എന്തോ നിസ്സാര കാര്യത്തിന് നാത്തൂൻ കെട്ടിയോനോട് വഴക്കുണ്ടാക്കി വീട്ടിലേക്ക് തിരിച്ചു വന്നു.
സത്യം പറഞ്ഞാൽ അതോടെ എന്റെ കഷ്ടകാലം തുടങ്ങിയെന്ന് വേണം പറയാൻ.
നീ തിരിച്ചു പോകുന്നില്ലേ എന്ന് എന്റെ ഭർത്താവ് മനു ചോദിച്ചപ്പോൾ ഇതെന്റേയും കൂടെ വീടല്ലേ എനിക്കിവിടെ നിന്നൂടെ എന്നും ചോദിച്ച് ആതിര കയർത്തു.
ആതിരയുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടുകൊല്ലം ആയതേയുള്ളൂ.
അവളുടെ ഭർത്താവ് കിഷോർ പാവം മനുഷ്യനാണ്.
കിഷോറിന്റെ അച്ഛനെയും അമ്മയേയും വിട്ട് വേറെ വീട് വച്ച താമസിക്കണമെന്നാണ് അവളുടെ ആഗ്രഹം. കിഷോർ അതിന് സമ്മതിക്കുന്നില്ല. ആ പേരും പറഞ്ഞ് മുൻപും ഇങ്ങനെ വഴക്കുണ്ടാക്കി വീട്ടിലേക്ക് വരാറുള്ളതാണ്.
മുൻപൊക്കെ അങ്ങനെ വന്നാലും മൂന്നോ നാലോ ദിവസം കഴിയുമ്പോൾ അവൾ മടങ്ങി പോകാറുള്ളതാണ്, അല്ലെങ്കിൽ കിഷോർ വന്ന് വിളിച്ചു കൊണ്ടു പോകാറുള്ളതാണ്.
ഇതിപ്പോൾ രണ്ടാഴ്ചയായി കിഷോർ വിളിക്കാനും വരുന്നില്ല. ഇവളൊട്ട് പോകുന്നതുമില്ല.
വീട്ടിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നതാണ് അവളുടെ മെയിൻ ജോലി.
ഞാനും അമ്മയും നല്ല സ്നേഹത്തിൽ കഴിഞ്ഞിരുന്നവരായിരുന്നു.
അമ്മയോടവൾ എന്തൊക്കെയോ പറഞ്ഞുകൊടുത്ത് എന്നിൽ നിന്നും അകറ്റി.
ആകെ മൊത്തം വീട്ടിൽ ഒരു സമാധാനവും ഇല്ലാത്ത അവസ്ഥ.
വീട്ട് ജോലിയെല്ലാം കഴിഞ്ഞ് വേണം ഞാൻ ജോലിക്കിറങ്ങാൻ. തിരിച്ചു വന്നുകഴിയുമ്പോൾ വീണ്ടും വീട്ടിലെ പണികളെല്ലാം ചെയ്യണം.
ആതിര വരുന്നതിനു മുൻപായിരുന്നെങ്കിൽ അമ്മ എന്തെങ്കിലുമൊക്കെ ജോലികൾ ചെയ്തു വയ്ക്കുമായിരുന്നു.
ബാക്കി പണികൾ എനിക്ക് ചെയ്താൽ മതിയായിരുന്നു.
ആതിര വന്നതിൽ പിന്നെ അമ്മ ഒന്നും ചെയ്യില്ല. കഴിക്കാൻ മാത്രമേ അവളും അമ്മയും അടുക്കളയിലേക്ക് വരൂ..
അമ്മക്ക് പിന്നെ അറുപത്തിനാല് വയസായതാണ് ഇനിയീ പ്രായത്തിൽ അമ്മ വിശ്രമിക്കട്ടെ എന്ന് കരുതാം.
അവൾക്ക് എന്തെങ്കിലും ചെയ്തുകൂടെ…
എന്റെ കഷ്ടപ്പാടുകൾ കണ്ട് എന്റെ ഭർത്താവ് അടുക്കളയിൽ സഹായിക്കാൻ തുടങ്ങി. അതോടെ സഹോദരനെ അവൾ പെങ്കോന്തൻ എന്നായി വിളി.
കിഷോറിനെ വിളിക്കാൻ എന്റെ ഭർത്താവിന് മടി ആയിരുന്നു. ഇതല്ലേ ഇവളുടെ സ്വഭാവം
കിഷോറും വീട്ടുകാരും ഇവളെക്കൊണ്ട് മടുത്തു കാണും.
എങ്കിലും കാര്യം അറിയണമല്ലോ എന്ന് കരുതി
ഞാനും ഭർത്താവും കൂടി ഒരു ദിവസം കിഷോറിന്റെ വീട്ടിൽ എത്തി.
ഞങ്ങളോട് തെല്ലും മുഖം കറുപ്പിക്കാതെയാണ് അവർ പെരുമാറിയത്
എന്താ പ്രശ്നമെന്ന് ഞങ്ങൾ ചോദിച്ചു.
അച്ഛനേയും അമ്മയെയും വിട്ട് വേറെ താമസിക്കണമെന്നവൾക്ക് വാശി. അവളുടെ വീട്ടുകാരെ വിട്ടല്ലേ അവൾ ഇങ്ങോട്ട് വന്നത് അതുപോലെ ഞാനും എന്റെ വീട്ടുകാരെ വിട്ട് ഞങ്ങൾ മാത്രമായി താമസിക്കണമെന്നാണ് അവൾ പറയുന്നത്.ഇപ്പോൾ എല്ലാവരും അങ്ങനെയാണത്രെ
എനിക്കതിന് സമ്മതമല്ലെന്ന് ഞാൻ തീർത്തു പറഞ്ഞു.
അതിനവൾ ചെയ്തത് എന്താണെന്നറിയുമോ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന അമ്മയുടെ കൈ ബലമായി തീയുടെ അടുത്തേക്ക് നീട്ടി, കൈ പൊള്ളിച്ചു .
അവൾക്കിട്ട് ഒരെണ്ണം ഞാൻ കൊടുത്തു.
പെണ്ണിനെ കൈ വയ്ക്കുന്നത് മോശമാണെന്നെനിക്കറിയാം പക്ഷേ ഇതുപോലെയുള്ളവളെ പിന്നെന്തു ചെയ്യും??
എന്റെ അച്ഛനും അമ്മയും സാധുക്കളായ മനുഷ്യരാണ്. അവളെന്തു ചെയ്താലും അവളോട് ഒന്നും പറയില്ല. അവളെ മകളായിട്ടാണ് അവർ കരുതുന്നത്.
ഞാനും അവൾക്ക് മറ്റാരെക്കാളും കൂടുതൽ പരിഗണന നൽകുന്നുണ്ട്. എന്നിട്ടും അവൾ തെല്ലും പരിഗണന എനിക്ക് നൽകുന്നില്ല.
ഞാൻ അവളുടെ ഭർത്താവാണ്, ഇത് നമ്മുടെ കുടുംബമാണ് എന്നൊരു ചിന്ത അവൾക്കില്ല.
വീട്ടിൽ ഒന്നും ചെയ്യില്ല. വെറുതെ ഭക്ഷണവും കഴിച്ച്, കൂട്ടുകാരുടെ കൂടെ കറങ്ങി നടന്ന് വൈകിട്ടാവും വീട്ടിൽ എത്താൻ. അതൊക്കെ അവളുടെ സ്വാതന്ത്ര്യം അല്ലേ എന്ന് കരുതി ഞാനൊന്നും പറയാൻ പോകാറില്ല
അവൾക്ക് ആരോടും സ്നേഹമില്ല. സ്വന്തം കാര്യം മാത്രം. അങ്ങനെ ഒരുത്തിയെ എനിക്കെന്തിനാ?? സഹിച്ച് സഹിച്ചു ഞാൻ മടുത്തു.എനിക്ക് ഡിവോഴ്സ് വേണം.
