രണ്ടാനമ്മ അവനോട് വഴക്കൊന്നും ഉണ്ടാക്കാറില്ലെങ്കിലും,സ്നേഹം നൽകുന്ന ഒരാളൊന്നുമല്ലെന്നാണ് അവൻ പറഞ്ഞത് രണ്ടാനമ്മയ്ക്ക് അവരുടെ മകനോട്….

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അവനാദ്യമായി എന്നോടിഷ്ടം പറഞ്ഞത്.

സത്യം പറഞ്ഞാൽ അവന്റെ വാക്കുകൾ കേട്ട് എനിക്കത്ഭുതമാണ് തോന്നിയത്.
ഞങ്ങളുടെ ക്ലാസിൽ എത്രയോ നല്ല സുന്ദരികളായ പെൺകുട്ടികളുണ്ട്, എന്നിട്ടും
എന്നോടിഷ്ട്ടം തോന്നാനുള്ള കാരണമെന്തെന്ന് ഞാൻ പലവട്ടമവനോട് ചോദിച്ചിട്ടും അവനതിനുത്തരം നൽകിയിരുന്നില്ല.

ഇഷ്ടമാണോ എന്ന ചോദ്യത്തിന് അവന് മറുപടി കൊടുക്കാൻ എനിക്കും കഴിഞ്ഞില്ലെന്നുള്ളതാണ് സത്യം.

ഏവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രം സംസാരിക്കുന്ന അവനെ എല്ലാവർക്കും വലിയ ഇഷ്ട്ടമായിരുന്നു.

പിന്നീടെപ്പോഴോ ഞാനും അവനോട് സ്നേഹമാണെന്ന് തിരിച്ചു പറഞ്ഞു.

അവനെ അടുത്തറിയുംതോറും എനിക്ക് അവനോടുള്ള സ്നേഹം കൂടുകയായിരുന്നു.

രാവിലെ അവൻ പത്രമിടാൻ വീടുകളിൽ പോകും, എന്നിട്ടാണ് സ്കൂളിൽ വരുന്നത്.
വൈകുന്നേരവും എന്തൊക്കെയോ ജോലികൾ ചെയ്യുന്നുണ്ടത്രേ……

പഠനത്തിനോടൊപ്പം ജോലി ചെയ്യാനുള്ള അവന്റെ മനസ്സ് അന്ന് മറ്റ് കുട്ടികൾക്കൊന്നും ഉണ്ടായിരുന്നില്ല.

പ്ലസ്‌ വണ്ണിനും ഞങ്ങൾ ഒരുമിച്ചായിരുന്നു.

അവന് രണ്ടാനമ്മയാണ്. രണ്ടാനമ്മ അവനോട് വഴക്കൊന്നും ഉണ്ടാക്കാറില്ലെങ്കിലും,സ്നേഹം നൽകുന്ന ഒരാളൊന്നുമല്ലെന്നാണ് അവൻ പറഞ്ഞത് രണ്ടാനമ്മയ്ക്ക് അവരുടെ മകനോട് മാത്രമേ സ്നേഹമുള്ളത്രേ…

അവന്റെ അച്ഛൻ സാധുവായ ഒരു മനുഷ്യനാണ്. കൂലിപ്പണിക്കാരൻ.

അതുകൊണ്ടുതന്നെ അവന്റെ കാര്യങ്ങൾ അവൻ തന്നെ നോക്കുന്നതുകൊണ്ടച്ഛന് സന്തോഷമാണെന്നാണ് അവൻ പലപ്പോഴും പറഞ്ഞിട്ടുള്ളത്.

അങ്ങനെയിരിക്കെ അവൻ രണ്ടു മൂന്നു ദിവസം ക്ലാസ്സിൽ വന്നില്ല.

ആ ദിവസങ്ങൾ എങ്ങനെ കഴിച്ചുകൂട്ടിയെന്ന് സത്യം പറഞ്ഞാൽ എനിക്കറിയില്ല.

നാലാമത്തെ ദിവസമാണ് അവൻ ക്ലാസ്സിൽ വരുന്നത്

അന്നാണ് അവനെ മാറ്റി നിർത്തി കൂട്ടുകാർ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നതും, കളിയാക്കുന്നതും ഞാൻ കണ്ടത്.
അവൻ കള്ളനാണത്രേ..

അവന്റെ അച്ഛൻ കൂലിപ്പണിയെടുത്ത് സൂക്ഷിച്ചുവച്ച പണം അവന്റെ സ്കൂൾബാഗിൽ നിന്നും കണ്ടെടുത്തെന്ന്.

അവന്റെ അച്ഛൻ അവനെ ഒരുപാട് തല്ലിയെന്ന് അവന്റെ വീടിനടുത്തുള്ളവൻ തന്നെയാണ് പറഞ്ഞു പരത്തിയത്.
ക്ലാസിൽ മാത്രമല്ല സ്കൂൾ മുഴുവൻ അക്കാര്യമറിഞ്ഞു.

ടീച്ചേഴ്സ് പോലും അവനെ ചൂണ്ടി എന്തൊക്കെയോ പറയുന്നതും ചിരിക്കുന്നതും ഞാൻ കണ്ടിരുന്നു.

അത്രനാൾ അവനോട് സ്നേഹത്തോടെ കൂട്ടുകൂടിയിരുന്നവരെല്ലാം അവനെ വല്ലാതെ ഒറ്റപ്പെടുത്തി.

അതോടെ അവൻ തീരെ സംസാരം ഇല്ലാതായി, എന്റെ അടുത്തേക്ക് വരികയോ എന്നെ കണ്ട ഭാവം കാണിക്കുകയോ ചെയ്യില്ല.

അന്ന് ലഞ്ച് ബ്രേക്കിന്റെ സമയത്ത് ഞാൻ അവന്റെ അരികിൽ ചെന്നിരുന്നു.

അവൻ എന്നോട് മിണ്ടാൻ പോലും കൂട്ടാക്കുന്നില്ല

ആരൊക്കെ കള്ളനാണെന്ന് പറഞ്ഞാലും നീ അങ്ങനെ ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാം. എനിക്ക് നിന്നെ വിശ്വാസമാണെന്ന് ഞാൻ അവനോട് പറഞ്ഞു.

അപ്പോൾ മാത്രം അവന്റെ കണ്ണുകളിൽ രണ്ടുനീർ മുത്തുകൾ ഉരുണ്ടുകൂടി
അത്കണ്ടെന്റെ നെഞ്ചം കനപ്പെട്ടുപോയി.

ചിരിയോടെ മാത്രമേ അതുവരേയ്ക്കുംഞാനവനെ കണ്ടിരുന്നുള്ളൂ.
ചിരിക്കുമ്പോൾ തിളങ്ങുന്നയവന്റെ കണ്ണുകളെ എനിക്കൊരുപാടിഷ്ടമായിരുന്നു ആ കണ്ണുകളിലാണ് ഇന്നീ നീർമുത്തുകൾ തിളങ്ങുന്നത്.

അനുജനാണത്രേ പണം മോഷ്ടിച്ചത്.
പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ അനിയനാണവന്റെ ബാഗിൽപണം ഒളിപ്പിച്ചതെന്ന്.
സത്യം പറഞ്ഞിട്ടുംഎന്നെവിശ്വസിക്കാനച്ഛൻ കൂട്ടാക്കിയില്ലെന്ന് പറഞ്ഞവൻ കരഞ്ഞു.

ആരെയും വിശ്വസിപ്പിക്കാൻ നോക്കണ്ട. എനിക്ക് വിശ്വാസമാണ് അതുമതി
എന്ന് ഞാനവനോട് പറഞ്ഞു

പ്ലസ്ടു കഴിഞ്ഞ് കൊല്ലത്തുള്ള അമ്മയുടെ ബന്ധുക്കളുടെ അടുത്തേക്ക് പോവുകയാണ് എന്നവൻ പറഞ്ഞു.

