പ്രസവിക്കാൻ കഴിയാത്ത ഇവളെ ഉപേക്ഷിച്ചു നിനക്ക് നല്ല ചുണയുള്ള പെൺപിള്ളേരെ കെട്ടിക്കൂടെ മോനെ. നിന്റെ കൊച്ചിനെ മടിയിലിരുത്തി ഓമനിച്ചിട്ട്…..

“പ്രസവിക്കാൻ കഴിയാത്ത ഇവളെ ഉപേക്ഷിച്ചു നിനക്ക് നല്ല ചുണയുള്ള പെൺപിള്ളേരെ കെട്ടിക്കൂടെ മോനെ.

നിന്റെ കൊച്ചിനെ മടിയിലിരുത്തി ഓമനിച്ചിട്ട് വേണം എനിക്ക് കണ്ണടയ്ക്കാൻ. അതെന്റെ ഒരു ആഗ്രഹമാണ്.

ഈ ജന്മത്ത് അത് നടത്തി തരാൻ നിന്റെ ഭാര്യയ്ക്ക് കഴിയില്ല. അതുകൊണ്ടാ ഇവളെ കളഞ്ഞിട്ട് വേറെ കെട്ടാൻ ഞാൻ പറയുന്നത്.

നിനക്കെന്നോട് ഇത്തിരി എങ്കിലും സ്നേഹമുണ്ടെങ്കിൽ മതി. ഞാൻ ചാകാൻ കിടക്കുമ്പോ എനിക്ക് ഒരുതുള്ളി വെള്ളം തരാൻ നീ കാണും. നിനക്ക് ആരുണ്ട്.

വയസ്സ് കാലത്ത് നിന്നെ നോക്കാൻ മക്കള് വേണമെങ്കിൽ ഞാൻ പറയുന്നത് അനുസരിക്ക്.

പ്രസവിക്കാൻ കഴിവില്ലാത്ത തന്റെ മകന്റെ ഭാര്യയെ വെറുപ്പോടെ നോക്കി കൊണ്ട് വിമല മകനോട് പറഞ്ഞു.

“ഹരിതയിൽ എനിക്കൊരു കുഞ്ഞുണ്ടാകുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് അമ്മേ.

ദീപു ഭാര്യയെയും അമ്മയെയും നോക്കിയിട്ട് പറഞ്ഞു.

“എന്നാ എനിക്ക് ആ പ്രതീക്ഷ ഇല്ല.

“5 വർഷം കഴിഞ്ഞു നീ ഇവളെ കെട്ടികൊണ്ട് വന്നിട്ട്. ചികിത്സയുടെ പേരും പറഞ്ഞ് കുറേ പൈസ കളഞ്ഞതല്ലാതെ ഇവളെ കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലല്ലോ.

ഭർത്താവിന്റെയും അമ്മായി അമ്മയുടെയും സംസാരം കൂടുതൽ കേട്ട് കൊണ്ട് നിൽക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഹരിത മുറിയിലേക്ക് പോയി.

കല്യാണം കഴിഞ്ഞ പിറ്റേ മാസം മുതൽ അമ്മായി അമ്മ ചോദ്യം തുടങ്ങിയതാണ് അവളോട് വിശേഷം ആയില്ലേ നിനക്ക്? എന്തെങ്കിലും കുഴപ്പമുണ്ടോ? എന്നൊക്കെ.

ആദ്യത്തെ ഒരു വർഷം നോക്കിയിട്ടും കുട്ടികൾ ആവാഞ്ഞിട്ട് ആണ് ദീപുവും ഹരിതയും ഡോക്ടറെ പോയി കണ്ടത്. അപ്പോഴാണ് ഹരിതയ്ക്ക് ആണ് കുഴപ്പമെന്നും ട്രീറ്റ്മെന്റ് ചെയ്ത് മാറ്റം കണ്ടാൽ കുട്ടികൾ ഉണ്ടാകുമെന്നും അറിഞ്ഞത്.

പക്ഷേ ട്രീറ്റ്മെന്റ് തുടങ്ങി 4 വർഷം കഴിഞ്ഞിട്ടും ഫലം കണ്ടില്ല. ഓരോ മാസവും പിരിയഡ്‌സ് ഡേറ്റ് അടുക്കുമ്പോ ഹരിത സകല ഈശ്വരന്മാരോടും മനമുരുകി പ്രാർത്ഥിക്കാറുണ്ട് ഇത്തവണ എങ്കിലും തന്റെ വയറ്റിൽ ഒരു കുഞ്ഞ് ജീവൻ പിറവി എടുക്കണേ എന്ന്. പക്ഷേ ഒരു ഈശ്വരന്മാരും അവളെ പ്രാർത്ഥന കേട്ടില്ല.

ദീപുവിന് സർക്കാർ ഉദ്യോഗമാണ്. അവന് ഒരു അനിയത്തിയുമുണ്ട്. അവർക്ക് രണ്ട് മക്കൾ. അച്ഛൻ പണ്ടേ മരിച്ചു പോയി. അതിനാൽ അമ്മ തങ്ങളെ കഷ്ടപ്പെട്ട് വളർത്തുന്നത് കണ്ട് വളർന്ന ദീപു നന്നായി പഠിച്ചു അമ്മയുടെ ആഗ്രഹം പോലെ ജോലി വാങ്ങി അനിയത്തിയെ കെട്ടിച്ചു സ്വന്തം വിവാഹവും നടത്തി.

ദീപു പണ്ടേ അമ്മ മോൻ ആണ്. അവർ എന്ത് പറഞ്ഞാലും അനുസരിക്കും. പക്ഷേ കല്യാണ കാര്യം മാത്രം അവൻ അമ്മ പറഞ്ഞത് കേൾക്കാതെ അവനു ഇഷ്ടപ്പെട്ട പെൺകുട്ടിയെ തിരഞ്ഞെടുത്തു. അതിപ്പോ ഇങ്ങനെയുമായി. താൻ പറഞ്ഞ പെണ്ണിനെ കെട്ടാഞ്ഞിട്ട മകന്റെ ജീവിതം ഇങ്ങനെ ആയതെന്നും ഇനിയെങ്കിലും താൻ പറയുന്നത് കേട്ടാൽ നിനക്ക് രക്ഷപെടാം എന്നൊക്കെ പറഞ്ഞ് വിമല ദിവസവും ദീപുവിനെ ഉപദേശിക്കും.

ആദ്യമൊക്കെ അമ്മയുടെ വാക്കുകൾ കാര്യമാക്കാതെ അവൻ ഹരിതയെ ചേർത്ത് പിടിക്കുമായിരുന്നു. എന്നാൽ ഈയിടെ ആയി ദീപുവിന്റെ സ്വാഭാവത്തിൽ ചെറുതായി മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്. അത് ഹരിതയ്ക്ക് മനസ്സിലാകുന്നുണ്ട്.

ദീപു എവിടെ വച്ചോ കണ്ട് ഇഷ്ടപ്പെട്ട് പെണ്ണ് ചോദിച്ചു ചെന്നതാണ് ഹരിതയുടെ വീട്ടിൽ. രണ്ടാനമ്മയുടെ കീഴിൽ കഷ്ടപ്പെട്ട് കഴിയുകയായിരുന്ന അവൾക്ക് അതൊരു ആശ്വാസവും രണ്ടാനമ്മയ്ക്ക് ഭാരം ഒഴിഞ്ഞു പോയത് പോലെയായിരുന്നു ഈ കല്യാണം.

ദീപുവിന് ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തന്നെ അവന്റെ അമ്മ ഈ വീട്ടിൽ നിന്ന് പുറത്താക്കുമെന്നും അങ്ങനെ വന്നാൽ വീണ്ടും രണ്ടാനമ്മയുടെ അടുത്തേക്ക് പോവുകയല്ലാതെ വേറെ വഴിയില്ലെന്ന് വേദനയോടെ ഹരിത ഓർക്കും.

മാസങ്ങൾ പിന്നിട്ടു.

ഒരു ദിവസം രാത്രി ഹരിത ബെഡ്ഷീറ്റ് വിരിക്കുമ്പോ ദീപു എന്തോ പറയാനായി അവളുടെ അടുത്തേക്ക് വന്നു.

“ഹരിതേ… നമ്മളിങ്ങനെ ട്രീറ്റ്മെന്റ് ഉം ആയിട്ട് നടന്നിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നുന്നു. എനിക്കൊരു കുഞ്ഞിനെ തരാൻ നിനക്ക് കഴിയില്ല. അതുകൊണ്ട് നമുക്ക് പിരിയാം.

കഷ്ടപ്പെട്ടാണ് അവൻ അത്രയും പറഞ്ഞത്.

അവൾ അത് പ്രതീക്ഷിച്ചിരുന്നതിനാൽ കേട്ടപ്പോ ഞെട്ടലൊന്നും തോന്നിയില്ല. എങ്കിലും ഹരിതയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“എന്താന്ന് വച്ചാൽ ദീപു ചെയ്തോ. പ്രസവിക്കാൻ കഴിവില്ലാത്ത ഞാൻ ഇവിടെ നിന്നിട്ടും പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ലല്ലോ.

“നിനക്ക് കോമ്പൻസേഷൻ എത്ര വേണമെങ്കിലും ഞാൻ തരാം.

“ഒന്നും വേണ്ട ദീപു ചേട്ടാ. കല്യാണ സമയത്ത് അച്ഛൻ തന്ന സ്വർണവും പണവും മാത്രം മതി എനിക്ക്.

പറഞ്ഞു വന്നപ്പോഴേക്കും ഹരിത പൊട്ടിക്കരഞ്ഞു. അത് കണ്ട് ദീപുവിന് വല്ലായ്മ തോന്നിയെങ്കിലും അവൻ തന്റെ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയില്ല.

******

ദീപുവും ഹരിതയും നിയമപരമായി വേർപിരിഞ്ഞു. ദീപു തന്റെ അമ്മ കണ്ടെത്തി കൊടുത്ത പെണ്ണിനെ കല്യാണം കഴിച്ചു.

നാല് വർഷത്തിനിടയ്ക്ക് 2 കുട്ടികൾ അവനുണ്ടായി.

ഹരിതയുടെ രണ്ടാനമ്മ ഭാര്യ മരിച്ച വിനയന് അവളെ വീണ്ടും കെട്ടിച്ചു. അമ്മയില്ലാത്ത അയാളുടെ രണ്ട് കുഞ്ഞുങ്ങൾക്ക് അവൾ അമ്മയായി. ആ കുട്ടികളും അവളെ അമ്മയായി കണ്ട് സ്നേഹിച്ചു.

*****

വർഷങ്ങൾ കടന്ന് പോയി.

വിനയന്റെ മൂത്ത മകളുടെ കല്യാണം പ്രമാണിച്ചു അടുത്തുള്ള ഒരു വൃദ്ധ സധനത്തിൽ സദ്യ നൽകാൻ കുടുംബസമേതം അവർ പോയി.

അവിടെ വച്ച് ഹരിത അഗതിയായി കഴിയുന്ന ദീപുവിന്റെ അമ്മയെ കണ്ടു. ദീപുവിന്റെ രണ്ടാം ഭാര്യയുടെ നിർബന്ധം കൊണ്ടായിരുന്നു അവൻ അവരെ അവിടെ കൊണ്ട് വന്ന് ആക്കിയത്. കുടുംബ സമേതം നിൽക്കുന്ന ഹരിതയെ കണ്ടപ്പോ കുറ്റബോധം കൊണ്ട് വിമല മുഖം കുനിച്ചു.

വർഷങ്ങൾ പിന്നെയും കടന്ന് പോയി.

ഇന്ന് അതേ വൃദ്ധ സദനത്തിൽ വിനയന്റെ മോൾടെ കുഞ്ഞിന്റെ കല്യാണത്തിന് സദ്യ നൽകാൻ എത്തിയപ്പോ അവിടുത്തെ അഗതികളായി മാറിയ ദീപുവിനെ ഹരിത കണ്ടു.

രണ്ട് മക്കൾക്കും അച്ഛനെ നോക്കാൻ വയ്യ. രണ്ടാളും കുടുംബത്തോടൊപ്പം വിദേശത്താണ്. കൊച്ചു മക്കളെ നോക്കാൻ വേലക്കാരിയെ വയ്ക്കാൻ മടിച്ചു മാത്രം ആണ് അമ്മയെ അവർ കൂടെ നിർത്തിയിരിക്കുന്നത്. ആവശ്യം കഴിഞ്ഞാൽ അവർ അമ്മയെയും അവിടെ ആക്കും.

****

കുട്ടികൾ ഉണ്ടാകില്ല എന്ന കാരണം പറഞ്ഞു അമ്മയുടെ വാക്ക് കേട്ട് താൻ ഒഴിവാക്കിയ തന്റെ ആദ്യ ഭാര്യയെ അവളുടെ രണ്ടാമത്തെ ഭർത്താവിന്റെ മക്കൾ പൊന്ന് പോലെ നോക്കുന്നത് കണ്ട് കുറ്റബോധം കൊണ്ട് കണ്ണ് നിറയ്ക്കാനേ ദീപുവിന് ആയുള്ളൂ.

നന്മ ചെയ്താൽ നന്മയും തിന്മ ചെയ്താൽ തിന്മയും ആയിരിക്കും തിരികെ ലഭിക്കുക എന്ന് ജീവിതം ദീപുവിനെ പഠിപ്പിച്ചു. ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്തിയിരുന്നെങ്കിൽ ആ കുഞ്ഞ് ഇന്ന് തന്നെ നോക്കാൻ ഉണ്ടായിരുന്നേനെ എന്ന് വേദനയോടെ ദീപു ചിന്തിച്ചു.

വാർദ്ധക്യത്തിലും ഭർത്താവിനോടും മക്കളോടും കൊച്ചു മക്കളുമൊടോത്ത്‌ സന്തോഷത്തോടെ ചിരിച്ചു ഉല്ലസിച്ചു കാറിൽ കയറി പോകുന്ന ഹരിതയെ നീറുന്ന മനസ്സോടെ ദീപു നോക്കി നിന്നു. മനസ്സിൽ അവളോട് അവൻ ഒരായിരം തവണ മാപ്പ് ചോദിച്ചു കൊണ്ടിരുന്നു.

✍️അഞ്ജലി

Leave a Reply

Your email address will not be published. Required fields are marked *