ഞാനിന്ന് എന്റെ വീട്ടിൽ പൊയ്ക്കോട്ടേ സനൂപേട്ട. അച്ഛന് തീരെ സുഖമില്ലെന്ന് അമ്മ വിളിച്ചു പറഞ്ഞു. വീട്ടിൽ പോകാൻ അനുവാദം തേടി…..

“ഞാനിന്ന് എന്റെ വീട്ടിൽ പൊയ്ക്കോട്ടേ സനൂപേട്ട. അച്ഛന് തീരെ സുഖമില്ലെന്ന് അമ്മ വിളിച്ചു പറഞ്ഞു.

വീട്ടിൽ പോകാൻ അനുവാദം തേടി ഭർത്താവായ സനൂപിന് മുന്നിൽ അപേക്ഷയുമായി എത്തിയതാണ് ദീപ.

“നിന്റെ അച്ഛൻ അവിടെ ചാകാൻ കിടക്കുവാണോ?” സനൂപ് ഭാര്യയെ പരിഹസിച്ചു.

“ഒരു അറ്റാക് കഴിഞ്ഞു കിടക്കുന്ന മനുഷ്യനെ കുറിച്ച് ഇങ്ങനെ ഒന്നും പറയല്ലേ ഏട്ടാ. എന്റെ അച്ഛൻ നിങ്ങൾക്കും അച്ഛനല്ലേ.

ദീപ സങ്കടപ്പെട്ടു.

“നിന്റെ ഒരു അച്ഛൻ… ത്ഫൂ… മകളെ ധർമ്മ കല്യാണം നടത്തി ഒഴിവാക്കി വിട്ട അയാളൊക്കെ ഒരച്ഛൻ ആണോടി.

സനൂപ് പുച്ഛിച്ചു.

“ഏട്ടനും വീട്ടുകാരും എന്നെ പെണ്ണ് കാണാൻ വന്നപ്പോ തന്നെ അച്ഛൻ പറഞ്ഞതല്ലേ തരാൻ സ്ത്രീധനം ഒന്നുമില്ലെന്ന്. അപ്പോ നിങ്ങള് തന്നെ അല്ലേ പറഞ്ഞത് പെണ്ണിനെ മാത്രം മതി വേറെ ഒന്നും വേണ്ടെന്ന്.

“അതോർത്ത് എനിക്കിപ്പോ നല്ല കുറ്റബോധം ഉണ്ട്. എത്ര സ്ത്രീധനം വാങ്ങി കെട്ടാമായിരുന്നു എനിക്ക്. അതൊക്കെ അന്നത്തെ എടുത്തു ചാട്ടം കാരണം ഇല്ലാതായി.

സനൂപ് പറഞ്ഞു.

“എനിക്ക് ഏട്ടനോട് തർക്കിക്കാൻ വയ്യ. അച്ഛൻ പനിച്ചു കിടക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. ഞാനും കൂടെ ചെന്നാലേ അമ്മയ്ക്ക് അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറ്റു. അതിനാ അമ്മ എന്നെ വിളിച്ചത്.

ദീപ സങ്കടം പറഞ്ഞു.

“നീ പോയ ഇവിടുത്തെ കാര്യങ്ങൾ ആരു നോക്കും.

സനൂപ് ചോദിച്ചു.

“ഇവിടുത്തെ കാര്യങ്ങൾ ഏട്ടനും അമ്മയ്ക്കും അഡ്ജസ്റ്റ് ചെയ്യാവുന്നതല്ലേ ഉള്ളു. കല്യാണം കഴിഞ്ഞു വർഷം 5 കഴിഞ്ഞു. ഈ 5 കൊല്ലത്തിനിടക്ക് ഞാൻ ഒരിക്കൽ പോലും എന്റെ വീട്ടിലൊന്ന് പോയി നിന്നിട്ടില്ലല്ലോ. ആകെ പോയി നിന്നത് അച്ഛന്റെ ഓപ്പറേഷൻ കഴിഞ്ഞു വീട്ടിൽ കൊണ്ട് വന്നപ്പോ അല്ലേ. അതും ഒരു ദിവസം മാത്രം.

“കല്യാണം കഴിഞ്ഞാൽ ഭാര്യ നിൽക്കേണ്ടത് ഭർത്താവിന്റെ വീട്ടില. നിന്റെ അമ്മയോട് വല്ല ഓട്ടോയും പിടിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറയ്യ്.

പോകാനുള്ള ഓട്ടോ കൂലി വേണോങ്കി പറയ്യ് അത് അയച്ചു കൊടുക്കാം. അല്ലാതെ ഇവിടുത്തെ കാര്യങ്ങൾക്ക് മുടക്ക് വരുത്തി കൊണ്ട് നിന്നെ അങ്ങോട്ട്‌ വിടാൻ എനിക്ക് പറ്റില്ല.

അന്ന് ഒരു ദിവസം നീ ഇല്ലാതിരുന്നപ്പോ എന്റെ അമ്മ എത്ര മാത്രം കഷ്ടപ്പെട്ടെന്ന് എനിക്കെ അറിയൂ. വയസ്സ് കാലത്ത് എന്റെ അച്ഛനേം അമ്മേം ഒരു കുറവും അറിയിക്കാതെ നോക്കാൻ കൂടി വേണ്ടി ആണ് നിന്നെ കെട്ടികൊണ്ട് വന്നത്.

പിന്നെ എന്റെ വാക്ക് ധിക്കരിച്ചു പോകാനാണ് നിന്റെ ഉദ്ദേശമെങ്കിൽ നീ പിന്നെ ഇങ്ങോട്ട് തിരിച്ചു വരണമെന്നില്ല. അവിടെ തന്നെ നിന്നോ.

എനിക്ക് ഇങ്ങനെയൊരു ഭാര്യയില്ലെന്ന് ഞാനങ്ങു കരുതിക്കോളും. കാരണം നീ ഇവിടെ എന്റെ ഭാര്യയായി വേണമെന്ന് ആർക്കും ഒരു നിർബന്ധവുമില്ല.

നീ പോയ ഞാൻ ചോദിക്കുന്ന സ്ത്രീധനം തന്ന് എനിക്ക് പെണ്ണ് തരാൻ ഇവിടെ ഇഷ്ടം പോലെ ആൾക്കാരുണ്ട്.”

സനൂപ് പറഞ്ഞത് കേട്ട് ദീപ പൊട്ടിക്കരഞ്ഞു കൊണ്ട് അടുക്കളയുടെ പിന്നാമ്പുറത്തേക്ക് പോയി.

കഴിഞ്ഞു 4 വർഷമായി സനൂപിന്റെ വീട്ടിലെ ശമ്പളമില്ലാത്ത ജോലിക്കാരിയാണ് ദീപ.

അഞ്ചു വർഷം മുൻപാണ് ദീപയുടെയും സനൂപിന്റെയും വിവാഹം കഴിഞ്ഞത്.

കല്യാണ സമയത്ത് സനൂപിന് പ്രത്യേകിച്ച് ജോലി ഒന്നുമില്ല. അച്ഛന്റെ പലചരക്കു കടയിൽ സഹായത്തിന് നിൽക്കുന്നതായിരുന്നു ജോലി. എല്ലാ psc എഴുതുമെങ്കിലും ജോലി ഒന്നും ആയില്ല. കുറേ ലിസ്റ്റിൽ ഉണ്ടായിരുന്നു എങ്കിലും അതൊക്കെ തള്ളി പോയി.

നല്ലൊരു ജോലി ഇല്ലാത്തതും ജാതകത്തിൽ ചൊവ്വ ഉള്ളത് കാരണവും സനൂപിന് പെണ്ണും കിട്ടുന്നില്ലായിരുന്നു.

സനൂപിന് താഴെ ഒരനിയൻ കൂടി ഉണ്ട്. അനൂപ്. അവന് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ൽ ജോലി കിട്ടിയിരുന്നു. അതുകൊണ്ട് അവനു വേഗം കല്യാണം വേണം എന്നായിരുന്നു. ചേട്ടൻ കെട്ടാതെ നിൽക്കുമ്പോ അനിയന് കെട്ടാൻ മടിയുണ്ട്.

അനൂപിന് അപ്പോൾ 30 ഉം സനൂപിന് 32 ഉം ആയിരുന്നു.

അനൂപിന്റെ കല്യാണം കൂടി വൈകരുതല്ലോ എന്ന് കരുതി ധൃതി പിടിച്ചു പെണ്ണ് നോക്കി ഒടുവിൽ ശരി ആയതാണ് ദീപയുടെ ആലോചന.

സ്ത്രീധനമൊന്നും തരാൻ ഇല്ലെന്ന് അറിഞ്ഞും ദീപയെ കെട്ടിയത് സനൂപിന് ഇതല്ലാതെ വേറെ കിട്ടില്ലെന്നും അനൂപിനും കല്യാണ പ്രായം കഴിഞ്ഞു പോകുമോന്നു ഒക്കെ പേടിച്ചാണ്. രണ്ട് കല്യാണവും ഒരുമിച്ചാണ് നടത്തിയത്.

അനൂപ് ജോലി കിട്ടിയപ്പോൾ തന്നെ കല്യാണം കഴിഞ്ഞു താമസിക്കാൻ ഒരു വീട് വച്ചിരുന്നതിനാൽ അവൻ ഭാര്യയെയും കൊണ്ട് അങ്ങോട്ട്‌ മാറി.

അച്ഛനും അമ്മയും സനൂപിന് ഒപ്പമായിരുന്നു.

ആദ്യത്തെ ഒരു വർഷം വല്യ കുഴപ്പമില്ലാതെ ചെറിയ തട്ടലും മുട്ടലുമൊക്കെ ആയിട്ട് പോയെങ്കിലും പിറ്റേ വർഷം സനൂപിന് ld clerk തസ്തികയിൽ ജോലി കിട്ടിയതോടെ അവന്റയും വീട്ടുകാരെയും സ്വഭാവം മൊത്തത്തിൽ മാറി.

അതോടെ സനൂപിന്റെ ഭാര്യ എന്ന പദവിയിൽ നിന്നും വീട്ടിലെ വേലക്കാരി എന്ന നിലയിലേക്ക് ദീപ തരംതാഴ്ത്തപ്പെട്ടു. അവന്റെ ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്തതും അതിനൊരു കാരണമായിരുന്നു.

ശമ്പളം കൊടുക്കാതെ ഒരു വേലക്കാരി ഉണ്ടല്ലോ വീട്ടിൽ എന്ന് കരുതിയാണ് സനൂപും വീട്ടുകാരും അവളെ അടിച്ചിറക്കി വിടാത്തത്. പിന്നെ കുട്ടികൾ വേണമെന്ന് സനൂപിനും വല്യ ആഗ്രഹം ഒന്നുമില്ലായിരുന്നു. പ്രശ്നം ദീപയുടെ തന്നെ ആയിരുന്നു.

അനൂപിന് രണ്ട് മക്കൾ ഉള്ളത് കൊണ്ട് അവരെ കൊഞ്ചിക്കാനും ലാളിക്കാനും അച്ഛനും അമ്മയ്ക്കും പറ്റുന്നുണ്ട്. അതുകൊണ്ട് സനൂപിന് കുട്ടികൾ ഇല്ലെന്ന വിഷമം അച്ഛനെയും അമ്മയെയും ബാധിച്ചിട്ടില്ല. എന്നാൽ തന്റെ ദുഃഖങ്ങൾക്ക് ഒരു മറുമരുന്നായി ദൈവം ഒരു കുഞ്ഞിനെ പോലും തന്നില്ലല്ലോ എന്നോർത്ത് ദീപയ്ക്ക് സങ്കടമുണ്ട്.

ഡിഗ്രി വരെ പഠിച്ച അവളെ സനൂപ് ഒരു ജോലിക്ക് പോലും വിടില്ല അവന് അത് ഇഷ്ടവുമല്ല. അവർ തമ്മിൽ 10 വയസ്സ് വ്യത്യാസവുമുണ്ട്. സനൂപിന് 37, ദീപയ്ക്ക് 27 ഉം ആണ് പ്രായം.

പലപ്പോഴും എല്ലാം ഉപേക്ഷിച്ചു പോരാൻ ദീപയ്ക്ക് തോന്നിയിട്ടുണ്ട്. അച്ഛൻ ഒരു രോഗി ആയത് കൊണ്ടാണ് എല്ലാം സഹിക്കുന്നത്. കെട്ടിച്ചു വിട്ട മകൾ എല്ലാം ഉപേക്ഷിച്ചു പോയാൽ അത് അച്ഛന് താങ്ങാൻ പറ്റിയില്ലെങ്കിലോ എന്ന പേടി.

ഒത്തിരി നേരം കരഞ്ഞപ്പോൾ ഇത്തിരി ആശ്വാസം തോന്നി ദീപയ്ക്ക്.

അയല്പക്കത്തെ ആരെയെങ്കിലും കൂട്ടി അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ട് പോണമെന്നും തനിക്ക് വരാൻ കഴിയില്ലെന്നും ദീപ അമ്മയെ ഫോണിൽ വിളിച്ചു അറിയിച്ചു.

