തൊട്ടടുത്ത ഉമ്മയുടെ മുറിയിൽ നിന്നുയരുന്ന പൊട്ടിച്ചിരികൾ, ഇടയ്ക്ക് കേൾക്കുന്ന അടക്കിപിടിച്ച ചില നേർത്ത മൂളക്കങ്ങൾ…. പുലമ്പലുകൾ…. ഒപ്പം ഉമ്മയോട് മത്സരിച്ചെന്ന പോലെ കേൾക്കുന്ന അയാളുടെ ചിരിയും മൂളലും…..
സ്വസ്ഥമായ് കണ്ണടച്ചൊന്നുറങ്ങാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല ഷാഹിനയ്ക്ക്….
ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളേറെ ആയെങ്കിലും ഇപ്പോൾ ഉറക്കത്തിനൊപ്പം സമാധാനം കൂടി നഷ്ടമായിരിക്കുന്നു….
ചിന്തകൾ അധികരിച്ച് ശ്വാസം മുട്ടിയതും മെല്ലെ ആ മുറിയിൽ നിന്ന് ശബ്ദുണ്ടാക്കാതെ പുറത്തേയ്ക്കിറങ്ങി ഷാഹിന… അമർത്തി വെച്ച കാലടികളോടെ ഹാള് കടന്ന് അടുക്കളയിലേക്ക് നടന്നതും ഹാളിനോട് ചേർന്നുള്ള മുറിയിൽ നിന്നുയരുന്ന അമർത്തിയ ആൺ പെൺ ചിരിയലകൾ…. മുന്നോട്ടുവെച്ച കാലുകൾ തറയിൽ തന്നെ ഉറച്ചതു പോലെ നിശ്ചലം നിന്നവൾ…
നിറയാനൊരുങ്ങുന്ന കണ്ണിനെ തോല്പിയ്ക്കും വിധം അലയടിച്ച് ഉയരുന്നുണ്ടൊരു ആർത്തു കരച്ചിൽ നെഞ്ചിനകത്ത്… എത്രയെല്ലാം മനസ്സിനെ ശാന്തമാക്കി നിർത്തിയാലും ഇതുപോലുള്ള ചില അവസരങ്ങളിലത് മനസ്സിന്റെ നിയന്ത്രണത്തെ പറ്റെ തകർത്തു കളയും….. പിന്നീടൊരു കൂടിച്ചേരൽ ഇല്ലാത്ത വിധം….
ഇന്നങ്ങനെ ഒരു ദിവസമാണ്…ഷാഹിന എന്ന പെൺക്കുട്ടി ജീവിതത്തിൽ തോറ്റുപോയെന്ന് അവൾക്കു തന്നെ തോന്നിയ ദിവസം… പറ്റിയ തെറ്റുതിരുത്താൻ അവൾ വഴികൾ തേടുന്ന ദിവസം….
“നിന്റെ ഉപ്പച്ചിയ്ക്ക് എന്നെ എന്നും സംശയമാണ് ഷാഹീ…. ഞാനെന്താ ചെയ്യേണ്ടത്…മടുത്തു എനിയ്ക്ക് നിന്റെ ഉപ്പച്ചിയോടൊപ്പം ഇങ്ങനെ ശ്വാസം മുട്ടി ജീവിച്ച്… നീയൊരാളെ കരുതിയാണ് ഞാനിതെല്ലാം ഇത്രയും നാൾ സഹിച്ചത്… ഇനി എനിയ്ക്ക് വയ്യ മോളെ…. സത്യമായിട്ടും വയ്യ…”
വർഷങ്ങൾക്കു മുമ്പ് തന്നോടു ഉമ്മ പറഞ്ഞ വാക്കുകളോർത്തവൾ….
ഗൾഫുക്കാരനായ ഉപ്പച്ചിയ്ക്ക് ഉമ്മയെ സംശയമാണെന്നും പറഞ്ഞ് പൊട്ടിക്കരയുന്ന ഉമ്മ അന്നെല്ലാം തനിയ്ക്ക് വേദന തന്നെയായിരുന്നു…
രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ രണ്ടു മാസത്തെ ലീവിന് വീട്ടിൽ വരുന്ന ഉപ്പച്ചിയെക്കാൾ തനിയ്ക്കിഷ്ടം ഉമ്മയോടായിരുന്നു… തന്റെ എല്ലാ കാര്യങ്ങളും നടത്തി തന്നിരുന്നതും തന്റെ ഏറ്റവും അടുത്ത സുഹൃത്തുമെല്ലാം ഉമ്മയാണ്…
താൻ പഠിച്ച സ്കൂളുകളിലേക്ക് ഉമ്മ വരുന്നത് അഭിമാനം ആയി കണ്ടവളാണ് താൻ… ഏതൊരാളും നോക്കി നിൽക്കുന്ന സൗന്ദര്യം ഉണ്ട് ഉമ്മയ്ക്ക്… വെളുത്ത് തുടുത്ത ഉമ്മയുടെ രൂപവും ചിരിയ്ക്കുമ്പോൾ തെളിയുന്ന നുണക്കുഴിയുമെല്ലാം ഉമ്മയുടെ ഭംഗി ദിവസേനെ വർദ്ധിപ്പിച്ചപ്പോൾ തനിയ്ക്ക് തന്നെ തോന്നിയിട്ടുണ്ട് തന്റെ ഉപ്പച്ചി ഒട്ടും മാച്ചല്ല ഉമ്മയ്ക്കെന്ന്…
നിറവും പൊക്കവും കുറവാണ് ഉപ്പയ്ക്ക്… മാത്രമല്ല ആളുകളോട് ഇടപഴകാനും സംസാരിക്കാനും ഉമ്മ മിടുക്കിയായിരുന്നെങ്കിൽ അതിന്റെ നേർ വിപരീതമായിരുന്നു ഉപ്പ…അധികം ആരോടും സംസാരിക്കാത്ത അത്യാവശ്യത്തിന് മാത്രം ഒന്നോ രണ്ടോ വാക്ക് മിണ്ടുന്ന ഉപ്പയെ എപ്പോഴൊക്കയോ താനും വെറുത്തിരുന്നു…
‘എന്റെ മോൻ അന്യനാട്ടിൽ പോയ് രാപക്കൽ ഇല്ലാതെ കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ കൊണ്ട് തോന്നും പടി
നാട് നിരങ്ങി, കണ്ടവർക്കൊപ്പം ഉല്ലസിച്ചു നടക്കുന്ന ഇവളെ പോലൊരുത്തി എന്റെ മകന്
ഭാര്യയായ് വേണ്ടെന്ന് വല്ലിപ്പ എല്ലാവരുടെയും മുന്നിൽ നിന്ന് വിളിച്ചു പറഞ്ഞത് തന്റെ പതിനാലാം വയസ്സിലാണ്…..
ഉപ്പയുടെ പൈസ മാത്രം ആവശ്യമുള്ള വലിപ്പയ്ക്ക് ഉമ്മയെ ഇഷ്ടമില്ലെന്ന് ഉമ്മ പറഞ്ഞത് അന്നേരം ഓർത്തു താൻ….. ഉപ്പച്ചിയുടെ ഉള്ളിൽ ഉമ്മയെ കുറിച്ച് ഇല്ലാത്തത് പറഞ്ഞ് വിഷം കുത്തിവെയ്ക്കുന്നത് അവരാണ് ….ഉപ്പച്ചിയുടെ വീട്ടുകാർ…
ആദ്യമെല്ലാം ഉപ്പച്ചി വീട്ടുകാരെ ഇഷ്ടമായിരുന്ന താൻ അവരെ വെറുത്തു തുടങ്ങിയതു തന്നെ ഉമ്മ അതു പറഞ്ഞപ്പോഴാണ്….
ഉമ്മയെ ഇഷ്ടമില്ലാത്തവരുടെ കൂടെ ഉമ്മയില്ലാത്ത വീട്ടിൽ താനും നിൽക്കില്ലെന്ന് വാദിച്ച് ഉമ്മയ്ക്കൊപ്പം താനും ആ വീടുവിട്ടിറങ്ങിയപ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായവിടെ തരിച്ചിരുന്ന ഉപ്പയെ ഒരുവട്ടം പോലും തിരിഞ്ഞു നോക്കിയില്ല താൻ….
ഇനിയഥവാ തിരിഞ്ഞു നോക്കിയാലും കാണുന്ന അവരുടെ കണ്ണുനീരും വിഷമവുമെല്ലാം തനിയ്ക്ക് അന്ന് നൽക്കുക സന്തോഷം മാത്രമാണ്…
തന്റെ ഉമ്മയെ വേദനിപ്പിച്ചവർ വേദനിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി അത്രയ്ക്ക് ഉണ്ടന്ന് തനിയ്ക്ക്….
തനിയ്ക്ക് വേണ്ടി, തന്റെ നല്ല ഭാവിയ്ക്ക് വേണ്ടി ഓരോ ജോലികൾ ഉമ്മ ചെയ്തു തുടങ്ങിയപ്പോൾ ഉമ്മയുടെ കഷ്ടപ്പാടു കണ്ട് ഒരു മകളെന്ന നിലയിൽ ഉപ്പയുടെ സമ്പാദ്യത്തിൽ തനിയ്ക്കുള്ള വിഹിതത്തിനായ് വാദിച്ചു താൻ ഉപ്പയോടും ഉപ്പയുടെ വീട്ടുക്കാരോടും…
പതിനാറു വയസ്സുള്ളൊരു പെൺകുട്ടിയ്ക്ക് ജീവിക്കാനും പഠിക്കാനും ആവശ്യമുള്ളതിലും അധികം പൈസ ഓരോ മാസവും തനിയ്ക്കായ് അന്നു മുതൽ തന്നു തുടങ്ങി ഉപ്പയും…
തനിയ്ക്ക് കിട്ടുന്ന ആ പൈസ കൊണ്ടായിരുന്നു പിന്നീട് തന്റെയും ഉമ്മയുടെയും ജീവിതം… ഉമ്മയുടെ സന്തോഷം മാത്രം നോക്കിയിരുന്ന താൻ ഉമ്മയിലെ മാറ്റങ്ങളറിഞ്ഞില്ല…
താനത് അറിയാതിരിക്കാൻ ഉമ്മയും നന്നായ് ശ്രദ്ധിച്ചിരുന്നുവെന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അറിയുന്നുണ്ടവൾ…
പഠനത്തിന്റെ പേരിൽ ഇത്തിരി നേരം വീട്ടിൽ വെറുതെയൊന്നിരിക്കാൻ തന്നെ ഉമ്മ സമ്മതിക്കാതിരുന്നപ്പോൾ താൻ കരുതിയത് വിദ്യാഭ്യാസത്തിന്റെ വില സ്വന്തം ജീവിതം കൊണ്ട് തിരിച്ചറിഞ്ഞ ഉമ്മ തന്റെ നല്ല ഭാവിയ്ക്ക് വേണ്ടി തന്നെ തയ്യാറാക്കുന്നു എന്നാണ്….
പഠനത്തിന് പ്രാധാന്യം ഏറെ നൽകിയിരുന്ന ഉമ്മ പക്ഷെ കൂട്ടുകാർക്കൊപ്പം തന്നെ അവരുടെ വീട്ടിൽ സമയം ചിലവിടാനും വേണ്ടിവന്നാൽ അവിടെ താമസിക്കാനും അനുവദിച്ചിരുന്നു… തന്റെ സന്തോഷമാണ് വലുതെന്നായിരുന്നു അന്നതിന് ഉമ്മ പറഞ്ഞ കാരണം… പക്ഷെ ഇന്നറിയാം, ഇപ്പോഴറിയാം അവരു തന്നോടു കാണിച്ചതും പറഞ്ഞതുമൊന്നും തന്നോടുള്ള ഇഷ്ടമായിരുന്നില്ല…. കരുതലായിരുന്നില്ല…. അവരുടെ ആവശ്യങ്ങൾക്കു വേണ്ടി തന്നെ അകറ്റി നിർത്തുകയായിരുന്നു എപ്പോഴും…. ഒപ്പം അവർക്കു വേണ്ട പൈസയ്ക്ക് തന്നെ ഉപയോഗിക്കുകയായിരുന്നു…
അവരിലേക്ക് തന്റെ ശ്രദ്ധ ചെല്ലാതെയിരിക്കാൻ അവർ തന്നെ ഓരോയിടത്തും എപ്പോഴും തിരക്കാക്കി നിർത്തി….
പഠനത്തിൻ്റെ തിരക്കിൽ താൻ തളർന്നുറങ്ങുമ്പോൾ ആ വീട്ടിൽ അവർക്കൊപ്പം പലരും അന്തിയുറങ്ങി എഴുന്നേറ്റു പോയ്…
കഴിഞ്ഞു പോയതോരോന്നും ആഴത്തിൽ ചിന്തിച്ചപ്പോൾ തന്റെ നെഞ്ചു പിടയും പോലൊരു കരച്ചിലാർത്തു ഷാഹിനയുടെ ഉള്ളിൽ….
ഉപ്പയായിരുന്നു ശരിയെന്ന് ഇന്നവൾക്ക് കാലം തെളിയിച്ചു കൊടുത്തു… പല പുരുഷന്മാരിലും സന്തോഷം കണ്ടെത്തുന്നവളാണ് തന്റെ ഉമ്മയെന്ന് അവൾ തിരിച്ചറിഞ്ഞിട്ട് നാളേറെയായി… താനില്ലാത്തപ്പോഴും താൻ പഠനത്തിരക്കിൽ മുഴുകുമ്പോഴുമെല്ലാം പലരും ഉമ്മയ്ക്കൊപ്പം താനറിയാതെ ഈ വീട്ടിൽ തന്നെ അന്തിയുറങ്ങിയിട്ടുണ്ട്…
സ്വന്തം ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും മുൻതൂക്കം നൽകിയവൾ തന്നെയും അവരുടെ സ്വാർത്ഥതയ്ക്ക് വേണ്ടി ചതിച്ചുവെന്നത്, അവരോട് തനിയ്ക്കുള്ള സ്നേഹത്തെ, വിശ്വാസത്തെ ഒക്കെ മുതലെടുത്തുവെന്നത് ഉൾക്കൊള്ളാൻ വയ്യ അവൾക്ക്…
വല്ലാത്തൊരു പകയും വെറുപ്പും നിറഞ്ഞവളുടെ ഉള്ളിൽ പെറ്റുമ്മയോട്… ആ വെറുപ്പും പകയും ഒരു തുടക്കമായിരുന്നു ഷാഹിനയ്ക്ക് ഉമ്മയെ , ഉമ്മ അറിയാതെ ശ്രദ്ധിക്കാൻ…
താനെന്നൊരു പെൺകുട്ടി കൂടി ആ വീട്ടിലുണ്ടെന്ന് ചിന്തിക്കാതെ പലരെയും അന്തിക്കൂട്ടിന് വിളിയ്ക്കുന്ന ഉമ്മയുടെ ദൃശ്യങ്ങൾ അവരറിയാതെ സ്വന്തം മൊബൈലിൽ പകർത്തി അവൾ…
” നിനക്കിപ്പോഴിത് വേണോ ഷാഹീ… ഇവിടെ എവിടെയെങ്കിലും തന്നെ നിന്ന് പഠിച്ചാൽ പോരെ….?
ചെന്നൈ പോലൊരു വലിയ നഗരത്തിൽ നിന്നെ പഠിക്കാനയച്ചിട്ട് ഞാനെന്തു സമാധാനത്തിൽ ഇവിടെയിരിക്കുമെടി മോളെ…?
നിന്നെ കാണാതെ ഞാനെങ്ങനെ ഇവിടെ ദിവസങ്ങൾ മുന്നോട്ടു കൊണ്ടു പോവും…
വീടുവിട്ട് ചെന്നൈ പോലൊരു
മഹാനഗരത്തിലേക്ക് ഷാഹിന പഠിക്കാൻ പോവുന്നതിന്റെ സന്തോഷം
ഉണ്ടവളുടെ ഉമ്മയുടെ ഉള്ളിലെങ്കിലും പുറമെ ദു:ഖം ഭാവിച്ച് ചോദിച്ചവർ….
ഷാഹിന വീട്ടിൽ നിന്ന് ദൂരേയ്ക്ക് മാറുന്നതാണ് അവർക്ക് സൗകര്യം… അവരുടെ
ഇഷ്ടക്കാരവരെ തേടി വരുമ്പോൾ ഷാഹിനയൊരു തടസ്സമാണവർക്ക്… അവളറിയാതെ ഓരോ ബന്ധവും അത്ര ശ്രദ്ധിച്ചാണവർ മുന്നോട്ടു കൊണ്ടു പോവുന്നത്… അങ്ങനെയുള്ളപ്പോൾ അവളുടെ ഈ ചെന്നെ പോക്ക് അവർക്ക് എല്ലാം കൊണ്ടും അനുഗ്രഹമാണ്
പുറമെ ദുഃഖം ഭാവിച്ച് ഉള്ളു കൊണ്ട് സന്തോഷിക്കുമ്പോഴും പക്ഷെ അവരറിയുന്നില്ല താനെന്താണെന്ന് എങ്ങനെയാണെന്ന് മകൾ തിരിച്ചറിഞ്ഞിട്ട് നാളുകളേറെ ആയെന്ന്…
‘എന്നെ പിരിയാൻ വയ്യെങ്കിൽ ഉമ്മയും വാ എനിയ്ക്കൊപ്പം… അവിടെ നമുക്ക് ഒരുമിച്ച് നിൽക്കാം… ഇവിടെയും അവിടെയും നമുക്ക് ഒരു പോലെ അല്ലേ ഉമ്മാ….?
ഷാഹിന ചോദിച്ചതും പതറി ഉമ്മ… അതുകണ്ട് ഉള്ളിൽ ചിരിച്ചു ഷാഹിനയും…
“അതൊന്നും വേണ്ട മോളെ… നിന്റെ ഉപ്പയുടെയും വീട്ടുകാരുടെയും കൺമുന്നിൽ ജീവിച്ചിട്ടു പോലും കുറ്റങ്ങളൊഴിഞ്ഞ നേരമില്ല എനിയ്ക്ക്… ആ ഞാൻ ഇത്രേം ദൂരം വന്നാൽ പിന്നെ പറയണ്ട… ഉമ്മയുടെ മോൾ പഠിച്ച് മിടുക്കിയായിട്ട് വാ…”
ഷാഹിനയെ ബോധിപ്പിക്കാനായ് കണ്ണീരൊഴുക്കിയവർ പറയുമ്പോൾ തെറ്റുകൾ മുഴുവൻ സ്വയം ചെയ്തിട്ടും യാതൊരു തെറ്റും ചെയ്യാത്ത തന്റെ ഉപ്പയേയും വീട്ടുക്കാരെയും യാതൊരു കുറ്റബോധമില്ലാതെ കുറ്റം പറയുന്ന ഉമ്മയെ വെറുപ്പോടൊന്ന് നോക്കി അവൾ…
ഷാഹിനയ്ക്ക് പോവാനുള്ള ദിവസമടുക്കും തോറും അവൾക്ക് വേണ്ടതെല്ലാം കൊടുത്തയച്ച് അവളെ പറഞ്ഞയക്കാൻ ധൃതിയായ് അവർക്ക്…
“നിന്റെ ഉപ്പ തരുന്ന പൈസയിൽ നിന്ന് നിനക്ക് വേണ്ടതെടുത്തിട്ട് ബാക്കി ഉമ്മാക്ക് അയക്കണേ മോളെ…. അറിയാലോ ഉമ്മാന്റെ ചിലവു കഴിയാൻ അതു വേണമെന്ന്…”
ബാഗുമെടുത്ത് പുറപ്പെടാനൊരുങ്ങുന്ന ഷാഹിനയ്ക്ക് അരികിൽ ചെന്ന് അറിയിച്ചവർ….
“ഉപ്പച്ചിയിൽ നിന്ന് പണം ഇനി നിങ്ങൾക്ക് കിട്ടില്ല ഉമ്മ…. എനിയ്ക്ക് വേണ്ട അത്യാവശ്യ പൈസ മാത്രമേ ഞാനിനി ഉപ്പയിൽ നിന്ന് വാങ്ങൂ…. ഉമ്മയ്ക്ക് ജീവിക്കാൻ വേണ്ട പൈസ ഉമ്മയുണ്ടാക്കണം ഇനി മുതൽ… ഒളിച്ചും പാത്തും ഇപ്പോഴിവിടെ ചെയ്യുന്ന പണി ഞാൻ പോവുന്നതോടെ പരസ്യമായ് ചെയ്താൽ മതി ആവശ്യത്തിനും അതിലേറെയും പൈസ കിട്ടും നിങ്ങൾക്ക്…. അതിനുള്ള കഴിവും മിടുക്കുമെല്ലാം നിങ്ങൾക്കുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങൾ കൊണ്ടറിഞ്ഞവളാണ് ഞാൻ…”
ഉമ്മയിൽ നിന്ന് കണ്ണുകൾ മാറ്റാതെയവൾ പറയുമ്പോൾ ഞെട്ടലോടെ അവളെ മിഴിച്ചു നോക്കി ഉമ്മ….
നീ…. നീ… എന്തൊക്കയാ…..?
എന്തു ചോദിക്കണമെന്നറിയാതെ വിയർത്തവർ ചോദിച്ചു തുടങ്ങിയതും അതിനെ പാതിയിൽ തടഞ്ഞ് തന്റെ ഫോണിൽ നിന്ന് അവരുടെ ഫോണിലേക്ക് എന്തോ അയച്ചവൾ ഉമ്മയെ ഫോൺ നോക്കാൻ കണ്ണു കാണിച്ചു….
വിറയാർന്ന വിരലുകൾ കൊണ്ട് ഫോൺ ഓപ്പൺ ചെയ്തു നോക്കിയവർ കൂടം കൊണ്ട് തലയ്ക്ക് അടിയേറ്റതു പോലെ അവളുടെ മുന്നിൽ വിറങ്ങലിച്ചു നിന്നു…
പല പുരുഷന്മാരോടൊത്ത് അവർ രമിയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ….
“ഞാനെന്ന തടസ്സം നിങ്ങൾക്കിടയിൽ നിന്ന് ഈ നിമിഷം മുതൽ മാറുകയാണ്… നിങ്ങളുടെ ജീവിതം നിങ്ങളുടെ ഇഷ്ടം…. അതിനെ തടയാനും ചോദ്യം ചെയ്യാനും ഞാനാരുമല്ല… പക്ഷെ എന്റെ ജീവിതത്തിലിനി നിങ്ങളില്ലെന്ന് തീരുമാനിക്കാൻ എനിയ്ക്ക് പറ്റും.. തീരുമാനിക്കുകയും ചെയ്തു ഞാനത്… പോട്ടെ എന്നാൽ……?
ശ്വാസം പോലും എടുക്കാനാവാതെ സ്തംഭിച്ച് നിൽക്കുന്ന അവരെ നോക്കി യാത്ര പറഞ്ഞ് ഷാഹിന ബാഗുമെടുത്തിറങ്ങിയതും അവളെ കൊണ്ടുപോവാനായ് വന്നു നിന്ന കാറിന്റെ ഡോർ തുറന്ന് പുറത്തേയ്ക്കിറങ്ങിയ അവളുടെ ഉപ്പയെ കണ്ട് ഇനി ഞെട്ടാനും മരവിക്കാനുമൊന്നും കരുത്തില്ലാതെ തറഞ്ഞു നിന്നവരവിടെ….
ആ നേരം അവരെയൊന്ന് നോക്കി ഷാഹിനയെയും വഹിച്ചുകൊണ്ടാ കാർ അവരിൽ നിന്ന് ദൂരേയ്ക്ക് ദൂരേയ്ക്ക് മറഞ്ഞു പോയ്…. എന്നേക്കുമായ്…… തിരികെ അവരിലേക്ക് മടങ്ങില്ലെന്ന അത്ര ഉറപ്പോടെ ദൂരെ…. ദൂരേയ്ക്ക്…..
✍️RJ
