✍️ രജിത ജയൻ
എന്റെ അതിര് നിന്റെ അതിര് അങ്ങനൊന്നും ഇല്ല മണി ഇവിടെ… ഇതെല്ലാം എന്റെ സ്ഥലമാണ്… ഇവിടെ അനക്ക് അതിരും വേലിയും അമ്പലവുമൊന്നും ഉണ്ടാക്കാൻ പറ്റില്ല… ഞാൻ സമ്മതിക്കില്ല അതിന്…
ഉടുത്തിരുന്ന ഒറ്റ മുണ്ട് ഒന്നഴിച്ച്, കുടഞ്ഞ് കയറ്റി മടക്കി കുത്തി കാൽ തുടയൊന്നാകെയൊന്നുഴിഞ്ഞ് വർഗ്ഗീസു മണിയോടു പറഞ്ഞതും മണിയുടെ നോട്ടം ഇതെല്ലാം കേട്ടു നിൽക്കുന്ന തന്റെ പെണ്ണിലും പെൺമക്കളിലും എത്തി….
അവന്റെ നോട്ടം എന്തിനെന്നു തിരിച്ചറിഞ്ഞ് പെണ്ണ് തന്റെ രണ്ടു പെൺമക്കളെയും കൂട്ടി വീടിനകത്തേക്ക് നടക്കുമ്പോൾ നടന്നകലുന്ന പെണ്ണിന്റ പിന്നാമ്പുറ അഴകിലുടക്കി നിന്നു വർഗ്ഗീസു ചേട്ടന്റെ ആർത്തിപൂണ്ട കണ്ണുകൾ… അയാളൊന്നു തന്റെ മീശയുഴിഞ്ഞ് ചുണ്ടു നനച്ചു പെണ്ണിൽ നിന്ന് നോട്ടം മാറ്റാതെ…
“ഈ സ്ഥലം എനിയ്ക്കെന്റെ അച്ഛൻ തന്നതാണ്.. ഇവിടെ എന്തെങ്കിലും ചെയ്യാൻ ഞാനെന്തിനാ വർഗീസു ചേട്ടാ നിങ്ങളുടെ സമ്മതവും അനുവാദവും വാങ്ങുന്നത്…
ഞാൻ ചെയ്യാൻ കരുതിയത് ഞാൻ ചെയ്യും വർഗീസേട്ടാ… യാതൊരു കാര്യവുമില്ലാതെ എന്നോടു വഴക്കിനും വക്കാണത്തിനും നിൽക്കാതെ നിങ്ങള് ചെല്ലാൻ നോക്ക്…
തന്നോടു സംസാരിക്കുമ്പോഴും വർഗ്ഗീസിന്റെ ആർത്തിപൂണ്ട കണ്ണുകൾ തിരയുന്നത് തന്റെ പെണ്ണിനെയാണെന്നറിഞ്ഞു തന്നെ ശബ്ദമുയർത്തി മണി…
“എന്നെ പറഞ്ഞയക്കാൻ നീ ആയിട്ടില്ലെടാ മണീ… ഞാനേ വർഗ്ഗീസാണ്… അറയിൽ തോമസിന്റെ മകൻ വർഗ്ഗീസ്…
അത് മറക്കണ്ട നീ…”
ഭീഷണിയുടെ ശബ്ദം വർഗ്ഗീസിൽ നിന്ന് ഉയർന്നതിനൊപ്പം തന്നെ മണിയെ ശക്തമായ് പിന്നോക്കം തള്ളി അയാൾ…
ഇടറി വീഴാൻ പോയ മണി തൊട്ടടുത്ത കയ്യാലയിൽ കൈ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും മണി വീഴണമെന്ന ഉദ്ദേശത്തോടെ തന്നെ അവനെ തള്ളിയ വർഗ്ഗീസിന്റെ ശ്രമം വിജയം കണ്ടു… എവിടെയും പിടുത്തം കിട്ടാതെ പുറമടിച്ചു തറയിലേക്ക് വീണു മണി
അയ്യോ…അമ്മേ…. അച്ഛ വീണു…. അയ്യോ…
മണിയുടെ മൂന്നാം ക്ലാസുക്കാരിയായ മകളുറക്കെ കരഞ്ഞുകൊണ്ട് മണിക്കടുത്തേക്ക് ഓടിയതിനൊപ്പം തന്നെ ഉറക്കെ നിലവിളിച്ചു മണിയുടെ അടുത്തേക്ക് പാഞ്ഞെത്തി അവന്റെ പെണ്ണ് സീതയും….
ശ്വാസമെടുക്കാൻ മറന്നെന്ന പോലെ നിശ്ചലം ആ പെണ്ണിന്റെ ഓട്ടം നോക്കി നിന്നു വർഗീസ്…
കഴിഞ്ഞ മൂന്നാലു മാസമായ് മണിയും കുടുംബവും വർഗ്ഗീസിന്റെ അയൽഭാഗത്ത് താമസത്തിനെത്തിയിട്ട്, പെണ്ണിന്റെ മണമടിച്ചാൽ അവിടം പറ്റിക്കൂടാൻ ശ്രമിക്കുന്ന വർഗീസിന്റെ അന്നു മുതലുള്ള ശ്രമമാണ് മണിയുടെ പെണ്ണ് സീതയെ തന്റെ വരുതിയിലാക്കാൻ….
ജോലി കൊണ്ട് വെളിച്ചപ്പാടാണ് മണിയെങ്കിൽ സംഹാരരുദ്രയായ കണ്ണകിയാണ് സീത വർഗ്ഗീസിനു മുമ്പിൽ…
നോട്ടം കൊണ്ട് ഒരു കൈപ്പാടകലെ തന്നെ ഭയപ്പെടുത്തി നിർത്തുന്ന പെണ്ണിനെ കീഴടക്കുക എന്നതിപ്പോൾ വർഗ്ഗീസിന്റെ വാശിയും കൂടിയാണ്..
ആ വാശിയിലാണിപ്പോഴത്തെ ഈ അതിർത്തി വഴക്കും.. കാരണങ്ങളേതുമില്ലാതെ ആവശ്യത്തിനും അനാവശ്യത്തിനും മണിയുടെ വീട്ടിലേക്ക് വർഗ്ഗിസു കടന്നു വരുന്ന വഴി മണി അടച്ചതിനാണ് ഇന്നത്തെ ഈ വഴക്ക്…
സീതയുടെയും കുട്ടികളുടെയും കരച്ചിൽ കേട്ട് മണി നിലത്തു നിന്ന് പിടഞ്ഞെഴുന്നേൽക്കുമ്പോഴേക്കും ബഹളം കേട്ടവിടെ അയൽവാസികളും നാട്ടുക്കാരും കൂടി….
പ്രതീക്ഷിക്കാത്ത വീഴ്ചയിൽ മണിയുടെ പുറത്ത് എന്തോ കമ്പുകൊണ്ടു കയറിയതിൽ നിന്ന് രക്തമൊഴുകി പരന്നതും ഓടിക്കൂടിയവർ ഭയന്നു… രക്തം കണ്ടു ഭയന്ന സീത പിന്നോക്കം വീണതും അങ്ങനൊവസരം കാത്തു നിന്ന വർഗീസിന്റെ കൈകൾ സീതയെ വാരിക്കൂട്ടി പിടിച്ചു ….
ച്ഛീ…. കയ്യെടുക്കടോ….
മണിയുടെ ആക്രോശമുയർന്നിട്ടും മണിയുടെ കൈകൾ സീതയെ താങ്ങിയിട്ടും വർഗീസ് യാതൊരു കുലുക്കവുമില്ലാതെ വളരെ സാവകാശമാണ് സീതയിൽ നിന്ന് തന്റെ കൈകൾ പിൻവലിച്ചത്… അതും ഉയർന്നു താഴുന്ന സീതയുടെ മാറിടങ്ങളിൽ മണിയൻ കാൺകെ നോട്ടമുറപ്പിച്ചു കൊണ്ട്…
വർഗ്ഗീസിന്റെ പ്രവർത്തിയിൽ രോക്ഷമാളി നാട്ടുകാരിൽ….
അവരുടെയെല്ലാം രൂക്ഷമായ നോട്ടം വർഗീസിലും പിന്നെ വർഗീസിനെയും കടന്ന് ഓടിക്കൂടിയവർക്കിടയിൽ നിൽക്കുന്ന വർഗ്ഗീസിന്റെ ഭാര്യ മോളിയിൽ തങ്ങി….
ചുറ്റും കൂടിയവരുടെ നോട്ടം തന്നിലെത്തുന്നുവെന്ന് കണ്ടതും നാണക്കേടുകൊണ്ട് തല കുനിച്ചു നിന്നു മോളി… വർഷങ്ങളായ് ഈ തലക്കുനിക്കലവർക്ക് ശീലമാണ്….
“നിങ്ങളൊരുത്തി ഭാര്യയായിരുന്നിട്ടും ഇയാളീ നാട്ടിലെ പെണ്ണുങ്ങളെ കടന്നുപിടിക്കാൻ അവസരം തേടുന്നുണ്ടെങ്കിൽ അത് നിങ്ങളൊരാളുടെ കഴിവുക്കേടാണ് ചേടത്തി… അല്ല നിങ്ങളുടെ സ്വന്തം അനിയത്തിയെ ഇയാള് കൂടെ കിടത്തുന്നതറിഞ്ഞിട്ടും മിണ്ടാതെയത് കണ്ടു നിൽക്കുന്ന നിങ്ങളെയെല്ലാം എന്തു പറയാനാണ് …. ഞങ്ങൾ നാട്ടുകാരുടെ വിധി….
അയൽവക്കക്കാരും നാട്ടുകാരും ഒരുപോലെ രോഷമവരിൽ തീർത്തതും വേഗം അവർക്കിടയിൽ നിന്ന് തിരിഞ്ഞു നടന്നു മോളി… അന്നേരമവരുടെ നിറഞ്ഞുതൂവുന്ന കണ്ണുകൾ പക്ഷെ ആരും കണ്ടിരുന്നില്ല…
“എല്ലാവരുടെ സംസാരവും കഴിഞ്ഞ സ്ഥിതിക്ക് ഞാനെന്നാ അങ്ങോട്ട് ചെല്ലട്ടെ… കുറച്ചു പണിയുണ്ട്… ”
യാതൊരു ഉളുപ്പുമില്ലാതെ അത്രയും ജനങ്ങൾ ഇത്ര നേരവും പറഞ്ഞത് തന്നെയാണെന്നതിന്റെ യാതൊരു ഭാവവും മുഖത്തോ ശരീര ഭാഷയിലോ ഏശാത്ത വർഗീസ് അവിടെ നിന്ന് സാധാരണ പോലെ നടന്നു നീങ്ങി….
ദേവിയേ…..
വർഗീസ് നടന്നകന്നതും കണ്ണുകളടച്ച് കൈകൾ കൂപ്പി ഉറക്കെ തന്റെ ഉപാസന മൂർത്തിയെ വിളിച്ചു മണി… അവന്റെ അടഞ്ഞ കണ്ണുകളിൽ നിന്നുതിർന്ന വീണ കണ്ണുനീർ തുള്ളികൾ നിലത്തു വീണു ചിതറി….
“നിങ്ങളറിഞ്ഞോ നമ്മുടെ വർഗ്ഗീസിനെ വിഷം തീണ്ടി…. രക്ഷപ്പെടില്ലാന്നാ കേട്ടത്… അവരുടെ തന്നെ കുളത്തിലാ കിടന്നിരുന്നത്… വെള്ളവും കുറെ കുടിച്ചിട്ടുണ്ട്…. പുലർച്ചെ വെട്ടാൻ പോയതാണ്… കാല് തെറ്റി വീണതാവും കുളത്തിൽ… അതിലാണെങ്കിൽ നല്ല വിഷമുള്ള സാധനങ്ങളാണ്….
പിറ്റേ ദിവസം നാടുണർന്നത് വർഗീസിനു സംഭവിച്ച ദുരന്ത വാർത്തയോടെയാണ്…
“മണി ദേവിയുടെ ഭക്തനാണ്… ചിട്ടയോടെയും നിഷ്ഠയോടെയും വൃതമെടുത്ത് ദേവിയെ ശരീരത്തിലേക്ക് ആവാഹിക്കുന്നവൻ… അവന്റെ ഇന്നലെത്തെ നെഞ്ചു തകരുന്ന വിളി ദേവി കേൾക്കാതിരിക്കില്ലാന്ന് എനിക്കിന്നലെ തന്നെ തോന്നിയിരുന്നു… അതു ശരിയുമായ്…. അങ്ങനെ തന്നെ വർഗീസിസങ്ങ് തീർന്നിരുന്നേൽ ഇന്നാട്ടില് പെണ്ണുങ്ങൾക്ക് ഇനിയേലും സ്വസ്ഥമായ് ജീവിക്കായിരുന്നു…
വർഗീസിന്റെ അവസ്ഥയറിഞ്ഞവരെല്ലാം ആഗ്രഹിച്ചത് അയാളുടെ മരണം തന്നെയാണ്…
ഐ സി യുവിനു പുറത്ത് നീളൻ വരാന്തയിൽ കൈകളിൽ തല താങ്ങിയിരിക്കുന്ന മോളിയിൽ നിന്നിടയ്ക്കെല്ലാം ഉയരുന്ന കരച്ചിലിൽ അവരുടെ ശരീരമുലയുന്നത് കുറച്ചു ദൂരെ മാറി നിന്നു നോക്കി കണ്ടു മണി….
ചെയ്തു പോയതോർത്തുള്ള പശ്ചതാപമാണോ ചേടത്തിയുടെ കരച്ചിലും കണ്ണീരും… ഓർത്തു പോയ് മണി…
രാത്രി റബ്ബർ ടാപ്പിംഗിനിറങ്ങിയ വർഗീസിനെ ഇരുളിന്റെ തന്നെ മറവിൽ ആ കുളത്തിലേക്ക് പുറകിൽ നിന്ന് തള്ളി വീഴ്ത്തുന്ന മോളിയുടെ രൂപം മിഴിവോടെ തെളിഞ്ഞു നിന്നപ്പോൾ മണിയുടെ കണ്ണിനു മുമ്പിൽ…
അവന്റെ മനസ്സിലപ്പോൾ മോളിയുടെ രൂപത്തിന് അവനുപാസിക്കുന്ന ദേവിയുടെ മുഖമാണ്…
തന്റെ കൺമുന്നിൽ വെച്ച് പരസ്യമായ് തന്റെ പെണ്ണിനെ കണ്ണുകൾ കൊണ്ട് ഭോഗിച്ചവനെ ഇല്ലായ്മ ചെയ്യാൻ തീരുമാനിച്ചവൻ വന്നപ്പോൾ അവൻ ചെയ്യാൻ വന്ന കൃത്യം അവനെക്കാൾ മുമ്പുചെയ്തു അവനെ തന്റെ തെറ്റിൽ നിന്ന് രക്ഷിച്ചവൾക്ക് അവന്റെ ഉപാസന മൂർത്തിയോളം ചേരുന്ന വേറൊരു മുഖമോ രൂപമോ അവനീ ജന്മം സങ്കല്പ്പിക്കാൻ കഴിയില്ല…
ചിന്തകളേറി മോളിയിൽ തന്നെ നോട്ടമുറപ്പിച്ചു മണി നിൽക്കേ വർഗീസിന്റെ മരണം സ്ഥിരീകരിച്ചവിടേക്കു വന്നൊരു ഡോക്ടർ…
ആ വാർത്ത കേട്ടതും കാത്തിരുന്നതെന്തോ കാതിൽ കേട്ടതിന്റെ സന്തോഷം മോളിയുടെ മുഖത്ത് മിന്നി മായുന്നത് നോക്കിക്കണ്ട മണിയുടെ മുഖത്തും സംതൃപ്തിയുടെ ഒരു പുഞ്ചിരി നിറഞ്ഞു തെളിഞ്ഞു നിന്നു….
രജിത ജയൻ
