോകാൻ ഒരിടവും ഇല്ലായിരുന്നു.

നാട്ടുകാരും സുഹൃത്തുക്കളും അയാളെ കുറ്റക്കാരനായി കണ്ടു. ജാമ്യത്തിൽ ഇറങ്ങിയപ്പോൾ അയാൾ ആദ്യം തേടിയത് ജയശ്രീയെ ആണ്. അവളുടെ കാലുപിടിച്ച് മാപ്പ് അപേക്ഷിക്കാം എന്ന് അയാൾ കരുതി.

 

​വിവാഹം കഴിഞ്ഞ് ഒരുപാട് വർഷത്തെ പ്രാർത്ഥനകൾക്കും ചികിത്സകൾക്കും ശേഷമാണ് അവർക്ക് ശ്രീനന്ദ എന്ന മകളെ കിട്ടിയത്.

കുഞ്ഞിന് ഇപ്പോൾ ഏഴ് വയസ്സ് മാത്രമേ ഉള്ളൂ. എങ്കിലും കുഞ്ഞ് അവരുടെ സംസാരത്തിൽ നിന്നും വഴക്കുകളിൽ നിന്നും നടന്ന കാര്യങ്ങൾ ഒക്കെ ഏകദേശം മനസ്സിലാക്കിയിരുന്നു.

സ്വന്തം അച്ഛൻ അമ്മയെ ചതിച്ചു എന്ന കാര്യം ആ ചെറിയ കുഞ്ഞിന് വലിയ വിഷമം ഉണ്ടാക്കിയിരുന്നു.

​നന്ദൻ ജയശ്രീ താമസിക്കുന്ന വാടകവീട്ടിൽ എത്തി. വാതിലിൽ മുട്ടി. ജയശ്രീ വന്ന് വാതിൽ തുറന്നപ്പോൾ മുന്നിൽ താടിയും മുടിയും നീട്ടി, ആകെ തകർന്ന രൂപത്തിൽ നിൽക്കുന്ന നന്ദനെയാണ് കണ്ടത്.

 

​”ജയശ്രീ, എന്നോട് ക്ഷമിക്കണം. എനിക്ക് തെറ്റുപറ്റി. അവൾ എന്നെ ചതിക്കുകയായിരുന്നു. നീയും മോളും ഇല്ലെങ്കിൽ എനിക്ക് ജീവിക്കാൻ കഴിയില്ല. ദയവായി തിരികെ വരണം,”

നന്ദൻ കരഞ്ഞു പറഞ്ഞു.

​എന്നാൽ ജയശ്രീയുടെ കണ്ണുകളിൽ സഹതാപം ഇല്ലായിരുന്നു. ജയശ്രീ ഇനി ഒരിക്കലും പൊരുത്തപ്പെട്ട് പോകാൻ കഴിയില്ല എന്നും പറഞ്ഞ് അയാളുടെ മുന്നിൽ വെച്ച് തന്നെ വാതിൽ കൊട്ടിയടച്ചു.

 

“നിങ്ങൾ ചെയ്ത തെറ്റിന് മാപ്പില്ല. ഒരു പെണ്ണിന്റെ പുറകെ പോയപ്പോൾ ഈ മോളെയും എന്നെയും ഓർത്തില്ലല്ലോ,”

 

എന്നവൾ വിളിച്ചു പറഞ്ഞു.
​നന്ദൻ ജനാലയിലൂടെ അകത്തേക്ക് നോക്കി.

അവിടെ നിൽക്കുകയായിരുന്ന മകൾ ശ്രീനന്ദ ഒരക്ഷരം പോലും പറയാതെ, അച്ഛനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അമ്മയുടെ കൂടെ നിന്നു. അവൾ അമ്മയുടെ കൈകൾ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

മകളുടെ ആ നോട്ടം നന്ദന്റെ നെഞ്ചിൽ തുളച്ചുകയറി.
​അതോടെ അയാൾക്ക് തന്റെ തെറ്റ് പൂർണ്ണമായും മനസ്സിലായി പക്ഷേ ഇനി ഒരിക്കലും തിരുത്താത്ത വിധം അത് ജീവിതത്തിൽ അങ്ങനെ തന്നെ ഉണ്ടാകും എന്ന് അയാൾക്ക് അറിയാമായിരുന്നു.

 

നഷ്ടപ്പെട്ടത് ഇനി തിരിച്ചു കിട്ടില്ലെന്ന് അയാൾ ഉറപ്പിച്ചു.
​വിനാശത്തിന്റെ വഴി
​അപമാനവും നിരാശയും താങ്ങാൻ കഴിയാതെ നന്ദൻ മദ്യത്തിൽ അയാൾ അഭയം പ്രാപിച്ചു.

ദിവസവും കുടിക്കാൻ തുടങ്ങി. കോളേജിലെ ജോലി പോയി, കുടുംബം പോയി, സമൂഹത്തിൽ ഉണ്ടായിരുന്ന മാന്യതയും പോയി. ഒറ്റപ്പെട്ട ആ വലിയ വീട്ടിൽ ഇരുന്ന് അയാൾ എപ്പോഴും ജയശ്രീയെയും മകളെയും ഓർത്ത് കരഞ്ഞു.

​ഒരു ദിവസം രാത്രി, നന്നായി മദ്യപിച്ച ശേഷം അയാൾ ബൈക്കിൽ പുറത്തേക്ക് ഇറങ്ങി. എങ്ങോട്ടെന്നില്ലാത്ത യാത്രയായിരുന്നു അത്. വഴിയിലെ വളവിൽ വെച്ച് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ഒരു ലോറിയിലേക്ക് ഇടിച്ചുകയറി.

