ഇതിനു മാത്രം എന്നതാ നിന്റെ ഭാര്യയുടെ ഇപ്പോഴത്തെ ആവശ്യം….? ആഴ്ച ഒന്നായല്ലോ നീയിങ്ങനെ പൈസ കണക്ക് പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട്..…

‘ നീ ഓരോ ആവശ്യങ്ങൾ പറഞ്ഞ് കൈനീട്ടി ചോദിയ്ക്കുമ്പോ എടുത്തു തരാൻ എന്റെ കയ്യിൽ നിന്റെ വീട്ടുകാർ തന്നേല്പിച്ച സ്ത്രീധന പൈസയൊന്നും ഇരിപ്പില്ല നാൻസീ… നീ കുറെയൊക്കെ കാര്യങ്ങൾ മനസ്സിലാക്കി ജീവിക്കാൻ പഠിക്ക്… പൈസ ആവശ്യത്തിനല്ല അത്യാവശ്യത്തിന് ചിലവാക്കാനുള്ളതാണെന്ന് ഇനിയെങ്കിലും ഒന്ന് മനസ്സിൽ വെക്ക് നീ…

തല കുമ്പിട്ട് തന്റെ മുന്നിൽ നിൽക്കുന്നവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടില്ലെന്ന് നടിച്ച് വലിയൊരു ഉപദേശവും അവൾക്കായ് നൽകി തന്റെ കടമ തീർത്ത് പീറ്റർ ബാഗുമെടുത്ത് റൂമിനു പുറത്തേയ്ക്കിറങ്ങുമ്പോൾ ഡൈനിംഗ് ടേബിളിനരികെ അവനുള്ള ചായ പകർന്നൊഴിച്ചു കൊണ്ടിരുന്ന അമ്മച്ചി അവനെ മുഖമുയർത്തിയൊന്ന് നോക്കി….

“എന്തോന്നിനാടാ ദിവസവും രാവിലെ ഓഫീസിൽ പോവാൻ നേരം ഓരോന്നും പറഞ്ഞ് നീ ഒച്ചയുയർത്തുന്നത്….?
ഇതിനു മാത്രം എന്നതാ നിന്റെ ഭാര്യയുടെ ഇപ്പോഴത്തെ ആവശ്യം….? ആഴ്ച ഒന്നായല്ലോ നീയിങ്ങനെ പൈസ കണക്ക് പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട്…. ”

ആദ്യം മകനെയും പിന്നെ അവന്റെ പിന്നാലെ കണ്ണും മുഖവും തുടച്ചിറങ്ങി വരുന്ന മരുമകളെയും ഒന്നിരുത്തി മാറി മാറി നോക്കിയാണ് അമ്മച്ചിയുടെ ആ ചോദ്യം… അന്നേരമവരുടെ മുഖത്തെ ഭാവം ഏതെന്ന് അവർക്ക് മുമ്പിൽ നിൽക്കുന്നൊരാൾക്ക് മനസ്സിലാക്കാൻ സാധിക്കില്ല….

“ഒന്നും പറയണ്ടെന്റെ അമ്മച്ചി… ആഴ്ച ഒന്നായ് അമ്മച്ചിയുടെ ഈ പുന്നാര മരുമകൾ ഒരു ചെരുപ്പിന്റെ പേരും പറഞ്ഞെന്റെ പിന്നാലെ നടന്ന് സ്വൈരം കളയുന്നു…. അവളുടെ ചെരുപ്പേതാണ്ട് പൊട്ടാറായെന്നോ മറ്റോ… പൊട്ടിയിട്ടൊന്നും ഇല്ലാത്ത ചെരുപ്പ് ഇടാൻ വയ്യ അവൾക്ക്… പുതിയത് വാങ്ങാനുള്ള ഓരോ അടവാണ്… ഇവള് ദിവസോം ഓരോ കാര്യം പറഞ്ഞ് പൈസ ചോദിയ്ക്കുമ്പോ ചോദിക്കുമ്പോ ഞാനങ്ങ് എടുത്ത്കൊടുക്കുംന്നാ ഇവളുടെ ചിന്ത… ചുമ്മാ ഇവിടെ തിന്നും കുടിച്ചും ഇരിയ്ക്കുന്ന ഇവൾക്കെന്തിനാ ഇപ്പോ ചെരുപ്പ്… പുറത്തോട്ടൊന്നും പോണില്ലല്ലോ…. അല്ലേ അമ്മച്ചീ…..?

പറയാനുള്ളതും അതിലേറെയും പറഞ്ഞു തീർത്ത് വല്ലാത്തൊരു മനഃസംതൃപ്തിയോടെ പീറ്റർ കഴിച്ചെഴുന്നേൽകും വഴി അമ്മച്ചിയെ നോക്കി ചോദിച്ചതും അവൻ ചോദിച്ചതിനൊന്ന് തലയാട്ടി കൊടുത്തു അമ്മച്ചിയും… അതു കണ്ടതേ വീണ്ടും നിറയാനൊരുങ്ങിനാൻസിയുടെ കണ്ണുകൾ….

വിവാഹം കഴിഞ്ഞ് വർഷമൊന്നായതേയുള്ളു… ഇപ്പോഴേ പീറ്ററിന് എന്തിനും ഏതിനും തന്നോട് കണക്ക് പറച്ചിലാണ്.. തന്റെ കുഞ്ഞു ചെറിയ ആവശ്യങ്ങൾ പോലും യാതൊരു പരിഗണനയും തരാതെ മിക്കപ്പോഴും ഒന്ന് കേൾക്കുക പോലും ചെയ്യാതെ നിരസിയ്ക്കും ആള്… അതിനൊപ്പം കുറ്റപ്പെടുത്തലും പരിഹാസവും കളിയാക്കലും വേറെയുണ്ടാവും….

അമ്മച്ചീ…. ഞാനിറങ്ങി…..

കൈ കഴുകി വന്ന് പീറ്റർ യാത്ര പറയുന്നത് കേട്ടതും അമ്മച്ചിയ്ക്കൊപ്പം നാൻസിയും ഇറങ്ങി ചെന്നു സിറ്റൗട്ടിലേക്ക്…

സിറ്റൗട്ടിലെ ഷൂ റാക്കിൽ നിരത്തി വെച്ചിരിയ്ക്കുന്ന പീറ്ററിന്റെ വിവിധങ്ങളായ ബ്രാൻഡഡ് ചെരുപ്പുകളിലൂടെ ഒന്നു കണ്ണോടിച്ചു നാൻസി… പുതിയതും പഴയതുമായ് പത്തിലേറെ ചെരുപ്പുകളുണ്ട് അതിൽ അവന്റേതു മാത്രമായിട്ട്…

അവളുടെ നോട്ടമൊന്ന് സിറ്റൗട്ടിന്റെ സ്റ്റപ്പിന് താഴെ കിടക്കുന്ന തന്റെ ചെരിപ്പിലെത്തി… നിറം മങ്ങി അവിടെയും ഇവിടെയും അടർന്ന് എപ്പോ വേണമെങ്കിലും പൊട്ടാവുന്നൊരു ചെരിപ്പ്… എന്തോ ഇത്തവണ ആ ചെരിപ്പിലേക്ക് നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞില്ലവൾക്ക് പകരമെന്തിനോ ഒരു വാശി ഉടലെടുത്തവൾക്കുള്ളിൽ….

“ഇന്നെന്താ അമ്മച്ചീ മീനൊന്നും കിട്ടിയില്ലേ… ഇതെങ്ങനെയാ ഈ പച്ചക്കറി മാത്രം കൂട്ടിചോറു കഴിക്കുന്നത്….?

രണ്ടു ദിവസം കഴിഞ്ഞൊരു രാത്രി അത്താഴത്തിന് ഊണുമേശയിൽ മീനൊന്നും കാണാതെ വന്നതും ശബ്ദമുയർത്തി പീറ്റർ…
ഇറച്ചിയോ മീനോ എന്നും വേണമവന് അത്താഴത്തിന്.. അതു കൊണ്ടു തന്നെയത് അവിടെ മുടങ്ങാറില്ല….

“ഇന്നു മീൻകാരൻ രാവിലെ വന്നത് ഞാൻ കണ്ടില്ലെടാ ചെക്കാ… ഞാനിച്ചിരെ നേരമൊന്നു കിടന്നായിരുന്നു നീ പോയ് കഴിഞ്ഞ് …. അപ്പഴാ അയാള് വന്നത്…..ഇന്ന് നീ തൽക്കാലം ഇതൊക്കെ കൂട്ടിയങ്ങ് കഴിക്കാൻ നോക്ക്…”

പീറ്ററിന്റെ ദേഷ്യമറിഞ്ഞ് അമ്മച്ചി അനുനയത്തിൽ പറഞ്ഞെങ്കിലും ദേഷ്യം കുറയാത്ത പീറ്ററിന്റെ നോട്ടം നാൻസിയെ തേടിയെത്തി….

“അമ്മച്ചിയ്ക്ക് മീൻ കിട്ടിയില്ലെങ്കിൽ നിനക്കതൊന്ന് എന്നെ വിളിച്ചു പറയാൻ പാടില്ലായിരുന്നോ ടീ… ഞാൻ വരുമ്പോ കൊണ്ടുവന്നേനെയല്ലോ എന്തെങ്കിലും… അതു പോലും ഓർത്തിരുന്ന് ചെയ്യാൻ പറ്റാത്ത നീയൊക്കെ എന്തിനാണെടീ എന്റെ ഭാര്യയാണെന്ന് പറഞ്ഞ് എന്റെ കാശ് തിന്നു മുടിപ്പിക്കാൻ ഇവിടെയിങ്ങനെ നിൽക്കുന്നത്….?

ദേഷ്യത്തിന്റെ കാഠിന്യത്തിൽ പീറ്ററിന്റെ വാക്കുകൾക്ക് കടുപ്പമേറിയതും അവൻ പറഞ്ഞ വാക്കുകളുടെ കടുപ്പം കൂടി….

പീറ്ററേ… എന്തൊക്കെയാണെടാ നീയീ വിളിച്ചലറുന്നത്…?

പീറ്ററിനു നേരെ ഉയർന്നു അമ്മച്ചിയുടെ ശബ്ദമെങ്കിലും അത് കേട്ടതായ് പോലും നടിക്കാതെ നാൻസിയെ ഭയപ്പെടുത്തി നോക്കി പീറ്റർ…

എന്താടീ നിന്റെ വായിൽ നാവില്ലേ….?

നാൻസിയുടെ ചുമലിൽ തട്ടി മുരണ്ടു പീറ്റർ…. അവന്റെ അന്നേരത്തെ ഭാവത്തിലൊന്നു ഭയന്ന നാൻസി അറിയാതെ ഒരു ചുവട് പിന്നിലേക്കടിവെച്ചു പോയ്…

“ഞാൻ വിവരം പറയാൻ ഇച്ചായനെ വിളിച്ചതാണ്.. പക്ഷെ എന്റെ ഫോണിലെ പൈസ തീർന്നേക്കുവല്ലായിരുന്നോ… എത്ര ദിവസം കൊണ്ട് ഞാൻ പറയുന്നതാണ് ഇച്ചായനോട് അതൊന്ന് റീചാർജ് ചെയ്യാൻ പൈസ തരാൻ….. ”

നാൻസി പറഞ്ഞു തീർത്തതും അവളെ ഇരുത്തിയൊന്നു നോക്കി പീറ്റർ

‘ഒരു ജോലിയും നേരാവണ്ണം ചെയ്യാനറിയാത്ത മൂന്നു നേരം മൂക്കുമുട്ടെ തിന്നാൻ മാത്രം അറിയുന്ന നിന്റെയൊക്കെ ഫോണെത്തിനാടീ റീചാർജ് ചെയ്യുന്നത്…. അങ്ങനെ വെറുതെ നിനക്കൊക്കെ വേണ്ടി കളയാൻ പൈസ ഇല്ലെടീ എന്റെ കയ്യിൽ… അവളുടെയൊരു റീചാർജ്…. നീ പോയി നിന്റെ അപ്പനോട് പറയ് റീചാർജ് ചെയ്തു തരാൻ

നാൻസിയോട് ഒച്ചയെടുക്കുന്നതിനൊപ്പം മേശപ്പുറത്ത് വിളമ്പി വെച്ച ചോറ്റു പാത്രം കൂടി തട്ടിയെറിഞ്ഞവൻ….

മകന്റെയാ പ്രവർത്തിയിലും അമ്മച്ചിയുടെ നോട്ടം ചെന്നെത്തി നിന്നത് നിറമിഴികളോടെ നിൽക്കുന്ന മരുമകളിലാണ്…

തന്റെ മകൻ വേദനിപ്പിക്കാവുന്നതിന്റെയും പരിഹസിക്കാവുന്നതിന്റെയും അങ്ങേയറ്റം അവളെ പറയുകയും ചെയ്യുകയും ചെയ്യുന്നത് ദിനംപ്രതി ഒപ്പിയെടുക്കുന്ന കണ്ണുകളാണവരുടേത്… നാൻസിയുടെ അപ്പച്ചൻ മരിച്ചത് ആറേഴ് മാസങ്ങൾക്ക് മുമ്പാണ്…. അതിനു ശേഷമാണ് പീറ്ററിലിത്രേം വലിയ മാറ്റവും…. ഒരമ്മച്ചിയും അനിയത്തിയും മാത്രമിനി സ്വന്തമായുള്ള നാൻസിയ്ക്ക് വേണ്ടി അവിടെ നിന്നാരും ചോദിക്കാൻ വരില്ലെന്ന ധൈര്യമാണവന്….

“കൊച്ചേ…. രാത്രി കിടക്കാൻ പോവും മുമ്പ് എന്റെ മുറിയിലേക്കൊന്ന് വന്നേക്കണേ…’

അടുക്കള ജോലിയൊതുക്കുന്ന നാൻസിയോട് പറഞ്ഞേല്പിക്കുമ്പോൾ ഉറച്ച ചില തീരുമാനങ്ങൾ അമ്മച്ചിയും എടുത്ത് കഴിഞ്ഞിരുന്നു….

നാൻസി മുറിയിലേക്ക് ഉറങ്ങാൻ വരുന്നതും നോക്കിയിരുന്ന പീറ്ററിന്റെ കണ്ണുകളെ ഉറക്കം കീഴടക്കുമ്പോഴും അവളന്നാ മുറിയിലേക്ക് വന്നതേയില്ല….

നാൻസി രാത്രി തനിയ്ക്ക് അരികിലെത്തിയില്ല എന്ന ദേഷ്യത്തോടെ അവളെ ചീത്ത പറയാനുറച്ച് പിറ്റേന്ന് ഉറക്കമുണർന്ന പീറ്ററിന്റെ കണ്ണിന്റെ മുന്നിലന്ന് നാൻസി വന്നതേയില്ല… അന്നുമതേതുടർന്നങ്ങോട്ടുമതേ…

‘അമ്മച്ചീ… അമ്മച്ചിയവളെ അമ്മച്ചിയുടെ മുറിയിൽ ഒളിപ്പിച്ചു നിർത്താതെ ഇങ്ങോട്ടിറക്കി വിട്… ഈ വീട്ടിൽ എന്റെ ഭാര്യയായ് തുടർന്നോണ്ട് അവളിങ്ങനെ മുന്നോട്ടു പോവണ്ട… ഞാൻ സമ്മതിക്കില്ല അതിന്… കഴിഞ്ഞ ഒരാഴ്ചയായ് എന്റെ ഒരു കാര്യവും അവൾ അന്വേഷിക്കുന്നില്ല… ഒന്നും ചെയ്ത് തരുന്നില്ല… അലക്കാനുള്ള മുഷിഞ്ഞ തുണികളുടെ നാറ്റം കാരണം മുറിയിൽ പോലും ഇരിക്കാൻ വയ്യ… അറിയ്യോ അമ്മച്ചിയ്ക്ക്… എന്റെ ചിലവിൽ താമസിച്ചോണ്ട് ഞാനിത് സമ്മതിക്കില്ല…”

ഉറഞ്ഞു തുള്ളുക തന്നെയാണ് പീറ്റർ

അതിനീ ഒരാഴ്ച അവൾക്ക് നിന്റെ
ചിലവല്ലായിരുന്നു പീറ്റർ… നിന്റെ അഞ്ചു പൈസ അവൾ കൈപറ്റാത്തിടത്തോളം കാലം നിനക്കു വേണ്ടിയവൾ ദാസി പണി ചെയ്യേണ്ടതില്ല… ഇതെന്റെ വീടാണ്… അവളെന്റെ മകളും…. എന്റെ മകളെ നിന്റെ ശബളമില്ലാ വേലക്കാരിയാക്കാൻ, നിന്റെ ആട്ടും തുപ്പും സഹിച്ച് നിന്റെ കാൽക്കീഴിൽ തളച്ചിടാൻ ഞാനിഷ്ടപ്പെടുന്നില്ല…. ”

പീറ്ററിന്റെ ശബ്ദത്തിനും എത്രയോ മുകളിൽ അമ്മച്ചിയുടെ ശബ്ദം ഉയർന്നതും മറുത്തൊരു വാക്ക് അവരോട് പറയാൻ നാവനങ്ങിയില്ല പീറ്ററിന്….

“ഇതെത്ര നാൾ പോകുമെന്ന് ഞാനുമൊന്ന് നോക്കട്ടെയെന്ന് പറഞ്ഞവിടെ നിന്ന് ഇറങ്ങി പോവുമ്പോൾ പീറ്റർ അറിഞ്ഞില്ല തന്നെ പ്രസവിച്ചു വളർത്തിയ അമ്മച്ചിയ്ക്ക് തന്നെക്കാൾ വീറും വാശിയും കൂടുതലാണെന്ന്…

ദിവസങ്ങൾ ആഴ്ചകളും ആഴ്ചകൾ മാസങ്ങളുമായ് മാറിയിട്ടും നാൻസി തിരികെ പീറ്ററിന്റെ മുറിയിൽ എത്തിയില്ല… അവളോടൊന്ന് തനിച്ച് സംസാരിക്കാൻ പോലുമുള്ള അവസരം അമ്മച്ചി അവന് നൽകിയില്ല… ഇതിനിടയിൽ വിവാഹത്തോടെ പീറ്റർ നിർത്തിവെപ്പിച്ച നാൻസിയുടെ തുടർപഠനമെന്ന അവളുടെ സ്വപ്നവും അവൾക്കായ് നേടിക്കൊടുത്തവർ…..

നാലു ദിവസത്തെ എടുത്തു ചാട്ടം കഴിഞ്ഞാൽ നാൻസി തനിയ്ക്കടുത്തേയ്ക്ക് തന്നെ തോറ്റു മടങ്ങി വരുമെന്ന പീറ്ററിന്റെ പ്രതീക്ഷ അതോടെ നഷ്ടമായ്…
എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ഒടുവിൽ നാൻസിയെ തിരികെ കിട്ടാൻ അമ്മച്ചിയുടെ കാൽക്കൽ വീഴാനൊരുങ്ങി പീറ്റർ….

‘എന്റെ കാലൊന്നും പിടിക്കണ്ട നീ…. നിന്റെ അമ്മയായ എന്നെ പോലെ തന്നെയൊരു പെണ്ണാണ് നിന്റെ ഭാര്യയും എന്നോർത്താൽ മതി നീ… നീയവളെ പറയുന്ന ദുഷിച്ച വാക്കുകൾ കേട്ടിട്ടും മറുത്തൊരക്ഷരം നിന്നോടു പറയാതെയവൾ നിന്നെ അനുസരിച്ച് നിൽക്കുന്നത് അവൾക്ക് ചെന്നു കയറാൻ വേറെ വീടോ കൈ നീട്ടിയവളെ സ്വീകരിക്കാൻ വീട്ടുക്കാരോ ഇല്ലാഞ്ഞിട്ടല്ല, മറിച്ച് ഇതവളുടെ വീടും ഞാനും നീയുമൊക്കെ അവളുടെ സ്വന്തവുമാണെന്ന അവളുടെ നല്ല മനസ്സിന്റെ നന്മ കൊണ്ടാണ്… ”

“പിന്നെയൊരു കാര്യം കൂടി ഇനിയങ്ങോട്ടുള്ള അവളുടെ ചിലവുകൾ യാതൊരക്ഷരവും എതിർത്തവളെ പറയാതെ നടത്തിക്കൊടുക്കാൻ പറ്റുമെങ്കിൽ മാത്രം കൂടെ കൂട്ടിയാൽ മതി നീ അവളെ… അവളുടെ അവകാശമാണ് അവൾ നിന്നോടാവശ്യപ്പെടുന്നത്….. അത് ചെയ്തു കൊടുക്കുന്നത് നിന്റെ കടമയും… സ്വന്തം കാലിൽ അവൾ നിൽക്കുന്നതു വരെ മാത്രം മതിയതും…. ‘

നാൻസിയെ തിരികെ കിട്ടാൻഅമ്മച്ചി പറയുന്നതെന്തും അനുസരിക്കാൻ നൂറുവട്ടം സമ്മതമായിരുന്നു പീറ്ററിന്… കാരണം ഇക്കഴിഞ്ഞ നാളുകൾ കൊണ്ടവൻ നന്നായി തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു നാൻസിയവന് ആരാണെന്ന്….

ചില തിരിച്ചറിവുകൾ വൈകി മാത്രം ഉണ്ടാവുന്നതാണല്ലോ അല്ലേ…..

✍️രജിത ജയൻ….

Leave a Reply

Your email address will not be published. Required fields are marked *