പിന്നീടുള്ള അവന്റെ പഠനം അവിടെ നിന്നായിരുന്നു.

അതോടെ തമ്മിൽ കാണാൻ ഒരു വഴിയും ഇല്ലാതായി.

ഇതിനിടയിൽ നാട്ടിലുള്ള അവന്റെ അച്ഛനെ കാണാതായി. അവന്റെ രണ്ടാനമ്മയും മകനും മാത്രമായി ആ വീട്ടിൽ താമസം.

എന്റെ പഠനം കഴിഞ്ഞ് ജോലി നേടിയതോടെ എനിക്ക് വീട്ടിൽ വിവാഹാലോചനകൾ തുടങ്ങി.

മൂന്ന് നാല് കൊല്ലങ്ങൾ പല കാരണങ്ങൾ പറഞ്ഞ് ഞാൻ വിവാഹത്തിന് സമ്മതിച്ചില്ല.

എന്റെ കൂടെ പഠിച്ചവർ വിവാഹിതരായി അവർക്ക് കുഞ്ഞുങ്ങളുമായി.

എന്നിട്ടും ഞാൻ മാത്രം വിവാഹം കഴിക്കാതെ നിൽക്കുകയാണെന്ന് പറഞ്ഞച്ഛനും അമ്മക്കും എപ്പോഴും സങ്കടമായിരുന്നു.

അവൻ എന്നെങ്കിലും വരുമെന്നുള്ള എന്റെ പ്രതീക്ഷ മങ്ങിത്തുടങ്ങിയിരുന്നു.

ഒരുപക്ഷേ അവൻ വിവാഹിതൻ ആയിരിക്കാം, കുഞ്ഞുങ്ങൾ ഉണ്ടായിരിക്കാം,എന്നെ തീർത്തും മറന്നു പോയേക്കാമെന്ന് ഞാൻ കരുതി.

വിവാഹത്തിന് നിർബന്ധമേറിയതോടെ
ഞാൻ വിദേശത്തേക്ക് പോയി.

എനിക്കവനെയല്ലാതെ ആരെയും സ്നേഹിക്കാൻ കഴിയില്ലെന്ന് എന്റെ പ്രിയപ്പെട്ടവരെ ഞാൻ എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കുക.

ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ ഞാൻ വെറുതെ അവന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അന്വേഷിക്കും.

അവൻ എപ്പോഴെങ്കിലും മടങ്ങി വന്നിരുന്നോ എന്ന് വെറുതെ അറിയാൻ വേണ്ടി മാത്രം.

അവന്റെ അനുജൻ ജയിലിൽ ആണെന്നും,
അതോടെ ആ രണ്ടാനമ്മ ജീവിതം അവസാനിപ്പിച്ചെന്നും അറിയാൻ കഴിഞ്ഞു.

അവനെക്കുറിച്ചോ അവന്റെ നാട് വിട്ട് പോയ അച്ഛനെക്കുറിച്ചോ ആർക്കും യാതൊരു അറിവുമില്ല.

ഒരിക്കൽ ഞാൻ നാട്ടിൽ വന്നപ്പോൾ
യാദൃശ്ചികമായി അവന്റെ അച്ഛനെ കണ്ടു.

മെലിഞ്ഞ് എല്ലും തോലുമായ ഒരു അവസ്ഥയിൽ ആയിരുന്നു അദ്ദേഹം.

മകനെ ആദ്യ ഭാര്യയുടെ വീട്ടുകാർ കൊണ്ടുപോയതോടെ അയാൾക്ക് വല്ലാത്ത കുറ്റബോധം തോന്നിയെന്നും,
രണ്ടാം ഭാര്യയും അതിലുണ്ടായ മകനുമാണ് യഥാർത്ഥത്തിൽ അന്ന് പണം മോഷ്ടിച്ചതെന്നും മനസ്സിലായതോടെ വിഷമം സഹിക്കാൻ പറ്റിയില്ലെന്നും..

രണ്ടാം ഭാര്യയിലെ മകന്റെ കൊള്ളരുതായ്മകൾ കൂടി വന്നതോടെ അയാൾ നാടുവിട്ടതാണെന്നും പറഞ്ഞു.

അതൊന്നും എനിക്കറിയേണ്ട കാര്യങ്ങൾ ആയിരുന്നില്ല. എനിക്കറിയേണ്ടത് അവനെക്കുറിച്ചായിരുന്നു.
അവനെക്കുറിച്ച് മാത്രമായിരുന്നു….

എന്റെ മകനോട് മാപ്പ് പറയാനായിഞാൻ അവന്റെ അരികിലേക്കാണ് പോയത്.
പക്ഷെ അവൻ എന്നെ കൂടെ കൊണ്ടുപോയി.അവൻ ജോലി നേടി, സ്വന്തമായി ഒരു വീട് വാങ്ങി.
അവനും ഞാനും കൂടെ ഇങ്ങോട്ട് വരാൻ പ്ലാൻ ഇട്ടതാണ്.മോളുടെ വീട്ടിൽ വന്ന് മോളെ തരുമോ എന്ന് ചോദിക്കാൻ.

അവൻ ജോലി നേടിയതും, വീട് വാങ്ങിയതുമൊക്കെ മോൾക്ക് വേണ്ടിയായിരുന്നു….
പക്ഷെ…. സാധിച്ചില്ല.

ഇനിയുള്ള കാലമെങ്കിലും സമാധാനമായി അവൻ സ്നേഹിച്ച പെൺകുട്ടിയോടൊപ്പം ജീവിക്കാമെന്നുള്ള സന്തോഷം
കൂടി പോയതിനാലാവണം, ഉറങ്ങാൻ കിടന്നയവൻ പിറ്റേന്ന് രാവിലെ ഉണർന്നില്ല.ഇരുപത്തിഏഴ് വർഷത്തെ ആയുസേ അവനുണ്ടായിരുന്നുള്ളൂ…

എപ്പോഴും മോളെക്കുറിച്ചായിരുന്നു അവന്റെ ചിന്തയത്രയും… ആരൊക്കെ മറന്നാലും മോൾ അവനെ കാത്തിരിക്കുമെന്ന് അവനുറപ്പായിരുന്നു
പക്ഷെ വിധി അനുവദിച്ചില്ല.

അവന്റെ അച്ഛൻ മിഴികൾ തുടച്ചുകൊണ്ട്
നടന്നു നീങ്ങി..

എന്ത് പറയണമെന്നറിയാതെ
ഞാനൊരേ നിൽപ്പ് നിൽക്കുകയായിരുന്നു…

പരസ്പരം അത്രയും സ്നേഹിച്ചിട്ടും പിന്നീടൊരിക്കലും കാണാൻ പോലും കഴിഞ്ഞില്ല….

ഇന്നും അവനോളം എനിക്കൊന്നിനെയും സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല…

എങ്കിലും പ്രിയപ്പെട്ടവനേ…. നീയെന്നും എന്റെയുള്ളിലുണ്ട്.
നിനക്കെന്നെ വിട്ട് പോകാനാവില്ലെന്നെനിക്കറിയാം

ദൂരെ ഒരിടത്ത് അതേ നിഷ്കളങ്ക പുഞ്ചിരിയുമായി നീയെന്നെ നോക്കി നിൽപ്പുണ്ടാകും.
നമ്മളിനിയും കണ്ടുമുട്ടുമെന്ന് കരുതിയെങ്കിലും ഞാനൊന്നാശ്വസിച്ചോട്ടെ…

അല്ലെങ്കിലും സ്നേഹിച്ചു തീരാത്തവർ ഏതെങ്കിലും ജന്മങ്ങളിൽ തീർച്ചയായും ഒന്നു ചേരുന്നുണ്ടാകുമല്ലേ…???

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *