‘കുന്നും പുറത്തെ നമ്മുടെ വിഷ്ണുവിന്റെ ഭാര്യയ്ക്ക് ഒരു കാമുകനുണ്ടെന്ന്… ഇന്നലെ രാത്രി രണ്ടാളും കൂടി ഫോണിൽ വീഡിയോ കോളിൽ സംസാരിക്കുന്നത് വിഷ്ണു കയ്യോടെ പിടിച്ചെന്ന്… രാത്രിയ്ക്ക് രാത്രി അവളുടെ വീട്ടുക്കാരെയെല്ലാം ചെക്കൻ വിളിച്ചു വരുത്തി കയ്യും കണക്കുമായ് കാര്യങ്ങൾ പറഞ്ഞവരെ ബോധ്യപ്പെടുത്തി പെണ്ണിനെ രാത്രിയ്ക്ക് രാത്രി തന്നെ അവരുടെ കൂടെ പറഞ്ഞു വിട്ടുന്നാ ശാന്തേടത്തി പറഞ്ഞത്…”
രാവിലെയുളള പതിവ് ചായക്കുടിയ്ക്ക് എല്ലാവരും ടേബിളിൽ ഒത്തുകൂടിയതും അമ്മ പറഞ്ഞ വിശേഷം കേട്ട് കണ്ണു തള്ളിയിരുന്നു പോയ് നിത്യ…
‘മനുഷ്യന്റെ മുഖത്തു പോലും നേരാവണ്ണം നോക്കാത്ത ആ കൊച്ചിനല്ലേ ഇപ്പോ കാമുകൻ…?
ആ ശാന്ത പറഞ്ഞു തരുന്ന ഓരോ നുണയും നീയല്ലാതെ വിശ്വസിക്കുവോ മിനിയേ…?
ശാന്ത പറഞ്ഞെന്ന് പറഞ്ഞ് ഇനി നീയ്യിതാരോടും പാടാൻ പോണ്ട… വെറുതെ ഓരോ വള്ളിക്കെട്ട് വലിച്ച് തലയിൽ വെക്കരുത് നീ…കേട്ടോ…?
അമ്മ പറഞ്ഞത് വിശ്വസിക്കാൻ കൂട്ടാക്കാതെ അച്ഛൻ അമ്മയെ ചീത്ത പറഞ്ഞ് കർശനമായ് വിലക്കുന്നതു നോക്കിയവിടെ നിൽക്കുമ്പോൾ നിത്യയ്ക്കുറപ്പായിരുന്നു അമ്മ പറഞ്ഞത് നൂറു ശതമാനം സത്യമാണെന്ന്… പലപ്പോഴും തനിയ്ക്ക് തന്നെ തോന്നിയിട്ടുണ്ട് അവൾക്കൊരു കാമുകനുണ്ടെന്ന്…
അത്രമാത്രമാണവളുടെ ആരുമറിയാത്ത ഫോൺ വിളിയും വിശേഷം പറച്ചിലുമെല്ലാം….. കെട്ടിയവനും കൂട്ടുകാരുമൊന്നും ഇക്കണ്ട നേരം സംസാരിക്കില്ലെന്ന് അന്നേ തോന്നിയിരുന്നു… ആ തോന്നൽ സത്യവുമായി…വെറും സംസാരം മാത്രമാവുമോ ഉണ്ടായിട്ടുണ്ടാവുക… അതോ ഇനി….
അങ്ങനൊന്ന് മനസ്സിൽ വെറുതെ നിത്യ ചിന്തിച്ചതും പെട്ടന്നവളുടെ മനസ്സിൽ തെളിഞ്ഞു വന്നത് രണ്ട് പിങ്ക് വരകളാണ്…
അയ്യോ…..
ഉള്ളിലെ ഞെട്ടൽ പുറത്തേക്ക് തെറിച്ചത് നല്ലൊന്നാന്തരം ശബ്ദത്തിലാണെന്ന് നിത്യയ്ക്ക് വ്യക്തമായത് തന്നെ തുറിച്ചു നോക്കുന്ന വീട്ടുകാരെ കണ്ടപ്പോഴാണ്…
എന്താടി….
അവളിൽ നിന്ന് കണ്ണുകൾ മാറ്റാതെ മയമൊട്ടുമില്ലാത്ത ശബ്ദത്തിൽ അമ്മ ചോദിച്ചതും അമ്മയോട് എന്തു പറയുമെന്നറിയാതെ പതറി കണ്ണുകൾ ഇടം വലം വെട്ടിച്ചവൾ
നിത്യേ….
വീണ്ടുമൊരിക്കൽ കൂടി അമ്മ വിളിച്ചതും ദയനീയമായി എല്ലാവരെയും നോക്കി നിത്യ.. കാരണം ഇനിയൊരു വിളി ഉണ്ടാവില്ല അമ്മയിൽ നിന്ന് പകരം വരുന്നത് അടിയാണ്…
“കീർത്തന ഗർഭിണിയാണ്… യൂറിൻ ടെസ്റ്റ് ചെയ്യാനുള്ള സ്ട്രിപ്പ് ഞാനാണവൾക്ക് ഒരാഴ്ച മുമ്പ് ഷോപ്പിൽ നിന്നെടുത്ത് കൊടുത്തത്… ടെസ്റ്റ് പോസിറ്റീവും ആയിരുന്നു…. ”
ഒന്നും ഒളിക്കാതെ ഉള്ളിലുള്ളതെല്ലാം നിത്യ കുടഞ്ഞിടുമ്പോൾ കേട്ടതു വിശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടിലാണ് വീട്ടുകാർ
ഗർഭിണിയോ….?
ഉള്ളിലെ അതേ ഞെട്ടലോടെ അമ്മ തിരക്കും നേരത്തും തന്നെയാണ് നിത്യയുടെ ഫോണിൽ വിഷ്ണുവിന്റെ കോൾ വന്നത്…
“നിത്യേ എനിയ്ക്കൊന്ന് നിന്നെ കാണണം… നീ ഇവിടെ എന്റെവീട്ടിലേക്ക് വരാമോ… എനിയ്ക്ക് പുറത്തേക്കിറങ്ങാൻ വയ്യ അതാണ്….
അവിഹിത ബന്ധമുള്ള ഭാര്യയുടെ ഭർത്താവ് എന്ന സ്ഥാനം എത്രമാത്രം കനമേറിയതാണെന്ന് തിരിച്ചറിയും വിധം ദയനീയമായിരുന്നു വിഷ്ണുവിന്റെ ശബ്ദവും സംസാരവും…
“നിന്റെ ഈ പൊക്കോം തടിയും ഒക്കെ വെറുതെ കാണാൻ മാത്രം ഉള്ളതാണെന്ന് ഞങ്ങൾക്കിപ്പോഴാണെടാ മനസ്സിലായത്…. നിന്നെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്ന് നിന്റെ ഭാര്യ തന്നെ തെളിയിച്ചു കാണിച്ചു തന്നല്ലോ…. അവൾക്ക് വേണ്ടത്ര കഴിവ് നിനക്ക് ഇല്ലാഞ്ഞിട്ടല്ലേ നീയ്യുള്ളപ്പോ തന്നെയവൾ വേറൊരുത്തനെ സെറ്റാക്കിയത്….”
രാവിലെ മുതൽ കേൾക്കുന്ന കുത്തുവർത്തമാനങ്ങളും പരിഹാസവും ഓർത്തതേ കണ്ണു നിറഞ്ഞു വിഷ്ണുവിന്
ഭാര്യ പുതിയ മേച്ചിൽപുറങ്ങൾ തേടിയാൽ എത്രപെട്ടന്നാണൊരു ഭർത്താവ് കഴിവ് കെട്ടവനും കാശിനു കൊള്ളാത്തവനായ് മാറുന്നത്… തെറ്റു ചെയ്തു കടന്നുപോയവളെക്കാൾ പരിഹാസവും കുറ്റപ്പെടുത്തലും കേൾക്കേണ്ടിവരുന്നത് അവളുടെ ഭർത്താവിനാണെന്നത് എന്തൊരു വിരോധാഭാസമാണ്…
പൊള്ളുന്ന നെഞ്ചോടെ വിഷ്ണുവിൽ ചിന്തകൾ കടുക്കും നേരത്ത് തന്നെയാണ് കരയുന്ന വിഷ്ണുവിൻ്റെ രണ്ടര വയസ്സുക്കാരി മകളുമായ് അവൻ്റെ അമ്മ അവനരികിലേക്കെത്തിയത്….
തലേദിവസത്തെ ബഹളങ്ങൾക്കൊടുവിൽ കീർത്തനയെ അവളുടെ വീട്ടുകാർക്കൊപ്പം പറഞ്ഞു വിട്ടെങ്കിലും രണ്ടര വയസ്സുക്കാരി മകളെ തനിയ്ക്കൊപ്പം നിർത്തി വിഷ്ണു… അവളെ കാണാതെ ഇരിക്കാൻ വയ്യവന് അതിലുപരി തൻ്റെ സ്നേഹം തട്ടിയെറിഞ്ഞ് മറ്റൊരാളെ തേടി പോയവളുടെ കൂടെ മകളെ വിടില്ലെന്ന വാശിയും….
“എന്റെ വിഷ്ണൂ.. കൊച്ച് ഭയങ്കര കരച്ചിലാണെടാ ആ നാശം പിടിച്ചവളെ കാണാൻ വേണ്ടിയിട്ട്… കൊച്ചിനറിയില്ലല്ലോ തള്ള കെട്ടിയ കുറ്റിയിൽ നിൽക്കാത്ത ജാതിയിനമാണെന്ന്….. കുറ്റിയും പറിച്ചവൾ കണ്ട പറമ്പ് നിരങ്ങാൻ പോയെന്ന്… ”
അമ്മേ…..
ഉള്ളിലെ വിഷമവും ദേഷ്യവും തീർക്കാനായ് അമ്മ ഓരോന്നും വിളിച്ചു പറഞ്ഞതും ശബ്ദമുയർത്തി വിളിച്ചു വിഷ്ണു.. പക്ഷെ അവന്റെയാ വിളിയിൽ പതിവ് ഗൗരവത്തിന് പകരം കലർന്നിരുന്നത് കണ്ണീരാണെന്ന് തിരിച്ചറിഞ്ഞതും കൂടുതലൊരു സംസാരത്തിന് നിൽക്കാതെ കുഞ്ഞിനെ അവന്റെ കയ്യിലേൽപ്പിച്ച് തിരികെ നടന്നമ്മ…. ആ നടത്തത്തിലും അമ്മയുടെ കണ്ണുകൾ നിർത്താതെ ഒഴുകി കൊണ്ടേയിരുന്നു…
‘വിഷ്ണുവേട്ടാ….
പുറം തിരിഞ്ഞ് കുഞ്ഞിനെ ചുമലിലിട്ട് ഉറക്കാൻ ശ്രമിയ്ക്കുന്ന വിഷ്ണുവിനെ ശബ്ദം താഴ്ത്തി വിളിയ്ക്കുമ്പോഴെ നിത്യയ്ക്ക് ഉറപ്പായി അറിയാമായിരുന്നു തന്നെയവൻ കാണണമെന്ന് പറഞ്ഞത് എന്തിനാണെന്ന്…
ഒപ്പം നടന്നവൾ ചെയ്ത ചതിയിൽ അറിയാതെ ബലിയാടാവുക കൂട്ടുക്കാരെന്ന് പറഞ്ഞു കൂടെ നടന്നവരാണെല്ലോ…. ഒരു വിചാരണ വീട്ടിൽ നിന്ന് കഴിഞ്ഞതേയുള്ളു… അടുത്തത് ഇനി ഇവിടെയാണ്….
നിത്യേ…. മോളെ….
വിഷ്ണു വിളിച്ചതും തേങ്ങി പോയ് നിത്യ…
‘അവൾക്കിങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നത് എന്റമ്മ സത്യമായിട്ടും എനിയ്ക്ക് അറിയില്ലായിരുന്നു വിഷ്ണുവേട്ടാ… എന്നെ വിശ്വസിക്ക്… ”
അവനായ് എന്തെങ്കിലും ചോദിയ്ക്കും മുമ്പേ തേങ്ങലോടെ നിത്യ പറഞ്ഞതും ഇനിയൊന്നും അവളോട് ചോദിക്കാനില്ലാത്തതു പോലെ നിശബ്ദനായ് വിഷ്ണു
അല്ലെങ്കിലും തന്റെ നെഞ്ചിൽ കിടന്ന് തന്നോട് സംസാരിച്ചവളാണല്ലോ താനുറങ്ങിയെന്ന് ഉറപ്പു വരുത്തി ഏതോ ഒരുവനെ വിളിച്ചു കൊഞ്ചിയിരുന്നത്… എന്നോ അവൾ തുടങ്ങിയ ആ ഫോൺ വിളി ഒപ്പം കിടക്കുന്ന താനതറിഞ്ഞത് ഇന്നലെയാണ്… അത്രയ്ക്കും രഹസ്യമായത് കൊണ്ടുപോവാൻ അവൾക്ക് കഴിഞ്ഞിരുന്നു… അങ്ങനെ ഉള്ളപ്പോ കൂടെ നടക്കുന്നവൾ അതറിഞ്ഞില്ലെന്ന് പറയുമ്പോൾ വിശ്വസിക്കാനേ കഴിയൂ…
‘നീയെന്തിനാ മോനെ ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്നത്… അവളെന്തെങ്കിലും ചെയ്തോട്ടെ… നമ്മുക്കതറിയണ്ടയിനി…. അവളെയും വേണ്ട… പിന്നെന്തിനാ നീയ്യി കൊച്ചിനെ വിളിച്ചു വരുത്തി ഓരോന്ന് ചോദിച്ചറിയാൻ നിൽക്കുന്നത്…..?
അവള് ചത്തു പോയെന്നങ്ങ് കരുതിയാൽ തീരും എല്ലാം…. ”
വിഷ്ണുവിനടുത്തെത്തി അമ്മ വീണ്ടും പറഞ്ഞതും നിത്യയുടെ നോട്ടമൊന്ന് ആ അമ്മയിലും മകനിലും തങ്ങി നിന്നു..
കീർത്തനയോടുള്ള ദേഷ്യമാണ് അവരമ്മയുടെയും മകന്റെയും മുഖത്തെങ്കിലും കീർത്തന ചെയ്ത ചതിക്ക് മുമ്പ് അവരെത്ര മാത്രം അവളെ സ്നേഹിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് അവരുടെ സംസാരത്തിലെ അവളോടുള്ള ദേഷ്യം…
” മോളെ…. മോള് പൊക്കോ…. ഈ ചെക്കന് അവളോടുള്ള സ്നേഹം കൂടീട്ട് ഭ്രാന്തായതാണ്… കളഞ്ഞിട്ടു പോയതിനെ വേണ്ടാന്ന് വെക്കാനുള്ളതിന് പകരമിവൻ അവളെ പറ്റി തിരക്കിനടക്കാണ്… എന്തിനാണാവോ അത്… തിരികെ ഇങ്ങോട്ടു കൊണ്ടുവരാനാണെങ്കിൽ അവളെ ഈ പടി കയറ്റില്ല ഞാൻ..”
ദേഷ്യത്തിൽ നിത്യയോട് അമ്മ പറയുമ്പോഴും വിഷ്ണുവിന്റെ മുഖം കണ്ടാൽ ചിലപ്പോഴവൻ അതും ചെയ്യുമെന്ന് കാണുന്നവർക്ക് തോന്നും…
വിഷ്ണുവേട്ടാ….
പോകാനായ് തിരിഞ്ഞ് നിന്ന് ചെറിയൊരു മടിയോടെ നിത്യ വിഷ്ണുവിനെ വിളിച്ചതും എന്തെന്നതുപോലെ അവളെ നോക്കി വിഷ്ണു…
“കീർത്തനയെ തിരികെ വിളിച്ചു കൊണ്ടു വരുന്നുണ്ടോ…. അവള് ഗർഭിണി കൂടിയല്ലേ ഇപ്പോൾ….?
ഒന്ന് മടിച്ചെങ്കിലും നിത്യ ഒരു വിധം ചോദിച്ചതും അവളെ ഞെട്ടിവിളറി വെളുത്ത മുഖത്തോടെ നോക്കി വിഷ്ണു…
ഗ…ർ ഗ.. ഗർഭിണിയോ….?
ആര് പറഞ്ഞു…
വിറച്ചു അത് ചോദിയ്ക്കുമ്പോൾ വിഷ്ണുവിന്റെ ശബ്ദം…
വിഷ്ണുവിന്റെ ആ ചോദ്യത്തിലിപ്പോൾ ഞെട്ടിയത് നിത്യയാണ്….
“വിഷ്ണുവേട്ടൻ അറിഞ്ഞില്ലായിരുന്നോ… കുറച്ചു ദിവസായ് അറിഞ്ഞിട്ട്… ഞാനാണ് ഷോപ്പിൽ നിന്ന് യുപിടി കിറ്റ് കൊണ്ടു കൊടുത്തതവൾക്ക്…. ”
ഞെട്ടൽ വിട്ടൊഴിയാതെ നിത്യ പറയുമ്പോഴേക്കും ആകെ തകർന്നതു പോലെ വിഷ്ണു വീടിനുള്ളിലേക്ക് വേഗത്തിൽ കയറി പോയിരുന്നു….