മനുവിനും എനിക്കും കിഷോറിനോട് എന്തു പറയണമെന്നറിയില്ലായിരുന്നു.
കിഷോറിനോടും അയാളുടെ മാതാപിതാക്കളോടും മാപ്പ് പറഞ്ഞ് എങ്ങനെയെങ്കിലും തിരികെ വീട്ടിലേക്ക് പോകൂ.. എന്ന് എന്റെ ഭർത്താവ് അവളോട് പറഞ്ഞിട്ടും അവൾ തെല്ലും കൂട്ടാക്കിയില്ല.
കിഷോർ വന്നവളുടെ കാലുപിടിച്ച് മാപ്പ് പറഞ്ഞാൽ ചെല്ലാമെന്ന്.
അമ്മ അവളുടെ ഭാഗത്താണ്. അവൾ ചെയ്തത് തെറ്റാണ്, അത് തിരുത്തണമെന്ന് പറയാൻ അമ്മയും കൂട്ടാക്കുന്നില്ല…
ഒടുവിൽ അവരുടെ ഡിവോഴ്സ് നടന്നു.
അവൾക്ക് തെല്ലും കൂസലില്ലായിരുന്നു.
ആ സമയത്താണ് ഞാൻ പ്രെഗ്നന്റ് ആയത്.
അതോടെ അവൾ ഒരുതരം ശത്രുതയോടെയാണ് എന്നോട് പെരുമാറിയത്.
മാനസികമായി എന്നെ വേദനിപ്പിക്കാൻ അവൾക്കൊരുതരം ആവേശമായിരുന്നു…
എന്റെ ആ അവസ്ഥയിൽ എന്നെയും കൊണ്ട് ഭർത്താവ് വീട് മാറി.
ഓഫീസിൽ പോകാനും വരാനും എളുപ്പം നോക്കി എന്റെ ഓഫീസിനടുത്ത് തന്നെയാണ് വീട് എടുത്തത്.
ഇപ്പോൾ നിനക്ക് വേണ്ടത് മനസ്സമാധാനമാണ്
ഇല്ലെങ്കിൽ അത് നമ്മുടെ കുഞ്ഞിനെയും ബാധിക്കുമെന്നാണ് മനു പറയുന്നത്.
എന്നാലും അമ്മയെ ആര് നോക്കും മനു ??
അമ്മയ്ക്കിപ്പോൾ സ്വന്തം കാര്യം നോക്കാനുള്ള ആരോഗ്യമൊക്കെ ഉണ്ടല്ലോ.
പറ്റില്ലാതെ വരുമ്പോൾ നമുക്ക് നോക്കാമെന്നേ.
ഇപ്പോൾ നിന്റെ ഈ അവസ്ഥയിൽ നിനക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്.മനു പറഞ്ഞു.
മാസങ്ങൾ കടന്നു പോയി.
അവൾക്ക് ജോലി ഇല്ലാത്തത് കൊണ്ട് തന്നെ
ഞങ്ങൾ അവിടെ നിന്നും പോന്നതോടെ
അവൾ ബുദ്ധിമുട്ടറിഞ്ഞു തുടങ്ങി.
അമ്മക്ക് കിട്ടുന്ന പെൻഷൻ കാശു കൊണ്ട് എങ്ങനെ ജീവിക്കാനാണ്.
അവളുടെ സ്വർണ്ണമവൾ ഓരോരോ ആവശ്യങ്ങൾക്ക് പണയം വച്ച് ആർഭാടം കാണിച്ചു.
മനു ഇടയ്ക്കിടെ പോയി വീട്ടിലേക്ക് ആവശ്യമുള്ളതൊക്കെ വാങ്ങിക്കൊടുക്കും.
ആ വീടും അഞ്ചു സെന്റ് സ്ഥലവുമേയുള്ളൂ അതുകൊണ്ട് വരുമാനമൊന്നും കിട്ടാനില്ലല്ലോ.
ഇതിനിടയിൽ കിഷോറിന്റെ രണ്ടാം വിവാഹം നടന്നെന്ന് ഞങ്ങൾ അറിഞ്ഞു.
അത് ആതിരക്ക് സഹിക്കാനായില്ല.
ഡിവോഴ്സ് നടന്നാലും അയാൾ മറ്റൊരു വിവാഹമൊന്നും കഴിക്കില്ലെന്നായിരുന്നു അവളുടെ വിശ്വാസം
സത്യത്തിൽ കിഷോറിനെ അവൾക്ക് ഇഷ്ടമായിരുന്നു. കിഷോറിനെ മാത്രമായി അവൾക്ക് വേണമായിരുന്നു.
അതിന് വേണ്ടി കാട്ടിക്കൂട്ടിയതായിരുന്നു ഇതെല്ലാം. ഒടുക്കം ഇങ്ങനെയുമായി…
ഇപ്പോൾ അവളുടെ വഴക്ക് മൊത്തം അമ്മയോടാണ്.
എന്നാലും അവളെ ഒറ്റക്കാക്കാൻ പറ്റാത്തത് കൊണ്ട് അമ്മ സഹിക്കുന്നു.
അവളുടെ സ്വാർത്ഥത തന്നെയാണ് എല്ലാത്തിനും കാരണം.
സ്വയം ആ ചിന്ത വന്നതുകൊണ്ടാകാം അവൾ ഒന്ന് ഒതുങ്ങിയിട്ടുണ്ട്. ടൗണിൽ ഒരു ഷോപ്പിൽ സ്റ്റാഫ് ആയി ജോലിക്ക് പോകാൻ തുടങ്ങി അവൾ.
ഞങ്ങൾക്ക് കുഞ്ഞ് ജനിച്ചപ്പോൾ അവളും അമ്മയും കൂടെ കാണാൻ വന്നിരുന്നു.
ഞങ്ങൾ പഴയതൊന്നും പറഞ്ഞവളെ നോവിച്ചില്ല. ഞങ്ങളും കൂടെ പരിഗണിക്കാതെ ഇരുന്നാൽ പിന്നെ അവൾക്കാരുണ്ട്?
ഇപ്പോൾ അവൾക്ക് കുറ്റബോധമാണ്. കിഷോറിനെ പോലെ ഒരാളെ കൈവിട്ട് കളഞ്ഞതിൽ വല്ലാത്ത വിഷമവും.
കിഷോറിനേയും പുതിയ ഭാര്യയേയും അവൾ ഒരു ദിവസം കണ്ടിരുന്നു.അതോടെയാണ് അവൾക്ക് നഷ്ടബോധംഇരട്ടിച്ചത്…
ഉപേക്ഷിച്ചു കളയാൻ എളുപ്പമാണ്.
അല്ലെങ്കിലും ഉള്ളിൽ സ്വാർത്ഥത നിറഞ്ഞ ഒരാൾക്ക് സ്വയം സന്തോഷിക്കാനും പറ്റില്ല.
മറ്റുള്ളവർ സന്തോഷിക്കുന്നത് അവർക്ക് സഹിക്കാനും പറ്റില്ല.
തീർച്ചയായും പങ്കാളിയെ പരിഗണിക്കുക എന്നത് തന്നെയാണ് ദാമ്പത്യജീവിതത്തിലേക്ക് കടക്കുന്ന ഒരാൾ ചെയ്യേണ്ടത്. അല്ലാത്ത പക്ഷം ദാമ്പത്യം ദുരിതമാകുകയേ ഉള്ളൂ…
✍️Anju Thankachan
