“കഴുത്തിൽ കിടക്കുന്ന താലി ഒഴികെ ബാക്കി നീ ഇട്ടേക്കുന്ന എല്ലാ ആഭരണവും ഇങ്ങ് അഴിച്ച് തന്നേക്ക് മോളെ. ഞാൻ സൂക്ഷിച്ചു വച്ചോളാം. ഇവിടെ കള്ളന്മാരുടെ ശല്യമൊക്കെ ഉള്ളതാ.
കല്യാണം കഴിഞ്ഞു കേറി വന്ന ആദ്യത്തെ ദിവസം തന്നെ അമ്മായി അമ്മ ബിന്ദു അവരുടെ മുറിയിലേക്ക് വിളിച്ച് വരുത്തി ഇങ്ങനെ പറഞ്ഞപ്പോ രേവതി ഒന്ന് ഞെട്ടി.
“ഞാനിത് ഉടനെ തന്നെ ബാങ്ക് ലോക്കറിൽ കൊണ്ട് വയ്ക്കും അമ്മേ. അതുകൊണ്ട് അമ്മ അതോർത്തു പേടിക്കണ്ട.
രേവതി പറഞ്ഞു.
“നാളെ തന്നെ മോള് കൊണ്ട് പോയി ലോക്കറിൽ വയ്ക്കില്ലല്ലോ. വിരുന്നൊക്കെ കഴിഞ്ഞു പതുക്കെ അല്ലെ ബാങ്കിൽ പോകു. അതുവരെ അമ്മ സൂക്ഷിച്ചോളാം. മോൾക്ക് അമ്മയെ വിശ്വാസം ഉണ്ടെങ്കിൽ തന്നാ മതി.”
ബിന്ദു അങ്ങനെ പറഞ്ഞപ്പോ രേവതിക്ക് അവരെ എന്ത് പറഞ്ഞ് എതിർക്കണമെന്ന് അറിയാതെയായി. വന്ന് കയറിയ ദിവസം തന്നെ അമ്മായി അമ്മയെ പിണക്കാൻ അവൾക്ക് തോന്നിയില്ല. പക്ഷേ അവരുടെ ആവശ്യം ന്യായമാണെന്നും രേവതിക്ക് തോന്നിയില്ല.
“അത്യാവശ്യം എനിക്ക് അണിയാനുള്ള ആഭരണങ്ങൾ എന്റെ കയ്യിൽ തന്നെ ഇരുന്നോട്ടെ അമ്മേ. വിരുന്ന് പോകുമ്പോ ഇടാനുള്ളതല്ലേ. ഓരോ ദിവസം വിരുന്നിനു പോകുമ്പോ എപ്പഴും അമ്മയോട് വന്ന് ആഭരണങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ.” രേവതി പറഞ്ഞു.
“അയ്യോ അതൊന്നും എനിക്കൊരു ബുദ്ധിമുട്ട് അല്ല മോളെ.”
ബിന്ദു വെളുക്കെ ചിരിച്ചു.
“പക്ഷേ എനിക്ക് ബുദ്ധിമുട്ട് ആണമ്മേ. അതുകൊണ്ട് ഞാൻ കല്യാണത്തിന് അണിഞ്ഞ വലിയ രണ്ട് ഷോ മാലകൾ മാത്രം അമ്മ സൂക്ഷിച്ചോ. ബാക്കിയൊക്കെ ഞാൻ മാറി മാറി ഇടും. വളകളും ഓരോരോ ഡിസൈൻ ആയത് കൊണ്ട് എനിക്ക് മാറ്റി ഇടാൻ വേണം. ഇതൊക്കെ ഇവിടെ വന്ന് എടുത്തു നോക്കി ഇടാനൊക്കെ എനിക്ക് ബുദ്ധിമുട്ട് ആണ്. അമ്മ ഒന്നും വിചാരിക്കല്ലേ.” രേവതി ആ പറഞ്ഞത് കേട്ട് ബിന്ദുവിന്റെ മുഖം മങ്ങി.
“വിരുന്ന് പോക്ക് കഴിഞ്ഞു അതെല്ലാം അമ്മ തന്നെ ഇവിടെ സൂക്ഷിച്ചു വച്ചോ. ഇവിടെ സ്വർണം സേഫ് ആണെങ്കിൽ വെറുതെ ബാങ്ക് ലോക്കറിൽ കൊണ്ട് വയ്ക്കണ്ടല്ലോ.” അവരെ സോപ്പിടാൻ ആണ് അവൾ അങ്ങനെ പറഞ്ഞത്. എന്തായാലും അതേറ്റു.
രേവതി അവസാനം പറഞ്ഞത് കേട്ട് ബിന്ദുവിന്റെ മുഖത്ത് നല്ല തെളിച്ചമുണ്ട്.
“ബാങ്ക് ലോക്കറിൽ ഇരിക്കുന്നതിനേക്കാൾ സേഫ് ആയിട്ട് മോൾടെ സ്വർണം അമ്മയുടെ അലമാരയിൽ തന്നെ ഉണ്ടാവും. സ്ഥിരമായി ഇവിടെ തന്നെ വയ്ക്കുന്നത് മോൾക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതിയ ഞാൻ അത് പറയാത്തത്.
മോൾക്ക് ഇവിടെ വയ്ക്കുന്നതാണ് ഇഷ്ടമെങ്കി എല്ലാം അമ്മ തന്നെ സൂക്ഷിച്ചോളാം.”
ബിന്ദു ചിരിച്ചു കാട്ടി.
“അമ്മ സൂക്ഷിക്കുന്നത് തന്നെയാ എനിക്കും സന്തോഷം.
രേവതിയും നന്നായി ചിരിച്ചഭിനയിച്ചു.
“എങ്കിൽ പിന്നെ മോള് പോയി ആ മാലകൾ ഇങ്ങോട്ട് എടുത്തു കൊണ്ട് വാ.” ബിന്ദു പറഞ്ഞു.
“ശരി അമ്മേ..” രേവതി മനസ്സില്ല മനസ്സോടെ മുകളിൽ റൂമിൽ പോയി താൻ രാവിലെ കല്യാണത്തിന് ഇട്ട രണ്ട് വലിയ ഷോ മാല എടുത്തു കൊണ്ട് വന്ന് അമ്മായി അമ്മയുടെ കൈയ്യിൽ കൊടുത്തു.
അതവർ ഭദ്രമായി അവരുടെ അലമാരയിൽ വച്ച് പൂട്ടിയിട്ട് താക്കോൽ എളിയിൽ തിരുകി വച്ചു.
********
രേവതിയുടെയും അനൂപിന്റെയും ആദ്യ രാത്രിയാണ് അന്ന്. കുറച്ചു മുൻപ് ബിന്ദു തന്റെ മാല വാങ്ങി വച്ചത് കൊണ്ട് അവൾക്ക് ആദ്യ രാത്രിയുടേതായ യാതൊരു സന്തോഷവും ഉണ്ടായിരുന്നില്ല.
“എന്താടോ തന്റെ മുഖം വല്ലാതിരിക്കുന്നത്?”
അനൂപ് ചോദിച്ചു.
“ഞാൻ ഇന്ന് ഇങ്ങോട്ട് കേറി വന്നതല്ലേ ഉള്ളു അനൂപേട്ടാ. അപ്പോഴേക്കും ഏട്ടന്റെ അമ്മ എന്നോട് ഞാൻ ഇട്ടിരിക്കുന്ന സ്വർണമൊക്കെ ഊരി അമ്മയ്ക്ക് കൊടുക്കാൻ പറഞ്ഞു. അമ്മ സൂക്ഷിച്ചു വച്ചോളാം പോലും.
ഞാൻ രണ്ട് ഷോ മാല മാത്രം കൊടുത്തു. ബാക്കി എന്റെ കയ്യിൽ തന്നെ വച്ചു. വന്ന് കയറിയ ദിവസം തന്നെ അമ്മായി അമ്മയെ പിണക്കണ്ടല്ലോ എന്ന് കരുതിയ അങ്ങനെ ചെയ്തത്.
ഈ രീതിയൊക്കെ ഈ കാലത്തും കൊണ്ട് നടക്കുന്ന അനൂപിന്റെ അമ്മയെ സമ്മതിക്കണം. ഇവർ ഇങ്ങനത്തെ സ്വഭാവം ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാനീ കല്യാണത്തിന് പോലും സമ്മതിക്കില്ലായിരുന്നു.
അത്രയും പറഞ്ഞിട്ടും രേവതിക്ക് അരിശം തീരുന്നുണ്ടായിരുന്നില്ല.
തന്റെ അമ്മയെ കുറിച്ചാണ് തന്റെ ഭാര്യ ഇങ്ങനെയൊക്കെ പറയുന്നതെന്ന് അനൂപ് ഓർത്തു. പക്ഷേ അമ്മ ചെയ്തത് ശുദ്ധ തെമ്മാടിത്തരം ആയത് കൊണ്ട് ഭാര്യയെ എതിർത്ത് ഒന്നും പറയാൻ അവന് പറ്റിയില്ല.
“തത്കാലം താൻ അതൊന്ന് ക്ഷമിക്കേടോ. അമ്മയുടെ കയ്യിൽ നിന്നും നമുക്ക് തന്റെ സ്വർണം പതിയെ എന്തെങ്കിലും പറഞ്ഞ് സോപ്പിട്ടു ഇങ്ങ് തിരിച്ചു വാങ്ങാം.”
അനൂപ് അവളെ ആശ്വസിപ്പിച്ചു.
“ഇപ്പോ ഞാൻ ക്ഷമിക്കാ. എത്രേം പെട്ടെന്ന് എന്റെ മാലകൾ അമ്മയുടെ കയ്യിൽ നിന്ന് വാങ്ങി തന്നേക്കണം. അല്ലെങ്കി പുതുമോടി ഒക്കെ മറന്ന് ഞാൻ അതങ്ങ് വാങ്ങും. വെറുതെ ഞാനും അമ്മയും തന്മിൽ ഒരു മുഷിച്ചിൽ ഉണ്ടാവാണ്ടല്ലോ എന്ന് കരുതിയ ഇന്ന് ഞാൻ ക്ഷമിച്ചു നിന്നത്.
പറഞ്ഞിട്ട് അവൾ തിരിഞ്ഞു കിടന്നു.
“അതേ… ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലെ രേവു. നല്ലൊരു ദിവസായിട്ട് എന്നോട് പിണങ്ങി കിടക്കല്ലെടോ.
അനൂപ് അവളുടെ ഇടുപ്പിൽ പിടിച്ചു തന്റെ നേരെ കിടത്തി.
“ഇന്ന് എന്തായാലും മോന്റെ ഉദ്ദേശമൊന്നും നടക്കാൻ പോണില്ല. എനിക്ക് നല്ല ക്ഷീണമുണ്ട്. അതുകൊണ്ട് മിണ്ടാതെ കിടന്ന് ഉറങ്ങാൻ നോക്ക്.
കുസൃതി കാട്ടുന്ന അവന്റെ കൈകളെ തടഞ്ഞു കൊണ്ട് രേവതി പറഞ്ഞു.
“എന്നാ പിന്നെ നമുക്ക് കെട്ടിപിടിച്ചു കിടക്കാം.
അനൂപ് അവളെ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് ഒരു പുതപ്പിനുള്ളിൽ കിടന്നു.
*******
ദിവസങ്ങൾ കടന്ന് പോയി…
വിരുന്ന് പോക്ക് ഒക്കെ കഴിഞ്ഞ് അനൂപ് ജോലിക്ക് പോയി തുടങ്ങി.
രണ്ട് ദിവസം കൂടി കഴിഞ്ഞാൽ രേവതിക്കും ലീവ് തീരും. അപ്പോ അവൾക്കും ജോലിക്ക് പോയി തുടങ്ങണം.
വിരുന്ന് പോക്ക് ഒക്കെ കഴിഞ്ഞത് കൊണ്ട് അമ്മായി അമ്മ എപ്പോ വേണോ തന്നോട് സ്വർണം ചോദിച്ചേക്കുമെന്ന് രേവതി ഓർത്തു. ആ സമയം അവരോട് എന്ത് പറയണമെന്ന് ചിന്തിച്ചിട്ട് അവൾക്ക് ഒരു പിടിയും കിട്ടിയില്ല.
അനൂപിനോട് ബിന്ദുവിനോട് സംസാരിച്ച് അവരുടെ കയ്യിലുള്ള മാല വാങ്ങി തരാൻ പറഞ്ഞപ്പോ അവൻ പിന്നെ ആവട്ടെ എന്ന് പറഞ്ഞ് നീട്ടി കൊണ്ട് പോവുകയാണ്.
രേവതിക്ക് ലീവ് തീർന്ന് നാളെ ആണ് ജോലിക്ക് കേറേണ്ടത്. ഒരു പ്രൈവറ്റ് സ്കൂളിൽ ടീച്ചറാണ് അവൾ.
നാളത്തേക്ക് ഉടുക്കാനുള്ള സാരി ഒക്കെ തേച്ചു വയ്ക്കാമെന്ന് കരുതി രേവതി അടുക്കളയിൽ ബിന്ദുവിനെ കുറച്ച് സഹായിച്ച ശേഷം മുകളിലേക്ക് പോകാൻ തുടങ്ങി. അപ്പോഴാണ് അനൂപിന്റെ ചേച്ചി അനിത വീട്ടിലേക്ക് വന്നത്.
അവർ വന്നപ്പോ മുതൽ ബിന്ദുവിന്റെ പിന്നാലെ നടന്ന് എന്തൊക്കെയോ കുശു കുശുക്കുന്നുണ്ടായിരുന്നു. രേവതിയെ കാണുമ്പോ അത് നിർത്തും. അത് കണ്ടപ്പോ അവൾക്ക് എന്തൊക്കെയോ സംശയം.
ഉച്ചക്ക് ഊണ് കഴിഞ്ഞു അമ്മേം മോളും കൂടി ബിന്ദുവിന്റെ റൂമിൽ കയറി സംസാരം തുടങ്ങി.
അത് കണ്ട് രേവതി പതുക്കെ അങ്ങോട്ട് ചെന്ന് അവർ എന്താ പറയുന്നതെന്ന് ശ്രദ്ധിക്കാൻ തുടങ്ങി.
“അമ്മ അവളോട് ബാക്കി സ്വർണം കൂടി തരാൻ പറഞ്ഞോ?”
അനിത ചോദിച്ചു.
“ഇന്ന് രാത്രി ചോദിക്കന്ന് വിചാരിക്കാ ഞാൻ.”
ബിന്ദു മറുപടി നൽകി.
തന്റെ സ്വർണത്തെ കുറിച്ച് നാത്തൂനും അമ്മായി അമ്മയും സംസാരിക്കുന്ന കേട്ട് പന്തികേട് തോന്നിയ രേവതി പെട്ടെന്ന് മൊബൈൽ എടുത്തു അവരുടെ സംഭാഷണം റെക്കോർഡ് ചെയ്യാൻ തുടങ്ങി.
“അമ്മ അവളുടെ ആ ഷോ മാല എടുത്തു കാണിച്ചു താ എനിക്ക്. ഞാൻ അതൊന്ന് ഫോട്ടോ എടുക്കട്ടെ. അതിന്റെ ഡ്യൂപ്ലിക്കേറ്റ് ഞാൻ ഉണ്ടാക്കിച്ചിട്ട് കൊണ്ട് വരാം. അപ്പോ അത് ഇവിടെ വച്ചിട്ട് അമ്മ ഇവിടെ ഉള്ളത് എനിക്ക് തരണം.
“ഇതൊക്കെ തീക്കളി ആണ് മോളെ. രേവതിക്ക് സംശയം തോന്നിയ തീർന്ന്.
“അമ്മ ആയിട്ട് സംശയം ഉണ്ടാക്കാതിരുന്ന മതി.
“അല്ല നിനക്ക് പൈസയ്ക്ക് ഇത്ര അത്യാവശ്യം എന്താ? നിന്റെ സ്വർണം മൊത്തം ബാങ്കിൽ കൊണ്ട് വച്ചേക്കുന്നത് പോരാഞ്ഞിട്ട് ആണോ ഇതും.
“രേവതിയുടെ ഞാൻ 6 മാസത്തിനുള്ളിൽ എടുത്തു തരാം.
“എന്നാലും നിനക്ക് എന്താ ഇത്രയ്ക്ക് ആവശ്യം മോളെ. അത് പറ നീ.
“ഞാൻ എന്റെ കൂട്ടുകാരിയുടെ വാക്കും കേട്ട് സ്റ്റോക് മാർക്കറ്റിൽ സ്വർണം പണയം വച്ചു കുറേ പൈസ ഇട്ട്. അവസാനം പൈസേം ഇല്ല സ്വർണം ലേലം പോണ അവസ്ഥയിലാ. രേവതിടെ സ്വർണം വച്ചു ഞാൻ എന്റെ സ്വർണം എടുക്കട്ടേ ആദ്യം.
“സമയത്തിന് എടുത്തു തരണം നീ.
“അമ്മ പേടിക്കണ്ട. ഈ വലിയ മാല ഒന്നും അവൾ ഇടാൻ പോണില്ല. അതുകൊണ്ട് എങ്ങാനും എനിക്ക് സമയത്തിന് എടുത്തു തരാൻ പറ്റില്ലെങ്കിൽ ഞാൻ ഇതുപോലെ ഒന്ന് ഉണ്ടാക്കി തന്ന പോരെ.
“അതായാലും മതി.
“എന്തായാലും അമ്മ അവൾക്ക് സംശയം തോന്നാത്ത രീതിയിൽ ബാക്കി സ്വർണം കൂടി വാങ്ങി വക്ക്.
“നീ പറഞ്ഞിട്ട ഞാൻ കല്യാണത്തിന്റെ അന്ന് തന്നെ അവളോട് ചോദിച്ചത്.
ഇത്രയും കേട്ടപ്പോ തന്നെ രേവതിക്ക് അടിമുടി വിറഞ്ഞു കയറി.
അവൾ ഉടനെ മുറിയിലേക്ക് കേറി ചെന്ന് അമ്മായി അമ്മ അലമാരയിൽ നിന്നെടുത്തു നാത്തൂനേ കാണിക്കാൻ തുടങ്ങിയ തന്റെ മാലകൾ പിടിച്ചു വാങ്ങി.
“ഇവിടെ പറഞ്ഞതൊക്കെ ഞാൻ കേട്ടു. മോൾക്ക് ബാധ്യത ഉണ്ടെങ്കി അത് തീർക്കേണ്ടത് എന്റെ സ്വർണം കൊണ്ടല്ല. കഴുത്തിലും കാതിലും ഉള്ളതൊക്കെ ഊരി അങ്ങ് കൊടുക്ക്.
എനിക്കറിയാം എന്റെ സ്വർണം സൂക്ഷിക്കാൻ.
അത്രേം പറഞ്ഞിട്ട് രേവതി മുറിയിൽ നിന്നിറങ്ങി പോകുമ്പോ ബിന്ദുവും അനിതയും അവൾക്ക് മുന്നിൽ നാണംകെട്ട കാരണം മുഖം കുനിച്ചു നിന്നുപോയി.
അന്ന് തന്നെ രേവതി തന്റെ സ്വർണം മുഴുവനും ബാങ്കിൽ കൊണ്ട് പോയി വച്ചു.
✍️അഞ്ജലി