ദിവസങ്ങൾ ആഴ്ചകളായ് പോയ് മറഞ്ഞത് കണ്ണടച്ചു തുറക്കും വേഗത്തിലാണ്… വിഷ്ണുവും കീർത്തനയുമൊക്കെ ആളുകളുടെ സംസാരവിഷയമായ് അങ്ങനെ തന്നെ നിലനിന്നുപോന്നു പലപ്പോഴും…
“നിത്യേ…. എടീ… ഒന്നെഴുന്നേറ്റേ…
രാവിലെ അമ്മ കുലുക്കി വിളിച്ചുണർത്തിയതും എഴുന്നേറ്റ് ദേഷ്യത്തിലമ്മയെ നോക്കി നിത്യ…
“എടി മോളെ നമ്മുടെ വിഷ്ണു പോയെടി മോളെ.. അവൻ വിഷം കഴിച്ച് ജീവനൊടുക്കിയെടീ… ”
അമ്മയുടെ വാക്കുകൾ…. ഞെട്ടലിനപ്പുറം തനിയ്ക്ക് ചുറ്റും ലോകമേ നിശ്ചലമായതു പോലെ തരിച്ചുനിന്നു നിത്യ…
എ.. എന്താമ്മേ….
ആദ്യത്തെ ഒരു ഞെട്ടൽ മാറിയതും താൻ കേട്ടതു തന്നെയാണോ അമ്മ പറഞ്ഞത് എന്നറിയാനായ് അമ്മയോട് മെല്ലെ തിരക്കിയവൾ…
‘ആ ചെക്കനങ്ങ് പോയെ ടീ പെണ്ണേ… അവളുടെ ഗർഭത്തിലുള്ളന്തിന്റേം പിന്നെയാ മോളുടെയും ഒന്നും അച്ഛൻ വിഷ്ണുവല്ലാത്രേ…. അവളുടെ പഴയ ബന്ധത്തിലുള്ള പയ്യന്റെ കൊച്ചുങ്ങളാണെത്രേ രണ്ടും… അവള് പോയേക്കുന്നതും അവന്റെ ഒപ്പമല്ലേ… കേട്ടപ്പോൾ തകർന്നു പോയിട്ടുണ്ടാവും…. സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല… അതാവും ജീവനൊടുക്കിയത്….”
അമ്മ എണ്ണി പറയുന്നതൊന്നും കേൾക്കാൻ കഴിയാത്ത വിധം മരവിച്ചു പോയിരുന്നു നിത്യയുടെ മനസ്സ്
“പ്രാണനായ് നെഞ്ചിലേറ്റിയവൾ ചെയ്ത ചതി, കൂടെ സ്വന്തമെന്ന് കരുതി നെഞ്ചോടു ചേർത്ത കുഞ്ഞ് സ്വന്തമല്ലാന്നുള്ള അറിവ്…. പൊടിഞ്ഞു പോയിട്ടുണ്ടാവും ഉള്ളം. സാധാരണയൊരുവന് ജീവിതം മതിയാക്കാൻ ഇതിന്റെ പകുതി കാരണം പോലും വേണ്ടല്ലോ… പിടിച്ചു നിൽക്കാൻ നോക്കിയിട്ടുണ്ടാവും കുറെയൊക്കെ… ഒട്ടും പറ്റാഞ്ഞിട്ടാവും ജീവനൊടുക്കിയത്…”
ഇതുവരെയും കഴിവുകെട്ടവനെന്ന് വിഷ്ണുവിനെ വിളിച്ചുകൊണ്ടിരുന്നവർ അവന്റെ മരണത്തിനപ്പുറം അവനു വേണ്ടി സംസാരിച്ചു തുടങ്ങുമ്പോൾ ഇനിയൊരു ചതിയും ഏറ്റുവാങ്ങാൻ വയ്യാതെ അഗ്നിനാളങ്ങൾ ആളിപ്പടരുന്ന ശരീരമായ് ഒടുവിലൊരു പിടി ചാരമായ് കത്തിയമർന്നു വിഷ്ണു…
തന്നിഷ്ടം ജീവിക്കാൻ നീയെന്തിന് എന്റെ ജീവിതം തുലച്ചെന്നൊരു ചോദ്യം അവന്റെ മരണത്തിനപ്പുറവും അവിടെ ബാക്കിയായ് അവശേഷിച്ചു…
✍️രജിത ജയൻ
