തിരിച്ചു കിട്ടില്ലാ ന്ന് അറിഞ്ഞിട്ടും നിന്റെയീ തൊലിവെളുപ്പും അഴകും കണ്ടിട്ട് തന്നാ ഞാൻ കാശിറക്കിയത്… ” നരേന്ദ്രന്റെ തനി നിറം പുറത്ത്….

“തിരിച്ചു കിട്ടില്ലാ ന്ന് അറിഞ്ഞിട്ടും നിന്റെയീ തൊലിവെളുപ്പും അഴകും കണ്ടിട്ട് തന്നാ ഞാൻ കാശിറക്കിയത്… ”

നരേന്ദ്രന്റെ തനി നിറം പുറത്ത് വരുമ്പോൾ ഒന്ന് നടുങ്ങി ശ്രീദേവി.

” വൃത്തികേട്ട് പറയല്ലേ നരേന്ദ്രാ… ഞാനൊരുത്തൻ അവളുടെ ഭർത്താവായി ഇവിടുള്ളപ്പോ എന്റെ മുന്നിൽ നിന്ന് എങ്ങിനെ നിനക്ക് ഇതൊക്കെ പറയാൻ കഴിയുന്നു.”

വേദനയോടെ പ്രസാദ് ചോദിക്കുമ്പോൾ ഒരു വഷളൻ ചിരി ചിരിച്ചു നരേന്ദ്രൻ.

” ഭർത്താവെന്ന് പേരല്ലേ ഉള്ളു പ്രസാദേ.. അരയ്ക്ക് താഴേക്ക് തളർന്നു കിടക്കുന്ന നീ ഇവൾക്ക് എന്ത് സുഖം കൊടുക്കാനാണ്.. അവളും ഒരു പെണ്ണല്ലേ.. ആഗ്രഹങ്ങളൊക്കെ കാണും.. നിങ്ങൾ ഒന്ന് കണ്ണടച്ചാൽ ഇനി മുതൽ ബാക്കി കാര്യങ്ങളൊക്കെ ഇനി ഞാൻ നോക്കിക്കോളാം..ഇവള്. ഇവളെ കണ്ട അന്ന് മുതൽ എന്റെ മനസ്സിൽ. ഒരു കൊതി കയറിയതാണ്…”

വല്ലാതെ ചൂളിപ്പോയി ശ്രീദേവി അപ്പോൾ. പ്രസാദിന്റെ ഉള്ളിൽ ആ വാക്കുകൾ തറച്ചു കയറി.

” വീട്ടിൽ കേറി വന്ന് വൃത്തികേട് പറയരുത്.. താനെന്താ കരുതിയെ… ഞാനിവിടെ വികാരം മൂത്ത് നിൽക്കുവാണെന്നാണോ.. എന്നാൽ നിങ്ങൾക്ക് തെറ്റി തന്റേന്ന് ക്യാഷ് വാങ്ങിയിട്ടുണ്ടേൽ പിച്ചയെടുത്തിട്ട് ആയാലും ഞാനത് തിരിച്ചു തരും…. ”

കലി തുള്ളിക്കൊണ്ട് അലറി ശ്രീദേവി എന്നാൽ ആ വാക്കുകൾ കേട്ട് വീണ്ടുമൊന്ന് പുഞ്ചിരിച്ചു നരേന്ദ്രൻ.

“അഞ്ചു ലക്ഷം രൂപ.. പിച്ചയെടുത്തിട്ട്… നടന്നത് തന്നെ… നടക്കുന്ന വഴി വല്ലതും പറയ് എന്റെ ശ്രീദേവി.. ”

ശ്രീദേവിയുടെ ആവേശം കെട്ടടങ്ങുവാൻ ആ വാക്കുകൾ ധാരാളമായിരുന്നു.

” നരേന്ദ്രാ… നീ ഇങ്ങനെ കണ്ണിച്ചോരയില്ലാതെ സംസാരിക്കല്ലേ.. ഞങ്ങടെ അവസ്ഥ മുതലെടുക്കുകയാണോ നീ .. നിനക്ക് അറിയാലോ… ആക്‌സിഡന്റ് പറ്റി ഈ നാട്ടിലേക്ക് വന്ന് ഞാൻ ഇങ്ങനെ എണീക്കാൻ വയ്യാണ്ടായി കിടപ്പ് തുടങ്ങിയതോടെ ഇവിടുത്തെ നല്ലവരായ നാട്ടുകാര് പിരിവിട്ടു തരുന്നതും പലരും സഹായിക്കുന്നതുമൊക്കെയാണ് ഞങ്ങളുടെ വരുമാനം… കഷ്ടതകൾ മനസിലാക്കി ഈ വീടിന്റെ വാടക പോലും സത്യേട്ടൻ വാങ്ങാറില്ല… നാട്ടുകാർ സംഘടിച്ചു പിരിവിട്ടാണ് ഓരോ മാസവും ചിലവിനുള്ളത് തരുന്നത്. അതിനിടയിൽ ചികിത്സാ ആവശ്യത്തിനാ നിന്റേന്ന് കടം വാങ്ങേണ്ടി വന്നതും.. അത്രക്ക് ഗതികെട്ട് ജീവിക്കുന്ന ഞങ്ങളെ അവസ്ഥയറിഞ്ഞിട്ടും നിനക്ക് ദ്രോഹിക്കണോ..”

വേദനയോടെയാണ് പ്രസാദ് അത് ചോദിച്ചത്.

” എന്റെ പ്രസാദേ… അവസരങ്ങൾ ഒരിക്കൽ മാത്രമേ നമ്മളെ തേടി വരുള്ളൂ… എനിക്കിപ്പോ കിട്ടിയേക്കുന്നത് ഒരു വലിയ അവസരമാണ്. നിന്റെ ഭാര്യ ദേ ഇവൾ ഈ ശ്രീദേവി…. എന്റെ മനസ്സിൽ ഒരു മോഹമായി കടന്നു കൂടിയിട്ട് നാള് കുറെയായി… ഇപ്പോഴാണ് ആഗ്രഹം നേടിയെടുക്കുവാൻ എനിക്കൊരു അവസരം ലഭിച്ചത്… അത് വിട്ടുകളയാൻ മനസ് വരുന്നില്ലെടാ ചങ്ങാതി..”

അത്രയും പറഞ്ഞു കൊണ്ട് ശ്രീദേവിക്ക് നേരെ തിരിഞ്ഞു അയാൾ

” ശ്രീദേവി.. നല്ലോണം ആലോചിക്ക് നീ… രൂപ ഒന്നും രണ്ടുമല്ല.. അഞ്ചു ലക്ഷമാണ്. ഒന്ന് മനസ്സ് വച്ചാൽ ആ പൈസ ഞാൻ കളയും മാത്രമല്ല ഇനിയുള്ള കാലം നിങ്ങടെ കാര്യങ്ങൾ കൃത്യമായി ഞാൻ നോക്കും… ആലോചിക്ക് നല്ലോണം ആലോചിക്ക്.. ഇന്ന് രാത്രി ഞാൻ വരും… മറുപടി എന്തായാലും എന്റെ മുഖത്ത് നോക്കി പറയണം നീ. പക്ഷെ നെഗറ്റീവ് ആണേൽ.. നാളെ.. നാളെ നാളെ വെളുക്കുമ്പോൾ ഞാനൊരു വരവ് കൂടി വരും.. അത് പക്ഷെ നിങ്ങൾ താങ്ങില്ല… ”

ഭീക്ഷണിയോടെയാണ് നരേന്ദ്രൻ അവസാനിപ്പിച്ചത്.
അയാൾ പുറത്തേക്ക് നടന്നിറങ്ങി പോകുമ്പോൾ നടുക്കത്തിൽ പരസ്പരം നോക്കി പ്രസാദും ശ്രീദേവിയും.

” കാര്യങ്ങളെല്ലാം കൈവിട്ടു പോകുമോ ശ്രീദേവി… ”

ഒരു നടുക്കം പ്രസാദിന്റെ മിഴികളിൽ. തെളിയുമ്പോൾ ഉള്ളിൽ എന്തോ ഉറപ്പിച്ചിരുന്നു ശ്രീദേവി.

രാത്രിയിൽ പറഞ്ഞ പ്രകാരം നരേന്ദ്രൻ എത്തി. തുടരെ തുടരെ വാതിലിൽ തട്ടി വിളിക്കവേ ഗതിയില്ലാതെ തുറന്നു ശ്രീദേവി. അവളെ കണ്ട മാത്രയിൽ കണ്ണാലൊന്നുഴിഞ്ഞു അയാൾ.

” കൊള്ളാം ഇന്നിച്ചിരി അഴക് കൂടിയിട്ടുണ്ട് നിനക്ക് ”

ബലമായി ഉള്ളിലേക്ക് കയറിയ നരേന്ദ്രൻ വാതിൽ വലിച്ചടച്ചു.

” പ്ലീസ്.. നിങ്ങൾ പ്രശ്നം ഉണ്ടാക്കരുത് ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം ”

കെഞ്ചി അവൾ.. പക്ഷെ കേട്ടില്ല നരേന്ദ്രൻ.

” ഒന്ന് വഴങ്ങി താ നീ.. ആരും ഒന്നും അറിയില്ല.. കാശ് എത്രവേണേലും തരാം.. ”

മറുപടി പറഞ്ഞു കൊണ്ടവൻ മടിക്കുത്തിൽ നിന്നും ഒരു കെട്ട് നോട്ട് എടുത്തു ശ്രീദേവിയെ കാട്ടി. എന്നാൽ ഭയത്തിൽ ശ്രീദേവി ഓടി പ്രസാദ് കിടന്നിരുന്ന മുറിയിലേക്ക് കയറി.

” ഹാ.. മൂഡ് കളയല്ലേ ശ്രീദേവി.. എന്തിനാ അവൻ കിടക്കുന്ന മുറിയിലേക്ക് പോണത്.. നമുക്ക് അടുത്ത മുറിയിൽ ഇരിക്കാം… ”

പിന്നാലെ ഓടി ആ മുറിയിലേക്ക് കയറിയ നരേന്ദ്രൻ ഒരു നിമിഷം ഒന്ന് ഞെട്ടി. കാരണം ബെഡിൽ പ്രസാദ് ഇല്ലായിരുന്നു.

“പ്ര.. പ്രസാദ് എവിടേ.. ”

മുന്നിലായി നിന്നിരുന്ന ശ്രീദേവിയോട് ചോദിക്കുമ്പോൾ നരേന്ദ്രനിൽ. ഒരു പരുങ്ങൽ ഉടലെടുത്തിരുന്നു. എന്നാൽ ആ ചോദ്യം കേൾക്കെ ശ്രീദേവിയുടെ മിഴികളിൽ പതിയെ അഗ്നിയെരിഞ്ഞു തുടങ്ങി. അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു. ആ ഭാവമാറ്റം കണ്ട് സംശയത്തിൽ നിന്ന നരേന്ദ്രൻ പെട്ടെന്ന് ആകെ അന്ധാളിച്ചു പോയി.

പിറ്റേന്ന് പ്രഭാതം വിടർന്നത് ആ ഞെട്ടിക്കുന്ന വാർത്ത കേട്ടിട്ടാണ്.

‘പലിശക്കാരൻ നരേന്ദ്രൻ കൊല്ലപ്പെട്ടു.. ‘

” ആ പ്രസാദിന്റെ വീട്ടിൽ രാത്രി ചെന്ന് കേറി പ്രശ്നം ഉണ്ടാക്കിയത്രേ.. ശ്രീദേവിയെ കേറി പിടിച്ചെന്നാ കേൾക്കുന്നേ.. ജീവൻ രക്ഷാർത്ഥം ആ കൊച്ച് എന്തോ എടുത്ത് തലയ്ക്ക് അടിച്ച് കൊടുത്താ… ആള് സ്പോട്ടിൽ തീർന്നു.”

” അവന് ഇത് തന്നെ വേണം ഈ നാട്ടിലെ എത്ര പെണ്ണുങ്ങളെ പിഴപ്പിച്ചിട്ടുള്ളതാ.. കാശ് കടം കൊടുക്കും ഒടുക്കം കൊള്ളപ്പലിശ ചേർത്ത് തിരിച്ചടക്കാൻ പറ്റാത്ത വിധം ആക്കി ആ കുടുംബത്തിൽ കേറി പെണ്ണ് പിടിക്കും.. ഇതല്ലെ അവന്റെ സ്ഥിരം പരിപാടി… പാവം എണീക്കാൻ വയ്യാണ്ടായി കിടക്കുന്ന പ്രസാദിന്റെ വീട്ടിലും ഇതേ തോന്ന്യവാസം ചെയ്യാൻ ശ്രമിച്ചതാ.. അവള് ശ്രീദേവി.. കുടുംബത്തിൽ പിറന്നതാ.. അവളുടെ കൈയ്ക്ക് തീരാനാ നരേന്ദ്രന്റെ വിധി. ”

നാട്ടുകാരെല്ലാം പ്രസാദിനും ശ്രീദേവിയ്ക്കുമൊപ്പമായിരുന്നു.

” സാറേ ശ്രീദേവി ഈ ചെയ്തത് സ്വയരക്ഷാർത്ഥം ആണ്. നരേന്ദ്രൻ ആരായിരുന്നു എന്നത് ഈ നാട്ടുകാർക്ക് എല്ലാം നല്ലത് പോലെ അറിയാം… അതുകൊണ്ട് അറസ്റ്റ് പറ്റില്ല.. ഞങ്ങൾ നാട്ടുകാര് അതിനു സമ്മതിക്കില്ല.. ”

മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ കൂട്ടം കൂടി. പിന്നൊരു ബഹളമായിരുന്നു ഒടുവിൽ വലിയ ചർച്ചകളും വാർത്തകളും വന്നു പോയി.. കേസ് കോടതിയിൽ എത്തി അവിടെ നിയമം ശ്രീദേവിക്കൊപ്പം തന്നെ നിന്നു. ഒരു സ്ത്രീ സ്വയരക്ഷാർത്ഥം ചെയ്ത കൊലപാതകമായി കണക്കാക്കിയതിനാൽ തന്നെ അവളെ കോടതി വെറുതെ വിട്ടു..

നാട്ടുകാരോട് നന്ദി പറയുമ്പോൾ വിതുമ്പി പോയി ശ്രീദേവി. ജീവിതത്തിൽ ഉണ്ടായ ഈ നടുക്കുന്ന ഓർക്കളുടെ വീട്ടയാടലുകളിൽ നിന്നും രക്ഷനേടുവാൻ ഒടുവിൽ ശ്രീദേവിയും പ്രസാദും ആ നാട് വിടുവാൻ തന്നെ തീരുമാനിച്ചു.

” ഇനി വയ്യ.. എന്തൊക്കെ ആയാലും ആ നരേന്ദ്രന്റെ ബന്ധുക്കൾക്ക് ഞങ്ങളോട് ശത്രുത കാണും.. ഇവളെ അവര് അപായപ്പെടുത്തിയാലോ എന്ന ഭയമുണ്ട് എനിക്ക് അതുകൊണ്ട് ഞങ്ങൾ ശ്രീദേവിയുടെ നാട്ടിലേക്ക് തിരികെ പോകുവാ. അവിടാണെൽ അടുത്തടുത്തായി ബന്ധുക്കളും ഉണ്ട്.. ”

പ്രസാദ് അത് പറയുമ്പോൾ ശെരിയാന്ന് എല്ലാവർക്കും തോന്നി ഒടുവിൽ നല്ലൊരു തുക നാട്ടുകാർ ഒന്നടങ്കം ചേർന്ന് പിരിവെടുത്തു ഏൽപ്പിച്ചു അവരെ സന്തോഷ പൂർവ്വം യാത്രയാക്കി.

നാളുകൾക്ക് ശേഷം ഒരു ദിവസം പെട്ടെന്ന് ഒരു അഥിതി ആ നാട്ടിലേക്കെത്തി.. ഡോക്ടർ മാധവൻ.

” പ്രസാദ് -ശ്രീദേവി വാർത്ത ഞാൻ ഈ അടുത്ത് ആണ് അറിയുന്നത്.. അവന് എന്താണ് പറ്റിയത്.. എഴുന്നേൽക്കാൻ കഴിയാതെ കിടപ്പാണെന്നൊക്ക കേട്ടു.. അവരെവിടെയാണ് താമസിക്കുന്നത് എനിക്ക് ഒന്ന് കാണണം ”

മാധവന്റെ ചോദ്യം കേട്ട് മെമ്പർ ആണ് മറുപടി പറഞ്ഞത്..

” അവര് ഇവിടുന്നൊക്കെ പോയി സാറേ… ഇപ്പോ എവിടെയാ ന്ന് അറിയില്ല.. പോയ ശേഷം നമ്പറിൽ വിളിച്ചിട്ട് കിട്ടിയതുമില്ല. പിന്നേ പ്രസാദിന് പണ്ട് ഒരു ആക്‌സിഡന്റ് പറ്റിയതാ.. തിരുവനന്തപുരത്തു വച്ച്.. അവൻ ഓടിച്ചിരുന്ന കാറു നിയന്ത്രണം തെറ്റി വേറൊരു വണ്ടിയിൽ ഇടിച്ചു… ജീവൻ തിരിച്ചു കിട്ടി പക്ഷെ ആള് കിടന്നു പോയി അരയ്ക്ക് താഴേക്ക് സ്വാധീനമില്ല..”

ആ മറുപടി കേട്ട് സംശയത്തിൽ നോക്കി മാധവൻ.

” നോക്ക്.. നിങ്ങൾ ഈ പറഞ്ഞ ആക്‌സിഡന്റ് പറ്റിയ പ്രസാദിനെ അന്ന് ചികിൽസിച്ച ഡോക്ടർ ആണ് ഞാൻ. അന്ന് അവന് ഇങ്ങനൊരു അവസ്ഥ ഉണ്ടായിട്ടില്ല ചികിത്സ കഴിഞ്ഞു നടന്നാണവൻ വീട്ടിലേക്ക് പോയത്. പിന്നെങ്ങിനെ അരയ്ക്ക് താഴേക്ക് തളർന്നു പോകുന്നത്.. ”

ആ മറുപടി എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

” ങേ… അപ്പോ.. അപ്പോ അവന് അങ്ങനൊരു പ്രശ്നം ഇല്ലെന്നാണോ ഡോക്ടർ പറയുന്നേ.. ഇനി അതിനു ശേഷം എന്തേലും ആക്‌സിഡന്റ്..”

ആരോ സംശയത്തിൽ ചോദിക്കവേ അസ്വസ്ഥനായി മാധവൻ..

” അവര് രണ്ടാളും പക്കാ ഫ്രോഡുകൾ ആണ്… വിസ തട്ടിപ്പ്… ചിട്ടി തട്ടിപ്പ് അങ്ങിനെ കുറെ കേസുകൾ ഉണ്ട് രണ്ടിനും… എനിക്ക് നല്ലത് പോലെ അറിയാം.. അന്ന് ചികിത്സാ സമയം ഞാൻ നല്ലത് പോലെ അടുത്തതാണ് ഇവരുമായി. ശ്രീദേവി അവൾ അന്ന് എന്നോട് കൂടുതൽ അടുപ്പം കാണിച്ചപ്പോ ഞാൻ അറിയാതെ വീണു പോയി.. അഞ്ചു ലക്ഷം രൂപയോളം എന്നെ പറ്റിച്ചാ അന്ന് രണ്ടും കൂടി മുങ്ങിയത്.. പുറത്തറിഞ്ഞാൽ ഉള്ള നാണക്കേട് ഓർത്തു ഞാൻ ഒന്നും ആരോടും പറഞ്ഞില്ല… ഒരു കാര്യം ഉറപ്പ്..ഈ നാട്ടിൽ വന്ന് താമസിച്ചു അവര് നിങ്ങളെയും പറ്റിക്കുകയായിരുന്നു… ”

നടുക്കത്തോടെ എല്ലാവരും കേട്ടു നിന്നു ഒക്കെയും

” ദൈവമേ.. കുറച്ചധികം കാശ് നാട്ടുകാര് തന്നെ പിരിച്ചു കൊടുത്തിട്ടുണ്ട് ദേ പോകാൻ നേരവും കൊടുത്തു… മാത്രമല്ല അപ്പോ നരേന്ദ്രനെ കൊന്നത്… ”

മെമ്പർ ബാക്കി പറഞ്ഞില്ല.. എല്ലാവരും അതോടെ സംഭവിച്ചത് എന്താകുമെന്ന് ഊഹിച്ചു.

” അപ്പോ ഈ കാലമത്രയും നടക്കാൻ കഴിയില്ല എന്ന് പറഞ്ഞു അവനും അവളും കൂടി ഞങ്ങളെ ഒന്നാകെ പറ്റിക്കുകയായിരുന്നോ ”

വലിയ നടുക്കമായി എല്ലാവർക്കും ഈ അറിഞ്ഞ വിവരങ്ങൾ..
ചതി പറ്റിയത് അപ്പോഴാണ് അവർ തിരിച്ചറിഞ്ഞത്..

അങ്ങിനെ ഒരു നാടിനെ മുഴുവൻ പറ്റിച്ചു കൊണ്ട് ശ്രീദേവിയും പ്രസാദും
നേരെ എത്തിയത് തമിഴ്നാട്ടിൽ പുതിയൊരു ഐഡന്റിറ്റിയിൽ അവർ ജീവിതമാരംഭിച്ചു തുടങ്ങിയിരുന്നു. പുതിയ പ്രശ്നങ്ങളെ മുന്നിൽ കണ്ട് കൊണ്ട് പുതിയ പുതിയ തട്ടിപ്പുകളുമായി പുതിയൊരു ജീവിതം..

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *