“”ആണും പെണ്ണും ഒരുമിച്ച് കിടന്നാൽ ഇതുപോലെ പെണ്ണിന് വയറ്റിൽ ഉണ്ടാകും. അത് ലോകത്തെ ആദ്യത്തെ സംഭവം ഒന്നുമല്ല!”””
രാഹുൽ പറയുമ്പോൾ ഐശ്വര്യ ദേഷ്യത്തോടെ അവനെ നോക്കി.
അവളുടെ കണ്ണുകളിൽ ദേഷ്യവും ഒപ്പം വല്ലാത്തൊരു നിരാശയും നിറഞ്ഞിരുന്നു.
””രാഹുലേട്ടാ, എന്നെക്കൊണ്ട് നിങ്ങൾ ഒന്നും പറയിപ്പിക്കരുത്!!! എത്രയോ കാലമായി ഞാൻ പറയുന്നതാണ് ഇത് എന്റെ ഡ്രീം ആണ് എന്ന്!””
അവളുടെ വാക്കുകളിലെ വേദന രാഹുലിന് മനസ്സിലായില്ല.
അത് കേട്ടതും രാഹുൽ പുച്ഛത്തോടെ ചിരിച്ചു.
ഒരു ഗവൺമെന്റ് സ്കൂൾ അധ്യാപകനാണ് രാഹുൽ.
അയാൾക്ക് ഭാര്യയെ കുറിച്ച് വല്ലാത്ത സങ്കല്പങ്ങൾ ഉണ്ടായിരുന്നു.
അടങ്ങി ഒതുങ്ങി, അയാളുടെ കാര്യങ്ങളും നോക്കി, വീട്ടുജോലികളെല്ലാം ചെയ്ത് എപ്പോഴും വീട്ടിൽ തന്നെ ഇരിക്കുന്ന ഒരു പെണ്ണ്.
അതായിരുന്നു അയാളുടെ കൺസെപ്റ്റ്.
എന്നാൽ അയാൾ വിവാഹം കഴിച്ച ഐശ്വര്യ നേരെ തിരിച്ചായിരുന്നു.
ഒരു പോലീസ് ഉദ്യോഗസ്ഥ ആവുന്നതായിരുന്നു അവളുടെ വലിയ സ്വപ്നം.
അവളെ ജോലിക്ക് പറഞ്ഞയക്കണം എന്നത് പോലും രാഹുലിന് ഇഷ്ടമുണ്ടായിരുന്നില്ല.
അപ്പോഴാണ് തന്റെ ഭാര്യ യൂണിഫോമും പാന്റും ഒക്കെ ഇട്ട് ആണുങ്ങളെപ്പോലെ ഒരു പോലീസ് ആവുന്ന കാര്യം പറയുന്നത്.
അത് ചിന്തിച്ചു നോക്കാൻ പോലും രാഹുലിന് ഇഷ്ടമുണ്ടായിരുന്നില്ല.
അങ്ങനെ ഏതാണ്ട് ഒരു വർഷത്തെ കഠിനാധ്വാനത്തിന് ശേഷം റിട്ടൺ ടെസ്റ്റ് അവൾ പാസായി.
ഇനി അവൾക്ക് മുന്നിലുള്ളത് ഫിസിക്കൽ ടെസ്റ്റാണ്.
എങ്ങനെയെങ്കിലും അവളെ ഇതിൽ നിന്ന് മുടക്കണം എന്ന് രാഹുൽ ചിന്തിച്ചു.
എന്തൊക്കെ പറഞ്ഞിട്ടും ഐശ്വര്യ തന്റെ തീരുമാനത്തിൽ നിന്നും പിൻമാറാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല.
ഒടുവിൽ രാഹുലിന്റെ കൂട്ടുകാരനായ പ്രസാദാണ് അവന് ആ വഴി പറഞ്ഞുകൊടുത്തത്.
”എടാ രാഹുലേ, അവളെ പറഞ്ഞു മനസ്സിലാക്കാൻ നോക്കിയാൽ നടക്കില്ല.
ഈ പെണ്ണുങ്ങൾക്ക് വല്ലാത്ത വാശി ആണ്…. അതുകൊണ്ട് നമ്മൾ അല്പം വളഞ്ഞു ചിന്തിക്കണം.
അവൾക്ക് ഫിസിക്കൽ ടെസ്റ്റ് അടുത്തല്ലേ വരുന്നത്?
ഈ സമയത്ത് അവളെ എങ്ങനെയെങ്കിലും ഗർഭിണി ആക്കിയാൽ മതി.
അതോടെ ഓട്ടവും ചാട്ടവും ഒക്കെ തനിയെ നിന്നോളും.
പിന്നെ അവൾക്ക് അതിന് പോകാൻ പറ്റില്ലല്ലോ.”
കൂട്ടുകാരൻ പറഞ്ഞ ഈ ഉപായം രാഹുലിന് വളരെ പെട്ടെന്ന് ഇഷ്ടപ്പെട്ടു.
അവൻ അതനുസരിച്ച് ഇറങ്ങി തിരിച്ചു. ഐശ്വര്യയ്ക്ക് കുട്ടികൾ വേണം എന്ന് ഇപ്പോൾ ആഗ്രഹമെ ഇല്ലായിരുന്നു.
പോലീസ് സെലക്ഷൻ കഴിഞ്ഞിട്ട് മതി അടുത്ത കാര്യങ്ങൾ എന്ന് അവൾ വ്യക്തമായി പറഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ അവൾ മുൻകരുതലുകൾ എടുക്കാൻ ആഗ്രഹിച്ചു.
എന്നാൽ ഈ അവസരം രാഹുൽ മുതലെടുത്തു.
അവൾക്ക് പ്രൊട്ടക്ഷൻ എന്ന് പറഞ്ഞ് അവൻ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങി കൊണ്ടുവന്ന് കൊടുത്തത് മുഴുവൻ വൈറ്റമിൻ ടാബ്ലെറ്റ്സ് ആയിരുന്നു.
ഭർത്താവിനെ അത്രമേൽ വിശ്വസിച്ച ഐശ്വര്യ ആ ഗുളികകൾ കഴിച്ചു.
താൻ സുരക്ഷിതയാണെന്ന് അവൾ കരുതി.
എന്നാൽ ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ഐശ്വര്യയ്ക്ക് കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങി.
തലകറക്കവും ഛർദ്ദിയും കാരണം അവൾ ആകെ തളർന്നു.
ഒടുവിൽ ഹോസ്പിറ്റലിൽ പോയി പരിശോധിച്ചപ്പോൾ അവൾ അറിഞ്ഞു, താൻ ഗർഭിണിയാണ് എന്ന്.
ആ വാർത്ത കേട്ടതും അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ കടന്നുപോയി.
ഭർത്താവ് തനിക്ക് തന്ന ഗുളികകളെക്കുറിച്ച് അവൾക്ക് സംശയം തോന്നി.
അവൾ ആ ഗുളികയുടെ സ്ട്രിപ്പ് എടുത്ത് ഒരു ഡോക്ടറെ കാണിച്ചു ചോദിച്ചു.
അപ്പോഴാണ് അത് വെറും വൈറ്റമിൻ ഗുളികകൾ മാത്രമായിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞത്.
അതോടെ ഇത് തന്നെ ചതിക്കാൻ വേണ്ടി രാഹുൽ ചെയ്ത പണിയാണ് എന്ന് അവൾക്ക് പൂർണ്ണമായും മനസ്സിലായി.
അവളുടെ കരിയർ ആകെ തകർന്നു.
ഫിസിക്കൽ ടെസ്റ്റിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ അവസ്ഥയിൽ അവൾക്ക് അതിൽ പങ്കെടുക്കാൻ കഴിയില്ലായിരുന്നു.
വർഷങ്ങളായി അവൾ കണ്ട സ്വപ്നവും അതിനായുള്ള കഠിനാധ്വാനവുമാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്.
ഈ സങ്കടം അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. രാത്രികളിൽ അവൾ മുറിയിൽ തനിച്ചിരുന്ന് കരഞ്ഞു.
ഭർത്താവിൽ നിന്നും ഉണ്ടായ ഈ ചതി അവളെ മാനസികമായി തളർത്തിക്കളഞ്ഞു.
അമിതമായ ടെൻഷനും മാനസിക സമ്മർദ്ദവും കാരണം അവളുടെ ആരോഗ്യം വല്ലാതെ മോശമായി.
ഒടുവിൽ ഒരു ദിവസം കടുത്ത വയറുവേദനയോടെ അവൾ കുഴഞ്ഞുവീണു.
ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും അവളുടെ പ്രഗ്നൻസി അബോർഷൻ ആയി മാറിയിരുന്നു.
സ്വന്തം സ്വപ്നം തകർന്നതിന്റെ സങ്കടത്തിനിടയിലാണ് ഈ പുതിയ ദുരന്തം കൂടി അവളെ തേടിയെത്തിയത്.
എന്നാൽ രാഹുലിന് അവളോട് ഒട്ടും സഹതാപം തോന്നിയില്ല. ഈ അബോർഷന്റെ പേരിൽ രാഹുൽ അവളെ ക്രൂശിക്കാൻ തുടങ്ങി.
”നീ മനപ്പൂർവ്വം എന്റെ കുഞ്ഞിനെ കൊന്നതാണ്! നിനക്ക് ആ പോലീസ് ഉദ്യോഗം മാത്രമാണ് വലുത്. അതിനുവേണ്ടി നീ സ്വന്തം ചോരയെ ഇല്ലാതാക്കി!”
രാഹുൽ വീട്ടുകാരെയും നാട്ടുകാരെയും കൂട്ടി അവളെ കുറ്റപ്പെടുത്തി സംസാരിച്ചു.
അവൾ അറിഞ്ഞുകൊണ്ട് അബോർഷൻ വരുത്തി തീർത്തതാണ് എന്ന് അവൻ എല്ലാവരോടും പറഞ്ഞു നടന്നു.
രാഹുലിന്റെ വീട്ടുകാരും ഐശ്വര്യയെ കുറ്റപ്പെടുത്തി.
“ഒരു കുഞ്ഞിനെപ്പോലും നോക്കാൻ കഴിവില്ലാത്തവളാണ് നീ. സ്വന്തം ആഗ്രഹത്തിന് വേണ്ടി കൊന്നിട്ടും നിനക്ക് ഒരു കുറ്റബോധവുമില്ലേ?”
എന്ന് അവരുടെ വാക്കുകൾ അവളുടെ ഹൃദയത്തിൽ കുത്തിയിറങ്ങി.
താൻ അനുഭവിച്ച മാനസിക വിഷമം കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് അവൾ എത്ര പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല.
എന്നാൽ അപ്പോഴും താങ്ങും തണലും ആയി അവളുടെ വീട്ടുകാർ അവൾക്ക് ഒപ്പം ഉണ്ടായിരുന്നു..
സത്യത്തിൽ അങ്ങനെ ഒരു അവസരത്തിൽ അവർ അവളെ ചേർത്തുപിടിച്ചത് കൊണ്ടു മാത്രമായിരുന്നു അവൾ ആത്മഹത്യ എന്നൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാതിരുന്നത്.
എന്നാൽ തന്റെ ഭാഗം കേൾക്കാൻ പോലും തയ്യാറല്ലാത്ത, തന്റെ ആഗ്രഹങ്ങളെ മാനിക്കാത്ത, തന്നെ വഞ്ചിച്ച രാഹുലിനോടൊത്ത് ഇനി ഒരു നിമിഷം പോലും ജീവിക്കാൻ അവൾക്ക് താല്പര്യമുണ്ടായിരുന്നില്ല.
അവൾ ആ വീട്ടിൽ നിന്നും ഇറങ്ങി തന്റെ സ്വന്തം വീട്ടിലേക്ക് പോയി.
പിന്നീട് അവൾ കോടതിയെ സമീപിച്ചു. അവൾക്ക് രാഹുലിൽ നിന്നും വിവാഹമോചനം വേണമായിരുന്നു.
രാഹുൽ അവളെ പിന്തിരിപ്പിക്കാൻ പല രീതിയിൽ ശ്രമിച്ചെങ്കിലും ഐശ്വര്യ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.
അവളുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും അവളുടെ അവസ്ഥ മനസ്സിലാക്കി ഒടുവിൽ അവളോടൊപ്പം നിന്നു.
അങ്ങനെ അവൾ അവനുമായി നിയമപരമായി ഡിവോഴ്സ് നേടി.
തന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളിൽ തളർന്നുപോകാൻ ഐശ്വര്യ തയ്യാറായില്ല.
അവൾ കൂടുതൽ ശക്തയായി മാറി. രാഹുലിന്റെ ചതിയും കുറ്റപ്പെടുത്തലുകളും അവളെ കൂടുതൽ വാശിയുള്ളവളാക്കി മാറ്റിയിരുന്നു.
അവൾ വീണ്ടും പഠിക്കാൻ തുടങ്ങി. അടുത്ത തവണ പോലീസ് വിജ്ഞാപനം വന്നപ്പോൾ അവൾ വീണ്ടും അപേക്ഷിച്ചു.
ഈ സമയം അവൾക്ക് തടസ്സമായി ആരും ഉണ്ടായിരുന്നില്ല.
പകലും രാത്രിയും വ്യത്യാസമില്ലാതെ അവൾ കഠിനമായി പരിശീലിച്ചു.
ഓട്ടവും ചാട്ടവുമെല്ലാം അവൾ വളരെ എളുപ്പത്തിൽ മറികടന്നു. അവളുടെ മനസ്സിൽ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ;
തന്നെ തളർത്താൻ നോക്കിയവർക്ക് മുന്നിൽ സ്വന്തം കാലിൽ നിന്നു കാണിക്കുക.
ഒടുവിൽ ഐശ്വര്യ തന്റെ സ്വപ്നം നേടിയെടുത്തു. പോലീസ് ട്രെയിനിംഗും കഴിഞ്ഞ് അവൾ യൂണിഫോം അണിഞ്ഞു.
തന്റെ തോളിൽ സ്റ്റാറുകൾ തിളങ്ങുമ്പോൾ അവൾക്ക് നഷ്ടപ്പെട്ട എല്ലാ സന്തോഷവും തിരികെ കിട്ടുന്നത് പോലെ തോന്നി.
തന്റെ സ്വപ്നങ്ങൾക്ക് മുന്നിൽ തടസ്സമായി നിന്ന രാഹുലിന്റെയും അവന്റെ വീട്ടുക്കാരുടെയും വാക്കുകൾക്ക് അവൾ തന്റെ വിജയത്തിലൂടെ മറുപടി നൽകി.
ഒരു വൈകുന്നേരം ഡ്യൂട്ടിക്കായി ടൗണിൽ നിൽക്കുമ്പോൾ ഐശ്വര്യ ഒരു ബൈക്കിൽ ഗർഭിണിയായ പുതിയ ഭാര്യയെയും ഇരുത്തി പോകുന്ന രാഹുലിനെ കണ്ടു…
അധികം പഠിക്കാത്ത ഒരു പെണ്ണിനെ അവൻ വിവാഹം കഴിച്ചു എന്ന് അവൾ അറിഞ്ഞിരുന്നു..
രാഹുലും അവളെ കണ്ടിരുന്നു. കാക്കി യൂണിഫോമിൽ ഗാംഭീര്യത്തോടെ നിൽക്കുന്ന ഐശ്വര്യയെ കണ്ടപ്പോൾ രാഹുലിന്റെ മുഖം വിളറിവെളുത്തു.
അവൻ തന്റെ മുഖം തിരിച്ച് മറ്റൊരു വശത്തേക്ക് നോക്കി.
ഐശ്വര്യ തന്റെ തൊപ്പി ശരിയാക്കി വെച്ചുകൊണ്ട് പുഞ്ചിരിയോടെ മുന്നോട്ട് നടന്നു..
. തനിക്ക് തടസ്സങ്ങൾ ഉണ്ടാക്കിയവർക്ക് മുന്നിൽ തലയുയർത്തി ജീവിക്കാൻ കഴിഞ്ഞതിൽ അവൾ അഭിമാനിച്ചു.
ചതിയിലൂടെയും അടിച്ചമർത്തലിലൂടെയും ഒരു സ്ത്രീയുടെയും സ്വപ്നങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് അവൾ തെളിയിച്ചു.
അവൾ ഇപ്പോൾ ഒരു പുതിയ ജീവിതം നയിക്കുകയാണ്. അവിടെ അവൾക്ക് സ്വന്തം തീരുമാനങ്ങളും സ്വന്തം സ്വപ്നങ്ങളും ഉണ്ടായിരുന്നു. ആ ജീവിതത്തിൽ അവൾ പൂർണ്ണ സന്തോഷവതിയായിരുന്നു.
✍️സ്റ്റോറി ബൈ jk
