രാത്രി തന്റെ ഭർത്താവ് അരികത്ത് വന്ന് കിടക്കുമ്പോൾ അവർക്ക് വല്ലാത്ത വെറുപ്പ് തോന്നി. തന്റെ മകളെ അയാളുടെ കണ്ണിൽപ്പെടാതെ അവർ ചേർത്തുപിടിച്ചു…!!

(രചന: അംബിക ശിവശങ്കരൻ)

എൽപി വിഭാഗം അധ്യാപികയായ അശ്വതി രണ്ടാം ക്ലാസിലെ കുട്ടികൾക്ക് ഗുഡ് ടച്ചിനെ പറ്റിയും ബാഡ് ടച്ചിനെ പറ്റിയും ക്ലാസ് എടുത്ത ശേഷം

തന്റെ സീറ്റിൽ വന്നിരുന്നു കുട്ടികളെ പഠിപ്പിക്കാനുള്ള ചാർട്ട് പേപ്പർ തയ്യാറാക്കിക്കൊണ്ടിരുന്നപ്പോഴാണ് തന്റെ സ്റ്റുഡന്റ് ആയ അരുണിമ എന്ന കൊച്ചു കുട്ടി അവളുടെ അരികിലേക്ക് ചെന്നത്.

“ടീച്ചറെ…”

കൊച്ചു കുഞ്ഞുങ്ങളുടേതായ ഓമനത്തം നഷ്ടമായ മുഖഭാവം തോന്നിക്കുന്ന ആ കുട്ടി ക്ലാസിൽ ആക്ടീവ് അല്ലെന്ന കാര്യം അശ്വതിക്ക് അറിയാം. എന്ത് ആക്ടിവിറ്റിക്ക് വിളിച്ചാലും ആ കുട്ടി പുറകിലോട്ട് ആണ്.

“അല്ല ആരിത്… അരുണിമ കുട്ടിയോ എന്താ മോളെ?”

അവൾ വാത്സല്യപൂർവ്വം ആ കുഞ്ഞിന്റെ കവിളിൽ തലോടി.

ഒന്നും മിണ്ടാതെ തലകുനിച്ചു നിന്ന അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് അശ്വതി വീണ്ടും ചോദിച്ചു.

“എന്താ മോളെ എന്തിനാ പേടിക്കുന്നത് എന്തുണ്ടെങ്കിലും ടീച്ചറോട് പറയൂ…”

ആ കുഞ്ഞ് നിന്ന് പരുങ്ങുന്നത് കണ്ട് എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലാക്കിയാണ് അവളെയും കൂട്ടി അശ്വതി ക്ലാസിന് വെളിയിലെ മാവിന്റെ ചുവട്ടിലേക്ക് പോയത്. അവിടെ ഇരിക്കാൻ പാകത്തിൽ പണിതുവെച്ച കൽ തിട്ടിന്മേൽ ഇരുന്ന് അശ്വതി അവളെ ചേർത്തു പിടിച്ചു.

“ഇനി പറ മോളെ എന്താ പ്രശ്നം? ഇവിടെ ടീച്ചറും മോളും മാത്രമല്ലേ ഉള്ളൂ ധൈര്യമായി പറ…”

ടീച്ചർ കൊടുത്ത ധൈര്യത്തിന്റെ ബലത്തിൽ ആകാം അവളുടെ നാവ് ചലിച്ചു തുടങ്ങി.

“ടീച്ചർ ഇന്ന് കാണിച്ചു തന്നില്ലേ ആരെങ്കിലും മേല് തൊടുമ്പോൾ നല്ലതാണോ ചീത്തയാണോ എന്ന് എങ്ങനെ അറിയാം എന്ന്.”

“ഹാ മോളെ..”

“എന്റെ അച്ഛൻ എന്നെ തൊടാറുള്ളതൊക്കെ ചീത്തയാ….ടീച്ചർ കാണിച്ചുതന്ന ചീത്ത കാര്യങ്ങളാണ് അച്ഛൻ എപ്പോഴും എന്റെ മേൽ ചെയ്യാറ് കുളിപ്പിച്ചു തരാമെന്ന് പറഞ്ഞ് കൊണ്ടോയിട്ട് ഇവിടെയൊക്കെ പിടിച്ച് അമർത്തും.”

തന്റെ ശരീര ഭാഗങ്ങൾ തൊട്ടുകൊണ്ട് ആ കുഞ്ഞത് പറയുമ്പോൾ അശ്വതിയുടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

“ഈശ്വരാ താൻ എന്താണ് ഈ കേൾക്കുന്നത്? ഇന്നത്തെ കാലത്ത് പലയിടത്തും കുഞ്ഞുങ്ങൾ തന്റെ അച്ഛനിൽ നിന്ന് പോലും പീഡനങ്ങൾ സഹിക്കേണ്ടി വരുമെന്ന് കേട്ടു കേൾവി മാത്രമേ ഉണ്ടായിരുന്നുള്ളൂ..

അത് മുൻനിർത്തിയാണ് സ്കൂളുകളിൽ തന്നെ കുട്ടികൾക്ക് ഇതിനെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് നടത്തണമെന്ന് തീരുമാനിച്ചതും.

പക്ഷേ അതിനിരയായി താൻ പഠിപ്പിക്കുന്ന ഒരു കുട്ടി ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.”

ഒരുപക്ഷേ ഇപ്പോഴും ഇത് പറഞ്ഞു കൊടുത്തില്ലായിരുന്നെങ്കിൽ ഈ കുട്ടി ഇതൊന്നും ആരോടും പറയാതെ ഉള്ളിൽ ഒതുക്കിയേനെ… ”

“മോൾക്ക് അപ്പോൾ അച്ഛൻ ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലായിരുന്നോ?”

അതിനവൾ ഉത്തരം പറഞ്ഞില്ല പകരം കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയപ്പോൾ അശ്വതി അവളെ ചേർത്തുപിടിച്ചു.

“കരയേണ്ട മോളെ ഇനി അച്ഛൻ കുളിപ്പിക്കാൻ വിളിച്ചാൽ പോകണ്ടട്ടോ തനിയെ കുളിച്ചോളാം എന്ന് പറഞ്ഞാൽ മതി.”

“ഞാൻ ഒറ്റയ്ക്ക് കുളിച്ചോളാം എന്ന് പറഞ്ഞു കരഞ്ഞാലും അച്ഛൻ സമ്മതിക്കില്ല ടീച്ചറെ….അമ്മയുടെ വയറ്റിൽ വാവയുണ്ട് അതുകൊണ്ട് അമ്മ എന്നെ കുളിപ്പിക്കില്ല.

അമ്മയാണ് അച്ഛനോട് പറഞ്ഞ് എന്നെ കുളിപ്പിക്കാൻ പറയുന്നത്. ഞാൻ വാശി പിടിച്ചു കരഞ്ഞാൽ അമ്മയും എന്നെ വഴക്ക് പറയും.”

“അച്ഛൻ ദേഹത്ത് പിടിച്ച് അമർത്തു മോള് അമ്മയോട് പറഞ്ഞിട്ടുണ്ടോ?”

ഇല്ല എന്ന് അവൾ തലയാട്ടി.

“ഞാൻ വാശി പിടിച്ചാലും അച്ഛൻ എന്നെ വിടാറില്ല മുറിക്കി പിടിക്കുമ്പോൾ എനിക്ക് നന്നായി വേദനിക്കും.”

” മോള് വാ… ”

മുഴുവൻ കേട്ടു നിൽക്കാൻ ത്രാണിയില്ലാതെ കുട്ടിയെയും കൂട്ടി അവൾ ആളൊഴിഞ്ഞ ഒരു ക്ലാസ് റൂമിലേക്ക് പോയി.

ടീച്ചർ തന്റെ യൂണിഫോം അഴിക്കാൻ നിന്നതും അവൾ നാണക്കേട് കൊണ്ട് എതിർപ്പ് പ്രകടിപ്പിച്ചു.

“മോളുടെ അമ്മയെ പോലെ തന്നെയാണ് ടീച്ചറും. ടീച്ചറ് നോക്കട്ടെ…”

വാത്സല്യപൂർവ്വം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയപ്പോൾ അവൾ സമ്മതിച്ചു.

ഉടുപ്പുരിയതും ദേഹത്ത് പതിഞ് കിടന്ന വിരൽപ്പാടുകളും നഖത്തിന്റെ അടയാളങ്ങളും അവളെ ഭ്രാന്ത് പിടിപ്പിച്ചു.

“മോളു ക്ലാസിലേക്ക് പോയിക്കോ ടീച്ചർ ഇപ്പോൾ വരാം.”

ഡ്രസ്സ് ഇട്ടു കൊടുത്ത് അരുണിമയെ ക്ലാസ്സിലേക്ക് പറഞ്ഞയച്ച ശേഷം അവൾ അരുണിമയുടെ അമ്മയുടെ നമ്പറിലേക്ക് കോൾ ചെയ്തു.

” ഹലോ”

“ഹലോ ഞാൻ അരുണിമയുടെ ക്ലാസ് ടീച്ചർ ആണ് അശ്വതി എനിക്ക് നിങ്ങളോട് മാത്രമായി കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് നിങ്ങളുടെ ഭർത്താവ് ഉണ്ടോ അവിടെ?”

“ഇല്ല ടീച്ചർ ഗിരീഷേട്ടൻ പുറത്തു പോയിരിക്കുകയാണ് എന്താ?”

“നിങ്ങളൊക്കെ ഒരു അമ്മയാണോ? ഒരു കുഞ്ഞ് ഏറ്റവും അധികം സുരക്ഷിത ആയിരിക്കുക അവളുടെ അമ്മയുടെ അടുത്താണ്.

അരുണിമയെ സംബന്ധിച്ചിടത്തോളം അവൾക്കവിടെയും സുരക്ഷിതത്വമില്ല. നിങ്ങളുടെ ഭർത്താവിന്റെ മുന്നിലേക്ക് അവളെ എറിഞ്ഞു കൊടുക്കുന്നത് നിങ്ങളല്ലേ?”

അവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല

” ടീച്ചർ എന്തൊക്കെയാണ് പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല. ”

അവരുടെ നെഞ്ചിടിപ്പിന്റെ വേഗത വർദ്ധിച്ചു.

അശ്വതി നടന്നതെല്ലാം അവരോട് വിവരിച്ചു.

“ഇല്ല ടീച്ചർ ഞാൻ ഇത് വിശ്വസിക്കില്ല ടീച്ചർ കള്ളം പറയുകയാണ്. ഗിരീഷേട്ടൻ എന്റെ മോളോട് ഒരിക്കലും അങ്ങനെ ചെയ്യില്ല. ടീച്ചർ ആണെന്ന് കരുതി എന്ത് തോന്നിവാസവും വിളിച്ചു പറയാം എന്നാണോ?”

അവരുടെ ശബ്ദം ഉയർന്നു.

“നിങ്ങളുടെ ഈ മനോഭാവമാണ് ആ കുഞ്ഞിനെ ഇന്നിവിടം വരെ കൊണ്ട് ചെന്ന് എത്തിച്ചത്. നിങ്ങളോട് തുറന്നു പറയാതെ അവൾ എല്ലാം എന്നോട് പറഞ്ഞത് എന്താ? നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് ആ കുഞ്ഞിന് തോന്നിക്കാണും. പിള്ള മനസ്സിൽ കള്ളമില്ലെന്നാണ്…

ഇത്രയും വലിയൊരു നുണ ആ കുഞ്ഞിന് എന്നോട് വന്ന് പറഞ്ഞു നിങ്ങളുടെ ഭർത്താവിനെ മോശക്കാരൻ ആക്കേണ്ട കാര്യം ഉണ്ടോ? അതിനുള്ള ബുദ്ധിയാകാനുള്ള പ്രായം ആ കുഞ്ഞിനുണ്ടോ?”

“ഒരമ്മ എന്ന നിലയിൽ ആ കുഞ്ഞിന്റെ മനസ്സ് ശരിക്കും ഒന്ന് അറിയാൻ ശ്രമിച്ചുനോക്കൂ… എന്നിട്ടും തിരിച്ചറിവ് വന്നില്ലെങ്കിൽ ആ കുഞ്ഞിന്റെ ഉടുപ്പ് ഒന്ന് ഊരി നോക്കിയാൽ മതി.

എന്നിട്ടും സംശയം ബാക്കിയാണെങ്കിൽ നാളെയും ആ കുഞ്ഞിനെ അയാളുടെ മുന്നിൽ കുളിപ്പിക്കാൻ ആണെന്നും പറഞ്ഞു ഇട്ടുകൊടുക്കുക അപ്പോൾ മനസ്സിലാകും ആരാണ് സത്യം എന്ന്.

പക്ഷേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇനിയും ഈ കാര്യം ആവർത്തിച്ചു എന്ന് അവൾ എന്നോട് വന്ന് പറഞ്ഞാൽ ഞാൻ ഉറപ്പായും ലീഗലി മൂവ് ചെയ്യും…”

അത്രയും പറഞ്ഞ് അശ്വതി അവസാനിപ്പിച്ചപ്പോൾ മറതലയ്ക്ക് അവർ ശ്വാസം നിലച്ചത് പോലെ നിന്നു. എന്നും ഗിരീഷേട്ടൻ കുളിപ്പിക്കുന്ന നേരത്ത് മോളുടെ കരച്ചിൽ കേൾക്കാറുണ്ട്.

കുളിക്കാനുള്ള മടി കൊണ്ട് ആകുമെന്നാണ് ഇത്രയും നാൾ കരുതിയിരുന്നത്.എന്നാൽ…. എന്നാലിത് ഇങ്ങനെയൊക്കെയാണെന്ന് സ്വപ്നത്തിൽ പോലും താൻ കരുതിയതല്ല.

അവർ തന്റെ മകൾ വരുന്നതുവരെയും അവിടെത്തന്നെ തരിച്ചിരുന്നു പോയി.

പതിവുപോലെ മകൾ എത്തിയതും അവർ ഡ്രസ്സ് എല്ലാം അഴിച്ചു നോക്കി. നെഞ്ചിലൂടെ എന്തെല്ലാമോ ശരവേഗത്തിൽ പായുന്നതുപോലെയാണ് അവർക്ക് തോന്നിയത്. അവർ കരഞ്ഞുകൊണ്ട് തന്റെ മകളെ ചേർത്തുപിടിച്ചു.

രാത്രി തന്റെ ഭർത്താവ് അരികത്ത് വന്ന് കിടക്കുമ്പോൾ അവർക്ക് വല്ലാത്ത വെറുപ്പ് തോന്നി. തന്റെ മകളെ അയാളുടെ കണ്ണിൽപ്പെടാതെ അവർ ചേർത്തുപിടിച്ചു.

പിറ്റേന്ന് രാവിലെ കുളിപ്പിക്കാൻ മകളെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും കാത്താണ് അവരിരുന്നത്. മറഞ്ഞുനിന്ന് അത് നോക്കിയത് സത്യം നേരിൽ കണ്ട് ബോധ്യപ്പെടാനായിരുന്നു.

അയാളുടെ കൈകളുടെ ഗതി തെറ്റായ രീതിയിലേക്ക് ചലിക്കാൻ തുടങ്ങിയതും അവരുടെ നിയന്ത്രണം നഷ്ടപ്പെട്ടു.

” ഗിരീഷേട്ടാ നിങ്ങളുടെ ഫോൺ അടിക്കുന്നു കുറെ നേരമായി. മോളെ ഞാൻ കുളിപ്പിച്ചോളാം.”

മനസ്സില മനസ്സോടെ കോൾ എടുക്കാൻ അയാളോടിയതും കാൽ നിയന്ത്രണമില്ലാതെ വഴുതി പോയതും ഒരുമിച്ചായിരുന്നു.

ആ വീഴ്ചയിൽ തല ചെന്നെടിച്ചത് കാൽ തേച്ചുരയ്ക്കാൻ ഇട്ട കരിങ്കല്ലിൽ ആയിരുന്നു. അയാൾ വീണു പിടഞ്ഞതും കയ്യിൽ മറച്ചു വെച്ചിരുന്ന എണ്ണയുടെ പാത്രം നോക്കിക്കൊണ്ടപ്പോൾ അവർ ക്രൂരമായി ചിരിച്ചു.

മകളുടെ കണ്ണുകൾ പൊത്തിക്കൊണ്ട് അവർ തന്റെ മകളെ ആശ്വസിപ്പിച്ചു.

” ഇനി എന്റെ മോളെ അച്ഛൻ ഉപദ്രവിക്കില്ലട്ടോ… ”

മകളെ മുറിക്കകത്താക്കി തലയിൽ നിന്ന് രക്തം വാർന്നു പകുതിയടഞ്ഞ കണ്ണുകളോടെ കിടക്കുന്ന അയാളെ അവർ വെറുപ്പോടെ നോക്കി.

“നീ ഇനി ജീവിച്ചിരിക്കരുത്… ഇനി ജനിക്കാൻ പോണത് പെൺകുട്ടിയാണെങ്കിൽ നീ അതിനോടും ഇതുതന്നെ ചെയ്യില്ലേ?എന്റെ മക്കൾക്ക് അവരുടെ അച്ഛനെ പേടിക്കാതെ ജീവിക്കണം.

നിയമത്തിനുപോലും വിട്ടുകൊടുക്കാതെ നിന്നെ ഞാൻ അവസാനിപ്പിക്കുന്നത് ഒരിക്കലും നീ തിരികെ വരാതിരിക്കാനാണ്…. പോ…”

നിലത്ത് കിടന്ന് ഒരു തുള്ളി കണ്ണീർ വാർത്ത അയാളുടെ ജീവൻ വെടിഞ്ഞതും
നാലാള് കേൾക്ക് അവർ ഉറക്കി അലറി

“എന്റെ ഗിരീഷേട്ടാ ഞങ്ങൾക്ക് ഇനി ആരുണ്ട്…”

Leave a Reply

Your email address will not be published. Required fields are marked *