ഇത്രയും കാലം ഞങ്ങൾ താമസിച്ചിരുന്ന വീട് അനിയനുള്ളതാണ്. ഞങ്ങൾക്ക് മാറിക്കൊടുക്കാതെ വഴിയില്ല. വഴക്കും വക്കാണവുമായി ജീവിക്കുന്നതിനേക്കാൾ ഒരു വാടകവീട്ടിലേക്ക്….

“നീ പോകുമ്പോ നിന്റെ ചായക്കപ്പ് കൂടെ എടുത്തോളൂ…അല്ലെങ്കിൽ അതിവിടെ വെറുതെ കിടന്ന് ഒടുവിൽ കളയേണ്ടി വരും.പുറത്ത് പട്ടിക്കോ പൂച്ചയ്‌ക്കോ വല്ല പാലും ഒഴിച്ചുവയ്ക്കാമെന്നു വച്ചാലും അതൊക്കെ പിന്നെ ഓരോ മെനക്കേടാണ്.“

വല്യകൊച്ചമ്മ പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ആ വാക്കുകൾ കേട്ട നിമിഷം മുതൽ കണ്ണിന്റെ കോണിലേക്ക് ഒഴുകിയെത്തിയ കണ്ണീരിന് പോലും താഴേക്ക് അടർന്നുവീഴാനാവാത്തത്ര ഭാരമായിരുന്നു

“ഗേറ്റ് അടച്ചിട്ടിട്ട് പോണേ…” പിന്നിൽ നിന്ന് വല്യകൊച്ചമ്മയുടെ ശബ്ദം കേട്ടു.

ഞാൻ തിരിഞ്ഞ് ഇരുമ്പ് ഗേറ്റ് വലിച്ചടച്ചു. ആ അടയുന്ന ശബ്ദം, എന്റെ ഉള്ളിൽ എന്നെന്നേക്കുമായി അവരുടെ ഹൃദയത്തിലേക്കുള്ള വഴിയും അടച്ചുപൂട്ടുന്നതുപോലെ തോന്നി.

കണ്ണുകൾ തുടച്ച് ഞാൻ ഗായത്രി ചേച്ചിയുടെ വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു.
ചേച്ചിയുടെ വീട്ടിലെത്തി കോളിങ് ബെൽ അമർത്തി.

പതിവുപോലെ മുഖത്ത് പുഞ്ചിരിയുമായി ചേച്ചി വാതിൽ തുറന്നു.

ഞാൻ ചിരിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടു

“എന്താ… നിനക്ക് ഒരു വിഷമം പോലെയുണ്ടല്ലോ?”

ഞാൻ ഒന്നും പറഞ്ഞില്ല.

ചെരിപ്പ് ഊരിവെച്ച് അകത്തേക്ക് കയറി. സാരി മാറി നെറ്റി ഇട്ട് പതിവുപോലെ ജോലി തുടങ്ങാൻ ശ്രമിച്ചു. മനസ്സ് അപ്പോഴും വല്യകൊച്ചമ്മയുടെ വാക്കുകളിൽ
കുടുങ്ങിക്കിടന്ന്, കരയിൽ പിടിച്ചിട്ട പരൽമീനിനെപ്പോലെ പിടഞ്ഞുകൊണ്ടിരുന്നു.

അവിടെ വല്യകൊച്ചമ്മ ഒത്തിരി സംസാരിക്കും. ഇവിടെ ഗായത്രി ചേച്ചി അധികം സംസാരിക്കുന്ന ആളല്ല.

പക്ഷേ സംസാരിക്കുമ്പോൾ ഓരോ വാക്കിലും ഒരു വാത്സല്യമുണ്ടാകും. മുഖത്ത് എല്ലായ്പ്പോഴും മായാതെ നിൽക്കുന്ന ഒരു പുഞ്ചിരിയും.

അന്ന് ചേച്ചി ക്യാൻവാസിൽ ഒരു ചിത്രം വരയ്ക്കുകയായിരുന്നു.

ഞാൻ പാത്രങ്ങൾ ഓരോന്നായി കഴുകിക്കൊണ്ടിരുന്നു.

ഞാൻ പതിവുപോലെ അടുക്കളയിലെ ജോലികൾ തീർത്തു. പാത്രങ്ങൾ കഴുകിവെച്ച് കൈ തുടച്ച ശേഷം മുൻവശത്തെ മുറിയിലേക്ക് ചെന്നു. അവിടെയുള്ള ജനാലച്ചില്ലുകൾ തുടയ്ക്കാൻ തുടങ്ങി.

ജനാലയുടെ ചില്ലുകളിൽ തുണി ഓടിക്കുമ്പോഴും എന്റെ മനസ്സ് ചിന്തകളിൽ ആയിരുന്നു.

ഞാൻ അടുത്തെത്തിയിട്ടും പതിവുപോലെ ഒന്നും സംസാരിക്കാത്തത് ചേച്ചി ശ്രദ്ധിച്ചിരിക്കണം.

ക്യാൻവാസിൽ നിന്ന് മുഖമുയർത്തി എന്നെ നോക്കി.

“എന്താ… നിനക്ക് ഒരു വിഷമം പോലെയുണ്ടല്ലോ?”

ഇനിയും ഉള്ളിൽ ഒതുക്കിവയ്ക്കാൻ കഴിഞ്ഞില്ല.

“ചേച്ചി… ഞാനിനി ജോലിക്ക് വരില്ല.”

“അതെന്താ പെട്ടെന്ന്?”

ഞാൻ ജനാലയുടെ ചില്ലിൽ നിന്ന് കൈ പിൻവലിച്ചു.ഞാൻ ചേച്ചിക്ക് നേരെ തിരിഞ്ഞു

എന്താ… എന്തെങ്കിലും സംഭവിച്ചോ?”

ഞാൻ പതുക്കെ പറഞ്ഞു.

“ഞങ്ങളുടെ വീടും സ്ഥലവും ഭാഗം വെച്ച കാര്യം പറഞ്ഞിരുന്നില്ലേ… ഇത്രയും കാലം ഞങ്ങൾ താമസിച്ചിരുന്ന വീട് അനിയനുള്ളതാണ്. ഞങ്ങൾക്ക് മാറിക്കൊടുക്കാതെ വഴിയില്ല. വഴക്കും വക്കാണവുമായി ജീവിക്കുന്നതിനേക്കാൾ ഒരു വാടകവീട്ടിലേക്ക് മാറുന്നതാണ് നല്ലതെന്ന് തോന്നി.

നാല് സെന്റ് സ്ഥലം കിട്ടിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ അവിടെ വീട് വയ്ക്കാനുള്ള സാഹചര്യമില്ല. അതുകൊണ്ട് തൽക്കാലം വാടകവീട്ടിലേക്കാണ് പോകുന്നത്.

പുതിയ വീട് ഇവിടെ നിന്ന് ഒരുപാട് ദൂരെയാണ് ചേച്ചി… അതുകൊണ്ട് ഇനി ഇവിടെ ജോലിക്ക് വരാൻ പറ്റില്ല.”

കുറച്ചുനേരം ചേച്ചി ഒന്നും പറഞ്ഞില്ല.

ആദ്യമായിട്ടായിരുന്നു ആ മുഖത്ത് പുഞ്ചിരിയില്ലാതെ ഞാൻ കാണുന്നത്.

ആ നിശ്ശബ്ദത എനിക്ക് വാക്കുകളേക്കാൾ ഭാരമുള്ളതായി തോന്നി.

“ഇത്ര പെട്ടെന്നൊരു തീരുമാനമാകുമെന്ന് ഞാൻ കരുതിയില്ല…” ചേച്ചി പതുക്കെ പറഞ്ഞു.

“എനിക്കും ചേച്ചി…”

അതിനേക്കാൾ വിഷമിപ്പിക്കുന്ന ഇന്നത്തെ സംഭവത്തേക്കുറിച്ച് എനിക്ക് ഒന്നും പറയാനായില്ല.

വീണ്ടും ജനാലച്ചില്ലുകൾ തുടയ്ക്കാൻ തുടങ്ങി. പുറത്തേക്ക് നോക്കുമ്പോൾ ആകാശം തെളിഞ്ഞുകിടക്കുകയായിരുന്നു. പക്ഷേ എന്റെ ഉള്ളിൽ എന്തോ ഇരുണ്ടുകൂടുകയായിരുന്നു.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു.

“ചേച്ചി… ഇന്നെനിക്ക് ഒരു വലിയ വിഷമമുണ്ടായി.”

