ഇത്രയും നട്ടെല്ലില്ലാത്തവനെ ഇനി എനിക്ക് വേണ്ട!!” ​എല്ലാവരുടെയും മുന്നിൽ വന്ന് കസ്തൂരി അത് പറയുമ്പോൾ ലാലുവിന്റെ മുഖം വല്ലാതെ വിളറി…..

“ഇത്രയും നട്ടെല്ലില്ലാത്തവനെ ഇനി എനിക്ക് വേണ്ട!!”

 

​എല്ലാവരുടെയും മുന്നിൽ വന്ന് കസ്തൂരി അത് പറയുമ്പോൾ ലാലുവിന്റെ മുഖം വല്ലാതെ വിളറി…

എന്നാൽ കസ്തൂരിയുടെ മുഖത്ത് യാതൊരു കൂസലും ഉണ്ടായിരുന്നില്ല…

​കസ്തൂരിയും ലാലുവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചതായിരുന്നു.

ബാങ്കിൽ ഉദ്യോഗസ്ഥനായ ലാലുവിനെ നല്ല സ്ത്രീധനം വാങ്ങി കല്യാണം കഴിപ്പിക്കണം എന്നായിരുന്നു വസന്തയുടെ ആഗ്രഹം..

അങ്ങനെയാണ് ലാലു കസ്തൂരിയെ പെണ്ണുകാണാൻ വരുന്നത് സുന്ദരിയായ കസ്തൂരിയെ ഒറ്റനോട്ടത്തിൽ തന്നെ ലാലുവിന് ഇഷ്ടപ്പെട്ടു..

വലിയ ഒരു തുക സ്ത്രീധനം ആവശ്യപ്പെട്ടു ലാലുവിന്റെ അമ്മ.

ലാലുവിന്റെ അമ്മ വസന്ത ആവശ്യപ്പെട്ട സ്ത്രീധനം മുഴുവൻ നൽകാമെന്ന് കസ്തൂരിയുടെ അച്ഛൻ പീതാംബരൻ സമ്മതിച്ചു….

ഒറ്റ മകൾ ആയതുകൊണ്ട് അയാൾ തന്റെ സമ്പാദ്യം മുഴുവൻ അവളുടെ വിവാഹത്തിനു വേണ്ടി എടുത്തുവച്ചിരുന്നു…. ലാലുവിന്റെ അമ്മ ചോദിച്ച സ്വർണം ഏതാണ്ട് അവൾക്ക് ഇപ്പോൾ തന്നെ ഉണ്ട്… ഇനി പണം മാത്രം കണ്ടെത്തിയാൽ മതി അതിനും അയാൾ വഴി കണ്ടിരുന്നു..

ഒറ്റ മകൾ ആയതുകൊണ്ട് ആ വീടും സ്ഥലവും ഭാവിയിൽ അവൾക്ക് തന്നെ കിട്ടും എന്നൊരു കണക്കുകൂട്ടൽ കൂടി ലാലുവിന്റെ അമ്മയ്ക്ക് ഉണ്ടായിരുന്നു..

റോഡ്സൈഡിൽ ആയതുകൊണ്ട് തന്നെ അതിന് നല്ല വിലയും കിട്ടും… അതും കൂടി കണ്ടിട്ടാണ് അവർ ഈ വിവാഹത്തിന് സമ്മതിച്ചത്..

എന്നാൽ, വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ആ ദുരന്തം സംഭവിച്ചത്.

ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിയിൽ പീതാംബരന് ഒരു വലിയ ആക്സിഡന്റ് ഉണ്ടായി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…

അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചു.. അടിയന്തിരമായി ഓപ്പറേഷനുകൾ നടത്തി…
​ആശുപത്രിയിലെ ചികിത്സയ്ക്കായി ലക്ഷങ്ങളാണ് ആവശ്യമായി വന്നത്.

 

കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം തീർന്നു. ഒടുവിൽ കസ്തൂരിയുടെ വിവാഹത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ പോലും അവളുടെ അമ്മ ചന്ദ്രികയ്ക്ക് വിൽക്കേണ്ടി വന്നു.

 

എങ്കിലും പീതാംബരനെ രക്ഷിക്കാൻ അവർക്ക് കഴിഞ്ഞില്ല.

 

അദ്ദേഹം വിടപറഞ്ഞതോടെ കസ്തൂരിയുടെ വീട് വലിയൊരു കടക്കെണിയിലാവുകയും ഇരുട്ടിലാകുകയും ചെയ്തു.

 

​അച്ഛൻ മരിച്ച് രണ്ട് മാസങ്ങൾ കഴിഞ്ഞപ്പോൾ ചന്ദ്രിക ലാലുവിന്റെ വീട്ടുകാരെ ചെന്ന് കണ്ടു.

 

​”വസന്തേച്ചി, ഞങ്ങളുടെ അവസ്ഥ ഇപ്പോൾ നിങ്ങൾക്ക് അറിയാമല്ലോ. ഉള്ളതെല്ലാം അച്ഛന്റെ ചികിത്സയ്ക്കായി തീർന്നു. കസ്തൂരിയുടെ വിവാഹം ഇപ്പോൾ ലളിതമായി നടത്തിയാൽ കൊള്ളാമെന്നുണ്ട്.

ചോദിച്ച സ്ത്രീധനം തൽക്കാലം തരാൻ കഴിയില്ല. പക്ഷേ എങ്ങനെയെങ്കിലും സാവധാനം ഞങ്ങൾ അത് തന്നു തീർക്കാം. ദയവായി ഈ വിവാഹം മുടക്കരുത്.. അവളുടെ അച്ഛൻ ആയിട്ട് ഉറപ്പിച്ചതാണ് അദ്ദേഹത്തിന്റെ ആത്മാവ് ഈ വിവാഹം നടക്കുന്നത് കണ്ടിട്ടെങ്കിലും സന്തോഷിക്കട്ടെ!!.”

ചന്ദ്രിക കൈകൂപ്പി അപേക്ഷിച്ചു.
​എന്നാൽ വസന്തയുടെ മറുപടി കടുത്തതായിരുന്നു.

“അതൊന്നും പറ്റില്ല ചന്ദ്രികേ. പറഞ്ഞ കാശും സ്വർണ്ണവും തരാതെ എന്റെ ലാലുവിന്റെ കല്യാണം നടക്കില്ല. പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്, നിങ്ങടെ മകളെ അവന് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് ഈ ബന്ധം മതി എന്ന് ഞാൻ തീരുമാനിച്ചത് ഇതിലും നല്ലത് അവന് വന്നിരുന്നു.. നിങ്ങളോട് ചോദിച്ച സ്ത്രീധനത്തിന്റെ ഇരട്ടി കണ്ണും പൂട്ടിത്തരാൻ ആളുണ്ട് ഇവിടെ .”

വസന്ത പറഞ്ഞത് കേട്ട് ചന്ദ്രികയുടെ നെഞ്ചു പൊട്ടി..

​ലാലുവും കസ്തൂരിയും തമ്മിൽ അപ്പോഴേക്കും വല്ലാതെ അടുത്തുപോയിരുന്നു. കസ്തൂരി ലാലുവിനെ ഫോണിൽ വിളിച്ച് സങ്കടം പറഞ്ഞു.

 

​”ലാലുവേട്ടാ, അച്ഛൻ മരിച്ചതോടെ ഞങ്ങളുടെ അവസ്ഥ മോശമായി. ഏട്ടന്റെ അമ്മയോട് ഒന്ന് സംസാരിക്കാമോ? നമുക്ക് ഇപ്പോൾ ലളിതമായി കല്യാണം കഴിച്ചുകൂടെ?”
​ഫോണിന്റെ മറുതലയ്ക്കൽ ലാലുവിന്റെ ശബ്ദത്തിൽ പഴയ സ്നേഹം ഉണ്ടായിരുന്നില്ല.

“അമ്മ പറയുന്നതിലും കാര്യമുണ്ട് കസ്തൂരി. എന്റെ കുടുംബത്തിനും ചില ആവശ്യങ്ങളുണ്ട്. അമ്മയെ എതിർക്കാൻ എനിക്ക് കഴിയില്ല. തൽക്കാലം നമുക്ക് കല്യാണം ഒന്ന് മാറ്റി വയ്ക്കാം എന്നിട്ട് പണം ആകുമ്പോൾ കല്യാണം കഴിക്കാം!!.”

 

​സ്ത്രീധനം കിട്ടില്ല എന്ന് ഉറപ്പായതോടെ ലാലുവും മെല്ലെ അവളിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങി.

 

അവളുടെ ഫോൺ കോളുകൾ അവൻ അവഗണിച്ചു. മെസ്സേജുകൾക്ക് മറുപടി നൽകാതായി.

താൻ ജീവന് തുല്യം സ്നേഹിച്ച ലാലുവിന്റെ ഈ മാറ്റം കസ്തൂരിയെ മാനസികമായി തളർത്തി.

എങ്കിലും അവൾ അമ്മയ്ക്ക് വേണ്ടി പിടിച്ചുനിന്നു.

കാരണം പീതാംബരന്റെ മരണവും അവളുടെ കല്യാണം മുടങ്ങിയതും ചന്ദ്രികയെ വല്ലാതെ തളർത്തിയിരുന്നു…

 

​ചില മാസങ്ങൾക്ക് ശേഷം പീതാംബരന്റെ മരണത്തെ തുടർന്നുള്ള ഇൻഷുറൻസ് തുകയായ അൻപതു ലക്ഷം രൂപ കസ്തൂരിയുടെ കുടുംബത്തിന് ലഭിച്ചു.

ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് ആ തുക വന്നെത്തിയ വിവരം നാട്ടിൽ പാട്ടായി.

ഇതറിഞ്ഞ ഉടനെ വസന്തയുടെ ഭാവം മാറി.

അവർ ലാലുവിനെയും കൂട്ടി നേരെ കസ്തൂരിയുടെ വീട്ടിലേക്ക് എത്തി.

 

​”ചന്ദ്രികേ, നീ ഞങ്ങളോട് പിണക്കത്തിലാണോ? ഞാൻ ആലോചിച്ചപ്പോൾ, പഴയ കാര്യങ്ങളൊക്കെ നമുക്ക് വിടാം. ദാ, ലാലുവിനും കസ്തൂരിയുടെ കൂടെ ജീവിക്കാനാണ് ആഗ്രഹം. നമുക്ക് കല്യാണത്തിന്റെ തീയതി കുറിച്ചാലോ?”

വസന്ത ചിരിച്ചുകൊണ്ട് ചോദിച്ചു.
​ചന്ദ്രിക എന്തു പറയണമെന്നറിയാതെ നിന്നപ്പോൾ മുറിയിൽ നിന്നും കസ്തൂരി ഇറങ്ങി വന്നു.

 

അവളുടെ മുഖത്ത് ദേഷ്യവും പുച്ഛവും ഉണ്ടായിരുന്നു.

 

​”നിങ്ങൾ ഇവിടെ എന്തിനാ വന്നത്? പണം കിട്ടില്ല എന്ന് അറിഞ്ഞപ്പോൾ കറിവേപ്പില പോലെ എന്നെ ദൂരെ കളഞ്ഞതല്ലേ നിങ്ങൾ?

ഇപ്പോൾ പെട്ടെന്ന് എങ്ങനെയാണ് സ്നേഹം പൊട്ടിമുളച്ചത് എന്ന് എനിക്കറിയാം… ഈ പണം കണ്ടിട്ടുള്ള സ്നേഹം ഇനി ഇവിടെ വേണ്ട!!കസ്തൂരി പൊട്ടിത്തെറിച്ചു..

​ലാലു പതുക്കെ അവളെ അനു നയിപ്പിച്ചുകൊണ്ട് സംസാരിക്കാൻ ശ്രമിച്ചു:

“കസ്തൂരി, നീ തെറ്റിദ്ധരിച്ചതാണ്. എനിക്ക് നിന്നെ ഇഷ്ടമാണ്.”

അവൻ പറഞ്ഞതും അവൾ അവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി..

 

​”ഇറങ്ങിപ്പോകൂ എന്റെ വീട്ടിൽ നിന്ന്! വെറും പണത്തിന്റെ പുറകെ ഓടുന്ന നിങ്ങളെപ്പോലെ ഉള്ളവരെ ഒന്നും എനിക്ക് കാണുക പോലും വേണ്ട!” കസ്തൂരി ഉറച്ച ശബ്ദത്തിൽ അവരെ ആട്ടിപ്പായിച്ചു.

അവർക്ക് നാണംകെട്ട് അവിടുന്ന് ഇറങ്ങിപ്പോകേണ്ടി വന്നു.

 

​അച്ഛന്റെ ഇൻഷുറൻസ് തുക കസ്തൂരി മുഴുവനായും അമ്മയുടെ പേരിൽ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തു.

ആ പണം തന്റെ വിവാഹത്തിന് ഉപയോഗിക്കില്ലെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു.

തുടർന്ന് അവൾ സ്വന്തം കാലിൽ നിൽക്കാനായി ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് കയറി.

ജോലിക്ക് പോയി സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയതോടെ അവളുടെ ആത്മവിശ്വാസം ഇരട്ടിച്ചു.

ഇനി ഒരു വിവാഹം ഉണ്ടെങ്കിൽ അത് സ്ത്രീധനം ചോദിക്കാത്ത ഒരാളുമായി മാത്രമായിരിക്കും എന്നും,

അല്ലെങ്കിൽ മരണം വരെ ഒറ്റയ്ക്ക് ജീവിക്കുമെന്നും അവൾ ദൃഢനിശ്ചയം എടുത്തു.

 

​അങ്ങനെ ഒരു വർഷം കടന്നുപോയി. കസ്തൂരിയുടെ ഓഫീസിൽ ജോയിൻ ചെയ്ത രാഹുൽ എന്ന യുവാവുമായി അവൾ നല്ല സൗഹൃദത്തിലായി.

മാന്യനും വിനയമുള്ളവനുമായ രാഹുലിനോട് കസ്തൂരിക്ക് ബഹുമാനം തോന്നി.

തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് അവൾ രാഹുലിനോട് തുറന്നു പറഞ്ഞു.

 

​”കസ്തൂരി, സ്ത്രീധനം വാങ്ങി കല്യാണം കഴിക്കുന്നതിനോട് എനിക്കും താല്പര്യമില്ല.

സ്വന്തം അദ്ധ്വാനത്തിൽ ജീവിക്കുന്ന പെൺകുട്ടിയാണ് എന്റെ സ്വപ്നം. നിനക്ക് സമ്മതമാണെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിച്ചുകൂടേ?”

ഒരു ദിവസം രാഹുൽ അവളോട് ചോദിച്ചു.
​കസ്തൂരി ആലോചിക്കാൻ സമയം ചോദിച്ചു.

അവൾ അമ്മയുമായി സംസാരിച്ചു. ചന്ദ്രികയ്ക്കും രാഹുലിനെ ഒത്തിരി ഇഷ്ടപ്പെട്ടു. അങ്ങനെ കസ്തൂരിയും രാഹുലും തമ്മിലുള്ള വിവാഹം ലളിതമായി നടത്താൻ തീരുമാനിച്ചു.

ആഭരണങ്ങളോ പണമോ ഒന്നും വാങ്ങാതെ തികച്ചും ലളിതമായി രജിസ്റ്റർ വിവാഹമായി നടത്താനാണ് അവർ തീരുമാനിച്ചത്.

 

​വിവാഹത്തിന് തൊട്ടുമുമ്പുള്ള ദിവസം നാട്ടിലെ ഒരു ക്ഷേത്രത്തിൽ വെച്ച് കസ്തൂരിയും രാഹുലും ഒന്നിച്ച് പ്രാർത്ഥിക്കാൻ പോയി.

കസ്തൂരിയുടെ കൂടെ അമ്മ ചന്ദ്രികയും ഉണ്ടായിരുന്നു. അവർ പ്രാർത്ഥിച്ചു മടങ്ങുമ്പോൾ യാദൃശ്ചികമായി ലാലുവും അമ്മ വസന്തയും അങ്ങോട്ട് വന്നു. കസ്തൂരിയെ കണ്ടതും വസന്ത അടുത്തേക്ക് നടന്നു വന്നു.

 

​”ആഹാ, കസ്തൂരിയായിരുന്നോ? നീ ഇപ്പോഴും കല്യാണം കഴിക്കാതെ ഇങ്ങനെ നടക്കുകയാണല്ലേ? വലിയ തന്റേടം കാണിച്ച് എന്റെ ലാലുവിനെ വേണ്ടെന്ന് വെച്ചപ്പോൾ വിചാരിച്ചു വലിയ രാജകുമാരൻ വന്ന് കൊണ്ടുപോകുമെന്ന്.

ഇപ്പോഴും ജോലിക്ക് പോയി കഷ്ടപ്പെടുകയല്ലേ നീ?” വസന്ത പരിഹാസത്തോടെ ചോദിച്ചു.

 

​ലാലുവും ഒപ്പം നിന്ന് പുച്ഛത്തോടെ ചിരിച്ചു. ചന്ദ്രികയ്ക്ക് അത് കേട്ടപ്പോൾ സങ്കടം വന്നെങ്കിലും കസ്തൂരി ശാന്തയായിരുന്നു.

 

​”അമ്മേ, ആരെങ്കിലും എന്ത് വിചാരിച്ചാലും എനിക്കൊന്നുമില്ല. ഞാൻ എന്റെ സ്വന്തം അധ്വാനത്തിലാണ് ജീവിക്കുന്നത്. ആരോടും യാചിച്ചല്ല.” കസ്തൂരി മറുപടി നൽകി.

 

​അപ്പോഴേക്കും രാഹുൽ പൂജാരിയുടെ കൈയിൽ നിന്ന് പ്രസാദവും വാങ്ങി അവരുടെ അടുത്തേക്ക് വന്നു.

രാഹുലിനെ കണ്ടതും വസന്ത ചോദിച്ചു, “ഇതാരാ കസ്തൂരി, നീ ജോലി ചെയ്യുന്നിടത്തെ ആരെങ്കിലും ആണോ?”

​രാഹുൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “അതെ, ഞാൻ കസ്തൂരിയുടെ കൂടെ ജോലി ചെയ്യുന്ന ആളാണ്. രാഹുൽ. നാളെ ഞങ്ങളുടെ വിവാഹമാണ്.!”

അത് കേട്ടതും വസന്തയുടെ മുഖം ഇരുണ്ടു തന്റെ മകനേക്കാൾ സുന്ദരൻ

ഒരു രൂപ പോലും സ്ത്രീധനം വാങ്ങാതെ, നാളെ എന്റെ വിവാഹം കഴിയും രണ്ടുപേരും വരണം വൈകി വിളിച്ചു എന്ന് വച്ച് വരാതിരിക്കരുത്!!”

കസ്തൂരി പറഞ്ഞത് കേട്ട് വസന്തയുടെയും ലാലുവിന്റെയും മുഖം വിളറി. അവർക്ക് വലിയൊരു തിരിച്ചടിയാണ് കിട്ടിയത്.

ലാലുവിന് കസ്തൂരിയുടെ മുഖത്തേക്ക് നോക്കാൻ പോലും ധൈര്യം ഉണ്ടായിരുന്നില്ല.

 

​”നമുക്ക് പോകാം രാഹുൽ. ചില ആളുകളോട് സംസാരിച്ച് സമയം കളയേണ്ട ആവശ്യമില്ല.”

കസ്തൂരി രാഹുലിന്റെ കൈകളിൽ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു.
​തങ്ങളെക്കാൾ യോഗ്യനായ,

നല്ലൊരു മനുഷ്യനെ കസ്തൂരിക്ക് കിട്ടിയത് കണ്ട് വസന്തയ്ക്ക് അസൂയയും ദേഷ്യവും അടക്കാനായില്ല. കസ്തൂരി തലയുയർത്തിപ്പിടിച്ച് രാഹുലിനൊപ്പം നടന്നു നീങ്ങി. കസ്തൂരിയുടെ മനസ്സിൽ അപ്പോൾ വലിയൊരു ഭാരം ഒഴിഞ്ഞതുപോലെയുള്ള ആശ്വാസമായിരുന്നു.

അവൾ തന്റെ ജീവിതം സ്വന്തം കൈകളിലേക്ക് തിരികെ എടുത്തിരിക്കുന്നു. വരുംകാല ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കുമെന്ന് അവൾ ഉറച്ചു വിശ്വസിച്ചു.

✍️സ്റ്റോറി ബൈ jk

Leave a Reply

Your email address will not be published. Required fields are marked *