ശേഷം അലക്കാനുള്ള തുണി എടുക്കാൻ മുറിയിലേക്ക് ചെന്ന അവൾ കാണുന്നത് ഒരിക്കലും കാണാൻ പാടില്ലാത്ത കാഴ്ച്ചയാണ്.

സനൂപിന്റെ മുറപ്പെണ്ണ് മീന അവന്റെ നെഞ്ചിൽ ചേർന്ന് നിൽക്കുന്നതാണ്. അവൾ കരയുന്നുമുണ്ട്. 2 വർഷമായിട്ട് ബന്ധം പിരിഞ്ഞു നിൽക്കുകയാണ് മീന. 5 വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ട്. അവരുടെ അടുത്ത വീട്ടിൽ ആണ് താമസവും.

“നമ്മളിനി ന്താ ചെയ്യാ ഏട്ടാ… ബന്ധം പിരിഞ്ഞു നിൽക്കുന്ന ഞാൻ ഗർഭിണി ആണെന്ന് ആരെങ്കിലും അറിഞ്ഞാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല.

“നമുക്കിത് അബോർഷൻ ചെയ്യാം.

സനൂപ് പറഞ്ഞു.

“ഏട്ടന്റെ കുഞ്ഞിനെ കളയാൻ എനിക്ക് വയ്യ. ഏട്ടൻ ദീപയെ ഉപേക്ഷിക്ക്. ഏട്ടന്റെ ഒരു കുഞ്ഞിനെ തരാൻ അവൾക്ക് പറ്റിയില്ലല്ലോ.

അവർ പറയുന്ന കേട്ട് ദീപ ഞെട്ടി നിന്നു. വാ പൊത്തി കരഞ്ഞു കൊണ്ട് അവൾ ഭിത്തിയിൽ ചാരി നിന്നു.

“നീ ഇപ്പോ വീട്ടിൽ പൊയ്ക്കോ മീനെ. ഞാൻ എന്ത് വേണമെന്ന് ആലോചിക്കട്ടെ.

സനൂപാണ്.

“വേണ്ട… ആരും പോകണ്ട. പോകേണ്ടത് ഞാനാണ്. ഞാൻ ഒഴിഞ്ഞു മാറി തരാം.

അവർക്ക് മുന്നിലേക്ക് വന്ന് ദീപ പറഞ്ഞു.

അവളെ പെട്ടെന്ന് കണ്ടതും രണ്ടാളും നടുങ്ങി പോയി.

പിന്നീട് ഒരു ചോദ്യത്തിനോ പറച്ചിലിനോ നിൽക്കാതെ ദീപ തന്റെ സാധനങ്ങൾ ഒരു ബാഗിലാക്കി അവിടെ നിന്നും ഇറങ്ങി.

അച്ഛനെ സാവധാനം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ദീപ സ്വന്തം വീട്ടിൽ സമാധാനത്തോടെ കഴിഞ്ഞു. ജീവിക്കാൻ ഒരു ജോലിയും അവൾ കണ്ടെത്തി. അതിനിടെ സനൂപുമായി ഡിവോഴ്സ്സും കഴിഞ്ഞു.

കോടതി മുഖേന ഡിവോഴ്സ് കിട്ടും മുന്നേ തന്നെ സനൂപ് മീനയെ കല്യാണം കഴിച്ചു. അവർക്ക് ഒരു പെൺകുട്ടിയും ഉണ്ടായി. പക്ഷേ അത്ര രസത്തിൽ അല്ലായിരുന്നു അവരുടെ ദാമ്പത്യം. കാരണം സനൂപിന് വേറെയും പെണ്ണുങ്ങളുമായി ബന്ധം ഉള്ളത് അവന്റെ ഫോണിൽ നിന്നും മീന കണ്ട് പിടിച്ചത് ആകെ പ്രശ്നമായി.

ദീപ ഇതൊന്നും അന്വേഷിക്കാത്തത് കൊണ്ട് അവൾ ഒന്നും അറിഞ്ഞിരുന്നില്ല. എന്തായാലും പല പെണ്ണുങ്ങളെ തേടി പോകുന്നവനിൽ നിന്നും താൻ രക്ഷപെട്ടല്ലോ എന്നോർത്ത് അവൾ സമാധാനിച്ചു.

 

✍️ഹേര

Leave a Reply

Your email address will not be published. Required fields are marked *