“അടുക്കള ഭരണം തുടക്കത്തിലേ കൈവിട്ടാൽ പിന്നെ ഈ വീട്ടിൽ നിനക്കൊരു സ്ഥാനമുണ്ടാവില്ല, ലീലാമ്മേ! ഇപ്പോഴേ നടുവൊടിച്ചില്ലെങ്കിൽ മരുമകൾ നിന്റെ തലയിൽ കയറി നിരങ്ങും!”
രാവിലെത്തെ ചായക്കപ്പും പിടിച്ച് ഉമ്മറത്തെ തിണ്ണയിലിരുന്ന ലീലാമ്മയുടെ മുഖത്തേക്ക് നോക്കി അയൽക്കാരി ശാരദ വിരൽ ചൂണ്ടിപ്പറഞ്ഞു. പറമ്പിലെ അതിർത്തി തർക്കം തൊട്ട് നാട്ടിലെ സകല കാര്യങ്ങളിലും ഇടപെടുന്ന ശാരദയുടെ കൂടെ മൂന്നാല് അയൽപക്കത്തെ സ്ത്രീകളും തലയാട്ടിക്കൊണ്ട് നിൽപ്പുണ്ട്.
മകൻ ശരത് വിവാഹം കഴിഞ്ഞ് അഞ്ജലിയെ ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിട്ട് കൃത്യം ഒരാഴ്ച തികയുന്നതേയുള്ളൂ.
“അതേ ലീലാമ്മേ, ശാരദ പറയുന്നത് കറക്റ്റാ,” കൂട്ടത്തിൽ നിന്ന വത്സലയും ഒപ്പം ചേർന്നു. “ഇന്നത്തെ പെൺപിള്ളേരെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല. പഠിപ്പും ജോലിയുമുണ്ടെന്ന അഹങ്കാരത്തിൽ നമ്മുടെയൊക്കെ നെഞ്ചത്തോട്ട് കയറും. ആദ്യമേ കുറച്ച് പണികളൊക്കെ എടുപ്പിച്ച് അടിച്ചമർത്തി വളർത്തണം.”
ലീലാമ്മ ചായ പതിയെ ഇറക്കി. അവരുടെ മുഖത്ത് ദേഷ്യമോ പരിഭ്രാന്തിയോ ഉണ്ടായിരുന്നില്ല. മറിച്ച്, ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. അവർ ആ കപ്പ് തിണ്ണയിൽ വെച്ചിട്ട് ശാന്തമായി അവരെ നോക്കി.
“ശാരദേ, വത്സലേ… നിങ്ങൾക്കൊക്കെ തെറ്റിയതാ,” ലീലാമ്മയുടെ ശബ്ദം ദൃഢമായിരുന്നു. “ഞാൻ ഈ വീട്ടിലേക്ക് ഒരു വേലക്കാരിയെയല്ല കൊണ്ടുവന്നത്, എന്റെ മകന്റെ കൂടെ ജീവിക്കാൻ ഒരു പങ്കാളിയെയാ. അവൾ എന്റെ മകളെപ്പോലെയാണ്. അവളെ അടിച്ചമർത്താനോ ബഹുമാനിക്കാതിരിക്കാനോ എനിക്ക് കഴിയില്ല. എന്റെ വീട് സ്നേഹം കൊണ്ട് നിറയ്ക്കാനാണ് എനിക്കിഷ്ടം, അധികാരം കൊണ്ടല്ല.”
ലീലാമ്മയുടെ മറുപടി കേട്ട് ശാരദയും കൂട്ടരും പരസ്പരം നോക്കി മൂക്കത്തു വിരൽ വെച്ചു. “എന്നാൽ പിന്നെ അനുഭവിച്ചോ!” എന്ന് പിറുപിറുത്തുകൊണ്ട് അവർ പടിയിറങ്ങിപ്പോയി.
അകത്തുനിന്ന് ഈ സംഭാഷണങ്ങളെല്ലാം കേൾക്കുന്നുണ്ടായിരുന്നു അഞ്ജലി. നഗരത്തിൽ ജനിച്ച്, ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന അവൾക്ക് കല്യാണം കഴിഞ്ഞ് ഒരു ഗ്രാമത്തിലെ വീട്ടിലേക്ക് വരുമ്പോൾ വലിയ പേടിയുണ്ടായിരുന്നു. സീരിയലുകളിലും സിനിമകളിലും കാണുന്ന ക്രൂരയായ അമ്മായിയമ്മമാരുടെ ചിത്രമായിരുന്നു അവളുടെ മനസ്സിൽ. എന്നാൽ ലീലാമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
അഞ്ജലി പതിയെ അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് വന്നു.
“അമ്മേ…” അവൾ വിതുമ്പുന്ന ശബ്ദത്തോടെ വിളിച്ചു.
ലീലാമ്മ തിരിഞ്ഞുനോക്കി അവളുടെ അരികിലേക്ക് വന്നു. “എന്താ മോളേ? നീയെന്താ ഈ സമയത്ത് എഴുന്നേറ്റത്? കുറച്ചുകൂടി കിടക്കാമായിരുന്നില്ലേ?”
“ഞാൻ… ഞാൻ ആ ശാരദച്ചേച്ചി പറഞ്ഞതൊക്കെ കേട്ടു അമ്മേ,” അഞ്ജലി ലീലാമ്മയുടെ കൈകളിൽ പിടിച്ചു. “എനിക്ക് പേടിയായിരുന്നു. ഇവിടെ വരുമ്പോൾ എന്നെ എങ്ങനെയായിരിക്കും സ്വീകരിക്കുക എന്ന് ഓർത്ത്…”
ലീലാമ്മ അവളുടെ തലയിൽ തലോടിക്കൊണ്ട് ചിരിച്ചു. “എടീ പൊട്ടിക്കാളി, നാട്ടുകാർ പലതും പറയും. അതിനൊക്കെ ചെവികൊടുത്താൽ നമുക്ക് സമാധാനമായി ജീവിക്കാൻ പറ്റുമോ? നീ എന്റെ ശരത്തിന്റെ ഭാര്യ മാത്രമല്ല, ഈ വീടിന്റെ ഐശ്വര്യമാണ്. വാ, നമുക്ക് ചായ കുടിക്കാം.”
അന്ന് തുടങ്ങിയതാണ് ആ രണ്ടു സ്ത്രീകൾക്കിടയിലെ ആത്മബന്ധം.
നാട്ടിലെ പതിവനുസരിച്ച്, കല്യാണം കഴിഞ്ഞു വരുന്ന മരുമകൾ ആദ്യം ഉണ്ടാക്കുന്ന ഭക്ഷണം എന്താണെന്ന് നോക്കാൻ അയൽക്കാർക്ക് വലിയ കൗതുകമാണ്. അടുത്ത ഞായറാഴ്ച ലീലാമ്മയുടെ വീട്ടിലേക്ക് ചില ബന്ധുക്കളും ശാരദയുമൊക്കെ വിരുന്നിന് വരുമെന്ന് അറിയിച്ചിരുന്നു.
“മോളേ അഞ്ജലി, മറ്റന്നാൾ കുറച്ചാളുകൾ വരുന്നുണ്ട്. നമുക്ക് നല്ല നാടൻ ബിരിയാണി ഉണ്ടാക്കിയാലോ? നീയാണോ ഉണ്ടാക്കുന്നത്?” ലീലാമ്മ ചോദിച്ചു.
അഞ്ജലിക്ക് അല്പം പരിഭ്രമം തോന്നി. “അമ്മേ… എനിക്ക് സാധാരണ കറികളൊക്കെ വെക്കാൻ അറിയാം. പക്ഷെ ഇത്രയും പേർക്കുള്ള ബിരിയാണി ഞാൻ ഇതുവരെ ഒറ്റയ്ക്ക് ഉണ്ടാക്കിയിട്ടില്ല. കുളമാവുമോ എന്ന് പേടിയാ.”
“അതിനെന്താ മോളേ, അമ്മ കൂടെയില്ലേ? നീ ധൈര്യമായിട്ടിരിക്ക്,” ലീലാമ്മ അവൾക്ക് ആത്മവിശ്വാസം നൽകി.
ഞായറാഴ്ച രാവിലെ തന്നെ ശാരദയും കൂട്ടരും ഉമ്മറത്ത് ഹാജരായി. അഞ്ജലി അടുക്കളയിൽ പണി തുടങ്ങിയിരുന്നു. ലീലാമ്മ അടുത്തിരുന്ന് ഓരോന്നായി പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് ലീലാമ്മയുടെ അനിയത്തിക്ക് സുഖമില്ലെന്ന ഫോൺ കോൾ വന്നു. ലീലാമ്മയ്ക്ക് ഉടനെ തന്നെ അങ്ങോട്ട് പോകേണ്ടി വന്നു.
പോകുന്നതിന് മുൻപ് ലീലാമ്മ അഞ്ജലിയുടെ കൈ ചേർത്തുപിടിച്ചു. “മോളേ, എനിക്ക് അടിയന്തരമായി പോകണം. നീ പേടിക്കണ്ട. ഞാൻ പറഞ്ഞ അളവുകൾ ഓർമ്മയില്ലേ? നീയുണ്ടാക്കുന്ന ബിരിയാണി സൂപ്പറായിരിക്കും.”
ലീലാമ്മ പോയതോടെ ശാരദ അടുക്കളയിലേക്ക് വലിഞ്ഞുകയറി വന്നു.
“ആഹാ, ലീലാമ്മ അപ്പോഴേക്കും നിന്നെ ഒറ്റയ്ക്കാക്കി പോയോ? ഇത്രയും പേർക്കുള്ള ബിരിയാണി നീ എങ്ങനെ ഉണ്ടാക്കാനാ? ഉപ്പും മുളകും കൂടുമോ ആവോ,” ശാരദ കുത്തുവാക്കുകൾ പറഞ്ഞു തുടങ്ങി.
അഞ്ജലി ഒന്നും മിണ്ടാതെ ജോലി തുടർന്നു. എന്നാൽ പരിഭ്രമം കാരണം ചിക്കൻ മസാല ചേർത്ത് വഴറ്റിക്കൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ വലിയൊരു സ്പൂൺ മുളകുപൊടി അധികം വീണുപോയി. എരിവ് സഹിക്കാനാവാത്ത പരുവത്തിലായി കറി . അഞ്ജലിയുടെ നെഞ്ച് പടപടാ ഇടിക്കാൻ തുടങ്ങി.
“എന്താ മോളേ, മുഖമൊക്കെ വിളറിയിരിക്കുന്നു? എന്തെങ്കിലും പറ്റിയോ?” ശാരദ എരിതീയിൽ എണ്ണയൊഴിക്കാൻ നോക്കി ചോദിച്ചു.
“ഏയ്.. ഒന്നുമില്ല ചേച്ചി,” അഞ്ജലി ഒപ്പിച്ചു പറഞ്ഞു.
കൃത്യം ആ സമയത്താണ് ലീലാമ്മ തിരിച്ചെത്തിയത്. അഞ്ജലിയുടെ മുഖം കണ്ടപ്പോഴേ അവർക്ക് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായി. അവർ വേഗം അടുക്കളയിലേക്ക് വന്നു.
“എന്താ മോളേ?” ലീലാമ്മ ശബ്ദം താഴ്ത്തി ചോരിച്ചു.
“അമ്മേ… കറിയിൽ മുളകുപൊടി കൂടിപ്പോയി. ഭയങ്കര എരിവാണ്. ഇനി എന്ത് ചെയ്യും? ശാരദച്ചേച്ചി അറിഞ്ഞാൽ നാട്ടുകാരെ മുഴുവൻ അറിയിക്കും,” അഞ്ജലി കരച്ചിലിന്റെ വക്കോളമെത്തി.
ലീലാമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു, “ഇത്രയേ ഉള്ളൂ? നീ വിഷമിക്കാതെ. ഇതിനൊരു വഴിയുണ്ട്.”
ലീലാമ്മ വേഗം കുറച്ച് അണ്ടിപ്പരിപ്പും തേങ്ങപ്പാലും എടുത്ത് അരച്ച് ആ കറിയിലേക്ക് ചേർത്തു. എരിവ് പാകമാവുക മാത്രമല്ല, കറിയ്ക്ക് പ്രത്യേകമൊരു രുചിയും മണവും വന്നു.
ഊണുമേശയിൽ ബിരിയാണി വിളമ്പിയപ്പോൾ ശാരദ ഒരു വറ്റെടുത്ത് വായിലിട്ടു. കുറ്റം കണ്ടുപിടിക്കാൻ കാത്തിരുന്ന അവരുടെ മുഖം മാറി.
“എങ്ങനെയുണ്ട് ശാരദേ, എന്റെ മോൾ ഉണ്ടാക്കിയ ബിരിയാണി?” ലീലാമ്മ അഭിമാനത്തോടെ ചോദിച്ചു.
“ഉം… കൊള്ളാം. മോശമില്ല,” ശാരദയ്ക്ക് സമ്മതിക്കേണ്ടി വന്നു.
എല്ലാവരും പോയതിനുശേഷം അഞ്ജലി ലീലാമ്മയെ കെട്ടിപ്പിടിച്ചു. “അമ്മ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ നാണംകെട്ടേനെ.”
“നമ്മൾ സ്ത്രീകൾ പരസ്പരം താങ്ങാവണം മോളേ, അല്ലാതെ പരസ്പരം കുറ്റപ്പെടുത്തുകയല്ല വേണ്ടത്,” ലീലാമ്മ അഞ്ജലിയുടെ നെറ്റിയിൽ ചുംബിച്ചു.
ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് ക്ഷീണിച്ചു വന്ന ശരത് അഞ്ജലിയോട് ചൂടായി. ഓഫീസിലെ എന്തോ ടെൻഷൻ കാരണമാണ് അവൻ ദേഷ്യപ്പെട്ടത്.
“അഞ്ജലി, ഞാൻ വന്നിട്ട് എത്ര നേരമായി ഒരു ചായ ചോദിക്കുന്നു! നിനക്ക് ഇവിടെ എന്താ ഇത്ര ജോലി?” ശരത് ഉറക്കെ ചോദിച്ചു.
അഞ്ജലി ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു. എന്നാൽ ലീലാമ്മ ഇത് കേട്ടുകൊണ്ട് അങ്ങോട്ട് വന്നു.
“ടാ ശരത്തേ!” ലീലാമ്മയുടെ ശബ്ദത്തിൽ ഗാംഭീര്യമുണ്ടായിരുന്നു. “നീ ഓഫീസിൽ നിന്ന് വന്നാൽ നിനക്ക് മാത്രമേ ക്ഷീണമുള്ളൂ? അവളും രാവിലെ തൊട്ട് കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവളാണ്. വീട്ടിലെ കാര്യങ്ങളും നോക്കുന്നുണ്ട്. നിന്റെ ദേഷ്യം തീർക്കാനുള്ളതല്ല എന്റെ മകൾ. ചായ വേണമെങ്കിൽ നീ പോയി ഇട്ടുകുടിക്ക്, അവൾക്കും ഒരു ഗ്ലാസ് കൊടുക്ക്.”
ശരത് അമ്മയുടെ ഭാവം കണ്ട് അത്ഭുതപ്പെട്ടുപോയി. സാധാരണ അമ്മമാർ മകന്റെ പക്ഷം പിടിക്കാറുള്ള സ്ഥാനത്താണ് ലീലാമ്മ മരുമകൾക്കായി സംസാരിക്കുന്നത്.
ശരത്തിന് തന്റെ തെറ്റ് മനസ്സിലായി. അവൻ അടുക്കളയിൽ ചെന്ന് അഞ്ജലിയോട് ക്ഷമ ചോദിച്ചു. “സോറിടോ… ഓഫീസിലെ ഒരു പ്രോജക്ട് മിസ്സായതിന്റെ സങ്കടത്തിലാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്.”
അഞ്ജലി ചിരിച്ചുകൊണ്ട് അവന് ചായ എടുത്തു നൽകി. ഈ കാഴ്ച കണ്ട് ഉമ്മറത്തിരുന്ന ലീലാമ്മയുടെ മനസ്സ് നിറഞ്ഞു.
ശാരദയും വത്സലയും ലീലാമ്മയുടെയും അഞ്ജലിയുടെയും സ്നേഹം കണ്ട് അസൂയ പൂണ്ടു നടക്കുകയായിരുന്നു. എങ്ങനെയെങ്കിലും അവരുടെ ഇടയിൽ ഒരു വിള്ളൽ ഉണ്ടാക്കണം എന്നതായിരുന്നു അവരുടെ ലക്ഷ്യം.
ഒരു ദിവസം ലീലാമ്മ അടുത്തുളള ക്ഷേത്രത്തിൽ പോയ സമയത്ത് ശാരദ അഞ്ജലിയെ കാണാൻ വീട്ടിലെത്തി. അഞ്ജലി ലാപ്ടോപ്പിൽ ജോലി ചെയ്യുകയായിരുന്നു.
“മോളേ അഞ്ജലി, തിരക്കാണോ?” ശാരദ ചോദിച്ചു.
“ഏയ് പറയൂ ചേച്ചി, എന്താ?”
“അല്ല മോളേ, ഞാൻ ഒരു കാര്യം പറയാൻ വന്നതാ. നീ ഇവിടെ പുതിയതല്ലേ, നിനക്ക് ലീലാമ്മയുടെ സ്വഭാവം അറിയില്ല. ഇപ്പോൾ നിന്നോട് ഭയങ്കര സ്നേഹം കാണിക്കും. പക്ഷെ നിന്റെ സ്വർണ്ണവും പണവുമൊക്കെ അവളുടെ കൈക്കലാക്കാൻ വേണ്ടിയാ ഇതൊക്കെ. ശരത്തിന്റെ ആദ്യത്തെ ആലോചന വന്ന പെൺകുട്ടിയുടെ വീട്ടുകാർ കൂടുതൽ സ്വർണ്ണം തരാമെന്ന് പറഞ്ഞതാ. പക്ഷെ ശരത്തിന് നിന്നെ ഇഷ്ടപ്പെട്ടതുകൊണ്ടാ ഈ കല്യാണം നടന്നത്. ലീലാമ്മയ്ക്ക് ഇപ്പോഴും ആ പഴയ ആലോചനയോടാ താല്പര്യം,” ശാരദ നുണക്കഥ നെയ്തുണ്ടാക്കി.
അഞ്ജലിക്ക് ദേഷ്യം വന്നെങ്കിലും അവൾ സ്വയം നിയന്ത്രിച്ചു. “ചേച്ചി, എന്റെ അമ്മയെക്കുറിച്ച് എനിക്ക് നന്നായറിയാം. അമ്മയ്ക്ക് പണത്തോടല്ല, മനുഷ്യരോടാണ് സ്നേഹം. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പറഞ്ഞ് ഞങ്ങളുടെ ഇടയിൽ പ്രശ്നമുണ്ടാക്കാൻ നോക്കണ്ട.”
അഞ്ജലിയുടെ മറുപടി കേട്ട് ശാരദയുടെ മുഖം കറുത്തു. അവർ അവിടുന്ന് ഇറങ്ങിപ്പോയി.
എന്നാൽ ശാരദ അവിടെക്കൊണ്ടും നിർത്തിയില്ല. വൈകുന്നേരം ലീലാമ്മയെ വഴിയിൽ വെച്ച് കണ്ടപ്പോൾ അവർ അടുത്ത തന്ത്രം പ്രയോഗിച്ചു.
“ലീലാമ്മേ, നീ നിന്റെ മരുമകളെ തലയിൽ കയറ്റി വെച്ചേക്കുന്നതിന്റെ ഫലം ഇപ്പോൾ കാണാനുണ്ട്. ഇന്ന് ഞാൻ അവളുടെ അടുത്ത് ചെന്നപ്പോൾ അവൾ പറയുകയാ ഈ വീടും പറമ്പുമൊക്കെ ശരത്തിന്റെ പേര് എഴുതിവെപ്പിച്ചില്ലെങ്കിൽ അവൾ ശരത്തിനെയും കൊണ്ട് ടൗണിലേക്ക് മാറിത്താമസിക്കുമെന്ന്! നീ സൂക്ഷിച്ചോ, നിന്നെ അവൾ വൃദ്ധസദനത്തിൽ തള്ളും!”
ലീലാമ്മ ശാരദയെ രൂക്ഷമായി നോക്കി. “ശാരദേ, നിന്റെ നാവിന് ഇത്തിരി നീളം കൂടുതലാ. എന്റെ മോളെക്കുറിച്ച് എനിക്ക് നന്നായറിയാം. അവൾ ഒരിക്കലും അങ്ങനെ പറയില്ല. ഇനിയെന്റെ കുടുംബകാര്യങ്ങളിൽ ഇടപെട്ടാൽ നീ എന്റെ കൈയിന്റെ ചൂടറിയും.”
ശാരദ വിരണ്ടുപോയി. ലീലാമ്മ അങ്ങനെ കട്ടായം പറഞ്ഞെങ്കിലും, മനുഷ്യസഹജമായ ചെറിയൊരു സംശയം അവരുടെ മനസ്സിൽ എവിടെയോ മൊട്ടിട്ടു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം ലീലാമ്മയ്ക്ക് കടുത്ത പനി ബാധിച്ചു. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥ. ശരത്തിന് ആ സമയത്ത് ഓഫീസിൽ വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് ഉണ്ടായിരുന്നതിനാൽ അവന് ലീവെടുക്കാൻ പറ്റിയില്ല.
” ശരത്തേട്ടാ , നിങ്ങൾ ധൈര്യമായി പൊക്കോ. അമ്മയെ ഞാൻ നോക്കിക്കോളാം,” അഞ്ജലി പറഞ്ഞു.
അഞ്ജലി ഓഫീസിൽ നിന്ന് ഒരാഴ്ചത്തേക്ക് ലീവെടുത്തു. അവൾ ലീലാമ്മയുടെ അരികിൽ തന്നെയുണ്ടായിരുന്നു. കൃത്യസമയത്ത് മരുന്നും കഞ്ഞിയും നൽകി അവൾ അമ്മയെ പരിചരിച്ചു. ലീലാമ്മയുടെ വസ്ത്രങ്ങൾ കഴുകാനും അവരെ കുളിപ്പിക്കാനുമൊന്നും അവൾക്ക് യാതൊരു മടിയും തോന്നിയില്ല.
ഒരു ദിവസം രാത്രിയിൽ ലീലാമ്മയ്ക്ക് പനി വളരെ കൂടി. അഞ്ജലി ഉറങ്ങാതെയിരുന്ന് ലീലാമ്മയുടെ നെറ്റിയിൽ ഈറൻ തുണിയിട്ട് തുടച്ചുകൊണ്ടിരുന്നു.
അർദ്ധരാത്രിയിൽ കണ്ണ് തുറന്ന ലീലാമ്മ കണ്ടത് തളർന്ന് തന്റെ കാല്ക്കൽ തലവെച്ചുറങ്ങുന്ന അഞ്ജലിയെയാണ്. അവരുടെ കണ്ണുകളിൽ നിന്ന് കണ്ണീർ ഒലിച്ചിറങ്ങി. ശാരദ പറഞ്ഞ വാക്കുകൾ ഓർത്ത് അവർക്ക് സ്വയം കുറ്റബോധം തോന്നി.
“മോളേ… അഞ്ജലി…” ലീലാമ്മ പതിയെ വിളിച്ചു.
അഞ്ജലി പെട്ടെന്ന് ഞെട്ടിയുണർന്നു. “എന്താ അമ്മേ? വേദനയുണ്ടോ? വെള്ളം വേണോ?” അവൾ പരിഭ്രാന്തിയോടെ ചോദിച്ചു.
“ഒന്നുമില്ല മോളേ… നീ എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. സ്വന്തം അമ്മയ്ക്ക് പോലും ചിലപ്പോൾ മക്കൾ ഇത്രയും ചെയ്യില്ല,” ലീലാമ്മ അവളുടെ കൈകൾ ചേർത്തുപിടിച്ചു കരഞ്ഞു.
“അമ്മയെന്താ ഈ പറയുന്നേ? അമ്മ എനിക്ക് എന്റെ സ്വന്തം അമ്മയല്ലേ? അമ്മ എന്നെ മകളെപ്പോലെയല്ലേ കാണുന്നത്, പിന്നെ ഞാൻ ഇതൊക്കെ ചെയ്യാതിരിക്കുമോ?” അഞ്ജലി ലീലാമ്മയുടെ കണ്ണീർ തുടച്ചുമാറ്റി.
ആ രാത്രിയോടെ അവരുടെ ബന്ധം കൂടുതൽ ശക്തമായി. നാട്ടുകാരുടെ ഒരു കുത്തിത്തിരിപ്പിനും തകർക്കാൻ പറ്റാത്ത വിധം അത് ആഴത്തിലുള്ളതായി മാറി.
ലീലാമ്മ പൂർണ്ണ ആരോഗ്യവതിയായി തിരിച്ചെത്തി. ഒരു ദിവസം വൈകുന്നേരം ലീലാമ്മയും അഞ്ജലിയും കൂടി ഉമ്മറത്ത് ഇരുന്ന് വർത്തമാനം പറയുകയായിരുന്നു. അപ്പോഴാണ് ശാരദയും വത്സലയും വീണ്ടും അങ്ങോട്ട് വരുന്നത്.
അവർ ലീലാമ്മയോട് ചോദിച്ചു, “എന്താ ലീലാമ്മേ സുഖമായോ? മരുമകൾ നന്നായി നോക്കിയോ അതോ..?” അവർ ചിരിച്ചുകൊണ്ട് ചോദിച്ചു.
ഇത്തവണ മറുപടി നൽകിയത് അഞ്ജലിയല്ല, ലീലാമ്മയായിരുന്നു.
ലീലാമ്മ എഴുന്നേറ്റ് നിന്ന് ഉറച്ച ശബ്ദത്തിൽ പറഞ്ഞു: “ശാരദേ, വത്സലേ… നിങ്ങളൊക്കെ വിചാരിച്ചത് എന്റെ മരുമകൾ എന്നെ ഈ വീട്ടിൽ നിന്ന് പുറത്താക്കുമെന്നല്ലേ? എന്നാൽ കേട്ടോ, ഈ വീടിന്റെ ആധാരവും എന്റെ ലോക്കറിന്റെ താക്കോലും ഞാൻ ഇന്നലെ അവൾക്ക് കൈമാറി. കാരണം, എന്റെ ജീവൻ കാത്തവളാണ് അവൾ. നിങ്ങളെപ്പോലെയുള്ളവർ കുടുംബം തകർക്കാൻ നോക്കുമ്പോൾ, എന്റെ മോൾ ഈ കുടുംബത്തെ ചേർത്തുപിടിക്കുകയാണ് ചെയ്തത്.”
അഞ്ജലി അത്ഭുതത്തോടെ ലീലാമ്മയെ നോക്കി. ലീലാമ്മ അഞ്ജലിയുടെ തോളിൽ കൈവെച്ചു.
“ഇനിമേലിൽ എന്റെ മോളെക്കുറിച്ചോ ഞങ്ങളുടെ കുടുംബത്തെക്കുറിച്ചോ എന്തെങ്കിലും അപവാദം പറയാൻ നിങ്ങൾ ഈ പടി കടന്നു വരരുത്. ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്ന്!” ലീലാമ്മ കർശനമായി പറഞ്ഞു.
ശാരദയുടെയും വത്സലയുടെയും മുഖം വിളറിവെളുത്തു. അവർക്ക് ഇനി അവിടെ നിൽക്കാൻ കഴിയില്ലായിരുന്നു. അവർ തലയും താഴ്ത്തി വേഗം പടിയിറങ്ങിപ്പോയി.
അവർ പോയതിനുശേഷം അഞ്ജലി ലീലാമ്മയെ നോക്കി ചോദിച്ചു, “അമ്മേ, സത്യമാണോ ആ പറഞ്ഞത്? താക്കോലൊക്കെ എനിക്ക് തരുമോ?”
ലീലാമ്മ പൊട്ടിച്ചിരിച്ചുകൊണ്ട് അഞ്ജലിയെ കെട്ടിപ്പിടിച്ചു. “പിന്നെല്ലാതെ! എന്റെ മോളല്ലേ ഈ വീടിന്റെ പുതിയ രാജ്ഞി! നാട്ടുകാരുടെ വായടപ്പിക്കാൻ ചിലതൊക്കെ പറയേണ്ടി വരും മോളേ.”
അവരുടെ ചിരി ആ വീടിന്റെ അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ടു. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം കേവലം കടമകളിലല്ല, പരസ്പരമുള്ള ബഹുമാനത്തിലും അളവറ്റ സ്നേഹത്തിലുമാണ് നിലനിൽക്കുന്നതെന്ന് അവർ തെളിയിച്ചു. മരുഭൂമി പോലെ വരണ്ട ചിന്തകളുള്ള നാട്ടുകാർക്കിടയിൽ, അവരുടെ വീട് സ്നേഹത്തിന്റെ ഒരു പച്ചത്തുരുത്തായി മാറി.
✍️ആമി
