ഒരു സ്ത്രീയെ അർത്ഥനഗ്നയായി കണ്ട നിമിഷം തന്നെ മറ്റൊന്നും ചിന്തിക്കാതെ ഒരാള് തന്റെ ഉടുമുണ്ട് ഉരിഞ്ഞു അവർക്ക് മാനം മറയ്ക്കുവാൻ നൽകി. ശേഷം….

‘പട്ടാപ്പകൽ നടുറോഡിൽ നഗ്നതാ പ്രദർശനം നടത്തുന്ന ഒരാളെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്.. ഇയാൾക്ക് വീട്ടിൽ അമ്മയും പെങ്ങന്മാരുമില്ലേ എന്ന് അറിയാതെ ചോദിച്ചു പോവുകയാണ് ഗയ്സ്.. ”

സന്ദീപിന്റെ ഇൻസ്റ്റഗ്രാം ലൈവ് വീഡിയോ വളരെ വേഗം വൈറലായി. ബസിൽ പോകവേ റോഡിൽ കണ്ട കാഴ്ച അവൻ കയ്യോടെ പകർത്തുകയായിരുന്നു. വീഡിയോയിൽ കാണുന്നത് അടിവസ്ത്രവും ഷർട്ടും മാത്രം ധരിച്ചു നടു റോഡിൽ സ്ത്രീകളുൾപ്പെടെയുള്ളവരുടെ മുന്നിൽ നിൽക്കുന്ന ഏകദേശം നാൽപ്പതോളം വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരനെയാണ്. അതിനിടയിൽ ആരോ അടുത്തുള്ള തുണിക്കടയിൽ നിന്നും ഒരു മുണ്ട് കൊണ്ട് വന്ന് അയാളെ ഉടുപ്പിക്കുന്നുണ്ട്.

‘ഇവനെയൊക്കെ മുള്ള് മുരുക്കിൽ കൊണ്ട് കയറ്റണം…. ഇത്രക്ക് കഴപ്പ് മൂത്ത് നിൽക്കുവാണേൽ’

‘ ആള് അടിച്ച് പാമ്പ് ആണെന്ന് തോന്നുന്നു ‘

കമന്റുകൾ ചറപറാ വന്നു. വീഡിയോയ്ക്ക് വേഗത്തിൽ വ്യൂവേഴ്സ് കൂടിയത് സന്ദീപിനും ആവേശമായി.

” എടാ നിന്റെ വീഡിയോ മില്യൺ അടിക്കോ.. ഭയങ്കര റീച്ച് ആണല്ലോ.. ”

കൂട്ടുകാരൊക്കെ അതിശയത്തോടെ ചോദിക്കുമ്പോൾ അല്പമൊന്ന് അഹങ്കരിച്ചു അവൻ. വീഡിയോയ്ക്ക് താഴെ വരുന്ന ഓരോ കമന്റ്സും അവന് രോമാഞ്ചമുളവാക്കി. ഒരു സെലിബ്രിറ്റി വ്ലോഗർ ആകണമെന്ന് തന്റെ ആഗ്രഹത്തിന്റെ തുടക്കം തന്നെയാണ് ഇതെന്ന് ഉറപ്പിച്ചു സന്ദീപ്.

എന്നാൽ അല്പ സമയം കഴിയവേ അവന്റെ ഫോണിൽ സുഹൃത്ത്‌ നീരജ് വിളിച്ചു.

“അളിയാ നീ ഇട്ട വീഡിയോയിൽ എന്തോ സീൻ ഉണ്ട്. ലേറ്റസ്റ്റ് കമന്റുകൾ നോക്കിയോ ഫുൾ തെറി വിളിയാണ്.. ”

ആ കേട്ട വാക്കുകൾ സന്ദീപിന്റെ നെറ്റി ചുളിച്ചു

” എന്ത് സീനാ ടാ.. ഞാൻ ലാസ്റ്റ് കമന്റ്സ് ഒന്നും കണ്ടില്ല.. നോക്കട്ടെ… ”

കോൾ കട്ട്‌ ആക്കി വെപ്രാളത്തിൽ ആ വീഡിയോയുടെ താഴെ വന്ന പുതിയ കമന്റുകൾ നോക്കി സന്ദീപ്. സംഗതി നീരജ് പറഞ്ഞത് സത്യമായിരുന്നു. പുതിയതായി വന്ന കമന്റുകൾ പലതും അവനെതിരായിരുന്നു
അപ്പോഴേക്കും ഫോണിൽ ഒരു കോൾ എത്തി..

” ഹലോ.. സന്ദീപ് അല്ലെ.”

കോൾ എടുത്ത പാടെ മറുതലയ്ക്കൽ പരുക്കൻ ശബ്ദം മുഴങ്ങി.

” അതേ.. ആരാണ് ”

” ഞാൻ സിറ്റി പോലീസ് സ്റ്റേഷൻ എസ് ഐ ആണ്. സന്ദീപ് എത്രയും പെട്ടെന്ന് ഇവിടെ സ്റ്റേഷനിൽ എത്തണം.. അത്യാവശ്യമാണ് ”

ആ പറഞ്ഞത് കേൾക്കെ ഒന്ന് നടുങ്ങി അവൻ.

” സ്റ്റേഷനിലോ… എന്താ സാർ.. എന്താ പ്രശ്‌നം ”

” പ്രശ്നമൊക്കെ പറയാം അനിയാ .. വേഗം ഇങ്ങ് പോര്.. ഒരു മണിക്കൂർ അതുവരെ ഞാൻ കാക്കും.. ലേറ്റ് അയാൾ വീട്ടിലേക്ക് ജീപ്പ് വിടും… ഓർത്തോ ”

കോൾ കട്ട്‌ ആകുമ്പോൾ ആകെ ഭയന്ന് പോയി സന്ദീപ്. എന്താണ് സംഭവം എന്ന് അറിയില്ലേലും ആ വന്ന കോൾ താനിട്ട ലൈവ് വീഡിയോയുമായി ബന്ധപ്പെട്ടാകും എന്ന് ഉറപ്പിച്ചു അവൻ. കാരണം വീഡിയോയ്ക്ക് കീഴിൽ പലരും തനിക്കെതിരെ നിയമ നടപടി സ്വീകരിക്കണം എന്ന് നിദ്ദേശിക്കുന്നത് അവൻ ശ്രദ്ധിച്ചിരുന്നു. വീട്ടിൽ അറിയിച്ച പാടെ അച്ഛൻ സുരേഷിന്റെ കയ്യിൽ നിന്നും നല്ലൊരു അടി കിട്ടിയെങ്കിലും കാര്യത്തിന്റെ ഗൗരവം മനസിലാക്കി സ്റ്റേഷലേക്ക് ഒപ്പം ചെല്ലാമെന്ന് അയാൾ സമ്മതിച്ചു .

അര മണിക്കൂർ കഴിയവേ തന്നെ സന്ദീപും സുരേഷും പോലീസ് സ്റ്റേഷനിൽ എത്തി. പുറത്ത് ഒന്ന് രണ്ടു പേര് കൂട്ടം കൂടി നിന്നിരുന്നു അതിൽ ഒരു മുഖം വേഗത്തിൽ സന്ദീപ് തിരിച്ചറിഞ്ഞു. രാവിലെ റോഡിൽ കണ്ട ആൾ…

” ദേ ഇതാ ആ ചെക്കൻ ”

തന്നെ ചൂണ്ടിക്കാട്ടി ആരൊക്കെയോ അയാളോട് അടക്കം പറയുന്നതും സന്ദീപ് കേട്ടു .

സ്റ്റേഷന് ഉള്ളിൽ എത്തവേ എസ് ഐ ഓഫീസ് മുറിയ്ക്ക് പുറത്തുണ്ടായിരുന്നു.

” സർ.. എന്റെ മോനോട് ഇവിടെ വരാൻ പറഞ്ഞു കോൾ വന്നിരുന്നു. എന്താണ് കാര്യമെന്ന് പറഞ്ഞില്ല ”

സുരേഷ് വളരെ സൗമ്യമായി ചോദിക്കവേ സന്ദീപിനെ ഒന്ന് തുറിച്ചു നോക്കി എസ് ഐ.. ആ നോട്ടത്തിൽ അവൻ പന്തികേട് മണത്തു.

” നിങ്ങടെ മോൻ ഇന്ന് രാവിലെ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു. കണ്ടിരുന്നോ.. ”

അച്ഛനോട് എസ് ഐ ചോദിച്ചത് കേൾക്കവേ ഒന്ന് പരുങ്ങി സന്ദീപ്.

” ഞാൻ കണ്ടില്ല സാർ.. എന്താണ്…എന്ത് വീഡിയോ ആണ്… എന്തേലും വൃത്തികേട് ആണോ ”

വേവലാതിയിൽ ആ സുരേഷ് ചോദിക്കവേ മുന്നിലെ ചെയറിലേക്കിരുന്നു എസ് ഐ.

” ഇന്ന് രാവിലെ ഒരു സംഭവം ഉണ്ടായി ഒരു സ്ത്രീ ജംഗ്ഷനിൽ റോഡ് സൈഡിലൂടെ നടന്നു പോകവേ ഓടയുടെ സ്‌ലാബ് പൊട്ടി താഴേക്ക് വീണു പോയി. വീണ വീഴ്ചയിൽ സ്ലാബിലെ തന്നെ കമ്പിയിൽ കുടുങ്ങി അവരുടെ ചുരിദാറും പാന്റുമെല്ലാം കീറി . ചുറ്റും കൂടിയവർ ഒന്നിച്ചു ചേർന്ന് അവരെ പുറത്തെടുക്കുമ്പോൾ ആ സ്ത്രീയുടെ അരയ്ക്ക് താഴേക്കുള്ള വസ്ത്രങ്ങൾ പൂർണ്ണമായും കീറിയ അവസ്ഥയിലായിരുന്നു. അപമാന ഭയത്താൽ അവരാകെ പേടിച്ചു പോയി. എന്നാൽ പൊതുമദ്ധ്യത്തിൽ ഒരു സ്ത്രീയെ അർത്ഥനഗ്നയായി കണ്ട നിമിഷം തന്നെ മറ്റൊന്നും ചിന്തിക്കാതെ ഒരാള് തന്റെ ഉടുമുണ്ട് ഉരിഞ്ഞു അവർക്ക് മാനം മറയ്ക്കുവാൻ നൽകി. ശേഷം അർദ്ധനഗ്നനായി നിന്ന ആ ചെറുപ്പക്കാരന് മറ്റുള്ളവർ ഉടുമുണ്ടും കൊടുത്തു. ഇതാണ് നടന്ന സംഭവം ഈ പറഞ്ഞ ചെറുപ്പക്കാരൻ ദേ പുറത്തുണ്ട് നന്ദൻ അതാണ്‌ അയാളുടെ പേര്. ”

എസ് ഐ ഇത്രയും പറഞ്ഞു കേൾക്കവേ തന്നെ തനിക്ക് പറ്റിയ അമളി വേഗത്തിൽ തിരിച്ചറിഞ്ഞു സന്ദീപ്. ആ നിമിഷം വല്ലാതെ പരുങ്ങിപ്പോയി അവൻ. ഒന്ന് തുറിച്ചു നോക്കി എസ് ഐ സുരേഷിനോട് തുടർന്നു

” ഈ സംഭവം നടസക്കുമ്പോഴാണ് നിങ്ങടെ മോൻ ആ വഴി ഒരു ബസിൽ കടന്നു പോകുന്നത്. അർദ്ധനഗ്നനായി നിൽക്കുന്ന നന്ദനെ കണ്ടതും അവനൊരു വീഡിയോ എടുത്തു ഇൻസ്റ്റഗ്രാമിലും പോസ്റ്റ്‌ ചെയ്തു. പൊതു നിരത്ത് നഗ്നതാ പ്രദർശം എന്ന് പറഞ്ഞു കൊണ്ട്…. ആ വീഡിയോ പെട്ടെന്ന് വൈറലായി.. കാര്യമെന്തെന്നറിയാതെ പലരും നന്മ ചെയ്ത ആ ചെറുപ്പക്കാരനെ മോശക്കാരനാക്കി… മദ്യപാനിയാക്കി ”

അവിടെ വച്ച് നിർത്തി സന്ദീപിന്റെ മുഖത്തേക്ക് നോക്കി എസ് ഐ.

” ഇപ്പോൾ എന്തിനാ വിളിപ്പിച്ചേ ന്ന് അനിയന് മനസിലായി കാണുമല്ലോ അല്ലെ…”

ആ ചോദ്യം കേട്ട് മറുപടിയില്ലാതെ ഭയന്ന് നിന്നു പോയി അവൻ.

” എന്താ മോനെ നീ ഈ കാട്ടിക്കൂട്ടിയെ… ”

ദയനീയമായി നോക്കിയ സുരേഷിനോട് മറുപടി പറയുവാൻ വാക്കുകൾ കിട്ടിയില്ല.

” ആ ചെറുപ്പക്കാരന്റെ കംപ്ലയിന്റ് ഉണ്ടല്ലോ സാറേ… എഫ് ഐ ആർ ഇട്ട് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്യാം പതിനാല് ദിവസം ജയിലിൽ കിടക്കുമ്പോ പഠിക്കും പിന്നേ ഇത്പോലെ എന്ത് കണ്ടാലും കാര്യം തിരക്കാതെ ഷൂട്ട് ചെയ്ത് ലൈക്കിനും ഷെയറിനും വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്ന കഴപ്പ് അങ്ങ് നിൽക്കും ”

മറ്റൊരു പോലീസുകാരൻ അമർഷത്തോടെ അവർക്കരികിലേക്കെത്തുമ്പോൾ ആകെ ഭയന്ന് നിലവിളിച്ചു പോയി സന്ദീപ്

” സാറേ.. സോറി അറിയാതെ പറ്റിപ്പോയതാ.. എന്നെ ജയിലിൽ വിടല്ലേ… ഞാൻ മാപ്പ് പറയാം..പ്ലീസ്… ”

കൈകൂപ്പി കെഞ്ചി അവൻ.

” സാറേ അവനൊരു അബദ്ധം പറ്റിയതാണ് ഇനി ഒരിക്കലും ആവർത്തിക്കില്ല… ഇത്തവണത്തേക്ക് ഒന്ന് ക്ഷമിക്കണം.. ഞാൻ വേണേൽ ആ ചെറുപ്പക്കാരന്റെ കാല് പിടിച്ചിട്ടാണേലും കേസ് പിൻവലിപ്പിക്കാം ”

സുരേഷും ദയനീയമായി എസ് ഐ യെ നോക്കി. ആ നോട്ടത്തിൽ ഒളിപ്പിച്ച വേദന കണ്ടില്ലാ ന്ന് നടിക്കുവാൻ എസ് ഐ ക്കും പറ്റിയില്ല. നന്ദനെ കൂടി ഉള്ളിലേക്ക് വിളിപ്പിച്ചു അയാൾ.

“തത്കാലം നന്ദന് പരാതിയൊന്നുമില്ല.. പക്ഷെ ഇതുപോലെ മോശമായി അയാളെ ചിത്രീകരിച്ച ആളെ കൊണ്ട് തന്നെ അത് മാറ്റി പറയിക്കണം.. ആ ഒരു ആവശ്യം മാത്രമേയുള്ളു ഇയാൾക്ക്.. അതുകൊണ്ട് നീ തന്നെ മറ്റൊരു വീഡിയോ ഇടണം നടന്ന സംഭവം നിന്റെ ഐഡിയിലൂടെ തന്നെ പറയണം ”

എസ് ഐ പറഞ്ഞത് കേട്ട് തലയാട്ടി സന്ദീപ്.

” അതുപോലെ ഇനി മേലിൽ ഇത്പോലെ കണ്ണിൽ കാണുന്നത് എന്തും സോഷ്യൽ മീഡിയയിൽ ശർദ്ദിക്കാൻ നിൽക്കരുത്.. ഇത്തവണ രക്ഷപ്പെട്ടു പക്ഷെ ഇനിയൊരു പരാതി കിട്ടിയാൽ പിന്നേ നീ ജയിലിൽ പോകും അത് ഉറപ്പ്.. ”

ആ വാക്കുകളിൽ ഒരു ഭീഷണി കൂടിയുണ്ടായിരുന്നു.

” ഇല്ല സാറേ.. ഞാൻ ശ്രദ്ധിച്ചോളാം.. ഇനി ഇവൻ ഇങ്ങനത്തെ പണി ഒപ്പിക്കില്ല ”

സുരേഷ് വാക്ക് കൊടുക്കുമ്പോൾ മൗനമായി തല കുമ്പിട്ടു നിന്നു സന്ദീപ്. അപ്പോഴേക്കും നന്ദൻ അവനരികിലേക്ക് ചെന്നു

” അനിയാ…. സാറ് പറഞ്ഞ പോലെ കണ്മുന്നിൽ കാണുന്നതെന്തും സത്യാവസ്ഥ ഒന്ന് തിരക്കാൻ പോലും നിൽക്കാതെ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യുമ്പോൾ അതിലൂടെ മറ്റുള്ളവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടിയൊന്ന് മനസിലാക്കണം.. ആത്മാർത്ഥമായി മനസറിഞ്ഞു ഞാൻ ചെയ്തൊരു പ്രവൃത്തി നീ ഒരാൾ കാരണം കുറച്ചു പേരുടെ മുന്നിൽ എങ്കിലും മോശമായി ചിത്രീകരിക്കപ്പെട്ടു. അത് എനിക്ക് ഉണ്ടാക്കിയ മാനസിക പ്രശ്നം നിങ്ങൾക്ക് ആർക്കും പറഞ്ഞാൽ മനസിലാകില്ല.. അതുകൊണ്ടാണ് നിങ്ങളെ ഈ സ്റ്റേഷനിൽ സാറിന്റെ മുന്നിൽ കൊണ്ട് വരുവാൻ ഞാൻ തീരുമാനിച്ചത്. എന്നോട് ക്ഷമിക്ക് ”

മറുപടിക്ക് കാക്കാതെ എസ് ഐ യോട് നന്ദി പറഞ്ഞു തിരികെ പുറത്തേക്ക് നടന്നു നന്ദൻ. അപമാന ഭാരത്തിൽ സന്ദീപിന്റെ അച്ഛൻ മുഖം കുനിച്ചു നിന്നു പോയി.

” കണ്ടില്ലേ.. നിന്റെ അച്ഛൻ നാണം കെട്ട് നിൽക്കുന്നത്.. ഈ അവസ്ഥ ആൾക്ക് ഉണ്ടാക്കി കൊടുത്തത് നീ ആണ്.. സോ ഇനിയേലും ഇമ്മാതിരി പണിക്ക് നിൽക്കാതിരിക്കുക.. പൊയ്ക്കോ രണ്ടാളും.. ”

സുരേഷിനെ നോക്കി തല യാട്ടി ക്യാബിനിലേക്ക് നടന്നു എസ് ഐ.

സ്റ്റേഷനിൽ നിന്നും പുറത്തെത്തിയ സന്ദീപ് അച്ഛന്റെ കാലിൽ. തൊട്ട് മാപ്പപേക്ഷിച്ചു.. മകന് പറ്റിയ ആ തെറ്റ് ക്ഷമിക്കുവാൻ സുരേഷിനും കഴിഞ്ഞു. വൈകാതെ തന്നെ സന്ദീപ് നന്ദനോട് ക്ഷമാപണം നടത്തി ഒരു വീഡിയോ കൂടി പോസ്റ്റ്‌ ചെയ്തു. കമന്റുകൾ നോക്കുവാൻ മനസ്സ് വന്നില്ലെങ്കിലും ആ നിമിഷം ഉള്ളിൽ വല്ലാത്ത ആശ്വാസം തോന്നി അവന്..

സോഷ്യൽ മീഡിയ അത് നല്ലതുമാണ് ചീത്തയുമാണ്.. അറിഞ്ഞുപയോഗിക്കുവാൻ പഠിക്കണം അതാണ് നമ്മൾ ചെയ്യേണ്ടത്.

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *