എന്റെ മകന്റെ മുറിയുടെ മുമ്പിൽ പതുങ്ങി നിൽക്കുന്ന അമ്മായിയച്ഛനെ കണ്ടാണ് ഞാൻ അങ്ങോട്ട് ചെന്നത്…
എന്താ…? ഞാൻ ചോദിച്ചു.
ശ്…. പതുക്കെ.
അച്ഛൻ എന്റെ നേരേ നോക്കി ചുണ്ടിൽ വിരലമർത്തി.
അവൻ കരയുകയാണ്… അച്ഛൻ പറഞ്ഞു.
ഉള്ളത് പറയാമല്ലോ എന്റെ ഏഴു വയസ്സുകാരനായ മകൻ ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് മുറിയിൽ കയറി വാതിലടയ്ക്കുന്ന സ്വഭാവക്കാരനാണ്.
അവൻ പറയുന്നതെല്ലാം അപ്പോൾ തന്നെയവന് മേടിച്ചു കൊടുക്കണം.
ഒരിക്കൽ എന്തോ വാശിയിൽ
അവൻ മുറിയിൽ കയറി വാതിലടച്ചുകുറ്റിയിട്ടു.
പിന്നീട് അതവന് തുറക്കാൻ
കഴിയാതെ പോയി.
അന്ന് ഞങ്ങൾ പേടിച്ചതിന് കണക്കില്ല.
ഒടുവിലെങ്ങനെയൊക്കെയോ ജനലിനിടയിലൂടെ വലിയ കമ്പ് ഉപയോഗിച്ച് ഒരുവിധത്തിൽ കുറ്റി മാറ്റിയാണ് ആ മുറി തുറന്നത്.
ഒറ്റ മകനായതുകൊണ്ടുതന്നെ വല്ലാത്ത വാശിക്കാരനായിട്ടാണ് അവൻ വളർന്നുവന്നത്.
കെഎസ്ഇബി ഉദ്യോഗസ്ഥനായ അവന്റെ അച്ഛനും, അധ്യാപികയായ ഞാനും അവനെ ഒരുപാട് ലാളിച്ചാണ് വളർത്തുന്നത്.
എങ്ങനെ ലാളിക്കാതിരിക്കും, ഞങ്ങളുടെ ജീവിതം തന്നെ, ഒറ്റമകനായ അവനു വേണ്ടിയാണ്.
പക്ഷേ ഭർത്താവിന്റെ അച്ഛൻ അവനെ നിയന്ത്രിക്കാൻ നോക്കും.
സത്യം പറഞ്ഞാൽ എനിക്കത് കേൾക്കുമ്പോൾ ദേഷ്യമാണ് തോന്നുന്നത്.
അവൻ ഒരു ചെറിയ കുട്ടിയല്ലേ,
കേവലം ഏഴു വയസ്സ് മാത്രം പ്രായമേയവനുള്ളൂ…
അവൻ കുട്ടികൾ ഓടിക്കുന്ന ചെറിയ ബൈക്ക് വേണമെന്ന് പറഞ്ഞ് രാവിലെ വഴക്കുണ്ടാക്കിയിരുന്നു…
മേടിച്ചു കൊടുക്കാമെന്ന് ഞങ്ങൾ പറയുകയും ചെയ്തു.
അത് ഇപ്പോൾ തന്നെ വേണമെന്നും പറഞ്ഞവൻ ഹാളിൽ കൊതികുത്തി ഇരിക്കുന്നത് കണ്ടതാണ്..
ഒന്നാമത് സ്കൂൾ അടച്ചിരിക്കുകയാണ്.
ഒന്ന് സ്കൂൾ തുറന്നാൽ മതിയെന്ന് എനിക്ക് തോന്നി..
അവൻ വാതിലടച്ചകത്തിരുന്ന് കരയുന്നുണ്ട്. ഇപ്പോൾ അവനെ വിളിക്കണ്ട.അച്ഛൻ പറഞ്ഞു.
ഞാൻ വാതിൽ തുറക്കാനാഞ്ഞു
അച്ഛൻ ബലമായി എന്റെ കയ്യിൽ പിടിച്ചു വലിച്ചു മാറ്റി നിർത്തി.
മോളെ….നീയും അവനും ചേർന്ന് ഈ കുഞ്ഞിന്റെ ഭാവിയിങ്ങനെ നശിപ്പിക്കരുത്.
ചോദിക്കുന്നതെല്ലാം വാങ്ങി നൽകി,
അവനെ നിങ്ങൾ അലസനും മടിയനും ദുർവാശിക്കാരനുമാക്കുകയാണ്…
ഇങ്ങനെയാണോ മോളെ, കുഞ്ഞിനെ വളർത്തേണ്ടത്…??
ആ കൊച്ചിന് ഇപ്പോൾ ബൈക്കിന്റെ ആവശ്യമൊന്നുമില്ല. അച്ഛൻ പറഞ്ഞു.
എന്റെയച്ഛ… അതീ മുറ്റത്തൂടെ ഓടിക്കുന്ന ചെറിയ ബൈക്കാണ്, അല്ലാതെ റോഡിൽ ഓടിക്കുന്നതൊന്നുമല്ല…ഞാൻ പറഞ്ഞു.
കുട്ടികളെ കുറച്ച് നല്ല ശീലങ്ങൾ കൂടെ പഠിപ്പിക്കണം മോളെ..അല്ലാതെ നിങ്ങൾ എപ്പോഴും ഇങ്ങനെ ഫോണിലേക്ക് മുഖം പൂഴ്ത്തി ഇരുന്നാൽ പോരാ..
അച്ഛൻ പറഞ്ഞു.
എനിക്കെന്തോ അച്ഛനോട് വല്ലാത്ത നീരസം തോന്നി.
എന്റെ മകനെ വളർത്താൻ എനിക്കറിയാം. ഞാൻ പറഞ്ഞു.
അച്ഛൻ പിന്നെയൊന്നും പറഞ്ഞില്ല.
ഞാനും ഭർത്താവും അവനെയും കൂട്ടിക്കൊണ്ട്, ബൈക്ക് വാങ്ങിക്കാനായി പോയി…
അവനൊരു പച്ച കളർ ബൈക്കാണ് ഇഷ്ടപ്പെട്ടത്.
പക്ഷേ അതിനേക്കാൾ ഭംഗിയുണ്ടായിരുന്നു ചുവപ്പും കറുപ്പും കളറിലുള്ള മറ്റൊരു ബൈക്കിന്.അത് വാങ്ങിക്കാമെന്ന് പറഞ്ഞതിന് അവൻ അവിടെ നിന്ന് വാശി പിടിച്ചു ബഹളം വച്ചു..
ഷോപ്പിൽ നിന്നവൻ കൊതികുത്തിയപ്പോൾ സത്യത്തിൽ എനിക്കും ദേഷ്യം തോന്നി.
മോന്റെ ഇഷ്ടമാണല്ലോ, മോനാണല്ലോ ഓടിക്കേണ്ടത് എന്ന് കരുതി ഭർത്താവ്
ആ പച്ചക്കളർ തന്നെ വാങ്ങിക്കാമെന്ന് പറഞ്ഞു.
അപ്പോഴാണ് അടുത്ത നിൽക്കുന്ന ഒരമ്മയേയും മോളെയും ഞാൻ ശ്രദ്ധിച്ചത്..
ഞങ്ങളുടെ നാട്ടുകാരി തന്നെയാണ്.
അമ്മാ…ഇതെനിക്ക് വാങ്ങി തരുമോ ?
അവരുടെ അഞ്ചുവയസ്സുകാരി മോൾ, അതിമനോഹരമായ ഒരു പാവയുടെ നേരെ കൈ ചൂണ്ടി അവളുടെ അമ്മയോട് ചോദിച്ചു.
മോളെ….അമ്മയുടെ കൈയിൽ ഇപ്പോൾ അത് വാങ്ങാനുള്ള പണമില്ല.
കാശ് ഉണ്ടാകുമ്പോൾ നമുക്കിത് വാങ്ങിയാൽ പോരേ..??
ആം… അവൾ തലകുലുക്കി.
കേവലം ഒരഞ്ചുവയസ്സ് മാത്രം
പ്രായമുള്ള ആ കുട്ടിക്ക് അമ്മ പറഞ്ഞത് മനസ്സിലായിരിക്കുന്നു.
എനിക്കത്ഭുതം തോന്നി.
ആ സ്ത്രീയെ ഞാൻ അറിയുന്നതാണ്.
നല്ല സാമ്പത്തികമുള്ള വീട്ടിലെയാണ്.
കൂടാതെ ഉയർന്ന പോസിഷനിൽ ജോലി ചെയ്യുന്ന ഒരുദ്യോഗസ്ഥയാണ് അവർ.
അവർ ഇത്രയും പിശുക്കി ആയിരുന്നോ
എന്ന് ഞാനോർത്തു.
അവർ വിചാരിച്ചാൽ ഈ ഷോപ്പ് തന്നെ വാങ്ങാവുന്നതേ ഉള്ളൂ…
അവർ എന്നെ കണ്ട് പരിചിത ഭാവത്തിൽ ചിരിച്ചു. ഞാനും.
എന്താ..കുഞ്ഞിന് പാവ മേടിച്ചു കൊടുക്കാത്തത് ?? ഞാൻ ചോദിച്ചു.
മേടിച്ചു കൊടുക്കാൻ എന്നെക്കൊണ്ട് കഴിയും, പക്ഷേ മോള് പറയുമ്പോൾ തന്നെ അത് വാങ്ങി കൊടുത്താൽ അവൾക്ക് ഒന്നിന്റെയും വില മനസ്സിലാവില്ല.
എന്ത് ചെറിയ കാര്യമാണെങ്കിലും അതിന്റെ പിന്നിലുള്ള അധ്വാനത്തെ കുറിച്ച് കുഞ്ഞുങ്ങൾ അറിയണം.
ഒന്നും വെറുതെ കിട്ടുന്നതല്ല എന്നവൾ മനസ്സിലാക്കണം . അല്ലായെങ്കിൽ ഭാവിയിൽഅവൾ വളരെ അലസതയുള്ളവളായി പോകും.
എന്ന് വച്ച് ഞാനവൾക്ക് ഇത് വാങ്ങി കൊടുക്കാതിരിക്കുകയൊന്നുമില്ല.
അവൾ തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം ഞാനിതവൾക്ക് തീർച്ചയായും വാങ്ങിക്കൊടുക്കും..
അവനവന്റെ ആവശ്യങ്ങൾ സ്വയം നേടാൻ അവരെ പ്രാപ്തയാക്കേണ്ട കടമ നമുക്കല്ലേ…
തലയ്ക്കൽ വളം വച്ചിട്ട് കാര്യമില്ലലോ. ചെറുതിലേ തന്നെ അവരുടെ സ്വഭാവം രൂപീകരിക്കപ്പെടുകയാണ്.
എന്റെ കുഞ്ഞ് എന്റെ ജീവനാണ്,
അവളെ മികച്ചവളാക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം.
അവർ കുഞ്ഞിനേയും കൊണ്ടു പോകുന്നത് ഞാൻ നോക്കി നിന്നു.
ഞാനപ്പോൾ ഓർത്തത് പിടിവാശിക്കാരനായ എന്റെ മകന്റെ സ്വഭാവത്തെ കുറിച്ചാണ്,
അവനിപ്പോൾ ബൈക്ക് വാങ്ങണ്ട എന്ന് ഞാൻ ഭർത്താവിനോട് പറഞ്ഞു.
അവനെയും കൊണ്ട് ഷോപ്പിൽ നിന്ന് ഇറങ്ങുമ്പോൾ അവൻ വല്ലാതെ വാശിപിടിച്ചു കരയുകയായിരുന്നു.
ഞാനവരെ പരിഗണിക്കാൻ പോയില്ല.
എങ്കിലും എന്റെ ശ്രദ്ധയവനിൽ ഉണ്ടായിരുന്നു
പെട്ടെന്നൊരു ദിവസം അതുവരെയുണ്ടായിരുന്ന ശീലത്തിൽ നിന്നും ഒരു മാറ്റമുണ്ടാകുമ്പോൾ അവന് സഹിക്കാനാവില്ല എന്നെനിക്കറിയാം
അവനന്ന് ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കിയില്ല…
ആ സ്ത്രീയുടെ വർത്തമാനം എന്റെ ഭർത്താവും കേട്ടിരിക്കണം,
അതുകൊണ്ടാവാം അദ്ദേഹം കൂടുതലൊന്നും എന്നോടു ചോദിച്ചില്ല.
ഭർത്താവിന്റെ അച്ഛൻ അവനെ ആശ്വസിപ്പിക്കുന്നത് കണ്ടു.
അദ്ദേഹം വൈകുന്നേരം അവനെയും കൊണ്ട് ചായ കുടിക്കാനായി സിറ്റിക്ക് പോയി…
ഞാൻ തടഞ്ഞില്ല…
ചുറ്റുമുള്ള കാഴ്ചകളിലേക്ക് കൺതുറന്നവൻ മുത്തച്ഛന്റെ കൈയും പിടിച്ചു നടന്നു പോകുന്നത് ഞാൻ നോക്കി നിന്നു.
അദ്ദേഹം മഴയുടെ കാഴ്ചകൾ അവന് കാണിച്ചു കൊടുത്തു.
ഓരോ ദിവസവും അവൻ മുത്തശ്ശന്റെ കൈയ്യും പിടിച്ചു നടന്നു.
ടൗണിൽ ഭിക്ഷയെടുക്കുന്ന കുട്ടികളെയും തെരുവിൽ അലഞ്ഞു നടക്കുന്ന മനുഷ്യരെയും കാണിച്ചു കൊടുത്തു…
അവന് കഥകൾ പറഞ്ഞു കൊടുത്തു…
അവനെയും കൊണ്ട് മണ്ണിലിറങ്ങി..
വിത്ത് വിതയ്ക്കുന്നതും, നനയ്ക്കുന്നതും കാണിച്ചു കൊടുത്തു.
അവനെ മഴ നനയാൻ പഠിപ്പിച്ചു. വെയിലേൽക്കാൻ പഠിപ്പിച്ചു.
പനി പിടിക്കുമെന്ന് പറഞ്ഞ്,
ഞാനവന് മുൻപിലെത്ര മഴക്കാലങ്ങളെയാണ് അടച്ചു വച്ചത്, വെയിലേറ്റ് കറക്കുമെന്ന് പറഞ്ഞ് ഞാനവനെ വെയിലടിപ്പിച്ചിരുന്നില്ലലോ..എന്ന് കുറ്റബോധത്തോടെ ഞാനോർത്തു.
അവൻ നട്ട ചെടിയിൽ ആദ്യത്തെ പൂവ് വിരിഞ്ഞപ്പോൾ അവന്റെ കണ്ണുകളിൽ വിരിഞ്ഞ കൗതുകത്തിലേക്ക്
ഞങ്ങളത്ഭുതത്തോടെ നോക്കി നിന്നു.
കണക്ക് പഠിക്കാൻ മടിയനായിരുന്നു, കണക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്ന
അവൻ അനായാസം ഓരോന്നും എണ്ണുന്നതും കൂട്ടുന്നതും കണ്ട് ഞാൻ കണ്ണ് മിഴിച്ചു…
ആദ്യപഠനം പ്രകൃതിയിൽ നിന്നാണെന്ന് അച്ഛൻ പറയും…
സത്യമായും ഞാൻ പറയട്ടെ,
സ്കൂൾ തുറന്നപ്പോൾ എത്ര സന്തോഷത്തോടെയാണവൻ
സ്കൂളിലേക്ക് പോയതെന്നോ…
ഏഴ് വർഷം ഞങ്ങൾ വളർത്തി വഷളാക്കിയ ഞങ്ങളുടെ മകനെ, സ്കൂൾ അടച്ചിരുന്ന
രണ്ട് മാസം കൊണ്ട് അച്ഛൻ എങ്ങനെയാണിത്ര മിടുക്കനാക്കിയതെന്നു ഞങ്ങൾക്കറിയില്ല.
നോക്കൂ…. മൊബൈലും കൈയ്യിൽ കൊടുത്ത് വീട്ടിൽ തളച്ചിട്ട് ഞങ്ങളെത്ര ദ്രോഹമാണ് അവനോട് ചെയ്തിരുന്നതെന്ന് ഇപ്പോഴാണെനിക്ക് ബോധ്യമായത്….
അവരെ പ്രകൃതിയോടിണക്കി തന്നെ വളർത്തണം. അതവരുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തും, മാനസികആരോഗ്യത്തെയും മെച്ചപ്പെടുത്തും. കുട്ടികളെയും നമ്മളോടൊപ്പം ഓരോന്നിനും പങ്കാളിയാക്കണം..
കുട്ടികളുടെ ബാല്യമാസ്വദിക്കാൻ അവർക്കാകണം. അതിനുള്ള അവസരം ഒരുക്കി കൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.
ഞങ്ങളിപ്പോൾ ജോലി കഴിഞ്ഞ് വന്നാൽ ഫോണിലേക്ക് മുഖം പൂഴ്ത്താറില്ല.
ഞങ്ങൾ നാല് പേരും ഇപ്പോൾ ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്…
നോക്കൂ…കുട്ടികളോടൊപ്പം അവരുടെ പ്രിയപ്പെട്ട കൂട്ടുകാരായി നമ്മൾ ഉണ്ടാകണം.
അതോടൊപ്പം അവരെ അലസരാക്കാതെ,
മികച്ച പൗരന്മാരാക്കി വളർത്തുക എന്ന ഉത്തരവാദിത്തവും നമ്മളിൽ നിക്ഷിപ്തമാണ്….
✍️Anju Thankachan
