ആണുങ്ങൾ മാത്രമുള്ള വീട്ടിലേക്കെന്നെ വിവാഹം കഴിപ്പിച്ചയക്കാൻ അമ്മക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല. എന്റെ നിർബന്ധത്തിലാണ് വിവാഹം….

ആണുങ്ങൾ മാത്രമുള്ള വീട്ടിലേക്കെന്നെ വിവാഹം കഴിപ്പിച്ചയക്കാൻ അമ്മക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല.

എന്റെ നിർബന്ധത്തിലാണ് വിവാഹം നടന്നത് തന്നെ…

കാരണം, എനിക്ക് മൃദുലിനെ ഒരുപാട് ഇഷ്ട്ടമായിരുന്നു . മൃദുൽ നല്ലവനാണ്.
പേര് പോലെ തന്നെ…..
എന്റെ പങ്കാളിയായി കൂടെ കൂട്ടാൻ എനിക്ക് മൃദുൽ മതിയെന്ന് തോന്നി.

മൃദുലിന്റെ അച്ഛനും ഒരുപാവം മനുഷ്യനാണ്.
മൃദുലിന്റെ അനിയൻ അഭിയായിരുന്നു ആകെയുള്ള പ്രശ്നം.അവൻ ഓട്ടിസമുള്ള കുട്ടിയാണ്.

എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ മൃദുലിന്റെ ഭാര്യയായത്.

അഭിക്ക് കാഴ്ച്ചയിൽ പ്രത്യേകിച്ച് കുഴപ്പമൊന്നും തോന്നിയിരുന്നില്ല.

എങ്കിലും വീട്ടിൽ അതിഥികൾ ആരെങ്കിലും വന്നാൽ അവൻ കട്ടിലിനടിയിൽ ഒളിക്കും.
എന്നെയും അവന് ആദ്യം പേടിയായിരുന്നു.

ചിലപ്പോൾ രാത്രി രണ്ടുമണിക്ക് എഴുന്നേറ്റ് വീടിനകത്ത്കൂടെ നടക്കും….
ലൈറ്റ് ഒക്കെ ഓൺ ചെയ്യും…

എങ്കിലും…. ഈ രാത്രിയിലെ ബഹളങ്ങൾ കേട്ട് എനിക്ക് ഓരോ ദിവസവും ശ്വാസംമുട്ടുന്ന പോലെ തോന്നി.

ഒരു ദിവസം എന്റെ ജീവശ്വാസം പോലെ ഞാൻ കൊണ്ടുനടന്ന വയലിൻ അവൻ എടുത്ത് നശിപ്പിച്ചു…

അന്ന് എന്റെ നിയന്ത്രണം വിട്ട് പോയി പെട്ടന്നുള്ള ദേഷ്യത്തിൽ ഞാൻ പറഞ്ഞു:
“ഇവനെ വല്ല സ്പെഷ്യൽ ഹോമിൽ ആക്കിക്കൂടെയെന്ന് ?

അപ്പോൾ മാത്രം മൃദുലിന്റെ കണ്ണുകൾ നിറഞ്ഞു കൂടെ അച്ഛന്റെയും.

അത് കണ്ടെന്റെ ഹൃദയം പിടഞ്ഞു…

പെട്ടന്ന് തോന്നിയ ദേഷ്യത്തിൽ വായിൽ നിന്നും ചാടിയതാണെങ്കിലും അങ്ങനെ പറയാൻ പാടില്ലായിരുന്നെന്ന് എന്റെ മനസാക്ഷിയെന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.

മൃദുൽ എനിക്ക് മറ്റൊരു വയലിൻ വാങ്ങിക്കൊണ്ടുവന്നുതന്നു ….

എങ്കിലും എന്തോ എനിക്കത് എടുക്കാൻ പോലും തോന്നിയില്ല.
മനസ്സ് വല്ലാതെ തകർന്നത് പോലെ ഒരു തോന്നൽ..

ഞാൻ അങ്ങനെ പറഞ്ഞതിൽ പിന്നെ അച്ഛൻ, അഭിയെന്റെ അരികിലേക്കോ ഞങ്ങളുടെ മുറിയിലേക്കോ വരാതെ അച്ഛൻ ശ്രദ്ദിക്കുന്നുണ്ടായിരുന്നു.

ഓരോരോ ദിവസങ്ങൾ കടന്നു പോകുമ്പോഴും ഞാൻ അറിയുകയായിരുന്നു ആ വീടിന്റെ ജീവശ്വാസം തന്നെ അഭി ആണെന്ന്….

അവൻ ചില വാക്കുകൾ ഒക്കെ പറയും…
അവൻ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വയ്ക്കുകയും, മുഷിഞ്ഞ വസ്ത്രങ്ങൾ സ്വയം അലക്കുകയും ചെയ്യും. ഇതെല്ലാം ഒരുപാട് നാളത്തെ പരിശീലനങ്ങൾ കൊണ്ട് അവനെ ശീലിപ്പിച്ചെടുത്തതാണെന്ന് മൃദുൽ പറഞ്ഞിട്ടുണ്ട്.

പതിയെപ്പതിയെ അവൻ എന്നോടും കൂട്ടായിത്തുടങ്ങി.
ഞാൻ ജോലി കഴിഞ്ഞ് വരുമ്പോൾ അവൻ ഗേറ്റിനരുകിൽ കാത്തു നിൽക്കും.
എന്നെ കാണുമ്പോൾ അവന് വലിയ സന്തോഷമാണ്
ആ സന്തോഷം കാണുമ്പോഴെല്ലാം എനിക്ക് വല്ലാത്ത കുറ്റബോധം തോന്നും ഇവനെയാണല്ലോ എവിടെയെങ്കിലും കൊണ്ട് ചെന്നാക്കാൻ ഞാൻ പറഞ്ഞതെന്നോർത്ത് എന്റെ മനസ്സാക്ഷി എന്നെ കുറ്റപ്പെടുത്തും…

ചിലപ്പോഴൊക്കെ അവന് ഞാൻ ചോക്ലേറ്റ് വാങ്ങി കൊടുക്കും , അപ്പോൾ അവന്റെ സന്തോഷം കാണേണ്ടതാണ്.
അധികം മധുരമൊന്നും അവന് കൊടുക്കാറില്ല. അതുകൊണ്ട് മധുരം കിട്ടുമ്പോൾ വലിയ സന്തോഷമാണവന്.

ഒരിക്കെ ഞങ്ങൾ എല്ലാവരും കൂടെ ചായയും കുടിച്ച് സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു.
ഒട്ടും പ്രതീക്ഷിക്കാതെയാണ് അപ്പോൾ ഇടിവെട്ടിയത്…
പെട്ടന്നവൻ എന്നെ അമ്മേ എന്ന് വിളിച്ച് കെട്ടിപ്പിടിച്ചു….
ആ പതിനാറുകാരൻ എന്നെ വിളിച്ചത് അമ്മേയെന്നാണ്…

അപ്പോൾ, സ്ത്രീകളിൽ മാത്രം ഉരുത്തിരിയുന്ന അമ്മയെന്ന മൃദുല വികാരം എന്റെ ഹൃദയത്തിലും നിറഞ്ഞപോലെയെനിക്ക് തോന്നി

ചിലപ്പോഴൊക്കെ അവൻ അടങ്ങിയിരിക്കാൻ വേണ്ടി അവന് ടിവി വെച്ചു കൊടുക്കാറുണ്ട് അച്ഛൻ…
ഒരുപക്ഷേ അതിൽ നിന്നാവാം അവന് അമ്മ എന്ന വാക്ക് കിട്ടിയത്…

അവൻ എന്റേതാണെന്നും
ലോകം മനസിലാക്കാത്ത ഒരു കുഞ്ഞാണവനെന്നും എനിക്കപ്പോൾ തോന്നി.

മറ്റാരെക്കാളും അവന് പ്രാധാന്യം നൽകുന്ന
ഒരുവളായി ഞാൻ മാറിയത് പെട്ടന്നായിരുന്നു…

ഒരു കാര്യം മാത്രം ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഞങ്ങളുടെ മുറിയിൽ വരുമ്പോൾ എന്റെ വയലിനിലാണ് അവന്റെ കണ്ണുകൾ മുഴുവനും.

ഞാനത് അവന്റെ കൈകളിൽ കൊടുത്ത നിമിഷം അവന്റെ മുഖത്ത് വിരിഞ്ഞ സന്തോഷമൊന്ന് കാണേണ്ടതായിരുന്നു.

അവനതുമായി അവന്റെ മുറിയിലേക്ക് പോയി
പിന്നെ ഏത് നേരവും അതും കയ്യിൽ പിടിച്ചായി അവന്റെ ഇരുത്തം മുഴുവനും…

അവനെ വയലിൻ പഠിപ്പിക്കാൻ വിട്ടാലോ എന്ന് മൃദുൽ എന്നോട് ചോദിച്ചു.
പക്ഷേ അവനെപ്പോലെ ഒരു കുട്ടിയെ മാനേജ് ചെയ്യാൻ മറ്റൊരാൾക്ക് വല്ലാത്ത ബുദ്ധിമുട്ടായിരിക്കും, അതുകൊണ്ട് ഞാൻ തന്നെ അവനെ പഠിപ്പിക്കാമെന്ന് പറഞ്ഞു

പതിയെ പതിയെ എനിക്ക് സമയം കിട്ടുമ്പോഴെല്ലാം ഞാൻ അവനെ വയലിൻ വായിക്കാൻ പഠിപ്പിച്ചു.

മറ്റേത് കാര്യവും വർഷങ്ങളോളം പരിശീലിപ്പിച്ചാലാണ് അവൻ സ്വായത്തമാക്കുന്നതെങ്കിലും
വയലിൻ മാത്രം അവൻ വളരെ വേഗം പഠിച്ചു.

ഞങ്ങൾ ഏറെ അത്ഭുതം തോന്നി

എങ്ങനെയാണ് ഈ കുട്ടിക്ക് ഈയൊരു കാര്യം മാത്രം അതിവേഗത്തിൽ പഠിച്ചെടുക്കാൻ കഴിയുന്നത്……
അവന്റെ ഫിംഗർ പ്ലെയ്സ്മെന്റ് പോലും എത്ര കൃത്യമാണെന്നോ….

എട്ട് മാസം കൊണ്ട് തന്നെ അവൻ ചില പാട്ടുകളുടെ പല്ലവി വായിച്ച് കേട്ടപ്പോൾ സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണ് നിറഞ്ഞു…

അവന് വേണ്ടി ഞങ്ങൾ ഇൻസ്റ്റാഗ്രാംഅക്കൗണ്ട് തുടങ്ങി, അതിൽ അവനെ ഇഷ്ട്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ടായിരുന്നു.
പിന്നെ ആളുകളുടെ അഭിപ്രായപ്രകാരം ഒരു യൂട്യൂബ് ചാനൽ തുടങ്ങി.

ഇപ്പോൾ സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കുന്നുണ്ടവൻ

ഇന്നവൻ ഞങ്ങളുടെത് മാത്രമല്ല…
ഒട്ടനവധി ആളുകൾ അവനെ സ്വന്തമായി കരുതുന്നുണ്ട്..
അവനിലൂടെ ഇപ്പോൾ ഞങ്ങളെയും ആളുകൾ തിരിച്ചറിയുന്നുണ്ട്…

സ്പെഷ്യൽ കുട്ടികൾ ഒരിക്കലും മാറ്റിനിർത്തപ്പെടേണ്ടവരല്ല.

നമ്മളിൽ നിന്നും വ്യത്യസ്തമായി
ലോകത്തെ അനുഭവിക്കുന്നവരാണവർ…

ഒരിക്കൽ അവനെ വേണ്ടെന്ന് തോന്നിയ ആ നിമിഷത്തെയോർക്കുമ്പോൾ ഞാനിപ്പോഴും വേദനയിൽ ഉരുകും…

ഉപേക്ഷിച്ചു കളയാൻ എളുപ്പമാണ്…

ഇത്തിരി പാടുപെട്ടാലും മനുഷ്യരെ
ചേർത്തുപിടിക്കുന്നത് തന്നെയാണ് എന്നും നല്ലത്….

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *