രണ്ടുമൂന്നു തവണ കൈ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും വീണ്ടും വീണ്ടും ശക്തിയോടെ അയാൾ തന്റെ ദൗത്യത്തിലേക്ക് കടന്നു….!!

(രചന: അംബിക ശിവശങ്കരൻ)

രാത്രി തന്റെ ഭർത്താവിന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കുന്ന നേരമാണ് അയാളുടെ കൈകൾ അവരുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നത്.

രണ്ടുമൂന്നു തവണ കൈ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും വീണ്ടും വീണ്ടും ശക്തിയോടെ അയാൾ തന്റെ ദൗത്യത്തിലേക്ക് കടന്നു..

ആഗ്രഹം പൂർത്തീകരിച്ച് തളർന്നു കിടന്നുറങ്ങുമ്പോൾ ഇരുട്ടിലേക്ക് കണ്ണും നട്ടു കൊണ്ട് അവർ അയാളുടെ ശരീരത്തിൽ നിന്നും വേർപെട്ടു കിടന്നു.

എന്നും ഇതുതന്നെ ആവർത്തിക്കാൻ തുടങ്ങിയപ്പോൾ അവർക്ക് വല്ലാത്ത വിഷമം തോന്നി.

തന്റെ ഭർത്താവിന്റെ നെഞ്ചിൽ മതിവരുവോളം ഒന്ന് കിടക്കാൻ ആ തലോടലിൽ സർവതും മറന്നൊന്നുറങ്ങാൻ കൊതിച്ചുകൊണ്ട് മാത്രമാണ് എന്നും അവൾ അയാളോട് ചേർന്ന് കിടന്നിരുന്നത്.

എന്നാൽ ഇരുട്ടിൽ തന്റെ ഭാര്യയുടെ സാമീപ്യം അയാളെ മത്ത് പിടിപ്പിച്ചു കൊണ്ടിരുന്നു. ബല പ്രയോഗത്തിനൊടുവിൽ അയാളുടെ ഇഷ്ടത്തിന് കിടന്നു കൊടുക്കുക എന്നല്ലാതെ അതിൽ നിന്നും യാതൊരുവിധത്തിലുള്ള അനുഭൂതിയും അവരറിഞ്ഞിരുന്നില്ല.

“വിശ്വാ… നമ്മളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ മുപ്പതാമത്തെ വർഷം തികയാൻ പോകുന്നു അല്ലേ…?”

തനിക്ക് ഏറെ പ്രിയമുള്ള മാവിൻ ചുവട്ടിൽ തന്റെ നിർബന്ധപ്രകാരം ഭർത്താവിനൊപ്പം ഇരിക്കുമ്പോഴാണ് അവർ അത് ചോദിച്ചത്.

“യെസ് തെർടീ ഇയർസ്.”

“ഇത്രയും നാൾ ഒരു സ്ട്രഗിൾ പീരിയഡ് ആയിരുന്നു… ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ആണ് ഞാൻ വിശ്വന്റെ കൈപ്പിടിച്ച് വിശ്വന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് ഓർമ്മയുണ്ടോ?”

“താനെന്താ ഇപ്പോൾ ഇതൊക്കെ പറയാൻ കാരണം?”

“ഓരോ കാലഘട്ടത്തിലും നമ്മുടെ ചുമലിൽ ഓരോ ഉത്തരവാദിത്വങ്ങൾ ആയിരുന്നു.

കുട്ടികൾ അവരുടെ പഠനം നമ്മുടെ ജോലി മക്കളുടെ വിവാഹം അങ്ങനെയങ്ങനെ ഓരോരോ ഉത്തരവാദിത്തങ്ങളിൽ നിന്ന് മറ്റൊരു ഉത്തരവാദിത്വങ്ങളിലേക്ക് നമ്മൾ ഇത്രയും നാൾ ചേക്കേറി കൊണ്ടിരിക്കുകയായിരുന്നു.

അതിനിടയ്ക്ക് നമുക്കൊന്ന് ജീവിതം ആസ്വദിക്കാൻ പോലും കഴിഞ്ഞിട്ടില്ല എന്നതാണ് ഞാൻ മനസ്സിലാക്കുന്നത്.”

” താൻ എന്തൊക്കെയാണ് പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലാകുന്നില്ല”

” ഇപ്പോഴാണ് നമ്മൾ ശരിക്കും ഒന്ന് ഫ്രീ ആയത് അല്ലേ വിശ്വാ… ഉത്തരവാദിത്വങ്ങളൊക്കെയും ഇറക്കിവെച്ച് നമുക്ക് ഇനി വേണമൊന്ന് ജീവിക്കാൻ. ”

” നമുക്ക് പ്രായമായി വരികയാണ് ദാ കണ്ടില്ലേ നമ്മുടെ കൈകാലുകൾ ഒക്കെ വലിഞ്ഞു മുറുക്കാൻ തുടങ്ങിയിരിക്കുന്നു. ഇനിയും ഈ കിടപ്പറയിലെ പരാക്രമങ്ങൾ വേണോ വിശ്വാ… ”

അവൾ ഒട്ടും മടികൂടാതെ അത് തുറന്നു പറഞ്ഞപ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത ജാള്യത തോന്നി.

“ഒട്ടും വേണ്ട എന്നല്ല ഞാൻ പറയുന്നത് ഞാനിപ്പോൾ വിശ്വന്റെ പ്രസൻസ് ആണ് കൂടുതലും ആഗ്രഹിക്കുന്നത്.

വിശ്വന്റെ ഒരു ചേർത്ത് പിടിക്കലിനാണ് എന്നെ സംബന്ധിച്ചിടത്തോളം സെക്സിനേക്കാൾ നൂറ് ഇരട്ടി ശക്തി. ഓരോ രാത്രിയും വിശ്വന്റെ നെഞ്ചിൽ കിടന്നുറങ്ങാൻ ആ തലോടൽ ഏൽക്കാൻ ഞാൻ എത്ര കൊതിക്കുന്നുണ്ടെന്നോ…

നമ്മുടെ മധുവിധു നാളുകൾ കഴിഞ്ഞില്ലേ വിശ്വാ… ഇപ്പോൾ ആസ്വദിക്കേണ്ട ചില സുന്ദര നിമിഷങ്ങൾ ഉണ്ട്.. നമുക്ക് അതല്ലേ വേണ്ടത്?”

അവർ അയാളുടെ തോളിൽ തലചായ്ച്ചു വെച്ചിരുന്നു.

” തിരക്കുകൾക്കിടയിൽ നടക്കാതെ പോയ ഒരുപാട് കാര്യങ്ങൾ നമുക്ക് നടത്തിയെടുക്കണം.

തിരക്ക് മൂലം മാറ്റിവെച്ച യാത്രകൾ പോണം ഒരുപാട് സ്ഥലങ്ങൾ കാണണം ധാരാളം ആളുകളെ പരിചയപ്പെടണം അവിടുത്തെ ഭക്ഷണങ്ങൾ രുചിക്കണം. ഓരോ യാത്രയും ഓരോ ഓർമ്മക്കുറിപ്പായി എഴുതി വയ്ക്കണം അങ്ങനെ അങ്ങനെ…. ”

” ഓഹോ അങ്ങനെ പറ ഇനി അതും കൂടി എഴുതിവച്ച് അച്ചടിച്ചിറക്കി വായനക്കാരെ കൂട്ടാനുള്ള ഉദ്ദേശം ആയിരിക്കുമല്ലേ? ”

അയാളുടെ വാക്കുകളിൽ ലേശം പരിഹാസം കലർന്നിരുന്നു.

” ഈ പ്രായത്തിൽ സെക്സ് മടുത്ത ഒരാൾക്ക് പോകാൻ പറ്റിയ യാത്രകൾ തീർത്ഥാടനമാണ്. ഓരോ അമ്പലങ്ങളിലായി കേറിയിറങ്ങി നടന്നാൽ യാത്രകളും ആകും പുണ്യവും കിട്ടും. അവസാനം ടാർജറ്റ് നികത്താൻ ഉള്ളത് എഴുതുവാനും ആകും.

അല്ലെങ്കിലും ഈ സാഹിത്യകാരന്മാരൊക്കെ ഇങ്ങനെ തന്നെയാണ് അവർക്ക് ഈ പൂവിനോടും കായിനോടും പ്രകൃതിയോടും ഒക്കെയായിരിക്കും പ്രണയം. ഭർത്താവ് എന്ന് പറയാൻ മാത്രം ഒരാൾ ഉണ്ടാകും സംശയമുണ്ടെങ്കിൽ താനൊന്ന് സ്വയം ചിന്തിച്ചു നോക്ക്. ”

“വിശ്വാ പ്രണയമെന്നാൽ സെക്സ് മാത്രമാണോ?അതിനപ്പുറത്തേക്ക് ദാമ്പത്യത്തിന് എത്രയേറെ അർത്ഥതലങ്ങൾ ഉണ്ട്.”

“തന്റെ സാഹിത്യം ഒന്നും എനിക്ക് കേൾക്കേണ്ട എന്തുപറഞ്ഞാലും ഉണ്ട് ഒരു സാഹിത്യം പ്രണയം എന്നാൽ സെക്സ് മാത്രമല്ല.പക്ഷേ അതും കൂടി ഉൾക്കൊള്ളുന്നതാണ് ദാമ്പത്യം. പരസ്പരം ശരീരം മോഹിക്കാത്ത എത്ര പ്രണയങ്ങളുണ്ട്?/? അവിടെയും കാമത്തിന് വലിയൊരു സ്ഥാനമില്ലേ?”

” ഉണ്ട് ഇല്ലെന്ന് ആരാ പറഞ്ഞത്? പക്ഷേ നമ്മൾ അതൊക്കെ ഒരുപാട് അനുഭവിച്ചു വന്നവരല്ലേ? ഇനിയും അത് തന്നെ ആവർത്തിച്ചു കൊണ്ടിരിക്കാതെ ജീവിതത്തിന് പുതിയ അർത്ഥങ്ങൾ നൽകി കൂടെ? എങ്കിൽ അത് എത്ര മനോഹരമായിരിക്കും. ”

“ഇനിയുള്ള ജീവിതത്തിൽ നമ്മൾ പരസ്പരം താങ്ങും തണലും ആകേണ്ടവരാണ് ഒരുമിച്ച് കൈകോർത്ത് പിടിച്ച് കണ്ടാസ്വദിക്കാൻ ഒരുപാട് കാഴ്ചകൾ ഇനിയും നമുക്ക് ബാക്കിയുണ്ട് അതൊക്കെ കണ്ടു തീർക്കേണ്ടേ?”

“എനിക്ക് തന്റെ സംസാരം കേട്ടിരിക്കാൻ സമയമില്ല.തനിക്ക് ഇതിലൊന്നും താല്പര്യം ഇല്ലെങ്കിൽ അത് തുറന്നു പറഞ്ഞാൽ മതിയല്ലോ.. അതിനെന്തിനാണ് ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കുന്നത്?

തന്നെ എന്തായാലും ഞാൻ ഇതിന് നിർബന്ധിക്കാൻ ഒന്നും പോകുന്നില്ല. അല്ലെങ്കിലും തന്റെ അതൃപ്തി എനിക്ക് മനസ്സിലാകുന്നുണ്ട് ഞാനും തന്റെ ഇഷ്ടത്തോട് ഏതായാലും മാറാൻ ശ്രമിക്കാം തനിക്ക് അതാണല്ലോ വേണ്ടതും.”

തന്റെ മനസ്സ് എന്താണ് ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കാതെ അയാൾ നടന്നപ്പോൾ അവർക്ക് വേദന തോന്നി.

അന്ന് രാത്രി അയാളോട് ചേർന്ന് ഉറങ്ങാൻ അവർക്ക് എന്തോ ഭയം തോന്നി തന്റെ ഭർത്താവ് പൂർണമായും തന്നെ അവഗണിക്കുന്നു എന്ന് തോന്നിയപ്പോൾ മനസ്സ് അയാൾക്ക് മുന്നിൽ തുറന്നു കാട്ടേണ്ടിയിരുന്നില്ല എന്ന് അവർക്ക് തോന്നിപ്പോയി.

അവർ ഒന്നും മിണ്ടാതെ കിടന്നു അയാളുടെ ഒരു തലോടലിനായി വീണ്ടും മനസ്സ് കൊതിച്ചെങ്കിലും അത് ഉണ്ടാകില്ലെന്ന യാഥാർത്ഥ്യം അവർ തിരിച്ചറിഞ്ഞു.

“വാക്കുകളുടെ അർത്ഥം അറിയാത്തവർക്ക് എങ്ങനെയാണ് മൗനത്തിന്റെ അർത്ഥം അറിയാൻ ആകുക?”

വർഷങ്ങൾ പിന്നെയും പിന്നിട്ടു രാവിലെ ഉറക്കം ഉണർന്നതും അയാൾ അവർക്ക് ചാരെയായി ചെന്നു.

“പത്മേ നീ പറഞ്ഞതിന്റെ അർത്ഥം അത്രയും ഞാൻ ഇന്നാണ് തിരിച്ചറിയുന്നത്. നീയൊന്ന് എന്റെ നെഞ്ചിൽ കിടക്കാൻ എന്റെ തലോടലിൽ നിന്നെ ഉറക്കാൻ ഞാൻ എത്ര കൊതിക്കുന്നുണ്ട്…

ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് നിന്റെ കൈപിടിച്ച് അറ്റമില്ലാതെ അങ്ങനെ സഞ്ചരിക്കാനാണ്.
നിന്റെ ആഗ്രഹം പോലെ ഒരുപാട് ദൂരം നമുക്ക് ഒരുമിച്ച് യാത്ര ചെയ്യണം.

ഒരുപാട് ആളുകളെ പരിചയപ്പെടണം. അവിടത്തെ സ്വാദ് എല്ലാം നമുക്കൊന്നിച്ച് നുണയണം.എല്ലാ ഉത്തരവാദിത്വങ്ങളും മാറ്റിവെച്ച് നമുക്ക് പറന്നു നടക്കണം നീ എന്താ ഒന്നും മിണ്ടാത്തത് പിണങ്ങി ഇരിക്കാതെ വേഗം വാ…”

അല്പനേരം എന്തോ ചിന്തിച്ചു നിന്ന ശേഷം അയാൾ വീണ്ടും തുടർന്നു.

” ഞാൻ കൊണ്ടുപോകില്ലെന്ന് പറഞ്ഞതു കൊണ്ടാണല്ലോ നീ എന്നെ തനിച്ചാക്കി ഒറ്റയ്ക്ക് യാത്ര പോയത്? ഒരുപാട് ദൂരത്തേക്ക് നീ എന്നെ ഒറ്റയ്ക്കാക്കി പോയില്ലേ?അതും ഒരിക്കലും തിരിച്ചു വരാത്ത യാത്ര… എന്നെ ഇങ്ങനെ തോൽപ്പിക്കണമായിരുന്നോ പത്മേ…? ”

“നീ അടുത്തുണ്ടായിരുന്നെങ്കിൽ ഇന്ന് ഞാൻ ഈ ഒറ്റപ്പെടൽ അനുഭവിക്കില്ലായിരുന്നു.നീ കണ്ട സ്വപ്നങ്ങളൊക്കെയും ഞാനിന്ന് തനിച്ചു കാണുകയാണ്. അന്ന് കാണാൻ കഴിയാതെ പോയ നിന്റെ മനസ്സ് എനിക്കിപ്പോൾ വായിച്ചെടുക്കാൻ കഴിയുന്നുണ്ട്.എന്നോട് ക്ഷമിക്കു പത്മേ..”

കണ്ണുനീർ വാർന്നൊഴുകിയ നേരം അയാൾ തന്റെ കയ്യിലിരുന്ന പുസ്തകം ആ ശവകുടീരത്തിന് മേൽ വച്ചു.

“ഇതാ പത്മേ നിനക്കായി എന്റെ ആദ്യത്തെ സ്നേഹസമ്മാനം.”

കണ്ണുനീർ തുടർച്ചയാൾ തിരിഞ്ഞു നടക്കുമ്പോൾ ‘എന്റെ പത്മയ്ക്ക്’ എന്നെഴുതിയ ആ പുസ്തകത്തിന്റെ ഓരോ താളുകളും കാറ്റിൽ മറിഞ്ഞു കൊണ്ടിരുന്നു.

‘ബാക്കിവെച്ച സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമ്മളിനിയും പുനർജനിക്കും’

അവസാനത്തെ താളിലെ വാക്കുകൾ ഒരു ഓർമ്മക്കുറിപ്പായി കാറ്റിൽ മറയാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *