“കണ്ട പെൺപിള്ളേർക്ക് വൃത്തികെട്ട മെസേജുകൾ അയച്ചും കയ്യിലുള്ള കാശ് എല്ലാം അവർക്ക് കടം കൊടുത്തും നാലും തികഞ്ഞ് നടക്കുവായിരുന്നില്ലേ നിങ്ങൾ ”
കീർത്തിയുടെ ഒച്ചയുയരുമ്പോൾ അടങ്ങാത്ത രോഷത്തിൽ പല്ലിറുമ്മി സനോജ്.
” എന്തെ ഒന്നും പറയാൻ ഇല്ലേ.. ഭാര്യയായി ഞാൻ ഇവിടുള്ളത് താൻ മറന്നു പോയോ.. അതോ എന്നെ കൊണ്ട് തികയില്ല എന്നാണോ.. ”
ചോദ്യങ്ങൾ ഒന്നിന് പിറകെ ഒന്നായി എത്തുമ്പോൾ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞു
സനോജും കീർത്തിയും വിവാഹിതരായിട്ട് മൂന്ന് വർഷങ്ങൾ കഴിയുന്നു. ഒരു മോളുമുണ്ട് അവർക്ക്. ആയിടെ സനോജിന്റെ ഫോണിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ട് സംശയം തോന്നിയ കീർത്തി അവനറിയാതെ അവന്റെ വാട്സ്ആപ്പ് ചാറ്റ് തന്റെ ഫോണിൽ ലിങ്ക് ചെയ്തിട്ടു. അതിനു ശേഷമാണ് പല സ്ത്രീകളുമായും സനോജ് വഴിവിട്ട് സംസാരിക്കാറുണ്ട് എന്നും പലർക്കും അവൻ സാമ്പത്തിക സഹായങ്ങൾ ചെയ്യാറുണ്ടെന്നും കീർത്തി അറിയുന്നത്. ഒരു തരത്തിലും അംഗീകരിക്കുവാൻ കഴിയാത്ത കാര്യമായതിനാൽ തന്നെ അവൾ രണ്ട് വീട്ടുകാരെയും വിവരം അറിയിച്ചു. ഇന്നിപ്പോ വീട്ടുകാരുടെ മുന്നിൽ വച്ച് സനോജിനേ വിചാരണ ചെയ്യുകയാണവൾ.
” മോനെ.. ഇതെന്തൊക്കെയാണ് ഞങ്ങൾ ഈ കേൾക്കുന്നെ.. ഇത്രയ്ക്കും വൃത്തികെട്ടവനാണോ നീ… വിശ്വസിക്കുവാൻ പറ്റുന്നില്ല.. ”
അമ്മയുടെ ആ വാക്കുകൾ സനോജിന്റെ ഉള്ളിൽ ഒരു നീറ്റലായി പക്ഷെ കലി തുള്ളി നിൽക്കുന്ന കീർത്തിയുടെ മുന്നിൽ തോറ്റു കൊടുക്കുവാൻ അവന് മനസ്സ് വന്നില്ല..
” കീർത്തി നീ പറഞ്ഞതെല്ലാം സത്യമാണ്. എനിക്ക് തെറ്റ് പറ്റി.. അതിനെ ന്യായീകരിക്കുവാൻ വരില്ല ഞാൻ കാരണം തെറ്റ് തെറ്റ് തന്നെയാണ്. പക്ഷെ എന്റെ അമ്മയുടെ മുന്നിൽ എങ്കിലും ചില കാര്യങ്ങൾ എനിക്ക് തുറന്ന് പറയണം… ”
ഒന്ന് നിർത്തി സനോജ് അമ്മയുടെ നേരെ തിരിയുമ്പോൾ എല്ലാരും സംശയത്തോടെ തന്നെ നോക്കി
” അമ്മേ.. ഞാൻ തെറ്റ് ചെയ്തു… ക്ഷമിക്കണം.. പക്ഷെ ആ തെറ്റിലേക്ക് എന്നെ നയിച്ചത് ദേ ഇവളും കൂടി ചേർന്നിട്ടാണ്.. ”
കീർത്തിയുടെ നേരെ സനോജ് വിരൽ ചൂണ്ടുമ്പോൾ ഒരു നിമിഷം എല്ലാവരുടെയും നെറ്റി ചുളിഞ്ഞു.
” ഞാനോ.. നിങ്ങൾ കുടുംബം മറന്ന് അഴിഞ്ഞാടി നടന്നതിനു ഞാൻ എങ്ങിനെയാണ് കാരണക്കാരി ആകുന്നത്.. ”
കീർത്തി രോഷത്തോടെ മുന്നിലേക്ക് കയറി ചോദിക്കുമ്പോൾ വീണ്ടും അമ്മയുടെ നേരെ തന്നെ തിരിഞ്ഞു സനോജ്.
” അമ്മേ. ഓർമ്മയുണ്ടോ ഇവൾ പ്രഗ്നെന്റ് ആയ ശേഷം നാലാം മാസം സ്കാനിങ്ങിന് പോയത്. അന്ന് ട്യൂബ് അകത്തുകൂടി കയറ്റി സ്കാൻ ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഇവൾക്ക് വലിയ പേടി ആയിരുന്നു വേദനയാണെന്ന് പറഞ്ഞിട്ട്. സ്കാനിങ് കഴിഞ്ഞു ഡോക്ടർ ചോദിച്ചൊരു ചോദ്യമുണ്ട്. ഇത്രയും വേദനയൊക്കെയാണേൽ പിന്നേ ഇതെങ്ങിനെ സംഭവിച്ചുവെന്ന്. കീർത്തി അത് വല്യ കാര്യം പോലെ നിങ്ങളോടൊക്കെ വന്ന് പറയുമ്പോൾ സത്യത്തിൽ എനിക്ക് ഉള്ളിൽ വല്ലാത്ത ചളിപ്പ് തോന്നിയിരുന്നു. ”
ഒന്ന് നിർത്തി കീർത്തിയുടെ അമ്മയുടെ നേരെ തിരിഞ്ഞു അവൻ.
” നിങ്ങളുടെ മകൾ പല കാര്യങ്ങളിലും പിന്നിലാണ്. വിവാഹം കഴിഞ്ഞുവെങ്കിലും ഇന്നും അവളുടെ ലൈഫിൽ അവൾ ഏറ്റവും പ്രയോറിറ്റി കൊടുക്കുന്നത് നിങ്ങൾക്കും വീടിനുമൊക്കെയാണ്. അത് കഴിഞ്ഞേ ഭർത്താവായുള്ള എനിക്ക് പോലും സ്ഥാനം ഉള്ളു.. നിങ്ങടെ വീട്ടിൽ ഒരു വിശേഷം വന്നാൽ പിന്നേ എന്റെ കാര്യങ്ങൾ പോലും കീർത്തി മറക്കും. ഞാൻ എന്തെങ്കിലും കുറ്റപ്പെടുത്തിയാൽ എനിക്ക് നേരെ കടിച്ചു കീറുവാൻ വരും.. ഇതാണോ ഉത്തമ ഭാര്യ.. ”
ആ ചോദ്യത്തിന് മുന്നിൽ മറുപടി ഇല്ലാതെ അമ്മ കുഴയുന്നത് കാൺകേ ഇടയിലേക്ക് കയറി കീർത്തി.
” നിങ്ങൾ എന്താ സ്വന്തം തെറ്റുകൾ എന്റെ മേൽ വച്ച് രക്ഷപ്പെടാൻ നോക്കുവാണോ.. “.
” ഒരിക്കലുമില്ല.. ഞാൻ ചെയ്തത് വലിയ തെറ്റ് ആണ്… അതിനെ ഒരിക്കലും ഞാൻ ന്യായീകരിക്കില്ല.. പക്ഷെ എന്റെ തെറ്റുകൾ വാരി വലിച്ചു വിവരിക്കുമ്പോൾ ഇടക്ക് നിന്റെ പിഴവുകൾ കൂടി നീ മനസിലാക്കണം.. നിന്നിൽ നിന്നും പലതും കിട്ടാതെ വന്നപ്പോൾ അത് ചൂണ്ടിക്കാണിച്ചിട്ടും മാറ്റങ്ങൾ ഇല്ലാതെ വന്നപ്പോൾ എപ്പോഴോ എന്റെ മനസ്സ് കൈവിട്ടു പോയി.. അതാണ് സംഭവിച്ചത്.. ”
വളരെ ശാന്തമായി വ്യക്തമായി തന്നെയാണ് സനോജ് മറുപടി പറഞ്ഞത്.
” മോനെ.. നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരസ്പരം പറഞ്ഞു തീർക്കുകയല്ലേ വേണ്ടത്.. ഇതിപ്പോ മറ്റു പല പെണ്ണുങ്ങളുടെയും പിന്നാലെ പോയി പിടിക്കപ്പെട്ടപ്പോൾ ഇങ്ങനൊരു ന്യായീകരണം പറയുന്നത് ശെരിയാണോ.. ”
കീർത്തിയുടെ അച്ഛനാണ് ചോദിച്ചത്
” ശെരിയല്ല.. എനിക്ക് അറിയാം.. പക്ഷെ എന്താ ചെയ്ക ഞാൻ.. എത്ര വട്ടം ഇവളോട് പറഞ്ഞിട്ടുണ്ട് എന്ന് അറിയോ.. ഞങ്ങളുടെ ദാമ്പത്യം പുറമെ സന്തോഷകരമായി തോന്നുമെങ്കിലും അങ്ങിനെയല്ലായിരുന്നു. സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളും നടക്കുവാൻ ഏതറ്റം വരെയും പോകുന്ന ക്യാറക്ടർ ആണ് കീർത്തി. അതിനായി അവൾ എന്തും പറയും. കല്യാണം കഴിഞ്ഞു ഭാര്യ ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നത് ഒരു നാട്ടു നടപ്പ് അല്ലെ.. എന്നിട്ട് നിങ്ങടെ മോൾ എത്ര ദിവസം എന്റെ വീട്ടിൽ നിന്നിട്ടുണ്ട് എന്ന് ഓർത്തു നോക്കണം നിങ്ങൾ. ആ വീടോ ദേ ഇരിക്കുന്ന എന്റെ അമ്മയോ ഒന്നും ഇവൾക്ക് വേണ്ടപ്പെട്ടവർ അല്ല.. മുന്നേ ഞാൻ പറഞ്ഞപോലെ നിങ്ങടെ കുടുംബം ആണ് അവൾക്ക് വലുത്. പലവട്ടം ഈ കാര്യം ഇവിടെ വന്ന് പറഞ്ഞു കീർത്തിയെ പറഞ്ഞു തിരുത്തണം എന്ന് റിക്വസ്റ്റ് ചെയ്തിട്ടില്ലേ ഞാൻ എന്നിട്ട് നിങ്ങൾ എന്ത് ചെയ്തു.. ”
മറുപടി പറഞ്ഞത് അച്ഛനോടായിരുന്നെങ്കിലും അവസാനത്തെ ചോദ്യം കീർത്തിയുടെ അമ്മയോടായിരുന്നു. ആ ചോദ്യത്തിന് മുന്നിൽ വ്യക്തമായൊരു മറുപടി നൽകുവാൻ അവർക്കും കഴിഞ്ഞില്ല. അതോടെ സനോജിന്റെ അമ്മ മുന്നിലേക്കെത്തി.
” നോക്ക് സംഭവിക്കാൻ ഉള്ളത് സംഭവിച്ചു.. ഇനി ഈ പ്രശ്നത്തിന് എന്താണ് പരിഹാരം അതല്ലേ നമ്മൾ നോക്കേണ്ടത്.. ”
ആ പറഞ്ഞത് ശെരിയാണെന്ന് എല്ലാവർക്കും തോന്നി.
” എനിക്കറിയാം.. ഞാൻ ചെയ്തത് വലിയ തെറ്റ് ആണ്. ഭാര്യയുള്ളപ്പോൾ ഞാൻ മറ്റു പെണ്ണുങ്ങളുടെ പിന്നാലെ പോകാൻ പാടില്ലായിരുന്നു. പക്ഷെ ജസ്റ്റ് ചാറ്റ് ആൻഡ് കോൾസ്.. അതിനപ്പുറം ഒരു റിലേഷന് പോയിട്ടില്ല ഞാൻ. എങ്കിലും തെറ്റ് തെറ്റാണ്. മാപ്പ് തരണം.. ഇനി ഒരിക്കലും ആവർത്തിക്കില്ല ഞാൻ.. കീർത്തിക്ക് എന്നോട് ക്ഷമിക്കുവാൻ കഴിയുമെങ്കിൽ ക്ഷമിക്കണം ”
തന്റെ തെറ്റ് ഏറ്റു പറഞ്ഞു സനോജ് നിൽകുമ്പോൾ എല്ലാവരുടെയും നോട്ടം പോയത് കീർത്തിയിലേക്കാണ്.
” എനിക്ക് ഇത് അംഗീകരിക്കുവാൻ ബുദ്ധിമുട്ട് ഉണ്ട്… ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. എന്നോട് ആണ് ചെയ്തത് എന്നിട്ടും ഇവിടെ വന്ന് വലിയ വായിൽ ന്യായീകരങ്ങൾ പറഞ്ഞുവല്ലോ.. ”
അവളുടെ മറുപടി കേൾക്കെ ഒരു നിമിഷം മൗനമായി സനോജ്.
” ശെരി… അങ്ങിനെയെങ്കിൽ അങ്ങിനെ.. ഞാൻ നിന്നെ കുറ്റം പറയില്ല തെറ്റ് എന്റെയാണ്.. ഇനി വിധിപോലെ നടക്കട്ടെ കാര്യങ്ങൾ… ”
അവരുടെ രണ്ടാളുടെയും ആ മറുപടി എല്ലാവരിലും നിരാശ പടർത്തി. അതോടെ കീർത്തിയുടെ അച്ഛൻ മുന്നിലേക്ക് കയറി.
” മക്കളേ ജീവിതം നിങ്ങളുടേതാണ്. അടിച്ച് പിരിയാൻ എളുപ്പമാണ്. ഒന്നിച്ചു ചേർന്ന് മുന്നോട്ട് പോകാനാണ് ഏറെ പ്രയാസകരം. സനോജ് ചെയ്തത് വലിയ തെറ്റാണ്. പക്ഷെ അതേറ്റു പറഞ്ഞത് ആത്മാർത്ഥമായാണേൽ ഒരു അവസരം അവന് കൊടുക്കുന്നതിൽ തെറ്റില്ല മോളെ..”
കീർത്തിയ്ക്ക് നേരെ തിരിഞ്ഞു അയാൾ.
” മോളെ.. അതുപോലെ തന്നെ സനോജ് ഇവിടെ പറഞ്ഞ കാര്യങ്ങൾ.. കുറച്ചൊക്കെ വാസ്തവമുണ്ട് എന്ന് എനിക്കും തോന്നിയിട്ടുണ്ട്. നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾ തന്നെ തീർക്കും എന്ന് കരുതി പലപ്പോഴും ഞങ്ങൾ സൈലന്റ് ആയി. പക്ഷെ ഒന്നും എവിടെയും തീർന്നില്ല. കുടുംബ ജീവിതത്തിൽ മോള് കുറച്ചു കൂടി ആത്മാർത്ഥത കാണിക്കണമായിരുന്നു. ഇനി പഴയതൊന്നും കുത്തിപ്പൊക്കിയിട്ട് കാര്യമില്ല എന്ന് അറിയാം ഒരു കാര്യം മാത്രം ഓർക്കണം.. പരസ്പരം വിട്ടു കൊടുക്കലും സ്നേഹമാണ്…. ഇനിയെല്ലാം മോള് തീരുമാനിക്ക്… ”
അച്ഛന്റെ വാക്കുകൾ കീർത്തിയെ ആഴത്തിൽ ചിന്തിപ്പിച്ചു. ഒടുവിൽ എല്ലാവരും ആഗ്രഹിച്ച തീരുമാനത്തിലേക്കെത്തപ്പെട്ടു അവൾ.. സനോജിനോട് ക്ഷമിച്ചു ഒരു അവസരം കൂടി നൽകി.
” ഇതൊരു പുതിയ ജീവിതമാകണം നമുക്ക്… പരസ്പരം പറയാനുള്ളതെല്ലാം തുറന്ന് പറഞ്ഞുകൊണ്ട് തെറ്റുകൾ തിരുത്തിയൊരു ജീവിതം. എനിക്ക് തോന്നുന്നു ഒരു കൗൺസിലിംഗിലൂടെ തന്നെ നമുക്ക് വീണ്ടും തുടങ്ങാം. ഒരു നല്ല മാറ്റത്തിന് അത് സഹായകരമാകും. ”
സനോജ് പറഞ്ഞ ആ അഭിപ്രായത്തോട് കീർത്തിയും യോജിച്ചു. തെറ്റുകൾ ഏറ്റു പറഞ്ഞു പുതിയൊരു ജീവിതം ആരംഭിച്ചു അവർ..
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു.