കയ്യിലിരുന്ന ബ്രഷ് താഴെവെച്ച് ചേച്ചി എന്നെ നോക്കി.

“എന്തുപറ്റി?”

ഞാൻ മറുപടി പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം തൊണ്ടയിൽ കുടുങ്ങി.

കുറച്ചുനേരം മിണ്ടാതെ നിന്ന ശേഷം പതുക്കെ പറഞ്ഞു.

“ഇന്ന് രാവിലെ വല്യകൊച്ഛമ്മയുടെ വീട്ടിൽ പോയിരുന്നു. ഇനി ജോലിക്ക് വരില്ലെന്ന് പറഞ്ഞപ്പോൾ… വീട്ടിൽ നിന്ന് ഇറങ്ങാനൊരുങ്ങുമ്പോഴാണ് അവർ എന്നോട് പറഞ്ഞത്…”

അവിടെവരെ പറഞ്ഞപ്പോൾ തന്നെ എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.വാക്കുകൾ തൊണ്ടയിൽ നിന്നുയർന്ന ഏങ്ങലുകളിൽ തട്ടി വീണു.

പറഞ്ഞുതീർക്കാൻ എനിക്ക് സമയം തരുന്നതുപോലെ ചേച്ചി നിശ്ശബ്ദമായി ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു .

ഞാൻ കണ്ണുകൾ തുടച്ചുകൊണ്ട് തുടർന്നു .

അവര് പറഞ്ഞു

“നീ പോകുമ്പോ നിന്റെ ചായക്കപ്പ് കൂടെ എടുത്തോളൂ…അല്ലെങ്കിൽ അതിവിടെ വെറുതെ കിടന്ന് ഒടുവിൽ കളയേണ്ടി വരും.പുറത്ത് പട്ടിക്കോ പൂച്ചയ്‌ക്കോ വല്ല പാലും ഒഴിച്ചുവയ്ക്കാമെന്നു വച്ചാലും അതൊക്കെ പിന്നെ ഓരോ മെനക്കേടാണ്.

ആ വാക്കുകൾ വീണ്ടും പറയുമ്പോൾ പോലും എന്റെ ശബ്ദം വിറച്ചിരുന്നു.
“ചേച്ചി… എന്റെ കപ്പ് തന്നതിലല്ല എനിക്ക് വിഷമം…

ആ വാക്കുകളാണ് എന്നെ തകർത്തത്.

ഇന്ന് എന്റെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, എന്റെ ഏറ്റവും വലിയ സങ്കടം നിങ്ങളെയെല്ലാം വിട്ടുപോകേണ്ടി വരുമല്ലോ എന്നതായിരുന്നു.

ഇത്രയും വർഷം ഞാൻ ജോലി ചെയ്ത ഓരോ വീടും എനിക്ക് എന്റെ സ്വന്തം വീടുപോലെയായിരുന്നു. അവിടെയുള്ള ഓരോരുത്തരെയും എന്റെ സ്വന്തം ആളുകളെപ്പോലെയാണ് ഞാൻ സ്നേഹിച്ചത്. അവരുടെ സന്തോഷവും സങ്കടവും എല്ലാം എന്റേത് കൂടിയാണെന്ന് കരുതിയാണ് ഞാൻ ജീവിച്ചത്.

പക്ഷേ… ആ ഒരു നിമിഷംകൊണ്ട് എനിക്ക് ഒരു വലിയ സത്യം മനസ്സിലായി.

നമ്മൾ ആത്മാർത്ഥമായി സ്നേഹിക്കുന്നതുപോലെയും, നമ്മൾ സ്വന്തമെന്ന് കരുതുന്നതുപോലെയും എല്ലാവരും നമ്മളെ കരുതണമെന്നില്ല.

ഇപ്പോഴും ജാതിയില്ല, മതമില്ല, നിറമില്ല,പണംനോക്കാറില്ല എന്നൊക്കെ നമ്മൾ പറയും. പക്ഷേ പലരുടെയും മനസ്സിന്റെ ഏറ്റവും ഉള്ളിലായി ആ വേർതിരിവുകൾ ഇന്നും ഭംഗിയായി അടുക്കിവെച്ചിരിക്കുന്ന ഒരു അലങ്കാരമാണ്. ആവശ്യം വരുമ്പോൾ മാത്രം അതെടുത്തു അണിയും

ആ തിരിച്ചറിവാണ്… ആ കപ്പിനേക്കാൾ എന്നെ വേദനിപ്പിച്ചത്.”

അത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ, എന്റെ നെഞ്ചിനുള്ളിൽ വാക്കുകളാകാതെ കുടുങ്ങിക്കിടന്ന ഒരു തേങ്ങൽ ഒടുവിൽ നിശ്ശബ്ദമായി പുറത്തേക്ക് ഒഴുകിപ്പോയതുപോലെ എനിക്ക് തോന്നി.
ചേച്ചി എഴുന്നേറ്റ് എന്റെ അടുത്തുവന്നു.

എന്റെ തോളിൽ പതുക്കെ കൈവെച്ചുകൊണ്ട് പറഞ്ഞു.

“സാരമില്ല…

നീ അതോർത്ത് ഇനി വിഷമിക്കേണ്ട.

അത് അവരുടെ മനസ്സാണ്…

നിന്റേതല്ല.”

ആ നാല് വാക്കുകൾ മതി.അതെനിക്ക് ധാരാളമായിരുന്നു. …

എന്റെ പുഞ്ചിരിയുടെ കെട്ട് ആരോ അഴിച്ചുവിട്ടതുപോലെ തോന്നി.

കുറച്ചുനേരം ഞങ്ങൾ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.

ഞാൻ വീണ്ടും എന്റെ ജോലികളിലേക്ക് തിരിഞ്ഞു. ചേച്ചി ക്യാൻവാസിന് മുന്നിലേക്കും.

പക്ഷേ അന്ന് ആ വീട്ടിലാകെ ഒരു നിശ്ശബ്ദതയായിരുന്നു.

അതിന് നിറമുണ്ടായിരുന്നെങ്കിൽ അത് വേർപിരിയലിന്റെ നിറമാകുമായിരുന്നു. ശബ്ദമുണ്ടായിരുന്നെങ്കിൽ പറയാതെ പോയ സ്നേഹത്തിന്റെ ശബ്ദവും.

ജോലിയെല്ലാം തീർന്നപ്പോൾ പതിവുപോലെ ഞാൻ ചായയിട്ടു.

വെള്ളക്കപ്പിൽ എനിക്ക്.

മിനുമിനുത്ത ചുവന്ന കപ്പിൽ ചേച്ചിക്ക്.

എത്ര വർഷമായി അത് അങ്ങനെയാണെന്ന് എനിക്കുതന്നെ ഓർമയില്ല.

ആ രണ്ട് കപ്പുകളും അടുക്കളയിലെ വെറും പാത്രങ്ങളായിരുന്നില്ല. ഒരു ആത്മബന്ധത്തിന്റെ നിശ്ശബ്ദ സാക്ഷികളായിരുന്നു.

ചായയുമായി ഞാൻ ഹാളിലേക്ക് ചെന്നു.

ചുവപ്പ് കപ്പ് ചേച്ചിയുടെ മുന്നിലും
വെള്ള കപ്പ് എന്റെ കൈയിലും.

ചൂടുള്ള ചായയിൽ നിന്ന് ആവി ഉയർന്നുകൊണ്ടിരുന്നു.

പക്ഷേ ഞങ്ങൾക്കിടയിൽ ഒരു വാക്കുപോലും ഉയർന്നില്ല.

ചില നിശ്ശബ്ദതകൾക്ക് വാക്കുകളേക്കാൾ കൂടുതൽ സംസാരിക്കാനറിയാമെന്ന് തോന്നി.

ചായ തീർന്നു.

യാത്ര പറയേണ്ട നിമിഷമെത്തി.

ഞാൻ ബാഗ് എടുത്തു.

എന്തോ പറയാതെ പോകുന്നത് പോലെ.

ഞാൻ പതിയെ പറഞ്ഞു .

“ചേച്ചി…”

“എന്താ?”

“ഒരു കാര്യം ചോദിച്ചാൽ തരാമോ?”

ചേച്ചി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

“എന്താണ്?”

“ഞാൻ ചായ കുടിച്ചിരുന്ന ആ വെള്ളക്കപ്പ്… എനിക്ക് തന്നേക്കാമോ?

വല്യകൊച്ചമ്മ പറഞ്ഞതുപോലെ ഒരു മൂലയിലിട്ട് പൊടിപിടിക്കാനോ, ഒരു ദിവസം വലിച്ചെറിയാനോ നിൽക്കണ്ട.

ഞാൻ ഇവിടുത്തെ ഓർമ്മയ്ക്കായി സൂക്ഷിച്ചോളാം.”

ചേച്ചി ഒന്നും പറഞ്ഞില്ല.

പതിയെ അടുക്കളയിലേക്ക് നടന്നു.

അൽപസമയത്തിനുശേഷം, ഒരു വർണ്ണ കടലാസ്സിൽ ഭദ്രമായി പൊതിഞ്ഞ കപ്പ് എന്റെ കൈയിൽ വച്ചു തന്നു.

“സൂക്ഷിക്കണം…”

ആ ഒരു വാക്കിൽ പറഞ്ഞതിനേക്കാൾ പറയാതിരുന്നത് കൂടുതലായിരുന്നു.

ഞാൻ ആ പൊതി നെഞ്ചോട് ചേർത്തുപിടിച്ചു.

യാത്ര പറയാൻ കൈകൂപ്പിയപ്പോൾ ചേച്ചി എന്നെ ചേർത്തുപിടിച്ചു.

മുഖത്ത് പതിവ് പുഞ്ചിരി വാടിയിരുന്നു .

കണ്ണുകൾ നനഞ്ഞിരുന്നു.

“സമയം കിട്ടുമ്പോൾ. ….
ഈ വഴി മറക്കണ്ട…”

അതും പറഞ്ഞ്, പിരിയുന്ന നേരത്ത് എന്റെ കൈയിലേക്ക് ഒരു ചെറിയ കവറും ചേച്ചി വച്ചുതന്നു.

എനിക്ക് ഒന്നും പറയാനായില്ല.

നിശ്ശബ്ദമായി തലയാട്ടി പുറത്തേക്കിറങ്ങി.
വീട്ടിലെത്തിയിട്ടും ഞാൻ ആ പൊതി തുറന്നില്ല.

എന്നും ഞാൻ ചായ കുടിക്കാറുള്ള വെള്ള കപ്പല്ലേ, സർപ്രൈസ് ഒന്നുമില്ലല്ലോ

രാത്രിയായപ്പോഴാണ് പതുക്കെ ആ പേപ്പർ അഴിച്ചത്.

കപ്പ് കണ്ട നിമിഷം ഞാൻ അമ്പരന്നു.

അത് എന്റെ വെള്ളക്കപ്പായിരുന്നില്ല.

എല്ലാ ദിവസവും ചേച്ചി ചായ കുടിച്ചിരുന്ന ചുവന്ന കപ്പായിരുന്നു.

ഒരു നിമിഷം ചേച്ചിക്ക് തെറ്റിപ്പോയെന്ന് കരുതി.

ഉടൻ തന്നെ ചേച്ചിക്ക് മെസ്സേജ് ഇട്ടു .

“ചേച്ചി… കപ്പ് മാറിപ്പോയി.”

അൽപസമയത്തിനകം മറുപടി വന്നു.

“എന്താ?”

“ഞാൻ ചോദിച്ചത് എന്റെ വെള്ളക്കപ്പാണ്. പക്ഷേ ചേച്ചി എനിക്ക് തന്നത് ചേച്ചി എല്ലാ ദിവസവും ചായ കുടിക്കുന്ന ചുവന്ന കപ്പാണ്.”

കുറച്ചുനേരം കഴിഞ്ഞ് ചേച്ചിയുടെ മറുപടി വന്നു.

“ഇല്ല… മാറിയതല്ല.

ശരിക്കും എന്റേത് ആ വെള്ളക്കപ്പാണ്.

വിവാഹശേഷമുള്ള എന്റെ ആദ്യ പിറന്നാളിന് ഭർത്താവ് എനിക്ക് സമ്മാനമായി തന്നതാണ് അത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓർമ്മകളിലൊന്നായിരുന്നു ആ കപ്പ്.

നീ ആദ്യമായി ഇവിടെ ജോലിക്ക് വന്ന ദിവസം അതൊരു സാധാരണ കപ്പാണെന്ന് കരുതി അതിൽ ചായ കുടിച്ചു. പിന്നെ അതൊരു ശീലമായി.നീ പോയാൽ അത് വീണ്ടും എന്റേതായി.

വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ വെള്ളക്കപ്പ് നിന്റേതോ എന്റെതോ മാത്രമല്ലാതെയായി… നമ്മുടേതായി മാറി.

നീ ചോദിച്ച ആ വെള്ളക്കപ്പ് ഞാൻ തന്നില്ലെന്ന് കരുതേണ്ട.

ഞാൻ നിനക്ക് തന്നത്, വർഷങ്ങളായി നീ ചായ ഒഴിച്ചു തന്ന എന്റെ പേരിലുള്ള, നീ മനസ്സുകൊണ്ടെങ്കിലും ആഗ്രഹിച്ച ആ ചുവന്ന കപ്പാണ്.

ആ സന്ദേശം വായിച്ചപ്പോൾ എന്റെ ഹൃദയം നിറഞ്ഞു കണ്ണുകൾ പുഴയായി …..

ചുണ്ടിൽ ചിരിയായി. …

മറുപടി എഴുതാൻ വാക്കുകൾ കിട്ടിയില്ല.

ഒടുവിൽ ഞാൻ എഴുതി.

“ചേച്ചി… ഈ കപ്പ് ഞാൻ ജീവിതത്തിൽ ഒരിക്കലും കളയില്ല.ആ വെള്ള കപ്പ് എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വല്യ അംഗീകാരം. …സമ്മാനം……

ആ ഒരു കൊച്ചു കപ്പിനുള്ളിൽ ഒരു കടലോളം സ്നേഹമാണ് ചേച്ചി എനിക്ക് കോരിത്തന്നത്.”

സന്ദേശം അയച്ചതോടെ കുറെ ചുവന്ന ഹൃദയങ്ങൾ സ്ക്രീനിൽ തെളിഞ്ഞു.

ഞാൻ ഫോൺ പതുക്കെ മേശപ്പുറത്ത് വെച്ചു.

അപ്പോഴാണ് വല്യകൊച്ചമ്മ തന്ന കപ്പിന്റെ കാര്യം ഓർത്തത്

ഞാൻ അതെടുത്ത് കുറച്ചുനേരം നോക്കി നിന്നു.

പിന്നെ വീടിന്റെ പിന്നിലെ വാഴച്ചുവട്ടിൽ കൂട്ടിയിട്ടിരുന്ന ചവറുകൾക്കിടയിലേക്ക് അത് വലിച്ചെറിഞ്ഞു.

പൊട്ടിയത് കപ്പ് മാത്രമായിരുന്നില്ല.

ഒരു മനുഷ്യനെ വസ്തുവിനേക്കാൾ വിലകുറച്ച് കാണുന്ന ഒരു ചിന്തയും കൂടിയായിരുന്നു .

അകത്തേക്ക് തിരിച്ചു നടക്കുമ്പോൾ ഞാൻ ഗായത്രി ചേച്ചിയെ ഓർക്കുകയായിരുന്നു . …

ഇങ്ങനെ ഒരു സംഭവം നടന്നതുകൊണ്ട് ഇതൊക്കെ അറിഞ്ഞു. അല്ലെങ്കിൽ ചേച്ചി ഇത് പറയില്ലായിരുന്നു. അവരുടെ സംസാരം പോലെ തന്നെ എത്ര സിമ്പിലാണവർ. ചേച്ചിയെ ഓർത്ത് ശരിക്കും അഭിമാനം തോന്നി

ആ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി.

ജീവിതത്തിൽ നമ്മൾ കൊണ്ടുനടക്കേണ്ടത് എല്ലാ ഓർമ്മകളുമല്ല.

ചിലത് വഴിയിൽ ഉപേക്ഷിക്കണം…

ചിലത് നെഞ്ചോട് ചേർത്തുവയ്ക്കണം.

ആ രാത്രി എന്റെ തലയിണയ്ക്കരികിൽ ഒരു ചുവന്ന കപ്പ് ഉണ്ടായിരുന്നു.

അതിൽ ചായയൊന്നും ഉണ്ടായിരുന്നില്ല.

പക്ഷേ…

ഒരു കൊച്ചു കപ്പിനുള്ളിൽ ഒഴിഞ്ഞുകിടന്നിരുന്നത് ഒരു കടലോളം സ്നേഹമായിരുന്നു…..

-✍️നിവിയ റോയ്

Leave a Reply

Your email address will not be published. Required fields are marked *