അറിഞ്ഞിടത്തോളം അവന്റെ വികാരങ്ങൾ ഒരു പെണ്ണിൽ ഒതുങ്ങുന്നതല്ല.. അങ്ങനൊരുത്തനെ വിവാഹം കഴിക്കാൻ നിക്കുവാണോ നീ..” മീരയുടെ ചോദ്യം കേട്ട്….

“അരുൺ.. അവൻ ഇതിനോടകം പല സ്ത്രീകളുമായും ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്….”

മീര പറയുമ്പോൾ മൗനമായി അനുശ്രീ.

” എടോ… ഞാൻ പറഞ്ഞത് താൻ കേട്ടില്ലേ.. അവൻ ആള് ശെരിയല്ല.. ഞാൻ ഒന്ന് അന്വേഷിച്ചപ്പോ അറിഞ്ഞ കാര്യമാണ്..”

വീണ്ടുമവൾ ആവർത്തിക്കുമ്പോൾ മുഖമുയർത്തി ഒന്ന് നോക്കി അനുശ്രീ..

“മീരാ.. അരുൺ നിന്നെ പറ്റിയും തിരക്കി.. നീ കാണാൻ സുന്ദരിയാണ് നിന്നെ കാണുമ്പോൾ അവനെന്തോ വല്ലാത്ത ഒരു ആകർഷണമാണെന്നൊക്കെ..”

അവൾ പറഞ്ഞത് കേട്ട് ഒരു നിമിഷം നടുങ്ങി പോയി മീര.

” എന്തുവാ നീ പറയുന്നേ അനു.. അതിനു ഞാനും അവനും തമ്മിൽ അങ്ങിനെ സംസാച്ചിട്ടൊന്നും ഇല്ലല്ലോ.. നിങ്ങടെ എൻഗേജ്മെന്റ് കഴിഞ്ഞു തമ്മിലുള്ള വഴക്കുകൾക്ക് മധ്യസ്തത പറയാൻ നീ തന്നെയല്ലേ എന്നെ നിർബന്ധിച്ചതും അവന് പരിചയപ്പെടുത്തിയതും.”

“അതേ.. അങ്ങിനെയാണ്.. പക്ഷെ എനിക്കറിയില്ല എന്താ ചെയ്യേണ്ടേ എന്ന്… അവനെ പറ്റി അറിഞ്ഞ കാര്യങ്ങളെല്ലാം ഞാൻ നിന്നോട് പറഞ്ഞതല്ലേ.. വേറെയും പലരുമായും അവൻ ഫിസിക്കൽ റിലേഷനിൽ വരെ…..”

പറഞ്ഞു നിർത്തുമ്പോൾ വിതുമ്പി പോയി അനുശ്രീ.

“എന്റെ പൊന്ന് അനൂ .. നീ ഒന്ന് മനസിലാക്ക് അവൻ നിനക്ക് ചേർന്നൊരു ചെക്കനല്ല… അറിഞ്ഞിടത്തോളം അവന്റെ വികാരങ്ങൾ ഒരു പെണ്ണിൽ ഒതുങ്ങുന്നതല്ല.. അങ്ങനൊരുത്തനെ വിവാഹം കഴിക്കാൻ നിക്കുവാണോ നീ..”

മീരയുടെ ചോദ്യം കേട്ട് മറുപടിയില്ലാതെ തല കുമ്പിട്ടു അനുശ്രീ..

” ശ്ശേ.. എന്ത് വൃത്തികെട്ടവൻ ആണവൻ… നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഞാനെന്ന് അറിയില്ലേ… എന്നിട്ടും നിന്നോട് തന്നെ എന്നെ പറ്റി വന്ന് പറയുന്നു.. ”

കേട്ടത് അപ്പോഴും വിശ്വസിക്കുവാൻ കഴിഞ്ഞില്ല മീരയ്ക്ക്.

“എനിക്ക് അവനെ മറക്കാൻ പറ്റില്ല മീര.. അത്രക്ക് ഇഷ്ടപ്പെട്ടു പോയി.. അഞ്ചു വർഷം പ്രണയിച്ചതല്ലേ… ഇപ്പൊ എൻഗേജ്മെന്റും കഴിഞ്ഞു..അവനെ എങ്ങിനെയും നേരെയാക്കി എടുക്കണം എനിക്ക് അതിനു നീ എന്നെ സഹായിക്കോ ”

കെഞ്ചുകയായിരുന്നു അനുശ്രീ അപ്പോൾ. എന്നാൽ അത് കേട്ട പാടെ വല്ലാത്ത അരിശം തോന്നിപ്പോയി മീരയ്ക്ക്.

” കഷ്ടം…. അഞ്ചു വർഷത്തെ പ്രണയം.. ഇപ്പോ എൻഗേജ്മെന്റ് കഴിഞ്ഞു രണ്ട് വർഷം ആകുന്നു… അവനൊരു ഫ്രോഡ് ആണെന്ന് വ്യക്തമായി അറിഞ്ഞിട്ടും ഇനീം നിനക്ക് അവനെ വേണോ… കൂടെ പഠിച്ചവർ.. ഒപ്പം ജോലി ചെയ്തവർ അങ്ങിനെ ആരെല്ലമായി അവന് ഫിസിക്കൽ റിലേഷൻ ഉണ്ടായിട്ടുണ്ട്… എല്ലാം അറിഞ്ഞിട്ടും നിനക്ക് ഇതൊന്നും പ്രശ്നമല്ലേ… ഇപ്പോ ദേ എന്റെ പിന്നാലെയും വന്നു അവൻ….. പക്കാ ഫ്രോഡ് ആണവൻ.. ഒന്ന് മനസിലാക്ക്..”

വെറുപ്പോടെയാണവൾ പറഞ്ഞു നിർത്തിയത് എന്നാൽ അരുണിനെ പറ്റി മീര മോശമായി പറഞ്ഞത് അനുശ്രീയ്ക്ക് ഒട്ടും ഇഷ്ടമായില്ല. ഒരു നിമിഷം കൊണ്ടവളുടെ ഭാവം മാറി.

” നീ അവനെ അങ്ങിനെ അടച്ചാക്ഷേപിക്കരുത്… ഞാൻ വിവാഹം കഴിക്കാൻ പോകുന്ന ആളാണ് അരുൺ.. പിന്നേ ഈ പറയുന്ന നീ ഇനി അവനോട് എങ്ങിനെ ആണ് സംസാരിച്ചത് എന്ന് ഞാൻ എങ്ങിനെ അറിയും.. ഞങ്ങടെ പ്രശ്നം സോൾവാക്കാൻ ആണ് ഞാൻ നിന്റെ സഹായം ആവശ്യപ്പെട്ടത്. അതിനിടയിൽ നീ ചരട് വലിച്ചില്ലെന്ന് എനിക്ക് എന്ത് ഉറപ്പ്.. ഡിവോഴ്സ് ആയി നിൽക്കുവല്ലേ നീ.. ഒരു ആശ്രയം നീയും ആഗ്രഹിക്കുമല്ലോ… ”

ഇത്തവണ ശെരിക്കും ഞെട്ടി മീര.. അവളിൽ നിന്നും അത്തരമൊരു പ്രതികരണം മീര ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ഒരു നിമിഷം ഉള്ളിൽ എവിടെയോ കുഴിച്ചു മൂടിയ ഓർമ്മകൾ അവളെ വീണ്ടുമവളെ വേട്ടയാടി.. ഡിവോഴ്സ്.. മറന്നു തുടങ്ങിയതായിരുന്നു അവൾ എല്ലാം..

” അനു.. എന്തൊക്കെയാ നീയീ പറയുന്നേ… എന്നെപ്പറ്റി… എന്നെപ്പറ്റി ഇങ്ങനൊക്കെയാണോ നീ കരുതിയേക്കുന്നത്.. ”

മീരയുടെ ശബ്ദമിടറി. എന്നാൽ ആ വാക്കുകൾ അനുശ്രീയിൽ ഒരു കുലുക്കവുമുണ്ടാക്കിയില്ല.

” അനു.. ഞാനും അരുണും തമ്മിലുള്ള ചാറ്റുകൾ നിനക്ക് കാണണോ.. ദേ നോക്ക് എന്തേലും ഒരു കാര്യം മോശമായി ഞാൻ അവനോട് പറഞ്ഞിട്ടുണ്ടോ എന്ന് നോക്ക് നീ… ”

ഫോൺ അനുശ്രീയ്ക്ക് നേരെ നീട്ടിയ മീര അറിയാതെ കരഞ്ഞു പോയി..

” എനിക്കൊന്നും അറിയേണ്ട.. അവനിപ്പോ എന്നേക്കാൾ താത്പര്യം നിന്നോടാണ്. അതെനിക്ക് മനസിലായി നീ ഇനി എന്ത് മന്ത്രം ചെയ്താണ് അരുണിനെ മയക്കിയത് എന്ന് എനിക്ക് അറിയില്ല.. പക്ഷെ എന്ത് ചെയ്തിട്ട് ആയാലും അവനെ നീ എനിക്ക് തിരിച്ചു തരണം… അവനില്ലാതെ പറ്റില്ല എനിക്ക്…ഇല്ലേ ചത്ത് കളയും ഞാൻ ”

അനുശ്രീയുടെ ഓരോ വാക്കുകളും മീരയുടെ ചങ്കിലാണ് തറച്ചത്. വർഷങ്ങളായുടെ സൗഹൃദമായിരുന്നു രണ്ടാളും. വിവാഹ ശേഷം ദാമ്പത്യം പരാജയപ്പെട്ടു മീര ഡിപ്രഷന്റെ വക്കിൽ വരെ എത്തിയപ്പോൾ അന്ന് കൂടെ നിന്നതാണ് അനുശ്രീ.. ഒരിക്കലും അവൾ മറ്റൊരു ആണിന്റെ പിന്നാലെ പോകില്ല എന്നതും വ്യക്തമായി അറിയാവുന്നവൾ എന്നിട്ടും സ്വന്തം കാര്യം വന്നപ്പോൾ എല്ലാം മറന്നു അവൾ..

എന്ത് ചെയ്യണമെന്നറിയാതെ അങ്ങിനെ നിന്നു മീര. ചങ്ക് പൊട്ടുന്ന വേദന തോന്നിയിട്ടും പിടിച്ചു നിന്നു അവൾ. അത്രമേൽ ഇഷ്ടമായിരുന്നു അനുശ്രീയെ അവൾക്ക് പക്ഷെ ഇപ്പോൾ അവളുടെ പെരുമാറ്റം ആകെ നടുക്കമായി. അല്പസമയം നിശബ്ദത തളം കെട്ടുമ്പോൾ ഉള്ളിലൊരു തീരുമാനം എടുത്തു മീര.

” അനു.. നിന്റെ അരുണിനെ വശീകരിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല ഞാൻ അങ്ങനൊരു ചിന്തയും എന്റെ മനസ്സിൽ ഇല്ല… വേണമെങ്കിൽ വിശ്വസിക്കാം നിനക്ക്.. നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും എന്നെ കൊണ്ടാകില്ല.. എനിക്ക് ആകെ ചെയ്യുവാൻ കഴിയുന്നത് ഒരൊറ്റ കാര്യം ആണ്.. അത് ചെയ്യാം ഞാൻ.. ഇനി മേലിൽ… നിങ്ങൾക്കിടയിലേക്ക് വരില്ല ഞാൻ.. നിങ്ങൾക്കിടയിൽ എന്നല്ല… നിന്റെ മുന്നിലേക്കും ഇല്ല… സ്വയം ഒഴിഞ്ഞു മാറുവാ ഞാൻ ”

വേദനയോടെ മീര പറഞ്ഞു നിർത്തുമ്പോൾ അനുശ്രീയിൽ ഒരു ഭാവമാറ്റവുമുണ്ടായില്ല.. അരുൺ എന്ന സ്വാർത്ഥതയിൽ ഉറ്റ സുഹൃത്തിനെ പോലും മറന്നിരുന്നു അവൾ.

ആ സൗഹൃദം അന്നവിടെ അവസാനിച്ചു. തിരിഞ്ഞു നടന്ന മീര ഒരു നിമിഷം ഒന്ന് നിന്നു.

” അനു.. പൊതുവെ നമ്മുടെ നാട്ടുകാർക്ക്.. ഇപ്പോ നിനക്കും ഒരു വിചാരം ഉണ്ട്. ഈ ഡിവോഴ്സ് ആയ സ്ത്രീകൾ എന്തിന്റെയൊക്കെയോ കുറവുകൾ അനുഭവിക്കുന്നവരാണ് എന്ന്… ഇതൊക്കെ തോന്നലാണെടി.. കാമം മൂത്ത് കാണുന്ന ആണുങ്ങളുടെ പിന്നാലെ പോകുന്ന സ്വഭാവം എനിക്കില്ല… പിന്നേ നിന്റെ കാര്യം.. അത് നിനക്ക് തീരുമാനിക്കാം.. ആ തീരുമാനം വിജയിച്ചാലും പരാജയപെട്ടാലും ഇനി എനിക്ക് അതിൽ ഒന്നുമില്ല… ”

അത്രയും പറഞ്ഞു പുച്ഛത്തോടെ മീര നടന്നകലുമ്പോൾ ആ നിമിഷം ഉള്ളിൽ ഒരു കുത്തൽ തോന്നി അനുശ്രീയ്ക്ക്. തന്റെ പെരുമാറ്റം മോശമായി പോയോ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചു അവൾ. പക്ഷെ അപ്പോഴേക്കും മീര അവളിൽ നിന്നും അകന്നിരുന്നു..

പിന്നീട് ഒരിക്കലും അവർ തമ്മിൽ കൂട്ട് കൂടിയിട്ടില്ല പക്ഷെ മീരയുടെ നിരീക്ഷണം കൃത്യമായിരുന്നു അരുണും അനുശ്രീയും വിവാഹിതരായെങ്കിലും മറ്റു പല സ്ത്രീകളുമായും വിവാഹ ശേഷവും അരുൺ ബന്ധം പുലർത്തുന്നത് വേദനയോടെ തിരിച്ചറിഞ്ഞ അനുശ്രീ ഒടുവിൽ അവനിൽ നിന്നും അകലുവാൻ നിർബന്ധിതയായി…. ഇത്തവണ അവളെ താങ്ങി നിർത്തുവാൻ മീരയില്ലായിരുന്നു…
അവൾ പ്രവാസം സ്വീകരിച്ചു ഇന്ന് നല്ല നിലയിൽ ജീവിക്കുന്നു. ഡിവോഴ്സിന്റെ ട്രോമയിൽ നിന്നും അകന്ന് പുതിയൊരു ജീവിതം സ്വപ്നം കണ്ട് തുടങ്ങിയിരിക്കുന്നു.

മീരയുടെയും അനുശ്രീയുടെയും സൗഹൃദം മാത്രം ഇനിയൊരിക്കലും ചേരാത്ത വിധം അകന്നു പോയി…

അതങ്ങിനെയാണ് ആത്മാർത്ഥ സൗഹൃദങ്ങൾക്കിടയിൽ സ്വാർത്ഥതയും വിശ്വാസക്കുറവും വന്നുപെട്ടാൽ ആ സൗഹൃദം അവിടെ മരിച്ചു എന്ന് തന്നെ കരുതണം… പിന്നെയൊരു ഒത്തുചേരൽ അത് ഏറെ പ്രയാസകരമാണ്.

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *