അച്ഛൻ എന്നെ ഉപദ്രവിക്കും…ഒരച്ഛൻ തൊടാൻ പാടില്ലാത്തിടത്തൊക്കെ തൊടും. ദേഹത്ത് പിടിച്ചമർത്തി എന്നെ വേദനിപ്പിക്കും.. ഞാൻ കരഞ്ഞാലും വിടില്ല. എനിക്ക് പേടിയാ….

“അച്ഛൻ എന്നെ ഉപദ്രവിക്കും…ഒരച്ഛൻ തൊടാൻ പാടില്ലാത്തിടത്തൊക്കെ തൊടും. ദേഹത്ത് പിടിച്ചമർത്തി എന്നെ വേദനിപ്പിക്കും.. ഞാൻ കരഞ്ഞാലും വിടില്ല. എനിക്ക് പേടിയാ ടീച്ചറെ… എനിക്ക് വീട്ടിൽ പോകാൻ പേടിയാണ്. എന്നെ ഇനി അങ്ങോട്ട് വിടല്ലേ… എന്നെ ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ടാക്കുമോ പ്ലീസ്…”

തേങ്ങിക്കൊണ്ട് അടക്കിപ്പിടിച്ച സ്വരത്തിൽ ആ വാക്കുകൾ കേട്ട നിമിഷം മീര ടീച്ചറുടെ കയ്യിൽ ഉണ്ടായിരുന്ന പേന നിശ്ചലമായി. പതിവുപോലെ ഉച്ചഭക്ഷണ ഇടവേളയിൽ ക്ലാസ് മുറിയിൽ ഇരുന്ന കുട്ടികളുടെ നോട്ടുബുക്കുകൾ പരിശോധിക്കുകയായിരുന്നു അവർ. മുന്നിൽ നിന്ന പന്ത്രണ്ട്കാരി ശ്രീലക്ഷ്മിയുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു, കണ്ണുകൾ നിറഞ്ഞിരുന്നു. എന്നാൽ അതിലേറെ മീരയെ ആശങ്കയിലാഴ്ത്തിയത് അവളുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്ന ആഴത്തിലുള്ള ഭയമായിരുന്നു.

മീര അവളെ ചേർത്തുപിടിച്ചു. താൻ സുരക്ഷിതയാണെന്ന് ഒരു നിമിഷത്തേക്ക് എങ്കിലും തോന്നാൻ ആ ഒരു കെട്ടിപ്പിടുത്തം ശ്രീലക്ഷ്മിക്ക് ധാരാളമായിരുന്നു.

” എന്താ മോളെ പറഞ്ഞത്?കരയാതെ.. ടീച്ചർ ഉണ്ട് കൂടെ.. ” മീര അവളുടെ മുടിയിഴകളിലൂടെ തലോടി.

” അമ്മ പോലും എന്നെ വിശ്വസിക്കുന്നില്ല. ഞാൻ കള്ളം പറയുന്നതാണ് എന്നാണ് അമ്മ കരുതുന്നത്. എനിക്കിനി വയ്യ ടീച്ചറെ… ”

അവൾ തേങ്ങി കരഞ്ഞു. അവളെ കൂടുതൽ ചേർത്തുപിടിക്കുകയല്ലാതെ കുറച്ചുസമയത്തേക്ക് മീര ഒന്നും മിണ്ടിയില്ല. ആ കുട്ടിക്ക് ഇപ്പോൾ ഏറ്റവും ആവശ്യം ആ ചേർത്ത് പിടിക്കൽ ആണെന്ന് മീരയ്ക്ക് തോന്നി. അന്നേരം അത്രയും ഉള്ളിൽ അടച്ചുവച്ചിരുന്ന വേദന മുഴുവനും കണ്ണുനീരായി ഒഴുകിക്കൊണ്ടിരുന്നു.

ക്ലാസിലെ മിടുക്കിയായ കുട്ടികളിൽ ഒരാളായിരുന്നു ശ്രീലക്ഷ്മി. എല്ലായിപ്പോഴും ചിരിക്കുന്ന, ചിത്രങ്ങൾ വരയ്ക്കുന്ന, പാട്ടുപാടുന്ന ആ കുട്ടി കുറച്ചുദിവസങ്ങളായി മൗനമായിരുന്നു. സുഹൃത്തുക്കളിൽ നിന്ന് അകന്നുനിന്നു, പഠനത്തിലും ശ്രദ്ധ കുറഞ്ഞു. എപ്പോഴും തനിച്ചിരുന്ന് എന്തോ ആലോചിക്കാറുള്ള അവളോട് നേരിട്ട് പലതവണ ചോദിച്ചെങ്കിലും ഒന്നുമില്ല ടീച്ചറെ എന്നായിരുന്നു മറുപടി.

അവളുടെ കരച്ചിൽ ഒന്ന് ശാന്തമായതും മീര പതിയെ എല്ലാം ചോദിച്ചറിഞ്ഞു. എല്ലാം കേട്ട് ഒന്ന് നടുങ്ങിയെങ്കിലും മീര അവളെ ആശ്വസിപ്പിച്ചു.ശേഷം അവളെ സ്കൂളിലെ കൗൺസിലറുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.

“മോള് വിഷമിക്കാതെ ഞങ്ങളെല്ലാം മോളുടെ കൂടെയുണ്ട്. ഇനി ഒരു വട്ടം പോലും അയാൾ മോളെ ഉപദ്രവിക്കില്ല. ഈ മാഡം മോൾ പറയുന്നതൊക്കെ ശ്രദ്ധയോടെ കേൾക്കും, മോളെ സഹായിക്കും കേട്ടോ…” മീര അവൾക്ക് ഉറപ്പുനൽകി.

വൈകാതെ തന്നെ സ്കൂൾ അധികൃതരും ഇത് അറിഞ്ഞു. എല്ലാവരും അവളെ ചേർത്തുപിടിച്ചു. ഒരാളും അവളെ കുറ്റപ്പെടുത്തിയില്ല. അവരത് ഗൗരവമായ വിഷയമായി തന്നെ എടുത്തു.ഇനി ഒരു വിദ്യാർത്ഥിയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കരുത് എന്ന് ഉറപ്പിച്ചുകൊണ്ട് തന്നെ അധികൃതരും കൗൺസിലറും ഇതിനെതിരെ നിയമപരമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. എന്നാൽ ശ്രീലക്ഷ്മിയുടെ പേടി മറ്റൊന്നായിരുന്നു. അമ്മ വിശ്വസിക്കില്ല. എല്ലാവരെയും അറിയിച്ചതിന് തന്നെ ഇനിയും കുറ്റപ്പെടുത്തും.

അവളുടെ അമ്മ അജിത നേഴ്സ് ആയിരുന്നു.അമ്മയ്ക്ക് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങളായിരുന്നു അച്ഛന്റെ ഉപദ്രവം അവൾ ഏറെ അനുഭവിക്കേണ്ടിവന്നത്. ജോലികഴിഞ്ഞ് ക്ഷീണിച്ചത്തുന്ന അമ്മയെ നോക്കി ശ്രീലക്ഷ്മി പലതവണ സത്യം പറയാൻ ശ്രമിച്ചിരുന്നു.

ഒരു ഏഴാം ക്ലാസുകാരിക്ക് താൻ അനുഭവിക്കുന്ന ശാരീരിക പീഡനങ്ങൾ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുക എന്നതും വലിയൊരു കടമ്പ തന്നെയല്ലേ?സ്വന്തം അമ്മ പോലും തന്നെ മനസ്സിലാക്കാതെ ആയപ്പോൾ പിന്നെ അവൾ മൗനം പാലിച്ചു.

അജിതയ്ക്ക് സ്കൂളിൽനിന്ന് അന്ന് ആദ്യമായി വിളിവന്നു. കൗൺസിലറും പ്രിൻസിപ്പാളും മീര ടീച്ചറും ശ്രീലക്ഷ്മിയും മാത്രമുള്ള മുറിയിലേക്കാണ് അവരെ വിളിച്ചത്. അമ്മയെ കണ്ടതും ശ്രീലക്ഷ്മിയുടെ ഉള്ളിൽ ഭയം ഉടലെടുത്തു. അവരോട് ഇരിക്കാൻ പറഞ്ഞതിനുശേഷം നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചത് പ്രിൻസിപ്പാൾ ജലജ മാഡം ആയിരുന്നു.

“ഇല്ല മാഡം.. ഞാനിത് വിശ്വസിക്കില്ല. എന്റെ ഹസ്ബൻഡ് അത്തരത്തിൽ ഒരു മനുഷ്യൻ അല്ല അതുകൊണ്ടുതന്നെ അദ്ദേഹം തെറ്റ് ചെയ്തെന്നും ഞാൻ വിശ്വസിക്കുന്നില്ല. വേണുവേട്ടന് മോളെ നല്ല കാര്യമാണ് മാതാപിതാക്കളെ മോശക്കാരാക്കാൻ തുനിഞ്ഞിറങ്ങുന്ന മക്കൾ ഇതെല്ലാ ഇതിനപ്പുറവും പറഞ്ഞുണ്ടാക്കും.എന്റെ ഭർത്താവിനെ എനിക്കറിയാം.

ഇവൾക്ക് അച്ഛനോട് മറ്റെന്തോ ശത്രുത ഉണ്ട് കുറച്ചായി ഞാനത് ശ്രദ്ധിക്കുന്നു. ഒരു നല്ല കൗൺസിലിംഗ് നൽകി ഞാനത് മാറ്റിയെടുത്തോളം..” അവർ കോൺഫിഡൻസോടെ പറഞ്ഞു അത് പറയുമ്പോൾ ശ്രീലക്ഷ്മിയുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“നിങ്ങൾ ഒരു അമ്മയാണോ..?” ഇക്കുറി പൊട്ടിത്തെറിച്ചത് മീര ടീച്ചറാണ്.

“സോറി മാഡം എനിക്കിങ്ങനെ പെരുമാറാതിരിക്കാൻ ആവില്ല..” പ്രിൻസിപ്പാലിനെ നോക്കി മീര ആദ്യമേ ക്ഷമ ചോദിച്ചു.

” നിങ്ങളുടെ ഈ ആറ്റിട്യൂഡാണ് അയാൾക്ക് ഇത്രയും വളം വെച്ച് നൽകിയത്.. എന്തൊക്കെ വൃത്തികേട് ചെയ്താലും നിങ്ങൾ അത് വിശ്വസിക്കില്ല എന്ന് അയാൾക്ക് നന്നായി അറിയാം.നിങ്ങളെപ്പോലുള്ള അമ്മമാർ കാരണമാണ് കുട്ടികൾ എല്ലാം ഉള്ളിലൊതുക്കി ആത്മഹത്യ വരെ ചെയ്യുന്നത്. കാരണം അവരെ കേൾക്കാൻ വീട്ടിൽ ഉള്ളവർ പോലും തയ്യാറല്ല.ആണായിക്കോട്ടെ.. പെണ്ണായിക്കോട്ടെ..

മക്കളുടെ മനസ്സ് ഏറ്റവും നന്നായി മനസ്സിലാക്കാൻ കഴിയുന്നവളാണ് അമ്മ.എന്നിട്ടും നിങ്ങൾക്കെന്തേ അത് കഴിയാതെ പോയി?ഏതൊരു കുട്ടിയും ഏറ്റവും സുരക്ഷിത ആയിരിക്കുക അവരുടെ മാതാപിതാക്കളുടെ ഒപ്പമാണ് എന്നാൽ ഇന്ന് നിങ്ങളുടെ ഈ മകൾ എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞത് എനിക്ക് വീട്ടിൽ പോകേണ്ട ടീച്ചർ എന്നെ ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ടാക്കാൻ പറഞ്ഞാണ്..

എത്ര മനസ്സ് വേദനിച്ചിട്ടായിരിക്കും അവൾ അത് പറഞ്ഞിട്ടുണ്ടാവുക. നിങ്ങൾ പറഞ്ഞല്ലോ നിങ്ങളുടെ ഭർത്താവിനെ അപകീർത്തിപ്പെടുത്താനാണ് അവൾ ഇത് പറയുന്നത് എന്ന് ആ കുഞ്ഞിന് വെറും പന്ത്രണ്ട് വയസ്സാണ് പ്രായം . അവൾക്ക് അതുകൊണ്ട് എന്താണ് നേട്ടം എന്നുകൂടി നിങ്ങൾ ഒന്നു പറഞ്ഞു തരുമോ? ഒരാളെ അപകീർത്തിപ്പെടുത്തുക എന്നാൽ എന്താണെന്ന് പോലും അവൾക്ക് അറിയുന്നുണ്ടാകില്ല. നിങ്ങൾ ഒരു നേഴ്സ് അല്ലേ?? നിങ്ങൾ എങ്ങനെയാണ് എന്ന് എനിക്കറിയില്ല പക്ഷെ മറ്റുള്ളവരുടെ വേദന ശമിപ്പിക്കുകയും കണ്ണുനീർ തുടക്കുകയും ചെയ്യുന്നത് കൊണ്ടല്ലേ നിങ്ങളെയെല്ലാം ദൈവത്തിന്റെ മാലാഖമാർ എന്ന് വിശേഷിപ്പിക്കുന്നത്,? എന്നിട്ടും നിങ്ങൾക്കെന്തേ ജന്മം നൽകിയ കുഞ്ഞിന്റെ വേദന കാണാൻ കഴിയാതെ പോയത്? അവൾ ആഗ്രഹിച്ചതിൽ എന്താ തെറ്റ് നിങ്ങളുടെ കൂടെ ജീവിക്കുന്നതിലും ഭേദം ഏതെങ്കിലും അനാഥാലയമാണ്. ”

മീര ടീച്ചർ അത്രയും പറഞ്ഞതും ശ്രീലക്ഷ്മി പൊട്ടി പൊട്ടി കരഞ്ഞു. അന്നേരവും ടീച്ചറുടെ ശരീരത്തോട് ആണ് അവൾ ഒട്ടി നിന്നത്. മകളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കണ്ടതും ആദ്യമായി അവരുടെ അമ്മ മനം ഇടറി.

“ഇപ്പോഴും നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ ദാ ഇത് നോക്ക് സ്വന്തം മകളോട് അയാൾ ചെയ്ത പരാക്രമങ്ങൾ.” യൂണിഫോം മാറ്റി കാണിച്ചതും മകളുടെ നെഞ്ചിലും പുറത്തും കണ്ട നഖത്തിന്റെ പാടുകൾ അജിതയുടെ ഉള്ള് നീറ്റി.. ” ദൈവമേ തനിക്ക് തെറ്റുപറ്റിയോ? ”

“എന്തേ നിങ്ങൾക്ക് ഒന്നും പറയാനില്ലേ? അതോ ഇതും നിങ്ങളുടെ ഭർത്താവിനെ അപകീർത്തിപ്പെടുത്തുവാൻ ഈ കുട്ടി സ്വയം ചെയ്തതാണെന്നാണോ?”

അവർ ഒന്നും മിണ്ടിയില്ല. മകളെ നോക്കാൻ ആകാതെ മുഖം കുനിച്ചു നിന്നു. അന്നേരം അവരുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു.

കൗൺസിലറായ വൈശാഖി മാഡം സംസാരിച്ചു “സി ഇതങ്ങനെ വിടാൻ പറ്റുന്ന ഒന്നല്ല.വളരെ ഗൗരവമേറിയ ഒരു വിഷയമാണ്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി ഞങ്ങൾക്ക് ഇത് ലീഗലി മൂവ് ചെയ്ത് മതിയാകൂ.. ഇനി അതിന്റെ പേരിൽ നിങ്ങൾ ഈ കുട്ടിയെ മാനസികമായി പീഡിപ്പിക്കാൻ ആണ് ഉദ്ദേശമെങ്കിൽ നിങ്ങൾക്കെതിരെയും ഞങ്ങൾ നിയമ നടപടി സ്വീകരിക്കും ഓർത്തോളൂ…”

അവർ മറുത്ത് ഒന്നും പറഞ്ഞില്ല. നുറുങ്ങിയ മനസ്സോടെ വീട്ടിലെത്തുമ്പോൾ ഭർത്താവ് കുളിക്കുകയായിരുന്നു. കട്ടിലിൽ കിടന്ന ഫോണെടുത്ത് അജിത വെറുതെ നോക്കിയതും ഞെട്ടിപ്പോയി തന്റെ മകളുടെ ശരീര ഭാഗങ്ങൾ!. കലിപൂണ്ട് അവരുടെ ശരീരം വിറച്ചു. കുളി കഴിഞ്ഞ് ഇറങ്ങിയതും കയ്യിൽ തന്റെ ഫോണുമായി ദേഷ്യത്തോടെ നിൽക്കുന്ന ഭാര്യയെയാണ് അയാൾ കണ്ടത്. എന്തോ പന്തികേട് മണത്തതു കൊണ്ടാവാം അയാൾ ഒന്നു പരുങ്ങി.

“നീ എന്റെ മോളെ തൊടുമല്ലേ??”ചോദ്യവും അടിയും ഒരുമിച്ചായിരുന്നു. അടി വീണതും അയാൾ കട്ടിലിലേക്ക് മറിഞ്ഞു. ദേഷ്യം തീരാതെ വടികൊണ്ട് പിന്നെയും കൊടുത്തു അഞ്ചാറെണ്ണം. ആദ്യത്തെ അടിയിൽ തന്നെ അയാൾ വേദന കൊണ്ട് പുളഞ്ഞു കൂടെ ആഞ്ഞൊരു ചവിട്ടും നൽകി അവർ വാതിൽ പുറത്തുനിന്ന് പൂട്ടി നേരെ പോയത് സ്കൂളിലേക്ക് ആണ്. ആദ്യം ചെന്ന് മകളെ ചേർത്തുപിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു.

“അമ്മയോട് ക്ഷമിക്കു മോളെ…ഇത്രയും നാൾ ഇതെല്ലാം നീ ഒറ്റയ്ക്ക് സഹിച്ചല്ലോ…” ആ നിമിഷം ആദ്യമായി ശ്രീലക്ഷ്മിക്ക് ഒരു വലിയ ഭാരം ഇറങ്ങിയത് പോലെ തോന്നി. പിന്നീട് പോലീസ് വന്ന് അയാളെ അറസ്റ്റ് ചെയ്തു. തന്റെ മുന്നിലൂടെ അയാളെ വലിച്ചിഴച്ചു കൊണ്ടുപോകുമ്പോൾ അന്നാദ്യമായി വെറുപ്പോടെയും അറപ്പോടെയും അവർ തന്റെ ഭർത്താവിനെ നോക്കി.കുടുംബ പേരിന്റെ കാര്യം പറഞ്ഞു ഇതെല്ലാം പുറത്ത് അറിയിക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന് ചോദിച്ച് ചുരുക്കം ചില ബന്ധുക്കൾ അജിതയെ കുറ്റപ്പെടുത്തി.

“എന്റെ മകളുടെ ജീവിതത്തെക്കാൾ വലുതല്ല എനിക്ക് ഒരു കുടുംബ പേരും മഹിമയും.”
അവർ ഉറപ്പിച്ചു പറഞ്ഞു. അമ്മയുടെ ഈ മാറ്റം ശ്രീലക്ഷ്മിക്ക് വളരെ വലിയ ആശ്വാസമായിരുന്നു.എങ്കിലും അച്ഛൻ ഏൽപ്പിച്ച മുറിവ് മനസ്സിനെ നോവിച്ചു കൊണ്ടേയിരുന്നു.

തുടർച്ചയായ കൗൺസിലിങ്ങിന്റെയും, അമ്മയുടെ സ്നേഹത്തിന്റെയും,മീര ടീച്ചറുടെ പിന്തുണയുടെയും സഹായത്തോടെ ശ്രീലക്ഷ്മി പതുക്കെ പഴയ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി. വീണ്ടും ചിത്രങ്ങൾ വരയ്ക്കാനും, മത്സരങ്ങളിൽ പങ്കെടുക്കാനും, ചിരിക്കാനും അവൾ പഠിച്ചു തുടങ്ങി.

ഒരു ദിവസം മീര ടീച്ചർ ക്ലാസിൽ ഒരു പ്രബന്ധമത്സരം നടത്തി. ‘എന്റെ ഏറ്റവും വലിയ ശക്തി’ എന്നതായിരുന്നു വിഷയം. ബോർഡിൽ കുറിച്ചിട്ടതും എല്ലാവരും എഴുതിത്തുടങ്ങി. ശ്രീലക്ഷ്മി ഒരു നിമിഷം ആലോചിച്ചു.അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി പുറത്തു മഴ പെയ്യുകയായിരുന്നു അവൾ എഴുതാൻ തുടങ്ങി.

“ധൈര്യമാണ് എന്റെ ഏറ്റവും വലിയ ശക്തി. ഭയത്തെ മാത്രം കൂട്ടുപിടിച്ച് ജീവിച്ച കുട്ടിയായിരുന്നു ഞാൻ. ഭയം കൊണ്ട് തന്നെ ആരും എന്നെ കേൾക്കാനില്ല എന്ന് ഞാൻ കരുതിയിരുന്നു.എന്നാൽ എന്ന് ഞാൻ ആ ഭയത്തെ മറികടന്ന് സംസാരിച്ചുവോ ആ ദിവസം എന്റെ ജീവിതവും മാറി. എന്നെ കേൾക്കാൻ ആളുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഇന്നും ആ ഭയത്തെ മുറുകെപ്പിടിച്ച് ഞാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ എന്റെ ജീവിതം ഇല്ലാതായി പോകുമായിരുന്നു. ഇന്ന് ഭയത്തിനല്ല ധൈര്യത്തിനും പ്രതീക്ഷക്കും ആണ് ഞാൻ പ്രാധാന്യം നൽകുന്നത്. മീര ടീച്ചർക്ക് നന്ദി.” പ്രബന്ധം വായിച്ച മീര ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു.

വർഷങ്ങൾ കടന്നുപോയി…
ഇരുപത്തിയഞ്ചുകാരിയായ ശ്രീലക്ഷ്മി ചൈൽഡ് കൗൺസിലറായി ജോലി ചെയ്യുകയാണ് ഇപ്പോൾ. കുട്ടികളെ മാനസിക പീഡനങ്ങളിൽ നിന്നും ശാരീരിക പീഡനങ്ങളിൽ നിന്നും സംരക്ഷിക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യം.ഒരു ദിവസം അവളെ തേടി ഒരു ചെറിയ പെൺകുട്ടിയെത്തി. ഭയത്തോടെ ആ കുട്ടി ശ്രീലക്ഷ്മിയെ നോക്കി അവൾ ആ കുട്ടിയുടെ അടുത്ത് അവൾക്കൊപ്പം ചേർന്നിരുന്നു.

“ഭയപ്പെടേണ്ട മോളെ.. നിന്നെ കേൾക്കാൻ ഞാനുണ്ട് മോൾ എന്തായാലും തുറന്നു പറഞ്ഞോളൂ..” അവൾ ആ കുട്ടിയെ ചേർത്തു പിടിച്ചു.

“ചേച്ചി എനിക്ക് ഇത് പുറത്തു പറയാൻ പേടിയാണ്.. എന്നെ ആരെങ്കിലും വിശ്വസിക്കുമോ?”തേങ്ങലോടെ അവൾ പറഞ്ഞു.

വർഷങ്ങൾക്കു മുൻപ് മീര ടീച്ചറുടെ മേശയ്ക്ക് അരികിൽ വിതുമ്പിക്കൊണ്ട് നിന്ന തന്നെയാണ് ശ്രീലക്ഷ്മി അന്നേരം ഓർത്തു പോയത്.

“അതെ മോളെ നിന്നെ വിശ്വസിക്കാൻ ഞാനുണ്ട് നീ ഒരിക്കലും ഒറ്റയ്ക്കല്ല..” ശ്രീലക്ഷ്മി ആ കുട്ടിക്ക് ഉറപ്പ് നൽകി.അന്നേരം അവളുടെ മുഖത്ത് നേരിയൊരു പ്രകാശം പ്രതിഫലിച്ചു.

പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു ആ സമയം ശ്രീലക്ഷ്മിയുടെ മനസ്സിൽ ഒരു മഴവില്ല് വിരിഞ്ഞു. കാരണം ഒരിക്കൽ ഇരുട്ടിൽ കിടന്നിരുന്ന ഒരു കുട്ടി ഇന്ന് മറ്റൊരു കുട്ടിക്ക് വെളിച്ചമായി മാറുന്നു.

✍️അംബിക ശിവശങ്കരൻ.

Leave a Reply

Your email address will not be published. Required fields are marked *