“ചേച്ചി.. എനിക്കൊരു കളി തരുമോ… ”
ആ ചോദ്യം കേട്ട് തിരിയുമ്പോൾ നിത്യ കണ്ടത് അയല്പക്കത്തെ കുഞ്ഞനുജൻ അൻവിതിനെയാണ്
” അതിനു മോന് ഈ ഗെയിം കളിക്കാൻ അറിയോ.. ”
” ആ അറിയാം അച്ഛന്റെ ഫോണിൽ ഞാൻ കളിക്കാറുള്ളതാ… പക്ഷെ അച്ഛൻ എനിക്ക് ഫോൺ തരില്ല… ”
“അച്ചോടാ.. എന്നാ മോനിവിടിരുന്നു കളിക്ക് ചേച്ചിയ്ക്ക് കുറച്ചു ജോലികൾ ഉണ്ട് അത് തീർത്തിട്ട് വരാം.. പിന്നേ ഇതൊരു ശീലം ആക്കേണ്ട കേട്ടോ.. കൊച്ചു കുട്ടികൾ ഇപ്പോഴേ ഫോണിൽ കളിക്കുന്നത് ഒരു നല്ല ശീലമല്ല..”
ഫോൺ അവന് നൽകി വാത്സല്യത്തോടെ കവിളുകളിൽ ഒന്ന് തലോടി എഴുന്നേറ്റു നിത്യ.
മുപ്പതു വയസുകാരി നിത്യ വിവാഹിതയല്ല.. ചെറു പ്രായത്തിലെ അച്ഛൻ മരിച്ചതോടെ അനിയത്തിയും അസുഖക്കാരിയായ അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ബാധ്യതകൾ സ്വയം ഏറ്റെവടുത്തവളാണവൾ. ഒരു ചെറിയ ഹോട്ടലാണ് അവരുടെ വരുമാന മാർഗം. ഒറ്റയ്ക്ക് കഷ്ടപ്പെട്ട് അവൾ നേടിയെടുത്ത സമ്പാദ്യം… പക്ഷെ ഇന്നിപ്പോ സ്റ്റാഫിനെ നിർത്തി കാര്യങ്ങൾ നോക്കാൻ തക്ക വിധത്തിൽ വളർന്നിരിക്കുന്നു. അനിയത്തി രമ്യ ഇപ്പോൾ ബാംഗ്ലൂരിൽ നഴ്സിങ്ങിന് പഠിക്കുന്നു. പ്രാരാബ്ദങ്ങൾക്കിടയിൽ സ്വയം ജീവിക്കാൻ മറന്നു പോയ ഒരു നാട്ടിൻപുറത്തുകാരി… അതാണവൾ….
” മോളെ…. നീ ഹോട്ടലിൽ പോയി വരുമ്പോൾ എനിക്ക് പല്ലു വേദനയ്ക്കുള്ള ഗുളിക വാങ്ങി വരണേ.. നല്ല വേദനയുണ്ട്.. ”
” ഏയ്.. നടപ്പില്ല അമ്മേ.. വൈകുനേരത്തേക്ക് ഞാൻ ഡോക്ടർക്ക് അപ്പോയ്മെന്റ് ബുക്ക് ചെയ്തിട്ടുണ്ട്.. മെഡിക്കൽ സ്റ്റോറിൽ നിന്നുള്ള മരുന്ന് വാങ്ങൽ തത്കാലികമായി നിർത്തി വച്ചിരിക്കുന്നു. ”
ഒരു അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോകാതെ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നു വാങ്ങി കഴിക്കുക ഒരു ടിപ്പിക്കൽ നാട്ടിൻപുറത്തുകാരി അമ്മ അതാണ് മീരയുടെ അമ്മ ജലജ.
” വെറുതേ ആശുപത്രിയിൽ ഒക്കെ പോയി കാശ് കളയാൻ നിൽക്കല്ലേ മോളെ നീ.. പല്ല് വേദനയുടെ ഒരു ഗുളിക കഴിച്ചാൽ എന്റെ വേദന മാറും… ”
ജലജയുടെ ആ മറുപടിയിൽ മകളുടെ സാമ്പത്തിക ഭദ്രതയെ പറ്റിയുള്ള വ്യാകുലത മാത്രമല്ല ഉള്ളത് മറിച്ചു ഹോസ്പിറ്റലിലേക്ക് ചെന്ന് കേറുവാനുള്ള പേടി കൂടിയുണ്ട്….
” ആ കാശൊക്കെ ഇച്ചിരി ചിലവാകട്ടെ അമ്മേ.. ദൈവം സഹായിച്ചു ഹോട്ടലിൽ ഇപ്പോ നല്ല വരുമാനം ഉണ്ട്.. അതുകൊണ്ട് എന്റെ ജലജാമ്മ വെറുതേ വേദന തിന്നാൻ നിൽക്കേണ്ട കേട്ടോ ”
മറുപടി പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി നിത്യ.
” മോളെ… ആ സഹദേവൻ കൊണ്ട് വന്ന ആലോചനയെ പറ്റി നീ ഒന്നും പറഞ്ഞില്ലാലോ.. അവരോട് ഒന്ന് കാണാൻ വരാൻ പറയട്ടെ ഞാൻ…”
പിന്നാലെ ചെന്ന് ജലജ ചോദിക്കുമ്പോൾ ഒന്ന് തിരിഞ്ഞു അവൾ
” അമ്മേ.. ഞാൻ ഒരുപാട് വട്ടം പറഞ്ഞിട്ടുണ്ട് ഈ കല്യാണം ന്ന് പറഞ്ഞിട്ട് എന്റെ പിന്നാലെ വന്നേക്കരുതെന്ന്.. ഈ അവസ്ഥയിൽ അമ്മയെ വിട്ടിട്ട് ഞാൻ എവിടേം പോവില്ല.. പിന്നേ കല്യാണം എന്നൊരു വിധി എന്റെ ജീവിതത്തിലുണ്ട് എങ്കിൽ അത് നടക്കേണ്ട സമയം ആകുമ്പോ താനേ അങ്ങ് നടന്നോളും. .. ഇപ്പോ എന്റെ അമ്മക്കുട്ടി അതോർത്തു ടെൻഷൻ അടിക്കേണ്ട.. ”
ആ മറുപടിയിൽ സംതൃപ്തയായിരുന്നില്ല ജലജ.
” നീ ഇങ്ങനെ തുടങ്ങിയാൽ ശെരിയാകില്ല നിത്യേ.. ഇപ്പോഴേ ഞാനൊരു രോഗിയാണ്.. എന്റെ കണ്ണടഞ്ഞാൽ പിന്നേ നിങ്ങൾക്ക് ആരുണ്ട്… നീയും രമ്യയും ഒരു കുടുംബമായി കണ്ടിട്ട് വേണം എനിക്ക് സമാധാനത്തോടെ കണ്ണടയ്ക്കാൻ… അതുകൊണ്ട് ഇനീം ഇങ്ങനെ ഒഴിഞ്ഞു മാറുവാൻ നിൽക്കരുത് നീ ”
” അമ്മേ.. ഞങ്ങളെ കെട്ടിച്ചിട്ട് കണ്ണടയ്ക്കാൻ ഇരിക്കുവാ അല്ലെ.. എന്നാൽ അങ്ങിനിപ്പോ പെട്ടെന്ന് അങ്ങ് പോകാം ന്ന് കരുതേണ്ട കേട്ടോ.. വിടില്ല ഞങ്ങൾ.. ”
കുസൃതിയോടെ പരുപാടി പറഞ്ഞു വീണ്ടും തന്റെ ജോലികളിൽ മുഴുകി നിത്യ
ഇതിപ്പോ ആ വീട്ടിൽ സ്ഥിരമാണ്. എന്ത് സംസാരിച്ചു തുടങ്ങിയാലും അത് ചെന്ന് നിൽക്കുന്നത് നിത്യയുടെ വിവാഹ കാര്യത്തിലാണ്. എന്നാൽ എന്തെങ്കിലും പറഞ്ഞു ആ വിഷയത്തിൽ നിന്നും അവൾ വഴുതി മാറുകയും ചെയ്യും..
അന്ന് നിത്യ ഹോട്ടലിൽ എത്തുമ്പോൾ പതിവ് പോലെ നല്ല തിരക്ക് ആയിരുന്നു.
” മോളെ.. സ്റ്റേഷനിൽ പുതിയ എസ് ഐ വന്നിട്ടുണ്ട്.. എല്ലാരും കൂടി ആ ഫാമിലി റൂമിൽ ഇരിക്കുന്നുണ്ട്. നല്ല കീറാ… ”
കണ്ട പാടെ ഹോട്ടൽ സ്റ്റാഫ് ഇന്ദു വന്ന് പറഞ്ഞത് കേട്ട് തലയിൽ കൈ വച്ചു പോയി നിത്യ
“ദൈവമേ… ഇവറ്റകൾക്ക് ഒരു ഉളുപ്പ് ഇല്ലേ ഈ മാസം ഇത് രണ്ടാമത്തെ വട്ടമാണ്. മൂക്കറ്റം വന്ന് തിന്നേം ചെയ്യും കാശ് കടവും പറയും പിന്നേ തരേം ഇല്ല. പോലീസുകാരായത് കൊണ്ട് വെറുപ്പിക്കാനും പറ്റില്ല.. പഴേ എസ് ഐ ആ സത്യൻ സാർ ഇരുന്ന സമയത്തെ ബില്ല് എല്ലാം കൂടി കൂട്ടിയാൽ പത്തിരുപതിനായിരം രൂപയോളം വരും. ”
അവൾ പറഞ്ഞു തീരവേ തന്നെ ഫുഡ് കഴിച്ചു കൈ കഴുകി പോലീസുകാര് പുറത്തേക്ക് വന്നു. പതിവ് മുഖങ്ങളിൽ നിന്നും വ്യത്യസ്തമായ ആ മുഖത്തേക്ക് ഒരു നിമിഷം നിത്യയുടെ നോട്ടം പതിഞ്ഞു. കാക്കി യൂണിഫോമിൽ അതി സുന്ദരനായ ചെറുപ്പക്കാരൻ.
“എസ് ഐ ആള് ചുള്ളനാണല്ലോ… ”
അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു പോയി.
“ഞങ്ങടേത് എത്രയായി..”
ഒട്ടും പതിവില്ലാത്ത ആ ചോദ്യം കൂടിയാകവേ അവിശ്വസനീയമായി നോക്കിപ്പോയി അവൾ.
” ഹലോ.. ബില്ല് എത്രയാന്ന് പറഞ്ഞില്ല.. ”
ചോദ്യം വീണ്ടും ആവർത്തിക്കപ്പെട്ടു..
” സാറേ.. അത് പിന്നേ കൊടുക്കാമെന്നേ.. അവര് എഴുതി ഇട്ടോളും.”
കോൺസ്റ്റബിളിൽ ഒരാൾ അപ്പോഴേക്കും ഇടയിലേക്ക് കയറി.
” ഓ പിന്നേ ആയാലും ഇപ്പോ ആയാലും കൊടുക്കാനുള്ളതല്ലേ.. കഴിച്ച ആഹാരത്തിനു അപ്പോ തന്നെ ക്യാഷ് കൊടുക്കണം. എന്റെ ഒരു രീതി അതാണ്… ”
ഈ സംഭാഷങ്ങൾക്കിടയിൽ നിത്യ ശ്രദ്ധിച്ചത് ആ കാക്കിക്ക് മുന്നിലെ നെയിം ബോർഡ് ആണ്. നീരജ് മഹാദേവൻ..
‘നീരജ്.. കൊള്ളാം നല്ല പേര് ‘
അറിയാതെ അവൾ മനസിലോർത്തു.
ബില്ല് പേ ചെയ്ത് നീരജ് പുറത്തേക്ക് പോകുമ്പോൾ അറിയാതെ നോക്കി നിന്നു അവൾ.
” പുതിയ എസ് ഐ ആള് കൊള്ളാലോ.. ”
ഹോട്ടൽ സ്റ്റാഫിന്റെ കമന്റ് കൂടി കേൾക്കെ അറിയാതെ പുഞ്ചിരിച്ചു നിത്യ.
പിന്നേ ഹോട്ടലിലെ സ്ഥിരം കസ്റ്റമർ ആയി നീരജ്. കണ്ട് കണ്ട് നിത്യയുടെ മനസിലും അവൻ കയറി തുടങ്ങി. എന്നാൽ നീരജ് പൊതുവെ അധികം സംസാരിക്കാൻ നിൽക്കാത്തത് കൊണ്ട് തന്നെ പലപ്പോഴും കണ്ടുമുട്ടലുകൾ ഒരു പുഞ്ചിരിയിൽ മാത്രമൊതുങ്ങി.
” മൊരടൻ… ഒന്ന് മുഖത്ത് നോക്കി സംസാരിക്കാൻ പോലും നിൽക്കില്ല.. ”
പലപ്പോഴും നിരാശ തോന്നി നിത്യയ്ക്ക്.
” മോളെ.. നല്ലൊരു ആലോചനയുണ്ട് നമുക്ക് ഒന്ന് നോക്കിയാലോ…”
അന്നൊരു ദിവസം പതിവ് പോലെ രാവിലെ തന്നെ ബ്രോക്കർ സഹദേവൻ ഹോട്ടലിൽ എത്തിയിരുന്നു.
” എന്റെ ചേട്ടാ.. എന്നെ വിട്ടേക്ക് നിങ്ങൾക്ക് നാട്ടിൽ വേറെ പെൺകുട്ടികൾ ഒന്നും ഇല്ലേ കെട്ടിക്കാനായിട്ട് ”
തൊഴുകയ്യോടെ നിത്യ മറുപടി പറയവേ ഒരു നിരാശ തെളിഞ്ഞു സഹദേവന്റെ മുഖത്ത്.
” നമ്മുടെ പുതിയ എസ് ഐ നീരജ് സാർ…. ആള് ഒറ്റത്തടിയാണ്.. ഓർഫനേജിൽ വളർന്നതാ കക്ഷി.. കുടുംബമൊന്നുമായിട്ടില്ല… ഞാനൊന്ന് മുട്ടി നോക്കി.. അന്നേരം നിന്നോട് ആൾക്ക് ചെറിയൊരു താത്പര്യം ഉണ്ട് അതാണ് ഒന്ന് തിരക്കാം ന്ന് കരുതി വന്നത്…. “.
ആ കേട്ട വാക്കുകൾ അവിശ്വസനീയമായി നിത്യയ്ക്ക്..
” ങേ…! എന്നോടോ.. ചേട്ടാ… ഉള്ളതാണോ… ഇത് ”
“പിന്നല്ലാണ്ട്.. ആള് നിന്നോട് ഒന്ന് ചോദിക്കാൻ പറഞ്ഞു…”
മനസ്സിൽ ആഗ്രഹിച്ചിട്ടും നടക്കില്ല എന്ന് കരുതിയ കാര്യമാണ് ഇപ്പോ ഇങ്ങട് തേടിയെത്തിയത്..
” എന്ത് പറയണം ഞാൻ.. മോള് ആലോചിച്ചു മറുപടി താ.. കെട്ട് നടന്നാൽ ചിലപ്പോ ആള് ഇവിടെ നിങ്ങടൊപ്പം വീട്ടിൽ. തന്നെ നിൽക്കും.. ഇപ്പോ വാടകയ്ക്കാ ”
സഹദേവൻ പ്രതീക്ഷയിൽ നോക്കി..
” അവള് ഓക്കേ ആണ് സഹദേവാ.. കുറെ നാളായി ഞങ്ങൾ കാണുവാ സാറ് കഴിക്കാൻ വന്നാൽ പോകുന്നത് വരെ മോള് അങ്ങേരെ തന്നെ നോക്കി ഇരിക്കുന്നത്.. ”
മറുപടി പറഞ്ഞത് ഹോട്ടൽ സ്റ്റാഫ് മാധവനാണ്..
ആ വാക്കുകൾ കേൾക്കെ ചെറിയൊരു നാണം തോന്നാത്തിരുന്നില്ല നിത്യ യ്ക്ക്.
” എന്നാൽ പിന്നേ ഞാൻ ഓക്കേ പറയുവാ സാറിനോട്.. മോള് അമ്മയോട് കൂടി ചോദിച്ചിട്ട് പെണ്ണുകാണലിനു ഒരു ഡേറ്റ് പറയ് ”
സന്തോഷത്തോടെ സഹദേവൻ ഇറങ്ങി പോകുമ്പോൾ മറുത്തൊന്നും പറഞ്ഞില്ല നിത്യ. കാരണം അവളുടെ മനസിൽ അത്രമേൽ നീരജിന്റെ മുഖം പതിഞ്ഞിരുന്നു. പിന്നെല്ലാം പെട്ടെന്നായിരുന്നു.
” ഇഷ്ടം മനസ്സിൽ ഉണ്ടായിട്ടും എന്നോട് ഒന്ന് മിണ്ടാൻ പോലും നിന്നിട്ടില്ലല്ലോ ഇതുവരെ.. ”
പെണ്ണുകാണൽ ദിവസം നിത്യയുടെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു നീരജ്.
” പൊലീസല്ലേ ടോ.. ഉള്ളിലുള്ളത് പലതും അടക്കിപ്പിടിച്ചു പെരുമാറിയാണ് ശീലം.. കണ്ട അന്ന് തൊട്ട് ഇയാളെ ശ്രദ്ധിച്ചു തുടങ്ങിയതാ ഞാൻ.. ”
ആ മറുപടി കേൾക്കെ നാണത്താൽ തല കുമ്പിട്ടു നിത്യ..
” ചേച്ചി.. നിങ്ങള് സംസാരിച്ചോണ്ടിരിക്കുവല്ലെ.. എനിക്കൊരു കളി തരോ… ”
കിട്ടിയ അവസരം നോക്കി നിത്യയുടെ ഫോണുമായി അവൻ വീണ്ടും എത്തി അയൽപക്കത്തെ കുഞ്ഞനുജൻ അൻവിത് മോൻ..
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു
