രാവിലേമുതൽ അച്ഛനെ വീട്ടിൽ കാണുന്നില്ല.
സാധാരണ പൂമുഖത്തെ കസേരയിൽ ഇരിക്കാറുള്ളതാണ് പതിവ്.
അവിടെല്ലാം അച്ഛനെ തിരഞ്ഞിട്ടും കാണാനില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അച്ഛന് എന്തോ വിഷമമുള്ളതുപോലെ തോന്നിയിരുന്നു.
അച്ഛനെ ഒന്ന് ഫോൺ വിളിച്ചു നോക്കിക്കേ, എന്നമ്മ പറഞ്ഞയുടനെ ഗിരി ഫോണെടുത്ത് അച്ഛനെ വിളിച്ചു.
ഫോൺ അച്ഛന്റെ മുറിയിലിരുന്ന് ബെല്ലടിക്കുന്നുണ്ട്.
അച്ഛൻ ഫോൺ പോലും എടുക്കാതെ എവിടെപ്പോയി??
പെട്ടന്നാണ് കട്ടിലിൽ ഒരു പേപ്പർ ഇരിക്കുന്നത്
കണ്ടത്.
ഗിരി പേപ്പർ എടുത്തു..
മോനേ… അച്ഛൻ പോകുകയാണ്… ആരോടും പറയാതെ പോയതിൽ അച്ഛനോട് ദേഷ്യം തോന്നരുത്. ഫോൺ അച്ഛൻ കൊണ്ട് പോകുന്നില്ല.
എങ്ങോട്ടാണ് പോകുന്നതെന്ന് തീരുമാനിച്ചിട്ടില്ല.
അച്ഛനെ തിരക്കേണ്ടതില്ല.
ഒരിക്കൽ അച്ഛൻ മടങ്ങി വന്നേക്കാം, ചിലപ്പോൾ വന്നില്ലെന്നും വരാം…
അച്ഛനെ കണ്ടില്ലെന്ന പേരിൽ
എന്റെ മകനെ ആരും കുറ്റപ്പെടുത്താതിരിക്കാൻ വേണ്ടി
അച്ഛൻ ഒരു വീഡിയോ റെക്കോർഡ് ചെയ്ത് നമ്മുടെ ബന്ധുക്കൾക്കെല്ലാം അയച്ചു കൊടുത്തിട്ടുണ്ട്, അവരത് കണ്ടാൽ ഉടനെ നിന്നെ ഫോൺ വിളിച്ചേക്കും…
അച്ഛനൊരു യാത്ര പോവുകയാണെന്ന് മാത്രം എല്ലാവരോടും പറഞ്ഞിട്ടുണ്ട്…
അതുകൊണ്ട് അച്ഛനെ കുറിച്ച് ഒരു ചോദ്യവും അവരുടെയും ഭാഗത്തുനിന്നുമുണ്ടാവില്ല.
അച്ഛൻ കുറച്ചു കാര്യങ്ങൾ മാത്രം നിന്നോട് സൂചിപ്പിക്കട്ടെ…
അച്ഛന് ഒരുപാട് കടമകൾ ഉണ്ടായിരുന്നു.
പെങ്ങമ്മാരെ കെട്ടിച്ചയക്കാനും, മാതാപിതാക്കളെ നോക്കേണ്ടതുമായ കടമ എന്നിലായിരുന്നു…
അതൊക്കെ നല്ല രീതിയിൽ തന്നെ അച്ഛൻ നോക്കി,
അത് കഴിഞ്ഞപ്പോൾഅച്ഛൻ വിവാഹിതനായി, ഞങ്ങൾക്ക് നിന്നെ
മകനായി കിട്ടി.
അപ്പോഴും അച്ഛന് കടമകൾ ഏറെയായിരുന്നു. നിന്റെ അമ്മക്ക് ഞാൻ വീട് നോക്കേണ്ടുന്ന, നിങ്ങളുടെ ആവശ്യങ്ങൾ നടത്തി തരേണ്ടുന്ന ഒരാൾ മാത്രമായിരുന്നു.
എന്നിട്ടും അച്ഛൻ പരിഭവപ്പെട്ടില്ല…
നിങ്ങൾക്ക് ഒരു കുറവും വരുത്താതെ ഞാൻ നോക്കി.
ഞാൻ കഷ്ടപ്പെട്ടതുപോലെ,
എന്റെ മകൻ കഷ്ടപ്പെടരുതെന്ന് ഞാൻ വിചാരിച്ചു.
നിങ്ങൾ ഒരിക്കലും, ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടും അറിയാതിരിക്കാനാണ് അച്ഛൻ ഭാരങ്ങളെല്ലാം സ്വയം ചുമലിലേറ്റിയത്.
ഇന്നിപ്പോൾ അച്ഛൻ തളർന്നു മോനേ….
തിരിഞ്ഞു നോക്കുമ്പോൾ അച്ഛൻ ആർക്കൊക്കെയോ വേണ്ടി ജീവിച്ചപോലെ ഒരു തോന്നൽ.
അല്ല, തോന്നലല്ല. സത്യമാണ്.
ഈ അറുപത്തിയഞ്ചു വർഷങ്ങൾ അച്ഛൻ ജീവിച്ചതത്രയും മറ്റുള്ളവർക്ക് വേണ്ടി മാത്രമായിരുന്നു.
എന്നിട്ടും ഞാൻ അർഹിക്കുന്ന പരിഗണനയോ സ്നേഹമോ എനിക്ക് കുടുംബത്തിൽ നിന്നും ലഭിച്ചോയെന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചുനോക്കി.
ഇല്ലെന്ന് തന്നെയാണ് എനിക്കുത്തരം കിട്ടിയത്.
അച്ഛന് വയസ്സായി മോനേ….
അച്ഛൻ ചിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ??
അച്ഛൻ കരയുന്നത് കണ്ടിട്ടുണ്ടോ??
എന്തിനേറെ, അച്ഛൻ വെറുതെ ഇരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ???
ഉണ്ടാവില്ല….. കാരണം അച്ഛൻ എന്നും നമ്മുടെ കുടുംബത്തിനായി കഷ്ടപ്പെടുന്ന തിരക്കിലായിരുന്നു.
എനിക്ക് വലിയ ആഗ്രഹമായിരുന്നു.
എന്നെങ്കിലും എന്റെ മകൻ അരികിൽ വന്നിട്ട്, അച്ഛൻ ഇത്രയും കാലം ഞങ്ങൾക്ക് വേണ്ടി ജീവിച്ചില്ലേ, ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടില്ലേ, ഇനി കുറച്ചുനാൾ അച്ഛനൊന്ന് വിശ്രമിക്കെന്ന്പറയുമെന്ന്.
പക്ഷെ എന്റെ മകൻ അങ്ങനെ പറഞ്ഞില്ല.
കുടുംബത്തിന്റെ ചുമതലകൾ ഇപ്പോഴും ഈ
വയസന്റെ കൂന് വീണ് തുടങ്ങിയ മുതുകിൽ തന്നെയാണ്.
വയ്യ മോനേ…. നിലത്ത് വീഴും മുൻപ് അച്ഛന് ഒന്നുറക്കെ ചിരിക്കണം…
കാഴ്ച്ച മങ്ങും മുൻപ് അച്ഛനീ ഭൂമിയിലെ കാഴ്ചകൾ കാണണം.
ജീവിച്ച കാലത്തോളം ,
ഇനിയച്ഛന് ജീവിക്കാൻ ഒക്കില്ലലോ…
അതിന് മുൻപ് അച്ഛൻ കൈകളിൽ ഭാരമില്ലാതെ കൈവീശി ഒന്ന് നടക്കട്ടെ,
ഭൂമിയിൽ ഇരുൾ പടരുന്നതും, കിളികൾ ചേക്കേറുന്നതും ഒന്ന് കണ്ടോട്ടെ…
ആകാശത്ത് നക്ഷത്രങ്ങൾ മിന്നുന്നതും,
പാതിരാ പൂക്കൾ നറുമണം പൊഴിക്കുന്നതും ഒന്നാസ്വദിക്കട്ടെ..
പുലരി വിരിയുന്നതും, പൂക്കൾ വിരിയുന്നതും അച്ഛനൊന്നറിയട്ടെ…
കുറച്ച് നാൾ അച്ഛൻ ഒന്ന് ജീവിക്കട്ടെ…
ഒരൊറ്റ കാര്യം കൂടി അച്ഛൻ പറഞ്ഞോട്ടെ മോനേ…..
എവിടെങ്കിലും കിടന്നച്ഛൻ മരിച്ചെന്നറിഞ്ഞാൽ, അറിഞ്ഞാൽ മാത്രം.. നമ്മുടെ തൊടിയിൽ കൊണ്ടുവന്നടക്കണം.
ഒരു ചടങ്ങുകളും വേണ്ടാ.. രണ്ടുപേരെ കൂട്ടി കുഴികുത്തിയടക്കിയാൽ മതി.
എനിക്ക് അസ്ഥിത്തറ കെട്ടുകയോ, അതിനായി സ്ഥലം കളയുകയോ ചെയ്യണ്ട…
അല്ലെങ്കിൽ തന്നെ കാലാകാലങ്ങളായി എത്രയെത്ര മനുഷ്യരും, മൃഗങ്ങളും ച.ത്ത് മണ്ണടിഞ്ഞതിന് പുറത്താണ് നമ്മൾ ജീവിക്കുന്നത്….
അമ്മയെ നോക്കണം…
അന്നുമിന്നും അമ്മ നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ…
കാലം സ്ത്രീകളുടെ വേദനകളെ, അവരുടെ ബുദ്ധിമുട്ടുകളെ മാത്രമേ കണ്ടിട്ടുള്ളൂ…
എന്നെപ്പോലെ ഉരുകി ജീവിക്കുന്ന പുരുഷന്മാരെ കാണാൻ, ആർക്കും കണ്ണില്ല.
നമ്മൾ ചെയ്യേണ്ടുന്നതെല്ലാം വെറും കടമകൾ മാത്രമെന്നവർ പറഞ്ഞു വയ്ക്കും..
എന്റെ മകനെ… എന്റെ പുണ്യമേ….
നീയും അച്ഛനെ പോലെ ജീവിക്കാൻ മറക്കരുത്…
അച്ഛനോട് ദേഷ്യം തോന്നരുത്.
സന്തോഷമായി ഇരിക്കണം…..
കത്ത് വായിച്ച് കഴിഞ്ഞതും ഗിരി ഉറക്കെ കരഞ്ഞു…
ശരിയാണ്….ഓർമ്മ വച്ചകാലം മുതൽ അച്ഛൻ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുകയായിരുന്നു.
എന്നും ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് വരുന്ന സഹോദരങ്ങൾ,
ഒരിക്കലും ആവശ്യം തീരാത്ത ഭാര്യയും, മകനും. ആരെയും അച്ഛൻ കൈവിട്ടില്ല.
ഞാൻ വളർന്നാലെങ്കിലും കഷ്ടപ്പാടുകൾ കുറയുമെന്നച്ഛൻ കരുതിയിരുന്നിരിക്കണം.
താൻ വളർന്ന് ഉദ്യോഗസ്ഥനായിട്ടും,
പണം സമ്പാദിച്ചിട്ടും, ഇന്നാ അച്ഛന്റെ കൈയിൽ ഇരിക്കട്ടെ എന്ന് പറഞ്ഞ് കുറച്ച് പണം
ആ കൈകളിൽ നൽകിയില്ല…
അച്ഛനൊപ്പം ഇത്തിരി സമയം പോലും ചിലവഴിച്ചില്ല.
കാലം തനിക്ക് മാപ്പ് തരില്ല….
ഗിരിയിൽ നിന്നും കണ്ണുനീർ ഉതിർന്നു വീണു…
അല്ലെങ്കിലും,കൂടെയുള്ള മനുഷ്യരെ കാണാൻ ആർക്കും സമയമില്ലല്ലോ…
ഒരിക്കലെങ്കിലും മാതാപിതാക്കളെ
ചേർത്തു പിടിച്ചേക്കണം, അവരുടെ ആഗ്രഹങ്ങളെ സാധിച്ചു കൊടുത്തേക്കണം.
നെറ്റിയിൽ അമർത്തി ചുംബിച്ചിട്ട് എന്റേതായതിൽ, ഞങ്ങൾക്കായി ജീവിച്ചതിൽ ഒത്തിരി നന്ദിയുണ്ടെന്ന് പറഞ്ഞേക്കണം.
കാരണം അവർ നിങ്ങൾക്കായ് മാത്രം
ജീവിതം മാറ്റി വച്ചവരാണ്…….
✍️അഞ്ജു തങ്കച്ചന്‍
