നിങ്ങളെ അനിയത്തിയെ ഇന്ന് തന്നെ ഈ വീട്ടിൽ നിന്ന് പറഞ്ഞ് വിട്ടോണം. അല്ലെങ്കി ഞാനെന്റെ വീട്ടിലേക്ക് പോകും.
ഫോണിൽ റീൽസും കണ്ടിരുന്ന ഭർത്താവിന് അരികിലേക്ക് വന്ന കീർത്തി പറഞ്ഞു.
അതിന് മാത്രം ഇപ്പോ ഇവിടെ എന്താ ഉണ്ടായേ?
അരുൺ ചോദിച്ചു.
എന്താ ഉണ്ടായതെന്നോ? എന്നെ കൊണ്ട് നിങ്ങൾ വെറുതെ പറയിപ്പിക്കാൻ നിക്കണ്ട. ഒരു നൂറു വട്ടം എന്റെ പ്രശ്നങ്ങൾ ഞാൻ നിങ്ങളെ അറിയിച്ചിത്. ഇനിയും അതൊന്നും ആവർത്തിക്കാൻ എനിക്ക് വയ്യ.
അതുകൊണ്ട് നിങ്ങൾക്ക് ഞാൻ 24 മണിക്കൂർ സമയം തരാം അതിനിടയ്ക്ക് നിങ്ങളെ അനിയത്തിയെ അവളുടെ ഭർത്താവിന്റെ വീട്ടിലേക്ക് പറഞ്ഞ് വിട്ടോണം. ഇല്ലെങ്കിൽ ഞാനെന്റെ വീട്ടിലേക്ക് പോകും. ഇവിടെ ഉള്ളവരെ ആട്ടും തുപ്പും സഹിച്ചു കിടക്കേണ്ട ഗതികേട് ഒന്നും ഇതുവരെ എനിക്കുണ്ടായിട്ടില്ല.
പറഞ്ഞിട്ട് കീർത്തി പുറത്തേക്ക് ഇറങ്ങി പോയി.
ഇവിടെ ആരാ ഇപ്പോ പടക്കം പൊട്ടിച്ചത് എന്ന അവസ്ഥയിൽ ആയിരുന്നു അരുൺ അപ്പോൾ.
അരുണിന്റെയും കീർത്തിയുടെയും കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയി. ഇതുവരെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ പൊയ്ക്കൊണ്ടിരുന്നതാണ്.
എന്നാൽ അരുണിന്റെ പെങ്ങൾ അനീഷ ഭർത്താവിന്റെ വീട്ടിൽ നിന്നും അവിടെ വന്ന് നിൽക്കാൻ തുടങ്ങിയപ്പോ മുതൽ ഓരോരോ പ്രശ്നങ്ങൾ തല പൊക്കിയിട്ടുണ്ട് ആ വീട്ടിൽ.
അനീഷയുടെ ഭർത്താവ് ഗൾഫിൽ ജോലി കിട്ടി പോയതാണ്. ഭർത്താവ് ഇല്ലാതെ അവിടെ താൻ നിൽക്കില്ലെന്ന് പറഞ്ഞാണ് അവൾ സ്വന്തം വീട്ടിൽ വന്നത്.
വന്നപ്പോ മുതൽ കീർത്തിയെ ഓരോന്നു പറഞ്ഞ് ചൊറിയുന്നത് അവളുടെ പ്രധാന പണിയാണ്. അത് മാത്രം ആയിരുന്നെങ്കിലും കീർത്തി സഹിച്ചേനെ. തുണി അലക്കുമ്പോ അനീഷയുടെ കൂടെ അലക്കാൻ കൊണ്ടിട്ട് കൊടുക്കും.
അതെടുത്തു കഴുകാതെ മാറ്റി ഇട്ടപ്പോ അനീഷ വാഷിംഗ് മെഷീൻ കേടാക്കി വച്ചു. അടുക്കളയിൽ എന്ത് വച്ചുണ്ടാക്കിയാലും നൂറു കുറ്റം പറയും. എന്നിട്ടോ ആവശ്യം ഇല്ലാത്ത അത്രയും ഫുഡ് എടുത്തിട്ട് മൂക്ക് മുട്ടെ വെട്ടി വിഴുങ്ങി ബാക്കി കൊണ്ട് കളയും.
അതൊക്കെ പോട്ടെ അലമാരയിൽ കഴുകി മടക്കി വച്ചിരിക്കുന്ന കീർത്തിയുടെ ചുരിദാർ അടിച്ചു മാറ്റി എടുത്തിട്ട് കഴുകുക പോലും ചെയ്യാതെ കൊണ്ട് എവിടെയേലും ഇടും.
അമ്മായി അമ്മ ഗുണത്തിനും ദോഷത്തിനും ഇല്ലാത്തത് കൊണ്ട് കീർത്തി തന്റെ പരാതികൾ അരുണിനോട് ആണ് പറയുന്നത്.
അവൻ ഒരിക്കെ സഹികെട്ടു ഇതേ പറ്റി അനിയത്തിയോട് ചോദിച്ചപ്പോൾ ഞാൻ എന്റെ സ്വന്തം ചേച്ചിയെ പോലെയാണ് കീർത്തിയെ കാണുന്നതെന്നും ആ സ്വാതന്ത്ര്യത്തിലാണ് അവളോട് അങ്ങനെ ഇടപെടുന്നതെന്നും കീർത്തിയോട് തന്നെ സ്വന്തം അനിയത്തി പോലെ കണ്ടാൽ ഈ പ്രശ്നം ഉണ്ടാവില്ലല്ലോ എന്നുമായിരുന്നു അവൾ പറഞ്ഞത്.
കേട്ടപ്പോ അത് ശരിയാണെന്ന് അരുണിന് തോന്നി. അവൻ അതിന്റെ പേരിൽ കീർത്തിയെ കുറേ ഉപദേശിച്ചു.
എന്നാൽ ഇന്ന് ഇപ്പോ കീർത്തി ഇങ്ങനെയൊക്കെ പറഞ്ഞത് കൊണ്ട് സംഗതി കുറച്ചു ഗൗരവമുള്ളതാണെന്ന് അരുണിന് തോന്നി.
24 മണിക്കൂർ സമയമുള്ളതിനാൽ അനീഷയെ ഒന്ന് നിരീക്ഷിക്കാൻ തന്നെ അവൻ തീരുമാനിച്ചു.
അന്നവൻ ജോലിക്ക് പോയില്ല. വീട്ടിൽ തന്നെ കൂടി.
ചേട്ടൻ ഇന്ന് ജോലിക്ക് പോയില്ലേ?
അനീഷ ചോദിച്ചു.
ഇല്ല. രാവിലെ എണീറ്റപ്പോ മുതൽ ഒരു തലവേദന. അതുകൊണ്ട് ഇന്നൊരു ദിവസം റസ്റ്റ് എടുക്കാമെന്ന് വിചാരിച്ചു.
മ്മ്മ്….
ഒന്ന് മൂളി കൊണ്ട് അനീഷ അകത്തേക്ക് പോയി.
അരുൺ അവൾ അറിയാതെ തന്നെ അവളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
ഈ സമയം കീർത്തി വീട്ടിലെ ജോലിയൊക്കെ ഒതുക്കി ഓഫീസ് വർക്ക് ചെയ്യാനായി ഇരുന്നു. അവൾക്ക് വർക്ക് ഫ്രം ഹോം ആണ്. മാസത്തിൽ 2 തവണ ഓഫീസിൽ പോയ മതി.
കീർത്തി ലാപ്ടോപ് ചാർജിൽ കുത്തി ഇട്ട് ജോലി ചെയ്ത് തുടങ്ങി. ലാപ്പിന് ചെറിയ കംപ്ലയിന്റ് ഉള്ളത് കൊണ്ട് അത് ചാർജ് കുത്തി ഇട്ടാലെ ഓൺ ആയി ഇരിക്കു.
ഏകദേശം രണ്ട് മണിക്കൂർ ആയി കാണും കീർത്തി ഇരുന്ന് വർക്ക് ചെയ്യാൻ തുടങ്ങിയിട്ട്. ആ നേരം നോക്കി അവളുടെ മുറിയിലുള്ള കറന്റ് കട്ട് ആയി.
കീർത്തിക്ക് മനസ്സിലായി ഇത് അനീഷയുടെ പണി ആണെന്ന്. അവൾ ഇടയ്ക്കിടെ ഇങ്ങനെ പണി കൊടുക്കാറുണ്ട്. അപ്പോഴൊക്കെ പോയി ചോദിച്ചു അതിന്റെ പേരിൽ വഴക്ക് പറയുമ്പോ അനീഷ ഒരു ഉളുപ്പും ഇല്ലാതെ താനല്ല എന്ന് പറഞ്ഞ് കൈ മലർത്തും.
വീടിനുള്ളിൽ വച്ചിരിക്കുന്ന എംസിബി തുറന്ന് കീർത്തിയുടെ മുറിയിലേക്കുള്ള കറന്റ് കണക്ഷൻ ന്റെ സ്വിച്ച് താഴ്ത്തി ഇടുകയാണ് അനീഷ ചെയ്യുന്നത്.
തന്നെക്കാൾ സൗന്ദര്യവും ജോലിയും ഒക്കെ ഉള്ള നാത്തൂനോടുള്ള അസൂയ ആണ് അവളെ കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്.
കീർത്തി എംസിബി തുറന്ന് സ്വിച്ച് ഉയർത്തിയിട്ട് പോയി. അനീഷ കുറച്ചു കഴിഞ്ഞു വീണ്ടും അത് തന്നെ ചെയ്തു.
ചില ദിവസങ്ങളിൽ ഓൺലൈൻ മീറ്റിംഗ് ഒക്കെ നടക്കുന്ന സമയത്ത് അവൾ ഇങ്ങനെ ചെയ്തിട്ടുണ്ട്.
സത്യത്തിൽ കീർത്തിയുടെ ക്ഷമ കെട്ട് ഇരിക്കുകയാണ്. അവൾ പ്രതികരിച്ച തല്ലി പോകും. അതുപിന്നെ വല്യ പ്രശ്നമാകും. അത് കൊണ്ടാണ് ക്ഷമിച്ചു നിൽക്കുന്നത്.
ഉച്ചക്ക് വർക്ക് കൂടുതൽ ഉള്ളതിനാൽ കീർത്തി കഴിക്കാൻ വന്നിരുന്നപ്പോ രണ്ട് മണി കഴിഞ്ഞിരുന്നു. ഇതിനിടെ അനീഷ കീർത്തിക്ക് കൂട്ടാനുള്ള കറിയിൽ ഉപ്പ് വാരി ഇട്ടിരുന്നു.
ഇന്നൊരു ദിവസം കൂടി അവളുടെ ഈ പേക്കുത്തു സഹിച്ച മതിയല്ലോ എന്ന് കരുതി കീർത്തി കാര്യമാക്കിയില്ല.
പിറ്റേന്ന് കീർത്തിക്ക് ഓഫീസിൽ പോകാനുള്ള ദിവസമാണ്.
ഓഫീസിൽ ഇട്ട് കൊണ്ട് പോകാനുള്ള ചുരിദാർ അവൾ തേച്ചു കൊണ്ടിരിക്കയായിരുന്നു രാത്രി. അതിനിടെ കാൾ വന്നപ്പോ അയൺ ബോക്സ് ഓഫ് ആക്കി അവൾ സംസാരിക്കാനായി മുറ്റത്തേക്ക് ഇറങ്ങി നിന്നു.
ഈ സമയം നോക്കി അനീഷ അയൺ ബോക്സ് സ്വിച്ച് ഓൺ ആക്കി കീർത്തിയുടെ ആ നല്ല ചുരിദാർ കരിച്ചു വച്ചു കളഞ്ഞു.
ഡ്രസ്സ് കരിഞ്ഞു പുകഞ്ഞ മണം മൂക്കിൽ അടിച്ചപ്പോ ആണ് കീർത്തി കാൾ കട്ട് ചെയ്ത് ഓടി വന്നത്.
ചുരിദാർ ടോപ് കരിഞ്ഞ് പുകഞ്ഞു ഓട്ട വീണ് ഇരിക്കണ കണ്ടപ്പോ മനസ്സിലായി അവൾക്ക് അത് ആര പണി ആണെന്ന്.
3000 രൂപ വിലയുള്ള ചുരിദാർ ആണ് അത്. ഫസ്റ്റ് വെഡിങ് അണിവേഴ്സറിക്ക് അരുൺ അവൾക്ക് വാങ്ങി കൊടുത്തത്
തന്റെ നല്ലൊരു ഡ്രസ്സ് അനീഷ നശിപ്പിച്ചത് കൂടി ക്ഷമിക്കാൻ കീർത്തിക്ക് കഴിഞ്ഞില്ല. അവൾ അനീഷയ്ക്ക് ഇട്ട് രണ്ട് പൊട്ടിക്കാനായി അവളുടെ റൂമിലേക്ക് വരുമ്പോ കാണുന്നത് അരുൺ അനീഷയുടെ കവിളിൽ മാറി മാറി തല്ലുന്നതാണ്.
“രാവിലെ മുതൽ ഞാൻ കാണുന്നുണ്ട് നീ കീർത്തിയുടെ പിന്നാലെ നടന്ന് അവളെ ദ്രോഹിക്കുന്നത്. നിനക്ക് അവളോട് മൂത്ത അസൂയ അല്ലേടി. അതുകൊണ്ടല്ലേ ഇങ്ങനെ ചെയ്യുന്നത്. അതെനിക്ക് മനസ്സിലായി. ഈ അടി ഞാൻ ഉച്ചയ്ക്കെ ഓങ്ങി വച്ചതാ.
ഇനി മേലിൽ എന്റെ ഭാര്യയെ ശല്യം ചെയ്തേക്കല്ല് നീ. പിന്നെ നാളെ തന്നെ എടുക്കാനുള്ളതൊക്കെ എടുത്ത് നിന്റെ ഭർത്താവിന്റെ വീട്ടിൽ പോയി നിന്നോ. കുശുമ്പും കുന്നായ്മയും മനസ്സിൽ വച്ചുകൊണ്ട് ഇവിടെ നിൽക്കാൻ പറ്റില്ല. ഇത് എന്റെ വീടാ ഇപ്പോ. നിനക്ക് തരാനുള്ളതൊക്കെ തന്നല്ലേ വിട്ടത്. അതുകൊണ്ട് രാവിലെ തന്നെ മിണ്ടാതെ ഇറങ്ങി പൊയ്ക്കോ. ഇല്ലെങ്കിൽ അടുത്തത് കിട്ടും എന്റേന്ന്. പിന്നെ മനസ്സിലെ പകയും വെറിയും മാറ്റി വച്ചിട്ട് വരാൻ പറ്റുമെങ്കിൽ മാത്രം വല്ലപ്പോഴും ഇവിടെ നിൽക്കാൻ വന്ന മതി.
അത്രയും പറഞ്ഞിട്ട് അരുൺ മുറിക്ക് പുറത്തിറങ്ങിയ്തും തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന കീർത്തിയെ കണ്ടു.
“,അവൾക്ക് രണ്ട് അടിയുടെ കുറവുണ്ടായിരുന്നു. ഞാനത് കൊടുത്തിട്ടുണ്ട്. ഇനി നിന്നെ അവൾ ശല്യം ചെയ്യില്ല കേട്ടോ ഭാര്യയെ.
അവളുടെ കഴുത്തിൽ കൈയിട്ട് ചേർത്ത് പിടിച്ചു കൊണ്ട് അരുൺ പറഞ്ഞു. കീർത്തി പുഞ്ചിരിയോടെ തലയാട്ടി അവനോട് ചേർന്ന് നിന്നു.
ഈ സമയം മുറിയിൽ ആകെ നാണം കെട്ട് നാറി ആരുടെയും മുഖത്ത് നോക്കാൻ കഴിയാതെ നിൽപ്പുണ്ടായിരിന്നു അനീഷ. രാവിലെ തന്നെ അവൾ അവിടുന്ന് സ്ഥലം വിടുകയും ചെയ്തു.
✍️അഞ്ജലി
