“ബലാൽസംഗശ്രമത്തിനിടിയിൽ തലയ്ക്ക് പിന്നിൽ കിട്ടിയ ശക്തമായ അടിയാണ് ലേഖയുടെ ഈ അവസ്ഥയ്ക്ക് കാരണം….. മരുന്നുകളോട് ശരീരം പ്രതികരിച്ചു തുടങ്ങിയിരുന്നങ്കിൽ അതു നമുക്കൊരു പോസിറ്റീവ് സൈനാവുമായിരുന്നു ഗിരീ.. ഇതു പക്ഷെ അത്തരമൊരു പ്രതീക്ഷപോലും ലേഖയിൽ നിന്ന് ഈ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറുകൊണ്ട് നമുക്ക് കിട്ടിയിട്ടില്ല… സോ…
പറഞ്ഞു വന്നതിന്റെ തുടർച്ച പൂർത്തിയാക്കാനാവാതെ ഡോക്ടർ പ്രഭാകർ തനിയ്ക്ക് മുന്നിലിരിക്കുന്നവനെ ഒന്നു മുഖമുയർത്തി നോക്കിയതും തന്റെ ജോലിയും സ്ഥാനവുമെല്ലാം മറന്ന് അദ്ദേഹത്തിന്റെ മുന്നിലിരുന്ന് പൊട്ടി കരഞ്ഞിരുന്നു
ഗിരി പ്രകാശ്…
അദ്ദേഹത്തെ എങ്ങനെ എന്തു പറഞ്ഞാശ്വസിപ്പിയ്ക്കും എന്നറിയാതെ പതറി ഡോക്ടറും…
“കരയല്ലേ അച്ഛാ….പ്രാർത്ഥിക്കാം നമുക്ക് അമ്മയ്ക്ക് വേണ്ടി… അമ്മ തിരികെ നമ്മുടെ അടുത്തേയ്ക്ക് വരും എനിയ്ക്കുറപ്പാണ്… അച്ഛൻ വന്നേ… ”
ടൗൺ സിഐ ആയ അച്ഛനെ നെഞ്ചോടു ചേർത്താശ്വസിപ്പിക്കുന്ന കൗമാരം കടക്കാത്ത ആ മകനെ കണ്ണുചിമ്മാതെ നോക്കിയിരുന്നു പോയ് ഡോക്ടർ പ്രഭാകർ….
“അച്ഛനെ റൂമിലേക്ക് ആക്കിയിട്ട് വരാം ഡോക്ടർ…..”
ഗിരി പ്രകാശിനെ തന്നോടു ചേർത്തു പിടിച്ചെഴുന്നേല്പ്പിച്ച് പുറത്തേയ്ക്ക് നീങ്ങുന്നതിനിടയിൽ അവൻ പറയുമ്പോഴാണ് അവനിലുറച്ചു പോയ തന്റെ കണ്ണുകൾ ഡോക്ടർ പിൻവലിച്ചത്….
അതുപോലൊരു മകൻ ഗിരി പ്രകാശിന്റെ ഭാഗ്യമാണെന്ന് ഓർത്ത അതേ നിമിഷത്തിൽ തന്നെയാണ് വെന്റിലേറ്ററിൽ മരണമോ ജീവിതമേ എന്നറിയാതെ കിടക്കുന്ന ലേഖയുടെ വിളറി വെളുത്ത രക്തമയമില്ലാത്ത മുഖം ഡോക്ടർ പ്രഭാകറിൽ തെളിഞ്ഞത്…
കണ്ണൊന്നിറുക്കി ശ്വാസമൊന്നയച്ചു വിട്ടയാൾ.. കൺമുന്നിലെ കാഴ്ച മറയ്ക്കാനെന്ന വിധം…
“അച്ഛനിങ്ങനെ തളർന്നും കരഞ്ഞുമിരുന്നാൽ ഞാനെന്താ അച്ഛാ ചെയ്യുക… എനിയ്ക്കൊരു ആശ്വാസമാകേണ്ട അച്ഛനിങ്ങനെ കരഞ്ഞും തളർന്നുമിരുന്നാൽ അമ്മ തിരികെ വരുമ്പോൾ ഞാനത് അമ്മയോടു പറഞ്ഞു കൊടുക്കും ട്ടോ… അമ്മ കളിയാക്കും അച്ഛനെ….. ”
തന്നെ പറ്റിപ്പിടിച്ചിരുന്ന് കണ്ണുനീരൊഴുകുന്ന അച്ഛനെ ആശ്വസിപ്പിയ്ക്കുമ്പോഴും നിറയുന്ന തന്റെ കണ്ണുകൾ അച്ഛൻ കാണാതെ മറച്ചവൻ…
“ഒരിത്തിരി ജീവനോടെയെങ്കിലും തിരികെ തന്നാൽ മതി എന്റെ അമ്മയെ…. ഞാൻ നോക്കിക്കോളാം എന്റെ മരണം വരെ… ”
അച്ഛനൊന്ന് ശാന്തമായതും അയാളെ ബന്ധുക്കളെ ഏല്പിച്ച് തന്നെ കാണാൻ വന്നിരിയ്ക്കുന്ന ആ പത്തൊമ്പതുക്കാരനെ കണ്ണെടുക്കാതെ നോക്കി ഡോക്ടർ പ്രഭാകർ….
അമ്മയെ അത്രയ്ക്ക് ഇഷ്ടാണോ കിരണിന്….?
എന്തോ അവന്റെ മുഖം കണ്ടപ്പോൾ അങ്ങനെയൊരു മറു ചോദ്യം ചോദിയ്ക്കാനാണ് അദ്ദേഹത്തിനു തോന്നിയത്…
“അമ്മയോടുള്ള എന്റെ ഇഷ്ടം അതെത്രയാണെന്ന് എങ്ങനെയാണെന്ന് അതൊന്നുമെനിയ്ക്കറിയില്ല ഡോക്ടർ പറഞ്ഞു തരാൻ….
ഞാൻ എന്റെ അമ്മയെ സ്നേഹിക്കുന്നതിലും എത്രയോ ഇരട്ടി എന്റെ അച്ഛൻ അമ്മയെ സ്നേഹിക്കുന്നുണ്ട്… അമ്മയെ എനിയ്ക്ക് നഷ്ടപ്പെട്ടാൽ എന്റെഅച്ഛനെ കൂടി നഷ്ടമാവും എനിയ്ക്ക്…
അമ്മ കൂടെയില്ലാതെ ഒരു നിമിഷം ജീവിയ്ക്കില്ല അച്ഛൻ… അമ്മയെ തിരികെ വേണം ഡോക്ടർ…. തിരികെ വേണം… ”
നിറഞ്ഞുതൂവുന്ന അവന്റെ കണ്ണുകൾക്ക് മുമ്പിൽ നിശബ്ദനായ് ഡോക്ടർ പ്രഭാകർ ഒരു നിമിഷം….
കിരൺ എന്താ ചെയ്യുന്നത്….?
പഠിക്കുക അല്ലേ…?
ഒട്ടൊരു നേരത്തെ
നിശബ്ദതയ്ക്ക് ശേഷം ഡോക്ടർ ചോദിച്ചതും തന്റെ മുഖം തുടച്ച് അദ്ദേഹത്തെ നോക്കി കിരൺ
“ഞാനൊരു മെഡിക്കൽ സ്റ്റുഡന്റ് ആണ് ഡോക്ടർ… കോഴിക്കോട് മെഡിക്കൽ കോളേജിലാണ്…. എന്നെ ഡോക്ടറായ് കാണാൻ ഏറെ ആഗ്രഹിച്ചത് എന്റെ അമ്മയാണ്…..
നോവോടെ പറയുന്നവൻ
“കിരണിന്റെ താമസവും അപ്പോൾ കോഴിക്കോട് തന്നെയാവും അല്ലേ… വീട്ടിലേക്കെങ്ങനെ ആഴ്ചകളിൽ വന്നു പോകുമോ… അതോ മാസത്തിലോ….?
സാധാരണയെന്ന പോലെ തന്നോട് ഓരോന്നും തിരക്കുന്ന ഡോക്ടറെ ഒന്നു നോക്കിയവൻ
“വീട്ടിലേക്കുള്ള വരവിനങ്ങനെ കൃത്യമായ കണക്കൊന്നുമില്ല ഡോക്ടർ എന്റെ പഠനത്തെ ബാധിയ്ക്കാത്ത രീതിയിൽ എനിയ്ക്ക് ലീവ് കിട്ടുമ്പോഴെല്ലാം വരാറുണ്ട് ഞാൻ വീട്ടിലേക്ക്…. ”
മറുപടി പറയുമ്പോൾ ഇത്തവണ ഡോക്ടറിൽ നിന്ന് മിഴികൾ മാറ്റിയതേയില്ല കിരൺ…
എന് ഇതൊന്നും ഡോക്ടർ വെറുതെ ചോദിയ്ക്കുന്നതല്ലെന്നൊരു തോന്നലവന്…
“അമ്മയ്ക്ക് ഉറക്കം കുറവായിരുന്നോ കിരൺ… അതാണോ അമ്മ സ്ലിപ്പിംഗ്പിൽസ് ഉപയോഗിച്ചിരുന്നത്…?
ഇത്തവണത്തെ ഡോക്ടറുടെയാ ചോദ്യത്തിൽ ഞെട്ടുക തന്നെ ചെയ്തു കിരൺ…കാരണം അവനോടൊരിക്കലും അങ്ങനൊന്ന് അമ്മ പറഞ്ഞിട്ടില്ല… അവർ മെഡിസിനെടുക്കുന്നത് അവനിന്നേവരെ കണ്ടിട്ടും ഇല്ല…
തന്റെ ചോദ്യത്തിൽ ആകെ അമ്പരന്നിരിയ്ക്കുന്നവനെ നോക്കി ഡോക്ടറും… താൻ ചോദിച്ച കാര്യത്തെ പറ്റിയുള്ള അറിവ് അവനില്ലാന്ന് അവന്റെ മുഖം അവൻ പറയാതെ തന്നെ ഡോക്ടർക്ക് വ്യക്തമാക്കി കൊടുക്കുന്നുണ്ട്..
അമ്മയിൽ നടത്തിയ ടെസ്റ്റിലാണ് സ്ലീപ്പിംഗ്
പിൽസിന്റെ സാന്നിധ്യം കണ്ടത്, അതൊന്ന് ക്ലിയർ ചെയ്തെന്നേയുള്ളു… ഒരു പക്ഷെ അമ്മയല്ല അതുപയോഗിച്ചതെങ്കിൽ
അമ്മയെ ഉപദ്രവിച്ച ആളാവും അതമ്മയിൽ എത്തിച്ചത്… അങ്ങനെയെങ്കിൽ നമുക്കറിയുന്ന ആരോ ആണ് ഇതിനു പിന്നിൽ…
നമ്മുക്കെളുപ്പം അത് കണ്ടെത്താമെന്നും കരുതി… ”
ഡോക്ടർ വിശദീകരണം നൽകുമ്പോഴും കിരണിന്റെ സംശയം നിറഞ്ഞ നോട്ടം ഡോക്ടറിൽ തന്നെ തങ്ങി നിന്നു..
ഡോക്ടറെന്താ ഇതൊന്നും അച്ഛനോട് പറയാത്തത്….?
അച്ഛൻ പോലീസല്ലേ…. മറന്നു പോയോ അത്….?
ഉള്ളിലെ സംശയം അതേപോലെ കിരൺ ചോദിച്ചതും അവനെ നോക്കിയ ഡോക്ടർ പ്രഭാകറിന്റെ മുഖത്ത് അതുവരെയില്ലാത്തൊരു കടുപ്പം നിറഞ്ഞു
ആകെ അലങ്കോലമായ് കിടക്കുന്ന വീടിനുള്ളിലേക്ക് കാലെടുത്ത് വെച്ചതും ഒരു വിറയലോടി കിരണിന്റെ ശരീരത്തിലൂടെ….
പോലീസ് മാർക്ക് ചെയ്തിട്ടിരുന്ന ഹാളിലെ ചൂരൽ കസേരയ്ക്ക് കീഴിലെ ഇനിയും മായാതെ അവശേഷിയ്ക്കുന്ന രക്തക്കറ അവന്റെ നെഞ്ചിലൊരു പെരുമ്പറ തന്നെ മുഴക്കുന്നുണ്ട്…
അവിടെയാണ് അർദ്ധനഗ്നതയോടെ തലയ്ക്കടിയേറ്റ് ചോര വാർന്നു തന്റെ അമ്മ കിടന്നിരുന്നതെന്ന ചിന്ത ഉള്ളിലേയ്ക്ക് വന്നതും കണ്ണൊന്നിറുക്കെ അടച്ചു തുറന്നവൻ….
ഓർമ്മകളിൽ താനും അച്ഛനും അമ്മയും മാത്രം നിറഞ്ഞു നിൽക്കുന്ന നല്ല നാളുകളെ ഓർത്തുകൊണ്ടവൻ അവിടെ എന്തോ തേടിക്കൊണ്ടിരുന്നു….
“കണ്ണാ മോനെപ്പോ വന്നെടാ… ഇതെന്താ ഈ തിരയുന്നത്… ഇവിടെയൊന്നും തൊടണ്ടാന്ന് പോലീസും നിന്റെ അച്ഛനും പറഞ്ഞതുകൊണ്ടാ ഞാനിതൊന്നും എടുത്ത് വെയ്ക്കാത്തതും വൃത്തിയാക്കാത്തതും…”
വേഗത്തിലവന്റെ അടുത്തേയ്ക്ക് ഓടിയെത്തി ചെറിയമ്മ പറഞ്ഞതും അവരെ നോക്കി വിഷാദത്തോടൊന്ന് ചിരിച്ചു കിരൺ…
അമ്മ ലേഖയുടെ അനിയത്തിയാണ് രേഖചെറിയമ്മ…
ഈ വീടിന് തൊട്ടടുത്തുള്ള അമ്മയുടെ തറവാട്ടിലാണ് രേഖചെറിയമ്മ അമ്മമ്മയ്ക്കൊപ്പം താമസിക്കുന്നത്… ചെറുപ്പം മുതലേയുള്ള ശ്വാസം മുട്ടലും മറ്റസുഗങ്ങളും കാരണം വിവാഹം കഴിച്ചിട്ടില്ല ചെറിയമ്മ ഇതുവരെ….
ലേഖയെക്കാളേറെ
കുഞ്ഞുനാൾ മുതൽ കിരണിനെ എടുത്തതും കൊഞ്ചിച്ചതും കൊണ്ടു നടന്നതുമെല്ലാം രേഖയാണ്… അമ്മയോളം തന്നെ കിരണിന് പ്രിയപ്പെട്ടവളാണ് ചെറിയമ്മയും….
‘ചെറിയമ്മ എന്തെങ്കിലും തിരക്കിലായിരുന്നോ ഇന്ന് ഹോസ്പ്പിറ്റലിലേയ്ക്ക് കണ്ടതേയില്ലല്ലോ….?
കിരണിന്റെ ചോദ്യത്തിൽ ഒരു പരിഭ്രമം ഉടലെടുത്തു രേഖയിൽ….
ഇതേ സമയം കിരണിന്റെ കണ്ണുകളും ഒന്ന് രേഖയിൽ തങ്ങി
തന്റെ അമ്മ ലേഖയെക്കാൾ സുന്ദരിയാണ് ചെറിയമ്മ… കൃത്യമായ ഭക്ഷണ ശീലങ്ങളും ഡയറ്റുമെല്ലാം പിൻതുടരുന്നതുകൊണ്ടാവാം നാൽപത്തിന്റെ ആരംഭത്തിലും അവരൊരു മുപ്പതുകാരിയുടെ തിളക്കത്തിൽ നിൽക്കുന്നത്….
പ്രാണനോളം പ്രിയപ്പെട്ട ചേച്ചി മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നറിയാതെ ആ ഹോസ്പ്പിറ്റൽ മുറിയിൽ കിടക്കുന്നതിന്റെ യാതൊരു ദുഖവുമില്ല ചെറിയയിലെന്ന് കണ്ടതും തന്റെ മനസ്സിന്റെ തോന്നലുകളിൽ വേദനിച്ചു കിരൺ….
‘നീയെന്താടാ കണ്ണാ എന്നെ ഇങ്ങനെ ആദ്യം കാണും പോലെ നോക്കുന്നത്….?
എന്തെങ്കിലും മാറ്റമുണ്ടോ എനിയ്ക്ക്….?
തന്നിൽ നിന്ന് കണ്ണെടുക്കാതെയുള്ള കിരണിന്റെ നോട്ടത്തിൽ പതറി കൊണ്ട് രേഖ ചോദിച്ചതും അവരെ നോക്കി വല്ലാതൊന്ന് ചിരിച്ചവൻ…
“ഞാനിതുവരെ കണ്ട ചെറിയമ്മ തന്നെയാണ് ചെറിയമ്മേ നിങ്ങൾ… പിന്നെ നോക്കിയത് എന്താണെന്നു വെച്ചാൽ എന്റെ അമ്മയ്ക്ക് ഇല്ലാത്ത എന്താണ് നിങ്ങൾക്കുള്ളത് എന്നാണ്….
മനസ്സിലായില്ലേ ചെറിയമ്മയക്ക് എന്റെ അമ്മയെ ആരുമറിയാതെ ഇല്ലാതാക്കിയാൽ എന്റെ അച്ഛൻ നിങ്ങളെ അച്ഛനൊപ്പം കൂട്ടും എന്ന് തോന്നാൻ മാത്രം എന്തുണ്ട് നിങ്ങളുടെയി ശരീരത്തിലെന്ന് തിരയുകയായിരുന്നു ഞാൻ….. മനസ്സിലായോ….?
രക്തം ഇരച്ചെത്തി ചുവന്ന മുഖത്തോടെ അവർക്കടുത്തേയ്ക്ക് നീങ്ങി നിന്ന് അലറി കിരൺ പറഞ്ഞതും തന്റെ മുന്നിലൊരു പ്രേതത്തെ കണ്ടതുപോലെ വിളറി ഭയന്നു ചെറിയമ്മ….
ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി ഭയത്തോടെ തന്റെ അരികിൽ നിന്ന് പിന്നിലേക്ക് ചുവടുകൾ വെച്ച് നീങ്ങുന്നവളെ കണ്ണെടുക്കാതെ നോക്കി നിന്നു കിരൺ….
‘ഓടി രക്ഷപ്പെടാമെന്നോ രക്ഷപ്പെടുത്താൻ ആളു വരുമെന്നോ കരുതി ഇവിടെ നിന്നൊരടി അനങ്ങിയാൽ നിങ്ങളെ ഇവിടെയിട്ട് തീർക്കും ഞാൻ….. അതിനെനിയ്ക്കൊപ്പം ഉണ്ടാകും എന്റെ അച്ഛനും…. കാരണം എന്റെ അച്ഛന്റെ ജീവനും ജീവിതവുമെല്ലാം എന്റെ അമ്മയാണ്… ആ അമ്മയുടെ ജീവനെടുക്കാൻ നോക്കിയ നിങ്ങളെ എന്റെ അച്ഛൻ വെറുതെ വിടുമോ… അതും അച്ഛനെ നേടാനായ് അമ്മയെ കൊല്ലാക്കൊല ചെയ്ത നിങ്ങളെ…..?
രേഖയെ എരിയ്ക്കാനുള്ള പകയുണ്ട് കിരണിലെങ്കിൽ ഇത്ര നേരവും തന്നെ ചൂഴ്ന്നു നിന്ന ഭയം പൂർണ്ണമായ് അകന്നൊരു ഭാവമാണ് രേഖയിൽ
“നിന്റെ അമ്മയെ ഇവിടെ നിന്ന് ആ ഒരവസ്ഥയിൽ വാരിയെടുത്തോണ്ട് പോവുമ്പോഴേ നിന്റെ അച്ഛന് മനസ്സിലായിട്ടുണ്ട് അയാളെ നേടാൻ വേണ്ടി ഞാൻ ചെയ്തത് ആണിതെന്ന്… ശരിയാ ഞാൻ തന്നെയാ ചെയ്തത്… ഭക്ഷണത്തിൽ ഗുളിക കലർത്തി മയക്കി തലയ്ക്കടിക്കാൻ തന്നെയായിരുന്നു ഉദ്ദേശം… ചെയ്തതും അതുതന്നെയാണ്… പിന്നെ ഒന്നുകൂടി ശക്തിയാവട്ടെ കേസിനെന്ന് കരുതി തന്നയാണ് പീഡനശ്രമം നടന്നൊരു അന്തരീക്ഷം ഞാനിവിടെ ഉണ്ടാക്കിയത്… എല്ലാം ചെയ്തത് നിന്റെ അച്ഛനെ കിട്ടാൻ ആണെടാ… നേടുവേം ചെയ്യും ഞാനത്… അതിനൊരു തടസം നീയാണെങ്കിൽ നിന്നെ ഇല്ലാതാക്കാനും മടിയ്ക്കില്ല ഞാൻ….”
ഒരു കൊടും ക്രിമിനലിന്റെ ഭാവത്തിൽ വിളിച്ചലറുന്നവളെ കണ്ണുചിമ്മാതെ കിരൺ നോക്കുന്ന നേരം തന്നെയാണ് രേഖയ്ക്ക് പിന്നിലായ് വന്നു നിന്ന ഹരി അവരുടെ കൈത്തണ്ടയിലേക്കൊരു സിറിഞ്ച് കുത്തിയിറക്കിയത്….
ഹരിയെ തടയാനാവാതെ അവന്റെ പ്രവർത്തിയിൽ ഞെട്ടി നിന്നു രേഖ…
“കണ്ണാ വാ… പോയേക്കാം…. ഇവൾചെയ്ത തെറ്റിനുളള ശിക്ഷ അത് മരണമാണ്… അതിവളെ തേടി അല്പസമയത്തിനുള്ളിലെത്തും യാതൊരു തെളിവും അവശേഷിപ്പിയ്ക്കാതെ… വാ പോവാം…..
കിരണിനെ കൂടെ കൂട്ടി രണ്ടടി നടന്ന ഹരിതിരിഞ്ഞ് രേഖയെ ഒന്നു നോക്കി, ലേഖയെ ആക്രമിച്ചതൊരു സ്ത്രീയാണെന്നും അത് നീയാണെന്നും എനിയ്ക്ക് എളുപ്പത്തിൽ മനസ്സിലായതാണ്…. എന്നോടുള്ള നിന്റെ പെരുമാറ്റവും മാറ്റങ്ങളും എന്നേ തിരിച്ചറിഞ്ഞതാണ് ഞാൻ
എന്നിട്ടും നിന്നെ ഞാൻ വിട്ടു വെച്ചത് എന്റെ ലേഖയുടെ തിരിച്ചുവരവ് കഴിഞ്ഞാവാം നിനക്കുള്ളത് എന്നു കരുതിയാണ്… ഇപ്പോഴെന്റെ ലേഖ ഈ ഭൂമിയിലേക്ക് തിരിച്ചുവരുമെന്നൊരു ഉറപ്പ് ഡോക്ടർ എനിയ്ക്ക് നൽകി കഴിഞ്ഞു… ഇനി നീ വേണ്ട… ചത്തു തുലയെ ടീ….
വെറുപ്പിറ്റുന്ന ശബ്ദത്തിൽ ഹരി പറഞ്ഞു തീർത്ത് കിരണുമൊത്ത് മടങ്ങുമ്പോൾ രേഖയിൽ നിന്ന് പ്രാണൻ വേർപ്പെട്ടു തുടങ്ങിയിരുന്നു എന്നേയ്ക്കുമായ്….ഇതേ സമയം അങ്ങാശുപത്രിയിൽ തിരികെ ജീവിതത്തിലേക്ക് മടങ്ങാനെന്നോണം തന്റെ മിഴികൾ തുറന്നു ലേഖയും….
✍️രജിത ജയൻ