ഒടുവിൽ ഒരു ആക്സിഡന്റിൽ അയാൾ പോയി. സംഭവസ്ഥലത്തു വെച്ചുതന്നെ നന്ദന്റെ ജീവൻ നഷ്ടപ്പെട്ടു. അങ്ങനെ ഒരു അധ്യാപകന്റെ ജീവിതം ദയനീയമായി അവസാനിച്ചു.

​അതേസമയം, അയാളെ കുരങ്ങ് കളിപ്പിച്ച അശ്വതിക്കും കാലം അതിന്റെ കാവ്യനീതി നടപ്പാക്കി.

നന്ദന്റെ കേസും പ്രശ്നങ്ങളും ഉണ്ടായതോടെ അശ്വതിയുടെ വീട്ടുകാർ അവളുടെ യുകെ യാത്ര മുടങ്ങി.

 

നാട്ടിൽ വലിയ നാണക്കേടായതു കൊണ്ട് അവർ അവളെ ധൃതിപ്പെട്ട് ഒരു സമ്പന്നന്റെ മകന് വിവാഹം കഴിപ്പിച്ചു കൊടുത്തു.

 

​എന്നാൽ അശ്വതിയുടെ ഭർത്താവ് അതീവ ക്രൂരനും സംശയ രോഗിയുമായിരുന്നു. അശ്വതിയുടെ പഴയ കോളേജ് കഥകളും നന്ദൻ മാഷിന്റെ പ്രശ്നങ്ങളും അയാൾ അറിഞ്ഞിരുന്നു.

 

അതുകൊണ്ടുതന്നെ അയാൾ അവളെ എപ്പോഴും സംശയിച്ചു. ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ല, പുറത്തു പോകാൻ സമ്മതിച്ചില്ല. സംശയ രോഗിയായ ഒരു ഭർത്താവിന്റെ വാശിക്ക് കീഴിൽ അവൾക്ക് കഷ്ടപ്പെട്ട് ജീവിക്കേണ്ടിവന്നു.

 

​അവൾ അനുഭവിച്ച പീഡനങ്ങൾ സഹിക്കവയ്യാതെ അശ്വതി സ്വന്തം വീട്ടുകാരെ വിളിച്ചു സങ്കടം പറഞ്ഞു.

 

എന്നാൽ മാഷിന്റെ ഇഷ്യൂ കൊണ്ട് വീട്ടുകാർ പോലും അവളെ സപ്പോർട്ട് ചെയ്തില്ല.

“നീ കാരണമാണ് ഒരു കുടുംബം തകർന്നതും ആ മനുഷ്യൻ മരിച്ചതും. അതിന്റെ ശാപമാണ് നീ അനുഭവിക്കുന്നത്,”

എന്ന് പറഞ്ഞ് സ്വന്തം അമ്മ പോലും അവളെ കൈവിട്ടു.
​ഒടുവിൽ ജീവിക്കാൻ മറ്റ് വഴികളില്ലാതെ, ആരും സഹായിക്കാനില്ലാതെ മാനസികമായി തകർന്ന അവൾ ആത്മഹത്യ ചെയ്തു.

മറ്റുള്ളവരുടെ ജീവിതം വെച്ച് കളിച്ചവൾക്ക് സ്വന്തം ജീവിതം കൊണ്ട് വില കൊടുക്കേണ്ടി വന്നു.

​ഇതെല്ലാം ജയശ്രീ അറിഞ്ഞിരുന്നു.

നന്ദന്റെ മരണവാർത്തയും, പിന്നീട് അശ്വതിയുടെ ആത്മഹത്യയെക്കുറിച്ചും സഹപ്രവർത്തകർ വഴി ജയശ്രീ അറിഞ്ഞു. എങ്കിലും ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന് കരുതി അവർ അതിനെക്കുറിച്ച് ചിന്തിക്കാൻ പോലും നിന്നില്ല.

 

നന്ദൻ തങ്ങളെ ഉപേക്ഷിച്ച ദിവസം തന്നെ അയാൾ തങ്ങൾക്ക് മരിച്ചതിന് തുല്യമായിരുന്നു എന്ന് ജയശ്രീ ഉറപ്പിച്ചിരുന്നു.

 

​അവർ കുഞ്ഞിന്റെ കാര്യം മാത്രം നോക്കി. ശ്രീനന്ദയെ നന്നായി പഠിപ്പിച്ചു. ജയശ്രീക്ക് സ്കൂളിൽ പ്രൊമോഷൻ കിട്ടി.

മകൾ സ്കൂളിലും മറ്റ് മത്സരങ്ങളിലും ഒന്നാമതായി എത്തി. നന്ദന്റെ ഓർമ്മകളോ അശ്വതിയുടെ പതനമോ അവരുടെ പുതിയ ജീവിതത്തെ ബാധിച്ചതേയില്ല.

 

​ഭൂതകാലത്തിന്റെ കയ്പ്പേറിയ ഓർമ്മകളെല്ലാം മറന്ന്, മകളുടെ പുഞ്ചിരിയിൽ മാത്രം സന്തോഷം കണ്ടെത്തി, അവർ ജീവിതം സ്വർഗ്ഗം പോലെ മുന്നോട്ടു കൊണ്ടുപോയി. ഒരു തെറ്റായ തീരുമാനത്തിന് മുന്നിൽ തളർന്നുപോകാതെ, അന്തസ്സോടെ ജീവിച്ചു കാണിക്കാൻ ജയശ്രീക്ക് കഴിഞ്ഞു.

സ്റ്റോറി by കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *